ബഹ്റൈനും കോവിഡും: മിഡിൽ ഈസ്റ്റിലെ ഒരു ചെറു രാജ്യം കോവിഡിനെ മെരുക്കുന്ന കഥ

ലോകത്തിലാരും കോവിഡിനെ കാത്തിരുന്നില്ല. ചില രാജ്യങ്ങളിൽ പടർന്നു പിടിച്ച് കഴിഞ്ഞാണല്ലോ കോവിഡിന് ആ പേര് പോലും കിട്ടിയത്. അപ്രിയനായ ആ അതിഥി ചെന്നു കയറിയ നാടുകളിൽ എല്ലാം മരണം വിതച്ചു പടരുവാൻ തുടങിയപ്പോഴാണ് രാഷ്ട്രങ്ങൾക്കും അവയെ നയിക്കുന്നവർക്കും അതിവേഗ തീരുമാനങ്ങൾ എടുത്ത് പ്രതിരോധം ചമയ്‌ക്കേണ്ടി വന്നത്. ആഗോള തലത്തിൽ നിലനിന്നിരുന്ന ആധിപത്യത്തിന്റെ ശ്രേണീ ചിത്രത്തെ ഉലച്ചു കൊണ്ടാണ് കോവിഡ് പ്രതിരോധ രംഗം തെളിഞ്ഞു വന്നത്. അമേരിക്ക തുടങ്ങി ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളിലെ അതികായരും രോഗചികിത്സയുടെയും മരുന്നു ഗവേഷണത്തിന്റെയും അനുബന്ധ ശാസ്ത്രീയ സംവിധാന മികവിന്റെയും അങ്ങേയറ്റം കണ്ടവരെന്നു ലോകം കരുതിയ രാജ്യങ്ങളുടെ നേതൃത്വങ്ങളും പതറുന്നതും അന്ധാളിക്കുന്നതും അതിന്റെ വിലയായി അസംഖ്യം ജീവനുകൾ പൊലിയുന്നതും നാം ചകിതരായി കണ്ടു നിന്നു. ബ്രിട്ടൻ പോലെ അനവധി ലോക നേതാക്കളുടെ കാതൽ എത്ര ദുർബലമെന്നും സ്വന്തം ജനതയ്ക്കും ലോകത്തിനുമായി അവർ വിഭാവനം ചെയ്തിട്ടുള്ളത് എത്രത്തോളം അമാനവികമായ തത്വസംഹിതയുടെ പ്രയോഗങ്ങളെന്നും വെളിവായി. ജനസംഖ്യയിൽ ഏറെ വലിയ രാജ്യമായ ഇന്ത്യയിൽ മന്ത്രവാദ സ്വഭാവമുള്ള ഞുണുക്കു വിദ്യകളെപ്പോലും രക്ഷാ മാർഗങ്ങളായി തിരയുന്നതും കാണാനായി. തങ്ങൾ കാത്തിരുന്നവയുടെ തരത്തിലല്ലാതെ ഒരു അടിയന്തിര സാഹചര്യം ഉയർന്നുവന്നപ്പോഴാണ് മിക്ക രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ കാമ്പില്ലായ്മയും ദാർശനികമായ ശൂന്യതയും വെളിപ്പെട്ടുപോയത്.

മുൻ നിര രാജ്യങ്ങളുടെയും വൻ ശക്തികളുടെയും നേതാക്കളുടെ നിലപാടുകൾക്ക് ജനതയോടെന്നതിനേക്കാൾ കാപിറ്റലിസ്‌റ്റ് വ്യവസ്ഥ യോടാണ് പ്രതിബദ്ധതയെന്നു തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കോവിഡിനെ മെരുക്കാനും കോവിഡിനൊപ്പം ജീവിക്കാനുമായി ഗൾഫിലെ ഒരു ചെറിയ രാജ്യമായ ബഹ്‌റൈൻ നടത്തുന്ന, ഒരു ദിവസം പോലും സംപൂർണ്ണ ലോക്ക്ഡൗൺ ഇല്ലാതെയും ഒരു റോഡും ഒരിക്കലും അടക്കാതെയും ജന ജീവിതം കൊണ്ട് പോകാനുള്ള, ജാഗ്രത്തായ പരീക്ഷണത്തിന്റെ വിജയ കഥ പ്രസക്തമാകുന്നത്.

