പെൺകുട്ടികളെ താലിബാന്​ എത്ര നാൾ തടവിലിടാൻ കഴിയും?

രാജ്യം ഒരു ഡമോഗ്രാഫിക്​ ട്രാൻസിഷനു വിധേയമാകാൻ പോകുന്ന സവിശേഷഘട്ടത്തിലാണ് അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസക്രമത്തിനു മേൽ താലിബാൻ ഫത്വകളും വിലക്കുകളും അതിക്രമങ്ങളുമായി ഭീതിവിതയ്ക്കുന്നത്. പരിമിതമായ പ്രൈമറി വിദ്യാഭ്യാസവും, അടിസ്ഥാന സ്വാതന്ത്ര്യവും, തുല്യനീതിയും നിഷേധിക്കപ്പെട്ട് അടിമകളും അപമാനിതരുമായി ഒരു ജനതയ്ക്ക് ഏറെനാൾ തുടരാനാവില്ലെന്ന ചരിത്രപാഠം ലോകത്തിനു മുന്നിലുണ്ട്.

ഷ്‌തോ ഭാഷയിൽ താലിബാൻ എന്നാൽ വിദ്യാർത്ഥി എന്നർത്ഥം. അറിവ് തേടുന്നവർ തന്നെ പഠനത്തിന്റേയും വിജ്ഞാനത്തിന്റേയും നിഷേധകരും അന്തകരുമായി മാറിയ ചരിത്രമാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ എന്ന തീവ്ര വംശീയസംഘം ലോകത്തിനു മുന്നിൽ വെളിവാക്കുന്ന യാഥാർത്ഥ്യം.

പാകിസ്ഥാനിലേയും പാക്- അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിലെയും മതാധിഷ്ഠിത പാഠ്യപദ്ധതിയും ജീവിതരീതിയും പിന്തുടരുന്ന മതപാഠശാലകളിൽനിന്നും ബോധനകേന്ദ്രങ്ങളിൽ നിന്നും ആസൂത്രിതമായി രൂപപ്പെടുത്തപ്പെട്ടതാണ് ആ സംഘം. ജനാധിപത്യവ്യവസ്ഥയോടും മതേതരത്വ ആശയങ്ങളോടും മനുഷ്യാവകാശങ്ങളോടും പ്രത്യേകിച്ച് സ്ത്രീ അവകാശങ്ങളോടുമുള്ള എതിർപ്പും വെറുപ്പുമാണ് അവരുടെ പ്രത്യയശാസ്ത്രം. 1996 മുതൽ 2001 വരെയുള്ള ഭരണകാലത്ത് ഹിംസയുടേയും, പുരുഷാധിപത്യത്തിന്റേയും, വിജ്ഞാനവിരുദ്ധതയുടേയും പ്രാകൃതവും പരുഷവുമായ ഭാഷയാണ് അവർ സംസാരിച്ചിരുന്നത്.
സ്‌കൂളുകളും കോളേജുകളും തകർക്കുകയും, പുസ്തകങ്ങൾ നിരോധിക്കുകയും, പൊതുവിദ്യാഭ്യാസത്തെ മതവത്ക്കരിക്കുകയും, പെൺകുട്ടികളുടെയും സ്ത്രീകളുടേയും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസാവകാശങ്ങൾക്കും മേൽ ബുൾഡോസർപോലെ ഇരച്ചുകയറിയുമാണ് ഒട്ടൊക്കെ പുരോഗമനപരമായ ഒരു സമൂഹത്തെ അവർ പ്രാകൃതത്വത്തിലേക്കു നയിച്ചത്.

ഗൗർ, ഹെറാത്ത്, കണ്ടഹാർ, മസാർ - ഇ-ഷെരീഫ് എന്നിവയെല്ലാം കീഴടക്കി അവർ ഒരിക്കൽക്കൂടി കാബൂളിലെത്തുമ്പോൾ സർവകലാശാലയിലെ പെൺകുട്ടികൾ ബിരുദബിരുദാനന്തര സർട്ടിഫിക്കറ്റുകൾ കൂട്ടിയിട്ട് കത്തിച്ച് പൊതുവിടങ്ങളിൽനിന്ന് ആരുടേയും കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടോടുകയാണ്. മുള്ളു വേലിയ്ക്കു മുകളിലൂടെ അമ്മമാർ കുഞ്ഞുങ്ങളെ എറിഞ്ഞുകൊടുത്തും, വിമാനച്ചിറകിലും, ചക്രങ്ങളിലും അള്ളിപ്പിടിച്ചു കിടന്നും മനുഷ്യർ സ്വന്തം ഇടങ്ങളുപേക്ഷിച്ച് രക്ഷപെടാനാഗ്രഹിക്കുന്നെങ്കിൽ താലിബാൻ നൽകിയ മുന്നറിവുകളും മുന്നനുഭവങ്ങളും അത്രമേൽ തീവ്രതരവും അപകടകരവുമായിരിക്കണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിൽ പ്രത്യക്ഷപ്പെട്ട് പതുക്കെ അസ്തമിച്ചുവെന്നു കരുതിയ താലിബാൻ, സാമ്രാജ്യത്വം ചവിട്ടിക്കുഴച്ച അഫ്ഗാൻ മണ്ണിലേക്ക് വീണ്ടും വരുമ്പോൾ അതെത്രമാത്രം ജനാധിപത്യ വിരുദ്ധവും, വിദ്യാഭ്യാസവിരുദ്ധവും, മാനവികേതരവുമായ ആശയമാണ് എന്നു ലോകം തിരിച്ചറിയേണ്ടതുണ്ട്.

മധ്യകാല ഇസ്​ലാമിലല്ല താലിബാനെ തിരയേണ്ടത്

താലിബാൻ എന്ന അക്രമിസംഘത്തേയും മധ്യകാല ഇസ്​ലാമിനേയും ചേർത്തുവച്ചുകൊണ്ടുള്ള ഇസ്​ലാമോഫോബിയയിലൂന്നിയ ആശയനിർമിതികൾ കേരളത്തിലുൾപ്പെടെ പത്ര- ദൃശ്യമാധ്യമങ്ങളിൽ താലിബാൻ ഭരണത്തിന്റെ ഒന്നാംഘട്ടത്തിൽത്തന്നെ രൂപപ്പെടുത്തപ്പെട്ടിട്ടുണ്ട്. താലിബാൻ, ലോകത്തെ മധ്യകാല ഇസ്​ലാമിന്റെ ഇരുളടഞ്ഞ വഴികളിലേക്കു നയിക്കുന്നുവെന്ന വിലയിരുത്തലുകളും ഉണ്ടാവുന്നുണ്ട്. ഇത് ഏറെ അപകടകരമായ ചരിത്രനിഷേധവും വക്രീകരണവുമാണ്. ആധുനികതയേയും നവോത്ഥാനത്തെയും കുറിക്കുന്ന യൂറോ- കേന്ദ്രിത വിചാരങ്ങളിൽ മധ്യകാലലോകം ഇരുളടഞ്ഞതും വിജ്ഞാന വിമുഖവും സാംസ്‌കാരികവിരുദ്ധവുമായ കാലഘട്ടമാണ്. നവോത്ഥാനത്തെ ചലനാത്മകതയുടേയും സർഗാത്മകതയുടേയും കലാപരമായഘട്ടമായും മധ്യകാലത്തെ ചരിത്രം തളംകെട്ടിനിന്ന വികാസ രഹിതമായ ഘട്ടമായും വേർതിരിക്കുന്ന നിരീക്ഷണങ്ങളും നിഗമനങ്ങളും മൂന്നാംലോകരാജ്യങ്ങളിലെ പോസ്റ്റ് -കൊളോണിയൽ പാഠപുസ്തകങ്ങളിൽപ്പോലും സമൃദ്ധമാണ്. നവോത്ഥാനമെന്നത് ലോകത്തെല്ലായിടത്തും ഒരേകാലത്ത്, ഒരേപോലെ സംഭവിച്ചതാണെന്ന പരികല്പനകൾ പുതിയ കണ്ടെത്തലുകളുടേയും ഉറവിട കേന്ദ്രീകൃത ചരിത്ര പഠനത്തിന്റെയും ഭാഗമായി തിരുത്തിയെഴുതേണ്ടിവരുന്നുണ്ട്.

മക്തബകളിലൂടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസവും യൂണിവേഴ്‌സിറ്റികളിലൂടെ ഉന്നതവിദ്യാഭ്യാസമേഖലയിലും പഠനാവസരം ലഭ്യമായിരുന്ന കാലഘട്ടമായിരുന്നു മധ്യകാലം. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസാവസരങ്ങൾ ലഭ്യമായിരുന്നുവെന്നതിനും തെളിവുണ്ട്.

അറബികൾ സ്‌പെയിനിൽ സ്ഥാപിച്ച കൊർദോവ, ഈജിപ്തിലെ അൽഅസ്ഹർ, കെയ്‌റോ, ബാഗ്ദാദ്, ഡമാസ്‌കസ് യൂണിവേഴ്‌സിറ്റികൾ എന്നിവയെല്ലാം പാശ്ചാത്യ സർവകലാശാലകൾക്കൊപ്പം നിൽക്കുന്ന മധ്യകാല വിദ്യാഭ്യാസകേന്ദ്രങ്ങളായിരുന്നു. കൈയെഴുത്തുപ്രതികളാലും വൈവിധ്യ പൂർണമായ പുസ്തകങ്ങളാലും സമ്പന്നമായ ലൈബ്രറികളും മധ്യകാല സർവകലാശാലകളുടെ ഭാഗമായിരുന്നു. ബാഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡം എന്ന ഗ്രന്ഥശാല 9 മുതൽ 13-ാം നൂറ്റാണ്ടുവരെ വിജ്ഞാനത്തിന്റെ കേന്ദ്രമായി നിലനിന്നു. ലോകത്തിലെ പൈതൃകസ്മാരകപ്രദേശങ്ങളിലൊന്നായ തിംബുക്തു നഗരം(മാലി) മധ്യകാലഘട്ടത്തിലെ പ്രധാന വിദ്യാഭ്യാസകേന്ദ്രമായിരുന്നു.

മധ്യകാലഘട്ടത്തിലെ അറബ്- ഇസ്​ലാമിക വൈജ്ഞാനിക- സാംസ്‌കാരിക പുരോഗതിയാണ് പിൽക്കാലത്ത് സ്‌പെയിനിലേക്കും അവിടെ നിന്ന് ഇറ്റലിയിലേക്കും എത്തുന്നതും യൂറോപ്യൻ നവോത്ഥാനത്തിന് കാരണമായിത്തീരുന്നതും. കലയിലും സാഹിത്യത്തിലും, ശാസ്ത്രസാങ്കേതികമേഖലകളിലും വിദ്യാഭ്യാസത്തിലും തത്ത്വചിന്തയിലുമെല്ലാം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സമന്വയത്തിനും വികാസത്തിനും കാരണമായ ഒരു കാലഘട്ടത്തിൽ നിന്നല്ല താലിബാൻ എന്ന ചരിത്രവുമായോ, സാംസ്‌കാരവുമായോ ബന്ധമില്ലാത്ത ക്രിമിനൽ ആൾക്കൂട്ടത്തിന്റെ വേരുകൾ തിരയേണ്ടത്. ഇസ്​ലാമിന്റെ വിജ്ഞാന പാരമ്പര്യവുമായോ, സാംസ്‌കാരികതയുമായോ, സമന്വയജീവിത സമീപനവുമായോ, വീക്ഷണവുമായോ ഒരു താരതമ്യവും താലിബാൻ അർഹിക്കുന്നില്ല. ഇന്ത്യയിലെ ഹിന്ദുതീവ്രവാദത്തേയും, ക്രിമിനൽസംഘങ്ങളേയും, വിശ്വാസികളിൽ നിന്നും, ഇന്ത്യയുടെ ചരിത്രത്തിൽനിന്നും വേറിട്ടുനിർത്തി സമീപിക്കേണ്ടത് എത്രത്തോളം അനിവാര്യ മാണോ അത്രത്തോളം പ്രാധാന്യമുള്ളതാണ് താലിബാനെ ഇസ്ലാമുമായും, മധ്യകാല ഇസ്​ലാമിക സാംസ്‌കാരിക സൂചകങ്ങളുമായും ചേർത്തുവായിക്കാനുള്ള ആസൂത്രിതനീക്കങ്ങൾക്കെതിരായ ചെറുത്തു നിൽപ്പും.

അഫ്ഗാൻ വിദ്യാഭ്യാസം - താലിബാൻ കാലത്തിനുമുമ്പ്

ഇന്ത്യയുടേതിനു സമാനമായ ബഹുസാംസ്‌കാരിക സമന്വയജീവിതവ്യവസ്ഥയും സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകളും ഏറെ നടന്ന പ്രദേശമാണ് അഫ്ഗാൻ. ഹിന്ദു-ബുദ്ധ, സൊരാസ്ട്രിയൻ- ഇസ്​ലാമിക സമന്വയ ജീവിതത്തിന്റെ പ്രത്യക്ഷ അടയാളങ്ങളുള്ള സമൂഹമാണത്. അതിൽ നിരവധി ചരിത്ര സ്മാരകങ്ങളും വാസ്തുശില്പ നിർമിതികളുമുണ്ട്. അവയിലേറെയും തകർക്കപ്പെട്ടത് 1996-2001 ലെ താലിബാൻ കാലഘട്ടത്തിലായിരുന്നു. ബാമിയൻ ബുദ്ധപ്രതിമകൾ തകർത്തുകളഞ്ഞ സംഭവം ഉദാഹരണമാണ്. രാജ്യത്തിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടുള്ള താലിബാന്റെ മനോഭാവം അന്നേ വ്യക്തമായതാണ്. സ്‌കൂളുകളും കോളേജുകളും വ്യാപകമായി അടച്ചുപൂട്ടുന്നതിനും തകർക്കപ്പെടുന്നതിനും പൊതുയിടങ്ങളിൽനിന്ന് സ്ത്രീകൾ അപമാനിതരായി ആട്ടിയോടിക്കപ്പെടുന്നതിനും മുമ്പ് വിദ്യാഭ്യാസത്തിൽ തുല്യാവസരങ്ങളും, സ്ത്രീ പുരുഷസമത്വവും, പൊതുവിടങ്ങളിലും ഉദ്യോഗങ്ങളിലും സ്ത്രീ പ്രാതിനിധ്യവുമുള്ള ഒട്ടൊക്കെ പുരോഗമനപരമായ സാമൂഹികവ്യവസ്ഥയായിരുന്നു അഫ്ഗാന്റേത്.

അമാനുള്ള ഖാൻ

അഫ്ഗാനിസ്ഥാനിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് അമീർഷിർ അലിഖാന്റെ (1868- 78) ഭരണകാലത്താണ്. ഒരു പൊതുവിദ്യാലയവും സൈനികവിദ്യാലയവുമാണ് അദ്ദേഹം സ്ഥാപിച്ചത്. തുടർന്ന് ഹബീബുള്ള രാജാവിന്റെ കാലത്ത് (1901-19) ലിസ ഹബീബിയ, ബക്തബ് - ഇ-ഹർബിയ എന്നീ പേരുകളിൽ രണ്ടു പുതിയ ആധുനിക വിദ്യാലയങ്ങൾ കൂടി സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസ വികസനത്തിന്റെ മൂന്നാംഘട്ടം നടക്കുന്നത് അമാനുള്ളഖാൻ (1919-29) ഭരണാധികാരിയായ ഘട്ടത്തിലാണ്. പ്രൈമറി വിദ്യാഭ്യാസം നിർബന്ധമാക്കുകയും വിദ്യാഭ്യാസമന്ത്രാലയം ആരംഭിക്കുകയും ചെയ്തത് അക്കാല ത്താണ്. പ്രൈമറി സ്‌കൂളുകളുടെ എണ്ണം 322 ആയി ഉയരുകയും അഫ്ഗാൻ അധ്യാപകർക്കൊപ്പം ജർമ്മൻ, ഫ്രഞ്ച് അധ്യാപകരും സ്‌കൂളുകളിൽ നിയമിക്കപ്പെട്ടു. റഷ്യ, ഇറ്റലി ജർമനി, തുർക്കി എന്നിവിടങ്ങളിലേക്ക് ഉപരിപഠനത്തിനായി വിദ്യാർഥികളെ അയയ്ക്കുകയും ചെയ്തു. എന്നാൽ വിദേശരാജ്യങ്ങളിലേക്ക് പെൺകുട്ടികളെ പഠനത്തിനായി അയയ്ക്കുന്നതിനെതിരെ മതസംഘടനകളും നേതാക്കൻമാരും കടുത്ത വിമർശനമുന്നയിച്ചു.

മതേതരപരിഷ്‌കരണവാദിയായിരുന്ന അമാനുള്ള നടത്തിയ പരിഷ്‌ക്കരണങ്ങൾ, പ്രത്യേകിച്ച് വിശ്വാസതുല്യത, സ്ത്രീവിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യം, പർദ്ദ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ എന്നിവ മതമൗലികവാദികളായ പുരോഹിതൻമാരെ അസ്വസ്ഥരാക്കി. ഇക്കാര്യങ്ങളിൽ തുർക്കിയിലെ മുസ്തഫ കമാൽപാഷയുടെ വഴിയാണ് അമാനുള്ള പിൻതുടരാൻ ശ്രമിച്ചത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യമാണ് അമാനുള്ളഖാന്റെ അധികാരനഷ്ടത്തിനു കാരണമായ ഘടകമെന്നത് അഫ്ഗാനിലെ മതനേതൃത്വത്തിന്റെ വിദ്യാഭ്യാസത്തോടുള്ള സമീപനത്തിന്റെ ഉദാഹരണമായി വിലയിരുത്താം. തുടർന്ന് അധികാരത്തിലെത്തിയ ഹബീബുള്ള കാലാകനി ഗേൾസ് സ്‌കൂളുകൾ അടച്ചുപൂട്ടുകയും വിദേശത്തേയ്ക്കയച്ച വിദ്യാർഥികളെ തിരിച്ചുവിളിക്കുകയും ചെയ്തു. 1929-33 ലെ നാദിർഷയുടെ കാലത്ത് ഗേൾസ് സ്‌കൂളുകളുൾപ്പെടെ നിരവധി പുതിയ വിദ്യാലയങ്ങൾ ആരംഭിക്കുകയുണ്ടായി. 1933 മുതൽ 1973 വരെ അഫ്ഗാൻ ഭരിച്ച സഹീർഷായും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി. 1932-ൽ കാബൂൾ മെഡിക്കൽ ഫാക്കൽറ്റിയും, 1946-ൽ കാബൂൾ യൂണിവേഴ്‌സിറ്റിയും സ്ഥാപിച്ചു. 1979-ലെ സോവിയറ്റ് അധിനിവേശകാലത്തും പെൺകുട്ടികൾക്ക് തുല്യമായ വിദ്യാഭ്യാസാവസരങ്ങളും, പങ്കാളിത്തവും സാധ്യമായിരുന്നു. പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യവും സംഭാവനകളുമുണ്ടായിരുന്നു. എന്നാൽ തുടർച്ചയായ സംഘർഷങ്ങളും യുദ്ധങ്ങളും വിദ്യാഭ്യാസവ്യവസ്ഥയെ താറുമാറാക്കി. തൊണ്ണൂറുകളിൽ മാത്രം 650 ഓളം സ്‌കൂളുകൾ നശിപ്പിക്കപ്പെടുകയോ ബങ്കറുകളാക്കപ്പെടുകയോ ചെയ്തു. അഫ്ഗാൻ ഗവൺമെന്റും, മുജാഹിദുകളും തമ്മിൽ നടന്ന തുടർസംഘർഷങ്ങളുടെ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത് അഫ്ഗാനിലെ വിദ്യാഭ്യാസ വ്യവസ്ഥയായിരുന്നു.

താലിബാനും പെൺകുട്ടികളുടെ വിദ്യാഭ്യാസവും

സ്ത്രീകൾക്കെതിരായ താലിബാന്റെ ആസൂത്രിതവും വിനാശകരവുമായ നിലപാടുകളിലൊന്ന് വിദ്യാഭ്യാസ നിഷേധമാണ്. സാമൂഹികവും, മതപരവും, സുരക്ഷാപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ മൂന്നിൽ രണ്ട് അഫ്ഗാൻ പെൺകുട്ടികളും സ്‌കൂളിൽ പോകുന്നില്ല. തുടർച്ചയായ ആഭ്യന്തര സംഘർഷങ്ങളും കലാപങ്ങളും യുദ്ധങ്ങളും കൂടിയാവുമ്പോൾ വിദ്യാഭ്യാസാവസരം പാടെ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം സാഹചര്യങ്ങളിലേക്ക് താലിബാന്റെ ഫത്​വകൾ കൂടി കടന്നു വന്നതോടെ സാഹചര്യങ്ങൾ സങ്കീർണമായി. കാബൂളിലുൾപ്പെടെ പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടി. അടച്ചുപൂട്ടൽ പെൺകുട്ടികളുടെ പഠനത്തിനൊപ്പം അധ്യാപകരെയും ബാധിച്ചു. അഫ്ഗാനിസ്ഥാനിലെ പ്രാഥമികവിദ്യാലയങ്ങളിലെ അധ്യാപകരിൽ ഏറെയും വനിതകളായിരുന്നു. അവരിലേറെയും ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. ചിലയിടങ്ങളിൽ അധ്യാപകരുടെ ശമ്പളത്തിൽ വൻ ടാക്‌സ് ഏർപ്പെടുത്തുകയും ചെയ്തു. 1996-ൽ താലിബാൻ കാബൂൾ പിടിച്ചെടുത്തതിനു ശേഷം ആയിര ക്കണക്കിന് വിദ്യാസമ്പന്നരായ കുടുംബങ്ങൾ പാകിസ്ഥാനിലേക്കും മറ്റ് അയൽരാജ്യങ്ങളിലേക്കും പലായനം ചെയ്തു.

താലിബാൻ കാലഘട്ടത്തിൽ എൻറോൾ ചെയ്ത ഏതാണ്ട് ഒന്നേകാൽക്കോടി കുട്ടികളിൽ പെൺകുട്ടികളുടെ എണ്ണം അമ്പതിനായിരം മാത്രമായിരുന്നു. ശക്തമായിരുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായം മദ്രസാ വിദ്യാഭ്യാസത്തിനും മതവിദ്യാഭ്യാസത്തിനും വഴിമാറി. പാഠ്യപദ്ധതി മതാധിഷ്ഠിതമായി തിരുത്തിയെഴുതി. പരിമിതമായെങ്കിലും പഠനം തുടരാൻ ആഗ്രഹിച്ചവർ രഹസ്യമായി നടത്തുന്ന വിദ്യാലയങ്ങളിലും ഭൂഗർഭ അറകളിലെ വിദ്യാലയങ്ങളിലും ചേരാൻ നിർബന്ധിതരായി. പിടിക്കപ്പെട്ടാൽ വധശിക്ഷയ്ക്കു വിധേയമാക്കപ്പെടുമെന്ന ബോധ്യത്തിൽത്തന്നെയാണ് മാതാപിതാക്കൾ പെൺമക്കളെ താലിബാൻ നിയന്ത്രണത്തിലല്ലാത്ത സ്‌കൂളുകളിലേക്കയച്ചിരുന്നത്. താലിബാന്റെ പൂർണനിയന്ത്രണത്തിലായിരുന്ന പ്രവിശ്യകളിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ സ്ത്രീകളെയോ, ബിരുദധാരികളെയോ കാണാൻ സാധ്യമായിരുന്നില്ല. എന്നാൽ താലിബാന് നിയന്ത്രണം കുറഞ്ഞയിടങ്ങളിൽ വിദ്യാഭ്യാസമുള്ള വരും ജോലിയെടുക്കുന്നവരുമുണ്ടായിരുന്നു.

പതിനാറുവയസിൽ താഴെയുള്ള പെൺകുട്ടികൾക്ക് വിവാഹം അനുവദിച്ചിരുന്നു. അക്കാലത്തു നടന്ന 80% വിവാഹങ്ങളും നിർബന്ധിതമായിരുന്നുവെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. പുസ്തകങ്ങളെയും, ഗ്രന്ഥപ്പുരകളെയും, ആധുനികവിദ്യാഭ്യാസത്തെയും, ചരിത്രത്തെയും നിരാകരിക്കുന്ന വിരോധത്തിന്റെ പ്രാകൃത പ്രത്യയശാസ്ത്രമാണ് താലിബാൻ ഭരണകാലഘട്ടത്തിന്റെ നേർക്കാഴ്ചകൾ. അതിന്റെ പ്രധാന ഇരകൾ ഗ്രാമങ്ങളിലേയും മലയോരമേഖലകളിലെയും നാടോടിഗോത്രങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെയും പെൺകുട്ടികളായിരുന്നു. പ്രാകൃത സെമിറ്റിക് മതാധിഷ്ഠിത വിദ്യാഭ്യാസക്രമവും ആധുനിക ശാസ്ത്രീയ- മത നിരപേക്ഷ-സമത്വാധിഷ്ഠിത വിദ്യാഭ്യാസവ്യവസ്ഥയും തമ്മിലുള്ള സംഘർഷ സ്ഥലിയായി താലിബാൻകാലത്തെ അഫ്ഗാനിസ്ഥാൻ മാറി.

ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും, പൗരാവകാശങ്ങളിലൂടെയും, സമത്വാധിഷ്ഠിത സങ്കൽപങ്ങളിലൂടെയും ജനസമൂഹം നേടിയെടുത്തതെല്ലാം ഒരു ക്രിമിനൽ സംഘത്തിന്റെ മിലിറ്റൻസിയിലൂടെ തിരിച്ചടിക്കപ്പെട്ടു. ചരിത്രത്തിലും സംസ്‌കാരത്തിലും ഏറെ മൗലിക സംഭാവനകൾ നൽകിയ അഫ്ഗാൻ മനുഷ്യാവകാശങ്ങളുടെയും സ്ത്രീ അവകാശങ്ങളുടെയും ശവപ്പറമ്പായി മാറി. ഏതു പ്രദേശത്തും, ഏതു കാലത്തും സംഭവിക്കാവുന്ന ദുരന്തങ്ങളുടെ അറിവടയാളമാണ് ഇന്നത്തെ അഫ്ഗാനിസ്ഥാൻ.

വിദ്യാഭ്യാസത്തിന്റെ താലിബാനനന്തരകാലം

താലിബാൻകാലഘട്ടത്തിനു ശേഷവും അഫ്ഗാൻ വിദ്യാഭ്യാസം വിപരീത ദിശയിലേക്കാണ് സഞ്ചരിച്ചതെന്ന് ‘യൂനിസെഫ്’ ഉൾപ്പെടെയുള്ള അന്തർദേശീയ ഏജൻസികളുടെ കണക്കുകൾ പറയുന്നു. വിദ്യാഭ്യാസവ്യവസ്ഥയെ പാടെ തകർത്ത് താലിബാൻ അധികാരത്തിനു പുറത്തുപോകുമ്പോൾ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുണ്ടായിരുന്നില്ല. 2001ലെ യു.എസ്. അധിനിവേശത്തിനുശേഷവും, അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല എന്നാണ് കണക്കുകൾ പറയുന്നത്.

ഔദ്യോഗികരേഖകൾ പ്രകാരം ദിവസം രണ്ടു ഡോളർ പോലും വരുമാനമില്ലാത്തവരാണ് തൊണ്ണൂറുശതമാനം അഫ്ഗാൻജനതയും. ഭക്ഷണമോ, ശുദ്ധജലമോ, സൗകര്യമുള്ള വീടുകളോ, പര്യാപ്തമായ ആരോഗ്യരക്ഷാസംവിധാനമോ, മികച്ച ആശുപത്രികളോ രാജ്യത്തില്ല. സാമൂഹ്യ സൂചകങ്ങളിലെല്ലാം ഏറെ പിന്നിലായ നരകിക്കുന്ന ജനതയാണത്. ജനസംഖ്യയുടെ അഞ്ചിലൊന്നും അഭയാർത്ഥികളായി മറ്റു രാജ്യങ്ങളിലാണ്. ഔദ്യോഗികകണക്കുകൾ പ്രകാരം 5 മില്യൺ കുട്ടികൾ വിദ്യാഭ്യാസത്തിനു പുറത്താണ്. ഇതിൽ അറുപത് ശതമാനവും പെൺകുട്ടികളാണെന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നുണ്ട്. 2001 നു ശേഷം യുഎസും താലിബാനും തമ്മിലും, താലിബാനും- നോർത്തേൺ അലൈയൻസും തമ്മിലും നടന്ന കലാപങ്ങളെല്ലാം തകർത്തെറിഞ്ഞത് അഫ്ഗാൻ സ്‌കൂളുകളെയും വിദ്യാഭ്യാസത്തെയുമാണ്. താലിബാൻ നിരന്തരമായി ആക്രമണത്തിനു വിധേയമാക്കിയതും പെൺ പള്ളിക്കൂടങ്ങളേയും, അധ്യാപകരെയുമാണ്. താലിബാൻ നിയന്ത്രിത പ്രദേശങ്ങളിൽ ആയിരത്തിലധികം വിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന യൂനിസെഫ് റിപ്പോർട്ട് അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം ദുരന്തമുഖത്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

സാമൂഹിക സൂചകങ്ങളിൽ അഫ്ഗാൻ എവിടെയാണ്

രാഷ്ട്രീയ അനിശ്ചിതത്വവും, ആഭ്യന്തര സംഘർഷങ്ങളും, അധിനിവേശങ്ങളും തകർത്തെറിഞ്ഞ അഫ്ഗാന്റെ നേർചിത്രം സാമൂഹ്യസൂചകങ്ങളെ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ നമ്മിൽ നടുക്കമുളവാക്കുന്നതാണ്. ഏറ്റവും അവസാനം പുറത്തുവന്ന ഹ്യൂമൻ ഡവലപ്പ്‌മെൻറ്​ ഇൻഡക്‌സ് (HDI) , ജന്റർ ഡവലപ്പ്‌മെൻറ്​ ഇൻഡക്‌സ്(GDI), ജന്റർ ഇൻ ഇക്വാളിറ്റി ഇൻഡക്‌സ് (GII), മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (MPI) എന്നിവയിലെല്ലാം അഫ്ഗാനിസ്ഥാൻ സൗത്ത് ഏഷ്യയിലെ മറ്റു രാജ്യങ്ങളേക്കാൾ ഏറെ പിന്നിലാണ്. 2020-ൽ പുറത്തുവന്ന ഹ്യൂമൻ ഡവലപ്പ്‌മെൻറ്​ ഇൻഡക്‌സിൽ പങ്കെടുത്ത 189 രാജ്യങ്ങളിൽ നേപ്പാളിനും (142) പാകിസ്ഥാനും (154) പിന്നിൽ 169-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ജന്റർ ഡവലപ്പ്‌മെൻറ്​ ഇൻഡക്‌സിൽ 164 രാജ്യങ്ങളിൽ 157ാം സ്ഥാനത്തും.

സ്ത്രീകളുടെ പ്രത്യുല്പാദന ആരോഗ്യം, സ്ത്രീ ശാക്തീകരണം, സാമ്പത്തികസ്വാതന്ത്ര്യം എന്നീ സൂചകങ്ങളിലൂന്നിയ ജന്റർ ഇൻ ഇക്വാളിറ്റി ഇൻഡക്‌സിലും, ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ പരിഗണിക്കുന്ന മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സിലും അഫ്ഗാൻ, സബ്‌സഹാറൻ ആഫ്രിക്കൻ മേഖലയിലെ അൽപ വികസിത ദരിദ്രരാജ്യങ്ങളുടെ ഗണത്തിലാണുള്ളത്. റഷ്യൻ- അമേരിക്കൻ അധിനിവേശവും, മൂലധന താല്പര്യങ്ങളും താലിബാൻഭരണവും സാമ്പത്തികമായും സാംസ്‌കാരികമായും മുന്നേറിയിരുന്ന ഒരു സാമൂഹിക ക്രമത്തെയും, ജനജീവിതത്തെയും തകർത്തെറിഞ്ഞതിന്റെ സാക്ഷ്യപത്രമായി അഫ്ഗാനെ സംബന്ധിക്കുന്ന സാമൂഹ്യസൂചകങ്ങൾ മാറുന്നുണ്ട്.

കഴിഞ്ഞ ഇരുപതു വർഷമായി പരിമിതമായെങ്കിലും തുല്യാവസരങ്ങളും, വിദ്യാഭ്യാസാവകാശങ്ങളും സ്വാതന്ത്ര്യവും അനുഭവിച്ചവരാണ് അഫ്ഗാൻ ജനത. യൂനിസെഫ് റിപ്പോർട്ടുപ്രകാരം രാജ്യത്തെ ജന സംഖ്യയുടെ 26% പത്തിനും പത്തൊമ്പതിനും ഇടയിലുള്ള കൗമാരപ്രായക്കാരാണ്. അതിൽ അമ്പതുശതമാനവും പെൺകുട്ടികളാണ്. കൗമാരജനസംഖ്യ 2045 ഓടെ 11 മില്യൺ ആയിത്തീരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യം ഒരു ഡമോഗ്രാഫിക്​ ട്രാൻസിഷനു വിധേയമാകാൻ പോകുന്ന സവിശേഷഘട്ടത്തി ലാണ് അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസക്രമത്തിനു മേൽ താലിബാൻ ഫത്വകളും വിലക്കുകളും അതിക്രമങ്ങളുമായി ഭീതിവിതയ്ക്കുന്നത്. പരിമിതമായ പ്രൈമറി വിദ്യാഭ്യാസവും, അടിസ്ഥാന സ്വാതന്ത്ര്യവും, തുല്യനീതിയും നിഷേധിക്കപ്പെട്ട് അടിമകളും അപമാനിതരുമായി ഒരു ജനതയ്ക്ക് ഏറെനാൾ തുടരാനാവില്ലെന്ന ചരിത്രപാഠം ലോകത്തിനു മുന്നിലുണ്ട്.

വിദ്യാസമ്പന്നരും, സ്വാതന്ത്ര്യദാഹികളുമായ പെൺകുട്ടികളുടെയും സ്ത്രീകളുടേയും പ്രക്ഷോഭങ്ങ ളിലും മുന്നേറ്റങ്ങളിലും, ഒരുപക്ഷേ താലിബാനുള്ളിൽത്തന്നെയുണ്ടാകാനിടയുള്ള അന്തഃസംഘർഷങ്ങ ളിലുംപെട്ട് അവരുടെ കിരീടങ്ങൾ നിലംപതിക്കുന്ന കാലം വിദൂരമല്ല.കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments