സെപ്തംബർ 11-ലെ ഭീകരാക്രമണത്തിൽ തകർന്ന വേൾഡ് ട്രേഡ് സെന്റർ ടവർ / Photo: Wikimedia Commons

9/11: ‘ഭീകരതക്കെതിരായ യുദ്ധം’
​ഭീകരതയെ കൈകാര്യം ചെയ്​ത വിധം

അഫ്ഗാൻ ഇടപെടലിന്റെ അന്തിമഘട്ടത്തിൽ യു.എസ് നേരിട്ട ഭൂരാഷ്ട്രതന്ത്രപരമായ തിരിച്ചടി 'ഭീകരവാദത്തിനെതിരായ യുദ്ധം' പശ്ചാത്യലോകത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

ന്താരാഷ്ട്ര ബന്ധങ്ങളെ പുനർനിർവചിക്കത്തക്കതായിരുന്നു 9/11 ഭീകരാക്രമണം. 20 വർഷങ്ങൾക്കിപ്പുറവും ആഗോളജനത അതിന്റെ ഭീകരതയെക്കുറിച്ച് ഓർക്കവെ, കാബൂളിൽ താലിബാൻ തിരിച്ചുവന്നുവെന്നത് വിധിവൈപരീത്യം ("ഇടക്കാല' സർക്കാരിലെ 33 അംഗങ്ങളിൽ 14 പേർ യു.എൻ ടെറർ ബ്ലാക്ക് ലിസ്റ്റിൽ പെട്ടവരാണ്). പാകിസ്ഥാൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി പുത്തൻ ധാരണകളിലേർപ്പെട്ടതോടെ, എല്ലാ താക്കീതുകളും കാറ്റിൽ പറത്തി പ്രദേശത്ത് പുതിയ പദ്ധതികൾ മെനയാനാരംഭിക്കുകയാണ് കാബൂളിലെ പുതിയ ഭരണകൂടം. അഫ്ഗാൻ ഇടപെടലിന്റെ അന്തിമഘട്ടത്തിൽ യു.എസ് നേരിട്ട ഭൂരാഷ്ട്രതന്ത്രപരമായ തിരിച്ചടി "ഭീകരവാദത്തിനെതിരായ യുദ്ധം' പശ്ചാത്യലോകത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. 20 വർഷമായി തുടരുന്ന ഈ പ്രതിസന്ധിയുടെ ഭാരം ചുമക്കുന്ന യൂറേഷ്യൻ പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ സംബന്ധിച്ച്​ ഇതൊരു ദുരന്തമായി ഭവിച്ചു.

‘മുടങ്ങിപ്പോയ' തീവ്രവാദ യുദ്ധത്തിന്റെ ബാക്കിപത്രം

9/11 ഭീകരാക്രമണങ്ങളും തുടർന്ന് ‘ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിന്റെ' പേരിൽ ആരംഭിച്ച ആയുധവാഴ്ചയും അഫ്ഗാന് പുറത്തുള്ള വിശേഷ വിഭവങ്ങളെയും മനുഷ്യരെയും വരെ രൂക്ഷമായി ബാധിച്ചു. 9/11 തുടക്കമിട്ട ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണ പരമ്പര ലണ്ടൻ, മാഡ്രിഡ്, ബാലി, ന്യൂ ഡൽഹി, ജേർബ തുടങ്ങിയ സ്ഥലങ്ങളെ ബാധിച്ചപ്പോൾ, രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും തീവ്രവാദ ഭീഷണിയെ നേരിടാൻ വ്യത്യസ്ത മാർഗങ്ങളാണ് സ്വീകരിച്ചത്. അമേരിക്ക നയിച്ച സായുധസേന അഫ്ഗാനിസ്ഥാനിലെത്തി താലിബാന്റെയും അൽ-ഖയ്ദയുടെയും ആന്തരഘടനയെ ഛിന്നഭിന്നമാക്കിയിട്ടും, ഒസാമ ബിൻ ലാദൻ ഉൾപ്പടെ ഭീകരവാദപ്രവർത്തനങ്ങളുടെ പിന്നിലെ തലച്ചോറുകളെ ഉന്മൂലനം ചെയ്യാൻ പിന്നെയും വർഷങ്ങളെടുത്തു. എന്നിട്ടുപോലും, യു.എസ്- നാറ്റോ സംഘങ്ങൾ അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയപ്പോൾ താലിബാന്റെ തിരിച്ചു വരവിന് കളമൊരുങ്ങിയത് "മുടങ്ങിപ്പോയ' തീവ്രവാദത്തിനെതിരായ യുദ്ധത്തിന്റെ ബാക്കിപത്രമാണ്.

