ഇസ്രയേലിന് മുന്‍പേ ജൂതര്‍ സുരക്ഷിതരായിരുന്ന പലസ്തീൻ ചരിത്രം

പലസ്തീൻ സംഘർഷങ്ങളെ അത്യന്തം ക്ഷുദ്രമായ വംശീയ വിദ്വേഷ പ്രചരണത്തിനായി സംഘപരിവാറും ക്രിസ്ത്യൻ വർഗ്ഗീയവാദികളും ഉപയോഗിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. നാഗരികതകളുടെ സംഘർഷത്തിന്റെ സൈദ്ധാന്തികനായ സാമുവൽ പി ഹണ്ടിംഗ്ടണിന്റെ പ്രേതം ആവാഹിച്ച നവഫാസിസ്റ്റുകൾ നുണകൾ തട്ടിവിട്ട് സയണിസ്റ്റുകളുടെ 75 വർഷക്കാലത്തെ പലസ്തീനികൾക്കെതിരായ ക്രൂരമായ കടന്നാക്രമണങ്ങളെ ന്യായീകരിക്കുകയാണ്. യാസർ അറാഫത്തിനെയും പലസ്തീൻ വിമോചനപ്രസ്ഥാനത്തെയും അസ്ഥിരീകരിക്കാനും തകർക്കാനും സയണിസ്റ്റുകളെപോലെതന്നെ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും തങ്ങൾക്കാവുന്നതെല്ലാം ചെയ്തുകൂട്ടിയിട്ടുണ്ടെന്നത് സമകാലീന പലസ്തീന്റെ ചോരയൊലിക്കുന്ന യാഥാർത്ഥ്യമാണ്.

ചരിത്രവിരുദ്ധവും യാതൊരുവിധ വസ്തുതകളുടെ അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് കടുത്ത വർഗീയ നിലപാടുകളിൽ നിന്ന് നവഫാസിസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സത്യാനന്തരകാലമാണല്ലോ. വസ്തുതകളുടെയും വിവരങ്ങളുടെയും യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത നുണകൾ ചരിത്രമാണെന്ന രീതിയിൽ എഴുന്നള്ളിക്കുകയാണവർ. വൈകാരികത ഇളക്കിവിടുകയാണ്.

കഴിഞ്ഞ 75 വർഷമായി പലസ്തീൻ ജനതയ്‌ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും വംശീയ ഉന്മൂലനങ്ങളും മറച്ചുവെച്ചുകൊണ്ട് പലസ്തീൻ ജനത ജൂതരെ അടിച്ചോടിച്ച് പശ്ചിമേഷ്യയിൽ കുടിയേറിയവരാണെന്നാണ് ഈ മലയാളി നവനാസികളുടെ പ്രചാരണം. ബ്രിട്ടീഷ്-യു.എസ് മൂലധനത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെയാണ് പത്രപ്രവർത്തകൻ മാത്രമായിരുന്ന തിയോഡർഹെർസൻ ജൂതമതരാഷ്ട്ര സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചത്. യഹൂദരുടെ വാഗ്ദത്തഭൂമിയെ സംബന്ധിച്ച പഴയനിയമത്തിലെ ഒരു സങ്കൽപത്തെ രാഷ്ട്രീയ സിദ്ധാന്തമാക്കുകയായിരുന്നു ഹെർസൻ ചെയ്തത്.

യഹോവ ലോകമെമ്പാടുമുള്ള ജൂതമത വിശ്വാസികൾക്കായി വാഗ്ദാനം ചെയ്തിരിക്കുന്ന വിശുദ്ധഭൂമി പിടിച്ചെടുക്കാനുള്ള വംശീയ ഉന്മാദം പടർത്തുന്ന സിദ്ധാന്തമായിരുന്നു ഹെർസൻ തന്റെ 'ജൂയിഷ് സ്റ്റേറ്റ്' എന്ന കൃതിയിലൂടെ അവതരിപ്പിച്ചത്. 1800 ഓളം വർഷം ലോകമെമ്പാടും ക്രൈസ്തവ രാജഭരണകൂടങ്ങളാൽ വേട്ടയാടപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ജൂതർക്കിടയിൽ ബൈബിളിന്റെ പഴയനിയമത്തിലെ ഒരു മിത്തിന്റെ പുനരവതരണത്തിലൂടെ തന്റെ മതരാഷ്ട്രസിദ്ധാന്തം മുന്നോട്ടുവെക്കുകയായിരുന്നു ഈ സയണിസ്റ്റ് ആചാര്യൻ. പഴയനിയമത്തിലെ വാഗ്ദത്തഭൂമിയെയും മഹാ ഇസ്രായേലിനെയും സംബന്ധിച്ച മിത്തിക്കലായ വിശുദ്ധ സിദ്ധാന്തത്തിലൂടെ അറബ്‌സ്വത്വത്തിലും സംസ്‌കൃതിയിലും അധിഷ്ഠിതമായ പലസ്തീൻ ചരിത്രത്തെ കുഴിച്ചുമൂടാനാണ് തിയോഡർ ഹെർസൻ ശ്രമിച്ചത്.

എന്താണ് പലസ്തീന്റെ ചരിത്രം?

ആഫ്രിക്കയും ഏഷ്യയും സംഗമിക്കുന്ന ഭൂപ്രദേശമായ പലസ്തീൻ, മഹാ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നു. മെസോപ്പെട്ടോമിയയും ഈജിപ്തും സംഗമിക്കുന്ന ഭൂപ്രദേശം. ഇറാക്കിനും ഈജിപ്തിനുമിടയിൽ പലസ്തീൻ കഴിഞ്ഞാൽ പിന്നെ മരുഭൂമിയാണ്. ശിലായുഗം മുതൽ മനുഷ്യവാസമുണ്ടായിരുന്ന പ്രദേശമാണിതെന്ന് ഡോ.മുഹസിൻ എം സലേഹ് തന്റെ പലസ്തീൻ പ്രശ്‌നം എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. പുരാവസ്തു ശേഖരങ്ങളെ അവലംബമാക്കിയാണ് സലേഹ് ഇക്കാര്യങ്ങൾ സ്ഥാപിക്കുന്നത്.

പലസ്തീന്റെ കിഴക്കുഭാഗത്തുള്ള ജെറിക്കോം എന്ന നഗരം ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ്. പലസ്തീൻ എന്ന വിഭാഗക്കാർ ഏഷ്യാമൈനറിൽ നിന്നും ബി.സി 12-ാം നൂറ്റാണ്ടിൽ ഇവിടങ്ങളിലേക്ക് കുടിയേറിപ്പാർത്തതോടെയാണ് ഈ പ്രദേശം പലസ്തീൻ എന്ന പേരിൽ അറിയപ്പെട്ടത്. എ.ഡി 638-ൽ ഖാലിദ്ബിൻ വലീദിന്റെ സൈന്യം ഇവിടെയെത്തിയതോടെയാണ് ഈ പ്രദേശം, പലസ്തീൻ പ്രദേശം മുസ്ലീം ഭരണത്തിലാവുന്നത്. ഏകദേശം 12 നൂറ്റാണ്ടുകാലം പലസ്തീനിൽ മുസ്ലീം ഭരണം നിലനിന്നിരുന്നു. എന്നാൽ പല സയണിസ്റ്റ് ബുദ്ധിജീവികളും തങ്ങളുടെ പലസ്തീൻ അധിനിവേശത്തെ ന്യായീകരിക്കാനായി 18 നൂറ്റാണ്ടുകൾക്കുമുമ്പ് പലസ്തീനിന്റേ പല ഭാഗങ്ങളിലും ജൂത ഭരണം നിലനിന്നിരുന്നതായി പ്രചരിപ്പിച്ചിരുന്നു.

