വംശീയതയുടെ കൂറ്റൻ കാൽ മുട്ടുകൾ

""എനിക്ക് ശ്വാസം മുട്ടുന്നു'' എന്ന് കരയുന്ന, പൊലീസിന്റെ കാൽമുട്ടാൽ കഴുത്ത് ഞെരിക്കപ്പെടുന്ന ജോർജ് ഫ്‌ലോയിഡിന്റെ വീഡിയോ കറുത്തവർഗ്ഗക്കാരുടെ ദയനീയത മാത്രമല്ല അമേരിക്കൻ പൊതുസമൂഹത്തിന്റെ മുഴുവൻ പീഡാനുഭവത്തിന്റെ ദൃശ്യസത്യമായി മാറിയിരിക്കയാണ്.

ജോർജ് ഫ്‌ളോയിഡിന്റെ കഴുത്ത് ഞെരിക്കുന്ന ഡെറിക് ഷോവിൻ
ജോർജ് ഫ്‌ളോയിഡിന്റെ കഴുത്ത് ഞെരിക്കുന്ന ഡെറിക് ഷോവിൻ

ആപൽസന്ധിയ്ക്കുമേൽ ആപൽസന്ധിയാണിന്ന് അമേരിക്കയിൽ വന്നുകൂടിയിരിക്കുന്നത്. A pandemic within a pandemic എന്ന് ന്യൂയോർക് ടൈംസും A crisis multiplied by a crisis= a crisis cubed എന്ന് ന്യൂയോർക്കർ മാഗസിനും വിശേഷിപ്പിച്ചത്. കോവിഡ് -19 വൈറസ് പരമവ്യാധിയായി പടർന്ന് പിടിച്ച് ലക്ഷത്തിനു മുകളിൽ മരണസംഖ്യ എത്തി പിന്നെയും ജീവൻ അപഹരിച്ചുകൊണ്ടിരിക്കുമ്പോൾ, 40 മില്ല്യൺ ആൾക്കാർ തൊഴിൽ നഷ്ടപ്പെട്ടലയുമ്പോൾത്തന്നെയാണ് വംശവെറിയുടെ ഉൽക്കടദൃഷ്ടാന്തമായി കറുത്തവർഗ്ഗക്കാർ കൊലപാതകത്തിനിരയാകുന്നത്. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം, മറ്റ് രാജ്യങ്ങളുടെ വല്ല്യേട്ടൻ ഇന്ന് മറ്റ് രാഷ്ട്രങ്ങളെ അന്ധാളിപ്പിക്കുകയാണ്. വംശീയ വിദ്വേഷങ്ങൾ അമേരിക്കയുടെ കുത്തകയൊന്നുമല്ല, പല രാജ്യങ്ങളിൽ രൂക്ഷതരമായി, സമൂഹത്തിൽ അന്തർധാരയായി നിലവിലുള്ളതാണ്. പക്ഷേ അമേരിക്ക സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും നാടാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജനതയുടേതാണ്. തുല്യതയ്ക്ക് വേണ്ടി സമർപ്പിക്കപ്പെട്ട, പവിത്രപ്രതിഷ്ഠിതമായ, ആരാധിക്കപ്പെട്ട പരിപാവന ദേശ (dedicated, consecrated, hallowed) മാണെന്ന് എബ്രഹാം ലിങ്കൺ ഉദ്‌ഘോഷിച്ച നാടാണ്. അവിടത്തെ വംശഹത്യയുടെ മാനങ്ങൾ അതുകൊണ്ട് തന്നെ വിപുലമാണ്. തെരുവിലെ പ്രതിഷേധങ്ങൾ വ്യാപകമാവുകയാണെന്ന് മാത്രമല്ല ലോകരാഷ്ട്രത്തലവന്മാർ കഠിനമായി അപലപിയ്ക്കുകയും ചെയ്തിരിക്കുന്നു, കറുത്തവർഗ്ഗക്കാരെ ശ്വാസം മുട്ടിയ്ക്കുന്ന വംശീയതയുടെ കൂറ്റൻ കാൽ മുട്ടുകൾ.

