ഗാസയിൽ നിന്ന് ഉള്ളുപൊള്ളിക്കുന്ന രണ്ട് ഡോക്യുമെന്ററികൾ

“ഏതുനിമിഷവും വന്നുവീഴാവുന്ന ഒരു ബോംബിന്റെ പൊട്ടിത്തെറിയിൽ, ഏതു വളവിലും തിരിവിലും വന്നുതറയ്ക്കാവുന്ന ഒരു വെടിയുണ്ടയിൽ, തലയ്ക്ക് മുകളിൽ കൂടി മൂളിപ്പറക്കുന്ന ഒരു ഡ്രോണിൽ നിന്നും പതിയ്ക്കാവുന്ന ബുള്ളറ്റിൽ തങ്ങളുടെ ജീവിതം കരിഞ്ഞുപോകാം എന്ന് ഉത്കണ്ഠപ്പെടുന്ന, അതല്ലാതെ മറ്റുഗതിയില്ല എന്ന് തങ്ങളോടുതന്നെ പറയുന്ന കുഞ്ഞുങ്ങളാണ് ഗാസയിൽ അവശേഷിച്ചിട്ടുള്ളത്” ‘Gaza: Dying for Food’, ‘Children of War’ എന്നീ ഡോക്യുമെന്ററികളുടെ കാഴ്ച, പി. പ്രേമചന്ദ്രൻ എഴുതുന്നു.

ലസ്തീനിലെ സാധാരണക്കാരുടെയും കുഞ്ഞുങ്ങളുടെയും നിലവിലെ അവസ്ഥ ബോധ്യപ്പെടുത്തുന്ന, അത്യധികം പ്രയാസമുണ്ടാക്കുന്ന രണ്ടു ഡോക്യുമെന്ററികൾ കാണുകയുണ്ടായി. ഒന്നുരണ്ടു ദിവസം മുൻപ് ബി.ബിസി പുറത്തുവിട്ട ‘ഗാസ: അന്നത്തിനായി മരിക്കുന്നു’ (Gaza: Dying for Food). മറ്റൊന്ന് ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ ഇന്നലെ പ്രകാശിപ്പിച്ച 'യുദ്ധത്തിലെ കുഞ്ഞുങ്ങൾ' (Children of War). സത്യത്തിൽ ഗാസയിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് കൃത്യമായും തിരിച്ചറിയണമെങ്കിൽ ഈ ഡോക്യുമെന്ററികളിലൂടെ അൽപ്പസമയം കടന്നുപോയാൽ മതി. ഉള്ളുപൊള്ളിക്കുന്നതാണ് ആ അനുഭവം.

2023 ഒക്ടോബർ 7-നു ശേഷം ഗാസയിൽ വിദേശ മാധ്യമപ്രതിനിധികളെ ഇസ്രായേൽ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഈ വംശഹത്യാമുഖത്ത് നിൽക്കുന്ന സന്നദ്ധപ്രവർത്തകരിൽ നിന്നും പലസ്തീൻ മാധ്യമ പ്രവർത്തകരിൽ നിന്നുമുള്ള ദൃശ്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ ഡോക്യുമെന്ററികൾ നിർമ്മിച്ചിരിക്കുന്നത്. 'അന്നത്തിനായി മരിക്കുന്ന ഗാസ' ബി.ബി.സി ആദ്യമായി ഈ വിഷയത്തിൽ നേരിട്ട് നിർമ്മിക്കുന്ന ഡോക്യുമെന്ററിയാണ്. ബ്രിട്ടീഷ് താത്പര്യങ്ങളെ മുൻനിർത്തി ഇത്രയും കാലം ഇസ്രായേൽ - പലസ്തീൻ 'യുദ്ധം' എന്നാണ് ബി.ബി.സി ഈ പ്രശ്നത്തെ നോക്കിക്കണ്ടിരുന്നത്. ആദ്യമായാണ് പലസ്തീനിൽ നടക്കുന്നത് വംശഹത്യയാണെന്ന് അവർ പറയുന്നത്. ബ്രിട്ടന്റെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ പലസ്തീനെ ഒരു രാജ്യമായി പ്രഖ്യാപിക്കുന്നിടത്തുനിന്നാണ് 'അന്നത്തിനായി മരിക്കുന്ന ഗാസ' തുടങ്ങുന്നത്. വെടിക്കോപ്പുകൾ കൊണ്ട് മാത്രമല്ല ഇസ്രായേൽ ഈ വംശഹത്യ നടത്തുന്നത് എന്നും ഭക്ഷണത്തെ എങ്ങിനെ അതിനുള്ള ആയുധമാക്കുന്നു എന്നുമാണ് കൃത്യമായ തെളിവുകൾ നൽകിയും സാക്ഷികളെ അണിനിരത്തിയും ഈ ഡോക്യുമെന്ററി തുറന്നുകാട്ടുന്നത്.

‘ഗാസ: അന്നത്തിനായി മരിക്കുന്നു’ (Gaza: Dying for Food) ബി.ബി.സി. ഡോക്യുമെന്ററി
‘ഗാസ: അന്നത്തിനായി മരിക്കുന്നു’ (Gaza: Dying for Food) ബി.ബി.സി. ഡോക്യുമെന്ററി

രണ്ട് ദശലക്ഷത്തിലധികം വരുന്ന ഗാസയിലെ ജനസംഖ്യയിലെ ഏതാണ്ട് എല്ലാവരും, ഇസ്രായേൽ സൈനിക നടപടി കാരണം കുടിയിറക്കപ്പെട്ടു. കടൽതീരത്തും പാതയോരങ്ങളിലും ഉള്ള താത്കാലിക ടെന്റുകളിലാണ് അവരെല്ലാം കഴിയുന്നത്. സ്വന്തമായി ഒന്നുമില്ലാത്ത അവർക്ക് ചില എൻ.ജി.ഒകൾ നടത്തുന്ന അടുക്കളകളിൽ നിന്നും പുറത്തുനിന്നെത്തുന്ന നാമമാത്രമായ സഹായങ്ങളിൽ നിന്നുമാണ് ജീവൻ നിലനിർത്താനുള്ള അൽപ്പമെന്തെങ്കിലും ലഭിക്കുന്നത്. ഭക്ഷണലഭ്യത വിലയിരുത്തുന്ന ‘The Integrated Food Security Phase Classification’ (IPC) ഗാസ കടുത്ത ക്ഷാമത്തിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. "പലസ്തീൻ ജനസംഖ്യയുടെ മഹാഭൂരിപക്ഷത്തിനും അതിജീവനത്തിനാവശ്യമായതിലും വളരെ കുറച്ച് ഭക്ഷണം മാത്രമേ ലഭിക്കുന്നുള്ളൂ. ഇതൊരു അസാധാരണമായ ക്ഷാമമാണ്, തീർച്ചയായും ഒരു 'ഓഫ് സ്വിച്ച്' ഉള്ള ക്ഷാമം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ക്ഷാമം നിർത്താൻ തീരുമാനിച്ചാൽ, അദ്ദേഹത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ നിർത്താനാകുന്ന ഒന്ന്." ഈ മേഖലയിലെ വിദഗ്ദ്ധനായ പ്രൊഫ. അലക്സ് ഡീ വാൾ ഡോക്യുമെന്ററിയിൽ ഇപ്രകാരമാണ് ഈ പ്രതിസന്ധിയെ വിലയിരുത്തുന്നത്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ക്ഷാമം നിർത്താൻ തീരുമാനിച്ചാൽ, അദ്ദേഹത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ നിർത്താനാകുന്ന ഒന്ന്." ഈ മേഖലയിലെ വിദഗ്ദ്ധനായ പ്രൊഫ. അലക്സ് ഡീ വാൾ ഡോക്യുമെന്ററിയിൽ ഇപ്രകാരമാണ് ഈ പ്രതിസന്ധിയെ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ക്ഷാമം നിർത്താൻ തീരുമാനിച്ചാൽ, അദ്ദേഹത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ നിർത്താനാകുന്ന ഒന്ന്." ഈ മേഖലയിലെ വിദഗ്ദ്ധനായ പ്രൊഫ. അലക്സ് ഡീ വാൾ ഡോക്യുമെന്ററിയിൽ ഇപ്രകാരമാണ് ഈ പ്രതിസന്ധിയെ വിലയിരുത്തുന്നത്.

യു.എൻ നേതൃത്വത്തിൽ ഗാസയിൽ നടത്തിക്കൊണ്ടിരുന്ന ഭക്ഷണവിതരണം ഇസ്രായേൽ അവസാനിപ്പിക്കുകയും പലസ്തീനിൽ എത്തുന്ന ഭക്ഷണസാമഗ്രികൾ വിതരണം ചെയ്യാനായി ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) എന്ന ഒരു വ്യാജ പ്രസ്ഥാനമാരംഭിക്കുകയും ചെയ്തിരുന്നു. പേരിൽ മാത്രം മനുഷ്യത്വം ഉണ്ടായിരുന്ന ഈ സംഘത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇസ്രായേൽ സൈന്യമായിരുന്നു. ഒപ്പം അവർ ചുമതലപ്പെടുത്തിയ അമേരിക്കൻ സായുധ സുരക്ഷാജീവനക്കാരും. കിലോമീറ്ററുകൾ പരന്നുകിടക്കുന്ന, ലക്ഷക്കണക്കിന് മനുഷ്യർ അടിഞ്ഞുകൂടിക്കിടക്കുന്ന സ്ഥലങ്ങളിൽ, 400 ലധികം ഭക്ഷണ വിതരണകേന്ദ്രങ്ങൾ നേരത്തെ യു.എൻ ഏർപ്പെടുത്തിയിരുന്നു. അതെല്ലാം ഇസ്രായേൽ അടച്ചുപൂട്ടുകയും ഒന്നോ രണ്ടോ കേന്ദ്രത്തിൽ മാത്രമാക്കുകയും ചെയ്തു! അവിടെ ചുമതലയുണ്ടായിരുന്ന ഒരു ഓഫീസർ തന്റെ മുഖം മറച്ചുകൊണ്ട് ഡോക്യുമെന്ററിയിൽ ഉള്ളുപൊള്ളി പല സത്യങ്ങളും പറയുന്നു. പത്തു മുതൽ നാൽപ്പതു മിനുട്ടുവരെ സമയത്തിനുള്ളിലാണ് ഭക്ഷണ വിതരണം. വിശന്നുതളർന്നു ഭ്രാന്തരായ ഒരു സമൂഹമൊന്നാകെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട്, നിയന്ത്രണങ്ങൾ മറികടന്നുകൊണ്ട് ഭക്ഷണത്തിനായി പരക്കം പായുന്നു. നിരോധിത മേഖലകളിലൂടെ (ഇന്നലെവരെ അവരുടെ വീടിരുന്ന സ്ഥലം ഇന്നവർക്ക് നിരോധിത മേഖലയായി!) രാത്രിമുഴുവൻ നടന്നാണ് അവർ വിതരണ കേന്ദ്രങ്ങളിൽ എത്തുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് കണ്ണിൽചോരയില്ലാതെ വെടിവെച്ചു വീഴ്ത്തുന്നു. അപ്രകാരം കൊല്ലപ്പെട്ട ചില മനുഷ്യരെക്കുറിച്ചുള്ള അന്വേഷണമാണ് 'അന്നത്തിനായി മരിക്കുന്ന ഗാസ'യിലുള്ളത്.

ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ ഡോക്യുമെന്ററി 'യുദ്ധത്തിലെ കുഞ്ഞുങ്ങൾ' (Children of War).
ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ ഡോക്യുമെന്ററി 'യുദ്ധത്തിലെ കുഞ്ഞുങ്ങൾ' (Children of War).

അമീൻ, അബ്ദുള്ള എന്നിവരുടെ ദാരുണമായ മരണത്തിന്റെ വിശദാംശങ്ങൾ സിനിമയിലുണ്ട്. ഭക്ഷണം വാങ്ങാൻ പോയപ്പോഴാണ് അമീനും അബ്ദുള്ളയും കൊല്ലപ്പെട്ടത്. അനാഥരായ അമീന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും അഞ്ച് തവണ പലയിടങ്ങളിലേക്കായി പലായനം ചെയ്യേണ്ടിവന്നു. അബ്ദുള്ളയുടെ ദാരുണമായ മരണം നടന്നത് ഭക്ഷണവിതരണ കേന്ദ്രത്തിനു തൊട്ടടുത്തായിരുന്നു. അന്നുമാത്രം അവിടെ 18 പേർ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിനിരയായി. തൗഫീക് ഒമർ എന്ന സർജൻ പരിമിതമായി പ്രവർത്തിക്കുന്ന ഒരാശുപത്രിയുടെ അവസ്ഥ വിവരിക്കുന്നുണ്ട്. "രോഗികൾ എല്ലായിടവും നിറഞ്ഞ് നിലത്താണ് കിടക്കുന്നത്. നിലം മുഴുവൻ രക്തം മൂടിയിരിക്കുന്നു. എങ്ങും അസഹനീയമായ രക്തത്തിന്റെ മണം. ഭക്ഷണവിതരണ കേന്ദ്രങ്ങൾ തുറന്നതിന് ശേഷം എല്ലാ ദിവസവും, അപകടത്തിൽപ്പെട്ടവരെ കൊണ്ട് ആശുപത്രി നിറയും. പലർക്കും സങ്കീർണ്ണവും അപകടകരവുമായ പരിക്കുകളാണ്. GHF കേന്ദ്രങ്ങളിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തുള്ള ആശുപത്രിയിലേക്ക് വെറും ഒരു മരപ്പലകയിൽ കിടത്തിയാണ് അവരെ കൊണ്ടുവരിക; രക്തമൊഴുകിക്കൊണ്ട്‌, വലിച്ചിഴച്ച്. മുഴുവൻ രക്തവും വാർന്നുപോകും. രക്തം വാർന്നുവീണ പാത പിന്തുടർന്ന് നിങ്ങൾക്ക് ആശുപത്രിയിലേക്കുള്ള വഴി കണ്ടെത്താൻ കഴിയും. മിക്ക ദിവസങ്ങളിലും ഇങ്ങിനെ പത്തോ പന്ത്രണ്ടോ പേർ ഉണ്ടാകും. അവയിൽ 90 ശതമാനത്തിലധികവും പട്ടാളക്കാരുടെ വെടിയേറ്റാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും". ഒരുമാസം ആയിരത്തിനടുത്ത് ആളുകൾ ഇപ്രകാരം ഭക്ഷണവിതരണകേന്ദ്രങ്ങൾക്ക് മുന്നിൽ വെച്ച് കൊല്ലപ്പെടുന്നുണ്ട് എന്ന് സിനിമ കണക്കുകൾ നിരത്തി വിവരിക്കുന്നുണ്ട്.

കൊലപാതകം, പീഡനം, പട്ടിണിയെ ആയുധമായി ഉപയോഗിക്കൽ എന്നീ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും എതിരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചതിന്റെ വിവരങ്ങളും ഡോക്യുമെൻററിയിലുണ്ട്. യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക് പറയുന്നു, "ഭക്ഷണവിതരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടതിന്റെ വ്യക്തമായ തെളിവുകൾ ഞങ്ങളുടെ മുന്നിലുണ്ട്. അവരിൽ ഭൂരിഭാഗത്തേയും കൊന്നൊടുക്കിയത് ഇസ്രായേൽ സൈന്യമാണ്. അത് തികച്ചും കുറ്റകരമാണ്. അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണവ. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടേണ്ടത് വളരെ പ്രധാനമാണ്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികതന്നെ വേണം."

യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക് പറയുന്നു, "ഭക്ഷണവിതരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടതിന്റെ വ്യക്തമായ തെളിവുകൾ ഞങ്ങളുടെ മുന്നിലുണ്ട്.
യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക് പറയുന്നു, "ഭക്ഷണവിതരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടതിന്റെ വ്യക്തമായ തെളിവുകൾ ഞങ്ങളുടെ മുന്നിലുണ്ട്.

ജീവദായകമായ അന്നത്തെ ആയുധമാക്കി ഒരു ജനതയെ മുഴുവൻ കൊന്നൊടുക്കാനുള്ള ആസൂത്രിതമായ ക്രൗര്യമാണ് ഇസ്രായേൽ ഗാസയിൽ നടപ്പാക്കുന്നത്. അന്നംമുട്ടിച്ച് ഒരു ജനതയെ കൊന്നൊടുക്കുന്ന പാതകത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴെങ്കിലും ബി.ബി.സിക്ക് പുറത്തുവിടേണ്ടിവരുന്നത്, നാളിതുവരെ യുദ്ധത്തിന്റെ കണക്കിൽ ആയുധക്കച്ചവടം കൊഴുപ്പിക്കുന്ന അവരുടെ നേതാക്കളുടെ താത്പര്യങ്ങളിൽ പൊടുന്നനെ മാറ്റമുണ്ടായതുകൊണ്ടല്ല. മറിച്ച് ലോകത്താകമാനം പലസ്തീൻ വംശഹത്യയ്ക്കെതിരായി ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ഉയർന്നുവരുന്ന ജനരോഷത്തിന്റെ മിടിപ്പുകൾ അവർക്ക് തിരിച്ചറിയാൻ കഴിയുന്നതുകൊണ്ടുകൂടിയാണ്. ഇനിയെങ്കിലും ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല എന്നവർക്ക് കൈകഴുകണമല്ലോ.

ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷന്റെ 'ഫോറിൻ കറസ്പോണ്ടന്റ്' പരിപാടിയുടെ റിപ്പോർട്ടർ സ്റ്റെഫാനി മാർച്ച്, 'യുദ്ധത്തിലെ കുഞ്ഞുങ്ങൾ' നിർമ്മിച്ചതും ഗാസയിലെ പത്രപ്രവർത്തകരുടെ സഹായം തേടിയാണ്. ഈ ചിത്രത്തിന്റെ കാഴ്ചയും ഹൃദയഭേദകമായ അനുഭവമാണ്. ഗാസയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളുടെ ജീവിതം മാസങ്ങളോളം പകർത്തിയാണ് ഡോക്യുമെന്ററി ഒരുക്കിയത്. ഗാസയിലെ കുഞ്ഞുങ്ങളുടെയും അവരെ പ്രതി അവരുടെ രക്ഷിതാക്കളുടെയും ഉത്കണ്ഠകളാണ് സിനിമ. അവരുടെ ദൈന്യത്തെ തൊട്ടുകാട്ടിയും അവരുടെ പ്രതീക്ഷകളെയും ആകുലതകളെയും ക്ഷമാപൂർവ്വം അനുധാവനം ചെയ്തും സിനിമ പലസ്തീനിൽ നടക്കുന്ന വംശഹത്യയുടെ ഭീകരമായ മുഖം അനാവരണം ചെയ്യുന്നു. ഗാസയിൽ ഭസ്മീകരിക്കപ്പെട്ട കുട്ടിക്കാലത്തിന്റെ ഹതാശമായ മുഖം സിനിമയ്ക്കുശേഷവും നമ്മെ ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ടിരിക്കും.

"ഗാസയിലെ പത്തുലക്ഷം കുട്ടികൾക്ക് തങ്ങൾ മുതിരുംവരെ ജീവിക്കുമെന്ന് ഒരുറപ്പുമില്ല" എന്ന് പറഞ്ഞുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. അപ്പോൾ അകലെ മുഴങ്ങുന്ന വെടിയൊച്ചകൾ, ബോംബുകൾ വഹിച്ചുള്ള ഡ്രോണുകളുടെ ഇരമ്പലുകൾ കേൾക്കാം. അവയ്ക്ക് കാതോർക്കുന്ന, അവയോരോന്നിനെയും തിരിച്ചറിയുന്ന കുഞ്ഞുങ്ങളെക്കാണാം. ആദ്യം നമ്മൾ പരിചയപ്പെടുക അഹമ്മദിന്റെയും ഹലീമയുടെയും മക്കളായ സുവാർ, സിറാജ്, സില എന്നിവരെയാണ്. ഇപ്പോൾ അവർ കഴിയുന്നത് വെറും പൂഴിയിൽ കെട്ടിയുയർത്തിയ ഒരു ചെറു ടെന്റിലാണ്. മൊബൈലിൽ പഴയ ഫോട്ടോകൾ ചൂണ്ടിക്കൊണ്ട് അവർ വടക്കൻ ഗാസയിൽ അവർക്കുണ്ടായിരുന്ന വീടിന്റെ, അതിലെ ഓരോ മുറികളുടെയും ചിത്രങ്ങൾ കാണിക്കും. അന്നവർക്ക് നല്ല ഭക്ഷണവും വസ്ത്രവും ഉണ്ടായിരുന്നു. എല്ലാ സൗകര്യങ്ങളോടെയും ജീവിച്ച ഒരു കുടുംബം. ഇസ്രായേലിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു അഹമ്മദ്. കുട്ടികൾ സ്കൂളിൽ സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്നു. മൂത്തവൻ സുവാറിനു ഒരു ഡോക്ടർ ആവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഒക്ടോബർ 7-ന് ശേഷം അവരുടെ വീടും ജീവിതവും ഇല്ലാതായി. സുരക്ഷിതത്വം തേടിയുള്ള നിരന്തരമായ പലായനവും നിരന്തരം പതിക്കുന്ന ബോംബുകളുടെ ഭീഷണിയും അവരുടെ ജീവിതത്തെ അരക്ഷിതമാക്കി. അഭയാർത്ഥി കൂടാരങ്ങളിൽ ഹമാസ് ഒളിച്ചിരിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് അവർ കഴിയുന്ന കൂടാരങ്ങൾക്ക് മേൽപോലും ബോംബുകൾ വർഷിച്ചു. എന്നാൽ ഹമാസിനെയോ അവരുടെ ആയുധങ്ങളെയോ തങ്ങൾ കണ്ടിട്ടില്ലെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. തങ്ങൾ ഹമാസിന്റെ സംരക്ഷകരല്ല എന്ന് മാത്രമല്ല, തങ്ങളെ ഒരു തരത്തിലും ഹമാസ് പ്രതിനിധീകരിക്കുന്നില്ല എന്നും അവർ പറയുന്നു. ടെന്റുകൾക്ക് മുകളിൽ ബോംബർ വിമാനങ്ങൾ താഴ്ന്നു പറക്കുമ്പോൾ സുവാർ പറയും, അവ ഞങ്ങൾക്ക് മേൽ ബോംബുകൾ ഇടുമെന്ന് പേടിച്ച് എനിക്കുറങ്ങാൻ കഴിയാറില്ല. ഞങ്ങൾക്ക് മേൽ മിസ്സൈലുകൾ പതിക്കുമെന്ന് ഇപ്പോഴും ഭയന്നാണ് ഞങ്ങളിരിക്കുന്നത് എന്ന്. തലയ്ക്ക് മുകളിൽ പെട്ടെന്നെത്തുന്ന ഡ്രോണുകളെ ഭയന്ന് പുറത്തിറങ്ങാൻ കുഞ്ഞുങ്ങൾ ഭയക്കുകയാണ്. ഡ്രോണുകളിൽ നിന്നും കുഞ്ഞുങ്ങൾക്ക് നേരെ വെടിയുതിർത്തതിന്റെ റിപ്പോർട്ടുകൾ സിനിമ വിവരിക്കുന്നുണ്ട്.

മൂത്തവൻ സുവാറിനു ഒരു ഡോക്ടർ ആവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഒക്ടോബർ 7-ന് ശേഷം അവരുടെ വീടും ജീവിതവും ഇല്ലാതായി.
മൂത്തവൻ സുവാറിനു ഒരു ഡോക്ടർ ആവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഒക്ടോബർ 7-ന് ശേഷം അവരുടെ വീടും ജീവിതവും ഇല്ലാതായി.

ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച ഭക്ഷണവിതരണകേന്ദ്രങ്ങളിൽ നടന്ന വെടിവെപ്പുകളെക്കുറിച്ച് ‘യുദ്ധത്തിലെ കുഞ്ഞുങ്ങൾ’ വിശദമായ കണക്കുകളും തെളിവുകളും നിരത്തുന്നുണ്ട്. അവ മരണം വിരിച്ചിട്ട കെണികളാണെന്ന് അഹമ്മദ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് മകനെയും കൊണ്ട് പൊള്ളുന്ന വെയിലിൽ കിലോമീറ്ററുകൾ നടന്ന് അയാൾ എൻ.ജി.ഒകൾ നടത്തുന്ന അടുക്കളയിൽ ആണ് എത്തുന്നത്. എപ്പോഴെങ്കിലും ലഭിക്കാവുന്ന അല്പം ബീൻസ് പുഴുങ്ങിയതിനു വേണ്ടി. ആ നടത്തത്തിനിടയിൽ തലയ്ക്ക് മുകളിൽ മുഴങ്ങിക്കേൾക്കുന്ന ഡ്രോണുകളിലൊന്നിൽ നിന്നുള്ള വെടിയേറ്റ് തങ്ങൾ തീർന്നുപോകാം എന്ന് ഓരോ ചുവടിലും അവർ ഭയക്കുന്നുണ്ട്. ഈ വംശഹത്യയുടെ കാലത്ത് സ്വന്തം മക്കളുടെ ഭീതിയും ജീവിതദുരിതങ്ങളും കണ്ട് ഏറ്റവും വേദനിക്കുന്നത് രക്ഷിതാക്കൾ ആണെന്നും അവരെ കൊലയ്ക്ക് കൊടുക്കാതിരിക്കാനും സംരക്ഷിക്കാനും പട്ടിണിക്കിടാതിരിക്കാനും തങ്ങൾക്കാവുമോ എന്നും അഹമ്മദ് വിലപിക്കുന്നുണ്ട്. അയാളുടെ മൂത്തമകൻ നസർ ഇസ്രായേലി പട്ടാളക്കാരാൽ കൊല്ലപ്പെട്ടതാണ്. തങ്ങളുടെ പഴയ വീട്ടിൽനിന്നും ചില സാധനങ്ങൾ എടുക്കാൻ പോയ അവനെ പിന്നീട് കാണാൻ കുടുംബത്തിനായില്ല.

സിനിമ പിന്തുടരുന്ന മറ്റൊരു കുടുംബം മറിയത്തിന്റെതാണ്. ഉമ്മ മുദല്ലയും ഉപ്പ അബ്ദുൾ അസീസും ഇരട്ടകളായ രണ്ടു സഹോദങ്ങളുമാണ് മറിയത്തിനുള്ളത്. ഒൻപത് വയസ്സുകാരിയായ മറിയത്തിന്റെ പഴയ ഫോട്ടോകൾ ഉപ്പയും ഉമ്മയും നോക്കിക്കൊണ്ടിരിക്കും. ഒരു മാലാഖയെപ്പോലെ സുന്ദരിയായ കുഞ്ഞ്. ഒരിക്കൽ പോലും ആശുപത്രിയിൽ പോകേണ്ടിവന്നിട്ടില്ലാത്ത ആരോഗ്യവതിയായ ഒരുവൾ. മറ്റുകുട്ടികളെക്കാൾ മിടുക്കിയായ ഒരുവൾ. എന്നാൽ രണ്ടുവർഷത്തെ യുദ്ധം അവളെ ആഹാരമില്ലാതെ എല്ലും തൊലിയുമാക്കി ഒരാശുപത്രി വാർഡിൽ ജീവച്ഛവമായി കിടത്തിയിരിക്കയാണ്. സംസാരിക്കാൻ പോലുമാകാത്തവിധം തളർന്ന്! അവൾ അനുദിനം മരിക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് ഉമ്മയും ഉപ്പയും. ഹൃദയഭേദകമാണ് അവരുടെ വാക്കുകൾ. ഇത് ഒരു കുടുംബത്തിന്റെ കഥയല്ല. രോഗികളായ, പരിക്കേറ്റ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ആവശ്യമായ ചികിത്സ ലഭിക്കാതെ ഗാസയിൽ മരണത്തെ മുഖാമുഖം കാണുന്നത്. ശരിയായ ചികിത്സ ഇനി ലഭിക്കണമെങ്കിൽ അവർക്ക് ഇസ്രായേലിന്റെ അനുമതിയോടെ മറ്റേതെങ്കിലും രാജ്യത്തെത്തണം. അതിനായി ഇസ്രായേൽ അനുവദിക്കുകയോ ഏതെങ്കിലും രാജ്യങ്ങൾ അവരെ ഏറ്റെടുക്കാൻ തയ്യാറാവുകയോ ചെയ്യുന്നില്ല.

ഈ വംശഹത്യയുടെ കാലത്ത് സ്വന്തം മക്കളുടെ ഭീതിയും ജീവിതദുരിതങ്ങളും കണ്ട് ഏറ്റവും വേദനിക്കുന്നത് രക്ഷിതാക്കൾ ആണെന്നും അവരെ കൊലയ്ക്ക് കൊടുക്കാതിരിക്കാനും സംരക്ഷിക്കാനും പട്ടിണിക്കിടാതിരിക്കാനും തങ്ങൾക്കാവുമോ എന്നും അഹമ്മദ് വിലപിക്കുന്നുണ്ട്.
ഈ വംശഹത്യയുടെ കാലത്ത് സ്വന്തം മക്കളുടെ ഭീതിയും ജീവിതദുരിതങ്ങളും കണ്ട് ഏറ്റവും വേദനിക്കുന്നത് രക്ഷിതാക്കൾ ആണെന്നും അവരെ കൊലയ്ക്ക് കൊടുക്കാതിരിക്കാനും സംരക്ഷിക്കാനും പട്ടിണിക്കിടാതിരിക്കാനും തങ്ങൾക്കാവുമോ എന്നും അഹമ്മദ് വിലപിക്കുന്നുണ്ട്.

ഗാസയിൽ ജനിച്ചുവീഴുന്ന നവജാത ശിശുക്കളിലേക്കും ഡോക്യുമെന്ററി സഞ്ചരിക്കുന്നുണ്ട്. അവശേഷിക്കുന്ന ഒരേയൊരു ആശുപത്രിയിൽ ഒരടിസ്ഥാന സൗകര്യവും ഇല്ല. വെള്ളമില്ല, വൈദ്യുതിയില്ല, ജനറേറ്ററുകൾ ശരിയായി പ്രവർത്തിക്കാൻ ഇന്ധനമില്ല. പിറന്നുവീഴുന്ന ഒരു കുഞ്ഞും അതിജീവിക്കുമെന്ന് ഡോക്ടർമാർ പോലും വിചാരിക്കുന്നില്ല. ആവശ്യത്തിന് ഡയപ്പറുകൾ പോലുമില്ലാതെ അണുബാധയേറ്റ് കുഞ്ഞുങ്ങൾ പോയ്പ്പോകുന്നു. വെടിയേറ്റ് ഭിന്നേശേഷിക്കാരായ മക്കളും അതേ ആശുപത്രി തേടിത്തന്നെയാണ് വരുന്നത്.

ഗാസയിൽ സ്കൂളുകൾ ഇല്ലാതായതോടെ രണ്ടുവർഷത്തിലധികമായി കുഞ്ഞുങ്ങൾ സ്കൂളിൽ പോയിട്ട്. നേരത്തെ ഏറ്റവും സാക്ഷരതയുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു പലസ്തീൻ, 97%. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഓരോരുത്തരുടെയും അഭിമാനസൂചകങ്ങളിൽ ഒന്നായിരുന്നു വിദ്യാഭ്യാസം. ചൂടിൽ ഉരുകി, വെറും മണ്ണിൽ കിടന്ന്, വിശപ്പാറ്റാൻ മാർഗ്ഗം തേടുന്നതിനിടെ ആ കുഞ്ഞുങ്ങൾ പഠനത്തെക്കുറിച്ച് ഓർക്കുന്നുപോലുമില്ല. തങ്ങൾ ഗാസയിലേക്ക് ഇനിയില്ല എന്ന് ഒരു ചോദ്യത്തിനുത്തരമായി സുവാർ പറയുന്നുണ്ട്. അവിടെ ഇനി ഒന്നുമില്ല. വീടില്ല, സ്കൂളുകളില്ല, കളിസ്ഥലമില്ല. തന്റെ കുട്ടിക്കാലത്തിന് യോജിച്ച ഒന്നും ഇനിയവിടില്ല. വെറും കൽകൂമ്പാരങ്ങൾ മാത്രം. മുതിർന്നാൽ, ഗാസ പഴയതുപോലെയായാൽ എവിടെയാണെങ്കിലും ഇവിടേക്ക് താൻ തിരിച്ചുവരും എന്നുമവൻ പറയുന്നുണ്ട്.

ചിത്രത്തിനൊടുവിൽ മുദല്ല രോഷത്തോടെ ചില ചോദ്യങ്ങൾ തൊടുക്കുന്നുണ്ട്. "ഇതെല്ലാം സഹിക്കാൻ എന്റെ കുഞ്ഞുങ്ങൾ എന്തു തെറ്റാണ് ചെയ്തത്? ഞാൻ ഒരു യുദ്ധത്തിൽ പങ്കെടുക്കുകയോ, ഒരു യുദ്ധത്തിനും തുടക്കമിടുകയോ, ഒരിക്കലും യുദ്ധത്തിനുവേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്താണ് എന്റെ കുറ്റം? ഞാനോ എന്റെ കുഞ്ഞുങ്ങളോ ഇതെല്ലാം അർഹിക്കുന്നുണ്ടോ? ഒരു ടെന്റിൽ, ചുറ്റും തീയിൽ, ആരുടെയോ ദയാവായ്പ്പിൽ വേവുന്ന അടുക്കളയിൽ, മലിനമായ കുടിവെള്ളത്തിൽ അവരുടെ ബാല്യവും യൗവനവും അവർക്ക് നഷ്ടപ്പെടുകയാണ്. എത്രമാത്രം അനീതിയാണിത്?”

ഏതുനിമിഷവും വന്നുവീഴാവുന്ന ഒരു ബോംബിന്റെ പൊട്ടിത്തെറിയിൽ, ഏതു വളവിലും തിരിവിലും വന്നുതറയ്ക്കാവുന്ന ഒരു വെടിയുണ്ടയിൽ, തലയ്ക്ക് മുകളിൽ കൂടി മൂളിപ്പറക്കുന്ന ഒരു ഡ്രോണിൽ നിന്നും പതിയ്ക്കാവുന്ന ബുള്ളറ്റിൽ തങ്ങളുടെ ജീവിതം കരിഞ്ഞുപോകാം എന്ന് ഉത്കണ്ഠപ്പെടുന്ന, അതല്ലാതെ മറ്റുഗതിയില്ല എന്ന് തന്നോടുതന്നെ പറയുന്ന കുഞ്ഞുങ്ങളാണ് ഗാസയിൽ അവശേഷിച്ചിട്ടുള്ളത്. ഭീതിയും ആകുലതകളുമല്ലാതെ ആഹ്ലാദം ആ കുഞ്ഞുങ്ങളുടെ മുഖത്ത് ഒരിക്കലും തെളിഞ്ഞുകാണുന്നില്ല. ഇഷ്ടഭക്ഷണങ്ങളെക്കുറിച്ചു പറയുമ്പോഴും അതെല്ലാം ഏതോ കാലത്ത് ആഹരിച്ചിരുന്നതായാണ് അവർ വിചാരിക്കുന്നത്. പട്ടിണിയാലും പോഷകദാരിദ്ര്യത്താലും തങ്ങളുടെ ബാല്യം കിടന്നകിടപ്പിൽ തീർക്കുന്ന പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ കൂടി ചോദ്യമാണ് ഈ ഡോക്യുമെന്ററി ഉയർത്തുന്നത്, “ഇതെല്ലാം അനുഭവിക്കാൻ ഞങ്ങൾ എന്തുതെറ്റുചെയ്തു,” എന്നവർ ചോദിക്കുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് നമ്മൾ കൂടിയാണ്.

Comments