ചരിത്രപരമായ യാതൊരുവിധ തെളിവും അടിസ്ഥാനവുമില്ലാത്ത വാദങ്ങൾ മാത്രമായിരുന്നു ഇതെന്ന് നിരവധി പലസ്തീൻ ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ചരിത്രത്തെ തങ്ങൾക്കാവശ്യമായ രീതിയിൽ നിർമ്മിച്ചെടുക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളാണ് സയണിസ്റ്റുകളുടേത്. അവർ ബൈബിളികമായ കഥകളെയും മിത്തുകളെയും ഉദ്ധരിച്ച് പലസ്തീനിൽ ജൂതഭരണം ഉണ്ടായിരുന്നുവെന്ന് തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിൽ പാശ്ചാത്യ അധിനിവേശം ആരംഭിക്കുന്നത്. ഇന്ത്യയിൽ വാസ്‌കോഡിഗാമ എത്തിയതുപോലെ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും ആഫ്രിക്കൻ വൻകരകളിലുമെല്ലാം വെള്ളക്കാർ ആധിപത്യം ഉറപ്പിക്കാനുള്ള അധിനിവേശയുദ്ധങ്ങളാരംഭിച്ചു.

അക്കാലത്തെ യൂറോപ്പ് എന്നത് ക്രൈസ്തവ മതപൗരോഹിത്യവും ഫ്യൂഡൽ മേധാവിത്വശക്തികളും ചേർന്ന് നടത്തിയ ക്രൂരമായ മർദ്ദനങ്ങളുടെയും സ്വാതന്ത്ര്യനിഷേധത്തിന്റെയും നാടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇസ്ലാമിന്റെ ആശയങ്ങൾ യൂറോപ്യൻ സമൂഹത്തിൽ കടന്നുവരുന്നതും സ്വാധീനം നേടുന്നതും. മാർക്‌സ് തന്റെ ഇസ്ലാമിനെക്കുറിച്ചുള്ള പഠനങ്ങളിൽ ഇക്കാര്യങ്ങളെല്ലാം വിശദമായിത്തന്നെ പരിശോധിക്കുന്നുണ്ട്. അന്നത്തെ യൂറോപ്പ് കടുത്ത ജൂത ക്രൈസ്തവ സംഘർഷങ്ങളിലൂടെ കടന്നുപോകുകയുമായിരുന്നു.

photo: .britannica.com
photo: .britannica.com

ഈയൊരു സാഹചര്യമാണ് ഇസ്ലാമിന്റെ മതപരമായ മൈത്രിയെയും സമാധാനത്തെയും സംബന്ധിച്ച സന്ദേശങ്ങൾക്ക് യൂറോപ്പിൽ സ്വീകാര്യതയുണ്ടാക്കിയത്. ക്രിസ്തുവർഷം 711-ൽ സ്‌പെയിനിൽ മുസ്ലീം ഭരണകൂടം സ്ഥാപിക്കപ്പെടുകയും അത് ഏതാണ്ട് 800 വർഷം നിലനിൽക്കുകയും ചെയ്തു. 15-ാം നൂറ്റാണ്ടാകുമ്പോഴേക്കും തുർക്കി ഉസ്മാന്റെ നേതൃത്വത്തിൽ വൻശക്തിയായി വികസിച്ചു. ഓട്ടോമെൻ സാമ്രാജ്യം രൂപപ്പെട്ടു. ജൂത ക്രൈസ്തവ സംഘട്ടനങ്ങളുടേതായ യൂറോപ്പിൽ ക്രൈസ്ത പൗരോഹിത്യവും രാജാക്കന്മാരും വിദേശഭരണമെന്ന രീതിയിലാണ് മുസ്ലീം ഭരണകൂടങ്ങളെ കണ്ടിരുന്നത്.

ജൂതരെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ടെർക്കുകളെയും ഗ്രീക്കുകാരെയും ആർമേനിയക്കാരെയും അറബികളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ഭരണസമ്പ്രദായമായിരുന്നു ഓട്ടോമെൻ ഭരണാതിർത്തികളിൽ നിലനിന്നിരുന്നത്. പൊതുവായി അറബ് ഭാഷയിലൂന്നിയ സംസ്‌കാരമായിരുന്നു ഈ ഭൂപ്രദേശങ്ങളിലെല്ലാം നിലനിന്നിരുന്നത്. റഷ്യ ഉൾപ്പെടെയുള്ള ക്രൈസ്തവ രാജഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ നന്ന് പുറത്താക്കപ്പെട്ട ജൂതർക്ക് ഓട്ടോമെൻ സാമ്രാജ്യത്വത്തിന്റെ തലസ്ഥാനമായ ഇസ്താംബൂൾ അഭയം നൽകിയിരുന്നു. ക്രിസ്തുവിന് മുമ്പ് സഹസ്രാബ്ധങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള മെസോപൊട്ടോമിയൻ നാഗരികത ഉൾപ്പെടെ വളരെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവുമാണ് അറബിജനതയ്ക്കുള്ളത്.

ലോകമെമ്പാടും ക്രൈസ്തവ ഭരണകൂടങ്ങളാൽ വേട്ടയാടപ്പെട്ട ജൂതർക്ക് അഭയം നൽകിയത് പലസ്തീൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്ന തുർക്കി സുൽത്താനേറ്റാണ്. ഫ്രാങ്കുകളുടെ രാജാവായിരുന്ന ഡാങ്കോബർട്ട് ജൂതന്മാരെ രാജസഭയിൽനിന്ന് അപമാനിച്ച് പുറത്താക്കി. ഹെറാക്ലിയസ് ചക്രവർത്തി ജൂതന്മാരുടെ ആരാധനാലയങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. എ.ഡി 70-ൽ റോമാചക്രവർത്തിയായ ടൈറ്റ്‌സ് ജറുസേലേം പിടിച്ചെടുത്തപ്പോൾ ജൂതന്മാരെ പലസ്തീനിന്റെ മണ്ണിൽനിന്ന് പൂർണ്ണമായി പുറത്താക്കി. ലോകമെമ്പാടും ജൂതമതവിശ്വാസികൾ അപമാനിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ അവരോട് കരുണ കാണിച്ചത് മുസ്ലീം ഭരണാധികാരികളായിരുന്നു.

റോമാ ഭരണത്തിൽനിന്ന് ഖാലിദ്ബിൻ വലീദിന്റെ സൈന്യം ജറുസലേം പിടിച്ചെടുത്തതിനുശേഷമാണ് ജൂതർക്ക് പലസ്തീനിൽ ജീവിക്കാൻ പ്രയാസമില്ലാതായത്. അവിടുത്തെ ജനതയിൽ ഭൂരിപക്ഷം മുസ്ലീങ്ങളും അതുകഴിഞ്ഞാൽ ക്രിസ്ത്യാനികളുമായിരുന്നു. വൃദ്ധരായ ജൂതമതവിശ്വാസികൾ പുണ്യസ്ഥലമായ ജറുസലേമിൽ അവസാനകാലം കഴിച്ചുകൂട്ടാനായി വന്നുതാമസിച്ചിരുന്നു. ഇപ്പോൾ ജൂതർക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിൽ പലസ്തീനികൾക്കെതിരെ ക്ഷുദ്രവികാരം ഇളക്കിവിടുന്ന ക്രിസംഘികൾ ഓർക്കേണ്ടത് കുരിശുയുദ്ധത്തിന് പുറപ്പെട്ടവർ വഴിമധ്യേയുള്ള ജൂതരെയാണ് കൊന്നുകൂട്ടിയതെന്ന രക്തപങ്കിലമായ ചരിത്രമാണ്. സ്‌പെയിനിൽ മുസ്ലീം ഭരണം അവസാനിച്ചതിനുശേഷം ജൂതമതവിശ്വാസികൾക്ക് അവിടം വിട്ടുപോകുകയോ ക്രിസ്തുമതത്തിൽ ചേരുകയോ വേണ്ടിവന്നുവെന്ന ചരിത്രവും മുസ്ലീംവിരുദ്ധത ഇളക്കിവിടുന്നവർ ഓർക്കേണ്ടതാണ്.

Comments