ഹിരോഷിമയുടെ
80-ാം വാർഷികത്തിലും തുടരുന്നു, മനുഷ്യരാശിക്കുമേൽ
അതേ യുദ്ധ കുറ്റകൃത്യം

1945 ആഗസ്ത് 6-നാണ് ഹിരോഷിമയിൽ അണുബോംബ് വർഷിക്കുന്നത്. ആഗസ്ത് 9-ന് നാഗസാക്കിയിലും. മനുഷ്യരാശിയ്ക്കുമേലുള്ള ഏറ്റവും ഹീനമായ ആ യുദ്ധ കുറ്റകൃത്യത്തിന് 80 വർഷം തികയുമ്പോഴും, ലോകം ഇന്നും പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണിക്കിട്ടുകൊല്ലുന്ന യുദ്ധങ്ങളെക്കുറിച്ചുതന്നെ പേടിച്ചും ഒന്നും ചെയ്യാനാകാതെ നിസ്സഹായരായും കഴിയുന്നു- കെ.ടി. കുഞ്ഞിക്കണ്ണൻ എ​ഴുതുന്നു.

നുഷ്യരാശിക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം നടത്തിയ മഹാപാതകങ്ങളുടെ ചരിത്രം തുടരുകയാണ്. ഗാസയിലും ഉക്രൈനിലുമൊക്കെ നടക്കുന്ന നരമേധങ്ങൾക്കും വംശഹത്യകൾക്കും പിറകിലുള്ളത് അമേരിക്ക തന്നെയാണ്. ഒരു സാമ്രാജ്യത്വശക്തിയെന്ന നിലയ്ക്ക് ലോകത്തെയാകെ തങ്ങളുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരാനുള്ള അമേരിക്കയുടെ സാമ്പത്തിക രാഷ്ട്രീയ നീക്കങ്ങളാണ് ഇന്ന് ലോകമെമ്പാടും യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്നത്. 80 വർഷങ്ങൾക്കുമുമ്പാണ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബുകൾ വർഷിച്ചത്. 1945 ആഗസ്ത് 6-നാണ് ഹിരോഷിമയിൽ അണുബോംബ് വർഷിക്കുന്നത്. ആഗസ്ത് 9-ന് നാഗസാക്കിയിലും. രണ്ടാം ലോക മഹായുദ്ധത്തിന് വിരാമമിട്ടത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ കൂട്ടക്കൊലകളിലൂടെയായിരുന്നു. അത് അമേരിക്കയുടെ ലോകാധിപത്യപ്രഖ്യാപനവുമായിരുന്നു. അമേരിക്കയുടെ നാളിതുവരെയുള്ള ചരിത്രം നിഷ്ഠൂരമായ ആക്രമണപരമ്പരകളുടെയും നരഹത്യകളുടേതുമാണ്. ഹിംസാത്മകമായ അധിനിവേശ ഭീകരതയാണ് അമേരിക്ക മനുഷ്യവംശത്തിനുമേൽ അടിച്ചേൽപ്പിച്ചത്.

