സിറിയയിൽ അഞ്ചുപതിറ്റാണ്ട് കാലം നീണ്ടുനിന്ന അസദ് കുടുംബഭരണത്തിന് വിരാമമായിരിക്കുകയാണ്. രാജ്യം അതിൻെറ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഘർഷകാലത്തിലൂടെ കടന്നുപോവുന്നു. സുന്നി ഭൂരിപക്ഷ രാജ്യമായ സിറിയയിൽ 1970 നവംബർ 13-നാണ് അലവൈറ്റ് സമുദായത്തിൽ നിന്നുള്ള കുടുംബാംഗമായ ഹാഫിസ് അൽ അസദ് അധികാരം പിടിച്ചെടുക്കുന്നത്. സിറിയയുടെ ചരിത്രം മാറിമറിയുന്നത് അവിടം മുതലാണ്. രാഷ്ട്രീയ അസ്ഥിരത നടമാടിയിരുന്ന സിറിയയിൽ പട്ടാളത്തെ കൂട്ടുപിടിച്ചാണ് ഹാഫിസ് ഭരണത്തിലേക്ക് എത്തുന്നത്. ന്യൂനപക്ഷമായ അലവൈറ്റ് സമുദായത്തെ ഭരണമേഖലയിലും പട്ടാളത്തിൻെറ അധികാരമേഖലയിലും ശക്തമാക്കാൻ ഹാഫിസിന് സാധിച്ചു. രാജ്യത്ത് രാജഭരണം പോലെ കുടുംബവാഴ്ച എക്കാലത്തും തുടരണമെന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ ലക്ഷ്യമിട്ടിരുന്നു. മൂത്ത മകനായ ബാസലിനെ പിൻഗാമിയാക്കാനാണ് ഹാഫിസിന് താൽപര്യം ഉണ്ടായിരുന്നത്. എന്നാൽ 1994-ലുണ്ടായ ഒരു കാറപകടത്തിൽ ബാസൽ മരിച്ചതോടെ രണ്ടാമത്തെ മകൻ ബാഷർ അൽ അസദ് പിൻഗാമിയാവുമെന്ന് ഉറപ്പായി. 2000-ൽ ഹാഫിസ് മരിക്കുമ്പോൾ ബാഷറിന് 34 വയസ്സായിരുന്നു പ്രായം. സിറിയയിലെ അന്നത്തെ ഭരണഘടന അനുസരിച്ച് പ്രസിഡൻറാവാനുള്ള കുറഞ്ഞ പ്രായപരിധി 40 വയസ്സായിരുന്നു. എന്നാൽ ആ ഭരണഘടന തിരുത്തി, പ്രായപരിധി 34 ആക്കിമാറ്റി ബാഷർ സിറിയയുടെ പ്രസിഡൻറായി.
2000 മുതൽ കഴിഞ്ഞ 24 വർഷമായി സിറിയ ഭരിക്കുന്നത് ബാഷറിൻെറ നേതൃത്വത്തിലുള്ള ഭരണകൂടമാണ്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാൻെറയും റഷ്യയുടെയും പിന്തുണ ഇക്കാലമത്രയും ബാഷറിനുണ്ടായിരുന്നു. അറബ് ലോകത്ത് ജനാധിപത്യം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന മുല്ലപ്പൂ വിപ്ലവത്തിൻെറ ചുവടുപിടിച്ച് 2011-ൽ ഉണ്ടായ വലിയ പ്രതിഷേധങ്ങൾ സിറിയയിലും അലയടിച്ചിരുന്നു. തുർക്കിയുടെയും ഖത്തറിൻെറയുമെല്ലാം പിന്തുണയോടെ വിമതർ സിറിയയിൽ നടത്തിയ നീക്കങ്ങളെ റഷ്യയുടെയും ഇറാൻെറയും ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുല്ലയുടെയും സഹായത്താലാണ് ബാഷർ ഭരണകൂടത്തിന് ചെറുക്കാൻ സാധിച്ചത്. 2014-ലും 2019-ലും രാജ്യത്തിനകത്ത് നടന്ന ആഭ്യന്തരകലാപങ്ങളുടെയും പുറത്ത് നിന്നുള്ള പിന്തുണയോടെയുള്ള നീക്കങ്ങളിലുടെയും ബാഷർ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.
സിറിയയിൽ ഇപ്പോൾ നടന്ന വിമതനീക്കങ്ങൾക്ക് നേതൃത്വം നൽകിയത് ഹയാത്ത് തഹ്രീർ അൽ ഷാം (എച്ച്.ടി.എസ്) എന്ന സംഘടനയാണ്. ഭീകരവാദ സംഘടനയായ അൽ - ഖായിദയിൽ മുൻപ് പ്രവർത്തിച്ചിരുന്ന അബു മുഹമ്മദ് അൽ ജൊലാനിയാണ് വിമതനീക്കത്തിന് നേതൃത്വം നൽകിയത്. 2011 മുതൽ തന്നെ ഈ സംഘടനയും അൽ ജൊലാനിയും സിറിയയുടെ ആഭ്യന്തര യുദ്ധത്തിൻെറ മുൻപന്തിയിലുണ്ട്. തുർക്കിയുടെ പിന്തുണയുള്ള സായുധസംഘടനയായ സിറിയൻ നാഷണൽ ആർമിയുടെ പിന്തുണയും ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലുണ്ട്. അന്താരാഷ്ട്ര തലത്തിലും മിഡിൽ ഈസ്റ്റിൽ പൊതുവെയും നടക്കുന്ന രാഷ്ട്രീയ - സാമൂഹ്യ മാറ്റങ്ങൾക്കും യുദ്ധങ്ങൾക്കുമെല്ലാം ഇപ്പോഴുണ്ടായ മാറ്റങ്ങളിൽ വലിയ പങ്കുണ്ട്. ഇസ്രായേൽ സൈന്യം ലെബനനിൽ ഹിസ്ബുല്ലക്കെതിരെ നടത്തുന്ന യുദ്ധത്തിനെ ചെറുക്കാനുള്ള ശ്രമം തുടരുകയാണ് ഇറാൻ. റഷ്യയ്ക്ക് യുക്രൈയ്നുമായിട്ടുള്ള യുദ്ധത്തിൽ നിന്ന് ഇപ്പോഴും പിൻമാറാൻ സാധിച്ചിട്ടില്ല. ഇത്തരത്തിൽ ബാഷറിന് സംരക്ഷണമൊരുക്കാൻ സാധ്യതയുള്ളവർക്ക് അതിനുള്ള അവസരം ഇല്ലാത്തൊരു ഘട്ടത്തിലാണ് വിമതർ തങ്ങളുടെ നീക്കം കടുപ്പിച്ചത്. കഴിഞ്ഞ 11 ദിവസം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് വിമതർ സിറിയൻ തലസ്ഥാനമായ ദമാസ്കസ് പിടിച്ചത്. ഇതിന് പിന്നാലെ പ്രസിഡൻറ് ബാഷർ അൽ അസദിന് രാജ്യം വിട്ട് മോസ്കോയിൽ അഭയം തേടേണ്ടതായും വന്നു.
മിഡിൽ ഈസ്റ്റ് പ്രതിസന്ധി
ഏകാധിപതിയായ ബാഷർ അൽ അസദിൻെറ ഭരണം അവസാനിക്കുമ്പോൾ തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയാണ് ഇനി സിറിയയെ ഭരിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയുടെയും തുർക്കിയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും പട്ടികയിൽ ഹയാത്ത് തഹ്രീർ അൽ ഷാം തീവ്രവാദ സംഘടനയാണ്. തീവ്ര ഇസ്ലാമിസ്റ്റ് സ്വഭാവമുള്ള എച്ച്.ടി.എസ് സിറിയ ഭരിക്കാനൊരുങ്ങുന്നത് മിഡിൽ ഈസ്റ്റിലെ നിലവിലുള്ള പ്രതിസന്ധികൾക്ക് ആക്കം കൂട്ടുകയായിരിക്കും ചെയ്യുക. വിമതനേതാവായ അബു മുഹമ്മദ് ജൊലാനി സിറിയയുടെ പുതിയ പ്രസിഡൻറാവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുഎന്നും അമേരിക്കയുമെല്ലാം നിരോധിച്ച ഒരു സംഘടനയുടെ നേതാവ് സിറിയയുടെ ഭരണത്തലവനാവുമ്പോൾ അത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ട്. സിറിയയിൽ അമേരിക്ക നേരത്തെ ഉപരോധം ഏർപ്പെടുത്തിരുന്നു. രാജ്യത്തിൻെറ സാമ്പത്തികമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു. സിറിയയിൽ നീതി നടപ്പിലായിരിക്കുന്നുവെന്നും രാജ്യത്തിൻെറ ഭാവി എങ്ങനെയെന്ന് നിർണയിക്കാനുള്ള അവസരമാണ് ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്നുമാണ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രതികരിച്ചത്. സിറിയയിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു. “ആയിരക്കണക്കിന് സിറിയക്കാരെ അതിക്രൂരമായി കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്ത ഭരണത്തിനാണ് സിറിയയിൽ അന്ത്യമായിരിക്കുന്നത്,” ബൈഡൻ പറഞ്ഞു.
സിറിയയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളിൽ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും വലിയ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ഇറാനും റഷ്യയും ദുർബലരായി എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. “സിറിയയിൽ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. പക്ഷേ ആ രാജ്യം നമ്മുടെ സുഹൃത്തല്ല. അമേരിക്കയ്ക്ക് സിറിയയുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ല. അത് നമ്മുടെ പോരാട്ടമല്ല. നടക്കുന്നത് നടക്കട്ടെ. നമ്മൾ ഇടപെടേണ്ട കാര്യമില്ല,” ഇങ്ങനെയാണ് ട്രംപിൻെറ ആദ്യ പ്രതികരണം. സിറിയയിൽ നേരിട്ടൊന്നും ചെയ്യാൻ ട്രംപിന് താൽപര്യമില്ലെന്നാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നത്. ദമാസ്കസിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാന മേഖലകളിൽ നിന്ന് സിറിയൻ സൈന്യം പിൻമാറിയതോടെ ഗോലൻ കുന്നുകളുടെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം മുതലെടുക്കാനാണ് ഇസ്രേയേലും ശ്രമിക്കുന്നത്.
സിറിയയുടെ ഭാവി
എച്ച്.ടി.എസ്, തുർക്കിയുടെപിന്തുണയുള്ള സിറിയൻ നാഷണൽ ആർമി, കുർദിഷ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് എന്നീ സംഘടനകളാണ് അസദ് കുടുംബത്തിൻെറ ഭരണത്തിന് നാന്ദി കൊളുത്തിയ ഇപ്പോഴത്തെ ആഭ്യന്തരകലാപങ്ങൾക്ക് നേതൃത്വം നൽകിയത്. സിറിയയിൽ ഏത് തരത്തിലുള്ള ഭരണമായിരിക്കും ഇനി വരാനിരിക്കുകയെന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ബാഷർ അൽ അസദിൻെറ ഭരണം അവസാനിച്ചത് വലിയ ആവേശത്തോടെയാണ് സിറിയൻ ജനത ആഘോഷിക്കുന്നത്.
ഹാഫിസിൻെറയും ബാഷറിൻെറയും പ്രതിമകൾ തകർത്തും ചിത്രങ്ങൾ കീറിയെറിഞ്ഞും കാലങ്ങളായി തുടർന്ന ഏകാധിപത്യ ഭരണത്തോടുള്ള വിയോജിപ്പ് അവർ പ്രകടമാക്കുന്നു. 2011 മുതൽക്ക് സിറിയയിൽ നടന്ന ആഭ്യന്തര കലാപത്തിൽ ഏകദേശം 3 ലക്ഷം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 1 ലക്ഷം പേരെ കാണാതായി. 12 ദശലക്ഷം പേർക്ക് തങ്ങളുടെ വീടുകൾ നഷ്ടമായി. 5.4 ദശലക്ഷം പേർ രാജ്യം വിട്ട് പലായനം ചെയ്തു. സിറിയൻ ജനത ഇക്കാലത്തിനിടയിൽ നേരിട്ട ദുരിതം ചെറുതല്ല. അതിൻെറ ആശ്വാസം അവർ ഇപ്പോൾ പ്രകടിപ്പിക്കുന്നുമുണ്ട്. പതിറ്റാണ്ടുകളായുള്ള ഏകാധിപത്യ ഭരണത്തിൽ നിന്ന് രക്ഷ നേടിയ സിറിയൻ ജനത സമാധാനപരമായ ജനാധിപത്യഭരണം അർഹിക്കുന്നുണ്ട്. അതിനുള്ള സാധ്യതകൾ എന്താണെന്നാണ് കാത്തിരുന്ന് കാണേണ്ടത്…