ബാലേന്ദ്ര ഷാ.

പുതു രാഷ്ട്രീയ
ചരിത്രമെഴുതി Gen Z,
നേപ്പാളിൽ ബാലേൻ ഷാ
അധികാരത്തിലേക്ക്

Gen Z പ്രക്ഷോഭത്തിനുശേഷം നേപ്പാൾ പാർലമെന്റിലേക്കുനടന്ന നിർണായക തെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയ്ക്ക് വൻ മുന്നേറ്റം. പരമ്പരാഗത പാർട്ടികൾ തകർന്നടിഞ്ഞു. 35 കാരനായ ബാലേൻ പ്രധാനമന്ത്രിയാകുന്നതോടെ നേപ്പാൾ പുതിയൊരു രാഷ്ട്രീയ സംവിധാനത്തിലേക്കും തലമുറയിലേക്കും യാത്ര തുടങ്ങുകയാണ്.

2025-ലെ Gen Z പ്രക്ഷോഭത്തിനുശേഷം നേപ്പാൾ പാർലമെന്റിലേക്കുനടന്ന നിർണായക തെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയ്ക്ക് (RSP) വൻ മുന്നേറ്റം. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളായ നേപ്പാളി കോൺഗ്രസ്, സി.പി.എൻ- യു.എം. എൽ (CPN-UML) എന്നിവ തകർന്നടിഞ്ഞപ്പോൾ, ബാലേൻഷായുടെ RSP ആകെയുള്ള 165-ൽ 118 സീറ്റിൽ മുന്നിലാണ്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി, CPN-UML 10 സീറ്റിൽ വീതവും നേപ്പാളി കോൺഗ്രസ് ഒമ്പതു സീറ്റിലും മുന്നിട്ടുനിൽക്കുന്നു.

നാലു തവണ പ്രധാനമന്ത്രിയായ CPN- UML സ്ഥാനാർഥി കെ.പി. ശർമ ഓലിക്കെതിരെ ഝാപ്പ- 5 മണ്ഡലത്തിൽ മത്സരിച്ച ബാലേന്ദ്ര ഷായ്ക്ക് 40,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പ്രമുഖ പരമ്പരാഗത പാർട്ടികളിലെ പ്രധാന നേതാക്കളെല്ലാം പുറകിലാണ്. ശർമ ഓലിയെ കൂടാതെ പാർട്ടി വൈസ് ചെയർമാൻ ബിഷ്ണു പൗദൽ, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി നേതാവ് രാജേന്ദ്ര ലിങ്ടൺ, കമാൽ താപ്പ, മുതിർന്ന നേപ്പാളി കോൺഗ്രസ് നേതാവ് ശേഖർ കൊയ്‌രാള, ബിനോദ് ചൗധരി, ജനമത് പാർട്ടി നേതാവ് സി.കെ. റൗട്ട് തുടങ്ങി പ്രമുഖ പാർട്ടികളുടെ നേതാക്കളെല്ലാം പിന്നിലാണ്.

നേപ്പാളി പ്രതിനിധി സഭയിൽ 275 സീറ്റാണുള്ളത്. ഇതിൽ 165 പേരെയാണ് നേരിട്ട് തെരഞ്ഞെടുക്കുന്നത്. 110 പേരെ വോട്ട് ഷെയറിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്ക് വീതിച്ചുനൽകും. 68 പാർട്ടികളാണ് ഇത്തവണ മത്സരിച്ചത്.

ജെൻ- സി തലമുറയുടെ പിന്തുണയുള്ള 35 കാരനായ കാഠ്മണ്ഡു മുൻ മേയർ ബാലേൻ പ്രധാനമന്ത്രിയാകുന്നതോടെ നേപ്പാൾ പുതിയൊരു രാഷ്ട്രീയ ഘടനയിലേക്കും തലമുറയിലേക്കും യാത്ര തുടങ്ങുകയാണ്.

ബാലേന്ദ്ര ഷാ. ജെൻ- സി തലമുറയുടെ പിന്തുണയുള്ള 35 കാരനായ ബാലേൻ പ്രധാനമന്ത്രിയാകുന്നതോടെ നേപ്പാൾ പുതിയൊരു രാഷ്ട്രീയ ഘടനയിലേക്കും തലമുറയിലേക്കും യാത്ര തുടങ്ങുകയാണ്.
ബാലേന്ദ്ര ഷാ. ജെൻ- സി തലമുറയുടെ പിന്തുണയുള്ള 35 കാരനായ ബാലേൻ പ്രധാനമന്ത്രിയാകുന്നതോടെ നേപ്പാൾ പുതിയൊരു രാഷ്ട്രീയ ഘടനയിലേക്കും തലമുറയിലേക്കും യാത്ര തുടങ്ങുകയാണ്.

കഴിഞ്ഞ 18 വർഷങ്ങൾക്കിടയിൽ 14 സർക്കാറുകളാണ് നേപ്പാൾ മാറിമാറി ഭരിച്ചത്. പുഷ്പകമാൽ ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ, CPM- MC), കെ.പി. ശർമ ഓലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണിഫൈഡ്- മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്- CPN- UML), ശേർ ബഹാദൂർ ദ്യൂബയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസ് (NC) എന്നീ പാർട്ടികളാണ് രാജ്യത്തിന്റെ അധികാരരാഷ്ട്രീയത്തിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ആധിപത്യം പുലർത്തിയിരുന്നത്.

അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ തെരുവിലിറങ്ങിയ യുവാക്കൾ, പഴയ നേതാക്കളുടെ 'മ്യൂസിക്കൽ ചെയർ' കളിക്ക് അന്ത്യം കുറിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു. ഡിജിറ്റൽ സുതാര്യത, തൊഴിലവസരം, ലിംഗസമത്വം എന്നിവയായിരുന്നു ജെൻ സി പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങൾ. തൊഴിലില്ലായ്മ പരിഹരിക്കണമെന്നും വിദേശ കുടിയേറ്റം തടയണമെന്നുമായിരുന്നു പ്രധാന ആവശ്യങ്ങൾ. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്ക് കുടിയേറുന്ന യുവാക്കൾ നേപ്പാളിന്റെ സാമൂഹിക മാറ്റത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും ജോലി ചെയ്ത് തിരികെ എത്തുന്നവർ പുറംലോകത്തെ ജനാധിപത്യ ബോധവും ആധുനിക ആശയങ്ങളും ഒപ്പം കൊണ്ടുവരുന്നത് പഴയ സിസ്റ്റത്തിനെതിരായ പോരാട്ടത്തിന് ശക്തി പകർന്നു.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ പഴഞ്ചൻ ശൈലികളും ആധുനികത ആഗ്രഹിക്കുന്ന യുവാക്കളും തമ്മിലുള്ള 'സാംസ്കാരിക യുദ്ധമാണ്' നേപ്പാളിൽ നടക്കുന്നത് എന്ന വിലയിരുത്തിലായിരുന്നു രാഷ്ട്രീയ നിരീക്ഷകർ. അതുകൊണ്ടുതന്നെ, പുതിയൊരു പാർട്ടിയുടെയും യുവനേതാവിന്റെയും അധികാരാവരോഹണവും പഴയ പാർട്ടികളുടെ തകർച്ചയും നേപ്പാളിന്റെ പരമ്പരാഗത രാഷ്ട്രീയചരിത്രത്തെ തന്നെ അട്ടിമറിക്കാൻ പോന്നതാണ്.

2025-ൽ നടന്ന ജെൻ സി പ്രക്ഷോഭം പുതിയ തലമുറയുടെ വികാരപ്രകടനമായിരുന്നില്ല, മറിച്ച്, പരമ്പരാഗത ഭരണ- രാഷ്ട്രീയ സംവിധാനങ്ങൾക്കെതിരായ അതിശക്തമായ നിലപാടു കൂടിയായിരുന്നുവെന്നാണ് ബാലേൻ ഷായുടെ പാർട്ടി നേടിയ വിജയം സൂചിപ്പിക്കുന്നത്.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ പഴഞ്ചൻ ശൈലികളും ആധുനികത ആഗ്രഹിക്കുന്ന യുവാക്കളും തമ്മിലുള്ള 'സാംസ്കാരിക യുദ്ധമാണ്' നേപ്പാളിൽ നടക്കുന്നത് എന്ന വിലയിരുത്തിലായിരുന്നു രാഷ്ട്രീയ നിരീക്ഷകർ.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ പഴഞ്ചൻ ശൈലികളും ആധുനികത ആഗ്രഹിക്കുന്ന യുവാക്കളും തമ്മിലുള്ള 'സാംസ്കാരിക യുദ്ധമാണ്' നേപ്പാളിൽ നടക്കുന്നത് എന്ന വിലയിരുത്തിലായിരുന്നു രാഷ്ട്രീയ നിരീക്ഷകർ.

2025 സപ്തംബറിൽ യുവാക്കളുടെ പ്രക്ഷോഭം രൂക്ഷമായതിനെതുടർന്ന് കെ.പി. ശർമ്മ ഓലി സർക്കാർ രാജിവയ്ക്കുകയും മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേൽക്കുകയും ചെയ്തു. പ്രക്ഷോഭത്തിനെതിരായ സർക്കാർ അടിച്ചമർത്തലിൽ 77 പേർ കൊല്ലപ്പെട്ടു.

ആളിക്കത്തിയ യുവരോഷത്തിനിടയിൽനിന്നാണ് റാപ്പറും സംഗീതജ്ഞനുമായ ബാലേന്ദ്ര ഷാ ഉയർന്നുവന്നത്. 2022-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ബാലേൻ കാഠ്മണ്ഡു മേയറായിരുന്നു. പ്രക്ഷോഭത്തെതുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ മുൻ ടി.വി അവതാരകനും രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) നേതാവുമായ രവി ലാമിച്ഛാനേയുമായി ബാലേൻ സഖ്യത്തിലേർപ്പെട്ടു. പഴയ രാഷ്ട്രീയക്രമത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ തങ്ങൾ ‘ആന്റി- എസ്റ്റാബ്ലിഷ്‌മെന്റ്' കൂട്ടുകെട്ട് രൂപീകരിച്ചതായി ഇവർ പ്രഖ്യാപിച്ചു. ഇലക്ഷനുമുമ്പ് ഉണ്ടാക്കിയ കരാർ അനുസരിച്ച് രവി ലാമിച്ഛാനേ പാർട്ടി അധ്യക്ഷനായി തുടരും, ബാലേൻ ഷാ പ്രധാനമന്ത്രിയും.

അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ രവി ലാമിച്ചാനെ കൂടാതെ, സാങ്കേതിക തികവുള്ള യുവഭരണം സ്വപ്നം കാണുന്ന സാഗർ ധക്കാലിനെ പോലുള്ള പുതിയ നേതാക്കളും നേപ്പാൾ രാഷ്ട്രീയത്തിൽ ശക്തമായ തരംഗം സൃഷ്ടിക്കുന്നുണ്ട്.

ബാലേൻ ഷായുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയാണ് യുവാക്കളെ ആകർഷിച്ചത്. പ്രക്ഷോഭത്തിന് പിന്തുണ നൽകി അദ്ദേഹം യുവാക്കൾക്കൊപ്പം നിന്നു. പ്രക്ഷോഭത്തിന്റെ പൾസ് തിരിച്ചറിഞ്ഞ് ബാലേൻ ഷാ സോഷ്യൽ മീഡിയയിലൂടെ തന്റെ കവിതകളുമായി രാഷ്ട്രീയ കാമ്പയിന് തുടക്കമിട്ടു. യുവാക്കളുടെ രോഷമാണ് ബാലേൻ ഷായുടെ പാട്ടുകളിലും കവിതകളിലും നിറഞ്ഞുനിന്നത്. ഇതോടെ, പരമ്പരാഗത പാർട്ടികളിലെ അതൃപ്തരായ യുവാക്കളുടെ വലിയ പിന്തുണ അദ്ദേഹം നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളുടെ ഫോളോവേഴ്സാണ് ബാലേൻ ഷായ്ക്കുള്ളത്.

ഏകദേശം 1.9 കോടി വോട്ടർമാരുള്ള നേപ്പാളിൽ, ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കളിലാണ് ബാലേൻ ഷായുടെ സഖ്യം പ്രതീക്ഷയർപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറെയും ജെന്‍ സി വോട്ടര്‍മാരായിരുന്നു.

നേപ്പാള്‍ മുൻ  പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി . 2025 സപ്തംബറിൽ യുവാക്കളുടെ പ്രക്ഷോഭം രൂക്ഷമായതിനെതുടർന്ന് കെ.പി. ശർമ്മ ഓലി സർക്കാർ രാജിവയ്ക്കുകയും മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേൽക്കുകയും ചെയ്തു.
നേപ്പാള്‍ മുൻ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി . 2025 സപ്തംബറിൽ യുവാക്കളുടെ പ്രക്ഷോഭം രൂക്ഷമായതിനെതുടർന്ന് കെ.പി. ശർമ്മ ഓലി സർക്കാർ രാജിവയ്ക്കുകയും മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേൽക്കുകയും ചെയ്തു.

നേപ്പാളിലെ നിർണായകമായ രാഷ്ട്രീയമാറ്റം ഇന്ത്യയും ചൈനയും ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലെ ഇന്ത്യയുടെ ഇടപെടലുകളിലും കടുത്ത നിലപാട് സ്വീകരിക്കുന്ന ബാലേൻ ഷാ, ചൈനയോട് നിഷ്പക്ഷ സമീപനമാണ് പുലർത്തുന്നത്.

ജെൻ- സി പ്രക്ഷോഭത്തിനുപിന്നിൽ അമേരിക്ക അടക്കമുള്ള ‘ബാഹ്യ’ ഇടപെടലുകളുണ്ടോ എന്ന സംശയം, പ്രക്ഷോഭകാലത്തുതന്നെ ഉയർന്നുവന്നിരുന്നു. 2025 സെപ്തംബർ 4-നാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂ ട്യൂബ്, എക്സ്, റെഡ്ഡിറ്റ് തുടങ്ങീ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേപ്പാളിൽ നിരോധിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും അമേരിക്കൻ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. വ്യാജവാർത്തകൾ, സൈബർ കുറ്റകൃത്യങ്ങൾ, ഹേറ്റ് സ്പീച്ച് തുടങ്ങിയവ നിയന്ത്രിക്കുന്നതിൽ ഈ പ്ലാറ്റ്ഫോമുകൾ പരാജയമായെന്നും ഒപ്പം സർക്കാരിൻെറ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നുമാണ് നിരോധനത്തിന് സർക്കാർ പറഞ്ഞ വിശദീകരണം. ഇതിന് ശേഷവും രാജ്യത്ത് പ്രവർത്തിച്ച് കൊണ്ടിരുന്ന ഒരു പ്രധാന സോഷ്യൽ മീഡിയ ആപ്പ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിൻെറ ടിക്ക്ടോക്ക് മാത്രമാണ്. അവർക്ക് നേപ്പാളിൽ ഇതിനോടകം പ്രാദേശിക ഓഫീസും സ്ഥാപിച്ചിരുന്നു. ടിക്ക് ടോക്ക് നിരോധിക്കപ്പെടാതിരുന്നത് വലിയ എതിർപ്പിന് കാരണമായിരുന്നു. നേരത്തെ നേപ്പാളിൽ ടിക്ടോക്ക് നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ, പ്രാദേശികമായി പ്രവർത്തിക്കാമെന്ന ഉറപ്പിൻമേലാണ് വീണ്ടും അനുമതി ലഭിച്ചത്. അമേരിക്കൻ പ്ലാറ്റ്ഫോമുകൾ നിരോധിക്കപ്പെടുകയും ചൈനയുടെ ടിക് ടോക്കിന് മാത്രം പ്രവർത്തനം തുടരാൻ അനുമതി ലഭിക്കുകയും ചെയ്തതാണ് പ്രതിഷേധമുണ്ടാക്കിയത്. പ്രതിഷേധക്കാർക്ക് അമേരിക്കയുടെയും ഭരണകൂട തീരുമാനങ്ങൾക്ക് ചൈനയുടെയും പിന്തുണ ഉണ്ടായിരുന്നുവെന്ന വാദം ഈ സാഹചര്യത്തിലാണ് ഉയർന്നുവന്നത്.

ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന പുതിയ ഭരണകൂടത്തിന്, പുതിയ തലമുറയുടെ അഭിലാഷങ്ങൾ എത്രത്തോളം പ്രതിനിധീകരിക്കാനാകും എന്നതും നേപ്പാളിനെ ജനാധിപത്യത്തിന്റെ പുതുയുഗത്തിലേക്ക് എങ്ങനെയെല്ലാം നയിക്കാനാകും എന്നത് വലിയ ചോദ്യവും വെല്ലുവിളിയുമാണ്.

അമേരിക്കൻ പ്ലാറ്റ്ഫോമുകൾ നിരോധിക്കപ്പെടുകയും ചൈനയുടെ ടിക് ടോക്കിന് മാത്രം പ്രവർത്തനം തുടരാൻ അനുമതി ലഭിക്കുകയും ചെയ്തതാണ്, ജെൻ സി പ്രക്ഷോഭത്തിനുപിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്ന ആരോപണമുയരാൻ ഇടയാക്കിയത്.
അമേരിക്കൻ പ്ലാറ്റ്ഫോമുകൾ നിരോധിക്കപ്പെടുകയും ചൈനയുടെ ടിക് ടോക്കിന് മാത്രം പ്രവർത്തനം തുടരാൻ അനുമതി ലഭിക്കുകയും ചെയ്തതാണ്, ജെൻ സി പ്രക്ഷോഭത്തിനുപിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്ന ആരോപണമുയരാൻ ഇടയാക്കിയത്.

നേപ്പാളിന്റെ കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രം സംഘർഷഭരിതമായ ഒട്ടേറെ സന്ദർഭങ്ങളിലൂടെയാണ് കടന്നുപോന്നിട്ടുള്ളത്. 1990-ലെ 'ജന ആന്ദോളൻ' പ്രക്ഷോഭത്തിലൂടെ രാജാവിന്റെ നേരിട്ടുള്ള അധികാരം കുറയ്ക്കുകയും ബഹുകക്ഷി ജനാധിപത്യത്തിന് അടിത്തറയിടുകയും ചെയ്തു. 1996 മുതൽ പത്ത് വർഷം നടന്ന മാവോയിസ്റ്റ് സായുധ പോരാട്ടം രാജഭരണം അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. 2006-ലെ രണ്ടാം ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് രാജാവ് അധികാരമൊഴിഞ്ഞ് 2008-ൽ നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഇതോടെ 240 വർഷം നീണ്ടുനിന്ന ഷാ രാജവംശത്തിന് അന്ത്യമാവുകയും രാജ്യം ഹിന്ദു രാഷ്ട്രത്തിൽ നിന്ന് മതേതര റിപ്പബ്ലിക്കിലേക്കുള്ള നിർണ്ണായകമായ മാറ്റം പൂർത്തിയാക്കുകയും ചെയ്തു. 2015-ൽ പുതിയ ഭരണഘടന നിലവിൽ വന്നുവെങ്കിലും, അതിലെ വ്യവസ്ഥകളെച്ചൊല്ലിയുള്ള തർക്കം ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മാസങ്ങളോളം നീണ്ട ഉപരോധത്തിന് കാരണമായി. ഏറ്റവുമൊടുവിലാണ് 2025 സെപ്റ്റംബറിൽ 'ജെൻ സി' തലമുറ ഡിജിറ്റൽ വിപ്ലവത്തിലൂടെ തെരുവിലിറങ്ങിയത്.

Comments