പ്രഭവകേന്ദ്രമായ ചൈനയിൽ നിന്നും ഇറാനിൽ നിന്നും ഇറ്റലിയിൽ നിന്നും മാത്രം കൊറോണാ മരണങ്ങളുടെ വാർത്തകൾ പുറത്ത് വന്നുകൊണ്ടിരുന്ന തുടക്കകാലമായിരുന്നു അത്

ഇറാനിൽ തീർഥാടനം കഴിഞ്ഞു ദുബായ് എയർപ്പോർട്ട് വഴി മടങ്ങി എത്തിയിട്ട് പനിയും ചുമയുമായി ആശുപത്രിയിൽ പോയ ഒരു സ്വദേശി പൗരന് കൊറോണ വൈറസ് ബാധയാണെന്ന് കണ്ടെത്തിയതായി ഫെബ്രുവരി 24 നു ബഹ്‌റൈൻ പുറം ലോകത്തെ അറിയിക്കുമ്പോൾ അത് ബഹ്റൈനിൽ പരസ്യപ്പെടുത്തിയ ആദ്യത്തെ കൊറോണ കേസ് ആയിരുന്നു. പ്രഭവകേന്ദ്രമായ ചൈനയിൽ നിന്നും ഇറാനിൽ നിന്നും ഇറ്റലിയിൽ നിന്നും മാത്രം കൊറോണാ മരണങ്ങളുടെ വാർത്തകൾ പുറത്ത് വന്നുകൊണ്ടിരുന്ന തുടക്കകാലമായിരുന്നു അത്. ഇറ്റലിയിൽ നിന്ന് വന്ന മൂന്നു റാന്നിക്കാർ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു അവരെത്രമാത്രം രാജ്യ സ്‌നേഹികളാണ് എന്ന് ചർച്ച ചെയ്ത് ആഘോഷിക്കുന്ന കേരളക്കാലം. ഇറാനിൽ തീർഥാടനം കഴിഞ്ഞെത്തിയവരും കുടുംബങ്ങളിലും തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും അവരുമായി സമ്പർക്കം വന്നവരുമായ അനവധിയാളുകളെ സമാനമായ രോഗ ലക്ഷണമുള്ളവരായി കണ്ടെത്തുകയും ഫെബ്രുവരിയുടെ അവസാനമായപ്പോഴേക്കും പ്രതിരോധ സന്നദ്ധതയിലേക്കു ബഹ്റൈൻ ഉണരുകയും ചെയ്തു. ചെയർമാനായ കിരീടാവകാശിയുടെ നേരിട്ടുള്ള മേൽ നോട്ടത്തിലും നേതൃത്വത്തിലും നാഷണൽ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി പ്രവൃത്തന നിരതമായി. അർത്ഥപൂർണ്ണവും സോദ്ദേശവുമായ ബോധവത്കരണം ജനങ്ങളിൽ എങ്ങിനെ സാധിക്കാമെന്ന് ബഹ്റൈനിൽ തെളിയിക്കപ്പെടുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളെ അതേ പടി അനുവർത്തിക്കുവാനുള്ള സന്ദേശങ്ങളാണ് ജനങ്ങളിലേക്ക് പകർത്തിയത്. കോവിഡ് വ്യാപനം തടയുവാനായി ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച എല്ലാ മാർഗ നിർദ്ദേശക തത്വങ്ങളും ഘട്ടം ഘട്ടമായി ജനങ്ങളിലേക്കെത്തിക്കുന്നതിലും ജനങ്ങളെ അത് കൈക്കൊള്ളുന്നവരാക്കി മാറ്റുന്നതിലും ഗംഭീരമായ വിജയമാണ് നാഷണൽ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി കൈവരിച്ചത്. കോവിഡിന്റെ വരവിനു മുന്നേ രാജ്യത്തെമ്പാടും സ്ഥാപിക്കപ്പെട്ടിരുന്ന ബിൽബോർഡുകൾ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലെ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പ്രചരിപ്പിക്കുന്നവ ആയി. എന്തെല്ലാം ലക്ഷണങ്ങൾ ഉണ്ടായാലാണ് ഒരാൾ കോവിഡ് സെന്ററിനായുള്ള നമ്പറായ 4444 ൽ വിളിക്കേണ്ടത് എന്ന് അവയെല്ലാം ആവർത്തിച്ചു. ജനങ്ങൾ ഒത്തു ചേരാൻ ഇടയുള്ള ചന്ത സ്ഥലങ്ങളിൽ അധിക കമാനങ്ങൾ ഉയർന്നു. സോഷ്യൽ മീഡിയയിലുടെയും മറ്റെല്ലാ ബോധവത്കരണ മാധ്യമങ്ങളിലൂടെയും കൃത്യമായ പ്രതിരോധ സംസ്‌കാരം വലിയ ശതമാനം വിദേശികൾ കൂടി ഉൾപ്പെട്ട ജനങ്ങളിലേക്ക് സന്നിവേശിപ്പിച്ചു. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷകൾ കണ്ടെത്തി. അന്നുവരെ ജീവിച്ചതിൽ നിന്ന് വിരുദ്ധമായ ഒരു ജീവിത ശൈലി ജനങ്ങളോട് ആവശ്യപ്പെട്ട അധികാരികൾക്ക് അതിനായി ഒരിടത്തും ബലം പ്രയോഗിക്കേണ്ടി വന്നില്ല. പോലീസുകാർ ലാത്തി ഉപയോഗിച്ച് കോവിഡ് പ്രോട്ടോകോൾ നിവർത്തിക്കുന്ന ഒരു സംഭവവും ഉണ്ടായില്ല.

