ട്രംപ് 2.0: വംശീയതയുടെ, വിദ്വേഷത്തിൻെറ,
ആശങ്കകളുടെ ആവർത്തനങ്ങൾ

കടുത്ത യാഥാസ്ഥിതികനായ, സ്ത്രീവിരുദ്ധത പറയുന്നതിനൊപ്പം അത്തരം നയങ്ങൾ നടപ്പാക്കാനൊരുമ്പെടുന്ന, നിരവധി ലൈംഗികാരോപണക്കേസുകളിൽ കുറ്റാരോപിതനായ, മുസ്ലിം വിരുദ്ധനായ, മനുഷ്യാവകാശങ്ങളെ തെല്ലുവില കൽപ്പിക്കാത്ത, എതിരാളികളെ അധികാരം ഉപയോഗിച്ച് വേട്ടയാടുമെന്ന് പ്രഖ്യാപിക്കുന്ന, കുടിയേറ്റ ജനതയെ രക്തദാഹികളായ ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്ന ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കയുടെ പരമാധികാരിയാവുമ്പോൾ സംഭവിക്കാൻ പോവുന്നത്. ടി. ശ്രീജിത്ത് എഴുതുന്നു.

“ഒരു ചരിത്രകാരൻ മുമ്പ് പറഞ്ഞിട്ടുള്ള ഒരു വാചകമുണ്ട്. ചരിത്രത്തിൻെറ പല സന്ദിഗ്ദ ഘട്ടങ്ങളിലും സത്യമായിട്ടുള്ള ഒരു നിയമമാണത്. അത് ഇങ്ങനെയാണ്, ‘എല്ലായിടത്തും നല്ല ഇരുട്ടുള്ളപ്പോൾ മാത്രമേ നിങ്ങൾക്ക് നക്ഷത്രങ്ങളെ കാണാൻ സാധിക്കുകയുള്ളൂ’ എനിക്കറിയാം… നിങ്ങളിൽ പലരും കരുതുന്നത് നമ്മൾ ഒരു ഇരുണ്ട കാലത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ്. എന്നാൽ നമ്മുടെയൊക്കെ നല്ലതിന് വേണ്ടി ഞാൻ ഒരു കാര്യം പറയാം. അതല്ല സംഭവിക്കാൻ പോവുന്നത്. മുന്നോട്ട് പോവുമ്പോൾ, വെളിച്ചവും തെളിച്ചവുമുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളെ കൊണ്ട് നമുക്ക് ആകാശത്തെ നിറയ്ക്കാം… അത് ശുഭാപ്തി വിശ്വാസത്തിൻെറയും സത്യസന്ധതയുടെയും സ്നേഹത്തിൻെറയും സേവനത്തിൻെറയും വെളിച്ചമാവണം.”

2024-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോട് പരാജയപ്പെട്ട ശേഷം, നവംബർ 5ന് ചൊവ്വാഴ്ച വൈകീട്ട് വാഷിങ്ടൺ ഡി.സിയിൽ തൻെറ മുന്നിൽ തടിച്ച് കൂടിയ ജനങ്ങളോട് സംസാരിക്കവേ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന കമലാ ഹാരിസ് (Kamala Harris) പറഞ്ഞ വാക്കുകളാണിത്. തോൽവിയിൽ നിരാശപ്പെടേണ്ടതില്ലെന്നും നമ്മൾ ഒരിക്കലും വിട്ടുകൊടുക്കരുതെന്നും അവർ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അമേരിക്കയിൽ വീണ്ടുമൊരു ഇരുണ്ട കാലം പിറക്കാൻ പോവുന്നുവെന്ന് കമലയും ഡെമോക്രാറ്റിക് പാർട്ടിയും ഒപ്പം ലോകത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളും ആശങ്ക പുലർത്തുന്നു.

