യുഗങ്ങളായ് ഗലീലിയിൽ പൊന്തിനീങ്ങി
ദ്വീപുകളായ് മാറിയ ഹാ സങ്കടങ്ങളേ...
വരാതിരിക്കുമോ,
ഈ മൺതുരുത്തുകൾ അഗ്നിപർവതമാകും കാലം.
കവർന്നെടുത്തു അവർ
ആ പഴയ മുന്തിരിസന്ധ്യകൾ, പ്രഭാതങ്ങൾ
എന്നെന്നേക്കുമായി കവർന്നെടുത്തു അവർ
ഞങ്ങളുടെ മാമമാരുടെ നിശാഗീതം...
ബാബമാരുടെ വിരൽതുമ്പുകൾ...
വെളിച്ചം... ചിരി...
(‘ആ നദിയോട് പേരു ചോദിക്കരുത്’)
▮
ഗാസയിലെ വംശഹത്യ എല്ലാ അതിരും ലംഘിച്ച് മുന്നേറുമ്പോൾ പലായനത്തിന്റെ ഉണങ്ങാത്ത മുറിവുകൾ കാണിച്ചുതന്ന പലസ്തീൻകാരി സഹപ്രവർത്തയെ ഞാൻ വീണ്ടും ഓർത്തുപോകുന്നു. 2023 ഒക്ടോബറിനും രണ്ട് വർഷം മുമ്പായിരുന്നു അത്.
‘ഇനി എങ്ങു പോകും ഞാനും മക്കളും? ജന്മദേശമുണ്ട് നിങ്ങൾക്കൊക്കെ. നിങ്ങൾക്ക് പോകാനിടമുണ്ട്. കാത്തിരിക്കാനാളുണ്ട്. ഞങ്ങൾക്ക് മണ്ണില്ല. രാജ്യവുമില്ല. ഈ ലോകം തന്നെ ഞങ്ങൾക്കെതിരാണ്’.
സങ്കടക്കടൽ താണ്ടുന്ന ഒരു ജനത ആ കണ്ണുകളിലൂടെ എന്നെ നോക്കുകയായിരുന്നു. അവൾ പറഞ്ഞു, കെടുതികളുടെ, യാതനകളുടെ, പഴയകാലത്തെക്കുറിച്ച്. നിലയ്ക്കാത്ത വേട്ടയാടലുകളെക്കുറിച്ച്. ഇംതിഫാദക്കാലത്തെക്കുറിച്ച്. അവളുടെ പറച്ചിലിൽ ഒരു ചെങ്കടൽ ഞാൻ കണ്ടു. ഒരിക്കലും ഒരു ജനതക്ക് തരണംചെയ്യാൻ കഴിയാത്ത മഹാസാഗരം. പിന്നാലെ സൈന്യം പാഞ്ഞടുക്കുമ്പോൾ കടൽപിളർന്ന് മറുകരയെത്താൻ ഒരു ദൈവവും കൂട്ടുവരാത്ത കാലം. അവളുടെ കണ്ണീർ ഒരു നോവലിന് തുടക്കമിടുമ്പോൾ ഞാൻ വിചാരിച്ചിരുന്നില്ല, അതിഭീകരമായ അധിനിവേശം ആ ജനതയെ കാത്തിരിക്കുന്നുണ്ടെന്ന്. ഇന്ന് അവളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഭൂമിയിൽ ശേഷിച്ചിട്ടുണ്ടാവുമോ? അല്ലെങ്കിൽ ബാക്കിയായവർ വിശന്നു മരിക്കുകയായിരിക്കുമോ? ‘വാളുകൊണ്ട് മരിക്കുന്നവർ വിശന്നു മരിയ്ക്കുന്നവരേക്കാൾ ഭാഗ്യവാന്മാർ’ എന്ന വചനം ഗാസയിൽ സത്യമാവുകയാണല്ലോ.

മൊഹമ്മെദ് മൂസയുടെ കവിത പറയുന്നതു തന്നെയാണ് മനഃസാക്ഷി മരവിക്കാത്ത മനുഷ്യർക്കെല്ലാം ഇന്ന് പറയാനുളളത്:
‘ഞാൻ കാത്തിരിക്കുന്നത്
യുദ്ധം അവസാനിക്കാനല്ല.
മരണത്തിന്റെ അനുസ്യൂതപ്രവാഹം നിർത്താനാണ്.
ശവസംസ്കാരങ്ങളുടെ അവസാനമില്ലാത്ത
ഘോഷയാത്രകൾക്ക് വിരാമമാകാൻ.
ഞാൻ കാത്തിരിക്കുന്നത്
കുഞ്ഞുങ്ങൾക്ക് സുഖനിദ്രയും
വയറുനിറയെ ഭക്ഷണവും ലഭിക്കാനാണ്.
അവർക്ക് വ്യസനത്തിൽ മരവിക്കാത്ത അമ്മമാരെ
കെട്ടിപ്പിടിക്കാൻ കഴിയാനാണ്.
ഞാൻ കാത്തിരിക്കുന്നത്
ഈ ലോകം എഴുന്നേറ്റുനിന്ന്
അത് ഞങ്ങളോട് ചെയ്തതിനും ചെയ്യാത്തതിനും
ക്ഷമ ചോദിക്കാൻ മാത്രം’.
‘‘ധാന്യപ്പൊടി തൂവിക്കിടന്ന ഒരു ട്രക്കിനു പിന്നാലെ ഓടുന്ന കുഞ്ഞുങ്ങൾ. അവർ അതിൽ പിടിച്ചു കയറുന്നു. അതിൽ ചിലർ നാവിനാൽ തൂവിപ്പോയ പൊടി നക്കിയെടുക്കുന്നു. ആ തുരുമ്പിച്ച പ്രതലത്തിൽനിന്ന്’’- ഗാസയിൽനിന്ന് ഡോ. എസ്സിദ്ദീൻ എഴുതുന്നു.
പട്ടിണികിടന്ന് മരിച്ച രോഗിയായ കവിയെ, ഉമർ ഹർബിനെ, നമ്മൾ കണ്ടു. സത്യം ലോകത്തോട് വിളിച്ചുപറയാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ പേരിൽ മിസൈലിനും വെടിയുണ്ടകൾക്കും കീഴടങ്ങിയ ജേണലിസ്റ്റുകളെ കണ്ടു. കൊല്ലപ്പെട്ട കവികളെ കണ്ടു. വെറും 42 കിലോമീറ്റർ നീളമുള്ള, പത്തു കിലോമീറ്ററിൽ താഴെ വീതിയുള്ള ഒരു കഷണം ഭൂമിയിൽ തിങ്ങിപ്പാർത്തിരുന്ന 23 ലക്ഷം മനുഷ്യർ വടക്കുനിന്ന് തെക്കോട്ട് പലായനം ചെയ്യുന്നത് കണ്ടു. ഖാൻ യൂനിസിൽ അഭയം തേടിയ അവരുടെ കൂടാരങ്ങൾക്കുമേൽ മിസൈൽ തുരുതുരാ വർഷിക്കപ്പെട്ടതു കണ്ടു. പാർപ്പിടങ്ങൾ മാത്രമല്ല അവരുടെ ആശുപത്രികളും വിദ്യാലയങ്ങളുമെല്ലാം തകർക്കപ്പെടുന്നതും ഗാസ മൺകൂമ്പാരമായി, അമേരിക്കൻ നിർമ്മാണ കമ്പനികൾക്ക് ടൂറിസ്റ്റ് തീരം സൃഷ്ടിക്കാനുള്ള ശവപ്പറമ്പായി മാറുന്നതും കണ്ടു. അതെ, 65,000 നിരപരാധികളുടെ, 18,000 കുഞ്ഞുങ്ങളുടെ, ശവപ്പറമ്പ്! സംഖ്യകൾ അനുനിമിഷം കൂടുന്നേയുള്ളൂ. ട്രംപിന്റെയോ സയണിസ്റ്റുകളുടെയോ രാഷ്ട്രീയ- സാമ്പത്തികലക്ഷ്യങ്ങളെപറ്റി ലോകം ധാരാളം ചർച്ചചെയ്തുകഴിഞ്ഞു. അതിലേക്കൊന്നും കടക്കുന്നില്ല.
മനുഷ്യൻ സഹജീവിയോടു കാണിക്കേണ്ട ചില മിനിമം ഉത്തരവാദിത്തങ്ങളുണ്ട്. അത് മുച്ചൂടും ഹനിക്കപ്പെടുമ്പോൾ ലോകം എങ്ങനെ നിശ്ശബ്ദമാവും? അതിനെക്കുറിച്ച് നാം ആകുലരാകേണ്ടിയിരിക്കുന്നു. സുരക്ഷിതമെന്ന് കരുതുന്ന നമ്മുടെ ആവാസയിടങ്ങളിലേക്കും വംശീയതയുടെയും വർഗ്ഗീയതയുടെയും കരാളഹസ്തങ്ങൾ നീണ്ടുവരുന്ന കാലം വരാം. അന്ന് നമ്മളും എന്റെ സഹപ്രവർത്തകയെ പോലെ വിലപിക്കാം, ‘ഞങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ലല്ലോ’.

ഗാസയിൽനിന്ന് ഡോ. എസ്സിദ്ദീൻ എഴുതിയത് നമ്മൾ വായിച്ചു. അതിന്റെ രത്നച്ചുരുക്കം ഇപ്രകാരമായിരുന്നു:
‘ഒരിക്കൽ ഞങ്ങളുടെ വെള്ളിയാഴ്ചകൾ പ്രതീക്ഷാനിർഭരമായിരുന്നു. ഊണിന് വിശേഷ മാംസവുമായി ബാബമാർ വീട്ടിലെത്തും. ഊൺമേശക്കുചുറ്റും അന്ന് കളിചിരികളുണ്ടാവും. പ്രാർത്ഥനകളുണ്ടാവും. എന്നാൽ ഈ വെള്ളിയാഴ്ച ഗാസയുടെ നിരത്തുകളിലൂടെ ഞാൻ അലഞ്ഞു. അല്പം അരി ലഭിക്കുമോ എന്നറിയാൻ. ഞാൻ കണ്ട കാഴ്ച ഭീതിദമായിരുന്നു. ധാന്യപ്പൊടി തൂവിക്കിടന്ന ഒരു ട്രക്കിനു പിന്നാലെ ഓടുന്ന കുഞ്ഞുങ്ങൾ. അവർ അതിൽ പിടിച്ചു കയറുന്നു. അതിൽ ചിലർ നാവിനാൽ തൂവിപ്പോയ പൊടി നക്കിയെടുക്കുന്നു. ആ തുരുമ്പിച്ച പ്രതലത്തിൽനിന്ന്’.
ദൈവമേ... അവരും മനുഷ്യമക്കളാണല്ലോ! ഒരു കഷണം റൊട്ടിക്കായി ക്യൂനിൽക്കുന്ന കുഞ്ഞുങ്ങൾക്കുമേൽ ബയണറ്റുകൾ മരണം വർഷിക്കുന്നത് സ്വജീവൻ പണയംവച്ച് ജേണലിസ്റ്റുകൾ നമുക്ക് കാണിച്ചുതന്നു.
‘ഞാൻ മരിച്ചാൽ നീ ശേഷിക്കണം, എന്റെ കഥ പറയാൻ’ എന്നു പാടിയ കവിയും കടന്നുപോയി.
ലജ്ജിക്കൂ ലോകമേ...
ആ ദുരന്ത മുനമ്പിലേക്കുള്ള ഭക്ഷണവും മരുന്നും തടയുന്ന നെതന്യാഹു ഭരണകൂടം ഹിറ്റ്ലറെക്കാൾ കൊടും ഭീകരനാണെന്നു ലോകം പറയുന്ന നാളുകൾ വരാൻ പോകുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ ഇന്ത്യൻ സൈന്യം നേരിട്ടത് ജനവാസകേന്ദ്രങ്ങളെ സ്പർശിക്കാതെയാണ്. നെതന്യാഹുവും ട്രംപും ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് നിരപരാധികളെ കൊന്നൊടുക്കലാണ്. ഇതെല്ലാം കാണുമ്പോൾ എന്തിനാണ് നമുക്ക് ഇങ്ങനെയൊരു ഐക്യരാഷ്ട്രസഭ എന്ന് രോഷം കൊള്ളാതെ വയ്യല്ലോ.
‘ഞാൻ അവനെ കണ്ടതാണ്. അവൻ ഒരു യാഥാർത്ഥ്യമാണ്. ഞാൻ എഴുതുന്ന ഏതു വാക്കുകളേയും കാൾ വലിയ യാഥാർത്ഥ്യം’.
പലസ്തീനികൾ നിരന്തരമായ അധിനിവേശത്തിന്റെ ഇരകളാണ് എന്ന തിരിച്ചറിവിലേക്ക് എത്തുന്നതുപോലെതന്നെയാണ് ജൂതൻമാർ ഒന്നാകെ ക്രൂരസയണിസ്റ്റുകളല്ല, പലസ്തീന്റെ ശത്രുക്കളല്ല, യുദ്ധം സൃഷ്ടിക്കുന്ന ഭരണകൂടങ്ങളാണ് കുറ്റവാളികൾ എന്ന വെളിപാടും.
അതെ, ഡോ. എസിദ്ദീൻ, ഞങ്ങൾക്ക് മനസ്സിലാവുന്നു. തുരുമ്പിച്ച ട്രക്കിൽനിന്ന് ശകലം ധാന്യപ്പൊടിയെങ്കിലും നക്കിയെടുത്ത് വിശന്നു മരിക്കാതിരിക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങൾ ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ വേദനകളിൽ ഒന്നാണ്. ആഘോഷങ്ങളിൽ അഭിരമിക്കുന്ന ലോകം മുഴുവൻ ഈ പാപത്തിന്റെ ഓഹരിക്കാരാണ്. സഹോദരങ്ങൾക്കുവേണ്ടി ചെറുവിരൽ ചലിപ്പിക്കാത്ത അറബ് രാജ്യങ്ങൾ പ്രത്യേകിച്ചും.
ഇന്ന് ഗാസയിൽ ശേഷിക്കുന്നത് കുറേ കൽകൂമ്പാരങ്ങളും നഷ്ടങ്ങളുടെ മനുഷ്യരുമാണ്. അംഗഭംഗം വന്നവർ. ഉറ്റവർക്ക് എന്തു സംഭവിച്ചെന്നറിയാത്തവർ. പ്രിയപ്പെട്ടവരെ നിമിഷാർദ്ധത്തിൽ നഷ്ടമായവർ. സകലതും കത്തിച്ചാമ്പലാവുന്നത് കണ്ട് ഓടിയവർ. എല്ലാം ഉപേക്ഷിച്ച് ജീവനുംകൊണ്ടോടേണ്ടിവന്നവർ. നമ്മൾ വെറും കാഴ്ചക്കാർ. ക്രിക്കറ്റ് സ്കോർ അറിയാനുള്ള കൌതുകത്തോടെ യുദ്ധവാർത്തകൾ സ്ക്രോൾ ചെയ്യുന്നവർ. യുദ്ധഭീകരതകൾ ഒരിക്കലും അനുഭവിക്കേണ്ടിവരില്ലെന്ന് വിശ്വസിക്കുന്ന മലയാളീസ്. സോഷ്യൽ മീഡിയയിൽ ഇന്നു കാണുന്ന പലസ്തീൻ പരിഹാസ പോസ്റ്റുകൾ അതുതന്നെയാണ് പറയുന്നത്. അബദ്ധജഡിലമായ വിവരങ്ങളുടെ പ്രളയത്തിൽ ഒലിച്ചുപോവുകയാണ് നമ്മളിലെ മനുഷ്യത്വം. കുഞ്ഞുമക്കളുടെ ജീവൻ പിടിച്ചുവെക്കാൻ ഒരു കഷണം കുബൂസ് തേടി രാത്രിയിൽ ഒളിച്ചും പാത്തും പുറത്തിറങ്ങുന്ന അമ്മമാരുടെ നെഞ്ചിലെ തീ എന്നെങ്കിലും നമുക്ക് മനസ്സിലാകുമോ? ഭൂമിയേക്കാൾ ഭാരമുണ്ടാവില്ലേ അവരുടെ മനസ്സുകൾക്ക്?
പലസ്തീനികൾ നിരന്തരമായ അധിനിവേശത്തിന്റെ ഇരകളാണ് എന്ന തിരിച്ചറിവിലേക്ക് എത്തുന്നതുപോലെതന്നെയാണ് ജൂതൻമാർ ഒന്നാകെ ക്രൂരസയണിസ്റ്റുകളല്ല, പലസ്തീന്റെ ശത്രുക്കളല്ല, യുദ്ധം സൃഷ്ടിക്കുന്ന ഭരണകൂടങ്ങളാണ് കുറ്റവാളികൾ എന്ന വെളിപാടും. ഇരുപക്ഷത്തെയും നല്ലവരായ മനുഷ്യർ, അൻപ് അല്പം ബാക്കിയുള്ളവർ, ഒത്തുകൂടി യുദ്ധത്തിനും അധിനിവേശത്തിനുമെതിരെ ലോകമെങ്ങും ശബ്ദമുയർത്തുന്നത് കാണുന്നത് ശുഭോദർക്കമാണ്.
‘We don’t want to witness another Nakba. We don’t want another mass ethnic cleansing. We know what our ancestors had experienced in Europe’ എന്ന് ചില നല്ല ജൂതമനസ്സുകൾ മുറവിളി കൂട്ടുന്നുമുണ്ട്.

ഞാൻ വീണ്ടും എന്റെ കൂട്ടുകാരിയെ ഓർക്കുന്നു. പേടിച്ചരണ്ട് പണ്ട് ഒളിച്ചിരുന്ന കൂടാരങ്ങൾ അവളുടെ ഓർമ്മയിൽ ഇപ്പോൾ ഉണരുന്നുണ്ടാവില്ലേ? പുറത്തിറങ്ങിപ്പോയാൽ വെടിയേൽക്കുമെന്നും പ്രക്ഷോഭകാരിയെന്ന് സംശയിക്കപ്പെടുമെന്നും ഭയന്ന നാളുകൾ അവൾ പിന്നെയും ഓർത്തുകാണില്ലേ?
ഒരിക്കൽക്കൂടി പറയട്ടെ, ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾക്ക് ഒരേ മുഖമാണ്. ഭയംകൊണ്ട് ജനതയെ നിശ്ശബ്ദരാക്കുന്ന ഭരണകൂടങ്ങൾക്കും ഒരേ മുഖം. പലസ്തീൻ എന്നോ തുർക്കിയെന്നോ ഇന്ത്യയെന്നോ സിറിയയെന്നോ മ്യാൻമാറെന്നോ മാറ്റമില്ല. ഇസ്രായേൽ പൗരരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടല്ല. ഏതു യുദ്ധത്തിലും ജയിക്കുന്നത് അവർ മാത്രമാണല്ലോ, ആയുധക്കച്ചവടക്കാർ!
ഹമാസ് ഒരു ആശയമാണെങ്കിൽ അതിനെ ഇല്ലാതാക്കുവാൻ ആയുധങ്ങൾക്ക് കഴിയുമോ? എത്ര ഇല്ലായ്മ ചെയ്താലും ചെറുത്തുനിൽപ്പുകൾ പുതുരൂപങ്ങളിൽ ഉയരുമെന്നാണല്ലോ ചരിത്രം പറയുന്നത്. ഒരു ദേശവും ജനതയും നശിച്ചുപോവും എന്നുമാത്രം. 20 ലക്ഷം മനുഷ്യർ ഒരു മതിലിനപ്പുറം തുറന്ന ജയിലിൽ വെള്ളവും മരുന്നുമില്ലാതെ നരകിക്കുമ്പോൾ, കൂനകൂട്ടിയ അവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായ ഒരു ജീവനുവേണ്ടി അന്വേഷണം തുടരുമ്പോൾ, ലജ്ജിക്കൂ ലോകമേ...
അല്ലയോ അത്തിമരക്കാടുകളേ,
ജോർദ്ദാനു കുറുകേ പാലം തീർക്കൂ.
ചെക്ക് പോസ്റ്റില്ലാപ്പാലം,
അക്കരെയിക്കരെ പതാകകളില്ലാപ്പാലം.
ഇക്കരെ കടത്തൂ, ഞങ്ങളുടെ കുട്ടിക്കാലം,
സ്വപ്‌നങ്ങളെ, നീണ്ടുനീണ്ടുപോകും കാത്തിരിപ്പിനേയും...
(‘ആ നദിയോട് പേരു ചോദിക്കരുത്’)
