ഇന്ത്യ- പാക് വിഭജനത്തിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പങ്ക് എന്തായിരുന്നു എന്നതിനെക്കുറിച്ച് പൊതുവിൽ ചർച്ച നടക്കാറില്ല. നൈൽ നദിയിലെ ജലം പങ്കിടുന്നതിനെക്കുറിച്ച് ആ മഹാനദി ഒഴുകിവരുന്ന രാജ്യങ്ങളിൽ ഇന്നും വലിയ തർക്കം തുടരുന്നു. ഈ തർക്കത്തിൽ നൈൽ ഒഴുകുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഒരു കാലത്തുണ്ടായിരുന്ന കോളനിഭരണത്തിന്റെ പങ്ക് എന്തായിരുന്നു? ഇന്നും പരിഹാരമില്ലാതെ തുടരുന്ന പലസ്തീൻ പ്രശ്നത്തിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പങ്ക് എന്താണ്? കോളനികളായി ഒരു കാലത്ത് മാറ്റപ്പെട്ട രാജ്യങ്ങളിലെല്ലാം ഇന്നും പരിഹരിക്കാനാകാത്ത സങ്കീർണ്ണ പ്രശ്നങ്ങൾ തുടരുന്നത് എന്തു കൊണ്ടാണ്? ഇന്ത്യ- പാക് വിഭജനം അങ്ങനെയൊന്നാണ്. ഇന്ന് പലസ്തീൻ / ഗാസ പ്രശ്‌നത്തിലേക്ക് നോക്കുന്ന ഭൂരിഭാഗം ബുദ്ധിജീവികളും മറക്കുന്ന കാര്യമാണ്, 1917- ൽ ബ്രിട്ടൻ പുറപ്പെടുവിപ്പിച്ച ബാൽഫർ ഡിക്ലറേഷൻ. ജൂതരെ യൂറോപ്പിൽ നിന്ന് തുരത്തുക എന്നതു തന്നെയായിരുന്നു ഡിക്ലറേഷന്റെ ലക്ഷ്യം. അത് നാസികളുടെ കോൺസൻട്രേഷൻ ക്യാമ്പുകൾക്കു മുമ്പായിരുന്നു. വാഗ്ദത്ത ഭൂമിയിൽ സ്വന്തം രാജ്യം എന്ന ആശയത്തോടെ സിയോണിസവും അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ലോകത്തെ എല്ലാ ജൂതരുടേയും മാതൃരാജ്യം പലസ്തീൻ എന്നു വിളിക്കപ്പെടുന്ന പ്രദേശമാണെന്ന മിത്ത് പതുക്കെ പതുക്കെ ബാൽഫർ ഡിക്ലറേഷനും സിയോണിസവും പടിപടിയായി നേടിയെടുക്കുന്നതാണ് പിൽക്കാലത്ത് ലോകം കാണുന്നത്.
ബാൽഫർ ഡിക്ലറേഷൻ
എന്ന അധിനിവേശ ആയുധം
സത്യത്തിൽ എത്രയോ ദശകങ്ങളായി തുടരുന്ന പലസ്തീൻ വംശീയഹത്യയുടെ ആണിക്കല്ല് ബാൽഫർ ഡിക്ലറേഷനായിരുന്നു. പലസ്തീനിൽ ഒരു ജൂത രാജ്യം സാധ്യമാക്കുക എന്നതായിരുന്നു ഡിക്ലറേഷന്റെ ഉള്ളടക്കം. ജൂതരാജ്യമായിരുന്നു ലക്ഷ്യം, ഇസ്രായേൽ ആയിരുന്നില്ല. ഇന്ത്യ- പാക് വിഭജനത്തിൽ റാഡ് ക്ലിഫ് വരയുണ്ടാക്കിയതു പോലുള്ള മാരമകായ സങ്കീർണ്ണതയാണ് ഇതോടെ പലസ്തീനിലുണ്ടായത്. സ്ഥാപിക്കാൻ പോകുന്നത് ജൂതരാജ്യമോ അതോ ഇസ്രായേലോ? ഈ ചോദ്യത്തിന് കൃത്യം ഉത്തരം നൽകാതെ ബാൽഫർ ഡിക്ലറേഷൻ പലസ്തീനിൽ മാരക സങ്കീർണ്ണതകൾ സൃഷ്ടിച്ചുതുടങ്ങി.
പലസ്തീൻ പ്രശ്നത്തിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പങ്ക് എന്താണ്? കോളനികളായി ഒരു കാലത്ത് മാറ്റപ്പെട്ട രാജ്യങ്ങളിലെല്ലാം ഇന്നും പരിഹരിക്കാനാകാത്ത സങ്കീർണ്ണ പ്രശ്നങ്ങൾ തുടരുന്നത് എന്തു കൊണ്ടാണ്?
ബാൽഫർ ഡിക്ലറേഷനും മുമ്പ്, 20–ാം നൂറ്റാണ്ട് പിറന്നയുടനെ പുതിയ ജൂതരാജ്യനിർമ്മിതി സംബന്ധിച്ച നീക്കങ്ങൾ കേരളത്തിൽ പോലും അലയുയർത്തി. അക്കാലത്ത് കൊച്ചിയിലെ ജൂതർ സിയോണിസത്തിന്റെ സൃഷ്ടാവ് തിയഡോർ ഹെർസലുമായി കത്തിടപാടുകൾ നടത്തിയതു സംബന്ധിച്ച ചില തെളിവുകൾ ഇപ്പോൾ ലഭ്യമാണ്. പക്ഷെ അവർ പുതിയ രാജ്യം യൂറോപ്പിൽ എവിടെയെങ്കിലുമായിരിക്കും എന്ന് ധരിച്ചിരുന്നോ എന്നും സംശയിക്കണം. ജൂത കുടിയേറ്റം എന്ന ആശയത്തിൽ ആകൃഷ്ടരായ സമൂഹങ്ങൾ 1903 വരെ ഹെർസലമായി ആശയ വിനിമയം നടത്തിയതിനും തെളിവുണ്ട്. 1904-ലാണ് ഹർസലിെൻ്റ മരണം.
വാഗ്ദത്ത ഭൂമി എന്ന സങ്കൽപ്പത്തിൽ സിയോണിസം അതിന്റെ പങ്ക് നിർവ്വഹിക്കാൻ തുടക്കം മുതലേ ശ്രമിച്ചു. 1930- കളോടെ നാസികളുടെ ജൂതപീഡനം ശക്തമായിത്തുടങ്ങി. രണ്ടാം ലോക യുദ്ധത്തോടെ ആ പീഡ എന്തുമാത്രം മാരകമായി എന്ന അറിവ് ഇന്നത്തെ ലോകത്തിനുണ്ട്. ജൂത കുടിയേറ്റക്കാർ അവരറിയാതെ തന്നെ സിയോണിസത്തിന്റെ വാഹകർ കൂടിയായി മാറി. അവരിൽ പലരും അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടാകണമെന്നില്ല. പക്ഷെ, അങ്ങനെയാണത് സംഭവിച്ചത്. ചരിത്രം ഈ കുടിയേറ്റത്തെ സിയോണിസത്തിൽ നിന്നും അടർത്തി മാറ്റി കാണുന്നില്ല.

‘എണ്ണക്കോളനികൾ’
ഇതേസമയത്തുതന്നെ ഇന്ന് നാം ഗൾഫ് അറബ് രാജ്യങ്ങൾ എന്നു വിളിക്കുന്ന, ഇന്നും രാജഭരണം നിലനിൽക്കുന്ന പ്രദേശങ്ങളിൽ കൊളോണിയലിസം എന്തുചെയ്തു എന്നു കൂടി ആലോചിക്കണം. ഗൾഫ് അറബ് രാജ്യങ്ങളിലെ എണ്ണശേഖരം കണ്ടെത്തുന്നതും അത് കുഴിച്ചെടുക്കാൻ തുടങ്ങുന്നതും ഈ രാജ്യങ്ങളെ കോളനിയാക്കിയ പടിഞ്ഞാറൻ രാജ്യങ്ങൾ തന്നെയായിരുന്നു. ഇത്തരത്തിൽ ലോകചരിത്രത്തിൽ ‘എണ്ണക്കോളനികൾ' സ്ഥാപിക്കപ്പെട്ടു.
ജനാധിപത്യത്തിന്റെ കാറ്റ് വീശിയാൽ എണ്ണക്കോളനികൾ തങ്ങൾക്ക് അനുകൂലമല്ലാതാവും എന്ന അറിവ് കൊളോണിയൽ ശക്തികൾക്കുണ്ടായിരുന്നു. അതിനാൽ രാജഭരണം തന്നെ എക്കാലത്തേക്കുമായി തുടരാനുള്ള ജനാധിപത്യ വിരുദ്ധ -അരാഷ്ട്രീയതയുടെ വിളനിലങ്ങളാക്കി ഇന്നും ഈ രാജ്യങ്ങളെ നിലനിർത്താൻ പോസ്റ്റ് കോളനിക്കാലത്തും അതാഗ്രഹിച്ചവർക്ക് സാധിക്കുന്നു. എണ്ണക്കോളനികൾ മൂലം സംഭവിച്ചത് ഗൾഫ്- അറബ് രാജ്യത്തിന് യഥാർഥത്തിൽ ഉണ്ടാകേണ്ടിയിരുന്ന വലിയ നേതാക്കളും നേതൃത്വവും ഇല്ലാതായി എന്നതാണ്. ഈജിപ്ത് കുറച്ചുകാലം വലിയ നേതാക്കളെ ഉണ്ടാക്കാൻ ശ്രമിച്ചു. പിന്നീട് അതും പരാജയപ്പെട്ടു. പലസ്തീനുമായി അതിർത്തികൾ പങ്കിടുന്ന ഗൾഫ്-അറബ് രാജ്യങ്ങളിലെ അരാഷ്ട്രീയവൽക്കരണവും ഇസ്രായേൽ രാജ്യസ്ഥാപനവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് ഇന്ന് ആ ചരിത്രത്തിലേക്ക് സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. അറബ് രാജ്യങ്ങൾ, പ്രത്യേകിച്ച് രാജഭരണം ഇന്നും തുടരുന്ന സ്ഥലങ്ങളിൽ, സിവിൽ സമൂഹ പ്രസ്ഥാനങ്ങൾക്ക് ഒരിക്കലും വേരോട്ടം ലഭിക്കുകയില്ല എന്ന സത്യവും ഇന്ന് ലോകത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ആ ശൂന്യതയും അറബ് ലോകത്ത് നിലനിൽക്കുന്നുണ്ട്.
ഇറാനെ ശത്രുപക്ഷത്ത് നിർത്തുന്നതിൽ ശരിയുണ്ടോ എന്നാലോചിക്കാൻ പോലും ഈ അവസ്ഥയിലും ഗൾഫ് അറബ് രാജ്യങ്ങൾക്ക് സാധിക്കുന്നില്ല. ഈ സങ്കീർണ്ണത തന്നെയാണ് ഇസ്രായേലിന് ആവശ്യമായിരുന്നത്.
യൂറോപ്പ് ഒരു കാലത്ത് ഇസ്രായേൽ നിർമ്മിതിക്കൊപ്പം നിന്ന് സ്വയം വാരിപ്പൊത്തിയ രക്തക്കടലുകൾ, പതിറ്റാണ്ടുകളോളം അതിൽ തുടർന്ന രക്തക്കുളി- അതിനെ ഇന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങൾ കഴുകിക്കളയാൻ ശ്രമിക്കുന്നു. തങ്ങളുടെ മുൻതലമുറകൾ നടത്തിയ 'ജനറേഷറണൽ ബ്ലഡ് ബാത്ത്' തിരുത്താനാണ് ആ രാജ്യങ്ങളിലെ മനുഷ്യർ ശ്രമിക്കുന്നത്. അവയിൽ പലതും സ്വതന്ത്ര പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നു. ആ നാടുകളിൽ ഗാസക്കുവേണ്ടി കൂറ്റൻ പ്രകടനങ്ങൾ നടക്കുന്നു എന്നതും വലിയ തോതിൽ പ്രതീക്ഷ നൽകുന്നതാണ്. പക്ഷെ അറബ് ലോകത്ത് പ്രതീകാത്മകമായി ചില നീക്കങ്ങൾ ഉണ്ടായി എന്നതല്ലാതെ ഇന്ന് യൂറോപ്യൻ നഗരങ്ങളിൽ കാണുന്ന പ്രതിഷേധമുഖം ഉയർന്നു വരുന്നില്ല. കോളനിക്കാലം പരിശീലിപ്പിച്ച രാഷ്ട്രീയ മൗനത്തിൽ നിന്ന് അറബ് രാജ്യങ്ങൾക്ക് വിമുക്തി നേടാനായിട്ടില്ല എന്നു തന്നെയാണ് ഇതിനർഥം. അറബ് ജനതയെ നയിക്കാൻ ഇന്ന് ലോകം ശ്രദ്ധിക്കുന്ന വലിയ നേതാക്കളുമില്ല. അങ്ങനെയൊരവസ്ഥയുണ്ടാക്കിയതിൽ അമേരിക്കക്കും ഇസ്രായേലിനും യൂറോപ്പിനുമുള്ള പങ്ക് ആർക്കും നിഷേധിക്കാനുമാവില്ല. ഇറാനെ ശത്രുപക്ഷത്ത് നിർത്തുന്നതിൽ ശരിയുണ്ടോ എന്നാലോചിക്കാൻ പോലും ഈ അവസ്ഥയിലും ഗൾഫ് അറബ് രാജ്യങ്ങൾക്ക് സാധിക്കുന്നില്ല. ഈ സങ്കീർണ്ണത തന്നെയാണ് ഇസ്രായേലിന് ആവശ്യമായിരുന്നത്.
ഇസ്രായേൽ പടിപടിയായി പലസ്തീനെ ഇല്ലാതാക്കുകയാണ്. രണ്ടു വർഷത്തിലേറെക്കാലമായി ഗാസയിലെ മുഴുവൻ മനുഷ്യരെയും കൊന്നൊടുക്കി ആ മുനമ്പ് തങ്ങളുടേതാക്കുക എന്ന ലക്ഷ്യത്തോടെ നെതന്യാഹു പ്രവർത്തിക്കുന്നു. മനുഷ്യരക്തം കൊണ്ട് പലസ്തീൻ ഗാസയെ മായ്ച്ചുകളഞ്ഞ് ‘ഇസ്രായൽ ഗാസ’ സാധ്യമാക്കാൻ തന്നെയാണ് നെതന്യാഹു ശ്രമിക്കുന്നത്.

‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ലക്ഷ്യം
‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയം തുടക്കം മുതലേ സിയോണിസത്തിലുണ്ട്. ഓരോ പലസ്തീൻ പ്രവിശ്യയും ഏതു വിധേനയും സ്വന്തമാക്കുക- അങ്ങനെ ഇസ്രായേലിന്റെ വിസ്തൃതിയും അധികാരവും വർധിപ്പിച്ചു കൊണ്ടേയിരിക്കുക- ഇതാണ് ഗ്രേറ്റർ ഇസ്രായേൽ എന്ന സങ്കൽപ്പം. ഇസ്രായേൽ ഖത്തറിനെ ആക്രമിക്കുമ്പോൾ നാളെ നിങ്ങളേയും ഞങ്ങൾ ഗ്രേറ്റർ ഇസ്രായേലിന്റെ ഭാഗമാക്കും എന്ന സൂചന നൽകുകയാണ് യഥാർഥത്തിൽ ചെയ്തത്. ഈ പ്രശ്‌നത്തിൽ ദോഹയിൽ ചേർന്ന അറബ് ഉച്ചകോടിക്ക് കാര്യമായ തീരുമാനങ്ങളിലൊന്നും എത്താൻ കഴിഞ്ഞില്ല എന്നത് ഗൾഫ്- അറബ് ലോകം എത്തിച്ചേർന്ന രാഷ്ട്രീയ ശൂന്യതയുടെ ഏറ്റവും വലിയ ഉദാഹരണം തന്നെയായി മാത്രമേ കാണാനാകൂ.
ഗാസയെക്കുറിച്ച് പറയുന്നതുതന്നെ ‘ഹേറ്റ് ക്യാമ്പയിന്' കാരണമായിത്തീരുന്ന കേരള മോഡൽ വാസ്തവത്തിൽ ഒരു ലോകമോഡലിന്റെ ഭാഗമാണ്.
കഴിഞ്ഞ കുറച്ചു കാലത്തിനിടെ ഇസ്രായേൽ ഏഴ് രാജ്യങ്ങളെ ആക്രമിച്ചു. ഇറാൻ മുതൽ യമൻ വരെയുള്ള രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. അത് ഒരമേരിക്കൻ രീതിയാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശം പോലെ ഞങ്ങൾക്കാരെയും ആക്രമിക്കാനും അധിനിവേശം നടത്താനും കഴിയുമെന്ന മുന്നറിയിപ്പാണ് ഇസ്രായേൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. അയൽരാജ്യങ്ങളെല്ലാം തങ്ങളുടെ സ്വന്തം പ്രവിശ്യകൾ എന്ന നിലയിലേക്കാണ് ഇസ്രായേൽ പോയിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ പറയുന്നത് അനുസരിക്കുക, നടപ്പാക്കുക എന്നതാണ് ഇസ്രായേലിന്റെ സമകാലിക നയം.
ഗാസയെക്കുറിച്ച് പറയുന്നതുതന്നെ ‘ഹേറ്റ് ക്യാമ്പയിന്' കാരണമായിത്തീരുന്ന കേരള മോഡൽ വാസ്തവത്തിൽ ഒരു ലോകമോഡലിന്റെ ഭാഗമാണ്. ഡിജിറ്റൽ- സോഷ്യൽ മീഡിയയിലൂടെ വെറുപ്പ് ഉൽപ്പാദിപ്പിച്ച് ഗാസക്കാരെ വെറുപ്പുനദിയിൽ മുക്കിക്കൊല്ലുക, തുണിത്തമ്പുകളിൽ പോലും കഴിയുന്ന ഗാസക്കാരെ ഏറ്റവും ആധുനികമായ ആയുധങ്ങളുപയോഗിച്ച് ഭസ്മമാക്കി രക്തക്കടലിലെറിയുക- ഈ രണ്ട് രീതികളും നടപ്പിലാക്കുന്നത് ഇസ്രായേലാണ്.
അതായത്, ചില കണക്കുകൾ ശരിയാണെങ്കിൽ, ലോകത്തിലെ 60 ശതമാനം പേരെ തങ്ങളുടെ നുണ ഫാക്ടറികളുടെ സഹായത്തോടെ ഒപ്പം നിർത്താൻ ഇസ്രായേലിന് സാധിക്കുന്നു. മലയാളി സൈബർ അക്രമികൾ കൂടി ഈ കണക്കിൽ വരുമെന്ന കാര്യം മറക്കരുത്. നാളെ ചരിത്രം അതിന്റെ കൂടി കണക്കെടുക്കും.

സാധ്യമാണോ
അമേരിക്ക- ഇസ്രായേൽ
ബഹിഷ്കരണം?
ഗൾഫ് അറബ് രാജ്യങ്ങൾക്ക് (ഖത്തറടക്കം) തങ്ങളുടെ രാജ്യപരമാധികാരം ഉയർത്തിപ്പിടിക്കാൻ കഴിയണമെങ്കിൽ സ്വന്തം നാടുകളിലെ അമേരിക്കൻ സൈനിക ബേസുകൾ അവിടെ നിന്ന് ഒഴിപ്പിക്കാനും അങ്ങനെ തങ്ങളുടെ പരമാധികാരം പ്രഖ്യാപിക്കാനും കഴിയണം. ഇസ്രായേലി ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുക എന്നാൽ അമേരിക്കൻ ആയുധങ്ങൾ ഉപേക്ഷിക്കുക എന്നു കൂടിയാണ്. അമേരിക്കൻ ആയുധ നിർമ്മാണത്തിലും അതിന്റെ വിപണിവ്യാപനത്തിലും ഇസ്രായേലിനുള്ള പങ്ക് മനസ്സിലാക്കിയാൽ മാത്രമേ ഈ ബഹിഷ്‌ക്കരണത്തിന്റെ പ്രധാന്യം മനസ്സിലാക്കാൻ കഴിയൂ. അമേരിക്കൻ- ഇസ്രായേൽ ആയുധ ബഹിഷ്‌ക്കരണം നടത്തേണ്ടത് പ്രധാനമായും ഗൾഫ്- അറബ് രാജ്യങ്ങളാണ്. അവരങ്ങനെ ഒരു നീക്കം നടത്തുന്നതിന്റെ ഒരു സൂചനയും എവിടേയും കാണാനില്ല. അടുത്ത കാലത്ത് ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാന നൊബേൽ സമ്മാനം തരണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ആ പുരസ്ക്കാര വേദിയിലെത്തിക്കുമോ അറബ്- ഗൾഫ് രാജ്യങ്ങൾ? ഒപ്പം തന്നെ ഇന്ന് പലസ്തീൻ സ്വതന്ത്രരാജ്യം അംഗീകരിക്കുന്ന, ഗാസക്കുവേണ്ടി കൂറ്റൻ റാലികൾ നടക്കുന്ന യൂറോപ്പിലെ രാജ്യങ്ങൾ അമേരിക്ക-ഇസ്രായേൽ ആയുധങ്ങൾ വേണ്ടെന്നുവെക്കുമോ? പുതിയ ആയുധ കരാറുകളിൽ ഒപ്പുവെക്കാതിരിക്കുമോ? ഗാസ കൊടിയ ഹിംസയാൽ രക്തക്കടലായി മാറിയിട്ട് നാളുകളേറെയായ സമയത്ത് ലോകത്ത് ഉയർന്നു പൊന്തേണ്ട പ്രധാന ആശയങ്ങളിൽ ഒന്ന് ഇതായിരിക്കാം.
ഗാസയിലെ കുട്ടികളെ കൊന്നൊടുക്കുന്നത്, അല്ലെങ്കിൽ മുറിവേറ്റ അവരുടെ ശരീരഭാഗങ്ങൾ മുറിച്ചുനീക്കുന്നത്, കോളനിക്കാലത്ത് പോരാടിയ മനുഷ്യരെ കഴുമരത്തിൽ അവസാനിപ്പിച്ചതിനു തുല്യമായ നടപടിയാണെന്ന് ഡോ. ഗസ്സാൻ അബു സിത്ത അഭിപ്രായപ്പെട്ടത് ഓർക്കാം. അദ്ദേഹം ഗാസയിൽ പ്ലാസ്റ്റിക്ക് സർജനാണ്. 'ലിബറേഷൻ മെഡിസിൻ' എന്നൊരാശയം അദ്ദേഹം മുന്നോട്ടുവെക്കുന്നു. അതായത്, ഗാസയിലുള്ളവർക്ക് ലഭിക്കേണ്ടത് മനുഷ്യകാരുണ്യത്താലുള്ള മരുന്നല്ല, മറിച്ച്, അവരുടെ അവകാശം എന്ന നിലയിലുള്ള മരുന്നും ചികിൽസകളുമാണ്. അബു സിത്തയുടെ ഇതേ ആശയം തന്നെയാണ് പലസ്തീൻ മണ്ണിനെക്കുറിച്ചുമുള്ളത്. പലസ്തീനികളുടെ അവകാശമാണ് ആ മണ്ണ്. ജീവകാരുണ്യത്താൽ അത് നിങ്ങൾക്ക് തരുന്നു, വീടില്ലെങ്കിലും നിങ്ങൾക്കവിടെ തുണിത്തമ്പ് കെട്ടി ജീവിക്കാമല്ലോ- തുടങ്ങിയ ജീവകാരുണ്യമല്ല, മറിച്ച്, ഈ മണ്ണിലെ അവരുടെ അവകാശം തന്നെയാണ് പ്രധാനം. ഒരു നാൾ സ്വതന്ത്ര പലസ്തീൻ വരുമ്പോൾ ഗാസയിൽ ഒരു മനുഷ്യനെങ്കിലും ജീവനോടെ, ആരോഗ്യത്തോടെ അവശേഷിക്കുന്നുണ്ടാകുമോ?