കടുത്ത യാഥാസ്ഥിതികനായ, സ്ത്രീവിരുദ്ധത പറയുന്നതിനൊപ്പം അത്തരം നയങ്ങൾ നടപ്പാക്കാനൊരുമ്പെടുന്ന, നിരവധി ലൈംഗികാരോപണക്കേസുകളിൽ കുറ്റാരോപിതനായ, മുസ്ലിം വിരുദ്ധനായ, മനുഷ്യാവകാശങ്ങളെ തെല്ലുവില കൽപ്പിക്കാത്ത, എതിരാളികളെ അധികാരം ഉപയോഗിച്ച് വേട്ടയാടുമെന്ന് പ്രഖ്യാപിക്കുന്ന, കുടിയറ്റ ജനതയെ രക്തദാഹികളായ ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്ന ഒരാൾ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യങ്ങളിലൊന്നിൽ വീണ്ടും അധികാരക്കസേരയിൽ എത്തുമ്പോൾ എങ്ങനെയാണ് ആശ്വസിക്കാൻ സാധിക്കുകയെന്നതാണ് ചോദ്യം. ആദ്യമായി ഒരു വനിതയെ, കറുത്ത വംശജയായ വനിതയെ, തെക്കനേഷ്യൻ വംശജയെ പ്രസിഡൻറാക്കാനുള്ള അവസരം വേണ്ടെന്ന് വെച്ചാണ് അമേരിക്കൻ ജനത ഡോണൾഡ് ട്രംപിനെ (Donald Trump) വീണ്ടും രാജ്യത്തിൻെറ പരമാധികാരിയാക്കിയത്…

അമേരിക്കയിൽ വീണ്ടുമൊരു ഇരുണ്ട കാലം പിറക്കാൻ പോവുന്നുവെന്ന് കമലയും ഡെമോക്രാറ്റിക് പാർട്ടിയും ഒപ്പം  ലോകത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളും ആശങ്ക പുലർത്തുന്നു.
അമേരിക്കയിൽ വീണ്ടുമൊരു ഇരുണ്ട കാലം പിറക്കാൻ പോവുന്നുവെന്ന് കമലയും ഡെമോക്രാറ്റിക് പാർട്ടിയും ഒപ്പം ലോകത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളും ആശങ്ക പുലർത്തുന്നു.

ട്രംപ് 1.0

ഒരു വ്യവസായ കുടുംബത്തിൽ ജനിച്ച് വളർന്ന ട്രംപ് രാഷ്ട്രീയത്തിലിറങ്ങിയത് അവിചാരിതമായാണ്. ചെറുപ്പം മുതലേ ബിസിനസിനോട് താൽപര്യമുണ്ടായിരുന്ന അദ്ദേഹം, കുടുംബത്തിൻെറ പാരമ്പര്യ വ്യവസായത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1971 മുതൽ പിതാവിൻെറ വ്യവസായ സംരംഭങ്ങളെല്ലാം നോക്കിനടത്തിയിരുന്ന ട്രംപ്, പതുക്കെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വ്യവസായികളിൽ ഒരാളായി വളർന്നു. പിന്നീട് എൻറർടെയിൻമെൻറ്, മീഡിയ ബിസിനസുകളൊക്കെ ആരംഭിക്കുന്നു. സ്വയം അവതരിപ്പിച്ച ‘ദി അപ്രൻറീസ്’ എന്ന 14 സീസണുകൾ നീണ്ട റിയാലിറ്റി ഷോ അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു. 2000-ത്തിലാണ് റിഫോം പാർട്ടിയിലൂടെ ട്രംപ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2012-ൽ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പാർട്ടികളിലൊന്നായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗമായി അദ്ദേഹം മാറുന്നു.

2016-ൽ പ്രസിഡൻറ് സ്ഥാനത്തേക്ക് ട്രംപ് മത്സരത്തിനെത്തുമ്പോൾ രാഷ്ട്രീയ വിദഗ്ദരോ പോൾ വിദഗ്ദരോ ഒന്നും തന്നെ അദ്ദേഹത്തിൻെറ വിജയം പ്രതീക്ഷിച്ചിരുന്നില്ല. ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകളുടെ ഭരണത്തിന് തുടർച്ചയുണ്ടാവുമെന്നായിരുന്നു പൊതുവിലുള്ള വിലയിരുത്തൽ. രാജ്യത്തിൻെറ ആദ്യ വനിതാ പ്രസിഡൻറാവാൻ ഡെമോക്രാറ്റ് സ്ഥാനാർഥിയായി ഹിലരി ക്ലിൻറൺ. തെരഞ്ഞെടുപ്പ് പ്രചാരണവേദിയെ തൻെറ ടിവി റിയാലിറ്റി ഷോയ്ക്ക് സമാനമായി പെർഫോമൻസ് വേദിയാക്കിയ ട്രംപ് പരസ്യമായി വംശീയ, വിദ്വേഷ പ്രസംഗങ്ങളുമായാണ് രാഷ്ട്രീയ പ്രസംഗങ്ങൾ തുടങ്ങിയത്. അമേരിക്കയിലെ കുടിയേറ്റക്കാരായിരുന്നു ആദ്യ ഉന്നം. മെക്സിക്കോയിൽ നിന്നാണ് അമേരിക്കയിലേക്ക് ക്രിമിനലുകളും മയക്കുമരുന്നും എത്തുന്നതെന്നും അതിനാൽ അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയിൽ അനധികൃത കുടിയേറ്റം തടയാൻ ഒരു വലിയ മതിൽ നിർമ്മിക്കുമെന്നും ട്രംപ് തൻെറ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിദേശീയതായിരുന്നു മറ്റൊരു പ്രചാരണായുധം. അമേരിക്കയെ മഹത്തരമാക്കാമെന്ന് എന്ന് അദ്ദേഹം അന്നും ഇന്നും ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നു. രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടയ്ക്കുമെന്നും മാധ്യമപ്രവർത്തകരെ പാഠം പഠിപ്പിക്കാൻ വേണമെങ്കിൽ സുരക്ഷാസേനയെയും അല്ലെങ്കിൽ സൈന്യത്തെ പോലും ഉപയോഗിക്കുമെന്നും പറയുന്നു.

