യൂറോപ്യൻ യൂണിയൻ ഫണ്ട് തിരിമറി നടത്തിയെന്ന കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് മരിൻ ലെ പെന്നിന് അഞ്ച് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക്. നിലവിലെ പ്രതിപക്ഷനേതാവായ ഇവർക്ക് ഇതോടെ 2027ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും മത്സരിക്കാൻ സാധിക്കില്ല. ഫ്രാൻസിലെ നാഷണൽ റാലി പാർട്ടിയുടെ മുതിർന്ന നേതാവാണ് ലെ പെൻ. വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി പ്രസിഡൻറ് സ്ഥാനാർത്ഥിയായി ഇവരെ മുന്നിൽ നിർത്തുമെന്ന് ഉറപ്പായിരുന്നു. പാരീസ് കോടതി ഇവർക്ക് നാല് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം യൂറോ പിഴയും അടയ്ക്കണം. യൂറോപ്യൻ യൂണിയൻ ഫണ്ട് ഉപയോഗിച്ച് തൻെറ സ്റ്റാഫിനും പാർട്ടി പ്രവർത്തകർക്കും ശമ്പളം നൽകിയെന്നാണ് കേസിലെ പ്രധാന ആരോപണം. ഇത് ശരിയാണെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
ലെ പെന്നിൻെറ കൂട്ടാളികളായ 9 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർക്കും കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. കേസിൽ അപ്പീൽ പോവുമെന്നാണ് ലെ പെന്നിൻെറ അഭിഭാഷകർ വ്യക്തമാക്കുന്നത്. ഇമ്മാനുവൽ മാക്രോണിൻെറ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഭരണകൂടത്തിൻെറ പ്രതികാര നടപടികളാണ് കോടതിവിധിയിൽ പ്രതിഫലിച്ചതെന്നാണ് നാഷണൽ റാലി പാർട്ടിയുടെ നിലപാട്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് ഉയർത്തിയ ‘അമേരിക്ക ഫസ്റ്റ്’ എന്ന ക്യാമ്പെയിന് സമാനമായി ‘ഫ്രാൻസ് ഫസ്റ്റ്’ എന്ന പ്രചാരണം ഫ്രാൻസിൽ ഉയർത്തിയ നേതാവാണ് ലേ പെൻ. കടുത്ത കുടിയേറ്റ വിരുദ്ധനിലപാടുകളും അവർ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ലെ പെന്നിനെ വിലക്കിയത് ഫ്രാൻസിലെ തീവ്രവലതുപക്ഷത്തിനും പൊതുവിൽ ലോകത്തെ തീവ്രവലതുപക്ഷ പാർട്ടികൾക്കും കനത്ത തിരിച്ചടിയാണ്. പൊതുവിൽ യൂറോപ്പിൽ തീവ്രവലതുപക്ഷ നേതാക്കൾ ഈയടുത്ത കാലത്തായി വലിയ സ്വീകാര്യത ലഭിച്ച് വരുന്നുണ്ട്. അക്കൂട്ടത്തിലെ പ്രധാന നേതാവാണ് ലേ പെൻ. അവർ 2027-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഫ്രഞ്ച് പ്രസിഡൻറാവുമെന്ന് വലതുപാർട്ടികൾക്ക് വലിയ പ്രതീക്ഷയുമുണ്ടായിരുന്നു. അതിനാൽ തന്നെ കടുത്ത ഭാഷയിലാണ് ഇവർ പാരീസ് കോടതിയുടെ വിധിക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. ഇത് ഫ്രഞ്ച് ജനാധിപത്യത്തിന് തന്നെ അന്ത്യം കുറിക്കുന്ന വിധിയാണെന്നാണ് നാഷണൽ റാലിയുടെ പ്രസിഡൻറും ലെ പെന്നിനോട് ഏറ്റവും അടുപ്പമുള്ള ഫ്രഞ്ച് രാഷ്ട്രീയനേതാവുമായ ജോർദാൻ ബാർദെല്ല പ്രതികരിച്ചത്.
ഹങ്കറി പ്രധാനമന്ത്രി വിക്ടർ ഓർബൻ, ഇറ്റലി ഉപപ്രധാനമന്ത്രി മത്തിയോ സാൽവിനി, നെതർലൻഡ്സിലെ തീവ്രവലതുപക്ഷ നേതാവ് ഗീട്ട് വിൽഡേഴ്സ് തുടങ്ങിയ നേതാക്കളെല്ലാം ലെ പെന്നിനെ വിലക്കിയ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും വ്യവസായി ഇലോൺ മസ്കും ലെ പെന്നിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. “ഇത് ഭാവിയിൽ എതിരാളികൾക്ക് വലിയ തിരിച്ചടിയായി മാറും,” ഇലോൺ മസ്കിൻെറ പ്രതികരണം ഇങ്ങനെയാണ്.