ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡൻറായതിന് പിന്നാലെ ആഗോള രാഷ്ട്രീയ നയതന്ത്ര സമവാക്യങ്ങൾ മാറിമറിയുകയാണോ? സൗദി അറേബ്യയിലെ റിയാദിൽ യുഎസ് - റഷ്യ നയതന്ത്ര പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ച അതാണ് വ്യക്തമാക്കുന്നത്. ലോകചരിത്രത്തിൽ വലിയൊരു കാലഘട്ടം മുഴുവൻ ഇരുചേരികളിലായി നിന്ന അമേരിക്കയും റഷ്യയും വീണ്ടും ഒന്നിക്കുകയാണ്. മൂന്ന് വർഷം മുമ്പ് തുടങ്ങിയ റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെയും കൂടി ഭാഗമായാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, വിദേശകാര്യ ഉപദേഷ്ടാവ് യൂരി എന്നിവർ ചർച്ച നടത്തിയത്. അമേരിക്കയെ പ്രതിനിധീകരിച്ച് സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, മിഡിൽ ഈസ്റ്റിൻെറ ചുമതല വഹിക്കുന്ന സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ചർച്ചയ്ക്ക് ശേഷം പുറത്തുവന്ന പ്രധാന തീരുമാനങ്ങളിലൊന്ന് റഷ്യ - യുക്രെയ്ൻ സമാധാനത്തിനായി പ്രതിനിധിസംഘത്തെ രൂപവത്കരിക്കുമെന്നതാണ്. റഷ്യയുമായുള്ള നയതന്ത്രബന്ധം കൂടുതൽ ഊഷ്മളമാക്കാനും സാമ്പത്തിക, വ്യാപാര സഹകരണം മെച്ചപ്പെടുത്താനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.
റഷ്യയും യുക്രെയ്നും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനായി നടന്ന ചർച്ചയിൽ യുക്രെയ്ന് ഒരു റോളുമില്ലെന്നത് ചർച്ചയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. അമേരിക്കയുടെ ഇടപെടലുകളിൽ യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. റഷ്യയുടെ അന്ത്യശാസനം ഒരു കാരണവശാലും അംഗീകരിക്കാൻ പോവുന്നില്ലെന്നാണ് ഇപ്പോൾ സെലൻസ്കിയുടെ പ്രതികരണം. ജോ ബൈഡൻ പ്രസിഡൻറായിരുന്ന കാലത്ത് ആയുധങ്ങൾ നൽകിയും സാമ്പത്തിക സഹായം നൽകിയും യുക്രെയ്നെ അമേരിക്ക പിന്തുണച്ചിരുന്നു. ആ പിന്തുണ ട്രംപ് വന്നതോടെ അവസാനിച്ചിരിക്കുകയാണ്.

റിയാദിൽ അമേരിക്കൻ റഷ്യൻ പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷം യുക്രെയ്ൻെറ തലസ്ഥാനമായ കീവിലെ സ്ഥിതിഗതികൾ ഒട്ടും ശാന്തമല്ല. ചർച്ച നടന്ന ചൊവ്വാഴ്ച, കീവിലെ ഡോളിൻസ്ക നഗരത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീയ്ക്കും കുഞ്ഞിനും പരിക്കേറ്റതായാണ് റിപ്പോർട്ട്. കീവിന് നേരെ റഷ്യ ബാലിസ്റ്റിക് മിസൈലുകൾ അയക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. യുക്രെയ്ൻ ഇല്ലാത്ത ചർച്ച ഒരു പ്രശ്നമേയല്ലെന്നാണ് ഡോണൾഡ് ട്രംപിൻെറ നിലപാട്. “കഴിഞ്ഞ മൂന്ന് വർഷമായി യുദ്ധം നടക്കുന്നു. നിങ്ങൾ ഇവിടെ തന്നെയുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പ് തന്നെ നിങ്ങളിത് അവസാനിപ്പിക്കേണ്ടതായിരുന്നു. നിങ്ങളിത് തുടങ്ങി വെക്കരുതായിരുന്നു. നിങ്ങൾ തന്നെ കരാറിലെത്തണമായിരുന്നു,” ട്രംപ് യുക്രെയ്ന് നൽകുന്ന ഉപദേശം ഇങ്ങനെയാണ്.
ട്രംപിൻെറ ആഗോള നയതന്ത്രനീക്കങ്ങൾ
യുക്രെയ്ൻ - റഷ്യ പ്രതിസന്ധി പരിഹരിക്കുമെന്നും ഗാസയിലെയും ലെബനനിലെയും വിഷയങ്ങൾ അവസാനിപ്പിക്കുമെന്നും പ്രസിഡൻറായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിൻെറ സമ്മർദ്ദം കാരണം ഇസ്രായേൽ ഹമാസുമായി വെടിനിർത്തൽ കരാറിൽ ഒപ്പിടുകയും ചെയ്തു. നിലവിൽ മിഡിൽ ഈസ്റ്റിൽ താൽക്കാലികമായെങ്കിലും സമാധാനം നിലനിൽക്കുന്നുണ്ട്. ഗാസ അമേരിക്ക ഏറ്റെടുക്കുമെന്നടക്കമുള്ള ഗുരുതരമായ പ്രഖ്യാപനങ്ങൾ ട്രംപ് നടത്തുന്നുണ്ടെങ്കിലും ചർച്ചകളോ നീക്കങ്ങളോ ഒന്നും തന്നെ വിജയിക്കുമെന്ന സൂചനകളില്ല. ഈജിപ്തിനെയും ജോർദാനെയുമെല്ലാം കൂട്ടുപിടിച്ച് ഗാസയിൽ നിന്നുള്ള മനുഷ്യരെ അവിടെനിന്ന് കുടിയൊഴിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ, മിഡിൽ ഈസ്റ്റിലെ ഭൂരിപക്ഷം രാജ്യങ്ങൾക്കും ട്രംപിൻെറ ഈ നിലപാടിനോട് വിയോജിപ്പുണ്ട്.
സമവാക്യങ്ങൾ മാറുമ്പോൾ
അമേരിക്കയുടെ വിദേശകാര്യനയത്തിൽ തന്നെയുള്ള വലിയ മാറ്റമാണ് ഇപ്പോൾ റഷ്യയ്ക്ക് നൽകിയിരിക്കുന്ന ഈ നിരുപാധിക പിന്തുണ. നേരത്തെ തന്നെ നാറ്റോയ്ക്ക് നൽകുന്ന ധനസഹായം അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിൽ അമിത സാമ്പത്തിക ബാധ്യതകളൊന്നും ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അമേരിക്ക വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെ അതൃപ്തരാക്കി കൊണ്ടാണ് ട്രംപ് ഭരണകൂടം മുന്നോട്ട് പോവുന്നത്. യൂറോപ്യൻ യൂണിയൻ യുക്രെയ്നൊപ്പമാണ് നിൽക്കുന്നത്. പരമാവധി സഹായം അവർ സെലൻസ്കിയ്ക്ക് നൽകുന്നുണ്ട്. ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളാണ് യുക്രെയ്ന് നിലവിലെ സാഹചര്യത്തിൽ കൂടുതൽ സഹായം ചെയ്തിട്ടുള്ളത്.

ട്രംപിനെ പിണക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ താൽപര്യമില്ല. എന്നാൽ, റഷ്യയോട് കടുത്ത എതിർപ്പുണ്ട്. യുക്രെയ്ന് അവർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഇതേ നിലപാട് തന്നെയാണ് ബൈഡൻ ഭരണകൂടത്തിൻെറ കാലത്ത് അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. അതിപ്പോൾ മാറിക്കഴിഞ്ഞു. ട്രംപ് റഷ്യയ്ക്കൊപ്പമാണ്, നാറ്റോയ്ക്കും യുക്രെയ്നും സഹായം നൽകാൻ അദ്ദേഹം തയ്യാറല്ല. യൂറോപ്യൻ യൂണിയനോടും ഇതിനോടകം തന്നെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
ഇസ്രായേലിനും റഷ്യയ്ക്കുമൊപ്പം യുഎസ്
അധിനിവേശം നടത്തുന്നവർക്കും ആക്രമണം നടത്തുന്നവർക്കുമൊപ്പം നിന്നാണ് അമേരിക്ക ലോകത്തെ നിലവിലെ രണ്ട് പ്രധാന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നത്. നാറ്റോയിൽ ചേരാനുള്ള യുക്രെയ്ൻെറ നീക്കത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ മൂന്ന് വർഷം മുമ്പ് അധിനിവേശം തുടങ്ങിയത്. യുക്രെയ്ൻെറ കടുത്ത ചെറുത്തുനിൽപ്പ് കാരണം അതിപ്പോഴും തുടരുകയാണ്. അധിനിവേശം നടത്തിയ റഷ്യയ്ക്കാണ് ഇപ്പോൾ അമേരിക്കയുടെ പിന്തുണ. ഗാസയിലും ലെബനനിലും അതിക്രൂരമായ ഏകപക്ഷീയ ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. ഗാസയിലെ പലസ്തീൻ ജനതയോട് ട്രംപ് ഒരു പ്രതിബദ്ധതതയും കാണിക്കുന്നില്ല. എന്ന് മാത്രമല്ല, അവർ അവിടം വിട്ട് പോവണമെന്നും ഗാസയെ മിഡിൽ ഈസ്റ്റിലെ മനോഹരമായ കടൽത്തീര വിനോദസഞ്ചാര മേഖലയായി അമേരിക്ക മാറ്റിയെടുക്കുമെന്നാണ് ട്രംപിൻെറ പ്രഖ്യാപനം.

‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് യൂറോപ്പിനെ അകറ്റിനിർത്തി തങ്ങളുടെ മാർക്കറ്റിനെ സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോവണമെന്നാണ് ലക്ഷ്യമിടുന്നത്. യാതൊരു സാമ്പത്തിക ബാധ്യതയും എടുക്കില്ല, ഇനി അഥവാ സാമ്പത്തികച്ചെലവ് വരുന്നുവെങ്കിൽ അതിൽ നിന്ന് പരമാവധി ലാഭം എന്നതാണ് ട്രംപിൻെറ സാമ്പത്തികസമവാക്യം. ഇലോൺ മസ്കിനെപ്പോലുള്ള, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ വ്യക്തികളും ഇക്കാര്യത്തിൽ ട്രംപിനൊപ്പമുണ്ട്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം, അവിടം സമ്പൂർണ നിയന്തണത്തിലാക്കാനാണ് അമേരിക്കൻ ഭരണകൂടത്തിൻെറ ലക്ഷ്യം. യൂറോപ്യൻ പ്രതിസന്ധിയിൽ റഷ്യയുമായുള്ള നയതന്ത്രബന്ധം ദൃഢമാക്കിയ ട്രംപ് തങ്ങളുടെ അടുത്ത നീക്കം എന്തെന്ന് പരസ്യമാക്കിയിട്ടില്ല. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ട്രംപും തമ്മിൽ വൈകാതെ ചർച്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അത് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ട്രംപിൻെറയും പുടിൻെറയും അന്ത്യശാസനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാടാണ് യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി ഇതുവരെ എടുത്തിട്ടുള്ളത്. ആ നയത്തിൽ ഒരുമാറ്റവും വരുത്തിലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ട്രംപിൻെറ ഇടപെടൽ റഷ്യ - യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ പോവുകയാണോ, അതോ കൂടുതൽ രൂക്ഷമാക്കാൻ പോവുകയാണോ? ലോകരാജ്യങ്ങൾക്ക് ആകാംക്ഷയുണ്ട്.