യൂറോപ്യൻ യൂണിയൻ (EU) ഡിജിറ്റൽ ലോകത്തെ കുത്തകകൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ്. അതിന്റെ ഭാഗമായി, ടെക് ഭീമന്മാരായ ആപ്പിളിനും മെറ്റ പ്ലാറ്റ്ഫോംസിനും (Meta Platforms Inc.) യൂറോപ്യൻ യൂണിയൻ 700 മില്യൺ യൂറോ (ഏകദേശം 6,300 കോടി രൂപ) പിഴ ചുമത്തിയിരിക്കുകയാണ്. ഡിജിറ്റൽ മാർക്കറ്റ്സ് നിയമം (Digital Markets Act - DMA) ലംഘിച്ചതിനാണ് ഭീമമായ പിഴ ചുമത്തുന്നതെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോർ നയങ്ങളും, മെറ്റയുടെ പുതിയ Consent or Pay മോഡലും യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ടെക്നോളജി രംഗത്തെ വമ്പൻ കമ്പനികളുടെ മേധാവിത്വം നിയന്ത്രിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കങ്ങളുടെ സൂചനയാണ് ഈ പിഴ.
ആപ്പിളിന്റെ ആപ്പ് സ്റ്റോർ നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ട നിയമങ്ങളും
ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കൾക്ക് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഏക മാർഗ്ഗമാണ് ആപ്പ് സ്റ്റോർ. എന്നാൽ, ഈ പ്ലാറ്റ്ഫോമിനെ ചുറ്റിപ്പറ്റിയുള്ള ആപ്പിളിന്റെ ചില കർശനമായ നയങ്ങൾ വിമർശനങ്ങൾക്കും നിയമനടപടികൾക്കും കാരണമായിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ ഇവയാണ്:
ഏകീകൃത വിതരണ പ്ലാറ്റ്ഫോം: ഐഫോണുകളിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആപ്പ് സ്റ്റോർ മാത്രമേ അനുവദിക്കൂ എന്നത് മറ്റ് ആപ്പ് സ്റ്റോറുകൾക്കും ഡെവലപ്പർമാർക്കും ഒരുപോലെ തടസ്സമുണ്ടാക്കുന്നു. ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകൾക്ക് ഐഒഎസ് (iOS) ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ അനുമതിയില്ല. ഇത് ഉപയോക്താക്കൾക്ക് ആപ്പുകൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം പരിമിതപ്പെടുത്തുന്നു. ഒരു പ്രത്യേക ആപ്പ് മറ്റൊരു പ്ലാറ്റ്ഫോമിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണെങ്കിൽ പോലും ഐഫോൺ ഉപയോക്താവിന് അത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഒരു പ്രത്യേക ആപ്ലിക്കേഷൻ കൂടുതൽ മികവാർന്ന രീതിയിൽ ലഭ്യമാകുന്ന സ്ഥലങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാനോ ലീഗൽ ആയി ഉപയോഗിക്കാനോ സാധ്യമല്ല.

അമിതമായ കമ്മീഷൻ: ആപ്പ് ഡെവലപ്പർമാർ അവരുടെ ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറിലൂടെ വിൽക്കുമ്പോൾ, ആപ്പിളിന് 30% വരെ കമ്മീഷൻ നൽകേണ്ടിവരുന്നു. ഇത് ചെറിയ ഡെവലപ്പർമാർക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്. ഒരു ഉപയോക്താവ് 100 രൂപയുടെ ഒരു ആപ്പ് വാങ്ങിയാൽ, അതിൽ 30 രൂപ ആപ്പിളിനാണ് ലഭിക്കുന്നത്. ഇത് ഡെവലപ്പർമാരുടെ ലാഭത്തെ കാര്യമായി ബാധിക്കുന്നു.
പേയ്മെന്റ് സംവിധാനത്തിലെ നിയന്ത്രണം: ആപ്ലിക്കേഷനുകൾക്കുള്ളിൽ പർച്ചേസുകൾ നടത്തുമ്പോൾ (ഇൻ-ആപ്പ് പർച്ചേസുകൾ), ആപ്പിളിന്റെ സ്വന്തം പേയ്മെന്റ് സംവിധാനം മാത്രമേ ഉപയോഗിക്കാൻ ഡെവലപ്പർമാർക്ക് അനുവാദമുള്ളൂ. പേടിഎം (Paytm) അല്ലെങ്കിൽ ഗൂഗിൾ പേ (Google Pay) പോലുള്ള മറ്റ് പേയ്മെന്റ് രീതികൾ ഉപയോഗിക്കാൻ അവർക്ക് അനുവാദമില്ല. ഇത് ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും സൗകര്യപ്രദമല്ലാത്ത ഒരു സാഹചര്യമാണ് സൃഷ്ടിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ വിലയിരുത്തലിൽ, ഈ നിയന്ത്രണങ്ങൾ മറ്റ് കമ്പനികൾക്ക് ആപ്പിളുമായി മത്സരിക്കുന്നതിന് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ഇല്ലാതാക്കുകയും, ആപ്പിളിന് ഒരു "ഗേറ്റ്കീപ്പർ" എന്ന നിലയിൽ അമിതമായ അധികാരം നൽകുകയും ചെയ്യുന്നു.
ഇവ ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?
30% കമ്മീഷൻ കാരണം ആപ്ലിക്കേഷനുകളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ട്. മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്നോ ഡെവലപ്പർമാരുടെ വെബ്സൈറ്റുകളിൽ നിന്നോ നേരിട്ട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്തത് ഉപയോക്താക്കളുടെ ആപ്പുകളുടെ അവൈലബിലിറ്റി പരിമിതപ്പെടുത്തുന്നു. ചില ഡെവലപ്പർമാർക്ക് ആപ്പിളിന്റെ നിയമങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവരുടെ ആപ്ലിക്കേഷനുകൾ ഐഒഎസ് പ്ലാറ്റ്ഫോമിൽ ലഭ്യമല്ലാതാകാം.
ആപ്പിളിന്റെ കമ്പനി സ്വകാര്യതാ മാനദണ്ഡങ്ങൾ മുൻനിർത്തി കൊണ്ടാണ് അവരുടെ വാദം സമൂഹത്തിനു മുന്നിലേക്ക് വെക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ വാദിക്കുന്നത്, സ്വകാര്യത മാനദണ്ഡങ്ങൾ പാലിക്കുന്നതിനോടൊപ്പം തന്നെ കുത്തകവൽക്കരണവും അവസാനിപ്പിക്കേണ്ടതുണ്ട് എന്നാണ്. ആപ്പിൾ സ്വന്തം പ്ലാറ്റ്ഫോമിനെ മാത്രം ആളുകൾക്ക് നൽകി, നിർബന്ധമായും തങ്ങളുടെ സേവനം ഓരോ ഉപഭോക്താവിലേക്കും അടിച്ചേൽപ്പിക്കുന്ന സമീപനം തുടരുകയാണ്.
മെറ്റയുടെ Consent Or Pay മോഡൽ: സ്വകാര്യതയുടെ ലംഘനം?
സോഷ്യൽ മീഡിയ ഭീമനായ മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) അടുത്തിടെ അവതരിപ്പിച്ച "Consent Or Pay" എന്ന മോഡലും യൂറോപ്യൻ യൂണിയന്റെ വിമർശനത്തിന് പാത്രമായിരിക്കുകയാണ്. ഈ പുതിയ സംവിധാനം ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നു എന്നാണ് യൂറോപ്യൻ യൂണിയന്റെ പ്രധാന ആരോപണം.
മെറ്റയുടെ ഈ പുതിയ നയം അനുസരിച്ച്, യൂറോപ്യൻ യൂണിയനിലെ ഉപയോക്താക്കൾ ഒന്നുകിൽ അവരുടെ വ്യക്തിഗത വിവരങ്ങൾ (പേര്, ലൊക്കേഷൻ, താൽപ്പര്യങ്ങൾ തുടങ്ങി ഡാറ്റ അനലൈസ് ചെയ്ത വിവരങ്ങൾ) പരസ്യങ്ങൾക്കായി ഉപയോഗിക്കാൻ സമ്മതിക്കണം, അല്ലെങ്കിൽ പരസ്യങ്ങളില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിന് പണം നൽകണം.

ഉദാഹരണത്തിന്, നിങ്ങൾ ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ ഒരു അറിയിപ്പ് ലഭിക്കുന്നു,
ഓപ്ഷൻ 1: നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കുക. ഇത് സൗജന്യമായി ഉപയോഗിക്കാം.
ഓപ്ഷൻ 2: നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കേണ്ട. എന്നാൽ പരസ്യങ്ങളില്ലാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ പ്രതിമാസം ഒരു നിശ്ചിത തുക നൽകണം.
ഇവിടെ, ഉപയോക്താക്കൾക്ക് രണ്ട് വഴികൾ മാത്രമേയുള്ളൂ - ഒന്നുകിൽ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുക, അല്ലെങ്കിൽ പണം നൽകുക.
യൂറോപ്യൻ യൂണിയൻ ഈ മോഡലിനെ പ്രധാനമായും എതിർക്കുന്നത് ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ചൂഷണം ചെയ്യുന്നു എന്നതിനാലാണ്. അവരുടെ പ്രധാന വാദങ്ങൾ ഇവയാണ്:
ഉപയോക്താക്കൾ നിർബന്ധിതരായി സർവ്വീസ് എടുക്കേണ്ടതായി വരുന്നു. സാമ്പത്തികച്ചെലവ് കാരണം പല ഉപയോക്താക്കളും പണം നൽകി പരസ്യരഹിത സേവനം ഉപയോഗിക്കില്ല. അതിനാൽ, അവർ നിർബന്ധിതമായി സ്വകാര്യ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി നൽകേണ്ടിവരും. ഇത് ഉപയോക്താക്കളുടെ സ്വയം നിർണ്ണയാവകാശത്തെ ലംഘിക്കുന്നു. ഒരു കടയിൽ നിന്ന് സൗജന്യമായി ജ്യൂസ് ലഭിക്കാൻ നിർബന്ധമായി ഫോൺ നമ്പർ നൽകേണ്ടി വരുന്ന അവസ്ഥ പോലെയാണിത്. പണം നൽകാൻ കഴിയില്ലെങ്കിൽ, താൽപ്പര്യമില്ലെങ്കിൽ പോലും വിവരങ്ങൾ നൽകേണ്ടി വരും.

മെറ്റയ്ക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് വലിയ തോതിലുള്ള പരസ്യ വരുമാനം നേടാൻ സാധിക്കും. എന്നാൽ, പുതിയതും ചെറിയതുമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഈ ഡാറ്റ ലഭ്യമല്ല. ഇത് അവർക്ക് മെറ്റയുമായി മത്സരിക്കുന്നതിന് വലിയ തടസ്സമുണ്ടാക്കുന്നു. ലോകത്ത് തന്നെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലേക്ക് അവർ ഒരു ഒറ്റ ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ്.
ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ:
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം: നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സമ്മതിക്കേണ്ടി വരുന്നു.
അധിക ചെലവ്: പരസ്യങ്ങളില്ലാത്ത സേവനം വേണമെങ്കിൽ നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കേണ്ടതായി വരും.
കുറഞ്ഞ ഓപ്ഷനുകൾ: മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മെറ്റയുമായി മത്സരിക്കാൻ കഴിയാത്തതിനാൽ, മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നതിൽ അല്ലെങ്കിൽ അത്തരം ആപ്പുകൾ തിരഞ്ഞെടുക്കുന്നത് പരിമിതമായ ഒന്നാണ്.
മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് ജോയൽ കപ്ലാൻ യൂറോപ്യൻ യൂണിയന്റെ നടപടികളിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വിജയിച്ച അമേരിക്കൻ കമ്പനികളെ തടയാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമമാണെന്നാണ് അദ്ദേഹം ആരോപിച്ചത്.
മെറ്റയുടെ സൗജന്യ സേവനങ്ങൾ പരസ്യ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും, Consent or pay മോഡൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുവെന്നുമാണ് മെറ്റയുടെ വാദം. എന്നാൽ, യൂറോപ്യൻ യൂണിയൻ ഈ വാദം തള്ളിക്കളഞ്ഞു. ഇത് ഉപയോക്താക്കളെ നിർബന്ധിത തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
മെറ്റയ്ക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് വലിയ തോതിലുള്ള പരസ്യ വരുമാനം നേടാൻ സാധിക്കും. എന്നാൽ, പുതിയതും ചെറിയതുമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഈ ഡാറ്റ ലഭ്യമല്ല. ഇത് അവർക്ക് മെറ്റയുമായി മത്സരിക്കുന്നതിന് വലിയ തടസ്സമുണ്ടാക്കുന്നു. ലോകത്ത് തന്നെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലേക്ക് അവർ ഒരു ഒറ്റ ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (DMA): ലക്ഷ്യമെന്ത്?
2022-ൽ യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (DMA), വലിയ ടെക് കമ്പനികളെ ‘ഗേറ്റ്കീപ്പർമാർ’ എന്ന് നിർവചിക്കുകയും അവരുടെ മത്സരവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിടുകയും ചെയ്യുന്നു. ആപ്പിൾ, മെറ്റ, ഗൂഗിൾ, ആമസോൺ തുടങ്ങിയ വമ്പൻ കമ്പനികൾ ഈ ഗണത്തിൽപ്പെടുന്നു.
ചെറുകിട കമ്പനികൾക്ക് ഡിജിറ്റൽ വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുക.
ഉപയോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാക്കുക.
ഡിജിറ്റൽ സേവനങ്ങളുടെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുക.
ആഗോളതലത്തിലുള്ള പ്രത്യാഘാതങ്ങൾ
യൂറോപ്യൻ യൂണിയന്റെ ഈ നടപടി യൂറോപ്യൻ യൂണിയനും അമേരിക്കൻ ടെക് കമ്പനികളും തമ്മിലുള്ള ദീർഘകാലത്തെ പിരിമുറുക്കത്തിന്റെ സൂചനയാണ്. ആപ്പിളും മെറ്റയും ഈ പിഴയ്ക്കെതിരെ അപ്പീൽ നൽകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും യൂറോപ്യൻ യൂണിയന്റെ ഈ ശക്തമായ നിലപാട് മറ്റ് രാജ്യങ്ങൾക്കും പ്രചോദനമായേക്കാം. മുമ്പ്, ഗൂഗിളിനെതിരെ 2018-ൽ ചുമത്തിയ 4.34 ബില്യൺ യൂറോയുടെ പിഴ പോലുള്ള നടപടികൾ ടെക് കമ്പനികളെ അവരുടെ ബിസിനസ് രീതികൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

ആപ്പിളിന്റെ ആപ്പ് സ്റ്റോർ നിയന്ത്രണങ്ങളും മെറ്റയുടെ Consent or Pay മോഡലും ഉപയോക്താക്കളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വിലയിരുത്തുന്നു. ഈ നിയന്ത്രണങ്ങൾ വിപണിയിലെ മത്സരത്തെ തടസ്സപ്പെടുത്തുകയും ചെറിയ കമ്പനികൾക്ക് വളരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. 700 മില്യൺ യൂറോയുടെ ഈ ഭീമമായ പിഴ, ഡിജിറ്റൽ വിപണികളിൽ ന്യായമായ മത്സരവും ഉപയോക്താക്കളുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ഉറച്ച തീരുമാനത്തെയാണ് സൂചിപ്പിക്കുന്നത്. ഈ നടപടി ആഗോള ടെക് വ്യവസായത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും, ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പുകളും ലഭ്യമാക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കാം.
ചൈന-അമേരിക്ക വ്യാപാര യുദ്ധം തുടരുന്ന ഈ സാഹചര്യത്തിൽ, യൂറോപ്യൻ യൂണിയൻെറ ഈ നടപടി ചൈനയ്ക്ക് തന്ത്രപരമായ നേട്ടങ്ങൾ നൽകുമോ എന്ന ചോദ്യം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. മെറ്റയ്ക്കും ആപ്പിളിനുമെതിരായ നടപടി ചൈനയുടെ നേരിട്ടുള്ള സ്വാധീനത്തിൻെറ ഭാഗമായിട്ടാണെന്ന തരത്തിലും ചില വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
2018 മുതൽ നിലനിൽക്കുന്ന ചൈന-അമേരിക്ക വ്യാപാര യുദ്ധം, താരിഫുകൾ, സാങ്കേതിക നിയന്ത്രണങ്ങൾ, ഹുവായ് പോലുള്ള കമ്പനികൾക്കെതിരായ ഉപരോധങ്ങൾ എന്നിവയിലൂടെ ടെക് വ്യവസായത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്ക, ചൈനീസ് ടെക് കമ്പനികളെ ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ചൈനയാകട്ടെ അമേരിക്കൻ കമ്പനികൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻെറ അമേരിക്കൻ ടെക് കമ്പനികൾക്കെതിരായ ഈ കർശന നടപടികൾ ചൈനയ്ക്ക് ഒരു തന്ത്രപരമായ അവസരമായി മാറിയേക്കാമെന്ന് വിലയിരുത്താം.
ചൈനയുടെ നേട്ടങ്ങൾ
ചൈനീസ് ടെക് കമ്പനികൾക്ക് വിപണി വിപുലീകരണം: EU-ന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (DMA) അമേരിക്കൻ കമ്പനികളുടെ വിപണിയിലെ മേധാവിത്വം കുറയ്ക്കുന്നതോടെ, ഹുവായ്, ഷവോമി, ടെൻസെന്റ് തുടങ്ങിയ ചൈനീസ് ടെക് കമ്പനികൾക്ക് യൂറോപ്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ അവസരം നൽകും. ഉദാഹരണത്തിന്, ആപ്പിളിന്റെ ആപ്പ് സ്റ്റോർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാൽ, ചൈനീസ് ആപ്പ് സ്റ്റോറുകൾക്ക് iOS പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം ലഭിച്ചേക്കാം.

South China Morning Post-ന്റെ (മാർച്ച് 2024) റിപ്പോർട്ടിൽ പറയുന്നത്, ‘EU-ന്റെ ടെക് നിയന്ത്രണങ്ങൾ അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയാകുമ്പോൾ, ചൈനീസ് ടെക് ഭീമന്മാർ യൂറോപ്പിൽ തങ്ങളുടെ സ്മാർട്ട്ഫോണുകളും ആപ്പ് ഇക്കോസിസ്റ്റവും വിപുലീകരിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു’ എന്നാണ്.
അമേരിക്കൻ ടെക് കമ്പനികളുടെ ദുർബലത: EU ചുമത്തുന്ന പിഴകളും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും ആപ്പിളിന്റെയും മെറ്റയുടെയും ലാഭത്തെയും വിപണിയിലെ സ്വാധീനത്തെയും പ്രതികൂലമായി ബാധിക്കുമ്പോൾ, ആഗോള ടെക് വിപണിയിൽ മുൻതൂക്കം നേടാൻ ചൈനയ്ക്ക് സാധിക്കും. EU-ന്റെ ഡാറ്റാ സ്വകാര്യതയും മത്സര നിയമങ്ങളും പാലിച്ചുകൊണ്ട് യൂറോപ്പിൽ കൂടുതൽ സ്വീകാര്യത നേടാനുള്ള ശ്രമങ്ങൾ ചൈനീസ് കമ്പനികൾ ഇതിനോടകം തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ട്. Reuters-ന്റെ (ഫെബ്രുവരി 2025) ഒരു വിശകലനത്തിൽ പറയുന്നത്, "EU-ന്റെ DMA നടപടികൾ അമേരിക്കൻ ടെക് കമ്പനികളെ ദുർബലപ്പെടുത്തുമ്പോൾ, ചൈനീസ് കമ്പനികൾ യൂറോപ്യൻ വിപണിയിൽ, പ്രത്യേകിച്ച് 5G, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകളിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു" എന്നാണ്.
ചൈന-അമേരിക്ക വ്യാപാര യുദ്ധത്തിൽ, EU-ന്റെ അമേരിക്കൻ കമ്പനികൾക്കെതിരായ നിലപാട് ചൈനയ്ക്ക് പരോക്ഷ നേട്ടമായി മാറിയേക്കാം. EU-ന്റെ നിയന്ത്രണങ്ങൾ ചൈനയെ നേരിട്ട് ലക്ഷ്യം വെക്കുന്നില്ല എന്നതിനാൽ, ചൈനീസ് കമ്പനികൾക്ക് EU-മായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ സാധിക്കുന്നു. യൂറോപ്യൻ യൂണിയൻെറ ടെക് നിയന്ത്രണങ്ങൾ ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലോ സ്വാധീനത്തിലോ ആണോ എന്നതിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാലും, ഇതിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. ചില അമേരിക്കൻ മാധ്യമങ്ങൾ ഈ നടപടികൾ അമേരിക്കൻ കമ്പനികളെ തകർക്കാൻ ചൈനയുമായി യൂറോപ്യൻ യൂണിയൻ പരോക്ഷമായി സഹകരിക്കുന്നതിൻെറ ഭാഗമാണെന്ന് വാദിക്കുന്നു. The Wall Street Journal-ൽ (ജനുവരി 2025) വന്ന ഒരു ലേഖനത്തിൽ, "EU-ന്റെ കർശനമായ ടെക് നിയന്ത്രണങ്ങൾ അമേരിക്കൻ കമ്പനികളെ ദുർബലപ്പെടുത്തുമ്പോൾ, ചൈനീസ് ടെക് വ്യവസായത്തിന് ഇത് ഒരു അനുഗ്രഹമായി മാറുന്നു. എന്നാൽ, EU-ന്റെ നയങ്ങൾ ചൈനയുടെ നേരിട്ടുള്ള സ്വാധീനത്തിന് കീഴിലാണോ എന്നത് ഇപ്പോഴും വ്യക്തമല്ല," എന്ന് ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ യൂണിയൻ തങ്ങളുടെ നിയന്ത്രണങ്ങൾ യൂറോപ്യൻ ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനും മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Financial Times-ന്റെ (മാർച്ച് 2024) റിപ്പോർട്ട് അനുസരിച്ച്, EU-ലെ മത്സര കമ്മീഷണറായ മാർഗ്രെത്തെ വെസ്റ്റേജർ പറഞ്ഞത്, "ഞങ്ങളുടെ നിയമങ്ങൾ ആഗോള ടെക് കമ്പനികൾക്ക്, അവർ എവിടെ നിന്നുള്ളവരായാലും, ഒരേ മാനദണ്ഡങ്ങളാണ് ബാധകമാക്കുന്നത്. ഇത് യൂറോപ്പിന്റെ ഡിജിറ്റൽ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്," എന്നാണ്.

ചൈന EU-ന്റെ ഈ നടപടികളെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇത് തങ്ങളുടെ നേരിട്ടുള്ള ഇടപെടൽ മൂലമാണെന്ന് അവർ അവകാശപ്പെട്ടിട്ടില്ല. ചൈനീസ് സർക്കാർ മാധ്യമമായ Global Times-ൽ (ഫെബ്രുവരി 2025) പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, "EU-ന്റെ നടപടികൾ ആഗോള ടെക് വിപണിയിൽ നീതി ഉറപ്പാക്കുന്നു. അമേരിക്കൻ കമ്പനികളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടുന്നത് ചൈനീസ് കമ്പനികൾക്ക് മാത്രമല്ല, എല്ലാ വികസ്വര രാജ്യങ്ങൾക്കും ഗുണകരമാണ്," എന്ന് അഭിപ്രായപ്പെടുന്നു.
യൂറോപ്യൻ യൂണിയൻെറ നടപടികൾ അമേരിക്കൻ ടെക് കമ്പനികളെ ദുർബലപ്പെടുത്തുന്നതിനാൽ, ചൈനീസ് ടെക് വ്യവസായത്തിന് ഇത് തന്ത്രപരമായ നേട്ടങ്ങൾ സമ്മാനിക്കുന്നുണ്ട്. ചൈന-അമേരിക്ക വ്യാപാര യുദ്ധം തുടരുന്ന സാഹചര്യത്തിൽ, EU-ന്റെ നയങ്ങൾ ആഗോള ടെക് വിപണിയിൽ ചൈനയ്ക്ക് കൂടുതൽ സ്വാധീനം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എങ്കിലും, യൂറോപ്യൻ യൂണിയന്റെ പ്രധാന ലക്ഷ്യം യൂറോപ്യൻ ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഒരു മത്സരധിഷ്ഠിതമായ വിപണി ഉറപ്പാക്കുക എന്നതുമാണെന്ന് അവർ ആവർത്തിക്കുന്നു.
യൂറോപ്യൻ യൂണിയൻ ചുമത്തിയ 700 മില്യൺ യൂറോയുടെ പിഴ, ആപ്പിളിന്റെയും മെറ്റയുടെയും മത്സരവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിനുള്ള നീക്കമാണ്. എന്നാൽ, ചൈന-അമേരിക്ക വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ നടപടി ചൈനീസ് ടെക് കമ്പനികൾക്ക് യൂറോപ്യൻ വിപണിയിൽ മുൻതൂക്കം നേടാൻ അവസരം നൽകുന്നു. യൂറോപ്യൻ യൂണിയൻെറ പുതിയ നയങ്ങൾ ഡിജിറ്റൽ വിപണിയിൽ നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കുമ്പോൾ തന്നെ, ആഗോള ടെക് ഭൂപടത്തിൽ പുതിയ ശക്തി വിന്യാസങ്ങൾക്ക് വഴി തെളിയിച്ചേക്കാം. നിർബന്ധിതമായി വാങ്ങുവാൻ പ്രേരിപ്പിക്കുന്ന, അടിച്ചേൽപ്പിക്കുന്ന കോർപ്പറേറ്റ് തന്ത്രങ്ങൾക്കു മേലെ ചൈന പല രൂപത്തിലും പടർന്നു കയറുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കാം.