പലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിച്ച മനുഷ്യാവകാശ പ്രവർത്തകയ്ക്കാണ് ഇത്തവണത്തെ സമാധാന നൊബേൽ. ഇന്ത്യൻ തമിഴ് വംശജയായ, ദക്ഷിണാഫ്രിക്കക്കാരിയായ നവനീതം നവി പിള്ളൈ ആയിരുന്നു ഗാസയിൽ നടക്കുന്ന വംശഹത്യയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച യു.എൻ എൻക്വയറി കമ്മീഷൻ ചീഫ്. “2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം, സമഗ്രമായ ആഗോള നിയമവ്യവസ്ഥയ്ക്ക് വേണ്ടി അസാധാരണമായ ധൈര്യത്തോടെയും സത്യസന്ധതയോടെയും നേതൃത്വം നൽകിയ വ്യക്തിക്കാണ്. യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമനടപടികൾക്ക് വിധേയരാക്കുന്നതിൽ അവർ വലിയ ഇടപെടലുകൾ നടത്തി.” 85-കാരിയായ നവി പിള്ളൈയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് നോർവീജിയൻ നൊബേൽ കമ്മിറ്റി വ്യക്തമാക്കി. നൊബേൽ കമ്മിറ്റി വിശദീകരിച്ചിരുന്നത് പോലെ തന്നെയാണ് നവി പിള്ളെയുടെ പ്രവർത്തനങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ വിവേചമനില്ലാതെ നടപ്പിലാവുന്നതിന് വേണ്ടിയാണ് അവർ അഹോരാത്രം പ്രവർത്തിച്ച് കൊണ്ടിരുന്നത്.
“ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. പലസ്തീനിലെ ജനതയെ ഒന്നാകെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രായേലിൻെറ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കാണ്. ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരാണ് വംശഹത്യക്ക് നേതൃത്വം നൽകുന്നത്,” - യു.എന്നിൻെറ പലസ്തീൻ അന്വേഷണ കമ്മീഷൻ ചീഫ് ആയിരിക്കെ 2025 സെപ്തംബറിൽ അവർ പറഞ്ഞു. 1994-ൽ റുവാണ്ടയിൽ പത്ത് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട വംശഹത്യ നടന്ന കാലത്ത് അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ യു.എൻ ട്രൈബ്യൂണലിനെ നയിച്ചിരുന്നതും നവി പിള്ളൈ ആയിരുന്നു. “റുവാണ്ടയിലെ വംശഹത്യയുടെ സാഹചര്യം നോക്കുമ്പോൾ സമാനമായ അവസ്ഥ തന്നെയാണ് ഗാസയിൽ ഇപ്പോൾ നടക്കുന്നതെന്നാണ് മനസ്സിലാവുന്നത്. ആദ്യം ഇരകളെ നിങ്ങൾ മനുഷ്യരായി പോലും പരിഗണിക്കാതിരിക്കുന്നു. അവർ നിങ്ങൾക്ക് മൃഗങ്ങളെ പോലെയാണ്. അതിനാൽ ഒരു മനസാക്ഷിക്കുത്തുമില്ലാതെ നിങ്ങൾക്ക് അവരെ കൊന്നൊടുക്കാം,” ഗാസാ റിപ്പോർട്ട് സമർപ്പിച്ചുകൊണ്ട് നവി പിള്ളൈ വ്യക്തമാക്കി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവരാണ് വംശഹത്യക്ക് നേതൃത്വം നൽകുന്നതെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകങ്ങളുടെ കണക്ക്, സഹായം തടസ്സപ്പെടുത്തൽ, ആളുകളെ വാസസ്ഥലങ്ങളിൽ നിന്ന് നിർബന്ധിതമായി ഒഴിപ്പിക്കുന്നത് തുടങ്ങിയ വിഷയങ്ങളെല്ലാം റിപ്പോർട്ട് ഗൗരവമായി വിലയിരുത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ, ദക്ഷിണാഫ്രിക്കൻ ഹൈക്കോടതി, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നിവിടങ്ങളിൽ ജഡ്ജി തുടങ്ങിയ പദവികളിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 287 പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് നവി പിള്ളൈയെ നൊബേൽ കമ്മിറ്റി പുരസ്കാര ജേതാവായി തെരഞ്ഞെടുത്തത്.

