ലുല ഡി സിൽവ

കാടിന്റെ
അധികാരികളും
അവകാശികളും:
ബ്രസീലിയൻ
ഇടതുപക്ഷത്തെ
കാത്തിരിക്കുന്നത്…

വരുംവർഷങ്ങളിൽ ലുലയും ബ്രസീലിയൻ ജനതയും എടുക്കാൻ പോകുന്ന തീരുമാനങ്ങൾ അവരുടെ മാത്രം ചരിത്രമല്ല എഴുതുന്നത്. മനുഷ്യർക്ക് മാത്രമല്ല, പേരറിയാത്ത കോടിക്കണക്കിന് സൂക്ഷ്മജീവികൾക്കും പറവകൾക്കും മരങ്ങൾക്കും നദികൾക്കുംകൂടി ഇടമുള്ളൊരു ഭൂപടമായി ബ്രസീൽ നിലനിൽക്കുമോ എന്നതിലാണ് ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ യഥാർത്ഥ ചരിത്രമൂല്യം അടങ്ങിയിരിക്കുന്നത്: ഡോ. ടി.വി. സജീവ് എഴുതുന്നു.

കഥ തുടങ്ങുന്നത് കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപാണ്; ഇന്നു നാം വേറിട്ടുകാണുന്ന ഭൂഖണ്ഡങ്ങളെല്ലാം ‘പാൻജിയ’ എന്ന ഒരൊറ്റ മഹാഭൂഖണ്ഡമായിരുന്ന കാലത്ത്. പിന്നീട് ‘ഗോണ്ട്വാന’ എന്ന തെക്കൻ വൻകരയിൽനിന്ന് തെക്കേ അമേരിക്കയും ആഫ്രിക്കയും അടർന്നുമാറി ഇരുവഴിക്ക് സഞ്ചരിച്ചു തുടങ്ങിയപ്പോഴാണ് അറ്റ്‌ലാന്റിക് സമുദ്രവും ബ്രസീൽ എന്ന ഭൂപ്രദേശത്തിന്റെ ആദിമരൂപവും പിറവിയെടുക്കുന്നത്.

ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പ്രീ-കാംബ്രിയൻ ശിലാഫലകങ്ങളായ ഗയാന ഷീൽഡും ബ്രസീലിയൻ ഷീൽഡും ചേർന്നുനിൽക്കുന്ന ഈ ഭൂമികയിൽ അഗ്നിപർവ്വതസ്ഫോടനങ്ങളുടെയും ഭൂചലനങ്ങളുടെയും അശാന്തികൾ താരതമ്യേന കുറവാണ്. പകരം, കോടിക്കണക്കിനു വർഷങ്ങളിലൂടെ പെയ്തിറങ്ങിയ മഴയും ഒഴുകിപ്പരന്ന നദികളും ചേർന്ന് രൂപപ്പെടുത്തിയ വിശാലമായ അവസാദ തടങ്ങളും (Sedimentary basins), പീഠഭൂമികളും (Planalto), ഇരുമ്പയിരും ബോക്സൈറ്റും സ്വർണ്ണവും നിയോബിയവും ലിഥിയവും ഒളിപ്പിച്ചുവെച്ച ധാതുസമ്പന്നമായ മണ്ണും, 7,491 കിലോമീറ്റർ നീണ്ടുകിടക്കുന്ന അറ്റ്‌ലാന്റിക് സമുദ്രതീരവുമാണ് ഇവിടുത്തെ ഭൂമിശാസ്ത്രത്തെ നിർണ്ണയിക്കുന്നത്.

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പകുതിയോളം ഭൂവിസ്തൃതി- ഏകദേശം 85 ലക്ഷം ചതുരശ്ര കിലോമീറ്റർ- ഒറ്റയ്ക്ക് കയ്യാളുന്ന ഈ മഹാരാജ്യം പക്ഷേ, വെറുമൊരു രാഷ്ട്രീയ അതിർത്തിയല്ല; ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെത്തന്നെ ക്രമീകരിക്കുന്ന ഏറ്റവും വലിയ ജൈവആവാസവ്യവസ്ഥയാണ്.

മലയാളിയെ സംബന്ധിച്ച് ബ്രസീൽ അങ്ങ് ദൂരെയുള്ള ഒരു ഫുട്ബോൾ രാജ്യം മാത്രമല്ല. കേരളത്തിലെ പുരയിടങ്ങളിൽനിന്ന് മാവും പ്ലാവും ആഞ്ഞിലിയും വെട്ടിമാറ്റി നമ്മൾ നട്ടുപിടിപ്പിച്ച റബ്ബർ മരങ്ങളുടെ (Hevea brasiliensis) ജന്മദേശം ബ്രസീലിയൻ മഴക്കാടുകളാണ്. നമ്മുടെ കാടുകളിലേക്കും കൃഷിയിടങ്ങളിലേക്കും പടർന്നുകയറിയ ആനത്തൊട്ടാവാടിയും (Mimosa diplotricha) കമ്മ്യൂണിസ്റ്റ് പച്ചയും ധൃതരാഷ്ട്രപ്പച്ചയുമെല്ലാം കടൽകടന്നെത്തിയത് ബ്രസീൽ ഉൾപ്പെടുന്ന തെക്കേ അമേരിക്കൻ ഭൂമികയിൽനിന്നാണ്. സ്വന്തം നാട്ടിൽ ഭക്ഷ്യശൃംഖലയിലെ മറ്റു ജീവികളാൽ നിയന്ത്രിക്കപ്പെട്ട് സന്തുലിതമായി വളർന്നിരുന്ന സസ്യങ്ങൾ മറ്റൊരിടത്ത് അധിനിവേശ സസ്യങ്ങളായി മാറുന്നതിന്റെ ജീവശാസ്ത്രപാഠം നാം പഠിച്ചത് അങ്ങനെയാണ്.

15,000 കോടി മുതൽ 20,000 കോടി ടൺ വരെ കാർബൺ സ്വന്തം തടിയിലും വേരുകളിലും മണ്ണിലുമായി പൂട്ടിയിട്ടുകൊണ്ട് ആഗോളതാപനത്തെ പിടിച്ചുനിർത്തുന്ന ഏറ്റവും വലിയ കാർബൺ സംഭരണിയാണ് ആമസോൺ

എന്നാൽ ബ്രസീലിന്റെ സ്വന്തം കാടുകളിലേക്ക് നോക്കിയാൽ കാണുന്നത് ഭൂമിയിലെ ഏറ്റവും സങ്കീർണ്ണവും സമൃദ്ധവുമായ ജൈവവൈവിദ്ധ്യത്തിന്റെ ആഘോഷമാണ്. ലോകത്തിൽ ഇന്നറിയപ്പെടുന്ന ജീവിവർഗ്ഗങ്ങളിൽ പത്തിലൊന്നിലധികവും അധിവസിക്കുന്നത് ബ്രസീലിലാണ്. അമ്പതിനായിരത്തിലേറെ സസ്യജാതികളും, ആയിരത്തി തൊള്ളായിരത്തിലധികം പക്ഷിയിനങ്ങളും, ആയിരത്തിലേറെ ഉഭയജീവികളും, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ പ്രൈമേറ്റുകളും ശുദ്ധജല മത്സ്യങ്ങളും ഇവിടെയുണ്ട്. മറ്റൊരിടത്തും കാണാനാവാത്ത ആയിരക്കണക്കിന് സ്ഥാനിക ജീവജാലങ്ങളുടെ (Endemic species) അവസാന അഭയകേന്ദ്രം കൂടിയാണിവിടം.

ഈ ജൈവസമ്പത്തിന്റെ ഹൃദയമിടിപ്പ് ആമസോൺ മഴക്കാടുകളാണ്. 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ആമസോൺ വനത്തിന്റെ 60 ശതമാനവും ബ്രസീലിനുള്ളിലാണ്. ഭൂമിയിലെ നദികളിലൂടെ ഒഴുകുന്ന ആകെ ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും വഹിച്ച് ആൻഡീസ് പർവ്വതനിരകളിൽനിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്ന ആമസോൺ നദിയും അതിന്റെ ആയിരത്തിലധികം പോഷകനദികളും ചേർന്നാണ് ഈ ഹരിതസമുദ്രത്തെ നിലനിർത്തുന്നത്.

ഏകദേശം 15,000 കോടി മുതൽ 20,000 കോടി ടൺ വരെ കാർബൺ സ്വന്തം തടിയിലും വേരുകളിലും മണ്ണിലുമായി പൂട്ടിയിട്ടുകൊണ്ട് ആഗോളതാപനത്തെ പിടിച്ചുനിർത്തുന്ന ഏറ്റവും വലിയ കാർബൺ സംഭരണിയാണ് ആമസോൺ. അതിനുമപ്പുറം, ആമസോണിലെ കോടിക്കണക്കിന് വൃക്ഷങ്ങൾ ഇലകളിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന നീരാവി ആകാശത്തിലൂടെ ഒഴുകുന്ന മഹാനദികളായി (Flying rivers) മാറി തെക്കേ അമേരിക്കയുടെ തെക്കൻ കാർഷിക സമതലങ്ങളിലേക്കും നഗരങ്ങളിലേക്കും മഴയായി പെയ്തിറങ്ങുന്നു. ആമസോൺ മാത്രമല്ല ബ്രസീലിന്റെ പ്രകൃതി. മഴക്കാടുകൾക്ക് തെക്കുകിഴക്കായി കിടക്കുന്ന ‘സെറാഡോ’ (Cerrado) എന്ന ഉഷ്ണമേഖലാ സാവന്ന പ്രദേശം, മണ്ണിനടിയിലേക്ക് ആഴത്തിൽ വേരുകളിറക്കി മഴവെള്ളത്തെ ഭൂഗർഭജലമായി സൂക്ഷിച്ച് ബ്രസീലിലെ പ്രധാന നദികൾക്കെല്ലാം നീരൊഴുക്ക് നൽകുന്ന ‘തലകീഴായ കാട്’ (Upside-down forest) ആണ്. ബൊളീവിയയോടും പരാഗ്വേയോടും ചേർന്നുകിടക്കുന്ന ‘പാന്റനാൽ’ (Pantanal) ആകട്ടെ, ജാഗ്വാറുകളും ഭീമൻ നീർനായകളും കൈമൻ മുതലകളും ഹൈസിന്ത് മക്കാവുകളും നിറഞ്ഞ ഭൂമിയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടമാണ്.

ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പ്രീ-കാംബ്രിയൻ ശിലാഫലകങ്ങലിലൊന്നായ ഗയാന ഷീൽഡ്.
ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പ്രീ-കാംബ്രിയൻ ശിലാഫലകങ്ങലിലൊന്നായ ഗയാന ഷീൽഡ്.

അറ്റ്‌ലാന്റിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന ‘മാറ്റ അറ്റ്‌ലാന്റിക്ക’ (Atlantic Forest) എന്ന നിത്യഹരിത വനമേഖല, നഗരവൽക്കരണത്താലും തോട്ടവിളകളാലും അതിന്റെ 90 ശതമാനവും നഷ്ടപ്പെട്ടിട്ടും ഗോൾഡൻ ലയൺ ടാമറിൻ അടക്കമുള്ള അപൂർവ്വ ജീവികളെ ഇന്നും സംരക്ഷിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ വരണ്ട മുള്ളുകാടുകളായ ‘കാറ്റിംഗ’യും (Caatinga), തെക്കൻ അതിർത്തിയിലെ വിശാലമായ ‘പാമ്പാസ്’ (Pampas) പുൽമേടുകളും കൂടി ചേരുമ്പോഴാണ് ബ്രസീലിന്റെ പാരിസ്ഥിതിക ഭൂപടം പൂർണ്ണമാകുന്നത്.

പക്ഷേ, ഈ അമൂല്യമായ പ്രകൃതിവിഭവങ്ങൾക്കു മുകളിലാണ് നൂറ്റാണ്ടുകളായി മൂലധനത്തിന്റെയും അധികാരത്തിന്റെയും യുദ്ധങ്ങൾ നടക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കാതെയും കാടിനെ മുറിവേൽപ്പിക്കാതെയും ഏറ്റവും ചെറിയ കാർബൺ പാദമുദ്രയുമായി കാടിനുള്ളിൽ ജീവിക്കുന്ന ആവാസവ്യവസ്ഥാ മനുഷ്യരായ (Ecosystem people) ആദിമനിവാസികൾ ഒരുവശത്തും, കാടിനെ വെട്ടിത്തെളിച്ച് സോയാബീൻ പാടങ്ങളും കന്നുകാലി മേച്ചിൽപ്പുറങ്ങളും ഖനികളും അണക്കെട്ടുകളുമാക്കി മാറ്റി കയറ്റുമതി ലാഭം കൊയ്യുന്ന കോർപ്പറേറ്റ് വികസന മാതൃക മറുവശത്തുമായി നിൽക്കുന്ന സംഘർഷഭൂമിയാണ് ബ്രസീൽ. അതുകൊണ്ടുതന്നെ ബ്രസീലിലെ പ്രസിഡന്റ് കൊട്ടാരത്തിലിരുന്ന് ഒരു ഭരണാധികാരി ഒപ്പിടുന്ന ഫയലുകൾ ബ്രസീലിലെ പൗരരുടെ മാത്രം ജീവിതത്തെയല്ല നിർണ്ണയിക്കുന്നത്, ഭൂമിയുടെ അന്തരീക്ഷ താപനില എത്ര ഡിഗ്രി ഉയരണമെന്നും ജീവജാലങ്ങളുടെ ആറാം വംശനാശത്തിന്റെ വേഗത എത്രത്തോളമായിരിക്കണമെന്നും കൂടിയാണ്.

ലുയിസ് ഇനാസിയോ ലുല ഡി സിൽവ എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതവും, 2022-ലെയും 2026-ലെയും തിരഞ്ഞെടുപ്പുകളിലൂടെ അദ്ദേഹം നടത്തിയ ചരിത്രപരമായ തിരിച്ചുവരവുകളും വായിക്കപ്പെടേണ്ടത് ഈ പാരിസ്ഥിതിക- രാഷ്ട്രീയ ഭൂമികയിലാണ്.

ബ്രസീലിലെ പ്രസിഡന്റ് കൊട്ടാരത്തിലിരുന്ന് ഒരു ഭരണാധികാരി ഒപ്പിടുന്ന ഫയലുകൾ ബ്രസീലിലെ പൗരരുടെ മാത്രം ജീവിതത്തെയല്ല നിർണ്ണയിക്കുന്നത്, ഭൂമിയുടെ അന്തരീക്ഷ താപനില എത്ര ഡിഗ്രി ഉയരണമെന്നും ജീവജാലങ്ങളുടെ ആറാം വംശനാശത്തിന്റെ വേഗത എത്രത്തോളമായിരിക്കണമെന്നും കൂടിയാണ്.

മുറിഞ്ഞ ഞരമ്പുകൾ

പ്രശസ്ത ഉറുഗ്വൻ മാധ്യമപ്രവർത്തകനായ എഡ്വേർഡോ ഗലിയാനോ ‘ലാറ്റിനമേരിക്കയുടെ മുറിഞ്ഞ ഞരമ്പുകൾ’ (Open Veins of Latin America) എന്ന പുസ്തകത്തിൽ എങ്ങനെയാണ് സമ്പന്നമായ ഒരു ഭൂഖണ്ഡത്തിന്റെ ജീവഞരമ്പുകൾ മുറിച്ച് യൂറോപ്യൻ സാമ്രാജ്യത്വവും നവകോളനീകരണവും അതിനെ ദരിദ്രമാക്കിയതെന്ന് വരച്ചുകാട്ടുന്നുണ്ട്. 1500-ൽ പെഡ്രോ അൽവാരസ് കബ്രാളിന്റെ കപ്പലുകൾ ബ്രസീൽ തീരത്ത് നങ്കൂരമിട്ടതുമുതൽ തുടങ്ങിയതാണ് ഈ വിഭവക്കൊള്ള. ചുവന്ന ചായം നൽകുന്ന ‘പാവു- ബ്രസീൽ’ (Pau-Brasil) മരങ്ങൾ മുറിച്ചുകടത്തിക്കൊണ്ടായിരുന്നു തുടക്കം; ആ മരത്തിന്റെ പേരുതന്നെയാണ് രാജ്യത്തിനും വീണത്. പിന്നീട് കരിമ്പിൻ തോട്ടങ്ങളും സ്വർണ്ണഖനികളും കാപ്പിത്തോട്ടങ്ങളും ഉയർന്നുവന്നു.

തദ്ദേശീയരായ ആദിമനിവാസികളെ വേട്ടയാടിയും ആഫ്രിക്കയിൽനിന്ന് 50 ലക്ഷത്തിലധികം മനുഷ്യരെ അടിമകളായി പിടിച്ചുകൊണ്ടുവന്നുമാണ് പോർച്ചുഗീസ് കോളനിവാഴ്ച ഈ തോട്ടങ്ങൾ പടുത്തുയർത്തിയത്. 1822-ൽ പോർച്ചുഗലിൽനിന്ന് സ്വാതന്ത്ര്യം നേടി സാമ്രാജ്യമായും, 1888-ൽ പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഏറ്റവും അവസാനം അടിമത്തം നിരോധിച്ച രാജ്യമായും, 1889-ൽ റിപ്പബ്ലിക്കായും മാറിയപ്പോഴും ഭൂമിയുടെയും സമ്പത്തിന്റെയും ഉടമസ്ഥത ചുരുക്കം ചില പ്രഭുക്കന്മാരുടെ (Oligarchs) കൈകളിൽത്തന്നെ തുടർന്നു.

20-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജനാധിപത്യപരമായ പരിഷ്കാരങ്ങളിലേക്ക് ചുവടുവെക്കാൻ ശ്രമിച്ച ബ്രസീലിനെ 1964-ൽ അമേരിക്കൻ പിന്തുണയോടെ നടന്ന സൈനിക അട്ടിമറി 21 വർഷം നീണ്ട പട്ടാള സ്വേച്ഛാധിപത്യത്തിലേക്ക് (1964–1985) തള്ളിവിട്ടു. എതിർശബ്ദങ്ങളെ തടവറകളിലും പീഡനമുറികളിലും നിശ്ശബ്ദമാക്കിയ സൈനിക ഭരണകൂടം, “മനുഷ്യരില്ലാത്ത ഭൂമി ഭൂമിയില്ലാത്ത മനുഷ്യർക്ക്” എന്ന മുദ്രാവാക്യവുമായി ആമസോൺ കാടുകളിലേക്ക് റോഡുകളും ഖനികളും വെട്ടിത്തുറന്നു.

1985-ൽ പട്ടാളഭരണം അവസാനിക്കുകയും 1988-ൽ പൗരാവകാശങ്ങൾക്കും തൊഴിലാളി- ആദിവാസി അവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഉറപ്പുനൽകുന്ന പുതിയ ജനാധിപത്യ ഭരണഘടന നിലവിൽ വരികയും ചെയ്തതോടെയാണ് ആധുനിക ബ്രസീലിയൻ രാഷ്ട്രീയത്തിന്റെ അരങ്ങുണരുന്നത്. 1990-കളിൽ ഫെർണാണ്ടോ ഹെൻറിക് കാർഡോസോയുടെ (PSDB) മദ്ധ്യ-വലതുപക്ഷ സർക്കാർ ‘റിയൽ പ്ലാൻ’ (Plano Real) വഴി അമിത നാണയപ്പെരുപ്പത്തെ നിയന്ത്രിക്കുകയും സ്വകാര്യവൽക്കരണവും വിപണി ഉദാരവൽക്കരണവും നടപ്പിലാക്കുകയും ചെയ്തു. പിന്നീട് ലുലയുടെയും (2003–2010) ദിൽമ റൂസെഫിന്റെയും (2011–2016) കീഴിലുള്ള ഇടതുപക്ഷ ഭരണവും, ദിൽമയുടെ ഇംപീച്ച്‌മെന്റിനു ശേഷം വന്ന മൈക്കൽ ടെമറിന്റെ (2016–2018) യാഥാസ്ഥിതിക ഭരണവും, ജെയർ ബോൾസൊനാരോയുടെ (2019–2022) തീവ്ര വലതുപക്ഷ ഭരണവും ബ്രസീലിനെ നയിച്ചത് തികച്ചും വ്യത്യസ്തമായ ദിശകളിലൂടെയാണ്.

പ്രശസ്ത ഉറുഗ്വൻ മാധ്യമപ്രവർത്തകനായ എഡ്വേർഡോ ഗലിയാനോ ‘ലാറ്റിനമേരിക്കയുടെ മുറിഞ്ഞ ഞരമ്പുകൾ’ (Open Veins of Latin America) എന്ന പുസ്തകത്തിൽ എങ്ങനെയാണ് സമ്പന്നമായ ഒരു ഭൂഖണ്ഡത്തിന്റെ ജീവഞരമ്പുകൾ മുറിച്ച് യൂറോപ്യൻ സാമ്രാജ്യത്വവും നവകോളനീകരണവും അതിനെ ദരിദ്രമാക്കിയതെന്ന് വരച്ചുകാട്ടുന്നുണ്ട്.
പ്രശസ്ത ഉറുഗ്വൻ മാധ്യമപ്രവർത്തകനായ എഡ്വേർഡോ ഗലിയാനോ ‘ലാറ്റിനമേരിക്കയുടെ മുറിഞ്ഞ ഞരമ്പുകൾ’ (Open Veins of Latin America) എന്ന പുസ്തകത്തിൽ എങ്ങനെയാണ് സമ്പന്നമായ ഒരു ഭൂഖണ്ഡത്തിന്റെ ജീവഞരമ്പുകൾ മുറിച്ച് യൂറോപ്യൻ സാമ്രാജ്യത്വവും നവകോളനീകരണവും അതിനെ ദരിദ്രമാക്കിയതെന്ന് വരച്ചുകാട്ടുന്നുണ്ട്.

ലളിതമായ കറുപ്പും വെളുപ്പും കള്ളികളിലൊതുങ്ങുന്നതല്ല ബ്രസീലിലെ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള ആശയസമരം. സാമ്പത്തിക അസമത്വം ലോകത്തിൽത്തന്നെ ഏറ്റവും രൂക്ഷമായൊരു സമൂഹത്തിൽ, ഭരണകൂടത്തിന്റെ ഇടപെടലിലൂടെയുള്ള സമ്പത്തിന്റെ പുനർവിതരണവും സാമൂഹിക സുരക്ഷാ പദ്ധതികളും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവുമാണ് ഇടതുപക്ഷത്തിന്റെ കാതൽ. തൊഴിലാളി യൂണിയനുകളുടെ ശാക്തീകരണം, ഭൂരഹിത കർഷകർക്കായുള്ള ഭൂപരിഷ്കരണം, ആദിമനിവാസികളുടെ ഭൂഅവകാശം, വനസംരക്ഷണം, ലിംഗ- വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവയ്ക്കായി അവർ നിലകൊള്ളുന്നു. എന്നാൽ കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അഴിമതിയിൽ വീഴുന്നതും, പൊതുചെലവുകൾ നിയന്ത്രിക്കാനാവാതെ സാമ്പത്തിക പ്രതിസന്ധികൾ ക്ഷണിച്ചുവരുത്തുന്നതും, പരിസ്ഥിതി വാഗ്ദാനങ്ങൾക്കിടയിലും വൻകിട അടിസ്ഥാനസൗകര്യ പദ്ധതികളോട് വിട്ടുവീഴ്ച ചെയ്യുന്നതും ഇടതുപക്ഷത്തിന്റെ ദൗർബല്യങ്ങളാണ്.

മറുവശത്ത്, സ്വതന്ത്ര വിപണിയിലധിഷ്ഠിതമായ സാമ്പത്തിക വളർച്ച, ധനകാര്യ അച്ചടക്കം, സ്വകാര്യ സംരംഭകത്വം എന്നിവയിലാണ് വലതുപക്ഷം ഊന്നുന്നത്. ബ്രസീലിന്റെ വിദേശനാണ്യ വരുമാനത്തിന്റെ നട്ടെല്ലായ വൻകിട വാണിജ്യ കൃഷിയെ (Agribusiness) ആഗോള വിപണിയിൽ മത്സരക്ഷമമാക്കുന്നതിൽ വലതുപക്ഷ നയങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ രൂക്ഷമായ നഗരങ്ങളിൽ കർശനമായ ക്രമസമാധാനപാലനവും, ക്രൈസ്തവ-ഇവാഞ്ചലിക്കൽ മൂല്യങ്ങളിലൂന്നിയ കുടുംബസങ്കൽപ്പങ്ങളും വലതുപക്ഷത്തിന് വലിയ ജനപിന്തുണ നൽകുന്നു.

പക്ഷേ, പരിസ്ഥിതി നിയമങ്ങളെ വികസനത്തിന്റെ ശത്രുവായി കാണുന്നതും, ആമസോണിലെ കയ്യേറ്റങ്ങൾക്കും അനധികൃത ഖനനത്തിനും കണ്ണടച്ചുകൊടുക്കുന്നതും, ജനാധിപത്യ സ്ഥാപനങ്ങളെയും ഫെഡറൽ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന സൈനിക ഗൃഹാതുരത്വവും ബ്രസീലിയൻ തീവ്രവലതുപക്ഷത്തിന്റെ വിനാശകരമായ മുഖമാണ്.

ഈ ആശയസംഘർഷത്തിന്റെ നടുവിലാണ് ലുല ഡി സിൽവ എന്ന രാഷ്ട്രീയ പ്രതിഭാസം രൂപപ്പെടുന്നത്. 1945 ഒക്ടോബർ 27-ന് ബ്രസീലിന്റെ വടക്കുകിഴക്കൻ വരണ്ട മേഖലയായ പെർണാംബുകോയിലെ ഗരാൻഹുൻസിൽ ഒരു ദരിദ്ര കർഷക കുടുംബത്തിലാണ് ലുല ജനിച്ചത്. ഏഴാം വയസ്സിൽ അമ്മ ഡോണ ലിൻഡുവിനൊപ്പം പട്ടിണിയിൽനിന്ന് രക്ഷപ്പെടാൻ സാവോ പോളോയിലേക്ക് ഒരു ചരക്കുലോറിയുടെ പിൻഭാഗത്തിരുന്ന് നടത്തിയ 13 ദിവസത്തെ കുടിയേറ്റ യാത്രയിലാണ് ലുലയുടെ ജീവിതം മാറിമറിയുന്നത്. 12-ാം വയസ്സിൽ ചെരിപ്പ് പോളിഷ് ചെയ്തും നിലക്കടല വിറ്റും തുടങ്ങിയ ബാല്യം, 14-ാം വയസ്സിൽ ലോഹപ്പണിശാലയിലെ തൊഴിലാളിയാക്കി അദ്ദേഹത്തെ മാറ്റി. 1964-ൽ ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി ഇടതുകൈയിലെ ചെറുവിരൽ നഷ്ടപ്പെട്ട ആ പത്തൊൻപതുകാരൻ, കേവലം വ്യക്തിപരമായ അദ്ധ്വാനം കൊണ്ടുമാത്രം ഉയർന്നുവന്ന ഒരു കാല്പനിക നായകനല്ല. മറിച്ച്, സാവോ പോളോയുടെ വ്യാവസായിക പ്രാന്തപ്രദേശങ്ങളായ എ.ബി.സി (ABC) മേഖലയിൽ രൂപംകൊണ്ട സംഘടിത തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ സൃഷ്ടിയായിരുന്നു അദ്ദേഹം.

പാരീസ് ഉടമ്പടിയെക്കുറിച്ചും ഹരിത ഊർജ്ജത്തെക്കുറിച്ചും ലോകവേദികളിൽ പ്രസംഗിക്കുമ്പോൾത്തന്നെ, പുതിയ ഫോസിൽ ഇന്ധന ഖനനത്തെ “രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമായ സമ്പത്ത്” എന്ന് ലുല ന്യായീകരിച്ചു.

1970-കളുടെ അവസാനത്തിൽ പട്ടാളഭരണത്തിന്റെ വിലക്കുകളെ കാറ്റിൽപ്പറത്തി, ലക്ഷക്കണക്കിന് ലോഹത്തൊഴിലാളികളെ അണിനിരത്തി ലുല നയിച്ച പണിമുടക്കുകൾ ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ അടിത്തറയിളക്കി. ഈ സമരങ്ങളുടെ ചൂളയിൽനിന്നാണ് 1980 ഫെബ്രുവരി 10-ന് ‘പാർട്ടിഡോ ഡോസ് ട്രബൽഹഡോറസ്’ (Partido dos Trabalhadores – PT അഥവാ വർക്കേഴ്സ് പാർട്ടി) പിറവിയെടുക്കുന്നത്. ഒരു വ്യക്തിയുടെ ചുറ്റും കറങ്ങുന്ന ആൾക്കൂട്ടമായിരുന്നില്ല പി.ടി; മറിച്ച് ട്രേഡ് യൂണിയനുകൾ, കത്തോലിക്കാ സഭയിലെ വിമോചന ദൈവശാസ്ത്ര (Liberation Theology) കൂട്ടായ്മകൾ, ഭൂരഹിത കർഷകരുടെ പ്രസ്ഥാനമായ എം.എസ്.ടി (MST), വിദ്യാർത്ഥി സംഘടനകൾ, പൗലോ ഫ്രെയറെയും അന്റോണിയോ കാൻഡിഡോയെയും പോലുള്ള ഇടതുപക്ഷ ബുദ്ധിജീവികൾ, പരിസ്ഥിതി- ആദിവാസി പ്രവർത്തകർ എന്നിവരെല്ലാം ചേർന്നൊരുക്കിയ ബഹുസ്വരമായ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു അത്. 1988-ൽ ആമസോണിലെ റബ്ബർ ടാപ്പർമാരുടെയും കാടിന്റെയും അവകാശങ്ങൾക്കായി പോരാടി രക്തസാക്ഷിയായ ഷിക്കോ മെൻഡിസ് പി.ടിയുടെ ഈ ജനകീയ വേരുകളുടെ പ്രതീകമായിരുന്നു.

1989, 1994, 1998 വർഷങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ശേഷമാണ്, തന്റെ തീവ്ര ഇടതുപക്ഷ നിലപാടുകൾ മയപ്പെടുത്തിയും മദ്ധ്യവർഗ്ഗത്തെയും വ്യവസായികളെയും വിശ്വാസത്തിലെടുത്തുകൊണ്ടും 2002-ൽ ലുല ആദ്യമായി പ്രസിഡന്റാകുന്നത്. 2003 മുതൽ 2010 വരെയുള്ള രണ്ട് ഭരണകാലയളവുകളിൽ ചൈനയിലേക്കുള്ള ഇരുമ്പയിര്- സോയാബീൻ കയറ്റുമതിയിലൂടെ ലഭിച്ച സാമ്പത്തിക ഉണർവിനെ ‘ബോൾസ ഫമീലിയ’ (Bolsa Família), ‘ഫോമി സീറോ’ (Fome Zero – വിശപ്പുരഹിത ബ്രസീൽ) തുടങ്ങിയ പദ്ധതികളിലൂടെ ദരിദ്രരിലേക്ക് എത്തിക്കാൻ ലുലയ്ക്കും പി.ടി.ക്കും കഴിഞ്ഞു. ഏകദേശം നാലുകോടി മനുഷ്യർ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയർത്തപ്പെട്ടു.

എന്നാൽ പാർലമെന്റിൽ ഭൂരിപക്ഷമുറപ്പിക്കാൻ പരമ്പരാഗത അവസരവാദ രാഷ്ട്രീയ കക്ഷികളുമായി നടത്തിയ സഖ്യങ്ങൾ ‘മെൻസലാവോ’ (Mensalão), പിന്നീട് പെട്രോബ്രാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട ‘ലാവ ജാറ്റോ’ (Operation Car Wash) എന്നീ വമ്പൻ അഴിമതിക്കേസുകളിലേക്ക് പാർട്ടിയെ വലിച്ചിഴച്ചു. ലുലയുടെ പിൻഗാമിയായ ദിൽമ റൂസെഫിന്റെ കാലത്തുണ്ടായ സാമ്പത്തിക മാന്ദ്യവും 2016-ലെ ഇംപീച്ച്‌മെന്റും പി.ടി.യെ കടുത്ത പ്രതിസന്ധിയിലാക്കി. 2017-ൽ ജഡ്ജി സെർജിയോ മോറോ ലുലയെ അഴിമതിക്കേസിൽ ശിക്ഷിക്കുകയും, 2018-ൽ 580 ദിവസം ലുല കുറിറ്റിബയിലെ ജയിലിലടയ്ക്കപ്പെടുകയും ചെയ്തതോടെയാണ് ജെയർ ബോൾസൊനാരോ അധികാരത്തിലെത്തുന്നത്. പിന്നീട് സെർജിയോ മോറോ ബോൾസൊനാരോ മന്ത്രിസഭയിൽ നീതിന്യായ മന്ത്രിയായതും, പ്രോസിക്യൂട്ടർമാരുമായി ചേർന്ന് മോറോ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനകളുടെ സന്ദേശങ്ങൾ പുറത്തുവന്നതും ചരിത്രമായി.

2021-ൽ ബ്രസീലിയൻ സുപ്രീം ഫെഡറൽ കോടതി (STF) ലുലയ്ക്കെതിരായ ശിക്ഷാവിധികൾ റദ്ദാക്കിയപ്പോൾ, അദ്ദേഹത്തിന് തിരിച്ചുവരാൻ വഴിയൊരുക്കിയത് പി.ടി. എന്ന പാർട്ടിയുടെ തകരാത്ത സംഘടനാസംവിധാനവും തെരുവുകളിലെ സാമൂഹിക പ്രസ്ഥാനങ്ങളുമായിരുന്നു.

1964-ൽ ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി ഇടതുകൈയിലെ ചെറുവിരൽ നഷ്ടപ്പെട്ട ലുല എന്ന പത്തൊൻപതുകാരൻ, കേവലം വ്യക്തിപരമായ അദ്ധ്വാനം കൊണ്ടുമാത്രം ഉയർന്നുവന്ന ഒരു കാല്പനിക നായകനല്ല.
1964-ൽ ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി ഇടതുകൈയിലെ ചെറുവിരൽ നഷ്ടപ്പെട്ട ലുല എന്ന പത്തൊൻപതുകാരൻ, കേവലം വ്യക്തിപരമായ അദ്ധ്വാനം കൊണ്ടുമാത്രം ഉയർന്നുവന്ന ഒരു കാല്പനിക നായകനല്ല.

മൂന്നാമൂഴത്തിലെ യാഥാർത്ഥ്യങ്ങളും നയതന്ത്രത്തിലെ വൈരുദ്ധ്യങ്ങളും

2022 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ജെയർ ബോൾസൊനാരോയെ 49.10 ശതമാനത്തിനെതിരെ 50.90% വോട്ടിന് പരാജയപ്പെടുത്തിയാണ് ലുല മൂന്നാം തവണ അധികാരത്തിൽ തിരിച്ചെത്തുന്നത്. കേവലം 1.8% വോട്ടുകളുടെ ഭൂരിപക്ഷം കാണിച്ചുതന്നത് നെടുകെ പിളർന്ന ഒരു ബ്രസീലിനെയാണ്. കോവിഡ് മഹാമാരിക്കാലത്ത് ശാസ്ത്രീയ മുന്നറിയിപ്പുകളെ പരിഹസിച്ച് ഏഴു ലക്ഷത്തിലധികം മനുഷ്യരുടെ മരണത്തിന് വഴിവെച്ച ബോൾസൊനാരോയുടെ ഭരണത്തോടുള്ള രോഷവും, വിലക്കയറ്റവും, ജനാധിപത്യ സ്ഥാപനങ്ങൾ തകരുമോ എന്ന ഭീതിയും ലുലയ്ക്ക് അനുകൂലമായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദരിദ്ര തൊഴിലാളികൾക്കൊപ്പം സ്ത്രീകളും കറുത്തവർഗ്ഗക്കാരും സർവ്വകലാശാലാ വിദ്യാർത്ഥികളും അണിനിരന്നു. വാട്സ്ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും തീവ്രവലതുപക്ഷം പടച്ചുവിട്ട വ്യാജവാർത്തകളെ ചെറുക്കാൻ യുവാക്കളും വിദ്യാർത്ഥി കൂട്ടായ്മകളും ടിക്‌ടോക്കും ഇൻസ്റ്റാഗ്രാമും യൂട്യൂബും രാഷ്ട്രീയ മീമുകളും ഫലപ്രദമായി ഉപയോഗിച്ചു.

പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കൗമാരക്കാരെ വോട്ടർ പട്ടികയിൽ ചേർക്കാൻ പോപ്പ് കൾച്ചർ ഫാൻ കൂട്ടായ്മകൾ നടത്തിയ കാമ്പയിനുകൾ വലിയ ചർച്ചയായി. എങ്കിലും സോഷ്യൽ മീഡിയയോ വിദ്യാർത്ഥികളോ മാത്രമല്ല ആ വിജയം സമ്മാനിച്ചത്; പരമ്പരാഗത ഇടതുപക്ഷത്തിന് പുറത്തുള്ള മദ്ധ്യ-വലതുപക്ഷ ജനാധിപത്യവാദികളെക്കൂടി ഉൾക്കൊള്ളുന്ന വിശാല മുന്നണി (Frente Ampla) രൂപീകരിച്ചതാണ് നിർണ്ണായകമായത്.

2023 ജനുവരിയിൽ അധികാരമേറ്റ ലുലയുടെ മൂന്നാം സർക്കാർ ആ വിശാല സഖ്യത്തിന്റെ പ്രതിഫലനമായിരുന്നു. 2006-ലെ തിരഞ്ഞെടുപ്പിൽ ലുലയുടെ പ്രധാന എതിരാളിയായിരുന്ന മദ്ധ്യ-വലതുപക്ഷ നേതാവ് ജെറാൾഡോ അൽക്മിൻ വൈസ് പ്രസിഡന്റും വ്യവസായ-വാണിജ്യ മന്ത്രിയുമായി. ധനമന്ത്രിയായ ഫെർണാണ്ടോ ഹദ്ദാദ് വിപണിയുടെ ആശങ്കകളകറ്റാൻ ‘പുതിയ ധനകാര്യ ചട്ടക്കൂട്’ (Novo Arcabouço Fiscal) കൊണ്ടുവരികയും, പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന സങ്കീർണ്ണമായ നികുതിവ്യവസ്ഥ പരിഷ്കരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ മദ്ധ്യ- വലതുപക്ഷ സെനറ്റർ സിമോൺ ടെബെറ്റ് ആസൂത്രണ-ബജറ്റ് മന്ത്രിയായി. മുൻ ബാഹിയ ഗവർണർ റൂയി കോസ്റ്റ ‘കാസ സിവിൽ’ (ചീഫ് ഓഫ് സ്റ്റാഫ്) പദവിയിലിരുന്ന് വൻകിട അടിസ്ഥാനസൗകര്യ പദ്ധതിയായ ‘നോവോ പി.എ.സി’ക്ക് (Novo PAC) നേതൃത്വം നൽകിയപ്പോൾ, അലക്സാന്ദ്രെ പഡീല്യ പാർലമെന്റിലെ യാഥാസ്ഥിതിക കൂട്ടായ്മയായ ‘സെൻട്രാവോ’യുമായി (Centrão) രാഷ്ട്രീയ സമവായങ്ങൾ രൂപപ്പെടുത്തി.

ഏറ്റവും ശ്രദ്ധേയമായ തിരിച്ചുവരവ് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രിയായ മരീന സിൽവയുടേതായിരുന്നു. ആമസോണിലെ റബ്ബർ ടാപ്പർ കുടുംബത്തിൽ ജനിച്ച്, ഷിക്കോ മെൻഡിസിനൊപ്പം സമരം ചെയ്ത് വളർന്ന മരീന സിൽവ, 2008-ൽ ലുലയുടെ ഒന്നാം സർക്കാരിലെ കാർഷിക- വികസന ലോബികളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചുപോയ നേതാവാണ്. അവരോടൊപ്പം ചരിത്രത്തിലാദ്യമായി രൂപീകരിക്കപ്പെട്ട ആദിമനിവാസികളുടെ മന്ത്രാലയത്തിന്റെ (MPI) തലപ്പത്ത് സോണിയ ഗ്വജജാരയും എത്തി. ബോൾസൊനാരോ നിർവീര്യമാക്കിയ പരിസ്ഥിതി സംരക്ഷണ ഏജൻസികളായ ഇബാമ (IBAMA), ഐ.സി.എം.ബയോ (ICMBio) എന്നിവ പുനരുജ്ജീവിപ്പിക്കപ്പെട്ടു. ഉപഗ്രഹ നിരീക്ഷണത്തിലൂടെ കാടുവെട്ട് കണ്ടെത്തി പിഴ ചുമത്തലും അനധികൃത സ്വർണ്ണഖനന കേന്ദ്രങ്ങൾ തകർക്കലും പുനരാരംഭിച്ചു.

യുക്രെയ്ൻ യുദ്ധത്തിന് വ്ലാഡിമിർ പുടിനെന്നപോലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കും നാറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും, അമേരിക്കയും യൂറോപ്പും ആയുധങ്ങൾ നൽകി യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്നുമുള്ള ലുലയുടെ പ്രസ്താവനകൾ അധിനിവേശത്തിനിരയായ ഒരു രാജ്യത്തോടുള്ള നീതികേടായി വിലയിരുത്തപ്പെട്ടു.

ബ്രസീലിന്റെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇൻപെയുടെ (INPE) കണക്കുകൾ പ്രകാരം, 2022-നെ അപേക്ഷിച്ച് 2025 ആയപ്പോഴേക്കും ആമസോണിലെ വനനശീകരണം അമ്പത് ശതമാനത്തിലധികം കുറഞ്ഞു. 2025 ആഗസ്റ്റ് മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ വനനശീകരണം വീണ്ടും 24 ശതമാനം കുറഞ്ഞ് 5,516 ചതുരശ്ര കിലോമീറ്ററിലേക്ക് താഴ്ന്നു; 1988-ൽ ഉപഗ്രഹ നിരീക്ഷണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നായിരുന്നു ഇത്. യാനൊമാമി (Yanomami) പ്രദേശത്തുനിന്ന് അനധികൃത ഖനനക്കാരെ ഒഴിപ്പിക്കാനും ആദിവാസി ഭൂമികൾ വീണ്ടും അതിർത്തി തിരിച്ച് നൽകാനും സർക്കാർ തയ്യാറായി.

