ജർമനിയിൽ ഭരണമാറ്റം, നേട്ടമുണ്ടാക്കി തീവ്രവലതുപക്ഷം; യൂറോപ്പിനും ട്രംപിനും നൽകുന്ന സന്ദേശമെന്ത്?

ജർമനിയിൽ ഫ്രെഡറിക് മെറ്റ്സിൻെറ നേതൃത്വത്തിലുള്ള നിലവിലെ പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ അധികാരത്തിലേക്ക്. തീവ്രവലതുപക്ഷം ഇക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇടതുപക്ഷവും നില മെച്ചപ്പെടുത്തി. നാറ്റോയിലെയും യൂറോപ്യൻ യൂണിയനിലെയും ഏറ്റവും ശക്തമായ കക്ഷിയായ രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലം യൂറോപ്പിനും അമേരിക്കയ്ക്കും നൽകുന്ന സന്ദേശമെന്താണ്?

ർമനിയിലെ പൊതുതെരഞ്ഞെടുപ്പ് ഫലം യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം തന്നെ മറ്റ് ലോകരാജ്യങ്ങളും വലിയ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നിലവിലെ ഭരണകക്ഷിയായ സെൻറർ ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റ്സ് വലിയ തിരിച്ചടി നേരിട്ടപ്പോൾ പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ വിജയമുറപ്പിച്ച് അധികാരമേറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഫ്രെഡറിക് മെറ്റ്സിൻെറ നേതൃത്വത്തിലുള്ള കൺസർവേറ്റീവുകൾ 28.5 ശതമാനം വോട്ട് പിടിച്ചാണ് വിജയം ഉറപ്പാക്കിയിരിക്കുന്നത്. തീവ്രവലതുപക്ഷ പാർട്ടിയായ അൾട്ടർനേറ്റീവ് ഫോർ ജർമനി (എ.എഫ്.ഡി) 20.5 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 2021ൽ കിട്ടിയതിനേക്കാൾ ഇരട്ടി പിന്തുണയാണ് അവർക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷത്തിന് ജർമനിയിൽ ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയാണിത്. 2017-ൽ ലഭിച്ച 12.6 ശതമാനം വോട്ടാണ് നേരത്തെ അവരുടെ ഏറ്റവും മികച്ച പ്രകടനം.

നിലവിലെ ചാൻസിലർ ഒലാഫ് ഷോൾസിൻെറ നേതൃത്വത്തിലുള്ള ഭരണകക്ഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 16 ശതമാനം വോട്ടാണ് ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവരുടെ ഏറ്റവും മോശം പ്രകടനമാണിത്. ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്ന പരിസ്ഥിതി പാർട്ടിയായ ഗ്രീൻസ് 12 ശതമാനം വോട്ടാണ് നേടിയത്. തീവ്രഇടതുപക്ഷമായ ലെഫ്റ്റ് പാർട്ടി അവരുടെ നില മെച്ചപ്പെടുത്തുകയാണ് ചെയ്തത്. 9 ശതമാനം വോട്ടാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും ഭരണത്തിലേറാൻ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് ഇനിയും കടമ്പകൾ കടക്കേണ്ടതുണ്ട്. മറ്റ് പാർട്ടികളുടെ കൂടി പിന്തുണ ലഭിച്ചാൽ മാത്രമേ അവർക്ക് അധികാരം ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും പിന്തുണ നൽകുമെന്നാണ് സൂചനകൾ. കുടിയേറ്റ വിരുദ്ധതയിൽ ഊന്നിനിൽക്കുന്ന തീവ്രവലതു പാർട്ടിയെ ഒരുതരത്തിലും പിന്തുണയ്ക്കായി സമീപിക്കില്ലെന്ന് ഫ്രെഡറിക് മെഴ്സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ ചാൻസിലർ ഒലാഫ് ഷോൾസിൻെറ നേതൃത്വത്തിലുള്ള ഭരണകക്ഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 16 ശതമാനം വോട്ടാണ് ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവരുടെ ഏറ്റവും മോശം പ്രകടനമാണിത്.
നിലവിലെ ചാൻസിലർ ഒലാഫ് ഷോൾസിൻെറ നേതൃത്വത്തിലുള്ള ഭരണകക്ഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 16 ശതമാനം വോട്ടാണ് ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവരുടെ ഏറ്റവും മോശം പ്രകടനമാണിത്.

തെരഞ്ഞെടുപ്പ് ഫലം പറയുന്നത്…

യുക്രെയ്ൻ - റഷ്യ സംഘർഷം വലിയ വഴിത്തിരിവിലെത്തി നിൽക്കുന്ന ഘട്ടത്തിലാണ് ജർമനിയിൽ തെരഞ്ഞെടുപ്പ് നടന്നത്. അമേരിക്കയിൽ പുതിയ പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രതിസന്ധി അവസാനിപ്പിക്കാൻ യുഎസ് പ്രതിനിധികൾ റഷ്യയുമായി ചർച്ച നടത്തിയിരുന്നു. യുക്രെയ്നെ പരിഗണിക്കാതെയായിരുന്നു ചർച്ചകൾ. യൂറോപ്യൻ യൂണിയൻെറയും നാറ്റോയുടെയും നിലപാടുകൾക്ക് വിരുദ്ധമായാണ് ട്രംപിൻെറ നീക്കങ്ങൾ. യൂറോപ്പിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നായ ജർമനി നാറ്റോയിലെ സുപ്രധാന കക്ഷിയാണ്. അമേരിക്ക കഴിഞ്ഞാൽ യുക്രെയ്ന് ഏറ്റവും കൂടുതൽ ആയുധങ്ങളും സഹായങ്ങളും നൽകിയിരുന്നതും ജർമനിയാണ്. അമേരിക്ക നിലപാട് മാറ്റിയ സാഹചര്യത്തിൽ ജർമനിയിൽ പുതുതായി വരാൻ പോവുന്ന ഭരണകൂടം എന്ത് നയമാണ് ഈ വിഷയത്തിൽ എടുക്കുകയെന്നത് യൂറോപ്പിലെയും അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധങ്ങളിലും പ്രതിഫലനം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

എന്താവും മെറ്റ്സിൻെറ നിലപാടുകൾ?

സാമ്പത്തിക പ്രതിസന്ധി വല്ലാതെ വലയ്ക്കുന്ന ഒരു ജർമനിയെയാണ് 69ാം വയസ്സിൽ ചാൻസിലറാവുന്ന മെറ്റ്സ് നയിക്കാനൊരുങ്ങുന്നത്. മുൻ ബാങ്കറായിരുന്ന മെറ്റ്സ് ഇതാദ്യമായാണ് ഒരു ഭരണഘടനാ പദവിയിലേക്ക് വരുന്നത്. ജർമനിയിൽ നിന്നുള്ളതിനേക്കാൾ അദ്ദേഹം വെല്ലുവിളി നേരിടാൻ പോവുന്നത് പുറത്ത് നിന്നായിരിക്കും. സങ്കീർണമായ നികുതിനയങ്ങൾ പരിഷ്കരിച്ച് ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ തന്നെ മെറ്റ്സ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുമായുള്ള യൂറോപ്യൻ യൂണിയൻെറ ബന്ധത്തിലും ജർമനിയുടെ ബന്ധത്തിലും നിർണായക തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം പുതിയ ചാൻസിലർക്കുണ്ട്. വ്യവസായിയും ബാങ്കറുമൊക്കെയായ മെറ്റ്സ് ട്രംപുമായി നല്ല ബന്ധം സൂക്ഷിക്കാനുള്ള സാധ്യതയാണ് പൊതുവിലുണ്ടായിരുന്നത്. എന്നാൽ, റഷ്യയുമായി ട്രംപ് കൂടുതൽ അടുക്കുന്നത് മെറ്റ്സിൻെറയും അദ്ദേഹത്തിൻെറ പാർട്ടിയെയും നിലപാട് മാറ്റിയിട്ടുണ്ട്. ഏകാധിപത്യ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരിയാണ് ട്രംപെന്ന വിമർശനമാണ് യുക്രെയ്ൻ വിരുദ്ധ പ്രതികരണങ്ങൾക്ക് മറുപടിയായി മെറ്റ്സ് ഉയർത്തിയത്. “വ്ലാദിമിർ പുടിൻ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വാദമാണിത്. അത് തന്നെയാണ് ഇപ്പോൾ ട്രംപും ആവർത്തിക്കുന്നതെന്ന് എനിക്ക് വ്യക്തിപരമായി ഞെട്ടലുണ്ടാക്കുന്നു,” എന്നുപറഞ്ഞ മെറ്റ്സിൻെറ നിലപാട് വ്യക്തമാണ്. യുക്രെയ്നൊപ്പം നിൽക്കുകയും ഒപ്പം നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരിക്കും പുതിയ ജർമൻ ഭരണകൂടത്തിൻെറ നയം. യൂറോപ്പിലെ ഏറ്റവും വലിയ, സാമ്പത്തികമായി മുൻപന്തിയിലുള്ള, ജനസംഖ്യ കൂടുതലുള്ള രാജ്യമെന്ന നിലയിൽ ജർമനിക്ക് നിർണായകറോളുകളുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികക്ഷിയെന്ന നിലയിൽ ജർമനി മാറ്റങ്ങൾക്ക് സാക്ഷിയാകാൻ പോവുന്ന കാലമാണ് വരാൻ പോവുന്നത്. അടിസ്ഥാന വികസനങ്ങൾക്കും പ്രതിരോധത്തിനുമൊക്കെയായി രാജ്യം കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം കാലിൽ നിന്നുകൊണ്ട് ഇക്കാര്യങ്ങളിൽ സ്വയംപര്യാപ്തത നേടുക എന്നതാണ് മെറ്റ്സ് മുന്നോട്ട് വെക്കുന്ന നയം.

സാമ്പത്തിക പ്രതിസന്ധി വല്ലാതെ വലയ്ക്കുന്ന ഒരു ജർമനിയെയാണ് 69ാം വയസ്സിൽ ചാൻസിലറാവുന്ന മെറ്റ്സ് നയിക്കാനൊരുങ്ങുന്നത്. മുൻ ബാങ്കറായിരുന്ന മെറ്റ്സ് ഇതാദ്യമായാണ് ഒരു ഭരണഘടനാ പദവിയിലേക്ക് വരുന്നത്. ജർമനിയിൽ നിന്നുള്ളതിനേക്കാൾ അദ്ദേഹം വെല്ലുവിളി നേരിടാൻ പോവുന്നത് പുറത്ത് നിന്നായിരിക്കും.
സാമ്പത്തിക പ്രതിസന്ധി വല്ലാതെ വലയ്ക്കുന്ന ഒരു ജർമനിയെയാണ് 69ാം വയസ്സിൽ ചാൻസിലറാവുന്ന മെറ്റ്സ് നയിക്കാനൊരുങ്ങുന്നത്. മുൻ ബാങ്കറായിരുന്ന മെറ്റ്സ് ഇതാദ്യമായാണ് ഒരു ഭരണഘടനാ പദവിയിലേക്ക് വരുന്നത്. ജർമനിയിൽ നിന്നുള്ളതിനേക്കാൾ അദ്ദേഹം വെല്ലുവിളി നേരിടാൻ പോവുന്നത് പുറത്ത് നിന്നായിരിക്കും.

യുക്രെയ്നുള്ള പിന്തുണ

യുക്രെയ്ന് ജർമനി നൽകുന്ന പിന്തുണ കൂടുതൽ ശക്തിപ്പെടുത്തുമെന്ന സൂചനയാണ് ഇതുവരെയുള്ള മെറ്റ്സിൻെറ നിലപാടുകൾ നൽകുന്നത്. റഷ്യയോട് അടുക്കുന്ന ഒരു തീരുമാനത്തോടും അദ്ദേഹത്തിന് യോജിപ്പില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് തന്നെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. റഷ്യയുടെ അധിനിവേശം ചെറുക്കാൻ കീവിന് കൂടുതൽ ആയുധങ്ങൾ നൽകാൻ ജർമനിയിലെ പുതിയ ഭരണകൂടം തയ്യാറാവും. ലോങ് റെയിഞ്ച് ടോറസ് ക്രൂയിസ് മിസൈലുകൾ യുക്രെയ്ന് നൽകാൻ താൻ ആലോചിക്കുമെന്ന് മെറ്റ്സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കൂടുതൽ സൈന്യത്തെ യുക്രെയ്നിലേക്ക് അയക്കാനും അദ്ദേഹം തയ്യാറായേക്കും. എന്നാൽ, രണ്ട് പ്രതിസന്ധികൾ ഇക്കാര്യങ്ങളിൽ മെറ്റ്സിനെ കാത്തിരിക്കുന്നുണ്ട്. സഖ്യകക്ഷികൾക്കും ഇതേ നിലപാട് തന്നെ വേണമെന്നതാണ് ഒന്നാമത്തേത്. രാജ്യത്തിൻെറ സാമ്പത്തികമേഖലയ്ക്ക് പ്രതിസന്ധിയില്ലാത്ത തരത്തിൽ യുക്രെയ്നെ സഹായിക്കുക എന്നതാണ് രണ്ടാമത്തേത്. ഈ രണ്ട് പ്രതിസന്ധികളും എങ്ങനെ പരിഹരിക്കും എന്നതും നിർണായകമായിരിക്കും.

തീവ്ര വലതുപക്ഷത്തിൻെറ മുന്നേറ്റം

ആരെ കൂട്ടുപിടിച്ചായിരിക്കും മെറ്റ്സ് ജർമനിയിൽ ഭരണചക്രം തിരിക്കുകയെന്നത് വളരെ നിർണായകമാണ്. തീവ്രവലതുപക്ഷത്തിന് നിലവിൽ ആരുടെയും പിന്തുണയില്ല. അവർ പ്രതിപക്ഷത്തിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ സഖ്യകക്ഷികളെ കൂട്ടുപിടിച്ചുള്ള മെറ്റ്സ് ഭരണത്തിന് എഎഫ്ഡി വലിയ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഡോണൾഡ് ട്രംപ് പുലർത്തുന്ന അതേ കുടിയേറ്റവിരുദ്ധ നിലപാടാണ് എഎഫ്ഡിക്കുമുള്ളത്. ജർമനിയുടെ അതിർത്തികൾ കുടിയേറ്റക്കാർക്ക് മുന്നിൽ കൊട്ടിയടയ്ക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഒപ്പം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നും. എന്നാൽ ഈ നിലപാടുകളോട് മെറ്റ്സിന് യോജിപ്പില്ല. അതിനാൽ തന്നെ എഎഫ്ഡിയുമായി ഒരിക്കലും മുന്നണിയുണ്ടാക്കില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അസ്ഥിരമായ പ്രതിസന്ധികളിലൂടെയും വിയോജിപ്പുകളിലൂടെയും മുന്നോട്ട് പോവുന്ന ഒരു ഭരണമാണ് ഇനി ജർമനിയിൽ വരാൻ പോവുന്നതെങ്കിൽ അവിടെ നേട്ടമുണ്ടാക്കുക എഎഫ്ഡി ആയിരിക്കും. അസ്ഥിരമായ ഭരണമാണെങ്കിൽ ഭാവിയിൽ മെറ്റ്സിൻെറ പാർട്ടി എഎഫ്ഡിയുമായി സഖ്യം ചേർന്ന് അധികാരം തുടരുമോയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

Comments