ലോകത്തിൻെറ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്ത് നടന്ന ചർച്ചകൾ ഒരേ വിഷയമാണ് ചർച്ച ചെയ്തത്; യുക്രെയ്നിലെ യുദ്ധം ഇനി അതിർത്തിയുമായി ബന്ധപ്പെട്ടതല്ല, ഈ മേഖലയിലെ വിഭവങ്ങളിൽ ആർക്ക് നിയന്ത്രണം എന്നതുമായി ബന്ധപ്പെട്ടാണ്. അലാസ്കയിൽ ഡോണൾഡ് ട്രംപ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി. വാഷിങ്ടണിൽ വ്ലോദിമിർ സെലൻസ്കിക്കും യൂറോപ്യൻ നേതാക്കൾക്കുമൊപ്പമിരുന്ന് സംസാരിച്ചു. ആഗോളവിഷയങ്ങളിൽ പ്രശ്നപരിഹാരത്തിന് ഇടപെടാൻ സാധിക്കുന്ന ഒരേയൊരു വ്യക്തി താനാണെന്നാണ് ട്രംപ് സ്വയം ധരിച്ച് വെച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹം നടത്തുന്ന ഇടപെടലുകൾ പലപ്പോഴും സമാധാനം ലക്ഷ്യം വെച്ചുള്ളതല്ല, അത് വിഭവങ്ങളും വിപണിയും അവിടെ മേൽക്കൈ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ്.
യുക്രെയ്ൻ വിഷയത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാവില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രസിഡൻറെന്ന നിലയിൽ യുക്രെയ്നിലെ അമേരിക്കക്കാരുടെ ജീവന് ഭീഷണിയാവുന്ന ഒരു നിലപാടും ഉണ്ടാവില്ലെന്ന് അദ്ദഹം പറയുന്നു. നേരിട്ടല്ലാതെ അമേരിക്കയുടെ സാന്നിധ്യം ഉണ്ടാവുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കീവിനെ സംരക്ഷിക്കുമെന്ന് അദ്ദേഹം വീണ്ടും ഉറപ്പ് നൽകിയിരിക്കുന്നു. യൂറോപ്പിൽ നിന്ന്, പ്രത്യേകിച്ച് ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൈനികസഹായം ലഭിക്കുന്നതിനെ പിന്തുണയ്ക്കും. ട്രംപിൻെറ സന്ദേശം വ്യക്തമാണ് അമേരിക്ക ഈ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ല, എന്നാൽ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കും.

ഇതിലുള്ള വൈരുദ്ധ്യം വർധിച്ച് വരികയാണ്. യുക്രെയ്ൻ നാറ്റോയുടെ (NATO) ഭാഗമാവേണ്ടതില്ലെന്ന് പറയുന്ന ട്രംപ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. അദ്ദേഹം സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ കീവിനെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. പുടിൻ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് പറയുമ്പോൾ തന്നെ, മറുഭാഗത്ത് യുക്രെയ്നിലെ നാറ്റോ സൈന്യത്തിൻെറ പ്രവർത്തനം പരിധി വിടുന്നുവെന്നും പറയുന്നു. അലാസ്ക, വാഷിംഗ്ടൺ ചർച്ചകൾ സമാധാനത്തിന് വേണ്ടിയുള്ള ചർച്ചകളായിരുന്നില്ല, മറിച്ച് ഇടപെടലുകളുടെ ഒരു നാടകമായിരുന്നു. ഇവിടെ ട്രംപ് ക്ഷമയില്ലാത്ത ഒരു വ്യവസായിയും പുടിൻ തന്ത്രശാലിയായ സാമ്രാജ്യത്വവാദിയും സെലൻസ്കി എല്ലാവരാലും വേട്ടയാടപ്പെടുന്ന നേതാവും യൂറോപ്യൻ രാജ്യങ്ങൾ ഇതിലെല്ലാം വലിയ പങ്കാളിത്തമുള്ളവരുമായി മാറുന്നു.
ട്രംപിൻെറ നയതന്ത്രം
ട്രംപിൻെറ മധ്യസ്ഥ ഇടപെടലുകൾ തത്വങ്ങളിൽ അധിഷ്ടിതമല്ല, ഇടപാടുകളുമായി ബന്ധപ്പെട്ടാണ്. വേഗതയാണ് അദ്ദേഹത്തിൻെറ സ്റ്റൈൽ. അലാസ്കയിൽ, പുടിനുമായുള്ള വ്യക്തിപരമായ രസതന്ത്രത്തെക്കുറിച്ച് അദ്ദേഹം വീമ്പിളക്കി; വാഷിംഗ്ടണിൽ, സെലൻസ്‌കിയെ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചു. ട്രംപിനെ സംബന്ധിച്ചിടത്തോളം, ഒരു കരാറുമില്ലാത്തതിനേക്കാൾ നല്ലത് എന്തെങ്കിലും കരാർ ഉണ്ടാക്കുന്നതാണ്, അതിലെല്ലാം ക്രെഡിറ്റ് എടുക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്യും. സങ്കീർണമായ യുദ്ധങ്ങളെ ബോർഡ് റൂം പരിഹാരചർച്ചകളിലേക്ക് എത്തിക്കുക എന്നതാണ് ട്രംപിൻെറ ട്രേഡ് മാർക്ക് രീതി. അദ്ദേഹത്തിൻെറ ലോകത്ത് പരമാധികാരം ചർച്ചകളിൽ ഉന്നയിക്കാവുന്ന വിഷയമാണ്, അതിർത്തികൾ വിലപേശലിനുള്ള ഇടമാണ്, സമാധാനം എന്നത് സമ്മർദ്ദത്തിന് ഇരയായി ഒപ്പിട്ടുനൽകുന്ന ഒരു തുണ്ടുകടലാസിൽ നിന്ന് ഉണ്ടാവുന്നതാണ്. “ആവശ്യപ്പെട്ട പ്രദേശം വിട്ടുകൊടുക്കാൻ തയ്യാറാണെങ്കിൽ യുക്രെയ്ന് വളരെ അനായാസം യുദ്ധം അവസാനിപ്പിക്കാവുന്നതേയുള്ളൂ,” എന്നാണ് ട്രംപ് ഒരിക്കൽ നിർദ്ദേശം വെച്ചത്. രാജ്യങ്ങൾ സ്ഥലം വിട്ടുകൊടുക്കുകയെന്നത് റിയൽ എസ്റ്റേറ്റ് കച്ചവടത്തിൻെറ ലാഘവത്തിലാണ് അദ്ദേഹം എടുക്കുന്നത്.

ട്രംപ് അത്ര നിഷ്കളങ്കനാണെന്ന് കരുതേണ്ടതില്ല. ആധുനികലോകത്ത് വലിയ സംഘർഷങ്ങളുടെ കാരണം വിഭവങ്ങളാണെന്ന് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്. യുക്രെയ്ൻെറ ധാതുസമ്പത്തുമായി ബന്ധപ്പെട്ടായിരിക്കും അമേരിക്ക സഹായം നൽകുകയെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നത് ലക്ഷ്യം എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ട്രംപിനെ സംബന്ധിച്ചിടത്തോളം നയതന്ത്രം എന്നുപറയുന്നത് വ്യവസായത്തിന് വേണ്ടി അവസരം തുറന്നിടലാണ്. അങ്ങനെ നോക്കുമ്പോൾ, അദ്ദേഹത്തിൻെറ മധ്യസ്ഥ ശ്രമത്തിൻെറ യഥാർത്ഥലക്ഷ്യം ആത്യന്തികമായി യുദ്ധം അവസാനിപ്പിക്കുക എന്നതല്ല, അഥവാ യുദ്ധം അവസാനിച്ചാൽ യുക്രെയ്നിലെ വിഭവങ്ങളിൽ ആര് നിയന്ത്രണം സ്ഥാപിക്കണം എന്നതുമായി ബന്ധപ്പെട്ടാണ്. ആർക്കും പരിഹരിക്കാൻ സാധിക്കാതിരുന്ന യുക്രെയ്ൻ വിഷയം അവസാനിപ്പിച്ച പ്രസിഡൻറായി അറിയപ്പെടണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ആത്യന്തികമായ സമാധാനമൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. വിട്ടുവീഴ്ച്ചകളിലൂടെ ദ്രുതഗതിയിൽ പ്രശ്നം അവസാനിപ്പിക്കുക, യുക്രെയ്ൻെറ വിഭവങ്ങൾ ചൂഷണം ചെയ്യാൻ വാതിലുകൾ തുറന്നിടുക എന്നിവയൊക്കെയാണ് ട്രംപിൻെറ ലക്ഷ്യം.
പുടിൻെറ തന്ത്രപരമായ പദ്ധതികൾ
പുടിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന് യുദ്ധം അനിവാര്യമാണ്. നാറ്റോയ്ക്കെതിരായ പ്രതിരോധമായാണ് അദ്ദേഹം അതിനെ കാണുന്നത്, എന്നാൽ അദ്ദേഹത്തിൻെറ ലക്ഷ്യം ഭൗമരാഷ്ട്രീയത്തിന് അപ്പുറത്താണ്. ക്രീമിയ പിടിച്ചടക്കിയതിലൂടെയും ഇപ്പോൾ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, കെർസൺ, സാപോരിഷ്യ എന്നിവയുടെ ഭാഗങ്ങൾ കൈവശം വെച്ചതിലൂടെയും, റഷ്യ ഇതിനകം തന്നെ ഏകദേശം 12.5 ട്രില്യൺ ഡോളറിന്റെ വിഭവങ്ങളാണ് സ്വന്തമാക്കിയത്. ഈ മേഖലകൾ കൽക്കരി, എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ എന്നിവയുടെ കേന്ദ്രങ്ങളാണ്. യുക്രെയ്‌നിന്റെ ഓഫ്‌ഷോർ വാതക ശേഖരത്തിന്റെ 80%-വും കൽക്കരി ശേഖരത്തിൻെറ പകുതിയും ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇത് കേവലം ഊർജ്ജ സുരക്ഷയെക്കുറിച്ച് മാത്രമുള്ളതല്ല, ഉപരോധങ്ങൾക്കിടയിലും സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തി, യൂറോപ്പിൽ വിലപേശൽ ശക്തിപ്പെടുത്തി ഒരു വിഭവ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള റഷ്യയുടെ തന്ത്രത്തിൻെറ ഭാഗമാണിത്. ആഗോളതലത്തിൽ റഷ്യയുടെ സ്വാധീനം തിരിച്ചുപിടിക്കാൻ പുടിൻ ആഗ്രഹിക്കുന്നു. സൈനികമായി ആധിപത്യം സ്ഥാപിച്ചുവെന്നത് കൊണ്ട് മാത്രം അത് ഉറപ്പിക്കാനാവില്ലെന്ന് അദ്ദേഹത്തിനറിയാം. സാമ്പത്തികശക്തിയെന്ന നിലയിൽ കൂടുതൽ ഉയരത്തിലെത്തുക എന്നത് പ്രധാനമാണ്.

യുക്രെയ്ൻെറ വ്യാവസായികകേന്ദ്രങ്ങൾ നിയന്ത്രിക്കുന്നതിലൂടെ കീവിനെ പൂർണമായി ദുർബലപ്പെടുത്താനും യൂറോപ്പിൽ അവരുടെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന ശക്തിയായി മാറുകയും ചെയ്യാനാണ് റഷ്യ ശ്രമിക്കുന്നത്. ഡോൻബാസ് എന്നുപറയുന്നത് യുദ്ധക്കളം മാത്രമല്ല, അത് വലിയ വ്യാവസായിക കേന്ദ്രം കൂടിയാണ്. യുക്രെയ്ൻ ഒരിക്കലും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്റ്റീൽ, കൽക്കരി, ഊർജ്ജം എന്നിവയുടെ നിയന്ത്രണം സ്ഥാപിക്കുന്നതിനാണ് റഷ്യയുടെ നീക്കം. ഇതുകൊണ്ടാണ് പുടിൻ പരമാവധി നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാവുന്നത്. ക്രീമിയയുടെ അംഗീകാരത്തിനും, ഡോൺബാസിന്റെ പരമാധികാരത്തിനും, യുക്രെയ്നിന്റെ നിഷ്പക്ഷതയ്ക്കും വേണ്ടി അദ്ദേഹം വാദിക്കുന്നു. പടിഞ്ഞാറൻ ശക്തികൾക്ക് യുദ്ധങ്ങളോട് ഇപ്പോഴുള്ള താൽപ്പര്യക്കുറവ് ഉപയോഗപ്പെടുത്താമെന്ന് പുടിൻ കരുതുന്നു. അതിനെ തന്ത്രപരമായി ഉപയോഗിച്ചാൽ, അധികം വൈകാതെ കീവിൻെറ സഖ്യകക്ഷികൾ ഒത്തുതീർപ്പിന് മുന്നോട്ടുവരുമെന്ന് പുടിന് അറിയാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഭാഗികമായ വിജയം പോലും വിഭവങ്ങളുടെ മേൽ ദീർഘകാല നിയന്ത്രണവും യുക്രെയ്‌ന് മേൽ രാഷ്ട്രീയ ആധിപത്യവുമായി മാറുന്നു.
സെലൻസ്കിയുടെ നിലനിൽപ്പ് തന്ത്രം
സെലൻസ്കി തൻെറ നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണ്. പ്രദേശിക ഇളവുകൾ നിരസിക്കുകയും സമാധാനം ആരംഭിക്കേണ്ടത് ഭൂമി കൈമാറ്റത്തിലൂടെയല്ല, വെടിനിർത്തലിലൂടെ ആണെന്ന് വാദിക്കുകയും ചെയ്യുന്നു. ഡോൺബാസിനെ വിട്ടുകൊടുക്കേണ്ടി വന്നാൽ അത് റഷ്യയ്ക്ക് ഭാവി ആക്രമണങ്ങൾക്ക് ഒരു പ്രചോദനമാകുമെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ, സെലൻസ്കിയ്ക്ക് പരിമിതികൾ ഏറെയാണ്. പാശ്ചാത്യ സഹായങ്ങളെ അവർ വല്ലാതെ ആശ്രയിക്കുന്നു, അമേരിക്കയിൽ നിന്നുള്ള 118 ഡോളർ മുതൽ ആകെ 407 ഡോളറിൻെറ സഹായമാണ് 2022 മുതൽ യുക്രെയ്ന് ലഭിച്ചിട്ടുള്ളത്. സെലൻസ്കിയുടെ സർക്കാരിന് അതിജീവനവും വിട്ടുവീഴ്ച്ചകളും സന്തുലിതമായി കൊണ്ടുപോവേണ്ടിവരും. ഡ്രോൺ കയറ്റുമതിക്ക് സഹായം നൽകുന്ന തരത്തിലുള്ള കരാറുകളിലും പ്രതിരോധ കരാറുകളിലും അവർ ഒപ്പുവെക്കേണ്ടതുണ്ട്. സെലൻസ്കിയെ സംബന്ധിച്ചിടത്തോളം ഇത് യുക്രെയ്ൻെറ പരമാധികാരത്തിനും ഒപ്പം സാമ്പത്തികമായ നിലനിൽപ്പിനും കൂടി വേണ്ടിയുള്ള പോരാട്ടമാണ്. ധാതുവിഭവങ്ങളിലും വ്യവസായങ്ങളിലുമുള്ള മേൽക്കൈ ഇല്ലാതായാൽ രാജ്യത്തെ അത് തലമുറകളോളം പിന്നോട്ടടിക്കും. യുക്രെയ്ൻെറ സ്വാതന്ത്ര്യം എന്നുപറയുന്നത് അതിർത്തികളെ മാത്രമല്ല അവരുടെ ഖനികൾ, കൃഷിയിടങ്ങൾ, വിഭവശേഖരം എന്നിവ ആരാണ് നിയന്ത്രിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് സെലൻസ്കിക്ക് നന്നായി അറിയാം.
യുക്രെയ്ൻെറ ഭൗമരാഷ്ട്രീയവും സമ്പദ് വ്യവസ്ഥയും
നയതന്ത്ര വിഭവങ്ങളുടെ കേന്ദ്രമായ യുക്രെയ്ൻ ഒരു മുൻനിരരാജ്യമാണ്. 20000-ത്തിലധികം നിക്ഷേപങ്ങളുള്ള യുക്രെയ്ൻ യൂറോപ്പിലെ സമ്പന്നമായ അധികം ഉപയോഗിക്കപ്പെടാത്ത കരുതൽ ശേഖരമുള്ള രാജ്യമാണ്. ടൈറ്റാനിയം, ലിഥിയം, ഗ്രാഫൈറ്റ്, ഗാലിയം, നിയോൺ ഗ്യാസ് യറേനിയം എന്നിവയുടെ വൻ ശേഖരമാണ് യുക്രെയ്ന് ഉള്ളത്. ചിപ്പുകൾ, ബാറ്ററികൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ആയുധങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനായി ആധുനികകാലത്ത് ഏറ്റവും ഡിമാൻഡുള്ള അസംസ്കൃത വസ്തുക്കളാണ് ഇവ. യുദ്ധത്തിന് മുമ്പ്, യുഎസ് സെമികണ്ടക്ടർ നിർമ്മാതാക്കൾ ഉപയോഗിച്ചിരുന്ന നിയോണിന്റെ 90%-വും വിതരണം ചെയ്തിരുന്നത് യുക്രെയ്നാണ്. ഇലക്ട്രിക് വാഹനങ്ങൾക്കും ഊർജ്ജ സംഭരണത്തിനും വളരെയധികം ആവശ്യമുള്ള ധാതുവായ ലിഥിയത്തിൻെറ ഒരു മുൻനിര വിതരണക്കാരായും അവർ മാറിത്തുടങ്ങിയിരുന്നു. ഈ ധാതുനിക്ഷേപങ്ങളുടെ നിയന്ത്രണമെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്.

കിഴക്കൻ യുക്രെയ്‌നിൽ റഷ്യയുടെ സ്വാധീനം ശക്തിപ്പെട്ടാൽ, യൂറോപ്പിൻെറ ഏറ്റവും വലിയ ധാതുശേഖരത്തിൻെറ ആധിപത്യം അവരുടെ കീഴിലാവും. ആയുധശേഖരത്തിൻെറ കാര്യത്തിലെന്ന പോലെ മോസ്കോയ്ക്ക് ഇത് സാമ്പത്തികമായി വലിയ മേൽക്കൈ നൽകും. പാശ്ചാത്യലോകം യുക്രെയ്നെ 'യൂറോപ്പിന്റെ പരിചയായി' കാണുന്നത് ഇതുകൊണ്ടാണ്. ജനാധിപത്യത്തെ സംരക്ഷണം എന്നതിലുപരി, യൂറോപ്പിന്റെ ഹരിത പരിവർത്തനത്തിനും ഡിജിറ്റൽ വ്യവസായങ്ങൾക്കും ശക്തി പകരുന്ന വിഭവങ്ങൾ സംരക്ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ലിഥിയം, കൊബാൾട്ട്, അപൂർവ ധാതുക്കൾ എന്നിവ സുരക്ഷിതമായി ലഭ്യമായില്ലെങ്കിൽ യൂറോപ്യൻ യൂണിയന്റെ ഹരിത കരാർ വിജയം കാണുകയില്ല. യുക്രെയ്നിലെ ധാതുശേഖരം റഷ്യ നിയന്ത്രിക്കാൻ തുടങ്ങിയാൽ യൂറോപ്പിന് ചൈനയുടെ ധാതുകുത്തകയെ കൂടുതൽ ആശ്രയിക്കേണ്ടതായി വരും.
അമേരിക്കയ്ക്കും ഇക്കാര്യത്തിൽ വലിയ താൽപര്യങ്ങളുണ്ട്. വിതരണ ശൃംഖലകളെ ബീജിംഗിൽ നിന്ന് മാറ്റി വൈവിധ്യവത്കരിക്കാനുള്ള ഒരു മാർഗമായിട്ടാണ് വാഷിംഗ്ടൺ യുക്രെയ്നെ കാണുന്നത്. യുക്രെയ്ന് സഹായം നൽകുന്നതിലൂടെ വിഭവങ്ങൾക്ക് മേൽ ആധിപത്യം നേടാനാവുമെന്ന ട്രംപിൻെറ ചിന്ത അബദ്ധമല്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ഇതൊരു വലിയ യാഥാർത്ഥ്യമാണ്. ചൈനയുടെ അപൂർവധാതു ശേഖരത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തമായി മുന്നോട്ടുപോവാൻ യുക്രെയ്നിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ അമേരിക്കൻ കമ്പനികൾ ഏറെക്കാലമായി ലക്ഷ്യമിടുന്നതാണ്. ഇതിൻെറ വെളിച്ചത്തിൽ, യുദ്ധസഹായം നൽകുന്നു എന്നു പറയുന്നത് മനുഷ്യത്വപരമോ നയതന്ത്രപരമോ ഒന്നുമല്ല, വിഭവങ്ങൾക്ക് മേൽ അധികാരം ലഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപമാണത്. റഷ്യയുടെയും അമേരിക്കയുടെയും യൂറോപ്പിൻെറയുമൊക്കെ ലക്ഷ്യം ആ അർത്ഥത്തിൽ ഒന്നാവുകയാണ്: യുക്രെയ്ൻെറ ഭാവി നിർണയിക്കുന്നത്, അവരുടെ ധാതുശേഖരത്തിൻെറ നിയന്ത്രണം ആര് കയ്യാളുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. യുദ്ധം നൽകാൻ പോവുന്ന ‘സമ്മാനം’ അതാണ്. അതിർത്തികൾ, നാറ്റോ അംഗത്വം, ഉറപ്പുകൾ എന്നിവയും പ്രധാനമാണ്. എന്നാൽ അവയെല്ലാം യൂറോപ്പിൻെറ സാമ്പത്തികഭാവിയെ നിയന്ത്രിക്കുന്ന ധാതുശേഖരം ആരുടെ കയ്യിലാവുമെന്നതിനുള്ള നയതന്ത്രപോരാട്ടത്തിൻെറ പേരിലാണ് നടക്കുന്നത്.
യൂറോപ്പിൻെറ ആശങ്കകൾ
മാക്രോൺ മുതൽ സ്റ്റാർമർ വരെയുള്ള യൂറോപ്യൻ നേതാക്കൾ ട്രംപിൻെറ വളഞ്ഞ വഴികളെ പ്രതിരോധിക്കുന്നുണ്ട്. പകുതിവെന്ത തരത്തിലുള്ള വിട്ടുവീഴ്ചകൾ മോസ്കോയെ പ്രോത്സാഹിപ്പിക്കുകയും യൂറോപ്പിനെ അസ്ഥിരപ്പെടുത്തുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ സമ്പദ്‌വ്യവസ്ഥ യുക്രെയ്‌നെ ആശ്രയിക്കുന്നുണ്ടെന്നും അവർക്കറിയാം. ബാറ്ററികൾക്കുള്ള ലിഥിയം, എയ്‌റോസ്‌പേസിനുള്ള ടൈറ്റാനിയം, ആണവോർജ്ജത്തിനായുള്ള യുറേനിയം എന്നിവയെല്ലാം യൂറോപ്പിന്റെ വ്യാവസായിക, കാലാവസ്ഥാ ലക്ഷ്യങ്ങളിൽ നിർണായകമാണ്. അതിനാൽ, യൂറോപ്പിന്റെ നിലപാട് പൂർണ്ണമായും ധാർമ്മികമല്ല, മറിച്ച് തന്ത്രപരമാണ്.

യുക്രെയ്നെ സംരക്ഷിക്കുക എന്നാൽ യൂറോപ്പിന്റെ സാമ്പത്തിക സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നാണ്. പ്രദേശങ്ങൾ വിട്ടുനൽകുകയെന്നത് കീവിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുക മാത്രമല്ല, യൂറോപ്പിന്റെ ഭാവി വിതരണ ശൃംഖലകൾ മോസ്കോയ്ക്ക് കൈമാറുന്ന അവസ്ഥയിലേക്കും കൊണ്ടുചെന്നെത്തിക്കും. അതിനാൽ, ട്രംപിൻെറ അതിവൈകാരികമായ ഇടപെടലുകളിൽ ആശങ്കയുണ്ടെങ്കിലും യൂറോപ്യൻ നേതാക്കൾക്ക് യുക്രെയ്നെ പിന്തുണയ്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.
ആധുനിക യുദ്ധങ്ങളുടെ സാമ്പത്തിക രാഷ്ട്രീയം
ആധുനികയുദ്ധങ്ങൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് കൊണ്ട് മാത്രമല്ല നീണ്ടുപോവുന്നത്. അതിൽ വിഭവങ്ങളും ഖനികളും വിപണിയുമെല്ലാം ഘടകങ്ങളാണ്. യുക്രെയ്ൻ യുദ്ധം അതിൻെറ സുപ്രധാന ഉദാഹരണമാണ്. റഷ്യ സാമ്രാജ്യത്തിനും വിഭവങ്ങൾക്കും വേണ്ടിയാണ് രക്തമൊഴുക്കുന്നത്. യുക്രെയ്ൻ പരമാധികാരത്തിനും സ്വയം പ്രതിരോധത്തിനും വേണ്ടിയാണ് പോരാടുന്നത്. അമേരിക്ക ഇടപെടുന്നത് വിഭവങ്ങളിൽ നിയന്ത്രണത്തിനും തങ്ങളുടെ എതിരാളികളെ ദുർബലപ്പെടുത്താനും വേണ്ടിയാണ്. യൂറോപ്പ് കീവിനെ പിന്തുണയ്ക്കുന്നത് സാമ്പത്തികഭാവിയ്ക്ക് വേണ്ടിയാണ്. ഇതുകൊണ്ടാണ് നയതന്ത്രം എങ്ങുമെത്താതെ ദുർബലമായി പോവുന്നത്. സമാധാന ചർച്ചകൾ ലക്ഷ്യം കാണാതെ പോവുന്നത് ഇടപെടുന്നവർക്ക് നിഗൂഢലക്ഷ്യങ്ങൾ കൂടി ഉള്ളത് കൊണ്ടാണ്. പ്രാദേശങ്ങൾ വിട്ടുകൊടുക്കുകയെന്നാൽ വിഭവങ്ങൾ വിട്ടുകൊടുക്കുക എന്നത് കൂടിയാണ്. സുരക്ഷാ ഉറപ്പുകൾ കരാറുകളുമായി ബന്ധപ്പെട്ടാണ് ലഭിക്കുന്നത്. മനുഷ്യത്വപരമായെന്ന വ്യാജേന സഹായം വരുന്നത് ചൂഷണം കൂടി ലക്ഷ്യമിട്ട് കൊണ്ടാണ്. യുദ്ധത്തിന്റെ യുക്തിയും വിപണിയുടെ യുക്തിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ഇനി മുന്നോട്ടെന്ത്?
എന്തെല്ലാം ചോയ്സുകളാണ് ഉള്ളതെന്നത് വ്യക്തമാണ്. യുക്രെയ്ൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ റഷ്യ വിഭവശേഖരത്തിൻെറ നിയന്ത്രണം സ്വന്തമാക്കുകയും യൂറോപ്പ് ഏറെക്കാലത്തേക്ക് അവരെ ആശ്രയിച്ച് മുന്നോട്ട് പോവേണ്ടിയും വരും. യുക്രെയ്ൻ പ്രതിരോധിച്ച് മുന്നോട്ട് പോയാൽ യുദ്ധം വീണ്ടും നീണ്ടുപോവും, പക്ഷേ പാശ്ചാത്യ വ്യവസായങ്ങൾ പ്രതീക്ഷ വീണ്ടെടുക്കും. വളരെ വേഗത്തിൽ കരാറുണ്ടാക്കാനുള്ള ട്രംപിൻെറ ശ്രമം വിശദമായ ചർച്ചകളിലൂടെ ശാശ്വതമായ പ്രശ്നപരിഹാരത്തിനുള്ള വഴി അടയ്ക്കും. ധാതുക്കൾക്ക് വേണ്ടി ബലപ്രയോഗത്തിലൂടെ അതിർത്തികൾ മാറ്റിയാൽ അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി മാറും.

റഷ്യയുടെ സാമ്രാജ്യവും സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുത്താനാണ് പുടിൻെറ നീക്കം. ട്രംപ് മഹാനായ മധ്യസ്ഥനാവാൻ ശ്രമിക്കുന്നു. അതിലൂടെ കരാറുകളുണ്ടാക്കി മറ്റ് രാജ്യങ്ങളുടെ വിഭവങ്ങളിൽ നിയന്ത്രണത്തിനാണ് നീക്കം. ട്രംപിൻെറ മധ്യസ്ഥ ശ്രമങ്ങളിൽ യാതൊരുവിധ ധാർമികതയുമില്ല. യുക്രെയ്ൻെറ പരമാധികാരവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുകയാണ് സെലൻസ്കിയുടെ ലക്ഷ്യം, എന്നാൽ അത് മറ്റുള്ളവരെ ആശ്രയിച്ചാണ് മുന്നോട്ട് പോവുന്നത്. യൂറോപ്പ് സുസ്ഥിരത ലക്ഷ്യം വെക്കുന്നു, എന്നാൽ അവർക്കറിയാം അവരുടെ വ്യാവസായികഭാവി യുക്രെയ്ൻെറ ധാതുശേഖരവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്ന്.
യുക്രെയ്ൻ യുദ്ധം ആ അർത്ഥത്തിൽ ഏതെങ്കിലും പ്രദേശം കീഴടക്കാനോ സംരക്ഷിക്കാനോ വേണ്ടിയുള്ളതല്ല. ആഗോള ശക്തികളുടെ ഭൗതിക അടിത്തറ ശക്തമാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണത്. ഇതിൽ തീരുമാനം ഉണ്ടാവുന്നത് ബോർഡ് റൂമുകളിൽ ആയാലും പരസ്യചർച്ചകളിൽ ആയാലും, ലക്ഷ്യം ഒന്നുതന്നെയാണ്: വിഭവങ്ങളുടെ നിയന്ത്രണം. നയതന്ത്രം പരമാധികാരത്തെ വിഭവങ്ങൾക്ക് വേണ്ടിയുള്ള വിട്ടുവീഴ്ച്ചകളിലേക്ക് നയിച്ചാൽ, കീഴടക്കലിന് വേണ്ടിയുള്ള പോരാട്ടം തുടരും. ഈ യുദ്ധം യുക്രെയ്നുമായി ബന്ധപ്പെട്ടുള്ളതാണ്. പക്ഷേ, അന്താരാഷ്ട്ര നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ, അതോ വിഭവ യുദ്ധങ്ങളുടെ പുതിയ കാലത്ത്, അസംസ്കൃത ശക്തിയും വിപണി ഇടപാടുകളും രാഷ്ട്രങ്ങളുടെ വിധി നിർണ്ണയിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും കൂടിയാണിത്…
