കഴിഞ്ഞുപോയ യുദ്ധങ്ങൾ നമുക്ക് ചരിത്ര പാഠങ്ങളിലെ ചില നാഴികക്കല്ലുകൾ മാത്രമാണ്. വർത്തമാനകാല യുദ്ധങ്ങൾ, അവയോരോന്നിന്റെയും മണ്ഡലത്തിന് വെളിയിലുള്ളവർക്ക്, സ്ഥിതി വിവരക്കണക്കുകൾ മാത്രം. അവക്ക് ഒരു നിറമേയുള്ളൂ- വികാര രാഹിത്യത്തിന്റെ ചാരനിറം. എന്നാൽ, സത്യമായ യുദ്ധാനുഭവത്തിന്റെ ഉള്ളിൽ കുടുങ്ങിപ്പോകുന്ന മനുഷ്യസഞ്ചയത്തിന് അത് രൗദ്രഭാവങ്ങളുടെ പരകോടിയാണ്. തനിച്ച് ഓരോ വ്യക്തികളായ ആ മനുഷ്യരെല്ലാം അനുഭവിക്കുന്നത് സ്തോഭ വർണങ്ങൾ കവിഞ്ഞൊഴുകുന്ന അതി തീക്ഷണമായ ജീവിതാവസ്ഥകളാണ്.
ഗാസാ മുനമ്പിൽ കൂട്ടിലടയ്ക്കപ്പെട്ടു ജീവിച്ചു വരികയായിരുന്ന കുറെ ലക്ഷംമനുഷ്യർക്കുമേൽ ആകാശത്തുനിന്ന് ബോംബ് വർഷം തീമഴയായി പെയ്യുകയാണ്. നിസ്സഹായരായ അവർക്കു മുന്നിൽ ഒരു സത്യമേയുള്ളൂ; തങ്ങളുടെ പജ്ഞരജീവിതങ്ങൾക്കു ലഭിച്ചിരുന്ന ചുരുക്കം മാനുഷിക പരിഗണനകൾ കൂടി അവസാനിച്ചിരിക്കുന്നു. തങ്ങളുടെയും കുഞ്ഞുങ്ങളുടെയും ജീവിതം കുടിവെള്ളമില്ലാത്ത, ഭക്ഷണമില്ലാത്ത, മരുന്നും ആശുപത്രിയും ഇല്ലാത്തതായി മാറിയിരിക്കുന്നു. തങ്ങളുടെ ആശുപത്രികൾ അതിനുള്ളിലെ മനുഷ്യർക്കൊപ്പം മിസൈൽ ആക്രമണത്തിൽ ഭസ്മീകരിക്കപ്പെടുന്നു. തങ്ങളുടെ ആകാശങ്ങളിൽ നിന്ന് ഭൂമിയിലേക്ക് നിരന്തരം ബോംബ് വർഷിയ്ക്കപ്പെടുന്നു. ആകാശം തങ്ങൾക്കുമേൽ ഇടിഞ്ഞുവീഴുന്നു.
കരയിലൂടെയും ഹിംസയും മരണവും തേർവാഴ്ചയ്ക്കു വരുമെന്നത് യാഥാർഥ്യമായിരിക്കുന്നു. കുഞ്ഞുങ്ങളും പ്രായം ചെന്നവരും കിടപ്പുരോഗികളും എല്ലാം ഉൾപ്പെടുന്ന അനേകം കുടുംബങ്ങളുടെ മനുഷ്യക്കൂട്ടമാണ് ആ തീപെയ്ത്തിനു ചുവട്ടിൽ. എണ്ണായിരമാണ് ഇതിനകം കൊല്ലപ്പെട്ടതെങ്കിലും ഗാസയിലെ ഇരുപതു ലക്ഷം പേരും 25 ദിവസമായി ഓരോ നിമിഷവും തങ്ങളുടെ നേർക്കുവരുന്ന അത്യാഹിത മരണത്തെ അഭിമുഖീകരിക്കാൻ തയാറെടുക്കുകയാണ്. തങ്ങളിൽ ആര് എപ്പോൾ ചുട്ടു കരിക്കപ്പെടുമെന്നോ, കീറി മുറിക്കപ്പെടുമെന്നോ അറിയാത്ത അനിശ്ചിതത്വത്തിലാണ് ആ ജനത ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്.
പ്രബലരായ അമേരിക്കയും സഖ്യകക്ഷികളും സംരക്ഷണകവചം ഒരിക്കിയിട്ടുണ്ടെങ്കിൽ പോലും യുദ്ധഭൂമിയായ ബഹ്‌റൈനിൽ ഒരു യുദ്ധകാലം കഴിച്ചതിന്റെ നീറുമോർമകൾക്ക് ഇപ്പോഴും ഉള്ളിൽ തുടിപ്പാണ്.
