ഫ്രാൻസിൽ നിയോ ഫാസിസ്റ്റുകളെ പുറത്താക്കി ഇടതു വിജയം

ഫ്രാൻസിൽ, തെരഞ്ഞെടുപ്പിന്റെ ഉദ്വേഗഭരിതമായ രണ്ടാം ഘട്ടത്തിൽ ഇടതുമുന്നണിക്ക് സുപ്രധാന വിജയം. ഴോൺ ലുക് മിലോഷൊൺ നേതൃത്വം നൽകുന്ന ന്യൂ പോപ്പുലർ ഫ്രണ്ട് (Nouveau Front Populaire ) 182 സീറ്റുകൾ നേടി 577 അംഗ നാഷണൽ അസംബ്ലിയിൽ മുഖ്യ സഖ്യമായി മാറി. വൻ വിജയം നേടുമെന്ന് ജനാധിപത്യവിശ്വാസികൾ ഭയപ്പെട്ട, മറീൻ ലു പെൻ നേതാവായ നിയോ ഫാസിസ്റ്റ് പാർട്ടി, നാഷണലിസ്റ്റ് റാലി ( Reassemblement National) 143 സീറ്റുകളോടെ സഭയിൽ മൂന്നാം സ്ഥാനത്തെത്തി. ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പ്രതിനിധീകരിക്കുന്ന എൻസെമ്പിൾ സഖ്യം (Assemblée Nationale ) 168 സീറ്റുകളോടെ രണ്ടാം സ്ഥാനത്തായി.

ഒറ്റ കക്ഷിക്കോ സഖ്യത്തിനോ നാഷണൽ അസംബ്ലിയിൽ ഭൂരിപക്ഷത്തിനു വേണ്ട 289 സീറ്റുകൾ നേടാൻ കഴിയാത്തതിനാൽ ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടു കഴിഞ്ഞു. മൂന്നാഴ്ച കഴിയുമ്പോൾ പാരിസ് ഒളിമ്പിക്സ് ആരംഭിക്കുമെന്നതിനാൽ പ്രസിഡൻ്റ് മാക്രോൺ നിലവിലെ പ്രധാനമന്ത്രിയോട് അതുവരെ ഭരണത്തിൽ തുടരാൻ ആവശ്യപ്പെടുമെന്ന് പ്രമുഖ ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ട് റിപ്പോർട്ട് ചെയ്തു.

മുൻ ട്രോട്സ്കിയിസ്റ്റും കടുത്ത ഇടതുപക്ഷക്കാരനുമായ മിലോഷോൺ തന്റെ സഖ്യത്തെ പുതിയ ഗവൺമെൻ്റ് രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ കൂലിയിൽ 14% വർധനവ്, വെൽത്ത് ടാക്സ് പുനസ്ഥാപിക്കൽ തുടങ്ങിയവയായിരുന്നു നിയോ ഫാസിസത്തിനെതിരായ ശക്തമായ നിലപാടുകൾക്കു പുറമെ സഖ്യത്തിന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ. സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനു തുറന്ന പിന്തുണ പ്രഖ്യാപിച്ച മിലോഷോണിന്റെ സഖ്യം വടക്കു കിഴക്കൻ പാരിസിലും മറ്റ് ബഹുസ്വര നഗരങ്ങളിലും വൻ മുന്നേററമാണ് ഉണ്ടാക്കിയത്. നാല് പാർട്ടികളാണ് ഇടതു മുന്നണിയിൽ ഉള്ളത്. മിലോഷോണിന്റെ അൺ സബ്മിസീവ് ഫ്രാൻസ് (La France Insousime) , പാരിസ് സോഷ്യലിസ്റ്റ് പാർട്ടി ( Parti Socialiste), ദ ഗ്രീൻസ് ( Europe Écologie Les Verts), കമ്യൂണിസ്റ്റ് പാർട്ടി ( Parti Communisten Français) എന്നിവയാണ് മുന്നണിയിലെ മറ്റു പാർട്ടികൾ.

Comments