കണ്ടുമുട്ടുമ്പോൾ കെട്ടിപ്പിടിക്കുന്നതും മുത്തം കൊടുക്കുന്നതും എല്ലാവരും ചേർന്ന് ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും തലമുറകളായി ഉപചാരമായി അനുഷ്ഠിക്കുന്ന ഒരു ജനതയാണ് ശരീരങ്ങളുടെ അകലം എന്ന ചികിത്സ യിലേക്ക് കടന്നത്. സമ്പർക്ക നിഷേധത്തിന്റെ ജീവിതരീതി സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകരെയും മൃതദേഹത്തേയും അപമാനിക്കുന്ന ഒരു സംഭവവും ഉണ്ടാകാതിരിക്കുന്നത് ബഹറിന്റെ കോവിഡ് കാല നേതൃത്വം നേടിയ ഉജ്ജ്വലമായ സാംസ്‌കാരിക വിജയമാണ്. അകത്തിട്ടടച്ചില്ലെങ്കിൽ നാടും നാട്ടുകാരും കോവിഡ് വന്നു മുടിഞ്ഞു പോകും എന്ന സമീപനവുമായി മല്ലടിക്കുന്ന എത്രയോ രാജ്യങ്ങൾ ഉണ്ട് എന്ന യാഥാർഥ്യത്തോടാണ് ഇത് താരതമ്യം ചെയ്യേണ്ടത്.

അന്നുവരെ ജീവിച്ചതിൽ നിന്ന് വിരുദ്ധമായ ഒരു ജീവിത ശൈലി ജനങ്ങളോട് ആവശ്യപ്പെട്ട അധികാരികൾക്ക് അതിനായി ഒരിടത്തും ബലം പ്രയോഗിക്കേണ്ടി വന്നില്ല.

4.3 ബില്യൺ ദിനാറിന്റെ സ്റ്റിമുലസ് ഇക്കണോമിക് പാക്കേജ് ആണ് കോവിഡ് നേരിടുവാനായി മുന്നോട്ടുവെച്ചത്. സമ്പർക്കവും തൻമൂലമുള്ള രോഗ വ്യാപനവും തടയുവാനായി അനിവാര്യമല്ലാത്ത കാര്യങ്ങൾക്കായി പുറത്ത് പോകുന്നത് ഒഴിവാക്കുവാനും വീടുകൾക്കുള്ളിൽ കഴിയുവാനും ജനങ്ങളെ ആഹ്വാനം ചെയ്തു. ഒപ്പം വീടുകൾക്കുള്ളിൽ ഇരിക്കുവാൻ പ്രേരിപ്പിക്കും വിധം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വൈദ്യതിയുടെയും വെള്ളത്തിന്റെയും ബില്ലും, മുനിസിപ്പാലിറ്റി ഫീസും ബഹ്റൈൻ നിവാസികളായ എല്ലാവർക്കും ഇളവ് ചെയ്തതായി ഗവർമെന്റ് പ്രഖ്യാപിച്ചു. വിദേശികൾക്കായി വർക്ക് പെർമിറ്റ് ലെവി, ഫീസ് തുടങ്ങിയവയിലെ ഇളവുകൾ, സ്വകാര്യകമ്പനികളിലെ ബഹറൈനികളായ ഉദ്യോഗസ്ഥരുടെ ശമ്പളം ഗവർമെന്റിൽ നിന്ന് നൽകൽ, ചെറുവ്യവസായികൾക്ക് മുഴുവനും മൂന്നു മാസത്തേക്ക് വാടകയ്ക്കും ശമ്പളത്തിനും ആയി തംകീൻ ബിസിനസ്സ് സപ്പോർട് സ്‌കീം തുടങ്ങി ഒട്ടനവധി സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ചു.

കോവിഡിന് ചികിത്സ ഉണ്ടെന്നും അത് ഇവയൊക്കെയാണെന്നും ആണ് പ്രയോഗത്തിൽ തെളിഞ്ഞത്. ഭാവിയുടെ തുരംഗത്തിന്റെ മറ്റേ അറ്റത്ത് കണ്ട ഈ വിധം സഹായങ്ങളുടെ പ്രകാശ രേണുക്കൾ ജനങ്ങൾക്ക് നൽകിയ സ്വാസ്ഥ്യം ചെറുതല്ല. അത് ബഹ്റൈനിൽ എത്രയെങ്കിലും മനുഷ്യരെ ശുഭാപ്തി വിശ്വാസമുള്ളവരും ഇമ്മ്യൂണിറ്റി ഉയർന്നവരും ആക്കിയിട്ടുണ്ട്. ഭരണ കേന്ദ്രങ്ങളിൽ നിന്ന് തന്നെ അളവറ്റ പിന്തുണയുമായി ആരംഭിച്ച ജീവ കാരുണ്യ പ്രവർത്തനങ്ങൾ വിവിധ നിലകളിലും അടരുകളിലുമായി ബഹ്റൈനിൽ ജീവിക്കുന്ന എല്ലാവരിലേക്കും ചെന്നുചേർന്നു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ബഹ്റൈനിലെ പോഷക സംഘടനകൾ താഴെ തട്ടിലെ വിദേശ തൊഴിലാളികൾക്കിടയിൽ മഹനീയമായ ഇടപെടലുകൾ ആണ് നടത്തിയത് . ആ തൊഴിലാളികൾക്ക് പലർക്കും ജീവിതം കോവിഡ് ഇല്ലാത്ത കാലത്തേക്കാൾ സമൃദ്ധമായി.

"നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്സ് ടു കോംബാറ് കോവിഡ് -19 ' അളവറ്റ സ്ഥൈര്യവും അനസ്യൂതമായ ജാഗ്രതയും ആണ് പുലർത്തി വരുന്നത്. 17 ലക്ഷം മാത്രമാണ് ആകെ ജനസംഖ്യ എങ്കിലും ഭൂരിപക്ഷവും രണ്ട് നഗരങ്ങൾക്ക് ചുറ്റുമായി തിങ്ങിത്താമസിക്കുന്നതിനാൽ ഒരു പകർച്ചാവ്യാധിക്ക് നിറഞ്ഞാടാൻ പറ്റിയ വിധത്തിൽ ജനസാന്ദ്രത കൂടുതലാണ്. വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്ന അതേ പ്രാധാന്യത്തോടെ വ്യാപനത്തിന്റെ തോതും സ്വഭാവവും ദിശയും തുടക്കം മുതൽക്കേ നിരന്തരം അപഗ്രഥിച്ചു വന്നു. രാജ്യത്തിന്റെ എല്ലാ വാർഡുകളിൽ നിന്നും അവിടവിടെ ആയി തിരഞ്ഞെടുത്ത ആളുകളെ ടെസ്റ്റ് ചെയ്യുക, ബസ്സുകളിൽ ടെസ്റ്റ് ചെയ്യുക തുടങ്ങിയ മാർഗങ്ങളാണ് അവലംബിച്ചത്. ടെസ്റ്റുകൾ തന്നെ അയത്ന ലളിതമാക്കാൻ വാഹനത്തിനുള്ളിൽ നിന്ന് ഇറങ്ങുക പോലും ചെയ്യാതെ "ഡ്രൈവ് ത്രൂ' ടെസ്റ്റുകളും ഉണ്ടായി. റംസാന് ശേഷം പോസിറ്റീവ് കേസുകളിൽ ദിനവും 500 എന്ന കണക്കിന് വർധന ഉണ്ടായപ്പോൾ അത് സ്വദേശികൾ അവരുടെ ആചാരപ്രകാരം ഈദിനു ബന്ധു മിത്രാദികളെ സന്ദർശിക്കുന്ന ചടങ്ങ് അധികമായുണ്ടായതാണ് എന്ന് നിഗമനമായി. ഉടനെ തന്നെ അടിയന്തിര സാഹചര്യം എന്ന നിലയിൽ ഈ വരുന്ന ഈദിനു എന്ത് കൊണ്ട് അത്തരം സന്ദർശനങ്ങൾ ഒഴിവാക്കണം എന്ന ബോധവത്കരണം പ്രത്യേകം നടത്തി.

ബഹ്റൈൻ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെയും മുന്നൊരുക്കത്തെയും എടുത്ത് പറഞ്ഞു കൊണ്ട് ബ്രിട്ടന് അത് സാധിക്കാത്തതെന്തു കൊണ്ടെന്നു ബിബിസി ചാനലിലെ ഇന്റർവ്യൂവിൽ ഇംഗ്ലണ്ടിലെ മുൻ പബ്ലിക് ഹെൽത് ഡയറക്ടർ പ്രൊഫസർ ജോൺ ആർ ആഷ്ടൺ ചോദിച്ചത് മാർച്ച് 12 നായിരുന്നു. ഇതിനോടകം ഏകദേശം പകുതി ജനങ്ങളെ 808,000 ടെസ്റ്റുകൾ ചെയ്തു കഴിഞ്ഞു. 40,000 പേർക്ക് വൈറസ് ബാധ ഉണ്ടായിരുന്നു. 36531 പേർക്ക് ഭേദമായി. 142 പേർ മരണമടഞ്ഞു. ഇനിയും 49 പേർ തീവ്രപരിചരണത്തിൽ ഉണ്ട്. ഇതിൽ ഒരു മരണം പോലും ആശുപത്രിയിൽ അല്ലാതെയോ തീവ്രപരിചരണത്തിൽ ആയിരിക്കുമ്പോൾ അല്ലാതെയോ സംഭവിച്ചില്ല എന്ന യാഥാർഥ്യം വിരൽ ചൂണ്ടുന്നത് നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്സ് അക്ഷരാർത്ഥത്തിൽ കോവിഡ് 19 നുമായി കോമ്പാറ്റിൽ (പോരാട്ടം) തന്നെ എന്നാണ് .

മനുഷ്യർ തമ്മിലെ അകലം പാലിച്ചു കൊണ്ട്, സാനിറ്റൈസറും ഗ്ലൗസും ഉപയോഗിച്ചു കൊണ്ട് സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിച്ചു. മത്സ്യച്ചന്തകൾ , പച്ചക്കറി വിപണന ശാലകൾ തുടങ്ങി സാധ്യമായതെല്ലാം തുറന്നിരിക്കുമ്പോഴും ആളുകൾ കൂട്ടം ചേരുന്ന സ്‌കൂളുകൾ, ആരാധനാലയങ്ങൾ, സിനിമാശാലകൾ, തുടങ്ങിയവ അടച്ചിട്ടു. ഗാഢമായ ശാരീരികസാമീപ്യം ആവശ്യമുള്ള തൊഴിലുകൾ മാത്രം നിറുത്തി വച്ചു. ഹോട്ടലുകൾ ഭക്ഷണം കൊടുത്തു വിടുന്ന രീതിയിലേക്കായി.

ആദ്യം എന്തിനടയ്ക്കുന്നു എന്ന് ചോദിച്ച് അലസമായിരിക്കുക, രംഗം വഷളാകുന്നു എന്നു കാണുമ്പോൾ കണ്ണും പൂട്ടി എല്ലാം അടച്ചിടുക എന്ന നിരുത്തരവാദപരമായ ഭരണ രീതിക്കു വിപരീതമാണത്

തീരം തല്ലി ഒഴുകിയിരുന്ന ഒരു മഹാനദി പെട്ടെന്ന് ഒരു ചെറിയ പുഴയൊഴുകും പോലെ മന്ദതാളത്തിലേക്കു നീങ്ങിയെങ്കിലും ബഹ്റൈനിൽ എന്നും ജീവിത പ്രവാഹം നിലക്കാതെ ഉണ്ടായി. ജനങ്ങളെ എല്ലാം അകത്തിട്ടടക്കുന്നതിനു വിപരീതമായൊരു തത്വശാസ്ത്രമാണത്. ആദ്യം എന്തിനടയ്ക്കുന്നു എന്ന് ചോദിച്ച് അലസമായിരിക്കുക, രംഗം വഷളാകുന്നു എന്നു കാണുമ്പോൾ കണ്ണും പൂട്ടി എല്ലാം അടച്ചിടുക എന്ന നിരുത്തരവാദപരമായ ഭരണ രീതിക്കു വിപരീതമാണത്. മഹാമാരിയുടെ കാലത്ത് ഇങ്ങനെയൊരു വഴി സ്വീകരിക്കുന്നതിന് അപാരമായ നിശ്ചയദാർഢ്യം വേണം. പ്രതിബദ്ധതയിൽ നിന്ന് വേണം ആ നിശ്ചയ ദാർഢ്യം ഉരുവപ്പെടേണ്ടത്. വലിയ ശാസ്ത്രസാങ്കേതിക വിജ്ഞാന പൈതൃകത്തിന്റേയോ വർത്തമാനത്തിന്റെയോ അവകാശ വാദങ്ങളൊന്നുമില്ലെങ്കിലും ബഹ്റൈനെ നയിക്കുന്നവർക്ക് ഈ കോവിഡ് കാലത്തെ കൃതഹസ്തതയോടെ കൊണ്ടു പോകാൻ കഴിഞ്ഞു. ബഹ്റൈനിൽ ഒരു ദിവസം പോലും സംപൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ല. നിർബന്ധിത അടച്ചിരിപ്പിന്റെ നിർദ്ദേശങ്ങൾ കൊടുത്തില്ല . ക്ലസ്റ്ററുകൾ ആയി ബാധിത പ്രദേശങ്ങളെ നിർണ്ണയിച്ചു പ്രഖ്യാപിച്ചില്ല. ഒരു ഗവർമെന്റ് ഓഫീസും ഒരു ദിവസവും അടച്ചിട്ടില്ല. വിദേശ തൊഴിലാളികൾ കൂടുതലും ഏർപ്പെട്ടിരിക്കുന്നത് നിർമ്മാണ മേഖലയിലെ തൊഴിലുകളിൽ ആണ്. ഒരു കൺസ്ട്രക്ഷൻ സൈറ്റിലും ഒരു ദിവസം പോലും ജോലി നിറുത്തി വച്ചില്ല. ഒരു നിർമ്മാണ ഫാക്ടറിയും ഒരു ഷിഫ്റ്റും നിറുത്തിയില്ല. പബ്ലിക് ബസ് ഓട്ടം ഒരു ദിവസവും നിലച്ചില്ല. ഒരു വഴിയിലും ആരും ആരെയും തടഞ്ഞില്ല. ഒരു റോഡും അടച്ചില്ല . ഒരു "കോവിഡിതനെ'യും അരികത്തുള്ളവരോ അയൽക്കാരോ ബഹിഷ്‌കരിച്ചില്ല. വിദേശിയെന്ന പേരിലോ അനഭിജാതനെന്നതിനാലോ ഉപേക്ഷിക്കപ്പെട്ടുമില്ല. ബഹ്റൈൻ കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുന്നു.

ബഹ്‌റൈൻ നാഷണൽ ഗ്യാസ് കമ്പനിയിൽ കൺസ്ട്രക്ഷൻ (സിവിൽ) എഞ്ചിനീയിറാണ് ഇ.എ സലിം

കഠിനകാലം തന്നെയെങ്കിലും പ്രവാസികൾ തിരിച്ച് പോവേണ്ടതില്ലല്ലോ...

Comments