തങ്ങളുടെ കുഞ്ഞുങ്ങളിൽ ആരെങ്കിലും ബാക്കി വന്നാൽ, രക്ഷിയ്ക്കാൻ മുതിർന്ന ഒരാളെങ്കിലും ജീവനോടെയുണ്ടാവട്ടെയെന്ന അതിമോഹത്തിൽ കുടുംബത്തിലെ മുതിർന്നവർ കഴിയാവുന്ന അകലത്തിലേക്കു മാറി ദൂരെദൂരെയിരിക്കുന്നു. അതേസമയം കുടുംബമൊന്നാകെ ഒടുങ്ങുമ്പോൾ അതിൽ പെടാതിരിക്കാൻ കഴിയാഞ്ഞിട്ട് ഓടിവന്ന് കൂട്ടത്തിലിരിയ്ക്കുന്നു. അവർക്ക് അകന്നിരിയ്ക്കാനും അടുത്തിരിയ്ക്കാനാകാതെ അകം വെന്തു പോവുന്നു. ബോംബുകളുടെയും മിസൈലുകളുടെയും ആഘാതം ഏൽക്കും മുന്നേ അവരുടെ മനസ്സിനും ജീവനും തീപിടിക്കുന്നു. നിത്യമായ ചിതകൾ നിന്നു കത്തുന്ന മനസ്സുകളുമായി ഒരു ജനത ഗാസാ മുനമ്പിൽ കഴിയുമ്പോഴാണ് അവരുമായി യാതൊരു ബന്ധവുമില്ലാത്ത, അവർ ആരെന്നും എങ്ങനെയെന്നും അറിയാത്ത മനുഷ്യർ ഭൂമിയുടെ വേറെ കോണിൽ തങ്ങളുടെ അമിത സ്വാസ്ഥ്യ ത്തിലും സമൃദ്ധിയിലുമിരുന്ന് മതപരവും രാഷ്ട്രീയവുമായ ആശയചായ്‌വുകളുടെ മാത്രം പേരിൽ അവരെ വിധിക്കുന്നത്. അകലങ്ങളിൽ, ദൂരെ ദിക്കുകളിലിരുന്ന് പക്ഷം പിടിക്കുന്നവരുടെ പിന്തുണയുടെയോ എതിർപ്പിന്റെയോ വാഗ് ധോരണികളിൽ ആ മനുഷ്യർക്കു നേരനുഭവമാകുന്ന ഒന്നുമില്ല.
പുറമെയുള്ളവർക്ക് വെറും കാഴ്ചകൾ മാത്രമായ ആധുനിക യുദ്ധങ്ങളുടെ ഭൂമികയിൽ പെട്ടു പോവുന്ന മനുഷ്യരുടെ യാതനാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തും, മനുഷ്യൻ എന്ന അസ്ഥിത്വം എത്രമാത്രം ദുർബലവും അശരണവുമാണെന്ന്. എത്രമാത്രം ക്ഷണപ്രഭാചഞ്ചലമാണെന്ന്.
പ്രബലരായ അമേരിക്കയും സഖ്യകക്ഷികളും സംരക്ഷണകവചം ഒരിക്കിയിട്ടുണ്ടെങ്കിൽ പോലും യുദ്ധഭൂമിയായ ബഹ്‌റൈനിൽ ഒരു യുദ്ധകാലം കഴിച്ചതിന്റെ നീറുമോർമകൾക്ക് ഇപ്പോഴും ഉള്ളിൽ തുടിപ്പാണ്. മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും മങ്ങാതിരിക്കുന്നു, അന്നത്തെ തീവ്രമായ വ്യഥകളും സ്തോഭങ്ങളും നിറഞ്ഞ ദിനരാത്രങ്ങൾ.
ഒന്നാം ഗൾഫ് യുദ്ധത്തിന്റെ പടയൊരുക്കവും സന്നാഹമേളശൈലിയും പശ്ചിമേഷ്യയിൽ നടന്നു വരാറുണ്ടായിരുന്ന യുദ്ധങ്ങളുടെ രീതികളിൽ നിന്ന് വേറിട്ടതായിരുന്നു.
