യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ക്യാംപസ്

ഒരു അപ്പാർട്ടുമെൻറിൽ ഏഴ്​ നൊബേൽ ജേതാക്കൾ
​താമസിച്ചിരുന്ന ഒരു സർവകലാശാല

വൈസ്​ ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട്​ ഗവർണറും സർക്കാറും രാഷ്​ട്രീയ പാർട്ടികളും പരസ്​പരം കൊമ്പുകോർക്കുന്ന കേരളത്തിനുവേണ്ടി, അമേരിക്കൻ യൂണിവേഴ്​സിറ്റികളിലെ അക്കാദമിക്​ ബ്രില്യൻസിനെക്കുറിച്ച്​ ചില അനുഭവ പാഠങ്ങൾ

ന്ത്യയിലെ മുന്തിയ തരം യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റിൽ കേരളത്തിലെ സർവകലാശാലകൾ ഇടം പിടിയ്ക്കാറില്ല. കേരള യൂണിവേഴ്‌സിറ്റി ലിസ്റ്റിൽ താഴെയെങ്ങാനും കണ്ടെങ്കിലായി. ലോക സർവകലാശാലാ ലിസ്റ്റിൽ ഗുണമേറിയ ഇന്ത്യൻ വിദ്യാഭ്യാസ സംരംഭങ്ങളായി ഐ.ഐ.ടികൾ ഒന്നോ രണ്ടോ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ ഏറ്റവും മെച്ചപ്പെട്ട വിദ്യാർത്ഥികളെ കയറ്റി അയയ്ക്കുന്ന രാജ്യം എന്ന ബഹുമതി നമുക്കുണ്ട്. എന്നാൽ കേരളത്തിൽ നമ്മുടെ കുട്ടികൾക്ക് എന്ത് വിദ്യാഭ്യാസ മെച്ചങ്ങളാണ് ഒരുക്കിക്കൊടുക്കുന്നത് എന്നത് ആരുടെയും വേവലാതിയല്ല, ചർച്ചക്കെടുക്കാറുമില്ല. കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചില ഡിപ്പാർട്ടുമെന്റുകൾ ഗുണമേന്മ സൂക്ഷിക്കാൻ ശ്രമിയ്ക്കുന്നുണ്ടെന്നുള്ളത് മറക്കുന്നില്ല. Academic excellence തേടിപ്പോകുന്നവർ കേരളത്തിനു പുറത്ത് പോകുകയാണ് പതിവ്. പക്ഷെ ഇത് വളരെ ചുരുക്കം വിദ്യാർത്ഥികൾക്കേ സാധിക്കൂ. നേരിയ ഒരു ശതമാനത്തിന്​ ഇന്ത്യക്കു പുറത്തു പോകാനും ഭാഗ്യമുണ്ടാകാറുണ്ട്​.

ചെറുപ്പക്കാർ ഒഴിഞ്ഞു പോയ കേരളം ഒരു ‘ഗോസ്​റ്റ്​ ടൗൺ’ ആയിക്കൊണ്ടിരിക്കയാണെന്ന് വാർത്തകൾ വരുന്ന കാലമാണ്. ജനസംഖ്യയിൽ വയോധികരുടെ ശതമാനം കൂടിക്കൊണ്ടിരിക്കുന്നു എന്ന്​ കണക്കുകൾ തെളിയിക്കുന്നു. കേരളത്തിനു പുറത്തേയ്ക്ക് പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. ചെറുപ്പക്കാർക്ക് പറയാനുള്ളത് ഇതാണ്: ഇവിടെ പഠിച്ചിറങ്ങിയാൽ ജോലി കിട്ടാനുള്ള തടസങ്ങൾ രണ്ടുണ്ട്: ഒന്ന് സ്വാധീനം വേണം, രണ്ട് പണം കൊടുക്കണം. വിദ്യാഭ്യാസ രംഗത്തെ നിയമനങ്ങൾക്ക് ഇവ രണ്ടും അത്യവശ്യമാണെന്നുള്ളത് രഹസ്യമൊന്നുമല്ല. ലോകത്തൊരിടത്തും കാണാത്ത പ്രതിഭാസമാണിത്. അക്കാദമിക് ശ്രേഷ്ഠതയെപ്പറ്റി ചർച്ച ചെയ്യാനുള്ള വാതാവരണം ഇല്ല എന്നുതന്നെ പറയാം.

