ലോകരാജ്യങ്ങൾക്കെതിരെ ഒരു തീരുവയുദ്ധത്തിന് തന്നെ തുടക്കമിടാൻ പോവുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് പകരത്തിന് പകരം തീരുവ അഥവാ പരസ്പര തീരുവയാണ് ട്രംപിൻെറ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ വ്യാപാരശക്തിയായ അമേരിക്കയെ ഇത്രയും കാലമായി ലോകരാജ്യങ്ങൾ ചതിക്കുകയായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. ഇനി അത് അനുവദിക്കില്ലെന്നും അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നതിനെതിരെ അതേ നാണയത്തിൽ തീരുവ ചുമത്തുമെന്നും ട്രംപ് പറയുന്നു. ഇതിൻെറ ഭാഗമായി ഏപ്രിൽ 2നെ രാജ്യത്തിൻെറ വിമോചനദിനമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ഉത്പന്നങ്ങളുടെ ബാധ്യതയിൽ നിന്ന് അമേരിക്ക മോചിപ്പിക്കപ്പെടുന്ന ദിനം. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ ട്രംപ് നടത്താൻ പോവുന്ന പ്രഖ്യാപനം ലോകരാജ്യങ്ങളെ ഏത് തരത്തിലായിരിക്കും ബാധിക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്. ലിബറേഷൻ ഡേ എന്ന ആശയം ട്രംപ് പ്രഖ്യാപിച്ചത് മുതൽ തന്നെ ആഗോള ഓഹരിവിപണിയിൽ ഇടിവുണ്ടായിട്ടുണ്ട്. യൂറോപ്യൻ യൂണിയനും മറ്റ് ലോകരാജ്യങ്ങളുമെല്ലാം ട്രംപിൻെറ ആശയങ്ങളോട് ഇതിനോടകം തന്നെ ശക്തമായ ഭാഷയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പകരച്ചുങ്കവും ഇന്ത്യയും
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള വ്യാപാരപങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും അമേരിക്കയിലേക്കാണ്. അവിടെ നിന്ന് ഇന്ത്യയിലേക്ക് 6.22 ശതമാനം ഇറക്കുമതിയും നടക്കുന്നുണ്ടെന്ന് പി.ടി.ഐയുടെ റിപ്പോർട്ട് പറയുന്നു. അമേരിക്കയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉൾപ്പെടുന്നത്. അതിനാൽ അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറച്ചില്ലെങ്കിൽ പകരച്ചുങ്ക പ്രഖ്യാപനത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരും. അതേസമയം അമേരിക്കയുമായി ഒരു സ്വതന്ത്ര വ്യാപാരകരാറിന് വേണ്ടി ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു കരാർ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാർഷികോത്പന്നങ്ങൾ, അപൂർവ കല്ലുകൾ, രാസവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽസ്, മെഷിനറികൾ എന്നിവയുടെ കാര്യത്തിലായിരിക്കും അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിച്ചാൽ ഇന്ത്യക്ക് തിരിച്ചടിയുണ്ടാവുക. ഇവയുടെയെല്ലാം അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ കൂടുതൽ തീരുവ അടയ്ക്കേണ്ടതായി വരും.
അമേരിക്കയ്ക്ക് ബാധ്യതയാവുന്ന തരത്തിൽ തീരുവ ഈടാക്കുന്ന 15 രാജ്യങ്ങളുടെ പട്ടിക യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സൻറ് പുറത്തിറക്കിയിരുന്നു. ഈ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയൻ, ചൈന, വിയറ്റ്നാം, മെക്സിക്കോ, അയർലൻറ്, ജർമനി, തായ്-വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, തായ്ലൻറ്, ഇറ്റലി, സ്വിറ്റ്സർലൻറ്, മലേഷ്യ, ഇന്തോനേഷ്യ, എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ. ഈ രാജ്യങ്ങളായിരിക്കും പകരച്ചുങ്കത്തിൻെറ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക. ഇത് കൂടാതെ വ്യാപാരത്തിൽ അമേരിക്കയോട് അനീതി പുലർത്തുന്ന 21 രാജ്യങ്ങളുടെ കൂടി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഈ പട്ടികയിലുള്ള രാജ്യങ്ങൾക്ക് പുറമെ ആറ് രാജ്യങ്ങൾ കൂടിയാണ് അതിലുള്ളത്. ഏതെല്ലാം ഉത്പന്നങ്ങളുടെ കാര്യത്തിലാണ് തീരുവ കാര്യമായി ബാധിക്കുകയെന്നതെല്ലാം പ്രഖ്യാപനത്തിന് ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. ചൈനീസ് ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽ ഉത്പന്നങ്ങൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയെല്ലാം കൂടിയ തീരുവ പ്രതീക്ഷിക്കപ്പെടുന്ന ഉത്പന്നങ്ങളാണ്. ഫാർമസ്യൂട്ടിക്കൽസ്, സെമി കണ്ടക്ടർ ഉത്പന്നങ്ങളുടെ കാര്യത്തിലും കൂടിയ തീരുവ പ്രതീക്ഷിക്കുന്നുണ്ട്.

ട്രംപിൻെറ നികുതി പരിഷ്കാരങ്ങൾക്ക് മറുപടിയായി തിരിച്ചും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ മറ്റ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. യൂറോപ്യൻ യൂണിയൻ ഇതിനോടകം തന്നെ തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നികുതി പരിഷ്കാരങ്ങൾ തൻെറ രാജ്യവും അമേരിക്കയും തമ്മിലുള്ള എല്ലാ വ്യാപാരബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാനി പ്രഖ്യാപിച്ച് കഴിഞ്ഞു. കൂട്ടായ ആലോചനകൾക്ക് ശേഷമല്ല ട്രംപിൻെറ തീരുമാനങ്ങൾ ഉണ്ടായതെന്നും ഇതുകൊണ്ട് പണപ്പെരുപ്പം വർധിക്കുന്നതടക്കം ഗുണകരമല്ലാത്ത ഫലങ്ങളാണ് ഉണ്ടാവാൻ പോവുന്നതെന്നും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലിബറേഷൻ ദിനവുമായി ബന്ധപ്പെട്ട് മെക്സിക്കൻ പ്രസിഡൻറ് ക്ലോഡിയ ഷീൻബാം ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും തൻെറ രാജ്യത്തെ തൊഴിലുകളെ ഇത് കാര്യമായി ബാധിക്കുമെന്ന് അവർ പറയുന്നു. ട്രംപിൻെറ പരിഷ്കാരങ്ങൾ ആഗോളവിപണിയെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുമെന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു ഗുണവും ഇതുകൊണ്ട് അമേരിക്കയ്ക്ക് ഉണ്ടാവാൻ പോവുന്നില്ലെന്നുമാണ് ചൈനയുടെ നിലപാട്.