ഒന്നാം ഗൾഫ് യുദ്ധത്തിന് 1991 ജനുവരി 17 മുതൽ ഫെബ്രുവരി 28 വരെ 42 ദിവസം ദൈർഘ്യമുണ്ട്. അതിനും നാലഞ്ചു മാസങ്ങൾക്കു മുന്നേ 90 ആഗസ്റ്റ് രണ്ടിന് കുവൈറ്റിനെ ഇറാക്ക് പിടിച്ചടക്കി തങ്ങളുടെ പ്രവിശ്യയായി പ്രഖ്യാപിച്ചപ്പോൾ മുതൽക്കേ പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധം ഉടലെടുക്കുന്നതിന്റെ അടയാളങ്ങളും അനുബന്ധ കഥകളും പ്രചാരത്തിൽ വന്നുതുടങ്ങിയിരുന്നു. പിന്നണിയിൽ ആയുധസമാഹരണവും സൈനിക നീക്കങ്ങളും പാതയൊരുക്കങ്ങളും എല്ലാം ചേർന്ന് ഏറെ നാളത്തെ വലിയ മുന്നൊരുക്കങ്ങളോടെയാണ് യഥാർത്ഥത്തിൽ യുദ്ധങ്ങൾ സംഭവിക്കുന്നത്. പക്ഷെ അത് സൈനികനടപടികളിൽ പങ്കെടുക്കുന്നവരും യുദ്ധ പ്രഭുക്കളായ രാഷ്ട്രനേതാക്കളും മാത്രം അറിയുന്ന കാര്യമാണ്. മാലോകർക്ക് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ് പതിവ്, മിക്കപ്പോഴും ഇരുട്ടി വെളുക്കുമ്പോഴാണ് അതുണ്ടാകാറുള്ളത്.
ഒന്നാം ഗൾഫ് യുദ്ധത്തിന്റെ പടയൊരുക്കവും സന്നാഹമേളശൈലിയും പശ്ചിമേഷ്യയിൽ നടന്നു വരാറുണ്ടായിരുന്ന യുദ്ധങ്ങളുടെ രീതികളിൽ നിന്ന് വേറിട്ടതായിരുന്നു. അങ്ങേയറ്റം സുതാര്യം. ഇറാഖിനെ നിലക്കുനിർത്താനാവശ്യമായ എന്തു മാർഗവും സ്വീകരിക്കാനുള്ള അനുവാദം അസുലഭമായ ഐക്യരാഷ്ട്രസഭാ പ്രമേയത്തിലൂടെ അമേരിക്ക നേടിയെടുത്തു. യുദ്ധത്തിന്റെ സംഭവങ്ങൾ ജനങ്ങളുടെ സ്വീകരണമുറികളിലേക്ക് എത്തിച്ചുകൊടുക്കുന്ന സമ്പ്രദായം അനുഷ്ഠാനമായി ആരംഭിച്ചതും അപ്പോഴാണ്. ആ യുദ്ധം പ്രക്ഷേപണം ചെയ്തുകൊണ്ടാണ് അമേരിക്കയിലെ സി.എൻ.എൻ ചാനൽ സംപ്രേഷണമാരംഭിച്ചത്. നന്നായി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയുടെ ആവിഷ്കാരം പോലെ ആഗസ്ത് രണ്ടിലെ നിമിത്തത്തിന്റെ ഉത്പത്തി മുതൽ ജനുവരി 17 രാത്രിയിലെ ബോംബാക്രമണത്തിന്റ തുടക്കവും പിന്നെ അന്തിമ വിജയവും വരെ സംഭവവികാസങ്ങളുടെ ഓരോ പടവുകളും തുടർച്ചയായി അവർ കാഴ്ചകളായി പുറംലോകത്തെ അറിയിച്ചു കൊണ്ടിരുന്നു.
പൊതുസമൂഹത്തിന്റെ അനുമതി നിർമ്മിച്ചെടുക്കുന്ന യുദ്ധത്തിലാണ് അമേരിക്കയും സഖ്യകക്ഷികളും അന്ന് ആദ്യം വിജയിച്ചത്. കഥകളിൽ കേട്ടും പത്രവാർത്തകൾ വായിച്ചും മാത്രം യുദ്ധം പരിചയിച്ച മലയാളികളുടെ വലിയ സമൂഹങ്ങൾ യുദ്ധഭൂമിയിലുണ്ടായിരുന്നു. ജോലീ ശ്രേണികളുടെ താഴെതട്ടുകളിലായിരുന്ന അവരിൽ ഭൂരിപക്ഷത്തിന്റെ ജീവിതവും സ്വാഭാവിക ഭ്രമണ പഥങ്ങളിൽ നിന്ന് വലിച്ചെറിയപ്പെട്ടു. ക്രൂഡ് ഓയിൽ സംഭരണികളും ശുദ്ധീകരണ ശാലകളും എണ്ണപ്പാടവും നിലനിൽക്കുന്ന യുദ്ധഭൂമിയിൽ ഇറാഖിന്റെ സ്കഡ് എന്ന് പേരുള്ള റഷ്യൻ നിർമിത മിസൈൽ വീണ് തീ പടർന്നുപിടിച്ചു പെട്രോൾ വ്യവസായവും നാടും കത്തിയമരുന്നതു സങ്കൽപ്പിച്ച് അവർ ഭയത്തിന്റെ ആഴങ്ങളിലേക്ക് വീണുപോയി.
