ഗാസ ഇന്ന് ലോകത്തിന് ഉണങ്ങാത്ത മുറിവാണ്. നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾ, തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, രക്തത്തിൽ കുതിർന്ന മണ്ണ്, ഭാവിയോ പ്രതീക്ഷയോ ഇല്ലാത്ത കുട്ടികൾ - ഇതെല്ലാമാണ് ഗാസ. വർഷങ്ങളായി തുടരുന്ന ഉപരോധം ആ ജനതയുടെ ശ്വാസം മുട്ടിച്ചിട്ടും ലോകം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പലസ്തീനികൾക്കെതിരായ ക്രൂരതകൾക്കെതിരെ ശബ്ദമുയർത്താൻ അന്താരാഷ്ട്ര സമൂഹം ഭയപ്പെട്ടപ്പോൾ, ഒരു കൗമാരക്കാരി ആ ദൗത്യം ഏറ്റെടുത്തു - ഗ്രേറ്റ തുൻബർഗ്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ഗ്രേറ്റ, ഗാസയിലെ ദുരന്തം കണ്ടപ്പോൾ കണ്ണടച്ചില്ല. അവൾ ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വർഷങ്ങളായി ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (Global Sumud Flotilla) എന്ന അന്താരാഷ്ട്ര സംഘം യാത്ര പുറപ്പെട്ടത്. 40-ലധികം കപ്പലുകളും 500-ഓളം ആക്ടിവിസ്റ്റുകളും ഈ ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ച് തുർക്കി, മലേഷ്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സമാധാന പ്രവർത്തകർ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയവർ യാത്രയുടെ ഭാഗമായിരുന്നു. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായിട്ടായിരുന്നു യാത്ര. ഈ യാത്ര സഹായം എത്തിക്കാനുള്ള ശ്രമം മാത്രമായിരുന്നില്ല. മറിച്ച്, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ഉപരോധങ്ങളെക്കുറിച്ചും പലസ്തീൻ ജനത നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും ലോകശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

പക്ഷെ ആ യാത്ര എളുപ്പമായിരുന്നില്ല.
ഫ്ലോട്ടില്ല യുദ്ധക്കപ്പലായിരുന്നില്ല. ഭക്ഷണവും മരുന്നും നിരോധിതവസ്തുക്കൾ ആകാതിരിക്കാൻ അവർ നിയന്ത്രണം ഭേദിച്ച് ഗാസ തീരത്തേക്ക് കടൽയാത്ര ചെയ്തു. യുദ്ധക്കപ്പലുകൾ, ജലപീരങ്കികൾ, സ്റ്റൺ ഗ്രനേഡുകൾ എന്നിവയുമായാണ് ഈ സമാധാന ദൗത്യത്തെ ഇസ്രായേൽ നാവികസേന നേരിട്ടത്. ഇസ്രായേൽ സൈന്യം കപ്പൽ വളയുന്നതിനുമുമ്പ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ലീഡ് കപ്പലായ അൽമയുടെ ഡെക്കിലിരുന്ന് ഫോണിലൂടെ ലോകത്തോട് ഗ്രേറ്റ തുൻബർഗ് പറഞ്ഞു:
"ഞാൻ അൽമ എന്ന കപ്പലിലാണ്. ഇസ്രായേൽ ഞങ്ങളെ തടയാൻ പോകുന്നു." മിനിറ്റുകൾക്കുള്ളിൽ അവളുടെ വാക്കുകൾ യാഥാർത്ഥ്യമായി. തത്സമയ സംപ്രേക്ഷണം അവസാനിച്ചു, കപ്പൽ പിടിച്ചെടുത്തു.
അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് ഇസ്രായേൽ നാവികസേന ഈ കപ്പലുകളെ തടഞ്ഞത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇസ്രായേലിന്റെ സൈനിക തന്ത്രങ്ങൾ പതിവുപോലെ ഇവിടെയും ആവർത്തിച്ചു. ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു.
ഗ്രേറ്റയെ മുടിക്ക് പിടിച്ച് വലിച്ചിഴച്ച്, ഇസ്രായേലി പതാക ചുംബിക്കാൻ നിർബന്ധിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് നേരെ അവർ ക്രൂരമായ ആക്രമണം നടത്തി. ഇത് ഒരു സമാധാന പ്രവർത്തകയോടുള്ള അതിക്രമം മാത്രമല്ല, മറിച്ച് ഒരു ജനതയുടെ പ്രതിഷേധത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമം കൂടിയായിരുന്നു. ഇസ്രായേലിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കാനുള്ള ശ്രമമായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇസ്രയേലിന്റെ സൈനിക ഭീകരത ഗ്രേറ്റയുടെ ധൈര്യത്തെ തളർത്തിയില്ല. തടവിൽ നിന്ന് മോചിതയായി തിരിച്ചെത്തിയ അവൾ ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിച്ചു.
"ലോകം കണ്ടില്ലെന്ന് നടിക്കുന്ന ഒരു വംശഹത്യയാണ് ഗാസയിൽ നടക്കുന്നത്. ഇസ്രായേൽ സൈന്യം നടത്തുന്ന ഈ ഭീകരതയ്ക്കെതിരെ ലോകം കണ്ണടച്ചുകൂടാ," ഗ്രേറ്റയുടെ വാക്കുകൾ ലോക മനസ്സാക്ഷിയെ ഉണർത്താൻ ഉതകുന്നതായിരുന്നു.
"ഇവിടെ നിഷ്പക്ഷത എന്നത് ഇരകൾക്ക് നേരെയുള്ള അനീതിക്ക് തുല്യമാണ്’’ എന്ന് പറയുന്നതിലൂടെ ഗ്രേറ്റ മനുഷ്യർക്കിടയിലെ സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിപിടിക്കുന്നു.

ഇസ്രായേലിന്റെ ഈ നടപടി യാദൃച്ഛികമല്ല, മറിച്ച് പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്താനുള്ള അവരുടെ ഒരു തന്ത്രത്തിന്റെ ഭാഗമാണ്. 2010-ൽ നടന്ന ഗാസ ഫ്ലോട്ടില്ല റെയ്ഡ് ഇതിന് ഉദാഹരണമാണ്. ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ കപ്പലുകൾ ഇസ്രായേൽ കമാൻഡോകൾ തടയുകയും ഒമ്പത് തുർക്കി പൗരരെ കൊല്ലുകയും ചെയ്തു. ഈ സംഭവം ലോകമെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി.
ഗ്രേറ്റയുടെ കപ്പൽ തടഞ്ഞപ്പോഴും സമാന സൈനിക തന്ത്രങ്ങളാണ് ഇസ്രായേൽ ഉപയോഗിച്ചത്. എന്നാൽ, ഗ്രേറ്റയെപ്പോലെ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിയെ ആക്രമിക്കാൻ അവർ തയ്യാറായത്, പലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടെടുക്കുന്നവരെ ഒതുക്കി നിർത്താനുള്ള അവരുടെ തീരുമാനത്തെയാണ് സൂചിപ്പിക്കുന്നത്.
അതുപോലെ മാധ്യമങ്ങളുടെ കണ്ണുകെട്ടിക്കളിക്കെതിരെയും ഗ്രേറ്റ പ്രതികരിച്ചു: ‘‘മാധ്യമങ്ങൾ ഒരു വംശഹത്യയെക്കുറിച്ചുള്ള വാർത്തകൾ ഒഴിവാക്കുന്നു" എന്നാണ് ഗ്രേറ്റ ചൂണ്ടിക്കാട്ടിയത്. ഇസ്രായേൽ സൈന്യം നടത്തുന്ന ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ലോകത്തിന് മുന്നിൽ വരാത്തത് എന്തുകൊണ്ടാണ് എന്നും അവർ ചോദിച്ചു. പല മാധ്യമങ്ങളും ഇസ്രായേലിന്റെ വാദങ്ങൾ മാത്രം ആവർത്തിക്കുകയാണെന്നും, ഗാസയിലെ സാധാരണക്കാരുടെ ദുരിതങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും ഗ്രേറ്റ വിമർശിച്ചു.
ഗ്രേറ്റ തുൻബർഗ് ഒരു പരിസ്ഥിതി പ്രവർത്തക എന്ന നിലയിൽ രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാനുഷിക ദുരന്തങ്ങൾ കണ്ടപ്പോൾ നിഷ്പക്ഷത പാലിക്കാൻ കഴിയില്ലെന്ന് ഗ്രേറ്റ തുറന്നുപറഞ്ഞു. പലസ്തീനികൾക്കെതിരായ അതിക്രമങ്ങളെ വംശഹത്യ എന്ന് വിശേഷിപ്പിക്കാൻ അവൾ മടിച്ചില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പറയുമ്പോൾ കൈയ്യടിക്കുന്ന ലോകം, പലസ്തീനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് പറയുമ്പോൾ ചെവികൊടുക്കാത്തത് ഇരട്ടത്താപ്പാണെന്നും മനഃസാക്ഷിയില്ലാത്ത സമീപനമാണെന്നും അവൾ തുറന്നടിച്ചു.
ഗ്രേറ്റ തുൻബർഗ് ഇപ്പോൾ കേവലം ഒരു കാലാവസ്ഥാ പ്രവർത്തകയല്ല. അവൾ പലസ്തീൻ ജനതയുടെ നിലവിളിയുടെ പ്രതീകമാണ്. നിസ്സഹായരായ മനുഷ്യർക്കുവേണ്ടി, അനീതിക്കെതിരെ ശബ്ദമുയർത്താൻ ഭയമില്ലാത്ത ധീരയാണ് അവൾ. അവളുടെ വാക്കുകൾ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ഒരു ഓർമ്മപ്പെടുത്തലാണ്: അനീതി എവിടെയായാലും, അതിനെതിരെ ശബ്ദമുയർത്തണം. അല്ലെങ്കിൽ ആ മൗനം നമ്മുടെ മനഃസ്സാക്ഷിയുടെ ശവക്കുഴിയായി മാറും. അവളുടെ ധീരമായ പ്രവർത്തി നീതികേടുകളിൽ അസ്വസ്ഥമാവുന്ന മനുഷ്യരിലെ പ്രത്യാശയെ പ്രചോദിപ്പിക്കുന്നു.

ലോകം കണ്ട ഏറ്റവും ക്രൂരത നിറഞ്ഞ ഒരു ഭരണാധികാരിക്കെതിരെ തീർത്തും അഹിംസാത്മകമായ സവിനയ നിയമലംഘനത്തിലൂടെ (സിവിൽ ഡിസോബീഡിയൻസ്) സഹജീവിസ്നേഹത്തിന്റെ ഉദാത്തമായ ശക്തി ലോകത്തിനു കാണിച്ചുകൊടുക്കുകയാണ് ഗ്രേറ്റ തുൻബർഗും സഹയാത്രികരും ചെയ്തത്. ആ നിയമ ലംഘനങ്ങൾ കൊണ്ട് അവർ മനുഷ്യന്റെ നീതിബോധത്തെ കുറിച്ച് ലോകത്തെ സധൈര്യം ഓർമിപ്പിക്കുന്നു. അധീശത്വ ഭരണകൂട ഹിംസയുടെ കഠിന യാതനകളിലൂടെ നിരന്തരം കടന്നുപോയികൊണ്ടിരിക്കുന്ന ഗാസയിലെ മനുഷ്യരെ സംബന്ധിച്ച് ഗാസയുടെ തീരത്തെത്തിയ ഒരുപിടി ബോട്ടുകളിലെ മരുന്നും ഭക്ഷ്യവസ്തുക്കളും കൊണ്ട് ആ ജനതയുടെ മുഴുവൻ യാതനകളെയും പരിഹരിക്കാൻ സഹായിക്കുന്നതല്ലായിരുന്നു. ഗാസയിലെ മാനുഷിക ദുരന്തം പരിഹരിക്കാൻ ഒരു ഫ്ലോട്ടില്ലയ്ക്കും ഒരിക്കലും കഴിയില്ല. ലക്ഷ്യം ഒരിക്കലും ടണ്ണോളം സഹായം എത്തിക്കൽ ആയിരുന്നില്ല, മറിച്ച് മാനുഷികതയുടെ പ്രതീകാത്മകമായ സ്നേഹായങ്ങൾ ആയിരുന്നു അവ. ഉപരോധത്തിലേക്ക് കടക്കുക എന്നതിനർത്ഥം ഉപരോധം നിലവിലുണ്ടെന്നും അത് അസഹനീയമാണെന്നും ആഗോള പൊതുജനങ്ങൾ അതിനെ നേരിടണമെന്നും എന്നും ലോകത്തെ അറിയിക്കലാണ്. അതാണ് ഗ്രെറ്റ ഏറ്റെടുത്തതും.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ലോകത്തിലെ സിവിൽ നിയമലംഘന പ്രചാരണങ്ങളുടെ ചരിത്രത്തിന്റെ ഒരു തുടർച്ചയാണെന്നു പറയാം. കൊളോണിയൽ ഭരണത്തിനെതിരായി 1930-ൽ നടന്ന ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹവും ഡീപ് സൗത്തിൽ പൗരാവകാശ പ്രവർത്തകർ നേരിടുന്ന അക്രമം അംഗീകരിക്കാൻ ഭരണകൂടത്തെ നിർബന്ധിതരാക്കിയ 1961-ലെ ഫ്രീഡം റൈഡുകളുടെയും തുടർച്ചയാണ് ഗ്ലോബൽ ഫ്ലോട്ടില്ല പ്രതിരോധം.
മുൻഗാമികളെപ്പോലെ ഗ്രേറ്റ തുൻബർഗും സഹയാത്രികരും നിശ്ശബ്ദമായിരിക്കുന്നതിനു പകരം സമാധാന മാർഗത്തിലൂടെ നേരിടാനും, പ്രതിഷേധം ഉയർത്താനുമുള്ള വഴികളാണ് തിരഞ്ഞെടുത്തത്. അധികം ആരും സഞ്ചരിക്കുന്ന വഴിയല്ല അത് എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ഭരണകൂടങ്ങൾ കൂടുതൽ യുദ്ധസജ്ജരായിക്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ ഗ്രെറ്റ തുൻബെർഗും കൂട്ടരും നടത്തിയ ഈ സമാധാന പ്രതിരോധങ്ങൾ ലോകത്തിന്റെ നിഷ്ക്രിയതക്കെതിരായ ധീരമായ മുന്നേറ്റമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
