‘സെക്യുലർ ക്രിട്ടിസിസം’ എന്ന എഡ്വേഡ് സെയ്ദിന്റെ ലേഖനമുണ്ട്. അത് സംഘടിത മതങ്ങളുടെ നിരാസം എന്ന അർത്ഥത്തിലല്ല. സാമൂഹിക യാഥാർഥ്യങ്ങളും മനുഷ്യാനുഭവങ്ങളും അധികാരസ്ഥാപനങ്ങളും ചേർന്ന സംവിധാനങ്ങളോടുള്ള പ്രതികരണമാണ് ഓരോ ടെക്സ്റ്റും എന്ന നിലയിൽ സാഹിത്യനിരൂപണം സംബന്ധിച്ച കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതാണ്.
ബലഹീനരുടെ കൂടെ നിൽക്കുന്നതാണ് യഥാർഥ രാഷ്ട്രീയം എന്ന അടിസ്ഥാന തത്വമാണ് രാഷ്ട്രീയത്തിലും സാഹിത്യത്തിലും സെയ്ദ് പ്രയോഗിച്ചത്. ധൈഷണികമാമോ ഭാവുകത്വപരമോ ആയ അന്വേഷണങ്ങളിൽ വ്യവസ്ഥാപിത പ്രസ്ഥാനങ്ങളുടെ, വിശേഷിച്ച്, അധികാരശക്തിയായ പ്രത്യയശാസ്ത്രങ്ങളുടെ വക്താവായി നിലകൊള്ളരുത് എന്നായിരുന്നു സെയ്ദിന്റെ നിലപാട്.
ഐഡന്റിറ്റിയെ സംബന്ധിച്ച സെയ്ദിന്റെ വീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്, ഒരാളുടെ സ്വത്വബോധം എന്നത് അയാളുടെ ധാർമികചിന്തയുടെ ഭാഗമാണെന്ന വീക്ഷണമാണ്. പ്രവാസജീവിതം തന്റെ ധൈഷണികതയെയും സർഗാത്മകതയെും ഗുണപരമായി വികസിപ്പിച്ചു എന്നാണ് അദ്ദേഹം കരുതിയത്. എക്സൈൽ എന്നത് ഒരു മനോഭാവമായി കൊണ്ടുനടന്നു. എഴുത്തിൽ പ്രയോഗിക്കുകയുംചെയ്തു. 1967-ലെ ഇസ്രയേൽ- അറബ് യുദ്ധത്തോടെ പൂർണമായും അവസാനിച്ചുപോയ ജന്മദേശത്തെപ്പറ്റിയുള്ള ഓർമകളിൽനിന്നാണ്, സ്വന്തം സ്വത്വത്തെ അദ്ദേഹം നിർമിച്ചെടുത്തത്.
കലയിൽ സ്വന്തം കാലത്തോടു പ്രതികരിക്കുക എന്നത് സങ്കീർണമായ ഒരു പ്രക്രിയ തന്നെയാണ്.

മൂന്നു ദശകത്തിലേറെ സെയ്ദ് എഴുതിയതും ജീവിച്ചതും തിരസ്കൃതരായവരുടെ സ്വാതന്ത്ര്യം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചായിരുന്നു. ആ ദശകങ്ങളിൽ ഇസ്രായേലുമായി ഗൾഫ് രാജ്യങ്ങൾക്കു നയതന്ത്രബന്ധമുണ്ടായിരുന്നില്ല. പക്ഷേ, ഗൾഫ് രാജ്യങ്ങളിൽ പലതും ഇപ്പോൾ ഇസ്രായേലുമായി നയതന്ത്രം സ്ഥാപിച്ചുകഴിഞ്ഞു. ഗാസയെ ഇസ്രായേൽ ആക്രമിച്ചതോടെ അത് മുസ്ലിം ഭീകരതയുടെ പ്രശ്നം എന്ന നിലയിലേക്കും പൊതുവ്യവഹാരങ്ങൾ മാറിയിരിക്കുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പലസ്തീനു സമാനമായ പലായനങ്ങൾ ഉണ്ടാകുന്നതും നാം സമീപകാലത്തു കണ്ടു- സിറിയ, സുഡാൻ, മ്യാൻമർ. അന്തമില്ലാത്ത ഈ ഭയാനകതകൾക്കിടയിൽ, ഒരു കലാകൃത്ത് എന്ന നിലയിൽ നിങ്ങൾ എന്താണു ചെയ്യാൻ പോകുന്നതെന്ന ചോദ്യം ഉയരാറുണ്ട്;
മനുഷ്യർ മനുഷ്യരോടു ചെയ്യുന്ന ഭയങ്കരക്രൂരതകൾക്കെതിരെ കല എങ്ങനെയാണുപൊരുതുക? കല സായുധമാണോ? എങ്കിൽ നിങ്ങൾ ഏതുപക്ഷത്താണ്?
ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായതോ അപ്രത്യക്ഷമാകാൻ പോകുന്നതോ ആയ ജന്മദേശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ അവസാനിക്കുകയുമില്ല.
പ്രതിരോധമാണ് ഏറ്റവും ശക്തമായ സർഗാത്മകത എന്ന സെയ്ദിന്റെ ചിന്ത ഒരിക്കലും കാലഹരണപ്പെടുന്നില്ല എന്നെനിക്ക് ബോധ്യമാകുന്നു. ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായതോ അപ്രത്യക്ഷമാകാൻ പോകുന്നതോ ആയ ജന്മദേശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ അവസാനിക്കുകയുമില്ല. സോഫോക്ലിസിന്റെ ഈഡിപസ് റെക്സിലെ അന്ധനായ പ്രവാചകൻ ടൈറീസീയസും ഈഡിപസ് രാജാവും തമ്മിൽ നടത്തുന്ന സംഭാഷണം നോക്കൂ:
രാജ്യം പട്ടിണിയിൽ ഉണങ്ങിവീഴുന്നു.
ഭൂമിയിൽ ഒന്നും മുളക്കുന്നില്ല. എന്നിട്ടും രാജാവ് പ്രഖ്യാപിക്കുന്നത്, ഭീകരത മറ്റെവിടെനിന്നോ വന്നുവെന്നാണ്. എല്ലാ അധികാരപ്രമത്തരും എല്ലാകാലത്തും പറയുന്ന അതേ വാക്യങ്ങൾ. അധികാരം കൊണ്ട് വിധിയെ ജയിച്ചതായി ഓരോ സ്വേച്ഛാധികാരിക്കും തോന്നും. ആരാണു ശത്രു എന്ന് കണ്ടെത്താൻ തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ടാണു രാജാവ് ടൈറീസിയസിനെ വിളിച്ചു വരുത്തുന്നത്.
എന്നാൽ ടൈറീസീയസാകട്ടെ, തന്റെ അന്ധതയിലൂടെ, വരാനിരിക്കുന്ന ദുർവിധി കാണുന്നു. ശത്രു സ്വയം തിരയുന്നതെന്ന് അറിയുന്നു.
ടൈറീസീയസ് പറയുന്നു: ‘അറിവ് നിങ്ങൾക്ക് ഒന്നും നേടിത്തരുന്നില്ലെന്ന് അറിയേണ്ടിവരുന്നത് എത്ര ഭയങ്കരമാണ്. എനിക്കത് അറിയാമായിരുന്നു. പക്ഷേ എങ്ങനെയോ അതു മറന്നുപോയി. അല്ലെങ്കിൽ ഞാൻ ഇവിടെ വരില്ലായിരുന്നു’.
(ടൈറീസീയസ് സ്ത്രീയായും പുരുഷനായും ജീവിച്ചു. ഇണ ചേരുന്ന രണ്ടു പാമ്പുകളെ തല്ലിയപ്പോൾ ടൈറീസീയസ് പെണ്ണായി മാറി. ഏഴുവർഷം കഴിഞ്ഞു താൻ രൂപാന്തരം പ്രാപിച്ച അതേസ്ഥലത്ത് വീണ്ടുമെത്തുന്നു. ഇണചേരുന്ന പാമ്പുകളെ വീണ്ടും കാണുന്നു. അയാൾ വീണ്ടും പുരുഷനായി മാറുന്നു. ടൈറീസീയസ് അന്ധനായി മാറിയതു സംബന്ധിച്ച് ഓവിഡ് മെറ്റമോർഫോസിസിൽ ഒരു കഥ പറയുന്നുണ്ട്. സിയൂസും ഹീരയും തമ്മിൽ ഒരു തർക്കമുണ്ടാകുന്നു. ലൈംഗികബന്ധത്തിൽ സ്ത്രീക്കാണോ പുരുഷനാണോ കൂടുതൽ സുഖം ലഭിക്കുന്നത്? ഹീര പറഞ്ഞു, പുരുഷനാണെന്ന്. സിയൂസ് യോജിക്കുന്നില്ല. തർക്കം പരിഹരിക്കാൻ ടൈറീസീയസിനെയാണു വിളിച്ചുവരുത്തുന്നത്. അയാൾ പെണ്ണായും ജീവിച്ച ആളാണല്ലോ. സ്ത്രീക്കാണു കൂടുതൽ സുഖമെന്നു ടൈറീസീയസ് പ്രസ്താവിച്ചു. ക്ഷുഭിതയായ ഹീര ടൈറീസീയസിനെ അന്ധനാക്കി. ഈ നഷ്ടത്തിനു പകരമായാണു സിയൂസ് അയാൾക്ക് പ്രവാചകത്വവും ദീർഘായുസ്സും നൽകിയതെന്ന് ഓവിഡ് എഴുതുന്നു).
ഭാവിയിൽ മാനവികതയെ സംബന്ധിച്ച മനുഷ്യരുടെ ഓർമയായിത്തീരുകയെന്നതാണ് കവിയുടെ ഉത്തരവാദിത്തമെന്ന് പലസ്തീൻ കവിയും മഹ്മൂദ് ദർവീശിന്റെ ഇംഗ്ലീഷ് വിവർത്തകനുമായ ഫാദി ജൂദാ (Fadi Joudah) കഴിഞ്ഞവർഷം അഭിമുഖത്തിൽ പറഞ്ഞു. യുദ്ധകാലത്ത്, ക്ഷാമകാലത്ത് കവിത എന്താണു ചെയ്യുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയിലാണത്. ഗാസയിലെ ബോംബിങ്ങിൽ ജൂദായുടെ കുടുംബത്തിലെ കുട്ടികളടക്കം അൻപതോളം പേരാണു കൊല്ലപ്പെട്ടത്. യു.എസിൽ ജീവിക്കുന്ന കവി, ഈ യുദ്ധം നീണ്ടതോടെ ദിവസവും എന്തെങ്കിലും ഗാസയെപ്പറ്റി എഴുതാൻ തുടങ്ങി. ഒടുവിൽ അതൊരു പുസ്തകമായി ഇറങ്ങുകയും ചെയ്തു. പുസ്തകത്തിന്റെ പേര് {...} എന്നാണ്. വാക്കിനുപകരം ഒരു പിക്റ്റഗ്രഫ്.

ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തോടെയാണ് പലസ്തീൻ പ്രശ്നം ആരംഭിച്ചതെന്ന് കരുതുന്നവരെ, ഇസ്രായേൽ എന്നത് യൂറോപ്യൻ കോളനിവാഴ്ചയുടെ അവസാന തുരുത്താണ് എന്നു പറഞ്ഞുപഠിപ്പിക്കാനാവില്ല.
കേരളത്തിൽ ഇസ്രായേലിനുവേണ്ടി ശക്തമായി വാദിച്ചവരിലൊരാൾ ഒ.വി. വിജയൻ ആയിരുന്നു. അദ്ദേഹത്തിന്റെ ന്യായം പശ്ചിമേഷ്യയിൽ ഏക ജനാധിപത്യം ഇസ്രായേൽ ആണ് എന്നാണ്. ജൂതരുടെ വാഗ്ദത്തഭൂമിയിലെ പലസ്തീൻകാരെ അതിസമ്പന്നരായ ഗൾഫ് രാജ്യങ്ങൾക്ക് പുനരധിവസിപ്പിക്കാവുന്നതേയുള്ളൂ എന്നും വിജയൻ വാദിച്ചു. കാൽനൂറ്റാണ്ടിലേറെ കടന്നുപോയിട്ട് ഇതേ യുക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറ്റൊരു രൂപത്തിൽ ഇപ്പോൾ പറയുന്നത്: ഗാസയിലെ മുഴുവൻ പലസ്തീൻകരെയും ഒഴിപ്പ് ഈജിപ്തും ജോർദ്ദാനുമടക്കം അറബ് രാജ്യങ്ങളിൽ പുനരധിവസിപ്പിക്കുക. എന്നിട്ട് ഗാസയെ കടലോര ഉല്ലാസകേന്ദ്രമായി യു.എസ് പുനർനിർമ്മിക്കും. അവിടെ ഗൾഫിലെ ഷെയ്ഖുമാർക്കും നിക്ഷേപം തടത്താം.
ജൂത ജനത യൂറോപ്പിൽ നിന്ന് നേരിട്ട പീഡനത്തിന്റെ പഴി, ഇതിലൊന്നും പങ്കാളികളാകളല്ലാത്ത പലസ്തീൻ- അറബ് സമൂഹം ഏറ്റെടുക്കണമെന്ന വിചിത്രയുക്തി നാം ഇപ്പോഴും കൂടുതൽ തീവ്രതയോടെ കേൾക്കുന്നു.
ശ്രീലങ്കയിൽ LTTE സായുധസമരം നടത്തിയിരുന്ന, കശ്‌മീരിൽ തീവ്രവാദം ഏറ്റവും ശക്തമായിരുന്ന സമയത്ത് ലങ്കൻ തമിഴർക്കും കശ്മീരികൾക്കും സ്വയംഭരണാവകാശമുണ്ടെന്ന് തുറന്നെഴുതിയ ആളാണ് വിജയൻ. ലങ്ക ബുദ്ധിസ്റ്റുകൾക്ക് വിട്ടുകൊടുത്തിട്ട് തമിഴരോട് ഇന്ത്യയിലേക്ക് മടങ്ങണമെന്നല്ല അദ്ദേഹം വാദിച്ചത്. അവർ ആ ഭൂമിയിൽ സ്വയംഭരണം നേടണമെന്നാണ്. പക്ഷേ പലസ്തീന് സ്വന്തം മണ്ണിൽ അവകാശം അദ്ദേഹം അംഗീകരിച്ചതേയില്ല. ജൂത ജനത യൂറോപ്പിൽ നിന്ന് നേരിട്ട പീഡനത്തിന്റെ പഴി, ഇതിലൊന്നും പങ്കാളികളാകളല്ലാത്ത പലസ്തീൻ- അറബ് സമൂഹം ഏറ്റെടുക്കണമെന്ന വിചിത്രയുക്തി നാം ഇപ്പോഴും കൂടുതൽ തീവ്രതയോടെ കേൾക്കുന്നു.

ഗാസ ഒരു നരകമായിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലൊരു ഓഹരി നമ്മുടേതുമാണ്. കാരണം നാം അത് കണ്ടുനിൽക്കുന്നു. കുഞ്ഞുങ്ങൾ വിശന്നുമരിക്കുന്ന ലോകത്തിരുന്ന് എങ്ങനെ ദൈവത്തിൽ വിശ്വസിക്കും എന്ന് ചോദിച്ചത് 19-ാം നൂറ്റാണ്ടിൽ ദസ്തയെവ്സ്കിയുടെ കഥാപാത്രമാണ്. അത് അയാൾക്ക് ദൈവം ഉണ്ടോ ഇല്ലയോ എന്ന ദാർശനിക പ്രശ്നമായിരുന്നു. നാം ഇത് ജനതകളുടെ സർവ്വനാശം കണ്ടുകൊണ്ട് നിൽക്കുന്നു. ഡ്രോൺ തിരഞ്ഞുകണ്ടുപിടിക്കുംവരെ ജീവൻ ശേഷിക്കുന്ന ഈ കാഴ്ചയുടെ ഭയാനകത കലയുടെ ശൂന്യത കൂടിയാണ്. പങ്കിടാൻ ഒരു മാനവികത ഇല്ലെങ്കിൽ നിങ്ങൾ ആർക്കുവേണ്ടിയാണ് എഴുതുന്നത്?