2020-ൽ ട്രംപിനെ അധികാരത്തിൽ നിന്ന് പുറത്തിരുത്താനാണ് അമേരിക്കൻ ജനത തീരുമാനിച്ചത്. കോവിഡ് കാലത്ത് ട്രംപിൻെറ മണ്ടൻ നയങ്ങൾ അമേരിക്കയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.

അവിചാരിതമായാണ് രാഷ്ട്രീയത്തിലെത്തിയത് എങ്കിലും അമേരിക്കൻ പ്രസിഡൻറ് പദത്തിലേക്കുള്ള ട്രംപിൻെറ ആദ്യത്തെയും രണ്ടാമത്തെയും വരവ് കൃത്യമായ പദ്ധതികൾ നിശ്ചയിച്ച് ഉറപ്പിച്ച് തന്നെയാണ്. 2016-ൽ ആദ്യം പ്രസിഡൻറായ കാലത്ത് തുടക്കത്തിൽ തന്നെ എടുത്ത നിലപാടുകളിൽ പലതും വിവാദമായിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ കടക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തി. ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയിരുന്നത്. പ്രധാനപ്പെട്ട ചില കാലാവസ്ഥാ, വ്യാവസായിക കരാറുകളിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചു. കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പിലാക്കി. ചൈനയുമായി വ്യവസായിക മേഖലയിൽ ഒരു ‘യുദ്ധം’ തന്നെ ആരംഭിച്ചു. പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട അമേരിക്കൻ നയങ്ങൾ പലതും ഉടച്ചുവാർത്തു. അമേരിക്ക അതുവരെ കാണാത്ത നിലയിൽ ടാക്സ് കട്ടുകൾ നടത്തി.

2016-ൽ ആദ്യം പ്രസിഡൻറായ കാലത്ത് തുടക്കത്തിൽ തന്നെ ട്രംപ് എടുത്ത നിലപാടുകളിൽ പലതും വിവാദമായിരുന്നു.
2016-ൽ ആദ്യം പ്രസിഡൻറായ കാലത്ത് തുടക്കത്തിൽ തന്നെ ട്രംപ് എടുത്ത നിലപാടുകളിൽ പലതും വിവാദമായിരുന്നു.

നാല് വർഷത്തിന് ശേഷം 2020-ൽ ട്രംപിനെ അധികാരത്തിൽ നിന്ന് പുറത്തിരുത്താനാണ് അമേരിക്കൻ ജനത തീരുമാനിച്ചത്. കോവിഡ് കാലത്ത് ട്രംപിൻെറ മണ്ടൻ നയങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. ഈ പ്രതിസന്ധി തന്നെയായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിക്ക് അധികാരത്തുടർച്ച ഇല്ലാതാവാൻ പ്രധാന കാരണമായത്. ട്രംപ് ഒരിക്കൽ കൂടി അധികാരത്തിലെത്തുമ്പോൾ അമേരിക്കയെ ആഭ്യന്തരമായി ബാധിക്കുന്ന വിഷയങ്ങളിലും ലോകത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയങ്ങളിലുമുള്ള നയങ്ങൾ എന്താവുമെന്നതിലാണ് വലിയ ആശങ്കയുള്ളത്.