നിയമപാലകരുടെ വേഷം അണിഞ്ഞ വെള്ളക്കാർ നിയമസുരക്ഷാപദ്ധതിയുടെ അടിവേരുകളിൽത്തന്നെ ഹിംസയും വർണ്ണവെറിയും വളം ചേർത്തിട്ടുണ്ട് എന്ന് ചരിത്രകാരന്മാർ. അപൂർവ്വമായിരിക്കേണ്ടത് അതിസാധാരണമായ അവസ്ഥ.

ജോർജ്ജ് ഫ്‌ലോയ്ഡ്, ബ്രിയോണ റ്റെയ് ലർ, അഹമൗദ് ആർബെറി -ഈ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പൊലീസിന്റെ തോക്കിനിരയായവർ. കൊന്നുകളഞ്ഞു എന്നു വേണം പറയാൻ.ജോർജ്ജ് ഫ്‌ലോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി, ബ്രിയോണയെ അവരുടെ സ്വന്തം അപാർട്‌മെന്റിൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വന്നപ്പോൾ, അഹമൗദിനെ വെറുതേ നിരത്തിൽ ജോഗ് ചെയ്തുകൊണിരുന്നപ്പോൾ. വർഷങ്ങളായി വെള്ളക്കാരായ പൊലീസുകാരുടെ വംശവെറി എന്ന മാരകായുധം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ നീണ്ടനിരയിൽ അവസാനത്തെ മൂന്നു പേർ എന്ന് മാത്രം. നിയമപാലകരുടെ വേഷം അണിഞ്ഞ വെള്ളക്കാർ നിയമസുരക്ഷാപദ്ധതിയുടെ അടിവേരുകളിൽത്തന്നെ ഹിംസയും വർണ്ണവെറിയും വളം ചേർത്തിട്ടുണ്ട് എന്ന് ചരിത്രകാരന്മാർ. അപൂർവ്വമായിരിക്കേണ്ടത് അതിസാധാരണമായ അവസ്ഥ. പ്രതിഷേധപ്രകടനങ്ങൾ പിൻ തുടർച്ചയായി നിരത്തുകളെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. പക്ഷേ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിനപ്പുറവും പടർന്ന ഇതിന്റെ താത്വികാവലോകനങ്ങൾക്ക് ചില നൂതന അന്തർധാരകൾ സജീവമായിട്ടുണ്ട്.

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന പ്രതിഷേധം / ചിത്രം: Rosa Pineda, Wikimedia Commons
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന പ്രതിഷേധം / ചിത്രം: Rosa Pineda, Wikimedia Commons

1600 കൾ മുതലിങ്ങോട്ട് "അടിമ പട്രൊൾ' (Slave patrol) എന്ന വ്യവസ്ഥ പൊതുസുരക്ഷ നടപ്പിലാക്കുക എന്ന ഉദ്ദേശത്തിനപ്പുറം വെള്ളക്കാരന്റെ സ്വത്ത് സംരക്ഷിക്കുക എന്നതായിരുന്നു. 1865-ൽ അടിമത്തം അവസാനിച്ചു, ആധുനിക പൊലീസ് ഡിപ്പാർട്‌മെന്റ് നടപ്പിലായി, നിയമം എല്ലാവർക്കും ബാധകം എന്ന മട്ടിൽ. പക്ഷേ കറുത്തവർക്കെതിരായ അക്രമങ്ങൾ തുടർന്നു, വംശീയതയുടെ ക്രൂരതകൾ ബാക്കി നിന്നു. 1964 -ലെ സിവിലവകാശ നിയമം (Civil rights act) സമത്വം നിയമവിധേയമാണെന്ന് പ്രഖ്യാപിച്ചു, 1971-ൽ ലഹരിമരുന്നിനെതിരേ ഉള്ള യുദ്ധം എന്ന വ്യാജേന നിക്‌സൺ ഗവണ്മെന്റ് നടപ്പിലാക്കിയ ചില നിയമങ്ങൾ ആഫ്രിക്കൻ അമേരിക്കക്കാരെ ജയിലിൽ പിടിച്ചിടാനുള്ള ഗൂഢതന്ത്രം ആയിരുന്നെന്ന് പിൽക്കാലത്ത് തെളിഞ്ഞു.

വെള്ളക്കാരെ അപേക്ഷിച്ച് രണ്ടര ഇരട്ടിയാണ് ഒരു ആഫ്രിക്കൻ അമേരിക്കൻ പൊലീസിനാൽ കൊല്ലപ്പെടാനുള്ള സാദ്ധ്യത.

1994-ലെ Crime Bill (ഇന്നത്തെ ഡമോക്രാറ്റിക് നോമിനി ആയ ജോ ബൈഡൻ ആണ് ഇതിന്റെ ഉപജ്ഞാതാവ് എന്നത് ഒരു വിരോധാഭാസം തന്നെ) കൂടുതൽ കറുത്ത വർഗ്ഗക്കാരെ ജയിലിലെത്തിക്കാൻ സഹായിക്കുകയാണുണ്ടായത് എന്നത് സുവിദിതമാണ് താനും. ഇന്ന് ജയിലഴികൾക്കുള്ളിൽ 2.2 മില്ല്യൺ ആൾക്കാരുണ്ടെങ്കിൽ അതിൽ 34% വും കറുത്തവർഗ്ഗക്കാർ തന്നെ. ജനസംഖ്യയുടെ 13% മാത്രം വരുന്നവർ. വെള്ളക്കാരെ അപേക്ഷിച്ച് രണ്ടര ഇരട്ടിയാണ് ഒരു ആഫ്രിക്കൻ അമേരിക്കൻ പൊലീസിനാൽ കൊല്ലപ്പെടാനുള്ള സാദ്ധ്യത. യാതൊരു പ്രകോപനവുമില്ലാതെ 2012-ൽ ട്രയോൺ മാർടിൻ എന്ന 18കാരൻ, 2014-ൽ മൈക്കിൾ ബ്രൗൺ എന്ന 17കാരൻ എല്ലാം പൊലീസിനാൽ കൊല്ലപ്പെടുകയും കൊലപാതകികളെ വെറുതെ വിടുകയും ചെയ്തതോടെ "Black lives matter:'(കറുത്തവരുടെ ജീവൻ സാധുതാപ്രധാനം) എന്ന മുദ്രാവാക്യം ഉടലെടുത്തത് ആധുനികചരിത്രം. 1992-ൽ കാലിഫോർണിയയിൽ റോഡ്‌നി കിങ് എന്നയാളുടെ പൊലീസ് കൊലപാതകം വൻതോതിലുള്ള കലാപങ്ങൾക്ക് ഇടയാക്കിയത് വീഡിയോ ദൃശ്യങ്ങൾക്ക് ക്രൂരസത്യങ്ങൾ വെളിവാക്കാനുള്ള അനാദൃശകഴിവ് ഉള്ളതുകൊണ്ട് കൂടിയാണ്. ജോർജ്ജ് ഫ്‌ലോയിഡിന്റെ കഴുത്തിൽ കാൽമുട്ട് വച്ച് ഞെരുക്കുന്ന വീഡിയോ 9 മിനുട്ട് നീളമുള്ളതാണ്.

കണക്കുകൂട്ടലുകൾ പിഴയ്ക്കുന്ന, അല്ലെങ്കിൽ കണക്കുകൂട്ടലുകൾ ഇല്ലാത്ത, വികലചിന്തകൾക്ക് പ്രാമുഖ്യം നൽകുന്ന ഭരണകൂടം പ്രതിഷേധങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി എന്ന് മാത്രമല്ല കറുത്ത വർഗ്ഗക്കാർ ആത്യന്തികമായ ചില തിരിച്ചറിവുകൾ സ്വായത്തമാക്കുകയും ചെയ്തു. കോവിഡ് 19 വൈറസിനെ നേരിടുന്നതിൽ -മഹാമാരി എന്ന് അംഗീകരിക്കുന്നതിൽ എന്ന് പറയുന്നതാണ് കൂടുതൽ ശരി-വൻ പാളിച്ചകൾ സംഭവിച്ചു എന്നത് കറുത്തവർഗ്ഗക്കാരെ ആണ് ഏറ്റവും ബാധിച്ചത്. കറുത്ത വർഗ്ഗക്കാരുടെ ഇടയ്ക്കാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ചികിൽസ കിട്ടാതെ ആശുപത്രിയിൽ നിന്ന് പറഞ്ഞയക്കപ്പെട്ടവരിലും കറുത്ത വർഗ്ഗക്കാരാണ് മുൻപിൽ. ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടപ്പെട്ടവരും കറുത്ത വർഗ്ഗക്കാർ. സ്പാനിഷ് വംശജരും ഒപ്പമുണ്ട്. മാർച്ച് മാസത്തിൽ ഒരു മഹാമാരി (പാൻഡെമിക്) വരുമെന്ന് അരും വിചാരിച്ചില്ല എന്ന കള്ളം (?) പറഞ്ഞ ട്രംപ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിൽ നിസ്സംഗത പുലർത്തി എന്ന് മാത്രമല്ല പ്രതിഷേധക്കാരെ തീവ്രപ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുത്തുകയുമാണ് ചെയ്തത്. ""കൊള്ള നടത്തിയാൽ കൊലപതകം നടത്തും'' (When the looting starts the shooting starts) എന്ന് പരസ്യപ്രസ്താവന നടത്താൻ ഒരുമ്പെട്ടു എന്ന് മാത്രമല്ല പ്രതിഷേധക്കാരെ വംശീയ ഇകഴ്ത്തൽ സൂചിപ്പിക്കുന്ന "ഗുണ്ടകൾ' (thugs) എന്ന് വിളിച്ച് ആക്ഷേപിക്കുകയുമാണുണ്ടായത്. 2017-ൽത്തന്നെ പ്രതികൾ എന്ന് സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കുമ്പോൾ കൂടുതൽ ശക്തി ഉപയോഗിക്കാൻ ട്രംപ് ആഹ്വാനം ചെയ്യുകയുമുണ്ടായിട്ടുണ്ട്.

Photo: Lorie Shaull , Wikimedia Commons
Photo: Lorie Shaull , Wikimedia Commons

അക്കൊല്ലം തന്നെ പൊലീസിന്റെ അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാനുള്ള പൗരാവകാശവിഭാഗത്തിന്റെ ചുമതലകളും അവകാശങ്ങളും ഭരണകൂടം ദുർബലമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അർത്ഥം മോശം പൊലീസ് പെരുമാറ്റങ്ങൾ പുഴുവരിച്ച് ദുഷിപ്പിച്ച സമൂഹങ്ങളിൽ അമർഷവിദ്വേഷങ്ങൾ കുമിഞ്ഞുകൂടുകയും മേലധികാരികൾ ഇത് അവഗണിയ്ക്കുകയും ഒരു ദിവസം വൻ പൊട്ടിത്തെറിയിൽ കലാശിയ്ക്കുകയും ചെയ്യും എന്ന് തന്നെയാണ്. ഈ സ്‌ഫോടനങ്ങളാണ് ഇന്ന് അമേരിക്കൻ നഗരങ്ങളിൽ പ്രകടമാകുന്നത്. ജോർജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട മിനിയാപ്പൊളിസിൽ കഴിഞ്ഞ അഞ്ചുകൊല്ലങ്ങളിൽ മൂന്നു പേരാണ് പൊലീസിനാൽ വധിക്കപ്പെട്ടത്, മൂന്നും വംശീയത അടിസ്ഥാനപ്പെടുത്തിയത്. സിയാറ്റിലിൽ കൊറോണ വൈറസ് ബാധ ആദ്യമായി നിരീക്ഷിക്കപ്പെട്ടത് അവഗണിച്ചതിന്റെ പ്രത്യഘാതങ്ങൾ ഇപ്പോൾ നമുക്ക് അറിയാം, ഒരു ലക്ഷത്തിൽക്കൂടുതൽ പേരെ കൊറോണ വൈറസിനു കൊല്ലാൻ വിട്ടുകൊടുത്തു എന്നതു തന്നെ. മിനിയാപ്പൊളിസിലെ പൊലീസിന്റെ വർണ്ണവെറി, അവജ്ഞ സമാന്തരമായ പരിണിതഫലങ്ങൾ ഉളവാക്കിയെങ്കിൽ അത്ഭുതപ്പെടാനില്ല. ഭാവിജ്ഞാനത്തിന്റേയും ആസൂത്രണത്തിന്റേയും പ്രാധാന്യത്തെക്കുറിച്ചുള്ള പഠനമാണ് മിനിയാപ്പൊളിസിലെ സംഭവം; ഇതുരണ്ടും ഇല്ലാതായാൽ എന്തു സംഭവിക്കും എന്നതിന്റെ ഉദാഹരണവും.

കറുത്ത വർഗ്ഗക്കാരുടെ ഇടയ്ക്കാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ചികിൽസ കിട്ടാതെ ആശുപത്രിയിൽ നിന്ന് പറഞ്ഞയക്കപ്പെട്ടവരിലും കറുത്ത വർഗ്ഗക്കാരാണ് മുൻപിൽ. ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടപ്പെട്ടവരും കറുത്ത വർഗ്ഗക്കാർ.

പക്ഷേ ഇത്തവണത്തെ പ്രതിഷേധപ്രകടനങ്ങൾ ഇന്നുവരെയുള്ളവയുടെ ചരിത്രത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണ്. വെള്ളക്കാരുടെ വൻ സാന്നിദ്ധ്യമാണത്. കറുത്തവർ അവരുടെ പ്രതിഷേധവും അമർഷവും പ്രകടിപ്പിക്കാൻ തെരുവിലിറങ്ങുക എന്ന പതിവ് രീതി വിട്ട് അനേകം വെള്ളക്കാർ സജീവമായി പ്രകടനങ്ങളിൽ പങ്കെടുത്തു എന്ന് മാത്രമല്ല ചില നഗരങ്ങളിൽ വെള്ളക്കാർ തന്നെയാണ് പ്രകടനക്കാരിൽ ഭൂരിപക്ഷവും എന്നത് ചരിത്ര സംഭവം തന്നെ. കറുത്തവർഗ്ഗക്കാരുടെ സ്വകാര്യ ദുഃഖം എന്ന നില വിട്ട് ഒരു ജനതയുടെ മുഴുവൻ ദുരനുഭവം എന്ന സാർവ്വലൗകിക ചിന്താപദ്ധതിയുടെ ആവിർഭാവം കൂടി ആയിരിക്കുന്നു ഇന്ന് എല്ലാ നഗരങ്ങളിലും പൊട്ടിപ്പുറപ്പെടുന്ന നിഷേധപ്രദർശനങ്ങൾ. ഇവിടെയാണ് കൊറോണ വൈറസ് മഹാമാരിയുടെ പ്രസക്തി പ്രത്യക്ഷപ്പെടുന്നത്. ട്രംപിനു വോട്ടുചെയ്ത് ജയിപ്പിക്കാൻ ഉൽസാഹിച്ച താഴ്ന്ന മധ്യവർഗ്ഗ വെള്ളക്കാർ തന്നെയാണ് കറുത്ത വർഗ്ഗത്തോടൊപ്പം വൈറസ് ബാധയാൽ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നത്.

Photo: Phil Roeder  , Wikimedia Commons
Photo: Phil Roeder , Wikimedia Commons

ആരോഗ്യപരിപാലനരംഗത്തെ വൻ പാളിച്ചകൾ മറനീക്കി പുറത്ത് വന്ന് ഇവരെ ദുരന്തങ്ങളിലേക്ക് തള്ളിവിട്ടതിനു ചരിത്രസമാനതകളില്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ രക്ഷിക്കാൻ ഭരണകൂടത്തിന് യാതൊരു താൽപ്പര്യവുമില്ല എന്ന ക്രൂരസത്യം ആഴത്തിൽ പതിയ്ക്കുക തന്നെ ചെയ്തു. തങ്ങളുടെ ജീവനും തുച്ഛവില എന്നത് മനസ്സിലാക്കിയ വെള്ളക്കാർ സമാനദുരിതാനുഭാവികളോട് സ്വാഭാവികമായി യോജിച്ചു എന്നത് യുക്തിസഹിതം തന്നെ. ട്രംപ് പട്ടാളത്തെ തന്നെ തെരുവിൽ ഇറക്കിയെങ്കിലും കഠിനപ്രയോഗങ്ങൾ-റ്റിയർ ഗ്യാസ് പോലുള്ളവ-നടപ്പാക്കിയെങ്കിലും കറുത്തവർക്കു വേണ്ടി വെള്ളക്കാർ പ്രതിഷേധവുമായെത്തിയത് നിഷ്ഠൂരനാടകം കളിച്ച ഭരണാധികാരികൾക്ക് നിനച്ചിരിയാതെ കിട്ടിയ തിരിച്ചടിയാണ്. പട്ടാളക്കാർ വെടി വെച്ചിരുന്നെങ്കിൽ, വെള്ളക്കാർ മരിച്ചിരുന്നു എങ്കിൽ കളി മാറിയേനേ.

ഒരു സിവിൽ സമൂഹത്തിനെ പട്ടാളത്തെ ഇറക്കുകയും "ദാ വെടിവെപ്പ് തുടങ്ങുന്നു' (തെ ഷൂറ്റിങ് സ്റ്റർറ്റ്‌സ്) എന്ന് ഭയപ്പെടുത്തി ട്വിറ്ററിൽ പ്രഖ്യാപിക്കുകയും ചെയ്തത് ജനായത്തസമ്പ്രദായത്തിനേറ്റ പ്രഹരം തന്നെ. ഈ പ്രഖ്യാപനം അതിഹിംസ വാഴ്ത്തിസ്തുതിക്കപ്പെടുന്നതാകയാൽ ട്വിറ്റർ കമ്പനി തന്നെ അവരുടെ നയ-നീതി തന്ത്രങ്ങൾക്ക് എതിരായിരിക്കുന്നു ഇത് എന്ന് പ്രസ്താവിക്കുകയുണ്ടായി. സ്വന്തം പ്രജകളെ പട്ടാളക്കാരെക്കൊണ്ട് വെടിവച്ച് കൊല്ലിയ്ക്കും എന്ന പ്രസിഡന്റിന്റെ ഭീഷണി ഉചിതനേതൃത്വത്തിനും വിവേകനൈപുണ്യത്തിനും വിരോധാലങ്കാരമായി ഭവിച്ചിരിക്കുന്നു എന്ന് മാത്രമല്ല പൊതുജനക്ഷേമത്തിനും സ്വാസ്ഥ്യത്തിനും അതിഹാനികരവുമാണ്. കൊറോണ വൈറസ് വ്യാധിയ്ക്ക് അണുനാശിനിവിഷം കുത്തി വയ്ക്കണമെന്ന പ്രസ്താവനപോലെ തന്നെ.

കൊറോണ വൈറസിനാൽ കൊല്ലപ്പെടാനുള്ള സാധ്യത പൊലീസിനാൽ കൊല്ലപ്പെടാനുമുണ്ട് എന്നാണ് പൊതുമനസ്സിന്റെ ന്യായം.

ആഫ്രിക്കൻ അമേരിക്കക്കാർ മൂന്ന് അത്യുഗ്രാഘാതങ്ങളാണ് അഭിമുഖീകരിക്കുന്നത്. പൊലീസ് ഹിംസകൾ, ഞെരിച്ചുപിഴിയുന്ന തൊഴിലില്ലായ്മ, ഈ നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പകർച്ചവ്യാധി എന്നിവ. പൊതുസമൂഹത്തിന്റെ ആകുലതകളും ഉൽക്കണ്ഠകളും കൊറോണ വ്യാധി വെളിച്ചത്താക്കിയ കുടില വംശീയ വൈജാത്യങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. കൊറോണ വൈറസിനാൽ കൊല്ലപ്പെടാനുള്ള സാധ്യത പൊലീസിനാൽ കൊല്ലപ്പെടാനുമുണ്ട് എന്നാണ് പൊതുമനസ്സിന്റെ ന്യായം. ജോർജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ടപ്പോൾ കൊറോണ ബാധിച്ചിട്ട് അതിജീവിച്ചവനായിരുന്നു എന്ന വിരോധാഭാസം സത്യത്തിന്റെ മുഖം തുറന്നുകാട്ടുന്നു.


Summary: Ethiran Kathiravan writes about the video of George Floyd being strangled by the police knee has become a visual truth of the suffering of the entire American public.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments