അന ഇൻ സഖത്തുമകാനി
ഫിൽകിഫാഹ്, യാ റഫീഖി...
(ഈ പോരാട്ടത്തിൽ ഞാൻ നിലംപതിച്ചാൽ പ്രിയ സഖാവെ, എന്റെ സ്ഥാനം നീയേറ്റെടുക്കുക)
- കമാൽ ബുത്രോസ് നാസർ, 1973- ൽ മൊസാദ് ചാരന്മാർ വെടിവെച്ചുകൊന്ന പലസ്തീൻ വിപ്ലവ കവി.
അറബ് വിമോചനത്തിന് ഒലീവ് ചില്ലയുമായി ലോകരാജ്യങ്ങളുടെ അരമന നിരങ്ങിയാൽ പോരെന്നും ഇങ്ങോട്ട് അടിക്കുന്നവരെ ആയിരമടങ്ങ് ശക്തിയോടെ തിരിച്ച് പ്രഹരിച്ചാലേ അടിക്കുന്നവർ പാഠം പഠിക്കൂവെന്നും ശത്രുവ്യൂഹത്തെ പിളർന്നുകയറേണ്ടത് നയതന്ത്രം കൊണ്ടല്ലെന്നും പലസ്തീനികളെ ആദ്യം പഠിപ്പിച്ച നേതാവാണ് ജോർജ് ഹബാഷ്.
സെന്റ് പീറ്ററെക്കുറിച്ച് ബൈബിളിൽ പരാമർശിക്കുമ്പോഴെല്ലാം കാണപ്പെടുന്ന പലസ്തീനിലെ ലിദ്ദ എന്ന പ്രദേശത്ത് (ഇപ്പോൾ ജെറുസലേമിനും ടെൽ അവീവിനും മധ്യേ) ഒരു ഗ്രീക്ക് ഓർത്തഡോക്സ് കുടുംബത്തിൽ ജനിച്ച ജോർജ് ഹബാഷ് ബെയ്റൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്താണ് ഇടതുപക്ഷ ചിന്തകളോട് അടുപ്പം പുലർത്തിയത്. അന്നത്തെ സോവിയറ്റ് അനുകൂല രാജ്യമായ ദക്ഷിണ യെമനിൽ നിന്നുള്ള സഹപാഠികളിൽ നിന്നാണ് മാർക്സിയൻ ചിന്തകളിൽ ഹബാഷ് ആകൃഷ്ടനായത്. ഏദനിലെത്തി അവിടത്തെ ഇടതുപക്ഷ നേതാക്കളുമായി ബന്ധം പുലർത്തിയ അദ്ദേഹത്തിന്റെ ഹീറോ യെമൻ പ്രസിഡന്റ് അലി നാസർ മുഹമ്മദും ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ അബ്ദുൽ നാസറുമായിരുന്നു. പിന്നെയാണ് ഏണസ്റ്റോ ചെഗുവേരയും മാവോസെ തുംഗും ഹബാഷിന്റെ ഹൃദയം കീഴടക്കിയത്. ചെഗുവേരയേയും കാസ്ട്രോയെയും അവരുടെ സിദ്ധാന്തവും നെഞ്ചേറ്റിയ ഹബാഷ് ചൈനയും സോവിയറ്റ് യൂണിയനും ക്യൂബയും സന്ദർശിച്ചു. ഇതിനിടെ, മെഡിസിനിൽ ബിരുദമെടുത്ത് ജന്മനാട്ടിൽ തിരിച്ചെത്തി ആതുര സേവനരംഗത്തിറങ്ങി. പീപ്പിൾസ് ക്ലിനിക്ക് എന്ന പേരിൽ ജനകീയ ആശുപത്രി ആരംഭിച്ചു. ഒപ്പം സാമൂഹിക- രാഷ്ട്രീയരംഗത്തും സജീവമായി.
ക്രൈസ്തവർ ന്യൂനപക്ഷമായ പലസ്തീനിൽ മുസ്ലിം പോരാളികളോട് കൈകോർത്താണ് തന്റെ നാടിന്റെ മോചനസ്വപ്നവുമായി ഹബാഷ് രണമുഖത്തെത്തിയത്. ഡോക്ടറുടെ കുപ്പായം ഹബാഷ് അഴിച്ചുവെച്ചു. പലസ്തീനിൽ അന്യായമായി കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന്റെ അക്രമത്തിനെതിരെ പോരാട്ടത്തിനിറങ്ങിയപ്പോൾ മറ്റു പലരേയുമെന്ന പോലെ ഹബാഷിനും കുടുംബത്തിനും പീഡനങ്ങളേറെ സഹിക്കേണ്ടിവന്നു. ഇസ്രായേലി അക്രമത്തിൽ ഒരു സഹോദരിയെ നഷ്ടമായി.
രാജ്യം വിടേണ്ടിവന്ന് അഭയാർഥിയായി എത്തിയത് ആദ്യം സിറിയയിലും പിന്നീട് ജോർദാനിലും. ഈ രാജ്യങ്ങളിലും ലെബനോൺ, ഈജിപ്ത് എന്നിവിടങ്ങളിലുമെല്ലാം അറബ് ദേശീയ വിമോചനസംഘടനകളുടെ ഒളിപ്പോരുകളുടെ പ്രസക്തി വർധിച്ച കാലമായിരുന്നു അത്. പലസ്തീൻ വിമോചനസംഘടനയുടെയും (പി.എൽ.ഒ) യാസർ അറഫാത്തിന്റേയും മെല്ലെപ്പോക്ക്നയത്തിനെതിരെ അമർഷം കൊണ്ടിരുന്ന പോരാളിയായി ഹബാഷ് മാറി. ചെറുപ്പത്തിലേ മാർക്സിയൻ ചിന്താധാരകളെ ആവേശിക്കാനുള്ള പ്രേരണയുണ്ടായതുമൂലം അറഫാത്തിന്റെ പി.എൽ.ഒ സ്വീകരിക്കുന്ന അനുരഞ്ജന രാഷ്ട്രീയത്തോട് രാജിയാകാൻ ഹബാഷിനായില്ല.
പലസ്തീനെ മോചിപ്പിക്കാനും 1948- ന്റെ അവസ്ഥയിലേക്ക് അതിന്റെ അതിരുകളെ തിരികെ കൊണ്ടുവരാനും അധിനിവേശ ശക്തികളെ ആട്ടിയോടിക്കാനും സായുധപോരാട്ടമാണ് അനിവാര്യമെന്ന തിരിച്ചറിവിൽ ജോർജ് ഹബാഷ് 1967- ൽ പോപ്പുലർഫ്രന്റ് ഓഫ് ദ ലിബറേഷൻ ഓഫ് പലസ്തീൻ (പി.എഫ്.എൽ.പി) എന്ന സംഘടനയ്ക്ക് രൂപം നൽകി. പലസ്തീനി ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഹബാഷിനോടൊപ്പമായി. അൽഹകീം (ജ്ഞാനി, ഭിഷഗ്വരൻ) എന്ന ഓമനപ്പേരുകളിലാണ് ഹബാഷ് അനുയായികൾക്കിടയിൽ അറിയപ്പെട്ടത്. പാശ്ചാത്യരോടുള്ള വിധേയത്വത്തിൽനിന്ന് വിടുതൽ നേടുകയും അവരുടെ പിന്തുണയോടെയുള്ള സയണിസ്റ്റ് ആധിപത്യത്തിനെതിരെ പോരാടുകയും ചെയ്യുകയെന്നതായിരുന്നു ജോർജ് ഹബാഷ് തന്നോടൊപ്പമുള്ളവരെ പഠിപ്പിച്ചത്. അതിനിടെ ജോർദാൻ രാജാവിനെതിരായ അട്ടിമറിശ്രമത്തിൽ പങ്കാളിയായി എന്ന പേരിൽ അവിടത്തെ ഭരണകൂടത്തിന്റെ നോട്ടപ്പുളളിയായി.
തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഹബാഷ് പിടികൊടുക്കാതെ ഒളിവിൽ പോയി. സിറിയൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ഖാലിദ് ബഗ്ദാഷിന്റെ സഹായത്തോടെ ആദ്യം ഡമാസ്കസിലും പിന്നീട് കയ്റോയിലുമെത്തിയ ഹബാഷിനെ ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ അബ്ദുൽ നാസർ ഏറ്റെടുത്തു. മനോഹരമായൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. യാസർ അറഫാത്തിന്റെ മിതവാദത്തിനെതിരായ ഉൾപാർട്ടി കലാപവും പലസ്തീനു പുറത്തുനിന്ന് ഹബാഷ് തുടങ്ങിവെച്ചു. ഈ സംഭവങ്ങളെല്ലാം 1967- ലെ പ്രസിദ്ധമായ അറബ് വിമോചനയുദ്ധത്തിലേക്ക് നയിച്ചു. ഈജിപ്ത്, സിറിയ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനെതിരായ യുദ്ധത്തിൽ മുൻനിരയിലുണ്ടായിരുന്നത്. പക്ഷേ ആറു ദിവസം മാത്രം നീണ്ട യുദ്ധത്തിൽ ഇസ്രായേൽ ഏകപക്ഷീയ വിജയം നേടി. അറബ് സംയുക്തസേനക്ക് അടിയറവ് പറയേണ്ടിവന്നു.
യാസർ അറഫാത്തിനോട് എതിർപ്പുണ്ടായിട്ടും 1988- ലെ പലസ്തീൻ നാഷനൽ കൗൺസിൽ യോഗത്തിൽ ഹബാഷ് അദ്ദേഹത്തെ പിന്തുണച്ചു. സായുധകലാപത്തിന്റെ വഴിയിൽ നിന്ന് മാറി സഞ്ചരിക്കാനും പലസ്തീൻ- ഇസ്രായേൽ സമാധാനത്തിനായുളള 1993- ലെ ഒസ്ലോ ഉച്ചകോടിയെ പിന്തുണക്കാനും ഹബാഷ് നിശ്ചയിച്ചു. പോരാട്ടത്തിന്റെ കനലുകളടങ്ങാത്ത മനസ്സുമായി ജീവിച്ച ജോർജ് ഹബാഷ്, എൺപത്തിരണ്ടാം വയസ്സിൽ ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ നിര്യാതനായി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റാമല്ലാ നഗരത്തിൽ വിപ്ലവകാരിയായ നേതാവിന്റെ സ്മാരകമായി 'ജോർജ് ഹബാഷ് സ്‌ക്വയർ' സ്ഥാപിച്ചു. ഭാര്യ ഹിൽദയും മക്കളായ ഡോ. മെസ, എൻജിനീയർ ലാമ എന്നിവരും അമ്മാനിലുണ്ട്.