ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ യുദ്ധത്തിനോട് അടുക്കുന്ന ഘട്ടത്തിലാണ് മെയ് 10-ന് വൈകീട്ട് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ഒരു എക്സ് പോസ്റ്റ് ലോകമാകെ വലിയ ചർച്ചയാവുന്നത്. ഇന്ത്യയും പാക്കിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് തീരുമാനിച്ചിരിക്കുന്നുവെന്ന് താൻ അറിയിക്കുന്നുവെന്നാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സെക്കൻറുകൾ നീണ്ടുനിന്ന പ്രസ്താവനയിലൂടെയാണ് വിവരം രാജ്യത്തെ അറിയിച്ചത്. അമേരിക്കയുടെ ഇടപെടലിനെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞില്ല. പാക്കിസ്ഥാൻെറ ഭാഗത്ത് നിന്നുള്ള അഭ്യർത്ഥനകളുമായി അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് പ്രധാനമന്ത്രിയെ വിളിച്ചിരുന്നുവെന്ന് പിന്നീട് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അമേരിക്കയുടെ ഇടപെടൽ മൂലമല്ല വെടിനിർത്തൽ സംഭവിച്ചതെന്നും, പാക്കിസ്ഥാൻെറ അഭ്യർത്ഥന തൽക്കാലം ഇന്ത്യ മുഖവിലയ്ക്ക് എടുത്തതാണെന്നാണ് കേന്ദ്ര സർക്കാരിൻെറ ഔദ്യോഗിക വിശദീകരണം.
വെടിനിർത്തലിലേക്കുള്ള ചർച്ചയിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ട്രംപിൻെറ ട്വീറ്റിന് പിന്നാലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ട്വീറ്റും പുറത്ത് വന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തോളം വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് ഇന്ത്യ - പാക് വിഷയം പരിഹരിക്കാൻ ചർച്ചകൾ നടത്തുകയായിരുന്നുവെന്നും അതിനൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതെന്നും റൂബിയോ പറഞ്ഞു. ഇന്ത്യ - പാക് പ്രശ്നം തങ്ങളുടെ വിഷയമല്ലെന്ന് ഇതേ വാൻസ് ഒരു മാധ്യമത്തിനോട് സംസാരിക്കവേ മുമ്പ് പറഞ്ഞിരുന്നു എന്നത് രസകരമായ കാര്യമാണ്. ഏതായാലും ഇന്ത്യ - പാക് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിൻെറ ക്രെഡിറ്റ് ട്രംപിൻെറ കയ്യിലേക്ക് പോയിരിക്കുകയാണ്. ആരെല്ലാം അംഗീകരിച്ചാലും നിഷേധിച്ചാലും ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് തയ്യാറായത് ആദ്യം അറിഞ്ഞ ഒരാൾ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തന്നെയാണ്. അങ്ങനെയല്ലായിരുന്നുവെങ്കിൽ ഇരുരാജ്യങ്ങളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുമ്പായി ട്രംപിന് വാർത്ത ലോകത്തെ അറിയിക്കാൻ സാധിക്കില്ലായിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനത്തിൻെറ പാതയിലേക്ക് വന്നത് ലോകത്തിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസവും സമാധാനവും പകരുന്ന കാര്യമാണ്. ഡോണൾഡ് ട്രംപ് ആഗോള നയതന്ത്ര വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകൾ ഈ ഘട്ടത്തിൽ വലിയൊരു വഴിത്തിരിവിലേക്ക് കൂടി എത്തുന്നുണ്ട്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഉറപ്പിക്കാനുള്ള ശ്രമമാണോ അമേരിക്കൻ പ്രസിഡൻറ് നടത്തുന്നതെന്ന് ചിന്തിച്ചാൽ അതിശയോക്തി ആവില്ല. ട്രംപ് തൻെറ രണ്ടാം വരവിൽ രണ്ടും കൽപ്പിച്ച് തന്നെയാണ്. ഗാസയിലും കീവിലും തുടങ്ങി, കശ്മീരിൽ വരെ നയതന്ത്ര തന്ത്രങ്ങളുമായി ട്രംപ് മുന്നോട്ട് പോവുകയാണ്. അമേരിക്ക ഫസ്റ്റെന്ന പ്രചാരണവുമായാണ് തൻെറ രണ്ടാം ടേമിൽ ട്രംപ് യു.എസ് പ്രസിഡൻറാവുന്നത്.

രണ്ടാം വരവിലെ ട്രംപ്
ട്രംപ് രണ്ടാം തവണ അമേരിക്കയുടെ പ്രസിഡൻറായി ചുമതലയേറ്റിട്ട് മൂന്ന് മാസം കഴിയുന്നേയുള്ളൂ. അതിനിടയിൽ ലോകത്തിലെ ചെറുതും വലുതുമായ സകലമാന വിഷയങ്ങളിലും ഇടപെടുവാൻ അദ്ദേഹം തിടുക്കം കാണിച്ചിട്ടുണ്ട്. പ്രസിഡൻറ് ആയി ചുമതലയേൽക്കുന്ന ഘട്ടത്തിൽ ലോകത്തിൻെറ ഏറ്റവും തലവേദനയായ രണ്ട് വിഷയങ്ങൾ ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങളും യുക്രെയ്നിൽ റഷ്യ തുടർന്ന അധിനിവേശവുമായിരുന്നു. ഈ രണ്ട് വിഷയങ്ങളിലും പ്രസിഡൻറ് ആവുന്നതിന് മുമ്പ് തന്നെ ട്രംപ് ഇടപെട്ട് തുടങ്ങിയിരുന്നു. ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലിനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് നടത്തിയ ചർച്ച വെടിനിർത്തലിൽ കലാശിച്ചു. 2023 ഒക്ടോബറിന് ശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ നിരന്തര ആക്രമണങ്ങൾക്ക് വെടിനിർത്തൽ താൽക്കാലിക വിരാമമിട്ടു. നിലവിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. മേഖലയിൽ സംഘർഷം തുടരുന്നുണ്ടെങ്കിലും ട്രംപ് ഭരണകൂടത്തിൻെറ ഇടപെടലും തുടരുകയാണ്. ഗാസയിൽ അൽപമെങ്കിലും സമാധാനം ഉണ്ടാക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന ഒരു ഇമേജ് ആഗോളതലത്തിൽ ഉണ്ടാക്കിയെടുക്കാൻ ട്രംപിന് സാധിച്ചിട്ടുണ്ട്.
അതിനിടയിൽ ഇസ്രായേലി - അമേരിക്കൻ സൈനികൾ ഈഡൻ ഹസാർഡിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ച് കഴിഞ്ഞു. മേഖലയിൽ വീണ്ടും സമ്പൂർണ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനകളുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗാസയിൽ ഇസ്രായേലിൻെറ സൈനിക നടപടികളെല്ലാം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഹമാസ് അമേരിക്കയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അതിൻെറ കൂടി അടിസ്ഥാനത്തിലാണ് തങ്ങളുടെ കയ്യിലുള്ള അവസാനത്തെ അമേരിക്കൻ ബന്ദിയെയും ഹമാസ് മോചിപ്പിക്കാൻ തയ്യാറായിരിക്കുന്നത്. ഈ അമേരിക്കക്കാരനെ ഹമാസ് മോചിപ്പിച്ച് കഴിഞ്ഞാൽ ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.
കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലൊക്കെ ട്രംപ് എടുത്തിരുന്ന, ഇപ്പോഴും പിന്തുടരുന്ന നയമൊക്കെയും പിന്തിരിപ്പനാണ്. അടിമുടി വ്യവസായിയായ ട്രംപ് ഇപ്പോൾ പിന്തുടരുന്ന നയതന്ത്ര നയത്തിന് പിന്നിലും സാമ്പത്തികമായ ഗൂഢലക്ഷ്യങ്ങളുണ്ട്.
യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശവും അതിനെതിരെ കീവ് നടത്തുന്ന ചെറുത്തുനിൽപ്പും മറ്റൊരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. അവിടെയും ഡോണൾഡ് ട്രംപിൻെറ ഇടപെടലുണ്ട്. അമേരിക്കയിലെ ട്രംപിൻെറ മുൻഗാമിയായ ജോ ബൈഡൻ, വിഷയത്തിൽ യുക്രെയ്ന് ഒപ്പമായിരുന്നു. യൂറോപ്യൻ യൂണിയൻെറയും അമേരിക്കയുടെയും പിന്തുണയിലാണ് യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി ചെറുത്തുനിൽപ്പ് നടത്തിയിരുന്നത്. ട്രംപ് വന്നതോടെ അമേരിക്കയുടെ നയം മാറി. യുക്രെയ്ന് ഇനി സാമ്പത്തിക സഹായമൊന്നും നൽകേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു. റഷ്യയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച ട്രംപ്, സെലൻസ്കിയെ ചർച്ചകൾക്കായി വൈറ്റ് ഹൌസിൽ വിളിച്ച് വരുത്തി അപമാനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വിഷയത്തിൽ ട്രംപ് വീണ്ടും ഇടപെട്ടിരിക്കുന്നു. റഷ്യൻ പ്രസിഡൻററ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്താൻ അദ്ദേഹം സെലൻസ്കിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചർച്ച വിജയിക്കുകയാണെങ്കിൽ അവിടെയും വൈകാതെ വെടിനിർത്തൽ നിലവിൽ വരും. ട്രംപ് പിന്തുടരുന്ന നയതന്ത്രത്തിന് പിന്നിൽ പല തന്ത്രങ്ങളും പദ്ധതികളുമെല്ലാം ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അമേരിക്കയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഗാസയിലും കീവിലും വെടിനിർത്തൽ ഉണ്ടായാൽ ഒരുപരിധി വരെ അത് സാധിക്കുകയും ചെയ്യും. ഏഷ്യയിലും മിഡിൽ ഈസ്റ്റിലും യൂറോപ്പിലും ട്രംപിൻെറ നയതന്ത്രം കാരണം സമാധാനം ഉണ്ടായെന്ന പ്രതീതി ഇപ്പോൾ തന്നെയുണ്ട്. ഒരിക്കൽ ലോകത്ത് അമേരിക്കയ്ക്ക് ഉണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കുകയാണ് ട്രംപിൻെറ ലക്ഷ്യം. ആ പാതയിലാണ് അദ്ദേഹം സഞ്ചരിക്കുന്നതെന്ന് വ്യക്തം.

വ്യാപാരയുദ്ധവും അവസാനിച്ചു
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളാണ് അമേരിക്കയും ചൈനയും. രണ്ടാം വരവിൽ ട്രംപ് ചൈനയുമായി ഒരു വ്യാപാരയുദ്ധത്തിൻെറ പാതയിലായിരുന്നു. അതിൻെറ ഭാഗമായാണ് പകരം തീരുവനയം അദ്ദേഹം പ്രഖ്യാപിച്ചത്. പ്രഖ്യാപനം അമേരിക്കയുടെ ഓഹരിവിപണിയിലും ആഗോള ഓഹരിവിപണിയിലും വലിയ തകർച്ചയ്ക്ക് കാരണമാവുകയും, രാജ്യത്ത് നിന്ന് തന്നെ വലിയ എതിർപ്പ് ഉണ്ടാവുകയും ചെയ്തതോടെ ട്രംപ് നയത്തിൽ നിന്ന് പിൻമാറി. മൂന്ന് മാസത്തേക്ക് പകരം തീരുവനയം മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ, ചൈനയ്ക്ക് മുകളിൽ മാത്രം പകരം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുകയാണ് ചെയ്തത്. അവിടെയും ഉദ്യോഗസ്ഥതലത്തിലുള്ള ചർച്ചയിലൂടെ പരിഹാരം ഉണ്ടായിരിക്കുകയാണ്. ചൈനയ്ക്ക് മുകളിൽ ചുമത്തിയിരുന്ന അധിക തീരുവ കുറയ്ക്കാൻ അമേരിക്കയും തിരിച്ച് ചൈനയും തയ്യാറായെന്നതാണ് ഏറ്റവും പുതിയ വാർത്ത. ലോകത്തെ പ്രതിസന്ധിയിലാക്കിയ വ്യാപാരയുദ്ധത്തിനും ഇതോടെ താൽക്കാലിക വിരാമമായിരിക്കുന്നു. 90 ദിവസത്തേക്കാണ് അമേരിക്കയും ചൈനയും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്. 115 ശതമാനം തീരുവ ഇളവാണ് ഇരുരാജ്യങ്ങളും സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിൻെറ നയതന്ത്രനയം
അമേരിക്ക നേരിട്ട് ഇടപെട്ട വലിയ യുദ്ധങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കാലമാണ് ട്രംപിൻെറ ആദ്യ പ്രസിഡൻറ് കാലഘട്ടം. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലൊക്കെ ട്രംപ് എടുത്തിരുന്ന, ഇപ്പോഴും പിന്തുടരുന്ന നയമൊക്കെയും പിന്തിരിപ്പനാണ്. അടിമുടി വ്യവസായിയായ ട്രംപ് ഇപ്പോൾ പിന്തുടരുന്ന നയതന്ത്ര നയത്തിന് പിന്നിലും സാമ്പത്തികമായ ഗൂഢലക്ഷ്യങ്ങളുണ്ട്. ജനുവരിയിൽ അധികാരമേറ്റയുടൻ ട്രംപ് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിൽ നിന്നും പിന്നോട്ട് പോയിരിക്കുന്നു. പകരം തീരുവയാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. അമേരിക്കയെ മറ്റ് രാജ്യങ്ങൾ ചൂഷണം ചെയ്യുന്നുവെന്നും അതിനാൽ രാജ്യത്തിൻെറ നേട്ടത്തിന് വേണ്ടിയാണ് ഈ തീരുവനയമെന്നായിരുന്നു പ്രഖ്യാപനം. ചൈനയ്ക്ക് മേൽ ചുമത്തിയിരുന്ന തീരുവയും പിൻവലിച്ചതോടെ അതിൽ നിന്ന് അമേരിക്ക പൂർണമായും പിൻമാറിയെന്നത് വ്യക്തമാണ്. അമേരിക്കയിലെ ഫെഡറൽ ചെലവുകൾ കുറയ്ക്കുകയെന്ന പദ്ധതിയോടെ ഇലോൺ മസ്കിൻെറ നേതൃത്വത്തിൽ ക്യാബിനറ്റിന് കീഴിൽ പ്രവർത്തിച്ച DOGE-ഉും ഒരു പരിധി വരെ പരാജയമായിരിക്കുന്നു. യുക്രെയ്ൻ വിഷയത്തിലെ ഇടപെടലും ആഗോള ഏജൻസികൾക്ക് സാമ്പത്തികസഹായം നൽകുന്നത് നിർത്തലാക്കുമെന്ന് പ്രഖ്യാപനവുമെല്ലാം യൂറോപ്യൻ യൂണിയനിൽ നിന്നടക്കം വിമർശനമേറ്റ് വാങ്ങിയിരുന്നു. ആഗോളതലത്തിൽ അമേരിക്കയെ ഒറ്റപ്പെടുത്താനുള്ള സാധ്യതകൾ രൂപപ്പെട്ട് വന്ന ഘട്ടത്തിൽ ട്രംപ് നയം മാറ്റി പ്രതിച്ഛായ തിരിച്ച് പിടിക്കുകയാണ്. ഈ നയതന്ത്രം ഒരു പുതിയ തന്ത്രത്തിൻെറ കൂടി ഭാഗമാണ്. അത് എത്രത്തോളം വിജയം കാണുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