പണം കൊടുത്ത് ജോലി വാങ്ങുക, അതും അദ്ധ്യാപന ജോലി, എന്ന അപൂർവ്വ രീതി കേരളത്തിന്റെ പ്രത്യേകതയാണ്. ലോകത്തൊരിടത്തും നടപ്പില്ലാത്ത സംവിധാനം. ഇത് ഒരു ദൈനംദിനചര്യ പോലെ ആയിത്തീർന്നിരിക്കുന്നതിനാൽ ചർച്ച ചെയ്യപ്പെടുന്നുമില്ല.

പിണിയാളുകൾക്ക്​ തൊടാൻ പറ്റാത്ത സ്​ഥാപനങ്ങൾ

ഇന്ത്യയിലെ എന്നല്ല, ലോകത്തെ പല വിദ്യാർത്ഥികളുടെയും സ്വപ്നമാണ് അമേരിക്കയിലെ പ്രസിദ്ധ യൂണിവേഴ്‌സിറ്റികളിൽ പഠിയ്ക്കാൻ അവസരം കിട്ടുക എന്നത്. ദെെഷണികമായ ഉത്കൃഷ്ടത തന്നെ ആകർഷണീയതയ്ക്ക് ആധാരം. വിജ്ഞാന ദാഹത്തിനും സംസ്‌കൃതിയുടെ പുനരുദ്ധാരണത്തിനും പുകൾപെറ്റ യൂറോപ്യൻ സംസ്‌കാരത്തിന്റെ പ്രാണൻ ആവാഹിച്ചു തന്നെയാണ് അമേരിക്കൻ യൂണിവേഴ്‌സിറ്റികളുടെ ആധാര ശിലകൾ വാർത്തെടുക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ബുദ്ധിജീവികൾ അമേരിക്കയിലേക്ക് കൂടുതലായി കുടിയേറുകയും ചെയ്തു. വ്യാവസായിക വിപ്ലവത്തിന്റെ ഭാഗ്യഫലങ്ങളാൽ പരിപോഷിക്കപ്പെട്ട നവ ചിന്ത ആർജ്ജവവും ഊർജ്ജവും പ്രദാനം ചെയ്യുകയും അമേരിക്ക എന്ന പുതിയ മണ്ണിൽ സ്വാതന്ത്ര്യത്തിന്റെ പൊരുളുകളിൽ അടിയുറപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുളച്ചു പൊന്തിയതും പിന്നത്തെ ചരിത്രം. പല യൂണിവേഴ്‌സിറ്റികളും സ്വാതന്ത്ര്യത്തെ ഉദ്‌ഘോഷിക്കുന്ന അടിസ്ഥാന മുദ്രവാക്യങ്ങളാണ് ലക്ഷ്യവും നീതിതത്വവും ആയി സ്വീകരിച്ചിരിക്കുന്നത്.

മിക്ക യൂണിവേഴ്‌സിറ്റികളും പ്രൈവറ്റ് ആണ്, എൻഡോവ്‌മെൻറ്​ ഫണ്ടിങ്ങിലൂടെ പ്രവർത്തന സാദ്ധ്യമാകുന്നവ. എന്നാൽ ഓരോ സംസ്ഥാനത്തിനും അതിന്റേതായ പബ്ലിക് യൂണിവേഴ്‌സിറ്റികളുമുണ്ട്, ഭരണകൂടത്തിന്റെ സഹായത്തിന്റെ ബലത്തിൽ പ്രവർത്തിക്കുന്നവ. പക്ഷേ ഭരണകൂടത്തിന്റേയോ ഭരിയ്ക്കുന്ന പാർട്ടിയുടേയോ സ്വാധീനം ഇവയിൽ തെല്ലുമില്ല. നിയമനങ്ങൾ ഭരണകൂടം വഴിയല്ല. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ബെർക് ലി; കാലിഫോർണിയ സംസ്ഥാനത്തിന്റേതാണ്. മികച്ച അമേരിക്കൻ സർവകലാശാലകളിൽ ആദ്യ പത്തിൽപ്പെടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൻ, യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയ, ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ് ടെക്‌നോളജി ഒക്കെ മികച്ച പബ്ലിക് സ്ഥാപനങ്ങളാണ്. ഭരണകൂടത്തിന്റെ പിണിയാളുകൾക്കോ, ഭരിയ്ക്കുന്ന പാർട്ടിക്കോ തൊടാൻ പറ്റില്ല ഇവയെ. നിലവാരത്തിൽ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികൾ തന്നെ മുൻപന്തിയിൽ.

മുപ്പതിൽ കൂടുതൽ നൊബേൽ ജേതാക്കൾ യൂണിവേഴ്‌സിറ്റിയുടെ സ്വന്തമായുണ്ട്, 104 നൊബേൽ ജേതാക്കൾ ഇവിടെ ജോലി ചെയ്തിട്ടുണ്ട്​. ആൽബർട്ട്​ ഐൻസ്​റ്റൈനും ബെർട്രാൻറ്​ റസ്സലുമൊക്കെ പഴയ ഫാക്കൽറ്റി ലിസ്റ്റിലുണ്ട്.

ഐൻസ്​റ്റൈന്റെയും റസലിന്റെയും യൂണിവേഴ്‌സിറ്റി

അക്കാദമിക് ഉത്കൃഷ്ടതയ്ക്ക് ഉദാഹരണമായി എടുക്കാവുന്നതാണ് ഈ പ്രസിദ്ധ സർവകലാശാല, ഈ ലേഖകന്​ ചിരപരിചിതമാണുതാനും. ഇവിടെ നിന്ന്​പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഉന്നതശീർഷരായിത്തീർന്നിട്ടുണ്ട് എന്നതാണ് ശ്രേഷ്ഠതയുടെ തെളിവ്. കാൾ സാഗനോ ഹോളിവുഡ് നടൻ എഡ് ആസ്‌നെറോ സൂസൻ സൊന്റാഗോ നൊബേൽ ജേതാവ് ജെയിംസ് വാട്‌സണോ ഒക്കെ സാക്ഷ്യങ്ങൾ. ഓസ്‌കാർ അവാർഡ്, റ്റോണി അവാർഡ്, പുലിറ്റ്‌സർ പ്രൈസ് ഒക്കെ ലഭിച്ചവർ വേറെ. കാനഡ, ന്യൂസിലാൻറ്​, തെയ്​വാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ ഇവിടെ പഠിച്ചിറങ്ങിയവരിലുണ്ട്. മുപ്പതിൽ കൂടുതൽ നൊബേൽ ജേതാക്കൾ യൂണിവേഴ്‌സിറ്റിയുടെ സ്വന്തമായുണ്ട്, 104 നൊബേൽ ജേതാക്കൾ ഇവിടെ ജോലി ചെയ്തിട്ടുണ്ട്​. ആൽബർട്ട്​ ഐൻസ്​റ്റൈനും ബെർട്രാൻറ്​ റസ്സലുമൊക്കെ പഴയ ഫാക്കൽറ്റി ലിസ്റ്റിലുണ്ട്. ബിസിനസ് സ്‌കൂളിൽ പഠിച്ചിറങ്ങിയവർ ബില്ല്യനയേഴ്‌സ് ആയിത്തീരുന്ന കഥകൾ ധാരാളം. എക്കണോമിക്‌സിൽ ഏറ്റവും കൂടുതൽ നൊബേൽ സമ്മാനം വാങ്ങിക്കൂട്ടിയ യൂണിവേഴ്‌സിറ്റി. സ്വന്തം മക്കളെ ന്യൂയോർക്കിൽ പഠിയ്ക്കാൻ വിടാനുള്ള മടികൊണ്ട് റോക്‌ഫെല്ലർ ഷിക്കാഗോയിൽത്തന്നെ തുടങ്ങിയതാണ് ഈ സർവകലാശാല എന്ന് ചരിത്രകഥ. ഇന്ന് ഒരു വർഷം 420 ഓളം മില്ല്യൺ ഡോളർ ഗവേഷണത്തിനു ചെലവാക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് വിഖ്യാതിയുമാർജ്ജിച്ചിട്ടുണ്ട്.

217 ഏക്കർ വിസ്തൃതിയാണ് കാമ്പസിന്​. രണ്ട് പ്രസിദ്ധ മ്യൂസിയങ്ങൾ (ഈജിപ്റ്റിലെ രാജാ റ്റുറ്റാങ്ഖാമൻ പ്രതിമയുള്ള ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്​ മ്യൂസിയം ഉൾപ്പെടെ), ഹോളിവുഡ് നടീനടന്മാർ വരെ പലപ്പോഴും പങ്കെടുക്കാറുള്ള നാടകങ്ങൾക്കു വേണ്ടി തിയേറ്റർ, വിദ്യാർത്ഥികൾക്കും കാമ്പസ് നിവാസികൾക്കും വേണ്ടി സിനിമാ തിയേറ്റർ (ഇത് ഇവിടെ പഠിച്ചിറങ്ങിയ ഒരു ഹോളിവുഡ് സംവിധായകന്റെ സംഭാവനയാണ്), സ്‌പോർട്‌സ്/ജിംനേഷ്യം/അത്​ലെറ്റിക് സംവിധാനങ്ങൾ, യൂണിവേഴ്‌സിറ്റിയിൽ ജോലിചെയ്യുന്നവരുടെ കുട്ടികൾക്കു വേണ്ടി സ്വന്തം ഹൈസ്‌കൂൾ, അലങ്കാര മൽസ്യത്തടാകങ്ങളോടു കൂടിയ ഉദ്യാനങ്ങൾ, ഗോഥിക് രീതിയിൽ പണിത സൗധങ്ങൾ ഒക്കെ കാമ്പസിന്റെ മുഖമുദ്രയാണ്. ചാപ്പലുകൾ, പള്ളികൾ, തിയോളജിക്കൽ സെമിനാരികൾ ഒക്കെ വേറേ. പെർഫൊമിങ് ആർട്‌സ്/തിയേറ്റർ പഠനങ്ങൾക്കും വർക്ക് ഷോപ്പുകൾക്കും സ്റ്റഡി ക്ലാസുകൾക്കും ഒക്കെയായി ഓഡിറ്റോറിയങ്ങളോടു കൂടിയ ബഹുനിലക്കെട്ടിടം ‘ലോഗൻ സെന്റർ' ഈയിടത്തെ ആകർഷണമാണ്. ഉത്കൃഷ്ഠത നിർമിയ്ക്കുക, സ്ഥിരീകരിക്കുക എന്നതാണ് ആദർശവും ലക്ഷ്യവും. ഒരു ട്രസ്റ്റി ബോർഡാണ് തലപ്പത്ത്. ‘Our mission is to produce a caliber of teaching and research that regularly leads to advances in science, economics, critical theory and public policy' എന്ന് പ്രഖ്യാപനം. ഇത് ചോദ്യം ചെയ്യപ്പെടാനാകാതെ സംരക്ഷിക്കുക എന്നത് ഇന്നുവരേയും പാലിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത.

കാമ്പസിലെ ഗ്രോസറിക്കടയിൽ ചെക്ക് ഔട്ട്​ചെയ്യാനുള്ള ക്യൂവിൽ നിങ്ങൾക്കുപിന്നിൽ സുബ്രഹ്മണ്യൻ ചന്ദ്രശേഖറും ഭാര്യയുമായിരിക്കും നിൽക്കുന്നത്. ലൈബ്രറിയിൽ അടുത്ത ഡെസ്‌കിൽ പുസ്തകം വായിച്ചിരിക്കുന്നത് സോൾ ബെല്ലോ ആകാം.

കാമ്പസിൽ സെലിബ്രിറ്റികളുമായി തോളോടുതോളുരുമ്മുന്നത് സാധാരണമാണ്. 80 കളിലും 90 കളിലും ഒരു അപ്പാർട്ടുമെൻറ്​ കെട്ടിടത്തിൽത്തന്നെ ഏഴു നൊബേൽ ജേതാക്കൾ താമസിച്ചിരുന്നു. കാമ്പസിലെ ഗ്രോസറിക്കടയിൽ ചെക്ക് ഔട്ട്​ചെയ്യാനുള്ള ക്യൂവിൽ നിങ്ങൾക്കുപിന്നിൽ സുബ്രഹ്മണ്യൻ ചന്ദ്രശേഖറും ഭാര്യയുമായിരിക്കും നിൽക്കുന്നത്. ലൈബ്രറിയിൽ അടുത്ത ഡെസ്‌കിൽ പുസ്തകം വായിച്ചിരിക്കുന്നത് സോൾ ബെല്ലോ ആകാം. കാമ്പസ് ക്വാഡ്രാങ്കിളിൽ വിദ്യാർത്ഥികളുമായി കുശലപ്രശ്‌നം നടത്തി നിൽക്കുന്നത് ഒബാമ ആയിരിക്കാം. ഹോസ്പിറ്റൽ കഫറ്റീരിയയിൽ ഫുഡ് ട്രേയുമായി നീങ്ങുന്നത് മിഷേൽ ഒബാമയും. നിങ്ങൾക്കുപിറകിൽ ഇപ്പോൾ കാർ പാർക്ക് ചെയ്തത് വെൻഡി ഡോണിഗറോ (The Hindus- An Alternate History) മിൽറ്റൺ ഫ്രീമാനോ ആകാം- യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ അതിന്റെ വൈജ്ഞാനിക ശ്രേഷ്ഠതയുടെ ആകർഷണബലത്താൽ ഉറപ്പിച്ച് നിറുത്തിയ പലരിൽ ചിലർ മാത്രം ഇവർ. ബൗദ്ധികതയുടെ അന്തരീക്ഷം എന്നും വിളങ്ങുന്ന ഇടം.

നാല് ലൈബ്രറികളാണ് കാമ്പസിൽ. ഇതിൽ റീഗൻസ്‌റ്റൈൻ ലൈബ്രറി പുസ്തകസംഭരണ വൈവിദ്ധ്യത്തിൽ ലോകത്ത് പ്രസിദ്ധമാണ്. എല്ലാ ഭാഷകളിലേയും വിപുല പുസ്തകശേഖരം ഉണ്ടിവിടെ. ഉദാഹരണത്തിന്, മലയാളപുസ്തകങ്ങളുടെ വൻ നിര പരിശോധിച്ചാൽ മതി. 1930 കൾക്ക് മുൻപുള്ള മലയാളപുസ്തകങ്ങൾ ശേഖരിക്കാനും താൽപര്യം കാണിച്ചിട്ടുണ്ട് ലൈബ്രറി അധികൃതർ. 1700 കളിൽ അച്ചടിച്ച മലയാളം പുസ്തകങ്ങളും ഉൾപ്പെടുന്നുണ്ട് വിപുലസഞ്ചയത്തിൽ. ഇപ്പോൾ നിലവിലില്ലാത്ത ജനയുഗം, കൗമുദി വാരികകൾ, ദേശബന്ധു പത്രം, സിനിമാ മാസികകൾ, വളരെ പഴയ ഭാഷാപോഷിണി പതിപ്പുകൾ ഒക്കെ സംഭരണവിസ്തൃതിയുടെ ഉദാഹരണങ്ങളാണ്. ഓഡിയോ- വിഷ്വൽ ഡിപ്പാർട്ടുമെൻറിൽ പഴയ അയ്യപ്പഭക്തിഗാനങ്ങളുടെ കാസറ്റുകൾ വരെയുണ്ട്. ഗവേഷണ വിദ്യാർത്ഥികളുടെ സ്വർഗം തന്നെ ഇത്.

റീഗൻസ്റ്റെൻ ലൈബ്രറിയോടടുത്ത് ‘The Bubble' എന്നറിയപ്പെടുന്ന, അത്യന്താധുനിക സൗകര്യമുള്ള മറ്റൊരു ലൈബ്രറിക്കെട്ടിടവുമുണ്ട്. ഭൂമിയ്ക്കടിയിലേക്ക് പണിതിരിക്കുന്ന പുസ്തകശേഖരമുറികളിൽ നിന്ന് കൃത്യമായി പുസ്തകങ്ങൾ മുകളിലെത്തിയ്ക്കുന്നത് റോബോട്ടുകളാണ്, അതും മൂന്നു മിനുട്ടുകൾക്കകം. ഈ ലൈബ്രറിയുടെ പ്രത്യേകത, പൂർവ വിദ്യാർത്ഥികളും വ്യവസായ പ്രമുഖരുമായ മാൻസുവെ​റ്റോ ദമ്പതികൾ മില്ല്യൺ കണക്കിനു നൽകിയ സംഭാവന നൽകി പണിയിച്ചതാണിത് എന്നതാണ്. പലേ അമേരിക്കൻ യൂണിവേഴ്‌സിറ്റികളുടേയും പ്രത്യേകതയാണ് പൂർവവിദ്യാർത്ഥികൾ തിരിച്ചു വന്ന് മാതൃവിദ്യാലയത്തെ നവീകരിക്കുക എന്നത്. വ്യവസായപ്രമുഖൻ ബൂത് ഒരിയ്ക്കൽ നൽകിയത് 300 മില്ല്യൺ ഡോളറാണ്. ഇന്ത്യയിൽ ഒരിയ്ക്കലും സംഭവിക്കാത്തത്.

ഇന്ന് ചെറുപ്പക്കാർ കേരളം വിട്ടു പോകുന്നതിനെക്കുറിച്ച് ആവലാതികളുയരുന്നുണ്ട്​. കാരണങ്ങളിൽ പ്രധാനം, ജോലി കിട്ടാനുള്ള മാനദണ്ഡം സ്വാധീനം ആണെന്നുള്ളതാണ്

ഭരണകൂടത്തിന്റേയോ മറ്റ് ബാഹ്യശക്തികളുടേയോ സ്വാധീനമില്ലാതെ സർവകലാശാലകൾക്ക് അവയുടെ ദൗത്യവും ലക്ഷ്യവും ആദർശവും പൂർത്തീകരിക്കാം എന്ന രാഷ്ട്രീയ/സാമൂഹ്യ പരിതസ്ഥിതി നിലവിലുള്ളതുകൊണ്ടാണ് അമേരിക്കൻ യൂണിവേഴ്‌സിറ്റികൾ (പബ്ലിക് യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെ) academic centers for excellence ആയി നിലനിൽക്കുന്നത്.

കേരളത്തിൽ അക്കാദമിക് സ്വാതന്ത്ര്യം എത്രത്തോളം?

പുറം നാട്ടിലെ ( അമേരിക്കയോ യൂറോപ്പോ) യൂണിവേഴ്‌സിറ്റികളുമായി യാതൊരു താരതമ്യവും നമ്മുടെ സർവകലാശാലകളുമായി പാടില്ലാത്തതാണ്, നമ്മുടെ വിഭവങ്ങൾ പരിമിതമാണ്. പക്ഷേ ഇതു രണ്ടും പരിചയിച്ച ഒരു വ്യക്തി എന്ന നിലയ്ക്കാണ് ഇതിന്​ ഇവിടെ ഒരുമ്പെടുന്നത്. ഇന്ന് ലോകത്തെമ്പാടും വിദ്യാർത്ഥികളായെത്താൻ പ്രാപ്തരും അതിനു തിടുക്കപ്പെടുന്നവരുമാണ് കേരളത്തിലെ പുതുതലമുറ. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ വ്യവസ്ഥകളെക്കുറിച്ച് തികച്ചും അറിവോടു കൂടിയായിരിക്കണം കേരളത്തിലെ രീതികൾക്ക് മൂല്യാങ്കനം കുറിക്കേണ്ടത്. പക്ഷെ എക്‌സലെൻസിനു വേണ്ടിയുള്ള അടിസ്ഥാന തീരുമാനങ്ങ​ളോ പ്രായോഗിക വ്യവസ്ഥകളോ കടലാസിൽ മാത്രം ഒതുങ്ങുന്ന രീതിയിലാണ് നമ്മളെ കെടുകാര്യസ്ഥത കൊണ്ടെത്തിച്ചിരിക്കുന്നത്.

ഇന്ന് ചെറുപ്പക്കാർ കേരളം വിട്ടു പോകുന്നതിനെക്കുറിച്ച് ആവലാതികളുയരുന്നുണ്ട്​. കാരണങ്ങളിൽ പ്രധാനം, ജോലി കിട്ടാനുള്ള മാനദണ്ഡം സ്വാധീനം ആണെന്നുള്ളതാണ്. ചുരുങ്ങിയ ഇടങ്ങളിലല്ലാതെ വിദ്യഭ്യാസ കേന്ദ്രങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഭരണകൂടത്തിന്റെ സ്വാധീനം മാത്രമല്ലാതെ പാർട്ടി സ്വാധീനവും ആവശ്യമാണ് പലപ്പോഴും. അതിനെച്ചൊല്ലിയുള്ള കോലാഹലങ്ങൾ നടക്കുന്നുണ്ടെങ്കിലും ചേരിതിരിഞ്ഞുള്ള ആക്രമണത്തിലാണ്​ താൽപര്യം. സ്വജനപക്ഷപാതത്തിന്​ പണ്ടേ കുപ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട് യൂണിവേഴ്‌സിറ്റി നിയമനങ്ങൾ. ഇത്തരം പ്രതിബന്ധങ്ങൾക്കിടയിൽ, ഉന്നത ഗവേഷണകേന്ദ്രങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രഗൽഭ മലയാളികൾക്ക് ഇങ്ങോട്ടെത്തുന്നത് എളുപ്പവുമല്ല.
ഈയിടെ, വൈസ് ചാൻസലർ തസ്തികയുടെ കാലാവധി നീട്ടുന്നതിൽ ഗവർണരും ഭരണകൂടവും വിരുദ്ധചേരിയിൽ നിലയുറപ്പിച്ച് പരസ്പരം വെല്ലുവിളി നടത്തുന്നതുവരെ എത്തിയത് വ്യവ്സ്ഥയുടെ ദയനീയത വെളിവാക്കുകയാണ്. വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ കോളേജുകളോ യൂണിവേഴ്‌സിറ്റികളോ തുടങ്ങുന്നത് മലയാളികൾക്ക് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു എന്നുമാത്രമല്ല അത്​ സ്വീകാര്യവുമാണ്.

ബെർട്രാൻഡ് റസ്സൽ, ആൽബർട്ട് ഐൻസ്റ്റൈൻ
ബെർട്രാൻഡ് റസ്സൽ, ആൽബർട്ട് ഐൻസ്റ്റൈൻ

കഴിവുള്ളവരും അതീവ തൽപരരും ഏറ്റെടുക്കേണ്ട ജോലി, ലക്ഷങ്ങളുമായി കോളേജ് പടിയ്ക്കൽ എത്തുന്നവർക്ക്​ നൽകുക എന്നതിൽ ന്യായമോ യുക്തിയോ ഇല്ലെന്ന് മലയാളി പാടേ മറന്നിരിക്കുന്നു.

യൂറോപ്പിലും അമേരിക്കയിലും പ്രസിദ്ധരെ ക്ഷണിച്ചു വരുത്തി പ്രൊഫസർമാരായി നിയമിക്കുന്നത് സാധാരണമാണെങ്കിൽ ഇവിടെ അങ്ങനെയൊന്ന് സങ്കൽപ്പിക്കാനേ വയ്യ. മറുനാട്ടിൽ നിന്നുള്ള പ്രഗൽഭർ ഇവിടെ വരാൻ മടിയ്ക്കും. അവർക്ക് നിസ്വാർത്ഥസേവനം ദുഷ്‌ക്കരമായിരിക്കും എന്ന് അറിയാം. ഭരണകൂടത്തിന്റേയോ ഭരണത്തിലിരിക്കുന്ന പാർട്ടിയുടെയോ സൗജന്യങ്ങളോ സൗമനസ്യമോ കൂടെയില്ലെങ്കിൽ അതിജീവനം ദുഷ്‌ക്കരവുമാകും. പൊലീസിനെ രാഷ്ട്രീയവൽക്കരിച്ചതിലും വലിയ ദുരന്തമാണ്​വിദ്യാഭ്യാസരംഗം രാഷ്ട്രീയവൽക്കരിച്ചതിലൂടെയുണ്ടായിരിക്കുന്നത്​. ഈ ദ്രോഹത്തിന്റെ അനന്തരഫലം തലമുറകളിലേക്ക് പടരുന്നതാണ്.

ശൈക്ഷണിക ശ്രേഷ്ഠത എന്ന ഇല്ലാക്കഥ

പണം കൊടുത്ത് ജോലി വാങ്ങുക, അതും അദ്ധ്യാപന ജോലി, എന്ന അപൂർവ്വ രീതി കേരളത്തിന്റെ പ്രത്യേകതയാണ്. ലോകത്തൊരിടത്തും നടപ്പില്ലാത്ത സംവിധാനം. ഇത് ഒരു ദൈനന്ദിനചര്യ പോലെ ആയിത്തീർന്നിരിക്കുന്നതിനാൽ ആരും അത്ര അറിയുന്നുപോലുമില്ല, ചർച്ച ചെയ്യപ്പെടുന്നുമില്ല. അദ്ധ്യാപനത്തിന്റെ പരിപാവനത്വം ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. അതിനു കഴിവുള്ളവരും അതീവ തൽപരരും ഏറ്റെടുക്കേണ്ട ജോലി, ലക്ഷങ്ങളുമായി കോളേജ് പടിയ്ക്കൽ എത്തുന്നവർക്ക്​ നൽകുക എന്നതിൽ ന്യായമോ യുക്തിയോ ഇല്ലെന്ന് മലയാളി പാടേ മറന്നിരിക്കുന്നു. പല മാനേജ്‌മെന്റിനും പല റേറ്റുകളാണ്. അത് ചിലപ്പോൾ നിങ്ങൾ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്​ലിമോ എന്നതനുസരിച്ച് മാറിമറിയാനും സാദ്ധ്യതയുണ്ട്. Academic excellenceലേക്കുള്ള പ്രയാണം നമ്മൾ നയിക്കേണ്ട കാര്യമല്ലെന്ന് സാർവ്വജനീനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അമേരിക്കൻ/യൂറോപ്യൻ വിദ്യാഭ്യാസ സമ്പ്രദായവുമായി താരതമ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഇവിടെ തെളിയുന്നു. വിശ്വ പൗരന്മാരായിത്തീരേണ്ടതാണ് വരുന്ന തലമുറ, അതിനുള്ള സാദ്ധ്യതകൾ പണ്ടേക്കാളും എളുപ്പമാണുതാനും. യൂണിവേഴ്‌സിറ്റികൾ കൂടുതൽ ഓൺലൈൻ വ്യവസ്ഥകളിലേക്ക് മാറിക്കൊണ്ടിരിക്കുകയുമാണ്. മറ്റൊരു രാജ്യത്തെ യൂണിവേഴ്‌സിറ്റിയുമായി എളുപ്പം ബന്ധപ്പെടാവുന്ന കാലം. ഈ സത്യങ്ങൾ അറിയുന്നവരാണ് കുഞ്ഞുതലമുറ എന്നത് ഭീതിദമാകേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സമ്പ്രദായത്തോടും അദ്ധ്യാപകരോടും എങ്ങനെ ബഹുമാനം തോന്നും? ആദരവ് പിടിച്ചു പറ്റും? ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ എങ്ങനെ അവിടുത്തെ ധിഷണയെ നേരിടും? ഇന്ത്യയിൽ പൊതുവേ പഠിച്ചിറങ്ങിയ സ്ഥാപനത്തോട് നൊസ്റ്റാൾജിയ കലർന്ന മധുരവികാരം മാത്രമേയുള്ളൂ. പിന്നീട് തിരിച്ചു വന്ന് ആ സ്ഥാപനത്തെ നവീകരിച്ചെടുക്കാനുള്ള തോന്നലുളവാക്കാൻ ആ സ്ഥാപനങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല എന്നത് സത്യം മാത്രം. ഭരണകൂടത്തിന്റെ പിടിയിലമർന്നിരിക്കുന്നതിനാൽ ഇതിനൊരുമ്പെടുന്നത് സാഹസവുമായിരിക്കും.

പ്രസിദ്ധനായ ഒരു അഭിഭാഷകനും നിയമവിദഗ്ധനുമായ ആളുടെ മക്കൾ അദ്ദേഹത്തിന്റെ മരണശേഷം ഒരു നിയമവിദ്യാഭ്യാസകേന്ദ്രം തുടങ്ങാനുള്ള പദ്ധതിയുമായി ഗവണ്മെന്റിനെ സമീപിച്ചപ്പോൾ ആ ആശയം പാടേ തള്ളിക്കളഞ്ഞത് നമ്മുടെ സമീപനങ്ങളുടെ പാപ്പരത്തം വെളിവാക്കുന്നു. സത്യം അറിയുന്ന വിദ്യാർത്ഥികൾ വിശ്വാസം നഷ്ടപ്പെട്ടവരാകുമ്പോൾ അത് സമൂഹത്തെ മൊത്തം ബാധിയ്ക്കും, അനന്തരഫലം ദൂഷ്യകലുഷിതവുമായിരിക്കും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments