പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കി ഇസ്രായേലും ഇറാനും തമ്മിലുള്ള ആക്രമണപ്രത്യാക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. ടെഹ്റാന് നേരെ വരും ദിവസങ്ങളിൽ രൂക്ഷമായ ആക്രമണം ഉണ്ടാവുമെന്നും മേഖലയിൽ നിന്ന് ജനങ്ങൾ മാറിപ്പോവണമെന്നും ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇറാനിയൻ ജനതയോട് മേഖലയിൽ നിന്ന് ഒഴിഞ്ഞുപോവണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടയിൽ കാനഡയിൽ നടക്കുന്ന ജി-7 സമ്മിറ്റിൽ ഇറാൻ - ഇസ്രായേൽ പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നും വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ ഉണ്ടാവണമെന്നും ലോകനേതാക്കൾ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധങ്ങൾക്കായുള്ള യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നാവശ്യപ്പെട്ട നേതാക്കൾ ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ്.
സമ്മിറ്റ് അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ട്രംപ് മടങ്ങി. എന്നാൽ, ഇറാൻ - ഇസ്രായേൽ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനായുള്ള പ്രമേയം ട്രംപ് അവതരിപ്പിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇറാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശമില്ലെന്നും അതിന് മുതിരരുതെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. “ഇറാൻ കരാറിലൊപ്പിടുമെന്നാണ് ഞാൻ കരുതുന്നത്. എന്തൊരു നാണക്കേടാണിത്, മനുഷ്യജീവൻ വെച്ചാണ് കളിക്കുന്നത്. ഇറാൻ ആണവായുധങ്ങൾ കൈവശം വെക്കാൻ പാടില്ല. ഞാനിത് വീണ്ടും വീണ്ടും ആവർത്തിച്ച് പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ടെഹ്റാനിലുള്ളവർ ഒഴിഞ്ഞ് പോവണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്,” ട്രംപ് തൻെറ സോഷ്യൽ മീഡിയ പ്രൊഫൈലിൽ കുറിച്ചു.

ആണവ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറാൻ ഇറാന് മേൽ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ്. അങ്ങനെയെങ്കിൽ ഇസ്രായേൽ വെടിനിർത്തലിന് തയ്യാറാവുമെന്നാണ് കരുതുന്നത്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം തുടരുന്നതിനാൽ ആണവായുധ ഭീഷണി ചെറുക്കുന്നതിന് വേണ്ടിയാണ് സ്വയം പ്രതിരോധത്തിൻെറ ഭാഗമായി ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിൻെറ വാദം.
അതേസമയം, താൻ ഇറാൻ - ഇസ്രായേൽ വെടിനിർത്തൽ ചർച്ചയ്ക്ക് വേണ്ടിയല്ല G-7 ചർച്ചയിൽ നിന്ന് നേരത്തെ ഇറങ്ങിയതെന്നും അതിനേക്കാളും വലിയ ചില കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ട്രംപ് പ്രതികരിച്ചു. “ഞാൻ നേരത്തെ വാഷിങ്ടണിലേക്ക് തിരിച്ചത് എന്തുകൊണ്ടാണെന്ന് മാക്രോണിന് ഒരു ധാരണയുമില്ല. വെടിനിർത്തലുമായി അതിന് ഒരു ബന്ധവുമില്ല,” ട്രംപ് പറഞ്ഞു. ജി-7ൽ പങ്കെടുത്ത ലോകനേതാക്കൾ പരസ്പര വിരുദ്ധമായ പ്രതികരണങ്ങൾ നടത്തിയത് വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ അത്ര ആശാവഹമല്ലെന്ന സൂചനയാണ് നൽകുന്നത്. ഇറാനിലും ഇസ്രായേലിലും ചൊവ്വാഴ്ചയും കനത്ത ആക്രമണമാണ് നടക്കുന്നത്.