സാമൂഹിക രംഗത്ത്, പ്രതിമാസം കുറഞ്ഞത് 600 റിയാലും ആറുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 150 റിയാൽ അധികസഹായവും നൽകിക്കൊണ്ട് പുനരാരംഭിച്ച ബോൾസ ഫമീലിയ പദ്ധതിയിലൂടെ അതിദാരിദ്ര്യം 2022-ലെ 5.9 ശതമാനത്തിൽനിന്ന് 3.5 ശതമാനമായി കുറഞ്ഞു. 2023-2024 കാലത്ത് മൂന്ന് ശതമാനത്തിന് മുകളിൽ സാമ്പത്തിക വളർച്ച കൈവരിക്കാനും, യുവാക്കളുടെ തൊഴിലില്ലായ്മ 19.4 ശതമാനത്തിൽനിന്ന് 11.7 ശതമാനമായി താഴ്ത്താനും സർക്കാരിനായി.

എന്നാൽ പ്രഖ്യാപനങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വിടവ് പരിസ്ഥിതി മേഖലയിൽത്തന്നെ മറനീക്കി പുറത്തുവന്നു. ആമസോണിൽ മരംമുറി കുറഞ്ഞപ്പോഴും, കാർഷിക വിസ്തൃതി കൂട്ടാനായി സെറാഡോ പുൽമേടുകളിൽ ആദ്യവർഷങ്ങളിൽ വലിയ തോതിൽ കാടുവെട്ട് നടന്നു. അതിനേക്കാൾ വലിയ വൈരുദ്ധ്യം ആമസോൺ നദി അറ്റ്‌ലാന്റിക് സമുദ്രത്തോട് ചേരുന്ന ഭൂമദ്ധ്യരേഖാ സമുദ്രാതിർത്തിയിൽ (Foz do Amazonas / Equatorial Margin) പെട്രോബ്രാസ് കമ്പനിക്ക് എണ്ണ പര്യവേക്ഷണം നടത്താൻ അനുമതി നൽകണമെന്ന ലുലയുടെ കടുംപിടിത്തമായിരുന്നു. പാരീസ് ഉടമ്പടിയെക്കുറിച്ചും ഹരിത ഊർജ്ജത്തെക്കുറിച്ചും ലോകവേദികളിൽ പ്രസംഗിക്കുമ്പോൾത്തന്നെ, പുതിയ ഫോസിൽ ഇന്ധന ഖനനത്തെ “രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമായ സമ്പത്ത്” എന്ന് ലുല ന്യായീകരിച്ചു. ആമസോൺ വനത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന ബി.ആർ-319 (BR-319) ഹൈവേ ടാർ ചെയ്യാനുള്ള നീക്കവും, സോയാബീൻ കടത്താനായുള്ള ‘ഫെറോഗ്രാവോ’ (Ferrogrão) റെയിൽപ്പാതയും മരീന സിൽവയുടെ മന്ത്രാലയവുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് വഴിവെച്ചു. പാർലമെന്റിൽ ആധിപത്യമുള്ള ‘ബൻകാഡ റൂറലിസ്റ്റ’ (Bancada Ruralista) എന്ന കാർഷിക- ഖനന ലോബിയെ പ്രീണിപ്പിക്കാതെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന രാഷ്ട്രീയ നിസ്സഹായത ലുലയുടെ പരിസ്ഥിതി പ്രതിബദ്ധതയ്ക്ക് മുകളിൽ എപ്പോഴും കരിനിഴൽ വീഴ്ത്തി.

മരീന സിൽവ. ആമസോണിലെ റബ്ബർ ടാപ്പർ കുടുംബത്തിൽ ജനിച്ച്, ഷിക്കോ മെൻഡിസിനൊപ്പം സമരം ചെയ്ത് വളർന്ന മരീന സിൽവ, 2008-ൽ ലുലയുടെ ഒന്നാം സർക്കാരിലെ കാർഷിക- വികസന ലോബികളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചുപോയ നേതാവാണ്.
മരീന സിൽവ. ആമസോണിലെ റബ്ബർ ടാപ്പർ കുടുംബത്തിൽ ജനിച്ച്, ഷിക്കോ മെൻഡിസിനൊപ്പം സമരം ചെയ്ത് വളർന്ന മരീന സിൽവ, 2008-ൽ ലുലയുടെ ഒന്നാം സർക്കാരിലെ കാർഷിക- വികസന ലോബികളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചുപോയ നേതാവാണ്.

അന്താരാഷ്ട്ര നയതന്ത്രത്തിലും ലുലയുടെ ചില പ്രസ്താവനകൾ വലിയ വിവാദങ്ങൾക്കു തിരികൊളുത്തി. ബ്രിക്സ് (BRICS) കൂട്ടായ്മയുടെ വിപുലീകരണത്തിലും 2024-ലെ റിയോ ജി-20 ഉച്ചകോടിയിലും ആഗോള ദക്ഷിണേഷ്യയുടെ (Global South) ശബ്ദമായി തിളങ്ങിയെങ്കിലും, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോട് ലുല സ്വീകരിച്ച സമീപനം പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത വിമർശനത്തിനിടയാക്കി. യുദ്ധത്തിന് വ്ലാഡിമിർ പുടിനെന്നപോലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കും നാറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും, അമേരിക്കയും യൂറോപ്പും ആയുധങ്ങൾ നൽകി യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്നുമുള്ള ലുലയുടെ പ്രസ്താവനകൾ അധിനിവേശത്തിനിരയായ ഒരു രാജ്യത്തോടുള്ള നീതികേടായി വിലയിരുത്തപ്പെട്ടു. ഒരു പക്ഷവും ചേരാതെ സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കാനാണ് താൻ ശ്രമിക്കുന്നതെന്നായിരുന്നു ലുലയുടെ മറുപടി.

സമാനമായി, 2024 ഫെബ്രുവരിയിൽ എത്യോപ്യയിലെ ആഡിസ് അബാബയിൽ വെച്ച് ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണത്തെ ഹിറ്റ്‌ലർ ജൂതന്മാരോട് ചെയ്ത വംശഹത്യയോട് ലുല ഉപമിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ കോളിളക്കമുണ്ടാക്കി. ഇസ്രായേൽ ലുലയെ ‘പേഴ്സണ നോൺ ഗ്രാറ്റ’ (അനഭിമതൻ) ആയി പ്രഖ്യാപിച്ചപ്പോൾ, ഗാസയിലെ ഫലസ്തീൻ സാധാരണക്കാരുടെ കൂട്ടമരണത്തിലേക്ക് ലോകശ്രദ്ധ തിരിക്കാനാണ് താൻ ആ കടുത്ത ഉപമ ഉപയോഗിച്ചതെന്ന് ലുലയുടെ അനുകൂലികൾ വാദിച്ചു. ലാറ്റിനമേരിക്കയ്ക്കുള്ളിൽ വെനസ്വേലയിലെ നിക്കോളാസ് മദൂറോ, ക്യൂബൻ ഭരണകൂടം, നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ എന്നിവരുടെ ജനാധിപത്യവിരുദ്ധ നടപടികളോട് ലുല തുടക്കത്തിൽ പുലർത്തിയ മൃദുസമീപനവും വിമർശിക്കപ്പെട്ടു.

2023-ൽ ബ്രസീലിയയിൽ എത്തിയ മദൂറോയ്ക്കെതിരായ മനുഷ്യാവകാശ ലംഘന ആരോപണങ്ങളെ “നിർമ്മിക്കപ്പെട്ട ആഖ്യാനങ്ങൾ” (Constructed narratives) എന്ന് ലുല വിശേഷിപ്പിച്ചത് ജനാധിപത്യവാദികളെ ഞെട്ടിച്ചു; എങ്കിലും 2024 ജൂലൈയിലെ വെനസ്വേലൻ തിരഞ്ഞെടുപ്പിൽ മദൂറോ വോട്ടിംഗ് കണക്കുകൾ പുറത്തുവിടാൻ വിസമ്മതിച്ചതോടെ മദൂറോയുടെ വിജയം അംഗീകരിക്കാൻ ലുല തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

2026-ലെ തിരഞ്ഞെടുപ്പും അടുത്ത അഞ്ചുവർഷത്തെ ഭൂപടവും

ഈ നേട്ടങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും നടുവിലേക്കാണ് 2026 ഒക്ടോബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കടന്നുവന്നത്. 2022-ലെ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം അട്ടിമറിക്ക് ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാവുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കപ്പെടുകയും ചെയ്ത ജെയർ ബോൾസൊനാരോയ്ക്ക് പകരം, അദ്ദേഹത്തിന്റെ മകനും സെനറ്ററുമായ ഫ്ലാവിവോ ബോൾസൊനാരോയാണ് (ലിബറൽ പാർട്ടി - PL) വലതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയത്. 2025-2026 കാലത്ത് ഉയർന്ന പലിശനിരക്കുകൾ മൂലം സാമ്പത്തിക വളർച്ചയിലുണ്ടായ മാന്ദ്യവും, കുടുംബങ്ങളുടെ കടബാധ്യതയും, നഗരങ്ങളിലെ സുരക്ഷാപ്രശ്നങ്ങളും ആയുധമാക്കിയ ഫ്ലാവിവോ ബോൾസൊനാരോ, 2026 ഒക്ടോബർ നാലിനു നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ രാഷ്ട്രീയ നിരീക്ഷകരെയെല്ലാം അമ്പരപ്പിച്ച് ലുലയെ പിന്നിലാക്കി ഒന്നാമതെത്തി. സാധുവായ വോട്ടുകളുടെ 47.45% (ഏകദേശം 5.6 കോടി വോട്ടുകൾ) ഫ്ലാവിവോ നേടിയപ്പോൾ ലുലയ്ക്ക് 44.66% (5.37 കോടി വോട്ടുകൾ) മാത്രമാണ് ലഭിച്ചത്.

സർവ്വകലാശാലാ ക്യാമ്പസുകളിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും, പി.ടി.യുടെ താഴെത്തട്ടിലുള്ള പ്രവർത്തകരും, ഭൂരഹിത തൊഴിലാളി പ്രസ്ഥാനങ്ങളും തെരുവിലിറങ്ങി നടത്തിയ നേരിട്ടുള്ള രാഷ്ട്രീയ സംവാദങ്ങളും ഡിജിറ്റൽ കാമ്പയിനുകളും തമ്മിലുള്ള ഗംഭീര പ്രതിപ്രവർത്തനമായിരുന്നു.

1985-ൽ ബ്രസീലിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം ഒരിക്കൽപ്പോലും ആദ്യഘട്ടത്തിൽ രണ്ടാമതെത്തിയ ഒരു സ്ഥാനാർത്ഥി രണ്ടാം ഘട്ടത്തിൽ വിജയിച്ചിട്ടില്ലെന്ന ചരിത്രമാണ് ലുലയ്ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ, ഒക്ടോബർ നാലിനും രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഒക്ടോബർ 25-നും ഇടയിലുള്ള മൂന്നാഴ്ച ബ്രസീൽ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ജനകീയ ഉണർവ്വിനായിരുന്നു. തീവ്രവലതുപക്ഷത്തിന്റെ തിരിച്ചുവരവ് ജനാധിപത്യത്തെയും പരിസ്ഥിതി സംരക്ഷണത്തെയും പൊതുസർവ്വകലാശാലകളെയും തകർക്കുമെന്ന തിരിച്ചറിവിൽ വിദ്യാർത്ഥി സംഘടനകളും യുവജന കൂട്ടായ്മകളും തെരുവുകളിലിറങ്ങി.

ഇവിടുത്തെ രാഷ്ട്രീയ വിശകലനത്തിൽ നാം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്: ബ്രസീലിലെ യുവജനങ്ങളുടെ ഓൺലൈൻ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര പഠനങ്ങൾ (SciELO പോലുള്ള അക്കാദമിക് ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണങ്ങൾ ഉൾപ്പെടെ) വ്യക്തമാക്കുന്നത്, ഇന്റർനെറ്റിലെ ലൈക്കുകളും റീലുകളും തനിയെ വോട്ടുകളായി മാറാറില്ല എന്നതാണ്. 2026-ലെ രണ്ടാം ഘട്ടത്തിൽ സംഭവിച്ചത് കേവലം ഡിജിറ്റൽ പ്രചാരണമല്ല; മറിച്ച് സർവ്വകലാശാലാ ക്യാമ്പസുകളിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും, പി.ടി.യുടെ താഴെത്തട്ടിലുള്ള പ്രവർത്തകരും, ഭൂരഹിത തൊഴിലാളി പ്രസ്ഥാനങ്ങളും തെരുവിലിറങ്ങി നടത്തിയ നേരിട്ടുള്ള രാഷ്ട്രീയ സംവാദങ്ങളും ഡിജിറ്റൽ കാമ്പയിനുകളും തമ്മിലുള്ള ഗംഭീര പ്രതിപ്രവർത്തനമായിരുന്നു. ആദ്യഘട്ടത്തിൽ വോട്ടുചെയ്യാൻ എത്താതിരുന്നവരിലേക്കും മദ്ധ്യവർത്തി വോട്ടർമാരിലേക്കും ഈ സഖ്യം ഇറങ്ങിച്ചെന്നു. ഫലമോ, ആദ്യഘട്ടത്തേക്കാൾ 29.6 ലക്ഷം അധികം വോട്ടർമാർ രണ്ടാം ഘട്ടത്തിൽ പോളിംഗ് ബൂത്തുകളിലെത്തി.

2026 ഒക്ടോബർ 25-ന് ബ്രസീലിന്റെ പരമോന്നത തിരഞ്ഞെടുപ്പ് കോടതി (Tribunal Superior Eleitoral – TSE) പുറത്തുവിട്ട ഔദ്യോഗിക ഫലമനുസരിച്ച്, സാധുവായ വോട്ടുകളുടെ 51.79% (6,42,56,232 വോട്ട്) നേടി ലുല ഡ സിൽവ ചരിത്രപരമായ നാലാം വിജയം നേടി. ഫ്ലാവിവോ ബോൾസൊനാരോ 48.21% (5,98,26,041 വോട്ട്) നേടി തൊട്ടുപിന്നിലെത്തി. 81-ാം വയസ്സിലേക്ക് കടന്ന ലുല, ഭരണഘടനാ ഭേദഗതിയിലൂടെ പുതുക്കി നിശ്ചയിക്കപ്പെട്ട തീയതിയായ 2027 ജനുവരി അഞ്ചിന് നാലാം തവണ ബ്രസീലിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.

2022-ലെയും 2026-ലെയും തിരഞ്ഞെടുപ്പുകൾ ചേർത്തുവെച്ചു വായിക്കുമ്പോൾ തെളിയുന്ന വലിയൊരു വസ്തുതയുണ്ട്: ജെയർ ബോൾസൊനാരോ തിരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതിരുന്നിട്ടും ബ്രസീലിലെ പകുതിയോളം വോട്ടർമാർ വലതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നു. ‘ബോൾസൊനാറിസോ’ (Bolsonarismo) എന്നത് ഒരു വ്യക്തിയിലൊതുങ്ങുന്ന പ്രതിഭാസമല്ലെന്നും, കാർഷിക മൂലധനവും യാഥാസ്ഥിതിക മതബോധവും ഇടതുപക്ഷ വിരുദ്ധതയും ചേർന്ന ശക്തമായൊരു സാമൂഹിക ചേരിയായി അത് ബ്രസീലിൽ വേരുറപ്പിച്ചു കഴിഞ്ഞുവെന്നും 2026-ലെ ജനവിധി അടിവരയിടുന്നു.

ലിബറൽ പാർട്ടി (പിഎൽ) യിലെ ബ്രസീലിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഫ്ലാവിയോ ബോൾസോനാരോ തന്റെ പിതാവും ബ്രസീലിന്റെ മുൻ പ്രസിഡന്റുമായ ജെയർ ബോൾസോനാരോയുടെ ചിത്രം ഉയർത്തിപ്പിടിക്കുന്നു.
ലിബറൽ പാർട്ടി (പിഎൽ) യിലെ ബ്രസീലിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഫ്ലാവിയോ ബോൾസോനാരോ തന്റെ പിതാവും ബ്രസീലിന്റെ മുൻ പ്രസിഡന്റുമായ ജെയർ ബോൾസോനാരോയുടെ ചിത്രം ഉയർത്തിപ്പിടിക്കുന്നു.

2027 മുതൽ 2032 വരെയുള്ള അടുത്ത അഞ്ചുവർഷക്കാലം ബ്രസീലിനെ കാത്തിരിക്കുന്നത് വലിയ സാധ്യതകൾക്കൊപ്പം അതിസങ്കീർണ്ണമായ വെല്ലുവിളികളുമാണ്:

  • രാഷ്ട്രീയ ഭാവി:
    പ്രതിപക്ഷത്തിന് നിർണ്ണായക സ്വാധീനമുള്ള കോൺഗ്രസിനെയും, ശക്തരായ വലതുപക്ഷ ഗവർണർമാരെയും, കോൺഗ്രസും സുപ്രീം കോടതിയും തമ്മിലുള്ള അധികാരത്തർക്കങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുപോവുക എന്നത് ലുലയുടെ നാലാം ടേമിലെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും. ഒപ്പം, ലുലയ്ക്കുശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വർക്കേഴ്സ് പാർട്ടിക്കും ഇടതുപക്ഷത്തിനും ഈ കാലയളവിൽ കഴിഞ്ഞില്ലെങ്കിൽ ബ്രസീലിയൻ രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യത രൂപപ്പെടും.

  • സാമ്പത്തിക ഭാവി:
    ഉയർന്ന പലിശനിരക്കുകളും പൊതുകടവും നിയന്ത്രിച്ച് സാമൂഹിക ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുക എളുപ്പമല്ല. ചൈനയുമായുള്ള വ്യാപാരബന്ധവും ബ്രിക്സ് കൂട്ടായ്മയിലെ നേതൃസ്ഥാനവും നിലനിർത്തുമ്പോൾത്തന്നെ, അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും സന്തുലിതമായ ബന്ധം സൂക്ഷിക്കേണ്ടതുണ്ട്. അസംസ്കൃത വസ്തുക്കൾ മാത്രം കയറ്റുമതി ചെയ്യുന്ന സമ്പദ്‌വ്യവസ്ഥയിൽനിന്ന് ഹരിത വ്യവസായവൽക്കരണത്തിലേക്കും (Nova Indústria Brasil) സാങ്കേതിക നവീകരണത്തിലേക്കും മാറാൻ ബ്രസീലിന് കഴിയുമോ എന്നതാണ് കാതലായ ചോദ്യം.

  • പാരിസ്ഥിതിക-ജൈവവൈവിദ്ധ്യ ഭാവി:
    2030-ഓടെ നിയമവിരുദ്ധ വനനശീകരണം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും (Zero Deforestation), നശിച്ചുപോയ 1.2 കോടി ഹെക്ടർ വനഭൂമി പുനരുദ്ധരിക്കുമെന്നുമുള്ള അന്താരാഷ്ട്ര വാഗ്ദാനങ്ങൾ നടപ്പിലാക്കേണ്ട നിർണ്ണായക കാലയളവാണിത്. ആമസോൺ വനത്തിന്റെ ഇരുപത് മുതൽ ഇരുപത്തിയഞ്ച് ശതമാനം വരെ നശിച്ചാൽ, മഴക്കാടുകൾക്ക് സ്വയം മഴ ഉത്പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ട് അതൊരു വരണ്ട പുൽമേടായി മാറുന്ന ‘സാവന്നവൽക്കരണം’ (Savannization tipping point) സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷങ്ങളിൽ തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിലുണ്ടായ മഹാപ്രളയവും ആമസോണിലുണ്ടായ കടുത്ത വരൾച്ചയും കാട്ടുതീയും കാലാവസ്ഥാ വ്യതിയാനം പടിവാതിൽക്കലെത്തിക്കഴിഞ്ഞതിന്റെ തെളിവുകളാണ്.


എന്നാൽ ഒരു പ്രസിഡന്റിനും ഒറ്റയ്ക്ക് പരിഹരിക്കാനാവാത്ത ഘടനാപരമായൊരു പ്രതിസന്ധി ബ്രസീലിന്റെയുള്ളിലുണ്ട്. ലോകവിപണിയിലേക്ക് സോയാബീനും മാട്ടിറച്ചിയും ഇരുമ്പയിരും എണ്ണയും കയറ്റുമതി ചെയ്ത് നേടുന്ന ഡോളറിലാണ് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയും ലുലയുടെ ക്ഷേമപദ്ധതികളും നിലനിൽക്കുന്നത്. കാടിന്റെ ‘വില’ (Price) തടിയും ഖനികളും സോയാബീനുമാണെങ്കിൽ, കാടിന്റെ ‘മൂല്യം’ (Value) ഭൂമിയിലെ ജീവൻ നിലനിർത്തുന്ന ശുദ്ധവായുവും ജലവും കാലാവസ്ഥയുമാണ്. വിലയ്ക്കുവേണ്ടി മൂല്യത്തെ ബലികഴിക്കുന്ന ആഗോള മുതലാളിത്തത്തിന്റെ ചരടുവലികളിൽനിന്ന് പുറത്തുകടക്കാതെ ബ്രസീലിന് അതിന്റെ പരിസ്ഥിതിയെ പൂർണ്ണമായി രക്ഷിക്കാനാവില്ല. മുറിഞ്ഞുപോയ വനതുരുത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാരിസ്ഥിതിക ഇടനാഴികൾ (Ecological corridors) സംരക്ഷിച്ചും, ഇൻപെ (INPE), എംബ്രാപ്പ (Embrapa), ഫിയോക്രൂസ് (Fiocruz) തുടങ്ങിയ ശാസ്ത്രസ്ഥാപനങ്ങളിലെ ഗവേഷണങ്ങളെ കാട്ടിലെ ആദിമനിവാസികളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യ അറിവുകളോട് ചേർത്തുവെച്ചും മാത്രമേ ബ്രസീലിലെ സ്ഥാനിക ജീവജാലങ്ങളെ വംശനാശത്തിൽനിന്ന് കരകയറ്റാനാകൂ.

ലോകവിപണിയിലേക്ക് സോയാബീനും മാട്ടിറച്ചിയും ഇരുമ്പയിരും എണ്ണയും കയറ്റുമതി ചെയ്ത് നേടുന്ന ഡോളറിലാണ് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയും ലുലയുടെ ക്ഷേമപദ്ധതികളും നിലനിൽക്കുന്നത്.
ലോകവിപണിയിലേക്ക് സോയാബീനും മാട്ടിറച്ചിയും ഇരുമ്പയിരും എണ്ണയും കയറ്റുമതി ചെയ്ത് നേടുന്ന ഡോളറിലാണ് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയും ലുലയുടെ ക്ഷേമപദ്ധതികളും നിലനിൽക്കുന്നത്.

പെർണാംബുകോയിലെ വരണ്ട മണ്ണിൽനിന്ന് പുറപ്പെട്ട്, ഫാക്ടറിയിലെ യന്ത്രപ്പല്ലുകൾക്കിടയിലൂടെയും കുറിറ്റിബയിലെ ജയിൽവാസത്തിലൂടെയും കടന്ന് നാലാം തവണയും രാഷ്ട്രത്തലവനായി എത്തുന്ന ലുല ഡി സിൽവയുടെ ജീവിതം ആധുനിക രാഷ്ട്രീയചരിത്രത്തിലെ അപൂർവ്വമായൊരു അതിജീവനഗാഥയാണ്. പക്ഷേ, വരുംവർഷങ്ങളിൽ ലുലയും ബ്രസീലിയൻ ജനതയും എടുക്കാൻ പോകുന്ന തീരുമാനങ്ങൾ അവരുടെ മാത്രം ചരിത്രമല്ല എഴുതുന്നത്. കാരണം, അങ്ങ് ആമസോണിലെ ഒരു വൻമരം മഴുവേറ്റ് വീഴുമ്പോൾ അതിന്റെ പ്രകമ്പനം എത്തുന്നത് ഭൂമിയുടെയാകെ ശ്വാസകോശത്തിലാണ്; അവിടെയൊരു മരം തളിർക്കുമ്പോൾ തണുക്കുന്നത് പൊള്ളുന്ന ഈ ഭൂഗോളവും. മനുഷ്യർക്ക് മാത്രമല്ല, പേരറിയാത്ത കോടിക്കണക്കിന് സൂക്ഷ്മജീവികൾക്കും പറവകൾക്കും മരങ്ങൾക്കും നദികൾക്കുംകൂടി ഇടമുള്ളൊരു ഭൂപടമായി ബ്രസീൽ നിലനിൽക്കുമോ എന്നതിലാണ് ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ യഥാർത്ഥ ചരിത്രമൂല്യം അടങ്ങിയിരിക്കുന്നത്.


Summary: The decisions Brazil president Lula will make in the coming years will shape more than just their own history. Dr T.V. Sajeev writes about Environmental politics and Brazil elections.


ഡോ. ടി.വി. സജീവ്​

പരിസ്​ഥിതി ശാസ്​ത്രജ്​ഞൻ. കെ.എഫ്.ആർ.ഐയിൽ ചീഫ് സയൻ്റിസ്റ്റ്​. ദേശീയ, അന്താരാഷ്​ട്രീയ ജേണലുകളിൽ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments