Image: Ethiran Kathiravan, Fb

നിരാശാഭരിതനായ
ഒരു യു.എസ് വോട്ടറുടെ കുറിപ്പ്

‘‘ഇത്രയും നിരാശപ്പെടുത്തുന്ന ഒരു തെരഞ്ഞെടുപ്പിൽക്കൂടി കടന്നുപോകേണ്ടി വരുന്നത് നിർഭാഗ്യകരമാണ് എന്നുറപ്പിച്ചു തന്നെയാണ് വോട്ട് ചെയ്യാൻ പോയത്. അമേരിക്കൻ ജനത പൊതുവേ വല്ലാതെ അസ്വസ്ഥരായിരിക്കുന്നു എന്ന് പല സൂചനകളും ലഭിച്ചുതുടങ്ങിയിരുന്നു, നേരത്തെ തന്നെ’’- യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടർ കൂടിയായ എതിരൻ കതിരവൻ എഴുതുന്നു.

ഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വോട്ട് ചെയ്തു. ഒരാഴ്ച മുൻപേ ചില ബൂത്തുകളിൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരുന്നെങ്കിലും, കഴിഞ്ഞില്ല. ഇവിടുത്തെ പതിവുപോലെ, വളരെ നിശ്ശബ്ദതയാർന്ന പോളിങ്ങ് ബൂത്ത്. ഓരോ പാർട്ടിയുടേയും നിരീക്ഷരുണ്ട്, എല്ലാം ശാന്തമയം.

പല പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾക്കും വോട്ട് ചെയ്തിട്ടുള്ള എനിക്ക് ഇത്തവണ മനഃചാഞ്ചല്യം അനുഭവപ്പെട്ടത് തെല്ലൊന്നുമല്ല. നേരിയ ഭൂരിപക്ഷത്തിനെങ്കിലും കമലാ ഹാരിസ് ജയിക്കും എന്ന് മിക്ക മീഡിയയും പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഗസ്റ്റിലെ ടൈം മാഗസിൻ, ട്രംപിനുപിറകിൽ പലരും അണിനിരക്കുന്നുവെന്നും ‘സ്വിങ്’ സംസ്ഥാനങ്ങൾ (കടുത്ത പോരാട്ടം നടക്കുന്ന, പ്രവചനാതീതമായി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന സംസ്ഥാനങ്ങളാണ് swing states) പലതും റിപ്പബ്ലിക്കൻ ചായ്‍വുള്ളവയാണെന്നും നിരീക്ഷിച്ചിരുന്നു. മിഷിഗൺ സംസ്ഥാനത്ത് കൂടുതൽ അറബ് ആൾക്കാരുണ്ട്, പതിവായി ഡെമോക്രാറ്റ് പക്ഷമാണ്, പക്ഷേ കമലാ ഹാരിസിന്റെ ഇസ്രായേൽ ചായ്‍വ് മിഷിഗണിനെ ചുവപ്പ് (റിപ്പബ്ലിക്കൻ) ആക്കി മാറ്റുന്നു എന്നും അറിവായി. ബൈഡന്റെ വൻ കോട്ടയായിരുന്ന പെൻസിൽവേനിയയും ഇതുപോലെ നീലയിൽ നിന്ന് ചുവപ്പിലേക്ക് സംക്രമണം ചെയ്തുതുടങ്ങിയത്രെ. (ഇത് പിന്നീട് സത്യമായി).

ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ഒരാളും ഇതുവരെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിച്ചിട്ടില്ല, അധികാരമേറ്റിട്ടില്ല. കുറ്റം ചാർത്തപ്പെട്ട നിക്സൺ പുറത്താക്കപ്പെട്ടിട്ടുമുണ്ട്.
ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ഒരാളും ഇതുവരെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിച്ചിട്ടില്ല, അധികാരമേറ്റിട്ടില്ല. കുറ്റം ചാർത്തപ്പെട്ട നിക്സൺ പുറത്താക്കപ്പെട്ടിട്ടുമുണ്ട്.

