മരിച്ചുവെന്നാണ് കരുതിയത്, ആക്രമിക്കപ്പെട്ട റുഷ്ദി അന്ന് പറഞ്ഞു; അക്രമിക്ക് 25 വർഷം കഠിനതടവ്

താൻ നേരിട്ട ആക്രമണത്തെക്കുറിച്ച് സൽമാൻ റുഷ്ദി വിശദീകരിച്ചിട്ടുണ്ട്. പ്രസംഗിക്കാനായി എണീക്കവേ ഒരാൾ പെട്ടെന്ന് ഓടിയെത്തിയപ്പോൾ മർദ്ദിക്കുകയായിരിക്കണം ലക്ഷ്യമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കുത്തേറ്റുവെന്ന് മനസ്സിലായതെന്ന് റുഷ്ദി കോടതിയിൽ പറഞ്ഞിരുന്നു. കഴുത്തിലും നെഞ്ചിലും കണ്ണിലും തുടയിലുമായി 15 തവണയാണ് അദ്ദേഹത്തിന് കുത്തേറ്റത്.

News Desk

ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ മാരകമായി ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കുറ്റത്തിന് പ്രതിക്ക് 25 വർഷം കഠിനതടവ് വിധിച്ച് അമേരിക്കൻ കോടതി. അമേരിക്കയിലെ ന്യൂജഴ്സി സ്വദേശിയായ ഹാദി മതാറിന് (27) ചൗതൗക്വാ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജേസൺ ഷ്മിഡിറ്റാണ് ശിക്ഷ വിധിച്ചത്. കേസിൽ ഹാദി മതാർ കുറ്റക്കാരനാണെന്ന് ഈ വർഷം ഫെബ്രുവരിയിൽ കോടതി കണ്ടെത്തിയിരുന്നു. 2022 ആഗസ്തിൽ അമേരിക്കയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവേയാണ് റുഷ്ദിക്ക് കുത്തേൽക്കുന്നത്. വേദിയിൽ നിന്ന് ഓടിയെത്തിയ അക്രമി എഴുത്തുകാരൻെറ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. പരിക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിൻെറ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ശരീരത്തിൽ പലയിടത്തും അദ്ദേഹത്തിന് ആഴത്തിൽ മുറിവേറ്റിരുന്നു. ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും ശേഷം ഏറെക്കാലം കഴിഞ്ഞാണ് റുഷ്ദി സാധാരണജീവിതത്തിലേക്ക് തിരികെയെത്തിയത്. “ആക്രമണത്തിന് ശേഷം അദ്ദേഹം വല്ലാത്ത ട്രോമയിലൂടെയാണ് കടന്നുപോയത്. ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് റുഷ്ദി മുക്തനായിട്ടില്ല,” വിധി പറയവേ ജേസൺ ഷ്മിഡിറ്റ് പറഞ്ഞു.

റുഷ്ദിയുടെ ‘ദി സാത്താനിക് വേഴ്സസ്’ എന്ന പുസ്തകം പുറത്തുവന്ന് 35 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടാവുന്നത്. കശ്മീരിൽ ജനിച്ച റുഷ്ദി എഴുതിയ പുസ്തകം മതസംഘടനകളിൽ നിന്നും മറ്റുമാണ് വലിയ എതിർപ്പ് ഏറ്റുവാങ്ങിയത്. ഇറാനിലെ ആത്മീയനേതാവായ ആയത്തുള്ള ഖൊമേനി പുസ്തകത്തിനും റുഷ്ദിക്കുമെതിരെ വിദ്വേഷ പ്രസ്താവനകളും നടത്തിയിരുന്നു. ‘ദി സാത്താനിക് വേഴ്സസ്’ മതവിരുദ്ധ പുസ്തകമാണെന്ന് പറഞ്ഞ ഖൊമേനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും അദ്ദേഹം വധശിക്ഷ അർഹിക്കുന്നുവെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റുഷ്ദിക്ക് നേരെ ലോകത്തിൻെറ പല ഭാഗങ്ങളിൽ നിന്നും വധഭീഷണികൾ വന്നിരുന്നു. അതിനൊടുവിലാണ് 2022-ൽ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടാവുന്നത്.

ഹാദി മതാർ
ഹാദി മതാർ

കോടതി ശിക്ഷാവിധി പ്രസ്താവിച്ചതിന് ശേഷം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഹാദി മതാർ സംസാരിച്ചത്. “സൽമാൻ റുഷ്ദി മറ്റുള്ള മനുഷ്യരെ ബഹുമാനിക്കാത്ത വ്യക്തിയാണ്. മറ്റുള്ളവരെ അദ്ദേഹം എപ്പോഴും പരിഹസിക്കുകയാണ് ചെയ്യാറുള്ളത്. അത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല,” തൻെറ പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ട് കോടതിയിൽ ഹാദി മതാർ പറഞ്ഞു. റുഷ്ദി ഒരു നല്ല മനുഷ്യനല്ലെന്നും ഇസ്ലാമിനെ ആക്രമിച്ചയാളാണെന്നും മതാർ ആക്രമണത്തിന് ശേഷം നടന്ന വിചാരണക്കിടയിൽ പറഞ്ഞിരുന്നു. കേസിൽ വിധി പറയുന്ന ഘട്ടത്തിൽ സൽമാൻ റുഷ്ദി കോടതിയിൽ ഹാജരായിരുന്നില്ല. വധശ്രമം, പരിക്കേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് മതാറിന് 25 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. റുഷ്ദിക്ക് പുറമെ വേദിയിലുണ്ടായിരുന്ന ഹെൻറി റീസിനും മതാറിൻെറ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഈ കേസിൽ 7 വർഷം കൂടി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

പ്രസംഗിക്കാനായി എണീക്കവേ ഒരാൾ പെട്ടെന്ന് ഓടിയെത്തിയപ്പോൾ മർദ്ദിക്കുകയായിരിക്കണം ലക്ഷ്യമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കുത്തേറ്റുവെന്ന് മനസ്സിലായതെന്ന് റുഷ്ദി കോടതിയിൽ പറഞ്ഞിരുന്നു.
പ്രസംഗിക്കാനായി എണീക്കവേ ഒരാൾ പെട്ടെന്ന് ഓടിയെത്തിയപ്പോൾ മർദ്ദിക്കുകയായിരിക്കണം ലക്ഷ്യമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കുത്തേറ്റുവെന്ന് മനസ്സിലായതെന്ന് റുഷ്ദി കോടതിയിൽ പറഞ്ഞിരുന്നു.

താൻ നേരിട്ട ആക്രമണത്തെക്കുറിച്ച് സൽമാൻ റുഷ്ദി തന്നെ വിശദീകരിച്ചിട്ടുണ്ട്. പ്രസംഗിക്കാനായി എണീക്കവേ ഒരാൾ പെട്ടെന്ന് ഓടിയെത്തിയപ്പോൾ മർദ്ദിക്കുകയായിരിക്കണം ലക്ഷ്യമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കുത്തേറ്റുവെന്ന് മനസ്സിലായതെന്ന് റുഷ്ദി കോടതിയിൽ പറഞ്ഞിരുന്നു. കഴുത്തിലും നെഞ്ചിലും കണ്ണിലും തുടയിലുമായി 15 തവണയാണ് അദ്ദേഹത്തിന് കുത്തേറ്റത്. താൻ മരിച്ചുവെന്നാണ് കരുതിയിരുന്നതെന്നും ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് അന്ന് തോന്നിയതെന്നും റുഷ്ദി പറഞ്ഞിരുന്നു. ‘ദി സാത്താനിക് വേഴ്സസ്’ ഇറങ്ങിയതിന് ശേഷം കുറച്ചുകാലം വധഭീഷണികളെല്ലാം വന്നുവെങ്കിലും പിന്നീട് കാര്യങ്ങൾ ഒതുങ്ങിയെന്നായിരുന്നു റുഷ്ദി കരുതിയിരുന്നത്. അമേരിക്കയിൽ ഈ ആക്രമണം നടന്ന പരിപാടിക്ക് മുമ്പ് ഒു ജർമൻ മാഗസിന് നൽകിയ അഭിമുഖത്തിൽ “എൻെറ ജീവിതം ഇപ്പോൾ സാധാരണഗതിയിലാണ്,” എന്നദ്ദേഹം പറഞ്ഞിരുന്നു. തന്നെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ കോടതി ശിക്ഷ വിധിച്ചുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ റുഷ്ദിയുടെ പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.

Comments