‘‘പണ്ടത്തെ ചൂഷിതരാണ് ഇന്നത്തെ ചൂഷകർ’’, പഴയൊരു ബർട്രാൻഡ് റസ്സൽ വാക്യം ഓർത്തെടുത്ത് വസീഹ തുടർന്നു, “ഇന്നത്തെ ജൂതർ പണ്ടത്തെ നാസികളെ പോലെയാണ് പെരുമാറുന്നത്. ഹിറ്റ്ലറും യൂറോപ്പും ഏൽപ്പിച്ച മുറിവുകളും പേറി അവർ ലോകമാകെ മുറിവുകൾ ഏൽപ്പിക്കുന്നു”. സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന വസീഹ ഇന്നിൻ്റെ ആഗോള രാഷ്ട്രീയ സാഹചര്യത്തേയും രാഷ്ട്രനിർമ്മാണത്തെയും മനസിലാക്കുന്നത്, മാനസികാരോഗ്യത്തിൻ്റെ തകർച്ച എന്ന നിലയ്ക്കാണ്. തകർന്ന മാനസികാരോഗ്യം അടിത്തറയായി മാറിയ രാഷ്ട്രങ്ങൾ ലോകസമാധാനത്തിന് ഭീഷണിയായി മാറുന്ന കാലം അവൾ മുന്നിൽ കാണുന്നു. പലസ്തീൻ മനസ്സിൽ മായാതെ നിൽക്കുമ്പോൾ പ്രതീക്ഷയേക്കാൾ കൂടുതൽ ഭാരം ആ ജനത ഏറ്റ മുറിവുകൾക്കാണ്, ആ മുറിവുകൾ ഉണക്കുവാനുള്ള ശ്രമങ്ങൾ എന്ന വ്യാജേന നടക്കുന്ന യു.എൻ “പ്രഖ്യാപനങ്ങൾ” ആഗോള രാഷ്ട്രീയത്തിൻ്റെ അസമത്വപൂർണവും അസംബദ്ധവുമായ ചിത്രം വരച്ചിടുമ്പോൾ മറുവശത്ത് ഇസ്രായേൽ എന്ന ഭ്രാന്തൻ രാഷ്ട്രം ലോക സമാധാനത്തിന് തന്നെ ഭീഷണിയായി നിലനിൽക്കുന്നു, സർവ കുറ്റകൃത്യങ്ങളിൽ നിന്നും മുക്തനായി, മറ്റ് ഭ്രാന്തൻ രാഷ്ട്രങ്ങൾക്ക് മാതൃകയായി.
ഏകദേശം 64,500 മനുഷ്യർ കൊല്ലപ്പെട്ടു. 1,63,000 മനുഷ്യർക്ക് പരിക്കേറ്റു. രണ്ട് ദശ ലക്ഷത്തോളം മനുഷ്യർ പലായനം ചെയ്തു. 2023 ഒക്ടോബർ ഏഴു മുതൽ വാർത്തകളിൽ നിറയുന്ന ആഗോള രാഷ്ട്രീയ സംഘർഷം ഭീകരമായി മാറുന്നത്, കൊല്ലപ്പെട്ടവരിൽ 83 ശതമാനത്തോളം സാധാരണ മനുഷ്യരും അതിൽ തന്നെ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന കണ്ടെത്തലിൽ നിന്നാണ്.

പലസ്തീൻ എന്ന രാഷ്ട്രത്തെ വീണ്ടും ‘ലോകനേതാക്കൾ’ ഐക്യരാഷ്ട്രസഭയിൽ ഓർക്കുകയാണ്, അംഗീകരിക്കുകയാണ്. ബെൽജിയം, ഓസ്ട്രേലിയ, ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നീ രാഷ്ട്രങ്ങൾ പലസ്തീൻ എന്ന രാഷ്ട്രത്തെ അംഗീകരിക്കുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെ ശുഭസൂചനയായി കാണുന്ന ധാരാളം രാഷ്ട്രീയ നിരീക്ഷകരുണ്ട്. യൂറോപ്പ് അംഗീകരിക്കുക വഴി ഇസ്രായേൽ- പലസ്തീൻ പ്രശ്നം പൂർണ പരിഹാരത്തിലെത്തുമെന്ന് കരുതുന്നവരും സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഈ പ്രതീകാത്മക അംഗീകാരത്തെ കാണുന്നവരും ധാരാളം. പക്ഷെ വംശഹത്യയ്ക്കുശേഷം, ഉന്മൂലനം നേരിൽ കണ്ട, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ജനതയ്ക്ക് രാഷ്ട്രമെന്ന നിലയിൽ ‘അംഗീകാരം’ ലഭിച്ചതുകൊണ്ട് എന്തുകാര്യം?. ലോകമാകെ പലസ്തീൻ അനുകൂല വികാരം അലതല്ലിയപ്പോൾ സംഭവിച്ച കേവല പ്രതീകാത്മക അംഗീകാരം മാത്രമാണിതെന്ന് നമുക്ക് മനസിലാക്കാം. വംശഹത്യയുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് പൂർണമായും മാറിനിൽക്കുവാനുള്ള അവസരവും, ‘ഞങ്ങൾ പലസ്തീൻ എന്ന രാഷ്ട്രത്തെ അംഗീകരിച്ചിരിക്കുന്നു’ എന്ന വീമ്പ് പറച്ചിലിലും മാത്രമായി അവ ഒതുങ്ങുന്നു.
ചരിത്രത്തിൽ ഇത്തരം പ്രതീകാത്മക അംഗീകാരങ്ങൾ മുൻപും നടന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭ പലസ്തീനെ ‘നോൺ- മെമ്പർ ഒബ്സർവർ സ്റ്റേറ്റ്’ ആയി അംഗീകരിച്ചതും, പിന്നീട് പൊതുസഭയിൽ പ്രതീകാത്മക അധികാരങ്ങൾ നൽകിയതും ചരിത്രമുന്നേറ്റമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ യാഥാർത്ഥത്തിൽ അവയെല്ലാം പല രാഷ്ട്രങ്ങളുടെ പ്രതീകാത്മക രാഷ്ട്രീയ പ്രകടനങ്ങൾ മാത്രമായിരുന്നു. പലസ്തീന് വോട്ടവകാശമില്ല, സുരക്ഷാ സമിതിയിൽ അംഗത്വം ലഭിച്ചിട്ടില്ല, യു.എസ് പോലുള്ള ശക്തികൾ വിസമ്മതിച്ചാൽ മുന്നോട്ട് പോകാനും കഴിയില്ല. ഇതെല്ലാം തെളിയിക്കുന്നത് പലസ്തീൻ പ്രശ്നം നിയമപരമായോ രാഷ്ട്രീയമായോ പരിഹാരത്തിലേക്ക് ഒരടി പോലും മുന്നോട്ട് നീങ്ങിയിട്ടില്ല എന്നാണ്.
പലസ്തീൻ ജനങ്ങളുടെ ദിനചര്യ ഭീകരമായ മനുഷ്യാവസ്ഥയായി ഇന്നും തുടരുന്നു. ഗാസ പട്ടണത്തിൽ ജനം നിരന്തര വ്യോമാക്രമണങ്ങളും ഉപരോധങ്ങളും നേരിടുന്നു. ഭക്ഷണം, മരുന്ന്, കുടിവെള്ളം പോലുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. പടിഞ്ഞാറൻ കരയിൽ ഇസ്രായേൽ കുടിയേറ്റം നിരന്തരം വ്യാപിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ യു.എന്നിലെ രാഷ്ട്രങ്ങളുടെ പ്രഖ്യാപനങ്ങൾ മനുഷ്യരുടെ വേദനയ്ക്ക് ഒരു തരത്തിലുള്ള ആശ്വാസവും നൽകുന്നില്ല.
യു.എൻ അംഗീകാരം പലസ്തീന്റെ അന്താരാഷ്ട്ര ശബ്ദത്തെ ശക്തമാക്കുന്നുവെന്നത് സത്യമാണ്. എന്നാൽ അത് പലസ്തീൻ ജനതയ്ക്ക് മനുഷ്യാവകാശവും സ്വാതന്ത്ര്യവും സ്വയംഭരണവും നേടിക്കൊടുക്കുന്നില്ല.
രാഷ്ട്രീയം ഇന്ന് പ്രകടനപരമാണ് (performative). യഥാർത്ഥ ജീവിതത്തിൽ ഒരു തരത്തിലുള്ള മാറ്റവും ഇത്തരം പ്രഖ്യാപനങ്ങൾ ലക്ഷ്യം വെക്കുന്നില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. ചില രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രസ്വയംഭരണത്തെ വാക്കുകളിൽ പിന്തുണയ്ക്കുമ്പോഴും, പ്രായോഗികമായി അവർ ഇസ്രായേലിന്റെ ആക്രമണങ്ങൾക്കും അധിനിവേശ നയങ്ങൾക്കും നേരെ കണ്ണടയ്ക്കുന്നു. ‘ശാന്തി സമ്മേളനങ്ങൾ’, ‘പ്രഖ്യാപനങ്ങൾ’, ‘റെസല്യൂഷനുകൾ’ — എല്ലാം ശൂന്യമായ രാഷ്ട്രീയ ചടങ്ങുകൾ മാത്രമാവുന്നു. പലസ്തീൻ പ്രശ്നത്തിന്റെ കേന്ദ്രമായ ഇസ്രായേൽ അധിനിവേശം ഇന്നും അവഗണിക്കപ്പെടുന്നു.
യു.എൻ അംഗീകാരം പലസ്തീന്റെ അന്താരാഷ്ട്ര ശബ്ദത്തെ ശക്തമാക്കുന്നുവെന്നത് സത്യമാണ്. എന്നാൽ അത് പലസ്തീൻ ജനതയ്ക്ക് മനുഷ്യാവകാശവും സ്വാതന്ത്ര്യവും സ്വയംഭരണവും നേടിക്കൊടുക്കുന്നില്ല. ലോകശക്തികളുടെ സമ്മർദ്ദങ്ങളെയും രാഷ്ട്രീയ താൽപര്യങ്ങളെയും മറികടക്കാതെ യാതൊരു അംഗീകാരത്തിനും പ്രാധാന്യമില്ല. 2024-ൽ യു.എൻ പൊതുസഭ പലസ്തീന് കൂടുതൽ പ്രതീകാത്മക അവകാശങ്ങൾ നൽകിയിരുന്നു. 2025 സെപ്റ്റംബറിൽ ‘ന്യൂയോർക്ക് ഡിക്ലറേഷൻ’ വഴി സ്വതന്ത്രവും സാധുവുമായ പലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് പ്രഖ്യാപനവും നടന്നു. സ്വതന്ത്രരാഷ്ട്രത്തിന്റെ സ്വപ്നം യു.എൻ ആവർത്തിച്ച് പ്രഖ്യാപിച്ചെങ്കിലും, ഗാസയിലും പടിഞ്ഞാറൻ കരയിലും ജനം നേരിടുന്ന നിത്യവിപത്തുകൾ അവഗണിക്കപ്പെടുന്നു. യു.എൻ സ്വതന്ത്ര അന്വേഷണ കമ്മീഷൻ തന്നെ ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുന്നതായി കണ്ടെത്തി. ഇതോടെ പലസ്തീൻ പ്രശ്നം വെറും അധിനിവേശത്തിലോ അഭയാർത്ഥി പ്രശ്നത്തിലോ രാഷ്ട്രസ്വയംഭരണത്തിലോ ഒതുങ്ങുന്ന ഒന്നല്ല എന്ന് വ്യക്തമായി. ഗാസയിലെ ജനങ്ങളുടെ ജീവിക്കാനോ മരിക്കാനോ ഉള്ള അവകാശം പോലും രാഷ്ട്രീയ-സൈനിക ശക്തികളുടെ തീരുമാനങ്ങൾക്കടിപ്പെടുന്ന അവസ്ഥയിലാണ്. ആശുപത്രികൾ തകർക്കപ്പെടുന്നു, ഭക്ഷണവും ജലവും തടയപ്പെടുന്നു. ജീവൻ നിലനിർത്തണോ എന്നത് ജനങ്ങളുടെ അവകാശമോ തീരുമാനമോ അല്ല, രാജ്യങ്ങൾ തമ്മിലുള്ള ശാക്തിക പോരാട്ടത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മഹ്മൂദ് അബ്ബാസ് തന്നെ അടുത്തിടെ യു.എന്നിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രായേലിനെ ‘വംശഹത്യ’ നടത്തിയവരായി ആരോപിക്കുകയും, ഭാവിയിലെ ഗാസ ഭരണത്തിൽ ഹമാസിന് സ്ഥാനം നൽകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഇത്തരം പ്രസ്താവനകൾ പോലും ജനങ്ങളുടെ സുരക്ഷയ്ക്കോ സ്വാതന്ത്ര്യത്തിനോ യാതൊരു ഉറപ്പും നൽകുന്നില്ല.

വസീഹ കണ്ടെത്തിയതുപോലെ മനുഷ്യർ അനുഭവിച്ച മുറിവുകൾ ഉണങ്ങുന്നില്ല. ഇസ്രായേൽ സർവ കുറ്റങ്ങളുമേറ്റ് കുറ്റവാളിയായി ശിക്ഷ അനുഭവിക്കുന്നതിൽ ഒരു രാഷ്ട്രത്തിനും താൽപര്യമില്ല എന്നതൊരു വസ്തുതയാണ്. മാൽക്കം എക്‌സിൻ്റെ വാക്കുകൾ വസീഹ ഓർത്തെടുത്തു:
‘‘നിങ്ങൾ എന്റെ പുറത്ത് ഒമ്പത് ഇഞ്ച് ആഴത്തിൽ കത്തി കുത്തിയിട്ട്, ആറു ഇഞ്ച് മാത്രം പിൻവലിച്ചാൽ അതിനെ പുരോഗതിയെന്ന് പറയാനാവില്ല. മുഴുവനായി പിൻവലിച്ചാലും അത് പുരോഗതി അല്ല. യഥാർത്ഥ പുരോഗതി ആ പ്രഹരത്തിൽ ഉണ്ടാക്കിയ മുറിവ് സുഖപ്പെടുമ്പോഴാണ്. എന്നാൽ അവർ കത്തി അവിടെ ഉണ്ടെന്നുപോലും സമ്മതിക്കാൻ തയ്യാറല്ല”.
അതെ, ഇസ്രായേൽ വംശീയതയാൽ മൂർച്ച നേടിയ കത്തിയാണെന്ന് സമ്മതിക്കാത്തിടത്തോളം പലസ്തീൻ ജനതയ്ക്ക് നീതി ലഭിക്കുകയില്ല.