‘ചോരയിൽ കുളിപ്പിക്കും’ (There will be blood), തന്നെ തെരഞ്ഞെടുത്തില്ലെങ്കിൽ എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ചൈനയിൽ നിർമ്മിച്ച കാറുകൾ ഇറക്കുമതി ചെയ്യപ്പെടുന്നതുമൂലം ഇവിടത്തെ കാർ വ്യവസായം താറുമാറാകുമെന്ന് സൂചിപ്പിക്കുന്നതിനിടയ്ക്ക് അദ്ദേഹം ഉരുവിട്ടതാണിതെങ്കിലും, ‘കത്തോലിക്കാ വിശ്വാസികളാരും ബൈഡന് വോട്ട് ചെയ്യരുതെ’ന്ന് ഇതോടൊപ്പം ആഹ്വാനം ചെയ്തതിനാൽ തികച്ചും വംശീയഹത്യയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.

ചരിത്രത്തിൽ സംഭവിക്കാത്ത രീതിയിൽ ഇവിടത്തെ അന്തരീക്ഷം മാറിപ്പോയത് ആശങ്കകൾക്ക് വഴി വെയ്ക്കുന്നുണ്ട്, തീർച്ചയായും. പ്രത്യേകിച്ച് അമേരിക്കയിൽ നെടുനാളായി വസിക്കുന്നവർക്ക് ഈ ഭീതിയുടെ ആഴം വ്യക്തമായി അനുഭവപ്പെടുകയാണു താനും.

ക്യാപിറ്റോൾ ആക്രമിച്ചവരെ ദേശഭക്തരെന്നും അവരെ മോചിപ്പിക്കുകയായിരിക്കും താൻ ആദ്യം ചെയ്യുകയെന്നും പ്രഖ്യാപിച്ചു, ഇതോടൊപ്പം. സ്വന്തം വൈസ് പ്രസിഡന്റായ മൈക് പെൻസിനെ കൊല്ലാനയക്കപ്പെട്ടവരാണ് ഇവരെല്ലാം. അതിൽ അദ്ദേഹത്തിന് കുണ്ഠിതമൊന്നും ഇല്ലെന്നല്ല, ആശ്വാസമാണുതാനും. അന്ന് ഏഴു മില്ല്യൺ വോട്ടിനാണ് ട്രംപ് പരാജയപ്പെട്ടത്. ഇത് സത്യമായി ഉൾക്കൊള്ളാത്ത, നിയമസാധുതയില്ലാത്ത കുടിയേറ്റക്കാർ മനുഷ്യരല്ല എന്ന് പ്രഖ്യാപിച്ച ട്രംപ്, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന ഭീതിയിലായിരുന്നു വെളിവോടെ ചിന്തിക്കുന്നവർ ഇവിടെ, അമേരിക്കയിൽ. ചരിത്രത്തിൽ സംഭവിക്കാത്ത രീതിയിൽ ഇവിടത്തെ അന്തരീക്ഷം മാറിപ്പോയത് ആശങ്കകൾക്ക് വഴി വെയ്ക്കുന്നുണ്ട്, തീർച്ചയായും. പ്രത്യേകിച്ച് അമേരിക്കയിൽ നെടുനാളായി വസിക്കുന്നവർക്ക് ഈ ഭീതിയുടെ ആഴം വ്യക്തമായി അനുഭവപ്പെടുകയാണു താനും.

നേരിയ ഭൂരിപക്ഷത്തിനെങ്കിലും കമലാ ഹാരിസ് ജയിക്കും എന്ന് മിക്ക മീഡിയയും പ്രഖ്യാപിച്ചിരുന്നു.
നേരിയ ഭൂരിപക്ഷത്തിനെങ്കിലും കമലാ ഹാരിസ് ജയിക്കും എന്ന് മിക്ക മീഡിയയും പ്രഖ്യാപിച്ചിരുന്നു.

ജനാധിപത്യത്തിലുള്ള വിശ്വാസത്തിന് യാതൊരു കോട്ടവും തട്ടാതെ, അതിനെക്കുറിച്ച് ഒരു ആകുലതയും ആവശ്യപ്പെടാത്ത ഒരു ലോകത്ത് ജീവിച്ചവരാണ് ഞങ്ങളൊക്കെ. സമാധാന നോബെൽ വാങ്ങിച്ച, ചാരിറ്റി പ്രവർത്തനങ്ങളിൽ അതീവ താൽപര്യമുണ്ടായിരുന്ന പ്രസിഡന്റ് ജിമ്മി കാർട്ടറെ ഇപ്പോൾ ദൈവതുല്യനായി തോന്നുന്നു. വംശീയ വിദ്വേഷം വളരെ ചെറിയ തോതിൽ മാത്രം ഉൾച്ചേർന്ന സമൂഹത്തിൽ ഞങ്ങൾ ഇന്ത്യക്കാർക്ക് പൊതുഇടത്തിൽ വ്യവഹരിക്കാൻ സങ്കോചങ്ങളുണ്ടായിരുന്നില്ല. പിന്നീടുവന്ന റീഗനോ ജോർജ്ജ് ബുഷോ ഇത്തരം ചിന്തകളെ മുതലടുക്കാൻ ശ്രമിച്ചവരേ അല്ല. ബിൽ ക്ലിൻ്റനാകട്ടെ, മോണിക ലെവിൻസ്കി കേസിൽ സ്വൽപം അഴുക്ക് പുരണ്ടുപോയെങ്കിലും ജനസമ്മതിയിൽ ക്ലീൻ ചിറ്റ് നേടിയ ആളാണ്. ഒബാമയാകട്ടെ ആദ്യത്തെ കറുത്ത വംശജൻ എന്ന നിലയ്ക്ക് ചരിത്രം തിരുത്തിക്കുറിച്ച മാന്യദേഹം.
ഞങ്ങൾക്ക്, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലുള്ളവർക്ക്, അതീവ സന്തോഷമുളവാക്കുന്നതുമായിരുന്നു ഒബാമയുടെ അവരോഹണം. കാമ്പസിൽ പ്രൊഫസറായിരുന്ന അദ്ദേഹത്തെ പലപ്പോഴും കാണാനിടയാകുന്നതു കൊണ്ട്, ചിലപ്പോൾ ചെറിയ കുശലം ചോദിക്കലും ഉണ്ടായിരുന്നതുകൊണ്ട്, നമുക്കിടയിലെ ഒരാൾ എന്ന തോന്നലും പ്രബലമായിരുന്നു. പാവപ്പെട്ടവർക്ക് ആരോഗ്യപരിപാലനമേകുന്ന ‘ഒബാമ കെയറി’ന്റെ ആവിർഭാവം ഒരു വിപ്ലവം തന്നെയായിരുന്നു. 2017-ലെ തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൻ തോറ്റപ്പോൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്, എന്റെ ചില സുഹൃത്തുക്കൾ.

ഡെമോക്രാറ്റും റിപ്പബ്ലിക്കനും മാറിമാറി ഭരിച്ചിട്ടുണ്ട്. ഇതിൽ ഏതു ഭരിച്ചാലും വലിയ വ്യത്യാസമില്ല എന്ന മട്ടായിരുന്നു പണ്ട്. മറ്റ് രാജ്യങ്ങളെ കുട്ടിച്ചോറാക്കിയാലും സ്വന്തം ജനതയെ എന്നും പരിപാലിച്ചുപോന്നിരുന്നു ഈ രണ്ട് പാർട്ടികളും ഒരു പോലെ. പൊതുവേ അഭ്യസ്തവിദ്യർ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് ചായുന്നവരായിട്ടാണ് അനുഭവപ്പെടാറ്. അതിപ്പോഴും അങ്ങനെത്തന്നെയാണ്. പക്ഷേ പത്രമോ മറ്റ് പ്രസിദ്ധീകരണങ്ങളോ അധികം വായിക്കാത്ത, പള്ളിയിൽനിന്ന് കിട്ടുന്ന വിവരങ്ങൾ മാത്രം അറിയുന്ന, അത് മാത്രമാണ് സത്യം എന്ന് കരുതുന്ന ഒരു വലിയ ജനവിഭാഗമുണ്ടിവിടെ. വെളുത്ത തൊലിക്കാരല്ലാത്തവർ മൂഢരും മൗഢ്യരും അക്രമികളും ആണെന്ന വിശ്വാസം കൂടുതലായി ഇവർക്കുണ്ട്. ഇവരുടെ അറിവില്ലായ്മയെ ഇത്രമാത്രം ചൂഷണം ചെയ്തിട്ടുള്ള മറ്റൊരു രാഷ്ട്രീയ നേതാവ് അമേരിക്കയ്ക്ക് ഇല്ല.

ബിൽ ക്ലിൻ്റനാകട്ടെ, മോണിക ലെവിൻസ്കി കേസിൽ സ്വൽപം അഴുക്ക് പുരണ്ടുപോയെങ്കിലും ജനസമ്മതിയിൽ ക്ലീൻ ചിറ്റ് നേടിയ ആളാണ്.
ബിൽ ക്ലിൻ്റനാകട്ടെ, മോണിക ലെവിൻസ്കി കേസിൽ സ്വൽപം അഴുക്ക് പുരണ്ടുപോയെങ്കിലും ജനസമ്മതിയിൽ ക്ലീൻ ചിറ്റ് നേടിയ ആളാണ്.

സ്വപ്നങ്ങളുടെ നഷ്ടം

ലോകത്തിന് മാതൃക കാണിക്കുന്ന രാജ്യം എന്ന പേരിൽ അഭിമാനിച്ചിരുന്ന ഞങ്ങൾ അമേരിക്കക്കാർ, ഇന്ന് നാണക്കേടിലാണ്. നുണ, സ്ത്രീവിരുദ്ധത, വർഗ്ഗീയത, മറ്റ് ജനതകളോടൂള്ള പുച്ഛവും വെറുപ്പും- ഇതൊക്കെ വർദ്ധമാനമാക്കി ചാഞ്ചല്യമുള്ള മനസ്സുകളെ പ്രീണിപ്പിച്ച് വശത്താക്കിയിരിക്കയാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡോണൾഡ് ട്രംപ്. ക്രിമിനൽ കുറ്റം ഏൽപ്പിക്കപ്പെട്ട ഒരാളും ഇതുവരെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിച്ചിട്ടില്ല, അധികാരമേറ്റിട്ടില്ല. കുറ്റം ചാർത്തപ്പെട്ട നിക്സൺ പുറത്താക്കപ്പെട്ടിട്ടുമുണ്ട്.

ഈ രാജ്യത്ത് വർഗ്ഗീയതയും വെറുപ്പും സ്ത്രീപക്ഷനിരാകരണവും ഫാഷിസവും അക്രമാസക്തതയും ഉൾക്കൊണ്ട ആശയപദ്ധതി വിജയിച്ചിരിക്കുന്നു എന്നത് ദയനീയം മാത്രമല്ല ഭീതിദവുമാണ്.

അമേരിക്കൻ രാഷ്ട്രീയ പദ്ധതിയെ തീവെച്ച് പൊള്ളിച്ച് അവശതപ്പെടുത്തുക ലക്ഷ്യമാക്കിയ കുൽസിത മനസ്സാണ് ഇനി ഭരണമേൽക്കാൻ പോകുന്നത്. സ്പീക്കർ മൈക് ജോൺസണുമായി ഒരു ചെറിയ രഹസ്യം പങ്കുവെയ്ക്കുന്നു എന്നും അത് തന്റെ വിജയം സുനിശ്ചിതമാക്കും എന്നും അവസാനത്തെ പൊതുമീറ്റിങ്ങിൽ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നെടുനാളത്തെ പരിശ്രമങ്ങളും സുധാരണ ചാതുര്യവും കൊണ്ട് പരിപക്വമാക്കപ്പെട്ട മനസ്സ് ഒരു സാദാ അമേരിക്കനും കൈവശമുണ്ടെന്ന് സാഭിമാനം അവകാശപ്പെട്ട ഒരു ജനതയ്ക്കിടയിലാണ് ഇപ്പോൾ വിഭാഗീതയുടേയും വെറുപ്പിൻ്റേയും നിരാകരണത്തിൻ്റേയും വിഷം കുത്തിവെച്ച് വൻ വിള്ളലുകൾ സാദ്ധ്യമാക്കിയിരിക്കുന്നത്. പ്രഗൽഭ ശാസ്ത്രജ്ഞരുടേയും ചിന്തകരുടെയും സാഹിത്യ /കലാകാരരുടേയും രാജ്യത്തിനു സംഭവിച്ചിരിക്കുന്ന ച്യുതി ആഴമേറിയതാണ്. ഇവരുടെ വിഭാവനങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ് ഒരു വികലമനസ്സ് അധികാരത്തിലെത്തിയിരിക്കുന്നത്.

ജനാധിപത്യത്തിന്റെ അവസാനം?

ഇതിനു തയാറാകുന്നവിധം മാനസികനില മാറ്റേണ്ടി വരുമെന്നുള്ള സൂചനകളാണ് ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നത്. ഇത്രയും നിരാശപ്പെടുത്തുന്ന ഒരു തെരഞ്ഞെടുപ്പിൽക്കൂടി കടന്നുപോകേണ്ടി വരുന്നത് നിർഭാഗ്യകരമാണ് എന്നുറപ്പിച്ചു തന്നെയാണ് വോട്ട് ചെയ്യാൻ പോയതുതന്നെ. അമേരിക്കൻ ജനത പൊതുവേ വല്ലാതെ അസ്വസ്ഥരായിരിക്കുന്നു എന്ന് പല സൂചനകളും ലഭിച്ചുതുടങ്ങിയിരുന്നു, നേരത്തെ തന്നെ. അമേരിക്കൻ മീഡിയ ഈ ദുർസൂചന നൽകിത്തുടങ്ങിയിട്ട് മാസങ്ങളായി. ജനാധിപത്യവ്യവസ്ഥ അടിയുറച്ചതാണെന്നും നിലവിലുള്ള അതിനെ ഇളക്കിമാറ്റി സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കാൻ എളുപ്പമല്ലെന്നുമുള്ള വിശ്വാസത്തെ ഏറ്റവും പ്രബുദ്ധരെന്ന് വിശേഷിക്കപ്പെട്ട അമേരിക്കൻ ജനത തീരുമാനിക്കുന്നതിൽ, ഈയൊരു ദുർലക്ഷണമാണ് ഇപ്പോൾ പ്രകടമായിരിക്കുന്നത്.

ഞങ്ങൾക്ക്, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലുള്ളവർക്ക്, അതീവ സന്തോഷമുളവാക്കുന്നതുമായിരുന്നു ഒബാമയുടെ അവരോഹണം.
ഞങ്ങൾക്ക്, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലുള്ളവർക്ക്, അതീവ സന്തോഷമുളവാക്കുന്നതുമായിരുന്നു ഒബാമയുടെ അവരോഹണം.

ജനാധിപത്യം വന്നുകഴിഞ്ഞാൽ ഒരു രാജ്യവും ഏകാധിപത്യത്തിലേക്ക് മാറില്ല എന്ന വിശ്വാസം കടപുഴക്കിയതിന് ചരിത്രത്തിൽ ദൃഷ്ടാന്തങ്ങളുണ്ട്. ഹംഗറിയിൽ ഇത് സംഭവിച്ചതാണ്. ഇതിനുള്ള കരുക്കൾ പണ്ടേ ട്രംപ് നീക്കിത്തുടങ്ങിയിരുന്നു. അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുക തനിക്കെതിരെ സംസാരിക്കുന്ന മീഡിയയെ മൊത്തം സംഹരിക്കുകയാണെന്ന് തീർത്തുപറഞ്ഞിട്ടുണ്ട്. പട്ടാളത്തെ ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. കൊന്നുകളയും എന്നു തന്നെ. സ്വന്തം വൈസ് പ്രസിഡന്റിനെ കൊല്ലാൻ തന്റെ ഗുണ്ടകളെ അയച്ച ട്രംപിന് ഇത് എളുപ്പമാണ്.

വൻ ഭൂരിപക്ഷത്തോടെ ഈ കുൽസിത ബുദ്ധി തെരഞ്ഞെടുക്കപ്പെടാൻ കാരണം, സാമ്പത്തികം തന്നെ എന്ന് നിരീക്ഷിക്കപ്പെട്ടുകഴിഞ്ഞു. വെളിവും വെള്ളിയാഴ്ച്ചയുമില്ലാത്ത, വിശ്വാസികളായ, പട്ടണവാസികളല്ലാത്തവരാണ് ട്രംപിന് വിജയം നൽകിയത്. ഞങ്ങളുടെ സംസ്ഥാനമായ ഇല്ലിനോയ് തന്നെ കൃത്യമായ ഉദാഹരണം. കമലയാണ് ജയിച്ചതെങ്കിലും ഷിക്കാഗോ നഗരവും അതിനു ചുറ്റുമുള്ള ഇടങ്ങളുമാണ് അവരുടെ വിജയ ഇടമെന്ന് ഭൂപടങ്ങൾ സൂചിപ്പിക്കുന്നു. മറ്റ് കൗണ്ടിക​ളെല്ലാം ചുവപ്പ് അണിഞ്ഞവയാണ്. ഇടയ്ക്ക് അർബാനാ ഷാമ്പെയ്ൻ ഉൾപ്പെടുന്ന കൗണ്ടി നീലയാണ്. അവിടെയാണ് പ്രശ്സ്തമായ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്.

വർഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങളും കൃത്യമായി പ്രവചിച്ചിരുന്ന ചരിത്രകാരനായ പ്രൊഫ. അലൻ ലിക്റ്റ്മാൻ ആദ്യമായി പരാജയപ്പെട്ടു, തന്റെ മുൻകാഴ്ചയിൽ. കമലാ ഹാരിസ് നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

ഇന്നത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മുഴുവൻ ഉത്തരവാദിത്തവും ഡെമോക്രാറ്റിക് പാർട്ടിക്കാണെന്നും തനിക്കു മാത്രമേ ഇതിൽ നിന്ന് മോചനം നൽകാൻ സാധിക്കൂ എന്നും ട്രംപ് തന്നെ വീണ്ടും വീണ്ടും പ്രസ്താവിച്ചത് അതേപടി സ്വീകരിച്ചവരാണ് ഈ കൗണ്ടി നിവാസികൾ. ട്രംപിന്റെ എല്ലാ കുറ്റങ്ങളും തെറ്റുകളും ഇതിൽ മറക്കപ്പെട്ടും മറയ്ക്കപ്പെട്ടും പോയി. കമല ഹാരിസിനാകട്ടേ ചുരുങ്ങിയ കാലയളവിൽ ഇതിനെതിരെ ശക്തമായ വാഗ്ദാനങ്ങൾ നൽകാൻ സാദ്ധ്യമായതുമില്ല. ഗർഭച്ഛിദ്രവും അന്യദേശക്കാരുടെ കുടിയേറ്റവും ഒന്നും അധികം പ്രശ്നമല്ലാത്തവരാണിവർ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പക്ഷത്തേയ്ക്ക് ഈ ലളിതമനസ്കർ ചാഞ്ഞത് മറുപക്ഷത്തുനിന്ന് ശക്തമായ നിലപാടുകൾ ലഭിയ്ക്കാത്തതു കൊണ്ടാണ്. ശക്തമായ അടിസ്ഥാന പദ്ധതികൾ സൂചിപ്പിക്കാതെ, സാമ്പത്തികഭദ്രത എന്ന വാഗ്ദാനം ട്രംപ് തന്റെ വാചാടോപങ്ങളിൽ ഉൾക്കൊള്ളിച്ചത് അതേപടി വിശ്വസിച്ചുപോയവർ ഇന്ന് ഒരു കുറ്റവാളിയെ ഭരണമേൽപ്പിച്ചിരിക്കുകയാണ്.

വെളുത്ത തൊലിക്കാരല്ലാത്തവരെ നിഷേധിക്കാനുള്ള സൗകര്യവും ട്രംപ് ഇവർക്ക് ഉദാരമായി സംഭാവന ചെയ്തു. കറുത്ത വർഗക്കാരും ലാറ്റിനോകളും, തങ്ങൾക്ക് കഞ്ഞികുടിക്കണമെങ്കിൽ ഇദ്ദേഹം തന്നെ വേണ്ടിയിരിക്കുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. മറ്റ് സങ്കീർണ ഘടകങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് മറക്കുന്നില്ല. ഈ രാജ്യത്ത് വർഗ്ഗീയതയും വെറുപ്പും സ്ത്രീപക്ഷനിരാകരണവും ഫാഷിസവും അക്രമാസക്തതയും ഉൾക്കൊണ്ട ആശയപദ്ധതി വിജയിച്ചിരിക്കുന്നു എന്നത് ദയനീയം മാത്രമല്ല ഭീതിദവുമാണ്.

ഇല്ലിനോയ് സംസ്ഥാനത്തെ വോട്ടിങ് രീതി. കമല ഹാരിസിന് വോട്ട് ചെയ്തവർ ഷിക്കാഗോ നഗരത്തിലും യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് സ്ഥിതിചെയ്യുന്ന കൗണ്ടിയിലും മാത്രം. ഗ്രാമങ്ങൾ പോലെയുള്ള മറ്റ് കൗണ്ടികൾ മൊത്തം ട്രംപിനെ പിന്തുണച്ചു. എങ്കിലും കമലാ ഹാരിസ് ജയിച്ചു.
ഇല്ലിനോയ് സംസ്ഥാനത്തെ വോട്ടിങ് രീതി. കമല ഹാരിസിന് വോട്ട് ചെയ്തവർ ഷിക്കാഗോ നഗരത്തിലും യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് സ്ഥിതിചെയ്യുന്ന കൗണ്ടിയിലും മാത്രം. ഗ്രാമങ്ങൾ പോലെയുള്ള മറ്റ് കൗണ്ടികൾ മൊത്തം ട്രംപിനെ പിന്തുണച്ചു. എങ്കിലും കമലാ ഹാരിസ് ജയിച്ചു.

വർഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങളും കൃത്യമായി പ്രവചിച്ചിരുന്ന ചരിത്രകാരനായ പ്രൊഫ. അലൻ ലിക്റ്റ്മാൻ ആദ്യമായി പരാജയപ്പെട്ടു, തന്റെ മുൻകാഴ്ചയിൽ. കമലാ ഹാരിസ് നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. അമേരിക്കക്കാരെ താൻ ഇനിയും പൂർണമായി മനസ്സിലാക്കാനുണ്ട് എന്ന രീതിയിൽ ഒരു മാപ്പപേക്ഷയുമായി അദ്ദേഹം ഇന്നലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ തറക്കല്ല് ഇളക്കമാർന്നതാണെന്നും ഒരു സ്വേച്ഛാധിപതിയ്ക്ക് അത് മറിച്ചിടാൻ എളുപ്പവുമാണെന്ന ചരിത്രപാഠമാണ് ഞങ്ങൾ അമേരിക്കക്കാരുടെ തലയിൽ ഇടിത്തീപോലെ വന്ന് വീണിരിക്കുന്നത്.


Summary: Ethiran Kathiravan, who is also a voter in the US writing about Republican party leader Donald Trump's victory in the US presidential election.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments