ഹനാൻ അഷ്റാവി: പലസ്തീൻ രണമുഖത്തെ ക്രിസ്ത്യൻ പോരാളി

ഹനാൻ അഷ്‌റാവി പകർന്ന കരുത്തിലാണ് പലസ്തീൻ വിമോചനപോരാളികൾ സമരോൽസുകമായ അധ്യായങ്ങൾ രചിച്ച് സ്വന്തം പിതൃഭൂമി പിടിച്ചെടുക്കാനുള്ള കനത്ത പോരാട്ടം ഇന്നും തുടരുന്നത്.

ലീലി താഴ്‌വരകളെ ഉമ്മ വച്ചെത്തിയ കാറ്റലകളിലും ജോർദാൻ പുഴയോളങ്ങളിലും വീണ്ടും മരണഗന്ധം.
ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലും പിടഞ്ഞുവീഴുന്ന പ്രാണനുകൾ സാക്ഷി, പ്രപഞ്ചം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന ശാസ്ത്ര മനുഷ്യന്റെ മുഖത്തുനോക്കി കാലം ചോദിക്കുന്നു: ഇതോ നിങ്ങൾ കൈവരിച്ച പുരോഗതി?

മനുഷ്യന്റെ രക്തദാഹത്തിന് ഇനിയും അറുതി വരുന്നില്ല. അങ്കക്കലിയടങ്ങുന്നില്ല. കൊടിയ വൈരങ്ങളുടെ കൊടിപ്പടങ്ങളാണെങ്ങും.

നിസാർ ഖബ്ബാനി

പശ്ചിമേഷ്യയിലെ ശൗര്യം കെടാത്ത അറബികളുടെ മീതെ തീവ്രവാദത്തിന്റെ ചാപ്പയടിക്കുന്നവർക്കെതിരെ പേന കൊണ്ട് സമരമുഖം സൃഷ്ടിച്ച സിറിയൻ കവിയും നയതന്ത്രജ്ഞനുമായ നിസാർ ഖബ്ബാനി പാടിയത്, ഇസ്രായേലി അധിനിവേശക്കാരും അവരെ പിന്തുണക്കുന്ന അക്രമികളുമെഴുതി പഠിപ്പിച്ച എല്ലാ ചരിത്രങ്ങളേയും നമുക്ക് നിഷ്‌കരുണം നിരാകരിക്കുകയെന്നാണ്;
‘ഇന്നല്ലെങ്കിൽ നാളെ യഥാർഥ ചരിത്രസത്യം അനാവൃതമാക്കപ്പെടും.
ശത്രുവ്യൂഹം പിളർക്കപ്പെടും.
അന്തിമ വിജയം അറബികളുടേതാണ്.’

രണ്ടര പതിറ്റാണ്ടുമുമ്പ് ലണ്ടനിൽ അന്തരിച്ച നിസാർ ഖബ്ബാനിയുടെ ഈരടികൾ, തന്റെ എല്ലാ പ്രഭാഷണവേദികളിലും ഉദ്ധരിക്കാറുള്ള ഹനാൻ അഷ്‌റാവി എന്ന ക്രൈസ്തവ വനിതാ നേതാവായിരുന്നു പലസ്തീൻ വിമോചനസംഘടനയായ പി.എൽ.ഒയുടെ ഔദ്യോഗിക വക്താവായി ഏറെക്കാലം പ്രവർത്തിച്ചിരുന്നത്. മുസ്‌ലിംകൾ മാത്രമല്ല, പലസ്തീനിലേയും പുറത്തേയും ക്രൈസ്തവരും പലസ്തീനികളുടെ ആവശ്യത്തോടോപ്പം അണിനിരക്കുന്നു. ജോർജ് ഹബാഷിനേയും ഹനാൻ അഷ്‌റാവിയേയും പോലുള്ള നിരവധി ക്രിസ്ത്യൻ നേതാക്കളും അനുയായികളും പി.എൽ.ഒയുടേയും ഫത്താഹിന്റേയുമെല്ലാം മുൻനിര പോരാളികളായി. അവർ പകർന്ന കരുത്തിലാണ് പലസ്തീൻ വിമോചനപോരാളികൾ സമരോൽസുകമായ അധ്യായങ്ങൾ രചിച്ച് സ്വന്തം പിതൃഭൂമി പിടിച്ചെടുക്കാനുള്ള കനത്ത പോരാട്ടം ഇന്നും തുടരുന്നത്.

ജോർജ് ഹബാഷ്

1996- ലും 2006- ലും ജറുസലേമിൽ നിന്ന് പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹനാൻ അഷ്‌റാവി, പി.എൽ.ഒയുടെ ഔദ്യോഗിക വക്താവും പിന്നീട് പലസ്തീനിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി. 1991- ലെ ചരിത്രപ്രസിദ്ധമായ മാഡ്രിഡ് സമാധാന കോൺഫറൻസിലാണ് ഹനാൻ അഷ്‌റാവി, ഇസ്രായേലിന്റെ നൃശംസതക്കെതിരെ ഉജ്വലപ്രഭാഷണം നടത്തി ലോകശ്രദ്ധയിലേക്ക് വന്നത്. കവി, ഗ്രന്ഥകാരി, യൂണിവേഴ്‌സിറ്റി അധ്യാപിക, പ്രസംഗക എന്നീ നിലകളിൽ ഹനാൻ, പലസ്തീൻ പോരാളികളുടെ ഹൃദയം കവർന്നു. പ്രശസ്തമായ സിഡ്‌നി പീസ് പുരസ്‌കാരത്തിനർഹയായിട്ടുള്ള അവർ പലസ്തീനിലെ നബ്‌ലസിലെ കുട്ടികളുടെ പ്രിയപ്പെട്ട ആന്റിയാണ്. എമിൽ അഷ്‌റാവിയാണ് ഭർത്താവ്. അമൽ, സൈന എന്നിവർ മക്കൾ.

പലസ്തീനെ പ്രതിനിധീകരിച്ച് മാഡ്രിഡ് സമ്മേളനത്തിൽ ജൂതസേനയുടെ അക്രമങ്ങൾക്കെതിരെ വാക്ശരങ്ങളെയ്യുകയായിരുന്നു അവർ. അതോടെ ഹനാന്റെ കീർത്തി ഉദിച്ചുപൊങ്ങി. വാർത്തകളിൽ അവർ ഇടം പിടിച്ചു. കൊടുംക്രൂരതയുടെ പര്യായമാണ് ഇസ്രായേൽ എന്ന് അവർ വെട്ടിത്തുറന്നു പറഞ്ഞു.

തുടർന്ന് നിരവധി ആഗോളവേദികളിൽ ഹനാന്റെ പ്രഭാഷണപരമ്പരൾ. അവരുടെ ഡയറിയിലെ പേജുകൾ നിറഞ്ഞു. ഫോണിന് വിശ്രമമില്ലാതായി. അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ, പ്രത്യേക പരിപാടികൾക്കുള്ള ക്ഷണങ്ങൾ. ഇവയൊക്കെ അറബ് ലോകത്തു നിന്നും പാശ്ചാത്യലോകത്തു നിന്നും അവർക്ക് ലഭിച്ചു തുടങ്ങി. സമരങ്ങളും സംഘർഷങ്ങളും കൊണ്ട് നിറഞ്ഞ ജീവിതമായിരുന്നു ഹനാന്റേത്. ഇസ്രായേലി ഭടന്മാരുടെ ഞാണൊലി മുഴങ്ങി നിന്ന റാമല്ലയിലെ ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിൽ നാലു ചേച്ചിമാർക്ക് ഏറ്റവും ഇളയവളായി പിറന്ന ഹനാൻ സാധാരണഗതിയിൽ ഒരു അധ്യാപികയായി ഏതെങ്കിലും സർവ്വകലാശാലയിലോ അല്ലെങ്കിൽ അഭ്യസ്തവിദ്യരായ മറ്റു പല അറബ് വനിതകളെയും പോലെ ജീവിതം ഇംഗ്ലണ്ടിലേക്കോ അമേരിക്കയിലേക്ക് പറിച്ചുനട്ട് പടിഞ്ഞാറുകാരിയാവുകയോ ചെയ്യുമായിരുന്നു. പക്ഷേ അവരുടെ മനസ്സിൽ ചെറുപ്പകാലം തൊട്ടേ അറബ് ദേശീയതയുടെ കനലുകൾ തിളങ്ങിയിരുന്നു. ദേശസ്‌നേഹം തിരകളിൽ തീയായി പടർന്നിരുന്നു. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ വേദപുസ്തകത്തിലെ സ്‌നേഹമൊഴികളും പി.എൽ.ഒ സ്ഥാപകരിലൊരാളും യാസർ അറഫാത്തിന്റെ സുഹൃത്തുമായ പിതാവിൽ നിന്നും കിട്ടിയ മാനവികതയുടെ പാഠങ്ങളുമൊക്കെ ഹനാന്റെ ചിന്തകളിൽ സാമ്രാജ്യത്വ- സയണിസ്റ്റ് വിരോധത്തിന്റെ വിത്ത് പാകി. അറബിയിലും ഇംഗ്ലീഷിലും ഋജുവായ ശൈലി മെരുക്കിയെടുക്കാൻ സഹായകമായ ഹനാന്റെ വിദ്യാഭ്യാസം ബെയ്‌റൂട്ടിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ജവഹർലാൽ നെഹ്‌റുവാണ് ഹനാന്റെ ഏറ്റവും ഇഷ്ടപ്പെട്ട ലോക നേതാവ്. നെഹ്‌റുവിന്റെ ജീവിതകഥകളും മകൾ ഇന്ദിരക്ക് അച്ഛനയച്ച കത്തുകളും പലവട്ടം വായിച്ചപ്പോഴാണ് വാൽസല്യഭരിതമായ വാക്കുകൾക്ക് ഇത്രയും വീര്യവുമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് ഹനാൻ അനുസ്മരിക്കുകയുണ്ടായിട്ടുണ്ട്.

ഹനാൻ അഷ്‌റാവി യാസർ അറഫാത്തിനൊപ്പം

1967 ജൂണിലെ ഇസ്രായേലി അധിനിവേശത്തെ തുടർന്ന് ഹനാൻ അശ്‌റാവിയുടെ വീടിനുമുകളിലും ബോംബ് വർഷിക്കപ്പെട്ടു. ഉറ്റവരും ഉടയവരുമായി പലരും അവർക്ക് നഷ്ടപ്പെട്ടു. വിമോചനസംഘടനയുടെ പോരാളിയായതിന്റെ പേരിൽ ഏഴു കൊല്ലത്തെ പ്രവാസ ജീവിതവും നയിക്കേണ്ടിവന്നു. ഏരിയൽ ഷാരോണിന്റേയും മെനഹാം ബെഗിന്റേയും ചോരക്കറ പുരണ്ട ലികുഡ് പാർട്ടിയുടെ ഒന്നര പതിറ്റാണ്ടു നീണ്ട ഭരണം തൂത്തെറിഞ്ഞ നാളുകളിലാണ് ഹനാൻ അഷ്‌റാവി പലസ്തീൻ രാഷ്ട്രീയത്തിൽ ഉദയം ചെയ്തതെങ്കിലും അവരുടെ പിൻഗാമികളോടും എതിരിടുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ കാലചക്രം കറങ്ങിയപ്പോൾ അതേ വലതുപക്ഷ ലികുഡ് പാർട്ടി വീണ്ടും അധികാരത്തിലെത്തി. കത്തികൾ രാകിമിനുക്കുന്ന കശാപ്പുകാരന്റെ മുഖമുള്ള ഇസ്രായിലിന്റെ നേതാക്കൾ പലസ്തീനികളുടെ ജിവനെടുക്കാൻ കാത്തിരിക്കുന്നു.

ആത്മാഭിമാനമുള്ള പലസ്തീനിക്ക് മരണംവരെ പൊരുതുക എന്നത് മാത്രമാണ് വിധിക്കപ്പെട്ടിട്ടുള്ളത് എന്നും ഹനാൻ അഷ്‌റാവിക്കറിയാം- മറ്റു പല നേതാക്കളേയും പോലെ. പോരാട്ടഭൂമികയിൽ ബൗദ്ധിക പിന്തുണയുമായി പലസ്തീൻ പോരാളികളോടൊപ്പം നിൽക്കുന്ന അവരുടെ ജീവിതത്തിൽ റിട്ടയർമെന്റില്ല. മരണം വരെ പൊരുതുക- അതാണ് ഹനാൻ അ്ഷ്‌റാവി നൽകുന്ന സന്ദേശം.

Comments