ഗാസയിൽ 15 മാസം നീണ്ട ചോര ചിന്തിയ സംഘർഷങ്ങൾക്ക് താൽക്കാലിക വിരമമായിരിക്കുകയാണ്. 2023 ഒക്ടോബർ 7ന് ശേഷം ഇസ്രായേൽ ആരംഭിച്ച ഏകപക്ഷീയമായ ആക്രമണങ്ങളാണ് താൽക്കാലികമായി നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെയുള്ള കണക്കുകൾ എടുത്താൽ ഇതുവരെ മരിച്ചത് 46,707 പേർ. ഇതിൽ 12000 പേർ കുട്ടികളും 7000 പേർ സ്ത്രീകളുമാണ്. ഒന്നരവർഷത്തോളം ദിവസേനയെന്നോണം ഇസ്രായേൽ സൈന്യം നിസ്സഹായരായ പലസ്തീൻ ജനതയ്ക്ക് മേൽ ബോംബുകൾ വർഷിച്ച് കൊണ്ടേയിരുന്നു. ഹമാസിനെ ഉൻമൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് തുടക്കമിട്ടത്.
ഗാസയിൽ ആകെയുണ്ടായിരുന്ന 23 ലക്ഷം മനുഷ്യരിൽ 18 ലക്ഷത്തോളം പേരും (ഏകദേശം 90 ശതമാനവും) ഇന്ന് അഭയാർഥികളായി മാറിയിരിക്കുന്നു. അവരുടെ വീടുകളെല്ലാം തകർക്കപ്പെട്ടിരിക്കുന്നു. വെടിനിർത്തൽ താൽക്കാലികമായി ഗാസയിൽ സമാധാനം പുനസ്ഥാപിക്കുമെങ്കിലും അത് എത്രകാലം നീണ്ടുനിൽക്കുമെന്ന് ഉറപ്പില്ല. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി സംഘമായി പലസ്തീൻ ജനതയെ മാറ്റിയെന്നതാണ് ഇസ്രായേൽ ആക്രമണങ്ങളുടെ പരിസമാപ്തി. അവർക്ക് ഉറ്റവരെ നഷ്ടപ്പെട്ടിരിക്കുന്നു. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിരിക്കുന്നു. സാധാരണ മനുഷ്യജീവിതത്തിനുള്ള എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടിരിക്കുന്നു.

അമേരിക്കൻ താൽപര്യങ്ങൾ
ഖത്തറിൻെറയും ഈജിപ്തിൻെറയും മധ്യസ്ഥതയിൽ ഹമാസ് നേതാക്കൾക്കും ഇസ്രായേൽ ഭരണകൂടത്തിനും ഇടയിൽ നടന്ന ചർച്ചയാണ് വെടിനിർത്തൽ തീരുമാനത്തിലേക്ക് എത്തിയത്. നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജനുവരി 20ന് ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുൻപ് ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കണമെന്ന് അമേരിക്കയ്ക്ക് താൽപര്യമുണ്ടായിരുന്നു. കഴിഞ്ഞ നാല് വർഷത്തോളം ജോ ബൈഡനായിരുന്നു അമേരിക്കൻ പ്രസിഡൻറ്. ഇക്കഴിഞ്ഞ ഒന്നരവർഷം ഇസ്രായേൽ ഗാസയിൽ ബോംബ് വർഷം തുടർന്നപ്പോൾ അതിന് നിരുപാധിക പിന്തുണയാണ് ബൈഡൻ ഭരണകൂടം നൽകിയത്. അധികാരത്തിലേറാൻ പോവുന്ന ട്രംപ്, നെതന്യാഹുവിന് ബൈഡനേക്കാൾ അടുപ്പമുള്ള നേതാവാണ്. ബൈഡൻ ഇറങ്ങുന്നതിന് തൊട്ടുമുൻപായാണ് വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. 42 ദിവസത്തേക്കാണ് ഇപ്പോഴത്തെ വെടിനിർത്തൽ ധാരണം. ഹമാസ് ബന്ദികളാക്കിയ 250ഓളം പേരിൽ 150-ഓളം പേരെ നേരത്തെ ഇസ്രായേലിന് വിട്ടുനൽകിയിരുന്നു. ഇനി 94 പേരാണ് ബാക്കിയുള്ളതെന്നും ഇതിൽ 34 പേരെങ്കിലും മരണപ്പെട്ടുവെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നുണ്ട്. വെടിനിർത്തൽ കരാറിൻെറ ഭാഗമായി ഇസ്രായേൽ ജയിലിൽ കഴിയുന്ന ആയിരത്തിലധികം പലസ്തീനികളെ മോചിപ്പിക്കും.

ആശ്വാസത്തിൻെറ ഗാസ
വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ തന്നെ ഗാസയിൽ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്. സെൻട്രൽ ഗാസയിലെ നഗരമായ ഡെയ്ർ അൽ ബലായിൽ പലസ്തീൻ പതാകയുമായി ജനം തെരുവിലിറങ്ങി ആഘോഷം നടത്തുന്നതിൻെറ ചിത്രങ്ങൾ ഇതിനോടകം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഇനിയെങ്കിലും വെടിയൊച്ചകളില്ലാത്ത, മുറിവുകളില്ലാത്ത, ചോര വീഴാത്ത ഒരു ഗാസ അവർ സ്വപ്നം കാണുന്നുണ്ട്. “ഞങ്ങൾ ഏറെക്കാലമായി ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആശങ്കകളില്ലാതെ ഇനി എനിക്ക് കിടന്നുറങ്ങാം. വേദനകളും മുറിവുകളും ഉണക്കാനുള്ള സമയമാണിത്. ഞങ്ങൾക്ക് പ്രത്യാശയുണ്ട്,” വടക്കൻ ഗാസയിൽ നിന്നുള്ള 17കാരിയായ സനാബെൽ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. “വെടിനിർത്തലിന് ശേഷം എനിക്കെൻെറ കുഞ്ഞുങ്ങൾക്ക് നല്ല ജീവിതം നൽകണം. അവർ ഭയപ്പാടോടെയാണ് ജീവിച്ചിരുന്നത്. അവരുടെ മനസ്സിൽ ഇപ്പോഴും ആശങ്കകളുണ്ട്. അത് ഇല്ലാതെയാവണം,” ഇസ്രായേലിൻെറ ആക്രമണത്തിൽ ഭർത്താവ് കൊല്ലപ്പെട്ട നവാര അൽ നജ്ജർ പറഞ്ഞു.

ഇനിയെന്ത്?
വെടിനിർത്തൽ കരാർ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് ഇസ്രായേലും ഹമാസും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്. ആദ്യത്തെ ഘട്ടമെന്ന നിലയിൽ ഹമാസ് ബന്ദിയാക്കി വെച്ചിരിക്കുന്ന 33 ഇസ്രായേലികളെ മോചിപ്പിക്കും. ഇതിനോടകം തന്നെ ഗാസയിലെ ആക്രമണങ്ങളും ഇസ്രായേൽ പൂർണമായി അവസാനിപ്പിക്കും. ഇസ്രായേലിൻെറ ജയിലിലുള്ള 1000ത്തിലധികം പലസ്തീൻകാരെ മോചിപ്പിക്കും. ഇതാണ് രണ്ടാമത്തെ ഘട്ടം. നിലവിലെ കരാറനുസരിച്ച് 42 ദിവസം വെടിനിർത്തൽ തുടരും.
സമ്പൂർണ വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യത്തിൽ മൂന്നാമത്തെ ഘട്ടത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. വെടിനിർത്തലിൻെറ ഭാഗമായി ഇസ്രായേൽ സൈന്യം പിൻമാറുകയും അതിർത്തിയിലേക്ക് തിരികെ പോരുകയും ചെയ്യും. ആദ്യത്തെ 16 ദിവസങ്ങൾക്ക് ശേഷം വീണ്ടും ചർച്ചകളുണ്ടാവും. ബന്ദികളെ പൂർണമായി മോചിപ്പിച്ചതിന് ശേഷം മാത്രമായിരിക്കും അത്തരം ചർച്ചകളുണ്ടാവുക. വെടിനിർത്തലിൻെറ ഭാവിയെന്തെന്ന കാര്യത്തിൽ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മേൽനോട്ടത്തിലായിരിക്കും തുടർ തീരുമാനങ്ങൾ ഉണ്ടാവുക.