സിൻവറിൻെറ വധത്തോടെ യുദ്ധം അവസാനിക്കുമോ? പോരാട്ടം തുടരുമെന്ന് ഹമാസ്, ഗാസയെ ചോരയിൽ മുക്കി ഇസ്രായേൽ

പശ്ചിമേഷ്യയിൽ ഇസ്രായേൽ നടത്തുന്ന ഏകപക്ഷീയ ആക്രമണം രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഹമാസ് തലവൻ യഹിയ സിൻവറിൻെറ കൊലപാതകത്തോടെ ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തലിന് തയ്യാറെടുക്കുകയാണോ? പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന മനുഷ്യത്വവിരുദ്ധമായ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്നാണ് ഹമാസിൻെറ നിലപാട്…

News Desk

ഹമാസിൻെറയും (Hamas) ഹിസ്ബുല്ലയുടെയും (Hezbollah) ഉന്നതനേതാക്കളെ ലക്ഷ്യം വെച്ചും നിരപരാധികളെ കൊന്നൊടുക്കിയും ഗാസയിലും (Gaza) തെക്കൻ ലെബനനലിലും (Lebanon) ക്രൂരത തുടരുകയാണ് ഇസ്രായേൽ (Israel). കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യവുമായി നേരിട്ട് പോരാട്ടത്തിനിറങ്ങിയപ്പോഴാണ് ഹമാസ് തലവൻ യഹിയ സിൻവർ (Yahya Sinwar) കൊല്ലപ്പെട്ടത്. ഒക്ടോബർ 17ന് വ്യാഴാഴ്ചയാണ് യഹിയയെ വധിച്ചുവെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്. ഏറെക്കാലമായി യഹിയയെ വധിക്കാൻ ഇസ്രായേൽ ലക്ഷ്യമിട്ടിരുന്നു. ഒക്ടോബർ 7 ആക്രമണം കഴിഞ്ഞ് ഒരു വർഷവും 10 ദിവസവും തികയുമ്പോഴാണ് യഹിയ കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രായേലിനെതിരായ പ്രതിരോധത്തിന് വേണ്ടി ഹമാസിനെ ശക്തമായ സായുധ സംഘമായി മാറ്റിയെടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ചിട്ടുള്ള നേതാവാണ് യഹിയ സിൻവർ. 1962-ൽ തെക്കൻ ഗാസയിലെ ഒരു അഭയാർഥി ക്യാമ്പിലാണ് ജനനം. ചെറുപ്പകാലം മുതൽക്ക് തന്നെ ഇസ്രയേൽ ക്രൂരതകളുടെ സാക്ഷിയും ഇരയുമാണ് സിൻവർ.

1980-കളിൽ കോളേജ് വിദ്യാഭ്യാസകാലത്ത് മുസ്ലീം ബ്രദർഹുഡിലൂടെയാണ് സിൻവർ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിൻെറ ഭാഗമാവുന്നത്. ഇസ്രായേലിനെതിരെ പ്രതിഷേധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന് അക്കാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഹമാസിൻെറ ആഭ്യന്തര സുരക്ഷാ ഏജൻസിയായ അൽ മജ്ദിന് രൂപം കൊടുക്കുന്നത് സിൻവറാണ്. 1988-ൽ കൊലപാതകക്കുറ്റം ചുമത്തി അദ്ദേഹത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതിന് ഗൂഡാലോചന നടത്തിയെന്നും 12 പേരെ കൊലപ്പെടുത്തുന്നതിന് നേതൃത്വം നൽകിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. ഈ കേസിൽ 22 വർഷമാണ് സിൻവറിനെ ഇസ്രായേൽ ജയിലിലടച്ചത്. 2011-ൽ ജയിൽ മോചിതനായ സിൻവർ വീണ്ടും ഹമാസിൻെറ പ്രവർത്തനങ്ങളുടെ മുൻനിരയിലെത്തി. ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടപ്പോഴാണ് ഇക്കഴിഞ്ഞ ആഗസ്തിൽ സിൻവറിനെ ഹമാസ് തങ്ങളുടെ ചീഫായി പ്രഖ്യാപിക്കുന്നത്. ഒക്ടോബർ 7 ആക്രമണത്തിന് ശേഷമാണ് സിൻവർ വീണ്ടും ഇസ്രായേലിൻെറ നോട്ടപ്പുള്ളിയായി മാറുന്നത്. ആക്രമണത്തിൻെറ മുഖ്യ സൂത്രധാരൻ സിൻവറാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തുന്നു. കൊലയാളി വധിക്കപ്പെട്ടുവെന്നാണ് സിൻവറിൻെറ കൊലപാതകത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്.

1962-ൽ തെക്കൻ ഗാസയിലെ ഒരു അഭയാർഥി ക്യാമ്പിലാണ് യഹിയ സിൻവറിൻെറ ജനനം.
1962-ൽ തെക്കൻ ഗാസയിലെ ഒരു അഭയാർഥി ക്യാമ്പിലാണ് യഹിയ സിൻവറിൻെറ ജനനം.

സിൻവറിൻെറ വധം പശ്ചിമേഷ്യയിലെ യുദ്ധത്തിൻെറ ഗതി വീണ്ടും മാറ്റുകയാണ്. ഹിസ്ബുല്ലയുടെയും ഹമാസിൻെറയും സുപ്രധാന നേതാക്കളെയെല്ലാം കൊലപ്പെടുത്തി ഇരു സംഘടനകളെയും ദുർബലപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ മാസം ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെയും കൊലപ്പെടുത്തിയിരുന്നു. മൂന്ന് ദശകത്തിലധികം കാലം ഹിസ്ബുല്ലയെ നയിച്ച നേതാവായിരുന്നു നസ്റുല്ല. ഇസ്രായേലിൻെറ ഭാഗത്ത് നിന്ന് ഏകപക്ഷീയമായ ആക്രമണങ്ങൾ നിരന്തരം തുടരുകയാണ്. തങ്ങളുടെ നേതാക്കളുടെ വധത്തോടെ ഹമാസും ഹിസ്ബുല്ലയും എങ്ങനെയാവും പ്രതികരിക്കുകയെന്നതാണ് ലോകം ഇപ്പോൾ ശ്രദ്ധയോടെ വീക്ഷിക്കുന്നത്. സിൻവറിൻെറ കൂടി വധത്തോടെ യുദ്ധം വിജയിച്ചുവെന്ന അനുമാനത്തിലാണ് ഇസ്രായേൽ സൈന്യം. മേഖലയിൽ വെടിനിർത്തലിന് ഇസ്രായേൽ തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന സാഹചര്യത്തിൽ യുദ്ധം തുടരുന്നതിൽ അമേരിക്കയ്ക്കും വിയോജിപ്പുണ്ട്.

യുദ്ധം താൽക്കാലികമായി നിർത്തിയേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിലും ഗാസയിൽ വെള്ളിയാഴ്ചയും ഇസ്രായേലിൻെറ ആക്രമണമുണ്ടായി. വടക്കൻ ഗാസയിലെ ജബലിയ പ്രവിശ്യയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേറ്റുവെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ലെബനനിൽ നിന്ന് വീണ്ടും ഇസ്രായേൽ സൈന്യം ഗാസയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള സാധാരണ പൗരരാണ് ഗാസയിലും ലെബനനിലുമായി കൊല്ലപ്പെടുന്നത്. യുദ്ധം അവസാനിക്കുന്നതിൻെറ ആരംഭമായി സിൻവറിൻെറ വധത്തെ കണക്കാക്കാമെന്ന് നെതന്യാഹു പ്രതികരിച്ചിട്ടുണ്ട്.

ഖലീൽ അൽ ഹയ്യ
ഖലീൽ അൽ ഹയ്യ

യുദ്ധം ഇപ്പോൾ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധത്തിൻെറ ലക്ഷ്യം പൂർത്തിയാക്കാതെ വെടിനിർത്തലിനില്ലെന്ന് ഇസ്രായേലും പല തവണ വ്യക്തമാക്കിയിട്ടടുണ്ട്. ഗാസയിൽ അഭയാർഥികളായ ഇസ്രേയിൽ പൗരരെ മോചിപ്പിക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാനലക്ഷ്യം. എന്നാൽ, പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന മനുഷ്യത്വവിരുദ്ധമായ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്ന് ഹമാസും പ്രഖ്യാപിച്ചിട്ടുണ്ട്.

സിൻവറിൻെറ വധം ഹമാസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. എന്നാൽ തങ്ങളുടെ പോരാട്ടം തുടരുമെന്നാണ് സിൻവറിൻെറ ഡെപ്യൂട്ടി ആയി പ്രവർത്തിച്ചിരുന്ന ഖലീൽ അൽ ഹയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. “ഞങ്ങൾ ഹമാസിൻെറ വഴി തുടരും” - അൽ ഹയ്യ പറഞ്ഞു. പഴയതിനേക്കാൾ ശക്തിയോടെ തങ്ങൾ തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസും തൽക്കാലം വെടിനിർത്തലിന് തയ്യാറാവില്ലെന്ന സൂചനയാണ് ഇതിൽ നിന്നും പുറത്തുവരുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ മാത്രമേ വെടിനിർത്തലിനോട് സഹകരിക്കുകയുള്ളൂവെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുകയെന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇസ്രായേലിൻെറ തടവറയിലുള്ള ആയിരക്കണക്കിന് പലസ്തീനിയൻ പൗരരെ മോചിപ്പിക്കണമെന്നാണ് മറ്റൊരു ആവശ്യം.

Comments