കാബൂൾ എയർപ്പോർട്ടിൽ നിന്ന് പുറപ്പെടുന്ന c-17 കാർഗോ വിമാനത്തിൽ അമേരിക്കയിലേക്ക് മടങ്ങുന്ന അഫ്ഗാനിലെ ഒടുവിലത്തെ യു.എസ്. സൈനികൻ / Photo: U.S. Central Command
കാബൂൾ എയർപ്പോർട്ടിൽ നിന്ന് പുറപ്പെടുന്ന c-17 കാർഗോ വിമാനത്തിൽ അമേരിക്കയിലേക്ക് മടങ്ങുന്ന അഫ്ഗാനിലെ ഒടുവിലത്തെ യു.എസ്. സൈനികൻ / Photo: U.S. Central Command

അമേരിക്കയുടെ 9/11 ഭീകരാക്രമണാനന്തര ഇടപെടലുകളിൽ ഏറ്റവും വിനാശകരമായത് 2003 മാർച്ചിൽ ഇറാഖിൽ നടത്തിയ ഓപ്പറേഷനാണ്. ഭരണകൂടത്തെയും സൈന്യത്തേയും തകർത്തതോടെ ഇറാഖിൽ ആഭ്യന്തരയുദ്ധം ഉടലെടുക്കുകയും, ആത്യന്തികമായി രാജ്യത്ത് അൽ-ഖയ്ദയുടെ ആവിർഭാവത്തിനത് കാരണമാവുകയും, ഇറാഖിലും സിറിയയിലുമായി വ്യാപിച്ചു കിടന്ന മൗലികവാദികളായ സുന്നി ജിഹാദി സംഘടന ദയീശിനെ (Islamic State of Iraq and the Levant (ISIS) അത് പ്രചോദിപ്പിക്കുകയും ചെയ്തു. 2015നു ശേഷം ഐ.എസ്.ഐ.എസിന്റെ സൈനിക പ്രാപ്തിയിൽ കാര്യമായ ഇടിവുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നതെങ്കിലും അതിന്റെ ആശയസംഹിത മറ്റു പ്രദേശങ്ങളിലുള്ള (പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഉദാഹരണം) പുതിയ ജിഹാദി പോരാളികൾ ഏറ്റെടുക്കുന്നത് അന്താരാഷ്ട്ര സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും സ്വാഭാവികമായും പുതിയ വെല്ലുവിളി ഉയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുടെ മതാത്മകമായ അക്രമണ മുന്നേറ്റങ്ങൾ ഉണ്ടാവുമെന്നതിന്റെ ഇരുണ്ട ഓർമപ്പെടുത്തൽ കൂടിയാണ് അഫ്ഗാനിലെ താലിബാന്റെ തിരിച്ചുവരവ്. ഇതാണ് ചൈനയും റഷ്യയും സൗകര്യപൂർവം അവഗണിക്കുന്ന അപകടരമായ വസ്തുത. ഷിൻജിയാങ്ങിന്റെയും ചെച്‌നിയയുടേയും സ്ഥാപിത താൽപര്യങ്ങളെക്കാളും, അഫ്ഗാനുമായി ഇടപെടുന്നതുകൊണ്ടുള്ള ക്ഷണികമായ ഭൂരാഷ്ട്രതന്ത്ര നേട്ടങ്ങളെക്കാളുമൊക്കെ ഉപരി, ലോകത്തിനാകെ ഭീഷണിയാകുന്ന ജിഹാദി എസ്റ്റ്‌റ്റേറ്റ് പോലുള്ള മതാത്മക നിർഗമനങ്ങളെക്കുറിച്ച് ഏഷ്യയിലെ ഈ രണ്ടു പ്രബലശക്തികൾ ചിന്തിക്കേണ്ടതുണ്ട്. വിവിധ തലങ്ങളിലായി പ്രവർത്തിക്കുന്ന തങ്ങളുടെ പ്രഭുജനാധിപത്യ അധികാരഘടന ഉപയോഗിച്ച് പാകിസ്ഥാനാണ് ജിഹാദി എസ്റ്റേറ്റ് എന്ന ആവിർഭവിച്ചു കൊണ്ടിരിക്കുന്ന ഭൂരാഷ്ട്രതന്ത്ര സാഹചര്യത്തെ സംരക്ഷിക്കുന്നത്. കാബൂളിലെ താലിബാന്റെ തിരിച്ചു വരവിൽ ഏറ്റവും സന്തോഷിക്കുന്നത് പാകിസ്ഥാൻ ആയിരിക്കുമെന്നത് അവിതർക്കമായ വസ്തുതയാണെന്നിരിക്കെ, ചൈനയും റഷ്യയും ഇസ്‌ലാമാബാദിനെ തങ്ങളുടെ തന്ത്രപരമായ പദ്ധതികളുടെ "മുൻനിര അധികാരകേന്ദ്രത്തിൽ' നിർത്താൻ സാധ്യതയുണ്ട്. ദക്ഷിണേഷ്യയിലെ അമേരിക്കൻ സ്ട്രാറ്റജിയിൽ "മുൻനിര രാജ്യം' എന്ന പാകിസ്ഥാന്റെ പദവിയുടെ പ്രസക്തി 1990-കളിലെ സോവിയറ്റിന്റെ പിൻമാറ്റത്തോടും പതനത്തോടും നഷ്ടമായതാണ്. 9/11 നുശേഷം ആരംഭിച്ച "ഭീകരവാദത്തിനെതിരായ യുദ്ധം' പാകിസ്ഥാന് രണ്ടാമതും "മുൻനിര' പദവി ഉറപ്പാക്കിയെങ്കിലും, ദക്ഷിണേഷ്യയിൽ ഇസ്‌ലാമാബാദിന് മറ്റു പല പദ്ധതികളും കാണുമെന്ന് അമേരിക്കയ്ക്ക് ധാരണയുണ്ടായിരുന്നു. യു.എസ്. നയരൂപീകരണ വിദഗ്ധരുടെ റിപ്പോർട്ടുകളിലും, ഡോക്യുമെന്റുകളിലും, ഇത് പ്രകടവുമായിരുന്നു.