ഭീകരതയും ചോരപ്പുഴകൾ സൃഷ്ടിക്കുന്ന അധിനിവേശ യുദ്ധങ്ങളും അമേരിക്കയുടെ പതിവുശൈലിയാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധാവസാനത്തോടെ അമേരിക്ക അതിന്റെ ലോകാധിപത്യം വിളംബരം ചെയ്തതെന്നതിന് ഇന്നിപ്പോൾ ഒരു വിശദീകരണം ആവശ്യമില്ല. അണുബോംബ് സ്‌ഫോടനത്തിൽ ലക്ഷങ്ങളെയാണ് കൊന്നുകൂട്ടിയത്. അന്ന് ഹിരോഷിമയിലെ ജനസംഖ്യ 3,43,000 ആയിരുന്നു. ബോംബുവർഷിച്ച് നിമിഷങ്ങൾക്കകം 78,154 പേർ പിടഞ്ഞ് മരിച്ചു. ആണവാഗ്നി ഏല്പിച്ച കൊടുംതാപത്തിൽ നിന്ന് രക്ഷപ്പെടാനായി ഒഹാതോ നദിയിലേക്ക് ചാടിയവർ വെള്ളത്തിൽ വെന്തുമരിക്കുകയായിരുന്നു. അണുസ്‌ഫോടനത്തിനുശേഷം നദീജലം തിളച്ചുമറിയുകയായിരുന്നു. 1,37,000 പേർക്ക് അണുസ്‌ഫോടനത്തിൽ മാരകമായ പരിക്കുകൾ പറ്റി. അങ്ങനെ ഒരു ആഗസ്ത് ആറിന് ഹിരോഷിമയെ ആണവാഗ്നി കരിയിച്ചുകളഞ്ഞു. തിളച്ചുമറിയുന്ന ഒഹാതോ നദിയിൽ അണവാഗ്നിയിൽ നിന്ന് രക്ഷപ്പെടാനായി എടുത്തുചാടിയ ആയിരങ്ങളാണ് വെന്തുമരിച്ചത്.

രണ്ടാം ലോക മഹായുദ്ധത്തിന് വിരാമമിട്ടത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ കൂട്ടക്കൊലകളിലൂടെയായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് വിരാമമിട്ടത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ കൂട്ടക്കൊലകളിലൂടെയായിരുന്നു.

ആണവാഗ്നി ലക്ഷങ്ങളെ കൊല ചെയ്തു. അതിനേക്കാളേറെപേരെ ജനിതകവൈകല്യങ്ങളിലേക്കും അർബുദമടക്കമുള്ള മാരകമായ രോഗങ്ങളിലേക്കും തള്ളിവിട്ടു. ഹിബാക്കുഷകളുടെ ഒരു സമൂഹത്തെ തന്നെ സൃഷ്ടിച്ചു. ആഗസ്ത് ഒമ്പതിന് നാഗസാക്കിയിൽ ബോംബ് വർഷിച്ചു. 2,12,000 ജനസംഖ്യയുള്ള നാഗസാക്കിയിൽ 73,884 പേരാണ് നിമിഷങ്ങൾക്കകം വെന്തുരുകി മരിച്ചത്. 76,796 പേർക്ക് മാരകമായ പരിക്കേറ്റു. തലമുറകളെ അണുപ്രസരണത്തിന്റെ കെടുതികളിലേക്ക് വലിച്ചെറിഞ്ഞു. ജപ്പാൻ കീഴടങ്ങുമെന്നറിഞ്ഞിട്ടും അമേരിക്ക ഈ രണ്ട് നഗരങ്ങൾക്കുമേൽ ബോംബിട്ടത് ആണവായുധത്തിന്റെ ബലം കൊണ്ട് ലോകാധിപത്യം തങ്ങൾക്കാണെന്ന് പ്രഖ്യാപിക്കാനായിരുന്നു.

ഹിരോഷിമയിലാരംഭിച്ച നൃശംസത ഭൂഖണ്ഡങ്ങളിലുടനീളം വാരിവിതറുകയാണ് അമേരിക്ക. മിസൈലുകളും ഡോളറുകളും കൊണ്ട് ഒരു നവലോകക്രമം കെട്ടിപ്പടുക്കാനുള്ള അധിനിവേശ യുദ്ധങ്ങളാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. പലസ്തീനിലെ ജനങ്ങളെ കൊന്നുകൂട്ടുന്ന സയണിസത്തെ അവർ പോറ്റിവളർത്തുകയാണ്. ട്രംപിലേക്കെത്തുമ്പോൾ അത് കൂടുതൽ ഭീതിദമായ മാനങ്ങൾ കൈവരിക്കുകയാണ്. വിയറ്റ്‌നാമിൽ ഏജന്റ്ഓറഞ്ച് അടക്കമുള്ള രാസായുധങ്ങൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ പോലും കൊന്നുകൂട്ടി. വടക്കൻ കൊറിയക്കും ഇറാനും ഈജിപ്തിനും നേരെ രാഷ്ട്രീയ അട്ടിമറികളും കൂട്ടക്കൊലകളും പതിവാക്കി.

ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ചോരക്കളമാക്കി. സി.ഐ.എ അട്ടിമറികളുടെ പരമ്പരകൾ സൃഷ്ടിച്ചു. ചിലിയും നിക്കരാഗ്വയും എൽസാൽവഡോറും സി.ഐ.എയുടെ രാഷ്ട്രീയ ഗൂഢാലോചനകളുടെ പരീക്ഷണപ്രദേശങ്ങളാക്കിമാറ്റി. ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും ഭീകരവിരുദ്ധയുദ്ധത്തിന്റെ മറവിൽ അസ്ഥിരീകരിച്ചു. എണ്ണക്കുവേണ്ടിയുള്ള മധ്യപൂർവ്വദേശത്തെ യുദ്ധം സോവിയറ്റ് യൂണിയനെയും കമ്മ്യൂണിസത്തെയും ലക്ഷ്യംവെക്കുന്ന തീവ്രവാദശക്തികളെ വളർത്തിയെടുത്തുകൊണ്ട് അറബ് രാജ്യത്തെയാകെ കലാപഭരിതമാക്കി. സിറിയയിലും ഇറാഖിലും ഇറാനിലും സംസ്‌കാരസംഘർഷത്തിന്റെ പ്രത്യയശാസ്ത്രപ്രയോഗങ്ങൾ സുന്നി-ഷിയ-കുർദ് വംശീയഭിന്നതകളെ വളർത്തി. ഭ്രാതൃഹത്യയുടെ ചോരപ്പുഴകൾ സൃഷ്ടിച്ചു. ഹിരോഷിമ മുതൽ ഗാസവരെ നീളുന്ന അമേരിക്കൻ കൂട്ടക്കൊലകൾ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.

ഹിരോഷിമ മുതൽ ഗാസവരെ നീളുന്ന അമേരിക്കൻ കൂട്ടക്കൊലകൾ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.
ഹിരോഷിമ മുതൽ ഗാസവരെ നീളുന്ന അമേരിക്കൻ കൂട്ടക്കൊലകൾ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.

ശക്തിയാണ് ശരിയെ നിർണ്ണയിക്കുന്നതെന്ന അത്യന്തം പ്രതിലോമപരമായ പ്രത്യയശാസ്ത്രമാണ് എന്നും അമേരിക്കയെ നയിച്ചത്. 19-ാം നൂറ്റാണ്ടിലുടനീളം അമേരിക്കയിൽ ഒരു വിഭാഗം കണക്കറ്റ സമ്പത്ത് കുന്നുകൂട്ടിയപ്പോൾ അത് പ്രകൃതിനിയമത്തെയും ദൈവനീതിയെയും ശക്തിപ്പെടുത്തുന്ന കാര്യമാണെന്നാണ് ആംഗ്ലോ-സാംഗ്‌സൺ ബുദ്ധിജീവികൾ വാദിച്ചത്. അമേരിക്കൻ മൂലധന വികസനത്തിന്റെ ചരിത്രം തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്തും ഇല്ലാതാക്കിയുമാണ് വളർന്നതെന്ന് കാണാം.

അന്താരാഷ്ട്ര ചിലന്തിയെന്ന് സഖാവ് ലെനിൻ വിശേഷിപ്പിച്ച അമേരിക്കൻ കുത്തക മുതലാളി റോക്ക്‌ഫെല്ലർ ഇക്കാര്യം ഒരു വളച്ചുകെട്ടുമില്ലാതെ തുറന്നുപറഞ്ഞിട്ടുണ്ട്. 'ഒരു വലിയ ബിസിനസ്സിന്റെ വളർച്ച എന്നത് അർഹമായതിന്റെ അതിജീവനമാണ്.... സുഗന്ധവും സൗന്ദര്യവുമുള്ള അമേരിക്കൻ ബ്യൂട്ടിറോസ് വളർത്തുന്നവർ ഒരു പൂവിരിയിക്കുന്നത് അതിന്റെ ചുറ്റുമുള്ള മറ്റ് മൊട്ടുകൾ നശിപ്പിച്ചുകൊണ്ടാണ്. ബിസിനസ്സിൽ ഇതൊരിക്കലും ഒരു ചീത്ത പ്രവണതയല്ല. ദൈവത്തിന്റെയും പ്രകൃതിയുടെയും നിയമങ്ങൾക്കനുസരിച്ചാണ് ഇത് നടക്കുന്നത്.'

ഇതാണ് തങ്ങളുടെ ആധിപത്യത്തിനുവേണ്ടിയുള്ള അധിനിവേശത്തിന്റെയും കീഴടക്കലിന്റെയും പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന അമേരിക്കയുടെ ദർശനം. റെഡ് ഇന്ത്യൻ വംശജരുടെ മഹാസംസ്‌കാരത്തെ രക്തപങ്കിലമായ ക്രൂരതീർത്ഥാടനങ്ങളിലൂടെ ഉന്മൂലനം ചെയ്ത പൂർവ്വ പിതാക്കന്മാരുടെ 'വിശുദ്ധകർമ്മ'-ങ്ങളുടെ തുടർച്ചയായിട്ടാണ് അധിനിവേശ യുദ്ധങ്ങളെ അമേരിക്കൻ മേധാവികൾ കാണുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ കൂട്ടക്കൊലകളെയും വിയറ്റ്‌നാം യുദ്ധത്തെയും ലാറ്റിനമേരിക്കൻ നാടുകളിലെ അട്ടിമറി സമരങ്ങളെയും ക്യൂബക്കും വെനിസ്വലക്കും എതിരായ ഉപരോധത്തെയും ഗൂഢാലോചനകളെയും എല്ലാം അമേരിക്ക ന്യായീകരിക്കുന്നത് ഈയൊരു ബോധത്തിൽ നിന്നാണ്.

ആഗസ്ത് ഒമ്പതിന് നാഗസാക്കിയിൽ ബോംബ് വർഷിച്ചു. 2,12,000 ജനസംഖ്യയുള്ള നാഗസാക്കിയിൽ 73,884 പേരാണ് നിമിഷങ്ങൾക്കകം വെന്തുരുകി മരിച്ചത്.
ആഗസ്ത് ഒമ്പതിന് നാഗസാക്കിയിൽ ബോംബ് വർഷിച്ചു. 2,12,000 ജനസംഖ്യയുള്ള നാഗസാക്കിയിൽ 73,884 പേരാണ് നിമിഷങ്ങൾക്കകം വെന്തുരുകി മരിച്ചത്.

ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള ജനസമൂഹങ്ങളൊന്നാകെ തങ്ങളുടെ ഇച്ഛയ്ക്ക് വഴങ്ങി കഴിഞ്ഞുകൂടേണ്ട അധമജനതയാണെന്നാണ് അമേരിക്കൻ ഭരണകൂടം കരുതുന്നത്. വംശീയമായ വരേണ്യത അവകാശപ്പെട്ടുകൊണ്ടും തങ്ങളുടെ അന്താരാഷ്ട്ര ഇടപെടലുകളെല്ലാം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ദൗത്യങ്ങളാണെന്ന് വാദിച്ചുകൊണ്ടുമാണ് തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കെതിരായി നിരന്തരമായി കടന്നുകയറുന്നത്. അപരിഷ്‌കൃതരും പ്രാകൃതരുമായി തങ്ങൾ മുദ്രകുത്തുന്ന ജനസമൂഹങ്ങളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാനോ അടക്കിഭരിക്കാനോ വേണ്ടിയുള്ള ഹീനമായ കടന്നാക്രമണമാണ് അമേരിക്ക ചരിത്രത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. കുരിശുയുദ്ധത്തിനുസമാനമായ ഒരുതരം അക്രമണോത്സുകതയാണ് അമേരിക്കൻ ബോധത്തെ നിർണ്ണയിക്കുന്നത്. മാനവികതക്കെതിരായ കടന്നാക്രമണങ്ങളിലൂടെ, ഹിരോഷിമ മുതൽ ഗാസവരെ നീളുന്ന സാർവ്വദേശീയ പാതകങ്ങളിലൂടെ ലോകജനതയുടെ ശത്രുസ്ഥാനത്താണ് ഇന്ന് അമേരിക്കൻ ഭരണകൂടവും സാമ്രാജ്യത്വ ശക്തികളും. അമേരിക്കനിസത്തിന്റെ സ്തുതിപാഠകർ കാണാതെപോകുന്നത് ഈ യാഥാർത്ഥ്യങ്ങളെയാണ്.

ഹിരോഷിമയുടെ ഭയജനകമായ സ്മരണകളിലൂടെ ലോകം കടന്നുപോകുമ്പോൾ ഗാസയ്ക്കുനേരെയുള്ള യുദ്ധം തുടരുകയാണ്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നരഹത്യയാണ് പലസ്തീൻ മണ്ണിൽ തുടരുന്നത്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ സേന സൈനികനീക്കവും ബോംബാക്രമണവും നടത്തി പതിനായിരങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് മനുഷ്യരെ അഭയാർത്ഥികളാക്കി പലായനം ചെയ്യിക്കുന്നു. ലണ്ടൻ സർവ്വകലാശാലയിലെ സാമ്പത്തിശാസ്ത്ര പ്രൊഫസറായ മൈക്കൽ സ്പാഗറും പലസ്തീൻ സാമൂഹ്യശാസ്ത്രജ്ഞനായ ഗലീൽഷികാകയും നടത്തിയ പഠനറിപ്പോർട്ട് പറയുന്നത് ഒരു ലക്ഷത്തോളം പേർ ഗസയിൽ 2023 ഒക്ടോബറിനുശേഷം കൊലചെയ്യപ്പെട്ടുവെന്നാണ്. യുദ്ധവും യുദ്ധത്തിന്റെ പരോക്ഷ പ്രത്യാഘാതങ്ങളും പലസ്തീനികളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. കൊല്ലപ്പെട്ടവരിൽ 56% പേരും 18 വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. അത്യന്തം പ്രകോപനപരമായ നീക്കങ്ങളിലൂടെ പലസ്തീൻ ജനതയെ അടിച്ചമർത്താനും തുരത്താനുമുള്ള നീക്കമാണ് അമേരിക്കയുടെ മൗനാനുവാദത്തോടെ ഇസ്രായേൽ സേന നടത്തുന്നത്. ജറുസലേമിലെ അൽഅഖ്‌സാ പള്ളിയിൽ പ്രാർത്ഥനാ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് വിശ്വാസിസമൂഹത്തെയാകെ പ്രകോപിപ്പിക്കാനാണ് ഇസ്രായേൽസേന വർഷങ്ങളായി ശ്രമിക്കുന്നത്. കിഴക്കൻ ജറുസലേം പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കൽപ്പിക്കപ്പെടുന്ന പ്രദേശമാണ്. 1967-ലെ യുദ്ധത്തിലൂടെയാണ് ഈ പുരാതന നഗരത്തിന്റെ നിയന്ത്രണം ഇസ്രായേൽ നേടുന്നത്.

യുദ്ധവും യുദ്ധത്തിന്റെ പരോക്ഷ പ്രത്യാഘാതങ്ങളും പലസ്തീനികളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ 56% പേരും 18 വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളും സ്ത്രീകളുമാണ്.
യുദ്ധവും യുദ്ധത്തിന്റെ പരോക്ഷ പ്രത്യാഘാതങ്ങളും പലസ്തീനികളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ 56% പേരും 18 വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളും സ്ത്രീകളുമാണ്.

1981-ൽ അനധികൃതമായി കിഴക്കൻ ജറുസലേമിനെ ഇസ്രായേലിനൊപ്പം കൂട്ടിച്ചേർക്കാനും ടെൽഅവീവിലെ ഭരണാധികാരികൾ തയ്യാറായി. ഇതോടെ പശ്മിതീരത്തേതുപോലെ കഴിക്കൻ ജറുസലേമിലും ഇസ്രായേൽ ഭരണകൂടം അധികൃത കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. യു.എന്നും അന്താരാഷ്ട്രസമൂഹവും ഇന്നും കിഴക്കൻ ജറുസലേമിനെ പലസ്തീൻ പ്രദേശമായി പരിഗണിക്കുമ്പോഴാണ് ഈ പ്രദേശം അനധികൃതമായി കൈവശംവെയ്ക്കാനും ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഇസ്രായേൽ വാശിപിടിക്കുന്നത്.

2017 ഏപ്രിലിലാണ് 15,000 വീടുകൾ കിഴക്കൻ ജറുസലേമിൽ പണികഴിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇതിനെതിരെ യു.എൻ പൊതുസഭയും യുനെസ്‌കോയും പ്രമേയം പാസാക്കി. കിഴക്കൻ ജറുസലേമിലെ ജൂത കുടിയേറ്റം നിർത്തിവെയ്ക്കാൻ യു.എൻ പ്രമേയം വീണ്ടും ഇസ്രായേലിനോട് അഭ്യർത്ഥിച്ചു. എന്നാൽ, നെതന്യാഹു സർക്കാർ ഇതിന് തയ്യാറായില്ല. പലസ്തീൻ ജനത അവരുടെ പ്രധാന ആരാധനാ കേന്ദ്രമായി കരുതുന്ന അൽഅഖ്‌സ പള്ളിയും വരുതിയിലാക്കാനുള്ള അധിനിവേശമാണ് ആരംഭിച്ചിരിക്കുന്നത്.

ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് അൽഅഖ്‌സ പള്ളിയിൽ നിന്നുള്ള പ്രാർത്ഥന (ബാങ്ക്) വിളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 11 മുതൽ രാവിലെ ഏഴുവരെയുള്ള പ്രാർത്ഥനാവിളിക്കാണ് നിരോധനമേർപ്പെടുത്തിയത്. പ്രാർത്ഥനാവിളിയുടെ ശബ്ദം കുറയ്ക്കാനും നിയമനിർമ്മാണത്തിലൂടെ ആഹ്വാനമുണ്ടായി. ആരാധനാസ്വാതന്ത്ര്യത്തിൻമേലുള്ള കൈകടത്തലായിരുന്നു ഇത്. വംശീയവിവേചനമാണിതെന്നും ആക്ഷേപമുയർന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അൽഅഖ്‌സ പള്ളി ഇനി എല്ലാകാലത്തും ഇസ്രായേൽ പരമാധികാരത്തിൻ കീഴിലായിരിക്കുമെന്ന പ്രഖ്യാപനം ബെഞ്ചമിൻ നെതന്യാഹു നടത്തിയിരിക്കുന്നത്. 1962-ലെ ആറുദിന യുദ്ധത്തിന്റെ 50-ാം വാർഷികാഘോഷവേളയിൽ സംസാരിക്കവേ ജൂൺ മാസമാണ് നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം നടന്നത്. പ്രഖ്യാപനം വന്ന് രാണ്ടാഴ്ചയ്ക്കുശേഷമാണ് അൽഅഖ്‌സ പള്ളിയിൽ സുരക്ഷാസംവിധാനങ്ങൾ കർശനമാക്കിയത്. പലസ്തീൻ പ്രദേശമായ കിഴക്കൻ ജറുസലേം ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് അൽഅഖ്‌സയിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയത് എന്നർത്ഥം.

2017 ഏപ്രിലിലാണ് 15,000 വീടുകൾ കിഴക്കൻ ജറുസലേമിൽ പണികഴിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
2017 ഏപ്രിലിലാണ് 15,000 വീടുകൾ കിഴക്കൻ ജറുസലേമിൽ പണികഴിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.

ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസംഘടനയും എതിർത്തിട്ടുപോലും കിഴക്കൻ ജറുസലേമിനെ ഇസ്രായേലിന്റെ ഭാഗമാക്കാൻ നെതന്യാഹുവിന് ധൈര്യംപകരുന്നത് അമേരിക്കയുടെ അടിയുറച്ച പിന്തുണയാണ്. കടുത്ത ഇസ്രായേൽ പക്ഷപാതിയെയാണ് ട്രംപ് അധികാരത്തിൽവന്ന ഉടനെതന്നെ ടെൽഅവീവിൽ അമേരിക്കൻ അംബാസഡറായി നിയമിച്ചത്. അമേരിക്കൻ സ്ഥാനപതികാര്യാലയം തന്നെ ടെൽഅവീവിൽ ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനവും അന്താരാഷ്ട്ര സമൂഹത്തെ അത്ഭുതപ്പെടുത്തിയതാണ്.

നെതന്യാഹുവിന്റെ വംശീയ ഭ്രാന്തിനും അധിനിവേശ വ്യഗ്രതയ്ക്കും ട്രംപ് ധൈര്യം പകരുകയാണ്. ട്രംപും നെതന്യാഹുവും ചേർന്ന് ഈ മേഖലയെ അന്തമില്ലാത്ത സംഘർഷത്തിലേക്കാണ് നയിക്കുന്നത്. അതിന്റെ ബഹിർസ്ഫുരണം മാത്രമാണ് അൽഅഖ്‌സ സംഭവവും ഗാസയെ ലക്ഷ്യം വെച്ചുള്ള ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങളും. ഇപ്പോൾ പലസ്തീനെ സഹായിക്കുന്ന ലെബനനെയും സിറിയയെയും ഇറാനെയും യെമനെയുമൊക്കെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ഇസ്രയേലുമായി ചേർന്ന് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്.

നെതന്യാഹുവിന്റെ വംശീയ ഭ്രാന്തിനും അധിനിവേശ വ്യഗ്രതയ്ക്കും ട്രംപ് ധൈര്യം പകരുകയാണ്. ട്രംപും നെതന്യാഹുവും ചേർന്ന് ഈ മേഖലയെ അന്തമില്ലാത്ത സംഘർഷത്തിലേക്കാണ് നയിക്കുന്നത്.
നെതന്യാഹുവിന്റെ വംശീയ ഭ്രാന്തിനും അധിനിവേശ വ്യഗ്രതയ്ക്കും ട്രംപ് ധൈര്യം പകരുകയാണ്. ട്രംപും നെതന്യാഹുവും ചേർന്ന് ഈ മേഖലയെ അന്തമില്ലാത്ത സംഘർഷത്തിലേക്കാണ് നയിക്കുന്നത്.

ഉക്രൈനിൽ പതിനായിരങ്ങളെ കൊലചെയ്തുകൊണ്ട് നടക്കുന്ന റഷ്യക്കെതിരായ യുദ്ധം നാലുവർഷം പിന്നിട്ടിരിക്കുന്നു. നവനാസിയായ സെലൻസ്‌കിയെ മുന്നിൽ നിർത്തി റഷ്യക്കെതിരെ യുദ്ധം നയിക്കുന്നത് അമേരിക്കയും നാറ്റോ സൈന്യവുമാണ്. റഷ്യയെ യുദ്ധത്തിൽ പരാജയപ്പെടുത്താനാവില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് ട്രംപ് സെലൻസ്‌കിയെ മാറ്റിനിർത്തി സൗദിഅറേബ്യയുടെ തലസ്ഥാനമായ റിയാദിൽ റഷ്യൻ വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്താൻ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോറൂബിയയെ അയച്ചത്. ഇത് കടുത്ത പ്രകോപനമാണ് സെലൻസ്‌കിയിലുണ്ടാക്കിയത്. അദ്ദേഹം വൈറ്റ്ഹൗസിൽ ചെന്ന് ട്രംപുമായി കലഹിക്കുന്നയിടംവരെ കാര്യങ്ങളെത്തി. യുദ്ധത്തിൽ ഉക്രൈന് സഹായം നൽകുക വഴി അമേരിക്കയ്ക്ക് വലിയ സാമ്പത്തികബാധ്യയുണ്ടെന്നും അതിന് പകരമായി ഉക്രൈനിലെ ഭൂമിക്കടിയിലെ ധാതുവിഭവങ്ങൾ അമേരിക്കയ്ക്ക് വിട്ടുതരണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്.

ഉക്രൈനിൽ പതിനായിരങ്ങളെ കൊലചെയ്തുകൊണ്ട് നടക്കുന്ന റഷ്യക്കെതിരായ യുദ്ധം നാലുവർഷം പിന്നിട്ടിരിക്കുന്നു.
ഉക്രൈനിൽ പതിനായിരങ്ങളെ കൊലചെയ്തുകൊണ്ട് നടക്കുന്ന റഷ്യക്കെതിരായ യുദ്ധം നാലുവർഷം പിന്നിട്ടിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ഉക്രൈൻ യുദ്ധം മൂലം യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ നഷ്ടവും അമേരിക്കയ്ക്ക് വൻ ലാഭവുമാണ് ഉണ്ടായത്. റഷ്യയിൽ നിന്ന് താരതമ്യേന കുറഞ്ഞവിലയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ഇന്ധനങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾക്ക് അമേരിക്കയെ ആശ്രയിക്കേണ്ടിവന്നു. റഷ്യയിൽ നിന്ന് ബാൾട്ടിക് കടലിലൂടെ പടിഞ്ഞാറൻ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന നോർഡ് സ്ട്രീം പ്രകൃതിവാതകക്കുഴലുകളിൽ നാറ്റോ സൈന്യം ബോംബിഗ് നടത്തിയതിനുശേഷമാണ് ഇത് രൂക്ഷമായത്. ഉക്രൈൻ യുദ്ധം മൂലം ആയുധക്കച്ചവടം കുതിച്ചുയരുകയുണ്ടായി. അതിന്റെ മുഴുവൻ നേട്ടങ്ങളും യുദ്ധോപകരണ നിർമ്മാണത്തിലും വ്യാപാരത്തിലുമേർപ്പെട്ടിരിക്കുന്ന അമേരിക്കയ്ക്കാണ് ലഭിച്ചത്. വിദേശരാജ്യങ്ങൾക്കുള്ള അമേരിക്കൻ യുദ്ധോപകരണ വിൽപനയിൽ 29% വർദ്ധനവാണ് ഈ കാലയളവിലുണ്ടായത്. യൂറോപ്യൻ രാജ്യങ്ങളെല്ലാം പ്രതിരോധബജറ്റ് കൂട്ടേണ്ട സാഹചര്യമുണ്ടായി. ഇതിന്റെ ഫലം ജനോപകാരപ്രദമായ എല്ലാ സേവനവികസനപ്രവർത്തനങ്ങൾക്കുള്ള ചെലവ് സർക്കാർ വെട്ടിക്കുറച്ചുവെന്നതാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലുടനീളം യുദ്ധമെന്നത് തങ്ങളുടെ വളർച്ചയ്ക്കുള്ള അവസരമാണ്. അമേരിക്കയെന്നത് യുദ്ധോന്മുഖമായ ഒരു സമ്പദ്ഘടനയാണ്. വാർ ഈസ് പ്രോസ്പിരിറ്റി - യുദ്ധമെന്നാൽ സമൃദ്ധിയാണ് എന്നതാണ് എന്നും അമേരിക്കയുടെ മുദ്രാവാക്യം. ലോകമാസകലമുള്ള ജനങ്ങൾക്ക് മരണവും നാശവും വാരിവിതറുന്ന യുദ്ധമാണ് അമേരിക്കയുടെ പുരോഗതിയെന്നത്.

Comments