ആയിരക്കണക്കിന് ഇന്ത്യാക്കാർ ജോലി ചെയ്യുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രോജക്ട് മാനേജരായിരുന്നു ഞാനന്ന്. എന്റെ സ്വന്തം ഉൽക്കണ്ഠകളും സംത്രാസവുമടക്കിവേണം എന്തു ചെയ്യണം എന്ന് ഉപദേശം ചോദിച്ചെത്തുന്ന ജോലിക്കാർക്ക് മറുപടി നൽകാൻ. സ്വയം ഇല്ലാതായിപ്പോകുമെന്ന് ഭയമുണ്ടെങ്കിലും മറ്റു വഴികളില്ലാത്തതിനാൽ യുദ്ധഭൂമിയിൽ തുടരാമെന്ന് നിശ്ചയിച്ചവരോടും മുന്നിൽ മറ്റു വഴിയൊന്നും ഇല്ലാതിരുന്നിട്ടും ജീവൻ മതിയെന്നുപറഞ്ഞ് ജോലി ഉപേക്ഷിച്ച്, മടങ്ങിപ്പോയവരോടും ഞാൻ നടത്തിയ സംഭാഷണങ്ങൾക്ക് മരണത്തിന്റെ താളമായിരുന്നു, മരണത്തിന്റെ ഭാവമായിരുന്നു. ബഹ്‌റൈൻ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കാലയളവിലെ തുടർച്ചയായ അതിസമ്മർദ്ദം അതായിരുന്നിരിക്കണം.
പടയൊരുക്കത്തിന് ലോകസമ്മതി നേടാൻ അമേരിക്ക നടപ്പിലാക്കിയ ഉപായങ്ങൾ കാരണം ഞങ്ങൾ യുദ്ധം തുടങ്ങും മുന്നേ യുദ്ധക്കെടുതികളിലേക്ക് പതിച്ചു. ജൈവ- രാസായുധങ്ങൾ മുന കൂർപ്പിച്ചുവച്ചിരിക്കുകയാണ് ഇറാഖ്. അവർ അത് മിസൈലുകളിൽ തൊടുത്ത് വിക്ഷേപിക്കും. കൊടും വിഷവസ്തുക്കൾ കാറ്റിലലിഞ്ഞ് എല്ലായിടത്തും പരക്കും. ഉഛ്വാസ വായുവിലൂടെ അത് ശരീരത്തിനുള്ളിലെത്തുമ്പോൾ മനുഷ്യർ മരിച്ചുവീഴും. അങ്ങനെ മരിച്ചു പോയവരുടെ കൂട്ടങ്ങളായിരിക്കും പിന്നെ എല്ലായിടത്തും. അഥവാ ഇനി മരിച്ചു പോയില്ലെങ്കിൽ നിത്യവ്യാധികൾ പിടിപെട്ടു ജീവിതാന്ത്യം വരെ യാതനയനുഭവിക്കും.
ജൈവ - രാസ ആയുധങ്ങൾ ലക്ഷ്യം വയ്ക്കുന്നത് സൈനിക ശിബിരങ്ങളെയോ യുദ്ധ സാമഗ്രകളെയോ മാത്രമല്ല. അതിന്റെ ലക്ഷ്യം സാമാന്യ ജനങ്ങളാണ്. ഇറാഖ് സ്വന്തം ജനതയായ വിമത ഖുർദുകളോട് അങ്ങനെ ചെയ്തിട്ടുണ്ട്. ആയുധ മികവിലും വാർത്താവിനിമയ ശേഷിയിലും അമേരിക്കയോട് മത്സരിച്ചു നിൽക്കാൻ ശേഷിയില്ലാത്ത ഇറാഖ്, നിശ്ചയമായും അവരുടെ ജൈവ - രാസായുധ ശേഖരങ്ങൾ പുറത്തെടുക്കും. പാതയോരത്ത് വീണു മരിച്ചു കിടക്കുന്ന ഖുർദുകളുടെ ചിത്രങ്ങൾ എല്ലാവരിലും എത്തി. നാട് വിട്ട് യൂറോപ്പിലും മറ്റും പോയി താമസിക്കാൻ സാമ്പത്തികശേഷിയുള്ള സ്വദേശികളും ജീവിക്കാൻ മറ്റു മാർഗമുള്ള വിദേശികളും ഒഴിഞ്ഞു പോയപ്പോൾ ബഹ്‌റൈന്റെ ജനസംഖ്യ വളരെ കുറഞ്ഞു.
രാജ്യത്ത് മാസ്കിങ് ടേപ്പ് കിട്ടാതെയായി. മാസ്കിങ് ടേപ് പൂഴ്ത്തിവച്ച് കരിഞ്ചന്തയിൽ വ്യാപാരം നടത്തി ലാഭമുണ്ടാക്കിയ ചില ഇന്ത്യൻ കച്ചവടക്കാർ പോലീസിന്റെ പിടിയിൽ പെട്ടു.
സർക്കാരിൽ ചെറുതും വലുതുമായ പദവികളിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് ബഹ്‌റൈൻ വിട്ടു പോകാൻ കഴിയാത്ത സ്വദേശികൾ അതീവ ദുഃഖിതരായി. രാസായുധ മരണപ്പേടിയിൽ അവരുടെ ധനശേഷിയും പദവികളുമെല്ലാം അസ്തമിച്ചു. വീട്ടിലെ ചെറുജോലിക്കാരൻ ഹൗസ്ബോയിക്കു തുല്യമായി തീർന്നത് അവരിൽ പിന്നെയും നീറ്റൽ പടർത്തി. സെപ്തംബർ പകുതി പിന്നിട്ട് ചൂടൊന്നു ശമിച്ചുതുടങ്ങിയപ്പോൾ ഞങ്ങൾ, യുദ്ധഭൂമിയിൽ ബാക്കിയായവർ, ജൈവ - രാസായുധങ്ങളോട് പ്രതിരോധം ചമച്ചുതുടങ്ങി. വീടുകളിൽ, പണി ശാലകളിൽ, ഓഫീസുകളിൽ കാറ്റിന് കടന്നു വരാനിടമുള്ളിടമൊക്കെ ഞങ്ങൾ അടച്ച്, അതിന്മേൽ മാസ്ക്കിങ് ടേപ്പ് ഒട്ടിച്ചു. കാറ്റ് എത്ര ശ്രമിച്ചാലും അതിന് കടന്നുവരാനാവില്ലെന്ന് ഉറപ്പാക്കി. രാജ്യത്ത് മാസ്കിങ് ടേപ്പ് കിട്ടാതെയായി. മാസ്കിങ് ടേപ് പൂഴ്ത്തിവച്ച് കരിഞ്ചന്തയിൽ വ്യാപാരം നടത്തി ലാഭമുണ്ടാക്കിയ ചില ഇന്ത്യൻ കച്ചവടക്കാർ പോലീസിന്റെ പിടിയിൽ പെട്ടു.
ലേബർ ക്യാമ്പിലെ തകരഷെഡുകൾ വീടായവരും ചേർത്തടച്ചാലും പൊഴികൾ ബാക്കിയാവുന്ന കതകുകളും ജനാലകളുമുള്ള പഴയ വീടുകളിൽ ചെറിയ വാടകയ്ക്ക് താമസിക്കുന്നവരും ഒന്നുറപ്പിച്ചു; ജൈവ- രാസായുധ മിസൈലുകൾ പതിച്ച് കാറ്റിൽ പടർന്നെത്തുമ്പോൾ തങ്ങൾ മരിച്ചു വീഴും. പിന്നെയവരിൽ ചിലർ അന്ത്യാഭിലാഷങ്ങളെ കുറിച്ചൊക്കെ ചിന്തിക്കാൻ തുടങ്ങി. താൻ മരിച്ചു പോകുമ്പോൾ കുടുംബത്തിന് എത്തിക്കാൻ ഒരു കത്ത് തരുമെന്നും അത് എത്തിച്ചു സഹായിക്കണമെന്നും നിറകണ്ണുകളോടെ പറഞ്ഞയാളെ യുദ്ധം കഴിഞ്ഞ് ഞാൻ, അക്കാര്യവും പറഞ്ഞു കളിയാക്കുമായിരുന്നു.
വേണ്ടത്ര ഗൗരവത്തിൽ പുനഃ പരിശോധിക്കപ്പെടുകയോ അപഗ്രഥിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ് മാസ്കിങ് ടേപ്പ് പ്രതിരോധം. മനുഷ്യർ ഇന്നോളം കണ്ടുപിടിച്ചതിൽ ഏറ്റവും വിനാശകരമായ ആയുധത്തെ പ്രതിരോധിക്കാൻ ഒരു രാജ്യത്തുണ്ടായിരുന്ന സകല മനുഷ്യരും അവരുടെ വാസസ്ഥലങ്ങളും തൊഴിൽ ഇടങ്ങളും വായു കടക്കാത്തതാക്കി മാറ്റുക എന്നത് സമാനതകളില്ലാത്ത പ്രതിരോധമുറയാണ്. ആളൊഴിഞ്ഞു പോവുകയും വീടുകൾക്ക് ആവശ്യക്കാർ കുറയുകയും ചെയ്തതിനാൽ മനാമയിൽ ഒരു വലിയ കെട്ടിടം മുഴുവനായി വാടകക്കെടുത്ത് ഞാൻ താമസിച്ചിരുന്ന വീട്ടിലുണ്ടായിരുന്നവർ അങ്ങോട്ട് മാറിയത് ഡിസംബർ അവസാന ആഴ്ചയിലാണ്.
ബഹ്‌റൈനീ പൗരത്വമുള്ള ഗുജറാത്തി സ്വർണ വ്യാപാരി എല്ലാം മതിയാക്കി നാട്ടിലേക്ക് പോയപ്പോൾ ഒഴിഞ്ഞതാണ് ആ കെട്ടിടം. ഉടമസ്ഥൻ സ്വദേശിയും കുടുംബസമേതം വിദേശത്തേക്ക് പോയി. എല്ലാ ദ്വാരങ്ങളും അടച്ചുറപ്പാക്കിയിട്ടുണ്ടെന്നു കാണിച്ചു തരുമ്പോൾ വീട്ടുടമയുടെ മാനേജർ മലയാളി ചോദിച്ചു, ‘‘യുദ്ധം കാരണം എല്ലാവരും നാട്ടിലേക്ക് പോകുമ്പോൾ സാറിവിടെ പുതിയ വീട്ടിൽ താമസം തുടങ്ങുന്നു, സാറെന്താ നാട്ടിൽ പോകാത്തത്?"
"യുദ്ധം വരുമ്പോൾ മറ്റൊരിടത്തേയ്ക്കു പൊയ്ക്കളയുന്ന രീതി ആവർത്തിക്കാൻ പ്രയാസമുള്ളതാണ്. നാട്ടിൽ നിൽക്കുമ്പോൾ യുദ്ധം വന്നാലോ, എങ്ങോട്ടു പോകും. ഈ നാട്ടിൽ ജീവിക്കുന്ന ഞാൻ യുദ്ധം വരുമ്പോഴും ഈ നാട്ടുകാരോടൊപ്പം നിൽക്കും?"
മറ്റൊരു കാര്യമാണ് അയാൾ മറുപടി പോലെ പറഞ്ഞത്: ‘‘ഞാൻ ഇന്ന് നാട്ടിൽ പോകുന്നു. എല്ലാവരും ചെയ്യുന്ന പോലെ കുടുംബത്തെ അയക്കാനായിരുന്നു എന്റെയും പരിപാടി. പക്ഷെ ഇപ്പോൾ ഈ രാസായുധം... , പേടിയാവുന്നു. പിന്നെ യുദ്ധമെല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചുവരും. അപ്പോൾ സാറിവിടെ ഉണ്ടെങ്കിൽ തന്നെ ചുമച്ചു കുരച്ചു മേലാസകലം വ്രണവും ചൊറിയും പിടിച്ചായിരിക്കുമല്ലോ ഉണ്ടാവുക. പിന്നെയൊട്ടു നാട്ടിൽ പോകാനും കഴിയില്ല. എന്തായാലും നമുക്ക് കാണാം."
‘‘സാരമില്ല, ഞാനുമായി ഈ മാർച്ചിൽ വിവാഹത്തിലായയാൾ തിരുവനന്തപുരത്ത് നിന്നുള്ള അവസാന വിമാനങ്ങളിൽ ഒന്നിൽ ഇങ്ങോട്ടുവരുന്നുണ്ട്."
ഞാൻ ആ പറഞ്ഞത് വിശ്വസിക്കാതെയാണ് അയാൾ പോയത്. കമ്പനിയിലെ പേഴ്‌സണൽ ഡിപ്പാർട്ടുമെന്റിൽ വിസക്ക് എഴുതിക്കൊടുത്തപ്പോഴും, എമിഗ്രെഷനിൽ വിസ അപേക്ഷിച്ചപ്പോഴും വിമാന ടിക്കറ്റ് എടുത്തപ്പോഴും എല്ലാം ആ ചോദ്യം എന്റെ നേരെ വന്നിരുന്നു. എല്ലാവരും ഭാര്യമാരെ നാട്ടിലേയ്ക്കുമ്പോൾ നിങ്ങൾ ഇങ്ങോട്ടു കൊണ്ടുവരുന്നോ? യുദ്ധമെത്തുന്നതിനും വളരെ മുന്നേ സാധാരണ ജനങ്ങളിൽ മരണഭയം ചെലുത്താനും അവർക്ക് യുദ്ധക്കെടുതികൾ വരുത്താനും പാകത്തിലായിരുന്നു ആ യുദ്ധത്തിന്റെ രൂപ കല്പന. സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നതല്ല യുദ്ധമെന്ന പ്രഖ്യാപിത നൈതികത, യുദ്ധ സന്നാഹ വേളയിൽ തന്നെ അപ്രസക്തമാകും.
ഒക്ടോബർ അവസാനത്തിൽ സൗദി അറേബിയയിലെ താവളത്തിലെ സൈനികശക്തി ഇരട്ടിപ്പിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം വരുന്നതിനും ഏറെ മുന്നേ ആയുധങ്ങൾ നിറച്ച കപ്പലുകൾ അമേരിക്കൻ നേവിയുടെ ബെയ്സിന് അരികെയുള്ള ബഹ്‌റൈൻ പോർട്ടിലേക്ക് എത്തിയിരുന്നു. ബഹ്റൈനെയും സൗദി അറേബിയയെയും ബന്ധിപ്പിക്കുന്ന 27 കിലോമീറ്റർ നീളമുള്ള കടൽ പാലത്തിലൂടെ ദമാമിലെ അമേരിക്കൻ താവളത്തിലേക്ക് പോകുന്നതാണ് എളുപ്പവഴി. കിംഗ് ഫഹദ് കോസ്വേ എന്നാണ് പാലത്തിന്റെ പേര്. അതിന്റെ തുടക്കത്തിൽ ബോട്ടുജെട്ടിയും അനുബന്ധ കെട്ടിടങ്ങളും പുലിമുട്ടും മറ്റും നിർമ്മിക്കുന്ന പ്രൊജക്ടുമായി കോസ്വേയുടെ തുടക്കത്തിൽ, അരികിലാണ് എന്റെ പകൽവാസം.
ഇറാഖ് അവർ അധീനതയിലാക്കിയ കുവൈറ്റിൽ നിന്ന് സ്കഡ് മിസൈലുകൾ തൊടുത്തുവിടുമ്പോൾ അപായ സൈറൺ ബഹ്‌റൈനിലും മുഴങ്ങാൻ തുടങ്ങി. എല്ലാ വീടുകളിലും മറ്റു താമസസ്ഥലങ്ങളിലും തയ്യാറാക്കിയിട്ടുള്ള പ്രത്യേക മുറിയുടെ രക്ഷയിലേക്ക് എല്ലാവരും അഭയം തേടണം
ജോലികൾ ഏതാണ്ട് നിലച്ചതുപോലെയാണ്. മുൾ മുനയിൽ നിന്നും നിറുത്തിയും പ്രഖ്യാപിച്ച ദിവസം തന്നെ പ്രോജക്ടുകളുടെ പണികൾ പൂർത്തിയാക്കണമെന്ന് നിഷ്ഠയുള്ള ഒരു നാട്ടിലെ ആ മന്ദീഭവിക്കൽ പോലും യുദ്ധമൃത്യുവാണ്. ഓഫീസ് കാബിന്റെ ജനാലയിൽ കൂടി നോക്കുമ്പോൾ ഒരു വശത്ത് കടൽ അപാരതയും മറുവശത്ത് കിംഗ് ഫഹദ് കോസ്വേയുമാണ്. പതിവിനുവിരുദ്ധമായി തീരെ ആളൊഴിഞ്ഞ കോസ്വേയിലൂടെ അപ്പോൾ വളരെ കുറച്ചു വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. നവംബർ - ഡിസംബർ മാസങ്ങൾ മുഴുവനും ആയുധങ്ങളും യുദ്ധോപകരണങ്ങളും വഹിച്ച് ദിവസവും കടന്നുപോകുന്ന അനേകം വലിയ ട്രെയിലറുകളെ ഉൾക്കിടിലത്തോടെ നോക്കിയിരിക്കുന്നത് ശീലമായി. ബഹ്റൈനിലുള്ള ഞങ്ങളുടെയും സുരക്ഷാദൗത്യം ദമാമിലേയ്ക്ക് പോകുന്ന ആ വാഹങ്ങൾക്കുണ്ടെന്ന് ഞാൻ എന്നോടുതന്നെ പറയും. ദുഃഖിക്കാതിരിയ്ക്കാനും സന്തോഷിക്കാനും ആവശ്യപ്പെടും. പക്ഷെ അതിനൊന്നും അടക്കാവുന്നതല്ല യുദ്ധവും അതിന്റെ പാരിതോവസ്ഥയും മനുഷ്യരിൽ ഏൽപ്പിക്കുന്ന സമ്മർദ്ദം.
1991 ജനുവരി 17 ന് വ്യോമാക്രമണത്തോടെ യുദ്ധം ആരംഭിച്ചു. ബഹ്റൈനിലെ അമേരിക്കൻ വ്യോമത്താവളത്തിന്റെ പണി പൂർത്തിയാക്കിയതേയുള്ളൂ. യുദ്ധപൂർവ രാവുകളിൽ വൈകി ജോലികൾ ചെയ്താണ് വ്യോമത്താവളത്തിലേക്കുള്ള അപ്രോച്ചു റോഡുകൾ ചെയ്തുതീർത്തത്. അവിടെ നിന്ന് പോർ വിമാനങ്ങൾ പറന്നുയർന്നു. അതിനു മുന്നേയുള്ള അഞ്ചര മാസങ്ങളിലും എല്ലാ മനുഷ്യരും തനിയെയും കൂട്ടായും സാധ്യമായ എല്ലാ അപഗ്രഥനങ്ങളും ചെയ്തതാണ്. ഒടുവിൽ രണ്ടിലൊരു കക്ഷിയ്ക്കു വീണ്ടുവിചാരമുണ്ടാവും. പെട്രോൾ അനുബന്ധ വ്യവസായങ്ങൾ നിറഞ്ഞു കിടക്കുന്ന ഭൂപ്രദേശമാണ്. ചെറിയൊരു തീപ്പൊരിപോലും ആളിപ്പടർന്നിവിടം ചാരമായിത്തീർന്നേക്കാം എന്നവർ ചിന്തിക്കും. സോവിയറ്റ് യൂണിയൻ ഇടപെടും. അമേരിക്കയുടേതിൽ നിന്ന് വ്യത്യസ്ഥമായി യുദ്ധ വിരുദ്ധ ചിന്ത ഉയർത്തും.
ഒന്നുമുണ്ടായില്ല. ഇറാഖ് അവർ അധീനതയിലാക്കിയ കുവൈറ്റിൽ നിന്ന് സ്കഡ് മിസൈലുകൾ തൊടുത്തുവിടുമ്പോൾ അപായ സൈറൺ ബഹ്‌റൈനിലും മുഴങ്ങാൻ തുടങ്ങി. എല്ലാ വീടുകളിലും മറ്റു താമസസ്ഥലങ്ങളിലും തയ്യാറാക്കിയിട്ടുള്ള പ്രത്യേക മുറിയുടെ രക്ഷയിലേക്ക് എല്ലാവരും അഭയം തേടണം. ആ മുറിയും കാറ്റ് കടക്കാത്തതെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളതാണ്. അത്യാവശ്യം കുടിവെള്ളവും അടിയന്തര ഭക്ഷണവസ്തുക്കളും മരുന്നുകളും ആ മുറിയിൽ ശേഖരിച്ചിട്ടുണ്ടാവും. ആൾ ക്ലിയർ എന്ന് മറ്റൊരു സൈറൺ അടിക്കുംവരെ പുറത്തിറങ്ങാൻ പാടില്ല. ശ്വാസമടക്കി മുറിയിലിരിക്കുമ്പോൾ തൊട്ടടുത്ത് മരണം വന്നു നിൽക്കുന്നുണ്ടെന്ന് അന്തേവാസികൾക്ക് തോന്നും. ആൾ ക്ലിയർ സൈറൺ വൈകിയാൽ നെഞ്ചിടിപ്പുകളും ദീർഘശ്വാസങ്ങളും ഉച്ഛസ്ഥായിയിലാവും. അകത്തിരിക്കുന്നതെല്ലാം സമയം ഘടിപ്പിച്ച മനുഷ്യ ബോംബുകളാണെന്നും കൗണ്ട് ഡൗൺ തുടങ്ങിയിരിക്കുന്നുവെന്നും തോന്നും. ഓരോ സൈറൺ വേളയിലും മനുഷ്യർക്ക് ഓരോ പുനർജ്ജന്മമാണ് സംഭവിച്ചത്.
മനുഷ്യരെ ആകെയും വന്നുമൂടിയ ഭയവും അനിശ്ചിതത്വത്തിന്റെ ആരോഹണാവരോഹണങ്ങളും ആപത് ചിന്തകളും തീരെ അസ്ഥാനത്തായിരുന്നില്ല. ബഹ്‌റൈൻ എയർ പോർട്ടിനെയും റിഫൈനറിയെയും ലക്ഷ്യമാക്കി വിക്ഷേപിച്ച സ്കഡ് മിസൈലുകൾ ലക്ഷ്യങ്ങളിൽ എത്തിയില്ലെങ്കിലും അരികത്തുവരെ വന്നുപതിച്ചു. ദമാമിലെ സൈനിക ക്യാമ്പിൽ വലിയ ആൾ നഷ്ടമുണ്ടായി. ശത്രുലക്ഷ്യവേധിയാകാനുള്ള സാധ്യത ഭയവിതാനങ്ങളെ കുതിപ്പിച്ചു.
ശത്രുവിനരികിലെത്താൻ ഒരു സാധ്യതയുമില്ലാതിരുന്ന ഒരു യുദ്ധാനുഭവത്തിന്റെ തീക്ഷ്ണതയും ആഴവുമാണ് ഞാൻ ഒന്നാം ഗൾഫ് യുദ്ധത്തിൽ ജീവിച്ച അനുഭവമായി വിവരിച്ചത്. അന്ന് വൈദ്യുതി നിലച്ചില്ല, കുടിവെള്ളത്തിന്റെയും മരുന്നിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതക്ക് മുടക്കമുണ്ടായില്ല. ഇതെല്ലാം സംഭവിക്കുകയും നിഷ്ടൂരനായ ശത്രു തലയ്ക്കുമേലെ നിന്ന് 'പരവതാനി' സ്വഭാവത്തിൽ ബോംബ് വർഷിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾക്ക് എന്ത് സംഭവിക്കാം എന്ന് സങ്കല്പിക്കാവുന്നതേയുള്ളൂ. ഗാസ മുനമ്പിലെ മനുഷ്യർക്ക് അതാണ് സംഭവിക്കുന്നത്. മനുഷ്യസ്നേഹിയായ ഏതൊരാൾക്കും അതിനോട് പ്രതിഷേധം പ്രകടിപ്പിക്കാതെ വയ്യ.