സൗദിയുടെ സമ്പത്ത് വർധിച്ചതോടെ, വ്യക്തികളും ഭരണകൂടവും സംഭാവന ചെയ്യുന്ന തുകയുടെ ക്രമാതീതമായി ഉയർന്നു. എല്ലാത്തരം ഇസ്‌ലാമിക ചാരിറ്റികളിലേക്കും ഗണ്യമായ തുക ധനസഹായമായി ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു

9/11 കമ്മീഷൻ ഇങ്ങനെ പറയുന്നു: ""താലിബാനെ പരിപോഷിപ്പിക്കുന്നതിൽ പാകിസ്ഥാന്റെ സഹായമുണ്ട്. പാകിസ്ഥാനി സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും, പ്രത്യേകിച്ച് ഉന്നത റാങ്കിനു താഴെയുള്ളവർക്ക് ഇസ്‌ലാമിസ്റ്റ് തീവ്രവാദികളെ അഭിമുഖീകരിക്കുന്നതിനെ സംബന്ധിച്ച് നീണ്ട കാലമായി അനിശ്ചിത്വമുണ്ടായിരുന്നു. സർക്കാരിലെ പലരും തീവ്രചിന്താഗതിക്കാരുമായി താദാത്മ്യപ്പെടുന്നവരോ അവർക്ക് ഒത്താശ ചെയ്യുന്നവരോ ആണ്.''

ഷി ജിൻപിങ്, വ്ലാദിമിർ പുടിൻ  / Photo: Wikimedia Commons
ഷി ജിൻപിങ്, വ്ലാദിമിർ പുടിൻ / Photo: Wikimedia Commons

അതേസമയം താലിബാൻ ഭരണവ്യവസ്ഥയെ തകർക്കാൻ യു.എസ്. നയിക്കുന്ന കൂട്ടായ്മയെ അതിനനുവദിക്കുകയും പാകിസ്ഥാൻ അവർക്കൊപ്പം നിലകൊണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു: ‘‘ശേഷിക്കുന്ന താലിബാനികളുമായും, മറ്റ് ഇസ്‌ലാമിസ്റ്റ് തീവ്രചിന്താഗതിക്കാരുമായും നേരിട്ടേറ്റുമുട്ടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാകിസ്ഥാൻ സർക്കാർ സുരക്ഷിതവും നിഷ്പക്ഷവുമായ അകലം കൈക്കൊള്ളാൻ ശ്രമിക്കുകയും, അൽ-ഖയ്ദയ്‌ക്കെതിരെ അത് സഹായകരമാവുകയും ചെയ്തു. അൽ- ഖയ്ദയും പാകിസ്ഥാനിലെ അതിന്റെ കൂട്ടാളികളും മുഷറഫിനെ വകവരുത്താൻ തുടർച്ചയായി ശ്രമിക്കുകയും, ഏതാണ്ടത് സാധിക്കുമെന്നുമായപ്പോൾ പാകിസ്ഥാനെ സംബന്ധിച്ച് യുദ്ധം പടിവാതിൽക്കലെത്തി നിൽക്കുകയുമായിരുന്നു.'' റിപ്പോർട്ട് തുടരുന്നു: ‘‘പാകിസ്ഥാനിൽ പൊലീസിന്റെ അസാന്നിധ്യം പ്രകടമായ പ്രദേശങ്ങളുടെ ബാഹുല്യം തീവ്രവാദികൾക്കും റിക്രൂട്ടുകൾക്കും അഭയകേന്ദ്രമെന്ന നിലയ്ക്കും, അഫ്ഗാനിലെ അമേരിക്കൻ ഇടപെടലുകൾക്കെതിരെ കോപ്പു കൂട്ടുന്നതിന് സൗകര്യപ്രദമായ ഇടമെന്ന നിലക്കും രാജ്യത്തെ പ്രിയപ്പെട്ടതാക്കി. 9/11-നു പിന്നലെ ഒട്ടുമിക്ക അക്രമികളും കാണ്ഡഹാർ- ക്വട്ട- കറാച്ചി എന്നീ ഉത്തര- ദക്ഷിണ ശൃംഖലയിൽ സഞ്ചരിച്ചവരാണ്. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രദേശവും (ഖാലിദ് ശേഖ് മുഹമ്മദിന്റെ ഗോത്രമടങ്ങിയ പ്രദേശം), പരന്നു കിടക്കുന്ന കറാച്ചി നഗരവും ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തിന്റെ കേന്ദ്രമായി തുടരുന്നു. ""തങ്ങളുടെ പരിമിതമായ ശേഷിയും, സ്വന്തം മണ്ണിൽ യു.എസിന്റെ സൈനിക പ്രവർത്തനങ്ങൾ അനുവദിക്കാനുള്ള വിമുഖതയും പാകിസ്ഥാനുമായി ചേർന്ന് ഊർജ്ജിതമായ സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിന് അഫ്ഗാനിലെ യു.എസ്. സേനയ്ക്ക് വെല്ലുവിളിയായി.''

Neighbours in Arms: An American Senator's Quest for Disarmament in a Nuclear Subcontinent (2017) എന്ന പുസ്തകത്തിൽ, പാകിസ്ഥാന് സഹായം നൽകുന്നത് തുടരാനുള്ള അമേരിക്കയുടെ ന്യായത്തിന് പോരായ്മകളുണ്ടായിരുന്നെന്ന് യു.എസ്. സെനറ്റിന്റെ ആംസ് കൺട്രോൾ സബ്കമ്മിറ്റിയുടെ മുൻ ചെയർമാൻ എഴുതുന്നുണ്ട്. മാത്യു എം. എയ്ഡിന്റെ 2012-ൽ പ്രസിദ്ധീകരിച്ച Intel Wars: The Secret History of the Fight against Terror എന്ന പുസ്തകത്തെ ഉദ്ധരിച്ചു കൊണ്ട് പ്രസ്സ്‌ലർ എഴുതുന്നു: ‘‘ഐ.എസ്.ഐയും താലിബാനും തമ്മിൽ പരസ്പര സഹകരണം ഉണ്ടെന്ന് സമ്മതിക്കാൻ യു.എസ്. ഇന്റലിജൻസ് വിദഗ്ധർക്ക് വിമുഖതയുണ്ടായിരുന്നു. എന്നാൽ തെളിവുകൾ കുന്നുകൂടിക്കൊണ്ടേയിരുന്നു. തുടർന്ന് 2008ൽ, ഐ.എസ്.ഐ. താലിബാന് പരിശീലനവും, പണവും, ലൊജിസ്റ്റിക്കൽ സപ്പോർട്ടും നൽകുന്നുണ്ടെന്ന് യു.എസ്. തീർച്ചയാക്കി. എന്തിനേറെ, യു.എസിന്റെ ശത്രുപ്പട്ടികയിലുള്ള പ്രധാനപ്പെട്ട എല്ലാ തീവ്രവാദ സംഘങ്ങൾക്കും പാകിസ്ഥാൻ അഭയം നൽകുന്നുണ്ടെന്ന് 2010 ഡിസംബറിൽ നടന്ന ദേശീയ സുരക്ഷാ വിലയിരുത്തലിൽ അവകാശപ്പെടുന്നുണ്ട്.
പാകിസ്ഥാനി താലിബാനും മറ്റു തദ്ദേശീയ തീവ്രവാദികളും കാര്യമായ പ്രതിബന്ധങ്ങളില്ലാതെ വ്യാപരിക്കുന്ന അരാജകമായ "വൈൽഡ് വെസ്റ്റ്' ആയി വടക്കൻ പാകിസ്ഥാൻ പ്രദേശം തുടരുന്നു.'' പ്രെസ്സ്‌ലർ മറ്റൊരിടത്ത് ഇങ്ങനെ എഴുതുന്നു; ""യു.എസിലെ നികുതിദായകരുടെ പണം തങ്ങളുടെ ആണവായുധ പദ്ധതിക്കായി ഉപയോഗിക്കാൻ പാകിസ്ഥാനെ നമ്മൾ അനുവദിച്ചു. തീവ്രവാദികൾക്ക് അഭയസ്ഥാനം നൽകുന്നതിനും യു.എസ്. നികുതിപ്പണം ഉപയോഗിക്കാൻ അവരെ അനുവദിക്കുന്നതെന്തിനാണ്.?''

യു.എസ്. സേനാംഗം അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ / Photo: Wikimedia Commons
യു.എസ്. സേനാംഗം അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ / Photo: Wikimedia Commons

9/11 കമ്മീഷൻ റിപ്പോർട്ട് സൗദി അറേബ്യയുടെ പങ്കിനെയും തുല്യമായി വിമർശിക്കുന്നുണ്ട്: ‘‘ഇസ്‌ലാമിക തീവ്രവാദത്തെ എതിരിടുന്നതിൽ സൗദി അറേബ്യ ഒരു കുഴപ്പം പിടിച്ച കൂട്ടാളിയായിരുന്നു. ഉന്നത നയതന്ത്ര തലത്തിൽ, 9/11 ന് മുമ്പ് തന്നെ താലിബാനെയോ പാകിസ്ഥാനെയോ ലക്ഷ്യം വെച്ചുള്ള അമേരിക്കൻ നയതന്ത്ര ശ്രമങ്ങളോട് സഹകരിക്കുമ്പോൾ തന്നെ ചാരിറ്റികളിലൂടെയും വ്യക്തികളിൽ നിന്നും അൽ- ഖയ്ദ നേരിട്ട് ഫണ്ട് പിരിക്കുന്ന ഒരിടമായിരുന്നു സൗദി അറേബ്യൻ സമൂഹം. 19 ഹൈജാക്കർമാരിൽ 15 പേരെ നിർമ്മിച്ചെടുത്ത സമൂഹമാണത്.''
സൗദിയുടെ സമ്പത്ത് വർധിച്ചതോടെ, വ്യക്തികളും ഭരണകൂടവും സംഭാവന ചെയ്യുന്ന തുകയുടെ ക്രമാതീതമായി ഉയർന്നു. എല്ലാത്തരം ഇസ്‌ലാമിക ചാരിറ്റികളിലേക്കും ഗണ്യമായ തുക ധനസഹായമായി ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു: ‘‘ലോകത്തൊട്ടാകെ വഹാബി വിശ്വാസധാര പ്രചരിപ്പിക്കാനായി സ്‌കൂളുകളിലും പള്ളികളിലുമുൾപ്പടെ സൗദി സർക്കാർ സകാത്തും സർക്കാർ ഫണ്ടുകളും വിനിയോഗിക്കാറുണ്ട്. പലപ്പോഴും പലയിടങ്ങളിലും വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക സ്‌കൂളുകൾ ഇവയായിരിക്കും; സമ്പന്നമായ രാജ്യങ്ങളിൽ പോലും, സൗദി ഫണ്ട് ചെയ്യുന്ന വഹാബി സ്‌കൂളുകളായിരിക്കും ആകെയുള്ള ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനം. അമുസ്‌ലിംകൾക്കെതിരെയുള്ള അക്രമാസക്തമായ ജിഹാദെന്ന ലക്ഷ്യത്തിനായി തീവ്രവാദികൾ ചില വഹാബി സംഘടനകളെ ദുരുപയോഗം ചെയ്തു.''

അഫ്ഗാനിലെ യു.എസ്. ദൗത്യത്തിന് കുഴപ്പം പിടിച്ച വിവക്ഷകളുണ്ടെന്ന് ഒബാമയ്ക്കറിയാമായിരുന്നു

2011ൽ ഒസാമ ബിൻ ലാദന്റെ കൊലയിൽ കലാശിച്ച ഓപറേഷൻ വരെയുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന -ൽ ബറാക് ഒബാമ അഫ്ഗാനിസ്ഥാനിൽ നടത്തിയ ഓപറേഷനിലെ ദുഷ്‌കരമായ പല സംഭവപരമ്പരകളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്: ""വ്യക്തമായ യു.എസ്. സ്ട്രാറ്റജി ഇക്കാര്യത്തിലില്ലാതിരുന്നത് കാര്യങ്ങൾ എളുപ്പമല്ലാതാക്കി. നിങ്ങൾ ആരോട് സംസാരിക്കുന്നു എന്നതിനനുസരിച്ച്, അഫ്ഗാനിലെ ഞങ്ങളുടെ ദൗത്യം ഇടുങ്ങിയതോ (അൽ-ഖയ്ദയെ തുടച്ചു നീക്കുക) വിശാലമോ (ഒരു രാജ്യത്തെ പശ്ചാത്യർക്കൊപ്പം നിൽക്കുന്ന ആധുനിക, ജനാധിപത്യ വ്യവസ്ഥയായി രൂപാന്തരപ്പെടുത്തൽ) ആയിരിക്കും. പല പ്രദേശങ്ങളിൽ നിന്നും താലിബാൻ സാന്നിധ്യം തുടർച്ചയായി ഒഴിപ്പിച്ചിട്ടും ഒട്ടും കാര്യക്ഷമമല്ലാത്ത പ്രാദേശിക ഭരണവ്യവസ്ഥ കാരണം തങ്ങളുടെ പരിശ്രമങ്ങൾ വൃഥാവിലാവുന്നത് നമ്മുടെ സേനാംഗങ്ങൾക്ക് കാണേണ്ടി വന്നു. തീവ്രമായ അഭ്യൂദയേച്ഛ കൊണ്ടോ, അഴിമതി മൂലമോ, അതോ അഫ്ഗാനിൽ നിന്നുള്ള സ്വീകാര്യതക്കുറവ് കൊണ്ടോ എന്തോ യു.എസിന്റെ വികസന പദ്ധതികൾ പ്രതീക്ഷയ്‌ക്കൊത്ത് വിജയിച്ചില്ല. കാബൂളിലെ ഏറ്റവും ഗൂഢമായ ബിസിനസ്സ് ഓപറേറ്റർക്ക് ഭീമമായ യു.എസ്. കരാറുകൾ അനുവദിച്ചു നൽകിയത് അഫ്ഗാൻ ജനതയെ കയ്യിലെടുക്കാനുള്ള അഴിമതി-വിരുദ്ധ പരിശ്രമങ്ങളെയും ദുർബലമാക്കി.''

അഫ്ഗാനിലെ യു.എസ്. ദൗത്യത്തിന് കുഴപ്പം പിടിച്ച വിവക്ഷകളുണ്ടെന്ന് ഒബാമയ്ക്കറിയാമായിരുന്നു. റോബർട്ട് ഗേറ്റ്‌സിനോട് (സെക്രട്ടറി ഓഫ് ഡിഫൻസ്‌) അദ്ദേഹം പറഞ്ഞു; ""സിവിലയൻ, മിലിറ്ററി ഏജൻസികൾ എന്നിവ രണ്ടും കൃത്യമായി നിർവചിക്കപ്പെട്ട ദൗത്യവുമായി യോജിച്ചു പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിലാണ് എന്റെ പ്രഥമ പരിഗണന. ഗേറ്റ്‌സും അത് ശരിവച്ചു. 1980കളിൽ സി.ഐ.എ. ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നപ്പോൾ, സോവിയറ്റ് അധിനിവേശത്തെ ചെറുക്കാൻ അഫ്ഗാനിലെ മുജാഹിദീനുകളെ സായുധരാക്കുന്നതിന് മേൽനോട്ടം വഹിച്ചത് ഗേറ്റ്‌സ് ആയിരുന്നു. ശക്തമായ സംഘടിത സ്വഭാവമില്ലാതിരുന്നിട്ടു പോലും പുകൾപെറ്റ ചെമ്പടയെ പിൻവാങ്ങലിലേക്ക് വലിച്ചിഴക്കുന്നതും- ഇതേ കലാപത്തിന്റെ മൂലതത്ത്വങ്ങൾ പിന്നീട് അൽ-ഖയ്ദയായി പരിണമിക്കുന്നതും കണ്ടതിന്റെ വെളിച്ചത്തിൽ, തിടുക്കപ്പെട്ടുള്ള പ്രവർത്തികളിൽ നിന്നുരുത്തിരിയുന്ന അനഭിലഷണീയമായ അനന്തരഫലങ്ങളെ കുറിച്ച് ഗേറ്റ്‌സ് ബോധ്യവാനായിരുന്നു. നിയന്ത്രിതവും യാഥാർത്ഥ്യ ബോധത്തോടുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കാത്തിടത്തോളം, നമ്മൾ പരാജയം ക്ഷണിച്ചു വരുത്തുകയാണെന്ന് ഗേറ്റ്‌സ് എന്നോടു പറഞ്ഞു.''