ഗർഭഛിദ്രനയം

രണ്ടാം ട്രംപ് ഭരണത്തിൽ അമേരിക്കയെ ആഭ്യന്തരമായി ബാധിക്കാൻ പോവുന്ന ഒരു പ്രധാനവിഷയം ഗർഭഛിദ്രനയവുമായി ബന്ധപ്പെട്ടുള്ളതാണ്. ഗർഭഛിദ്രത്തിന് കടുത്ത നിയന്ത്രണങ്ങളോ അതല്ലെങ്കിൽ നിരോധനമോ തന്നെ കൊണ്ടുവരാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. അമേരിക്കയിലെ സ്ത്രീകളുടെ ശരീരവുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണെന്ന് കമലാ ഹാരിസ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പുതിയ നിയമനിർമ്മാണം കൊണ്ടുവരാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചാൽ ഡെമോക്രാറ്റുകൾക്ക് അത് എങ്ങനെ തടയാനാവുമെന്നത് കണ്ടറിയണം. “ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നത്. അതിനുള്ള അവകാശം ഇല്ലാതാക്കാൻ തന്നെ ട്രംപിന് മുന്നിൽ പല വഴികളുണ്ട്. ഫെഡറൽ നടപടികളിലൂടെയോ ജൂഡീഷ്യൽ തീരുമാനങ്ങളിലൂടെയോ ഗർഭഛിദ്രം തന്നെ ട്രംപ് നിരോധിച്ചേക്കും” - അമേരിക്കൻ സർവകലാശാലയിലെ നിയമ പ്രൊഫസറായ ലെവിസ് ഗ്രോസ്മാൻ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. ഗർഭഛിദ്ര മരുന്നുകളായിരിക്കും ട്രംപിൻെറ ആദ്യലക്ഷ്യമെന്ന് വിദഗ്ദർ പറയുന്നു. ഗർഭഛിദ്രം നിയന്ത്രിക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിൻെറ ശ്രമങ്ങൾക്കെതിരെ അമേരിക്കയിലെ സ്ത്രീകളിൽ നിന്ന് വലിയ ചെറുത്തുനിൽപ്പുണ്ടാവുമെന്ന് ഉറപ്പാണ്. ട്രംപിൻെറ എതിരാളി കമലാ ഹാരിസ് തന്നെയായിരിക്കും ഒരുഭാഗത്ത് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുക.

വംശീയ വിരുദ്ധതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ട്രംപ് യുദ്ധങ്ങളോട് മമതയില്ലാത്ത പ്രസിഡൻറാണെന്ന് പൊതുവിലയിരുത്തലുണ്ട്. യുദ്ധം സാമ്പത്തികമായി വലിയ നഷ്ടം വരുത്തിവെക്കുമെന്നുള്ള ബിസിനസുകാരൻെറ ചിന്തയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഗാസ

വൈറ്റ് ഹൗസിലേക്ക് ട്രംപ് വീണ്ടുമെത്തുന്നുവെന്ന് ഉറപ്പായപ്പോൾ ആദ്യം അഭിനന്ദനം അറിയിച്ചവരിൽ ഒരാൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്. പശ്ചിമേഷ്യയിൽ ഇസ്രായേൽ എടുക്കുന്ന എന്ത് നിലപാടിനോടും പൂർണ യോജിപ്പ് പ്രകടിപ്പിക്കുന്ന നേതാവാണ് ഡോണൾഡ് ട്രംപ്. ഇസ്രായേലിന് താൽപര്യമില്ലാത്ത, ഇറാനുമായുള്ള കരാറുകളിൽ നിന്ന് നേരത്തെ ട്രംപ് പിൻമാറിയിരുന്നു. ജറുസലേമിനെ ഇസ്രായേലിൻെറ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നുവെന്നും നേരത്തെ പ്രസിഡൻറായിരുന്ന കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വംശീയ വിരുദ്ധതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ട്രംപ് യുദ്ധങ്ങളോട് മമതയില്ലാത്ത പ്രസിഡൻറാണെന്ന് പൊതുവിലയിരുത്തലുണ്ട്. യുദ്ധം സാമ്പത്തികമായി വലിയ നഷ്ടം വരുത്തിവെക്കുമെന്നുള്ള ബിസിനസുകാരൻെറ ചിന്തയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

വൈറ്റ് ഹൗസിലേക്ക് ട്രംപ് വീണ്ടുമെത്തുന്നുവെന്ന് ഉറപ്പായപ്പോൾ ആദ്യം അഭിനന്ദനം അറിയിച്ചവരിൽ ഒരാൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്.
വൈറ്റ് ഹൗസിലേക്ക് ട്രംപ് വീണ്ടുമെത്തുന്നുവെന്ന് ഉറപ്പായപ്പോൾ ആദ്യം അഭിനന്ദനം അറിയിച്ചവരിൽ ഒരാൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്.

ട്രംപിൻെറ രണ്ടാം വരവിൽ ഇസ്രായേൽ വലിയ പ്രതീക്ഷയിലാണ്. ഗാസയിൽ ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏകദേശം 40000-ത്തോളം പേരെയാണ് ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയതെന്നാണ് കണക്കുകൾ. ഗാസയിൽ താൽക്കാലികമായി ആധിപത്യം ഉറപ്പിക്കാനല്ല ഇസ്രായേൽ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് വിദേശകാര്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പൂർണമായും ഗാസയെ വരുതിയിലാക്കി അവിടുത്തെ പലസ്തീനിയൻ ജനതയെ കാലാകാലം പലായനത്തിലേക്ക് നയിക്കാനാണ് അവർ ലക്ഷ്യം വെക്കുന്നത്. ട്രംപിൻെറ കൂടി പിന്തുണയിൽ ഇത് നടപ്പിലാക്കൻ ഇസ്രായേൽ ആഗ്രഹിക്കുന്നു. “ഇസ്രായേലുമായി ബന്ധപ്പെട്ട് പറയുകയാണെങ്കിൽ ആദ്യ ടേമിൽ ഗംഭീരമായി പ്രവർത്തിച്ച അമേരിക്കൻ പ്രസിഡൻറാണ് ഡോണൾഡ് ട്രംപ്. അദ്ദേഹം ആരാണെന്നും എന്ത് നയങ്ങളാണ് എടുക്കുകയെന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം. ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം, ഒരാഴ്ച കൊണ്ട് ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടാൽ ഞങ്ങൾ അത് ബഹുമാനത്തോടെ സ്വാഗതം ചെയ്യും,” - അമേരിക്കയിലെ മുൻ ഇസ്രായേൽ അംബാസിഡറായ മൈക്കൽ ഓറൻ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

പൊതുവിൽ നയങ്ങളിൽ സ്ഥിരത ആഗ്രഹിക്കുന്നവരാണ് ചൈനീസ് ഭരണാധികാരികൾ. എന്നാൽ ട്രംപിൻെറ കാലത്ത് അമേരിക്കയിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ല.

ചൈനയുമായുള്ള മത്സരം

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളെന്ന നിലയിൽ അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരം ട്രംപ് വരുമ്പോൾ കൂടുതൽ വർധിക്കും. ‘അമേരിക്കയെ കൂടുതൽ മഹത്തരമാക്കുക’ എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം, രാജ്യത്തെ സാമ്പത്തികമായി ശക്തമാക്കാൻ ലക്ഷ്യമിടുമ്പോൾ വിദേശവസ്തുക്കളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാൻ ഉറപ്പായും തീരുമാനമെടുക്കും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ഒന്നാം ട്രംപ് ഭരണകൂടത്തിൻെറ കാലത്ത് 300 ബില്യൻ ഡോളറാണ് ഇറക്കുമതി തീരുവ ചുമത്തിയിരുന്നത്. ഇറക്കുമതി തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ഇതിനോടകം തന്നെ സൂചന നൽകിയിട്ടുണ്ട്. സാമ്പത്തികമായി ചൈനയും ചെറിയ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അതിനാൽ തന്നെ അമേരിക്കയുമായി നേരിട്ട് ഒരു വ്യാവസായിക യുദ്ധത്തിന് ചൈനീസ് ഭരണകൂടം വലിയ താൽപര്യം കാണിച്ചേക്കില്ല.

പൊതുവിൽ നയങ്ങളിൽ സ്ഥിരത ആഗ്രഹിക്കുന്നവരാണ് ചൈനീസ് ഭരണാധികാരികൾ. എന്നാൽ ട്രംപിൻെറ കാലത്ത് അമേരിക്കയിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ല. ചൈനയെ എതിർക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയ, ജപ്പാൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാൽ, ട്രംപ് വരുമ്പോൾ ഇതിനെയെല്ലാം സാമ്പത്തികമായ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്. ഉദാഹരണത്തിന് ദക്ഷിണ കൊറിയക്ക് അമേരിക്ക സൈനിക സഹായം നൽകുമ്പോൾ, അവിടെ നിന്ന് തിരിച്ചുള്ള സാമ്പത്തിക വരുമാനം വർധിപ്പിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുന്നു.

ചൈനയെ എതിർക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയ, ജപ്പാൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചിരുന്നു.
ചൈനയെ എതിർക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയ, ജപ്പാൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചിരുന്നു.

യുക്രൈയ്ൻ

റഷ്യയുടെ അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന യുക്രൈയ്ന് ഏറ്റവും കൂടുതൽ സാമ്പത്തികസഹായം നൽകിക്കൊണ്ടിരുന്നത് ബൈഡൻ ഭരണകൂടമാണ്. ഭരണത്തിൽ നിന്ന് ഒഴിയുന്നതിന് മുമ്പ് പരമാവധി സഹായം ബൈഡൻ യുക്രൈയ്ന് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ട്രംപ് ഇതിനോട് വിയോജിപ്പുള്ളയാളാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിൽ യുക്രൈയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി ട്രംപിനെ അഭിനന്ദിച്ചിരുന്നു. ട്രംപിനെ അദ്ദേഹം നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക യുക്രൈയ്ന് നൽകുന്ന സഹായം തുടരുമെന്നാണ് സെലൻസ്കി പ്രതീക്ഷിക്കുന്നത്. 2022-ൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതുവരെ അമേരിക്ക യുക്രൈയിന് ഏകദേശം 64.1 ബില്യൺ ഡോളർ സൈനികസഹായം നൽകിയിട്ടുണ്ടെന്നാണ് പ്രതിരോധ മന്ത്രാലയത്തിൻെറ കണക്കുകൾ പറയുന്നത്.

രണ്ടാം തവണ വൈറ്റ് ഹൌസിലെത്തുന്ന ട്രംപ് കൂടുതൽ കരുത്തനാണ്. ഒന്നാം ടേമിലേതിനേക്കാൾ കൃത്യമായി ആസൂത്രണം ചെയ്താണ് ട്രംപ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്തിയത്.

താൻ അധികാരത്തിലിരിക്കുന്ന കാലത്തായിരുന്നുവെങ്കിൽ റഷ്യ ഒരിക്കലും യുക്രൈയ്നിൽ അധിനിവേശം നടത്തില്ലായിരുന്നുവെന്ന് ട്രംപ് ഇത്തവണത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ പറഞ്ഞിരുന്നു. 24 മണിക്കൂർ കൊണ്ട് താൻ യുക്രൈയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിലെത്തണമെന്നും അതിൻെറ ഭാഗമായി യുക്രൈയ്ൻ ചില പ്രദേശങ്ങൾ റഷ്യക്ക് കൈമാറണമെന്നുമാണ് ട്രംപ് വെക്കുന്ന നിർദ്ദേശം. എന്നാൽ ഇത്തരത്തിലൊരു നിർദ്ദേശത്തോട് സെലൻസ്കി നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്. വൈസ് പ്രസിഡൻറാവാൻ പോവുന്ന ജെ.ഡി വാൻസും യുക്രൈയ്ന് അമേരിക്ക നൽകുന്ന സഹായം കൂടുതലാണെന്ന് അഭിപ്രായമുള്ള നേതാവാണ്. ആഭ്യന്തര വിഷയങ്ങൾ പരിഹരിക്കാനാണ് കൂടുതൽ പണം ചെലവഴിക്കേണ്ടതെന്നും അത് കഴിഞ്ഞ് മതി വിദേശരാജ്യങ്ങൾക്കായി ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യുക്രൈയ്ൻ ചില പ്രദേശങ്ങൾ റഷ്യക്ക് കൈമാറണമെന്നാണ് ട്രംപ് വെക്കുന്ന നിർദ്ദേശം. എന്നാൽ ഇതിനോട് സെലൻസ്കി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
യുക്രൈയ്ൻ ചില പ്രദേശങ്ങൾ റഷ്യക്ക് കൈമാറണമെന്നാണ് ട്രംപ് വെക്കുന്ന നിർദ്ദേശം. എന്നാൽ ഇതിനോട് സെലൻസ്കി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

എതിരാളികളോടുള്ള സമീപനം

രണ്ടാം തവണ വൈറ്റ് ഹൌസിലെത്തുന്ന ട്രംപ് കൂടുതൽ കരുത്തനാണ്. ഒന്നാം ടേമിലേതിനേക്കാൾ കൃത്യമായി ആസൂത്രണം ചെയ്താണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്തിയത്. പ്രചാരണത്തിനിടയിൽ തന്നെ അദ്ദഹം തന്റെ എതിരാളികൾ ആരൊക്കെയാണെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. നിലവിലെ പ്രസിഡൻറ് ജോ ബൈഡനും മുൻ പ്രസിഡൻറ് ബരാക് ഒബാമയും മുൻ പ്രസിഡൻറ് സ്ഥാനാർഥികളായ ഹിലരി ക്ലിൻറണും കമലാ ഹാരിസും മുതൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് വരെ ഈ പട്ടികയിലുണ്ട്. ബൈഡൻ അഴിമതിക്കാരനാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് മുൻപ് പറഞ്ഞിട്ടുണ്ട്. “അമേരിക്കയിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡൻറ് ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ ഞാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. ബൈഡൻ കുടുംബം മുഴുവൻ ക്രിമിനലുകളാണ്” - നിലവിലെ അമേരിക്കൻ പ്രസിഡൻറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. രാജ്യത്തെ അനധികൃത കുടിയേറ്റം അനിയന്ത്രിതമായി വർധിച്ചതിന് കാരണക്കാരി കമലാ ഹാരിസാണെന്നാണ് മറ്റൊരു ആരോപണം. “രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ അധിനിവേശത്തിന് കൂട്ടുനിന്ന കമലയെ ഇംപീച്ച് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്യും” - തൻെറ രണ്ടാമത്തെ പ്രധാന ശത്രുവിനെ നേരിടാൻ പോവുന്നത് എങ്ങനെയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിൻെറ അഭിപ്രായത്തിൽ ഒബാമ രാജ്യദ്രോഹിയാണ്. അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് മിലിട്ടറി ട്രൈബ്യൂണൽ നിയമിക്കുമെന്നാണ് അടുത്ത ആവശ്യം.

മാധ്യമങ്ങൾക്കെതിരെ എക്കാലത്തും അസഹിഷ്ണുത പുലർത്തുന്ന നേതാവാണ് ഡോണൾഡ് ട്രംപ്. തനിക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ട്രംപിന്റെ നോട്ടപ്പുള്ളികളാണ്.

ട്രംപ് ജയിലിലടയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരിൽ ഒരാളാണ് സുക്കർബർഗ്. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നിയമലംഘനങ്ങൾ നടത്തിയെന്നതുമാണ് ആരോപിക്കുന്ന കുറ്റം. “ഞങ്ങൾ അയാളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇനിയെന്തെങ്കിലും നിയമലംഘനം നടത്തിയാൽ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും” - സുക്കർബർഗിന് നൽകിയ മുന്നറിയിപ്പ് ഇങ്ങനെയാണ്. മുൻ സ്പീക്കർ നാൻസി പെലോസി, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ ജസ്റ്റിസ് ആർതർ എൻഗോറൻ, റിപ്പബ്ലിക്കൻ നേതാവും കമലാ ഹാരിസിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ള ലിസ് ചെനി തുടങ്ങിയവരും ട്രംപിൻെറ ഹിറ്റ് ലിസ്റ്റിൽ ഉള്ളവരാണ്.

ജോ ബൈഡനും ബരാക് ഒബാമയും ഹിലരി ക്ലിൻറണും കമലാ ഹാരിസും മുതൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് വരെ ട്രംപിന്റെ എതിരാളികളുടെ പട്ടികയിലുണ്ട്.
ജോ ബൈഡനും ബരാക് ഒബാമയും ഹിലരി ക്ലിൻറണും കമലാ ഹാരിസും മുതൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് വരെ ട്രംപിന്റെ എതിരാളികളുടെ പട്ടികയിലുണ്ട്.

മാധ്യമസ്വാതന്ത്ര്യം

മാധ്യമങ്ങൾക്കെതിരെ എക്കാലത്തും അസഹിഷ്ണുത പുലർത്തുന്ന നേതാവാണ് ഡോണൾഡ് ട്രംപ്. തനിക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അദ്ദേഹത്തിൻെറ നോട്ടപ്പുള്ളികളാണ്. മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കുമെന്നും, കൂട്ടത്തോടെ നിർത്തി വെടിയുതിർക്കണമെന്നുമെല്ലാം തൻെറ തെരഞ്ഞെടുപ്പ് റാലിയിലടക്കം ട്രംപ് പരസ്യമായി ഭീഷണി മുഴക്കിയിട്ടുണ്ട്. പെൻസിൽവാനിയയിൽ നടത്തിയ പ്രസംഗത്തിലാണ് മാധ്യമപ്രവർത്തകർക്കെതിരെ വെടിയുതിർത്താൽ പോലും താൻ ഇടപെടില്ലെന്ന് അദ്ദേഹം പറഞ്ഞത്. തൻെറ കയ്യിലുള്ള അധികാരവും, കീഴിലുള്ള സ്ഥാപനങ്ങളും, പറഞ്ഞാൽ കേൾക്കുന്ന അഭിഭാഷകരെയും വെച്ച് മാധ്യമപ്രവർത്തകരെ വേട്ടയാടാനാണ് ശ്രമിക്കാൻ പോവുന്നത്. ഭീഷണികൾ അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ മാധ്യമപ്രവർത്തകരുടെ സംഘടനകൾ ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്, റിപ്പോട്ടേഴ്സ് വിത്തൌട്ട് ബോഡേഴ്സ്, ഫ്രീഡം ഓഫ് ദി പ്രസ് ഫൗണ്ടേഷൻ, അമേരിക്കൻ സൺലൈറ്റ് തുടങ്ങിയ സംഘടനകളാണ് ട്രംപിനെതിരെ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. സെപ്തംബർ 1 മുതൽ ഒക്ടോബർ 24 വരെയുള്ള ദിവസങ്ങൾക്കിടയിൽ മാത്രം ട്രംപ് 108 തവണ മാധ്യമങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോട്ടേഴ്സ് വിത്തൗട്ട് ഫ്രീഡം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ആഗോള പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ മറികടക്കാമെന്ന് നടക്കുന്ന ശാസ്ത്രീയ ചർച്ചകൾക്കും ട്രംപ് വരുത്തി വെക്കാൻ പോവുന്ന പ്രതിസന്ധി ചെറുതാവില്ല.

കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം

അമേരിക്കയിൽ കുടിയേറി പാർക്കാനെത്തുന്ന മനുഷ്യർക്കെതിരെ ഇമ്മട്ടിൽ വംശീയതയും വിദ്വേഷവും പറഞ്ഞിട്ടുള്ള മറ്റൊരു പ്രസിഡൻറ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. കുടിയേറ്റക്കാരെ അകത്ത് കയറ്റാതിരിക്കാൻ രണ്ടാം ട്രംപ് സർക്കാർ എല്ലാ അർഥത്തിലും മതിൽ കെട്ടും. രാജ്യത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളുന്നതായിരിക്കും ട്രംപ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യാൻ പോവുന്നത്. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നത് പൂർത്തിയാക്കുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒരിക്കൽ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്

ഹിലരി ക്ലിന്റൺ
ഹിലരി ക്ലിന്റൺ

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമൊക്കെ ട്രംപിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രലോകത്തിൻെറ ചില തന്ത്രങ്ങൾ മാത്രമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഗോള സമ്മേളനമായ COP29 നടക്കാനിരിക്കെയാണ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് സ്ഥാനം ഉറപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മിഥ്യയാണെന്ന് പറയുന്ന ട്രംപ് ഗ്രീൻ എനർജി എന്നത് അഴിമതിയാണെന്നും പറഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിൽ നിന്നും പുറത്തുവിടുന്ന മലിനീകരണത്തോത് അവസാനിപ്പിക്കണമെന്ന അഭ്യർഥനയെ അദ്ദേഹം ശക്തിയുക്തം എതിർക്കും. ആഗോള പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ മറികടക്കാമെന്ന് നടക്കുന്ന ശാസ്ത്രീയ ചർച്ചകൾക്കും ട്രംപ് വരുത്തി വെക്കാൻ പോവുന്ന പ്രതിസന്ധി ചെറുതാവില്ല.

രണ്ടാം വരവ്…

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്

ലോകത്ത് തങ്ങൾക്കുണ്ടായിരുന്ന അപ്രമാദിത്വം വീണ്ടും ഊട്ടിയുറപ്പിക്കാൻ കരുത്തനായ ഒരു പുരുഷ നേതാവിനെ വീണ്ടും തെരഞ്ഞെടുത്തുവെന്നാണ് അമേരിക്കൻ ജനത ഊറ്റം കൊള്ളുന്നത്. ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള അവസരം അവിടുത്തെ യാഥാസ്ഥിതിക സമൂഹം വീണ്ടും വേണ്ടെന്ന് വെച്ചു. ജനുവരി 20-ന് ട്രംപ് അമേരിക്കൻ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത്തവണ രാജ്യത്തെ 50.7 ശതമാനം വോട്ടർമാരുടെ പിന്തുണയോടെയാണ് വിജയിച്ചത്. വിദ്വേഷവും വംശീയതയും ആശങ്കയുമുള്ള ഒരു ഇരുണ്ട കാലത്തിലേക്ക് അമേരിക്ക വീണ്ടും നയിക്കപ്പെടുമ്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, ചരിത്രബോധത്തിലും, ശാസ്ത്രീയചിന്തയിലുമൂന്നിയ മനുഷ്യർക്ക് ചെറുത്തുനിൽപ്പുകൾ കൊണ്ട് മാത്രമേ പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ.

Comments