ജോ ബൈഡൻ തന്റെ കാബൂൾ സന്ദർശനത്തിനു പിന്നാലെ ""അഫ്ഗാനിസ്ഥാനോടുള്ള നമ്മുടെ ആകെയുള്ള സമീപനത്തിൽ പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയെന്ന്'' ഒബാമ എഴുതുന്നുണ്ട്. അഫ്ഗാനിസ്ഥാനെ അപകടം പതിയിരിക്കുന്ന ചതുപ്പുനിലമായി കണ്ട ബൈഡൻ സൈനികവിന്യാസം വൈകിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു. അപാകതകളുള്ള പദ്ധതിയെ അടിസ്ഥാനമാക്കി തിടുക്കപ്പെട്ട് സേനാവിന്യാസം നടത്തി അതിലും വേഗത്തിൽ പിൻവലിക്കേണ്ടി വരുന്നതിനെക്കാളുപരി, കൃത്യമായ പദ്ധതി രൂപീകരിച്ചതിനു ശേഷമുളള സേനാവിന്യാസം എളുപ്പമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.''

വാസ്തവത്തിൽ ഒബാമ എഴുതിയത് ഇന്ന് സത്യമായി ഭവിച്ചിരിക്കുന്നു. കാബൂളിൽ യു.എസ്. ഘോരമായ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്നും ഒബാമയ്ക്ക് തീർച്ചയുണ്ടായിരുന്നു.

ഉദ്ധരിച്ചു കൊണ്ട് ഒബാമ എഴുതുന്നു, ""തങ്ങളുടെ അതിർത്തി പ്രദേശമായ ക്വട്ടയിലെ താലിബാൻ ആസ്ഥാനത്തിന്റെയും നേതൃത്വത്തിന്റെയും സാന്നിധ്യം പാകിസ്ഥാൻ സൈന്യം (പ്രത്യേകിച്ചും രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ.) അനുവദിച്ചു കൊടുക്കുക മാത്രമല്ല, അഫ്ഗാൻ സർക്കാറിനെ ദുർബലമാക്കാനും പാകിസ്ഥാന്റെ പ്രധാന ശത്രുവായ ഇന്ത്യയുമായി കാബൂൾ അടുക്കുന്നത് തടയാനും താലിബാനെ അവർ സ്വകാര്യമായി സഹായിച്ചിരുന്നു. അക്രമണോത്സുകമായ തീവ്രവാദി സംഘടനകളുമായുള്ള സങ്കീർണ്ണ ബന്ധവും, ആണവായുധ സാങ്കേതികതയുടെ നിരുത്തരവാദിത്തപരമായ വിപുലീകരണ ചരിത്രവും നിലനിൽക്കെ, സൈനിക, സാമ്പത്തിക സഹായമായി ദശലക്ഷക്കണക്കിന് ഡോളർ നൽകി പിന്തുണച്ച യു.എസ്. സർക്കാർ കാലങ്ങളോളം തങ്ങളുടെ "സഖ്യകക്ഷിയിൽ' നിന്നുള്ള ഇത്തരം പെരുമാറ്റങ്ങൾ വകവെക്കാതിരുന്നു. യു.എസിന്റെ തട്ടിക്കൂട്ട് വിദേശകാര്യനയത്തെ കുറിച്ച് ഇത് കൃത്യമായ ധാരണ നൽകുന്നുണ്ട്. പാകിസ്ഥാന് നൽകി വരുന്ന സൈനികസഹായം പൊടുന്നനെ പിൻവലിക്കുക നടപ്പില്ല. നമ്മുടെ അഫ്ഗാൻ ഓപറേഷനുകൾക്ക് വേണ്ടിയുള്ള വിഭവവിതരണം നടത്താൻ പാകിസ്ഥാൻ കരമാർഗ്ഗം ആശ്രയിക്കുന്നത് കൊണ്ടു മാത്രമല്ലത്, പാകിസ്ഥാനിനുള്ളിൽ പ്രവർത്തിക്കുന്ന അൽ-ഖയ്ദക്കെതിരായ നമ്മുടെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ സർക്കാർ മൗനാനുവാദം നൽകി സൗകര്യമൊരുക്കിത്തരുകയും ചെയ്തിരുന്നു.'' റൈഡൽ റിപ്പോർട്ട് ഒരു കാര്യം വ്യക്തമാക്കുന്നു: ""താലിബാന് അഭയം നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കാത്തിടത്തോളം, അഫ്ഗാനിസ്ഥാനിൽ സുദീർഘമായ സുസ്ഥിരതയ്ക്കു വേണ്ടി നമ്മൾ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടും.''
​വാസ്തവത്തിൽ ഒബാമ എഴുതിയത് ഇന്ന് സത്യമായി ഭവിച്ചിരിക്കുന്നു. കാബൂളിൽ യു.എസ്. ഘോരമായ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്നും ഒബാമയ്ക്ക് തീർച്ചയുണ്ടായിരുന്നു. ഒബാമയെ ഉദ്ധരിക്കുകയാണെങ്കിൽ, ""താലിബാൻ ശക്തിപ്രാപിച്ചതും, അഫ്ഗാൻ സൈന്യം ദുർബലവും ആത്മവീര്യമില്ലാത്തതുമായിത്തീർന്നതും, അക്രമണങ്ങളും കൃത്രിമത്വവും ശബ്ദമുഖരിതമാക്കിയ തെരഞ്ഞെടുപ്പിലൂടെ അഫ്ഗാൻ ജനങ്ങൾ ദൂഷിതവും അയോഗ്യവുമെന്ന് വിലയിരുത്തിയ സർക്കാറിനെ കർസായി വീണ്ടും നയിച്ചതുമൊക്കെ അഫ്ഗാനിസ്ഥാനിലെ സാഹചര്യം മോശമാക്കുകയും, അനുദിനം അത് കൂടുതൽ വഷളാവുകയും ചെയ്തു.'' 2009 നവംബറോടെ തന്റെ ടീം അംഗങ്ങൾക്കിടയിലെ പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെല്ലാം ഈയൊരവസ്ഥയിൽ വലിയൊരളവോളം ഇല്ലാതായതായി ഒബാമ തിരിച്ചറിഞ്ഞു. ""അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാനെ തുടച്ചു നീക്കുകയെന്ന ലക്ഷ്യം അയഥാർത്ഥമാണെന്ന് ജനറൽമാർ സമ്മതിച്ചു. എന്നിരുന്നാലും, അഫ്ഗാനിസ്ഥാൻ താലിബാനിൽ പിടിമുറുക്കിയോ തങ്ങളുടെ ഇന്റലിജൻസ് സ്വരൂപണത്തിന് തടയിട്ടാലോ അൽ-ഖയ്ദക്കെതിരായ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഫലവത്താവില്ലെന്ന് ജോ ബൈഡന്റേയും ഒബാമയുടേയും എൻ.എഫ്.സി. അംഗങ്ങൾ ബോധിപ്പിച്ചിരുന്നു.''

പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി
പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി

വർഷങ്ങൾക്കിപ്പുറം, യു.എസിന് അനിവാര്യമായ ഒരു തീരുമാനമെടുക്കേണ്ടി വന്നു- "അപ്രതീക്ഷിത അനന്തരഫലങ്ങൾ' ഒന്നും പ്രതീക്ഷിക്കാതെ അഫ്ഗാനിൽ നിന്നും സൈന്യത്തെ പിൻവലിക്കുകയെന്നത്. വർഷങ്ങളായി താലിബാനും, മറ്റു ജിഹാദി നെറ്റ്‌വർക്കുകൾക്കും നൽകി വരുന്ന സ്ഥിരമായ പിന്തുണയോടെ, പാകിസ്ഥാന് അഫ്ഗാനിസ്ഥാനിലുള്ള പങ്ക് വർധിച്ചു കൊണ്ടിരുന്നു. യു.എസ്-താലിബാൻ ധാരണയ്ക്കും തുടർന്നുള്ള യു.എസ്. സൈനികപിൻമാറ്റ പ്രഖ്യാപനത്തിനും ശേഷം ഇക്കാര്യം പ്രത്യക്ഷമായിരുന്നു. ആഗ്‌സ്ത് 15ന് ഗാനി സർക്കാർ താഴെയിറങ്ങിയത് മുതലുള്ള അനിശ്ചിതത്വത്തിനിടെ, പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ കാബൂളിന് പല സൂചനകളും നൽകിയിരുന്നു. അതാണ് പാകിസ്ഥാൻ ഇൻഫമേഷൻ മിനിസ്റ്റർ ഫവാദ് ചൗധരി, ""യുദ്ധങ്ങൾ തകർത്ത അഫ്ഗാനെ സംബന്ധിക്കുന്ന പാകിസ്ഥാന്റെ ഉപദേശങ്ങൾ അവഗണിച്ചാൽ അപ്രതീക്ഷിതമായ അനിഷ്ടകാര്യങ്ങൾ അഫ്ഗാൻ പ്രതിസന്ധിയിൽ നിന്നുരുത്തിരിഞ്ഞേക്കുമെന്നും, ലോകത്തിനാകെ അതിനെ കൈകാര്യം ചെയ്യേണ്ടി വന്നേക്കുമെന്നും'' മുന്നറിയിപ്പ് നൽകിയത്. ചൗധരിയുടെ പ്രസ്ഥാവനയ്ക്കു പിന്നാലെയാണ് ഐ.എസ്.ഐ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദും സംഘവും കാബൂൾ സന്ദർശിച്ചത്. എല്ലാം ശരിയാവുമെന്നായിരുന്നു ജനറൽ ഹമീദ് പറഞ്ഞത്. ഐ.എസ്.ഐയുടെ "തന്ത്രപ്രധാനമായ' സന്ദർശനത്തിനു തൊട്ടു പിന്നാലെ പുതിയ സർക്കാർ അധികാരത്തിലേറുകയും ചെയ്തു. കാബൂളിലെ ജിഹാദി എസ്റ്റേറ്റ് രൂപീകരണത്തിൽ ഐ.എസ്.ഐയുടെ പങ്കിനെക്കുറിച്ച് ലാറി പ്രെസ്സ്‌ലർ വർഷങ്ങൾക്കു മുൻപ് എഴുതിയത് ഇപ്പോഴും പ്രസ്‌ക്തമാണെന്ന് മിക്ക നിരീക്ഷകരും വിശ്വസിക്കുന്നു.

അൽ- ഖയ്ദയുടെയും ഐ.എസിന്റേയും ഇസ്‌ലാം നിർവചനത്തോട് പൂർണമായോ ഭാഗികമായോ ആഭിമുഖ്യം പുലർത്തുന്ന ജിഹാദികൾ ഏതെങ്കിലും തരത്തിലുള്ള അനുനയ ശ്രമങ്ങൾക്കോ, ജനാധിപത്യരീതിയിലുള്ള വ്യവഹാരങ്ങൾക്കോ ചെവികൊടുക്കില്ല. 9/11 റിപ്പോർട്ടിൽ പറയുന്നു: ""നമ്മളാണ് സന്ദേശവാകരെന്ന കാരണത്താൽ ഇത്തരം സന്ദേശങ്ങൾക്ക് പരിമിതമായ സ്വീകാര്യത മാത്രമാണ് ലഭിക്കുകയെന്ന വസ്തുത നിലനിൽക്കത്തന്നെ, പരിഷ്‌കരണത്തിനും, സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും വേണ്ടി അറബുകൾക്കും മുസ്‌ലിംങ്ങൾക്കുമിടയിലെ വലിയൊരു വിഭാഗത്തിനെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ജിഹാദ്, സ്ത്രീകളുടെ പങ്ക്, മുസ്‌ലിമേതര ന്യൂനപക്ഷങ്ങളുടെ സ്ഥാനം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ മുസ്‌ലിംങ്ങൾ സ്വയം വിലയിരുത്തണം. യു.എസിന് ക്രമീകരണത്തെ പിന്തുണക്കാനേ കഴിയൂ, ഔന്നത്യം ഉറപ്പുവരുത്താൻ പറ്റില്ല. അത് മുസ്‌ലിംങ്ങൾക്കു മാത്രം സാധിക്കുന്ന കാര്യമാണ്.''

താലിബാന്റെ "ഔന്നത്യം' എന്തിന്റെ പ്രകടനമാണ്?, അമേരിക്കൻ വിഷമസന്ധിയുടെതോ അതോ അവരുടെ വിഫലമായ ആഗ്രഹത്തിന്റേതോ? ഒരു "ഇൻക്ലൂസിവ് സർക്കാർ' എന്തായിരിക്കുമെന്ന് കാബൂളിലെ ഭരണകൂടം കാണിച്ചു തന്നിട്ടുണ്ട്. കരിമ്പട്ടികയിലുള്ള തീവ്രവാദ തലച്ചോറുകളെയെല്ലാം അതിൽ "ഉൾക്കൊള്ളിച്ചിട്ടുണ്ട്.' താലിബാൻ തീരുമാനിക്കുന്ന ശരീഅയുടെ കീഴിലുള്ള സ്ത്രീകളുടെ സ്ഥാനം പ്രഖ്യാപിച്ചു കഴിഞ്ഞു- പല പ്രൊവിൻസുകളിൽ നിന്നും വരുന്ന വംശീയ ഉന്മൂലനത്തിന്റെ റിപ്പോർട്ടുകളിൽ നിന്ന് ന്യൂനപക്ഷങ്ങളുട സ്ഥാനവും മനസ്സിലാക്കാം.

കാബൂളിലെ അധികാരക്കളികളുടെ പരിണിതഫലം വ്യക്തമാണ്. 18 ദശലക്ഷത്തോളം ജനങ്ങളെ, മുൻപു തന്നെ നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെ ആഴക്കഴങ്ങളിലേക്ക് തള്ളിവിട്ടു കൊണ്ട്, രാജ്യത്ത് ഉരുത്തിരിയുന്ന മാനവിക പ്രതിസന്ധിയെക്കുറിച്ച് ആഗോള ഏജൻസികൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. നിലവിലത്തെ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ രാജ്യത്തെ 97 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെ വന്നു പതിക്കുമെന്ന് യു.എൻ.ഡി.പി. സൂചന നൽകിയിട്ടുണ്ട്. അഫ്ഗാന്റെ ഫ്രോസൻ അസറ്റുകൾ തടസ്സപ്പെട്ടുതന്നെ കിടക്കവെ, രാജ്യത്തിന്റെ അവസ്ഥ തീർത്തും പ്രവചനാതീതമാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments