മാരിയോ ബർഗോഗ്ലിയോ (Jorge Mario Bergoglio) എന്ന ഫ്രാൻസിസ് മാർപാപ്പ ജനിച്ചത് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലാണ്, കുടിയേറ്റക്കാരുടെ കുടുംബത്തിൽ. മുത്തച്ഛൻ അടക്കമുള്ളവർ ഇറ്റലിയിൽനിന്ന് കുടിയേറിപ്പാർത്തവരാണ്.
1936- ലാണ് ബർഗോഗ്ലിയോ ജനിച്ചത്. വൈദികപഠനത്തിന് ചേരുന്നത് 1958-ലാണ്. കത്തോലിക്കാ സഭയിൽ രണ്ടുതരം വൈദികരാണുള്ളത്- ഇടവക വൈദികരും സന്യാസ വൈദികരും. ഇടവക വൈദിക പരിശീലനത്തിനായി ചേർന്നശേഷമാണ് ബർഗോഗ്ലിയോ ഈശോ സഭയിൽ അംഗമായത്. അദ്ദേഹത്തിന്റെ വൈദികപഠനക്കാലം, അർജന്റീനയിൽ വിപ്ലവങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും കാലം കൂടിയാണ്. ജുവാൻ പെറോണിന്റെ (Juan Peron) ഭരണത്തിനുശേഷമുള്ള സൈനിക ഭരണം. ജോർജ് വിദേല (Jorge Rafael Videla) എന്ന ഭരണാധികാരിയ്ക്ക് എമീലിയോ എഡ്വാർഡോ മസ്സേരയുടെ (Emilio Eduardo Massera) നേതൃത്വത്തിലുള്ള നാവികസേന എല്ലാ പിന്തുണയും നൽകി പട്ടാളഭരണം സ്ഥാപിച്ചു. ഈയൊരു കാലഘട്ടത്തിലാണ്, 1969-ൽ ബർഗോഗ്ലിയോ വൈദിക പട്ടം സ്വീകരിക്കുന്നത്. 1973-ൽ അദ്ദേഹം ബ്യൂണസ് അയേഴ്‌സിലെ പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി സ്ഥാനമേറ്റു. 36-37 വയസ്സുള്ളപ്പോഴാണിത്.

അന്ന് ഈശോ സഭയിൽ രണ്ട് വ്യത്യസ്ത ധാരകളുണ്ടായിരുന്നു. പാവങ്ങളുടെ പക്ഷം ചേർന്ന് പാവങ്ങൾക്കിടയിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു പക്ഷം. വിമോചന ദൈവശാസ്ത്രത്തിന്റെ ഓരം പറ്റിയാണ് അവർ പ്രവർത്തിച്ചത്. മധ്യവർഗ- ധനികരുടെ മക്കളെ പഠിപ്പിക്കുന്നതിലൂടെയുള്ള സാമൂഹികസേവനം മതി എന്ന നിലപാടുള്ളതായിരുന്നു രണ്ടാമത്തെ പക്ഷം. ബെർഗോഗ്ലിയോ തെരഞ്ഞെടുത്തത് രണ്ടാമത്തെ പക്ഷമായിരുന്നു.
വിമോചന ദൈവശാസ്ത്രത്തിന്റെ പക്ഷത്തുണ്ടായിരുന്ന വൈദികരിൽ രണ്ടുപേർ- ഫാ. ഓർലാന്റോ യോറിയോ, ഫാ. ഫ്രാൻസിസ്‌കോ ജാളിക്സ്- ബ്യൂണസ് അയേഴ്സിലെ ഒരു ചേരിപ്രദേശത്ത് ജനങ്ങൾക്കിടയിൽ അവരിലൊരാളായി ജീവിക്കുകയും പ്രവർത്തിക്കുകയുമായിരുന്നു. അവരോട് ആ പ്രവർത്തനം അവസാനിപ്പിച്ച് സന്യാസസമൂഹത്തിലേക്ക് തിരിച്ചുവരാൻ പ്രൊവിൻഷ്യലായിരുന്ന ബെർഗോഗ്ലിയോ ആവശ്യപ്പെട്ടു. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ ആശയപരമായും ബിബ്ലിക്കലായും തികഞ്ഞ ബോധ്യമുണ്ടായിരുന്നതിനാൽ അവർ അതിന് തയ്യാറായില്ല.

ഈശോ സഭാ സന്യസസമൂഹത്തിന്റെ പരമാധികാരി റോമിലുള്ള സുപ്പീരിയർ ജനറാൾ ആണ്. അന്ന് ജസ്യൂട്ട് ജനറാൾ അരൂപേ (Pedro Arrupe) ആയിരുന്നു. ഈശോ സഭാ വൈദികസമൂഹത്തെ വിമോചന ദൈവശാസ്ത്രചിന്തയിലേക്ക് പറിച്ചുനട്ടയാളാണ് അരൂപേ. അദ്ദേഹത്തിൽനിന്ന് പ്രത്യേക അനുവാദം വാങ്ങി ഈ രണ്ട് വൈദികരും അവിടെ തുടരുകയാണുണ്ടായത്. പിന്നീട് അരൂപേ സ്ഥാനത്തുനിന്ന് മാറിയശേഷമായിരിക്കാം, ബർഗോഗ്ലിയോ, ഇവർക്ക് കുർബാന ചൊല്ലാനുള്ള അവസരം നിഷേധിക്കുന്ന തരത്തിൽ ജനറാളിന്റെ കൈയിൽനിന്ന് ഒരു എഴുത്ത് വാങ്ങി.

സഭയുടെ പിന്തുണ ഇവർക്കില്ലായെന്ന് മനസ്സിലാക്കിയ ഏകാധിപത്യ ഭരണകൂടം 1976 മെയ് മാസത്തിന്റെ തുടക്കത്തിൽ രണ്ടുപേരെയും എസ്മ എന്ന പീഡനകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.(അക്കാലത്ത് അർജൻ്റീനയുടെ പല ഭാഗങ്ങളിലും വളരെ കുപ്രസിദ്ധി ആർജിച്ച പീഡനകേന്ദ്രങ്ങളുണ്ടായിരുന്നു) എതിർത്തുനിൽക്കുന്നവരെ ‘ശരിയായ വിദ്യാഭ്യാസം' നൽകാനെന്ന് പറഞ്ഞാണ് ഇത്തരം പീഡനകേന്ദ്രങ്ങളിലാക്കുന്നത്. ഇവിടെ അതിഭീകര പീഡനമുറകളാണ് നേരിടേണ്ടിവരിക. കൂടാതെ, എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് പേര് വിളിക്കപ്പെടുന്നവരെ ജീവനോടെയോ ശവമായോ വിമാനത്തിലോ ഹെലിക്കോപ്റ്ററിലോ കടലിൽ തള്ളും. 1976- 83 കാലത്ത് 30,000-ഓളം പേരെ ഇങ്ങനെ പീഡനകേന്ദ്രങ്ങളിൽനിന്ന് കാണാതായിട്ടുണ്ട്. അഞ്ചു മാസത്തോളം അതികഠിനമായ പീഢനമുറകളിലൂടെ ഈ രണ്ട് വൈദികരും കടന്നുപോയി. എന്നാൽ ഇവർ എങ്ങനെയോ മോചിതരായി. ആരാണ് അവരുടെ മോചനത്തിന്റെ പിന്നിലെന്നത് ഇന്നും ദുരൂഹമാണ്. ബർഗോഗ്ലിയോ തന്നെയാണ് അവരുടെ മോചനത്തിനായി ഇറങ്ങിത്തിരിച്ചത് എന്നും പറയപ്പെടുന്നു.
വിമോചനദൈവശാസ്ത്രം കത്തോലിക്കാ സഭയിലേക്കുള്ള കമ്യൂണിസത്തിന്റെ ഒളിച്ചുകടത്തലാണ് എന്ന ചിന്ത ബർഗോഗ്ലിയോക്കുണ്ടായിരുന്നു.
ആറു വർഷത്തെ പ്രൊവിൻഷ്യൽ പദവിക്കുശേഷം ബെർഗോഗ്ലിയോ ജർമനിയിൽ പഠിക്കാൻ പോകുന്നു. പഠനം പൂർത്തിയാകാതെ ഒന്നര വർഷത്തിനുശേഷം തിരിച്ചുവന്നു. പിന്നീടുള്ള രണ്ടു വർഷം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്- 'കൊർഡോബ വർഷങ്ങൾ’. പുറംലോകവുമായി യാതൊരു വിനിയമങ്ങളില്ലാതെയുള്ള ശിക്ഷാനടപടിയായിരുന്നു അത്. ബർഗോഗ്ലിയോയുടെ പ്രൊവിൻഷ്യൻഷിപ്പിന്റെ കാലത്ത് അർജന്റീനയിലെ ഈശോ സഭ വളരെ ആഴത്തിലുള്ള ഭിന്നതയിലേക്ക് കൂപ്പുകുത്തി. ഈ ഭിന്നത ഇല്ലാതാകുന്നത് അടുത്ത മൂന്ന് പ്രൊവിഷ്യൻഷിപ്പിനുശേഷമാണ്. അത്തരം വലിയ വിള്ളലുണ്ടാക്കിയതിനുള്ള ശിക്ഷയായിരുന്നു അത്. പ്രൈവറ്റായി കുർബാന ചൊല്ലാം, മറ്റൊരു ചുമതലയ്ക്കും അദ്ദേഹത്തെ നിയോഗിച്ചില്ല. ഇങ്ങനെ രണ്ടുവർഷം കൊർഡോബയിൽ കഴിയുന്ന സമയത്താണ്, 1992-ൽ ബ്യൂണസ് അയേഴ്‌സിലെ സഹായ മെത്രാനായി നിയമിക്കപ്പെട്ടത്. 'കൊർഡോബ വർഷങ്ങൾ' ബർഗോഗ്ലിയോയ്ക്ക് ആഴത്തിലുള്ള മാനസാന്തരത്തിന്റെ കാലമായിരുന്നു.

'എന്താണ് എനിക്ക് സംഭവിച്ചത്’, ‘ഞാൻ എന്താണ് ചെയ്തത്’ എന്ന് അദ്ദേഹം സ്വയം ചോദിക്കുന്നു. അതിലൂടെ, തന്റെ പ്രവർത്തനരീതി എന്തായിരുന്നു എന്ന് സ്വയം തിരിച്ചറിയുന്നു. കർശനക്കാരനായ, അധികാരപ്രമത്തതയുള്ള തന്റെ പ്രകൃതം അദ്ദേഹം സ്വയം തിരിച്ചറിയുകയാണ്. വ്യത്യസ്ത ആശയങ്ങളെ സഹിഷ്ണുതയോടുകൂടി കേട്ടിരുന്നുവെങ്കിൽ സഭയിൽ ഇത്ര ഭിന്നത വരികയില്ലായിരുന്നു എന്നദ്ദേഹം മനസ്സിലാക്കുന്നു. ഭാവിയിൽ നല്ല കേൾവിക്കാരനായും സഹിഷ്ണുതയുള്ള മനുഷ്യനായും മാറേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് കൊർഡോബ വർഷങ്ങൾ അദ്ദേഹത്തിന് നൽകിയത്. ആ തിരിച്ചറിവിന്റെ തുടർച്ചയിലാണ് അദ്ദേഹം ഓക്‌സിലറി ബിഷപ്പായത്.
മുമ്പ്, വിമോചന ദൈവശാസ്ത്രം പിന്തുടർന്നതിന് തന്റെ ശിക്ഷയ്ക്ക് വിധേയരായ രണ്ട് വൈദികർ താമസിച്ചിരുന്ന ചേരികളിലൂടെ ഓക്‌സിലറി ബിഷപ്പായ ബെർഗോഗ്ലിയോ അക്ഷരാർഥത്തിൽ കാൽനടയായി സഞ്ചരിക്കാൻ തുടങ്ങി. അവിടെയുള്ള മനുഷ്യരോട് അടുത്തു, അവരുമായി അടുത്തിടപഴകി, സംസാരിച്ചു. ഇങ്ങനെയാണ് അദ്ദേഹം വിമോചന ദൈവശാസ്ത്രവുമായി അടുക്കാൻ തുടങ്ങുന്നത്.
യഥാർത്ഥത്തിൽ, വിമോചന ദൈവശാസ്ത്രത്തോട് എതിരാകാൻ ബർഗോഗ്ലിയോക്ക് രണ്ട് കാരണങ്ങളുണ്ടായിരുന്നു.
ഒന്ന്: Option for the poor is not optional, but its an obligation എന്നാണ് വിമോചന ദൈവശാസ്ത്രത്തിന്റെ നിലപാട്. ദരിദ്രരോട്, അടിച്ചമർത്തപ്പെട്ടവരോട്, പാർശ്വവത്കൃതരോട്, നിശ്ശബ്ദരാക്കപ്പെട്ടവരോട് പക്ഷം പിടിക്കേണ്ടത്, നമുക്ക് ഇഷ്ടമുണ്ടെങ്കിൽ തെരഞ്ഞെടുക്കേണ്ട ഒരു കാര്യമല്ല. പകരം, അതൊരു കടമയും ബാധ്യതയുമാണ്. എന്നാൽ, ഈയൊരു ആശയാടിത്തറയിൽ വിശ്വസിക്കുന്നവരിൽ പലരുടെയും ജീവിതത്തിൽ അതുണ്ടായിരുന്നില്ല.
രണ്ട്: വിമോചനദൈവശാസ്ത്രം കത്തോലിക്കാ സഭയിലേക്കുള്ള കമ്യൂണിസത്തിന്റെ ഒളിച്ചുകടത്തലാണ് എന്ന ചിന്ത ബർഗോഗ്ലിയോക്കുണ്ടായിരുന്നു.
അടിസ്ഥാനവർഗം തിങ്ങിത്താമസിക്കുന്ന ചേരികളിലൂടെ നടന്നുതുടങ്ങിയപ്പോൾ, അവരുമായി സംവദിക്കാൻ തുടങ്ങിയപ്പോൾ, വിമോചന ദൈവശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന മനുഷ്യർ പറയുന്നതിൽ വസ്തുതയുണ്ടെന്ന് എന്നദ്ദേഹം മനസ്സിലാക്കി. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി
എന്നാൽ, ദരിദ്രരായ അടിസ്ഥാനവർഗം തിങ്ങിത്താമസിക്കുന്ന ചേരികളിലൂടെ നടന്നുതുടങ്ങിയപ്പോൾ, അവരുമായി സംവദിക്കാൻ തുടങ്ങിയപ്പോൾ, വിമോചനദൈവശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന മനുഷ്യർ പറയുന്നതിൽ വസ്തുതയുണ്ടെന്ന് എന്നദ്ദേഹം മനസ്സിലാക്കി. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ലളിതമായി ജീവിക്കാനാരംഭിക്കുന്നു, സ്വന്തമായി ഭക്ഷണം പാചകം ചെയ്യുന്നു, സ്വന്തം വസ്ത്രം അലക്കുന്നു, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
1998-ൽ ആർച്ച് ബിഷപ്പായപ്പോഴും ഈ മനോഭാവം അദ്ദേഹം നിലനിർത്തി. ചേരിപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വൈദികർക്ക് അദ്ദേഹം വലിയ പിന്തുണ നൽകുന്നുണ്ട്. ചില ഘട്ടങ്ങളിൽ അവിടെ ചെന്ന് പരസ്യമായി കുർബാന ചൊല്ലി, അവിടെ പ്രവർത്തിക്കുന്ന വൈദികർക്ക് സഭയുടെ പൂർണ പിന്തുണയുണ്ടെന്ന് ഉറപ്പിച്ചുപറയുകയും അതിലൂടെ അവിടുത്തെ ലഹരി മാഫിയാസംഘങ്ങൾക്കും സർക്കാറിനും വലിയ സന്ദേശം നൽകുകയും ചെയ്തു. പൂർവകാലത്ത് താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ്, സത്യം മനസ്സിലാക്കി, തീർത്തും പുതിയ മനുഷ്യനായി മാറി ബെർഗോഗ്ലിയോ.

ബെനഡിക്റ്റ് 16-ാമൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബർഗോഗ്ലിയോ രണ്ടാമതായിരുന്നു. പിന്നീട് ബർഗോഗ്ലിയോ പിന്മാറുകയാണ് ചെയ്തത്. ബനഡിക്റ്റ് മാർപ്പാപ്പ രാജിവച്ച സന്ദർഭത്തിൽ ബർഗോഗ്ലിയോ മാർപാപ്പയുടെ സ്ഥാനത്ത് എത്തിയതിന് വ്യക്തമായ ചില കാരണങ്ങളുണ്ട്.
ബെനഡിക്റ്റ് 16ാമൻ ദൈവശാസ്ത്രജ്ഞനാണ്. എന്നാൽ, ഭരണാധികാരി എന്ന നിലയ്ക്ക് ഒരുപാട് പരാജയങ്ങളുണ്ടായി. അസംഖ്യം വൈദികർ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചതിന്റെ കഥകൾ അമേരിക്കയിൽനിന്നും ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിൽനിന്നും പുറത്തുവരാൻ തുടങ്ങി. അത് ആഗോള കത്തോലിക്കാ സഭയ്ക്ക് വലിയ ക്ഷതമുണ്ടാക്കി. മാത്രമല്ല, വത്തിക്കാൻ ബാങ്കും വത്തിക്കാനിലെ ഭരണസംവിധാനമായ വത്തിക്കാൻ ക്യൂരിയയും (The Roman Curia) വലിയ രീതിയിലുള്ള കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും വിധേയമായി. ഇതേക്കുറിച്ച് അന്വേഷിക്കാൻ ബെനഡിക്റ്റ് 16ാമൻ മൂന്ന് കർദ്ദിനാൾമാരെ രഹസ്യമായി നിയോഗിച്ച് സമഗ്ര പഠനം നടത്തി, അതിന്റെ റിപ്പോർട്ട് കൈയിൽവച്ചുകൊണ്ടാണ്, ലോകത്തെ ഞെട്ടിച്ച് ബെനഡിക്റ്റ് 16ാമൻ രാജി പ്രഖ്യാപിച്ചത് (സാധാരണ ഒരു മാർപാപ്പ മരിച്ചതിനു ശേഷമായിരിക്കും അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുക. ഒരുപക്ഷെ, 600 വർഷം മുമ്പാണ് ഒരു മാർപാപ്പ ഇങ്ങനെ സ്ഥാനത്യാഗം ചെയ്തത്). നടന്ന അഴിമതി എന്താണ്, പരിഹാരം എന്താണ് എന്ന് കൃത്യമായി നിർവചിച്ചിട്ടായിരുന്നു രാജി.
കോൺക്ലേവിൽ, മൂന്ന് മിനിറ്റിനുള്ളിൽ, സഭ കടന്നുപോകുന്ന പ്രതിസന്ധി ബർഗോഗ്ലിയോ വിശദീകരിച്ചു. അതിൽ രണ്ട് കാര്യങ്ങളിൽ പ്രത്യേകം ഊന്നി. ഒന്ന്; പൗരോഹിത്യത്തിന്റെ അരാജകത്വം, രണ്ട്; സാമ്പത്തിക കുറ്റകൃത്യങ്ങൾ.
ബെനഡിക്റ്റ് 16ാമൻ രാജിവച്ചതിനെതുടർന്ന് നടന്ന കോൺക്ലേവിൽ, പേപ്പസിയെ കുറെക്കൂടി ക്രിട്ടിക്കലായി വിശകലനം ചെയ്യാൻ കർദ്ദിനാൾമാർക്ക് കഴിഞ്ഞു. ഒരു മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് ശോകമൂകമായ അന്തരീക്ഷത്തിലായിരുന്നില്ല ഈ കോൺക്ലേവ് നടക്കുന്നത്. ആ കോൺക്ലേവിൽ 115 കർദ്ദിനാൾമാർക്കും മൂന്ന് മിനിറ്റു വീതം സംസാരിക്കാൻ അവസരം കിട്ടി. ബർഗോഗ്ലിയോ സ്പാനിഷിൽ എഴുതിത്തയ്യാറാക്കിയ ലേഖനവുമായാണ് എത്തിയത്. മൂന്ന് മിനിറ്റിനുള്ളിൽ സഭ കടന്നുപോകുന്ന പ്രതിസന്ധി അദ്ദേഹം വിശദീകരിച്ചു. അതിൽ രണ്ട് കാര്യങ്ങളിൽ പ്രത്യേകം ഊന്നി.
ഒന്ന്; പൗരോഹിത്യത്തിന്റെ അരാജകത്വം. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ ആയിരക്കണക്കിന് സംഭവങ്ങൾ അമേരിക്കയിൽനിന്നും ഫ്രാൻസിൽനിന്നും ജർമനിയിൽനിന്നും അയർലാന്റിൽനിന്നുമെല്ലാം പുറത്തുവരുന്നു.
രണ്ട്; സാമ്പത്തിക കുറ്റകൃത്യങ്ങൾ.

സഭയെ രക്ഷപ്പെടുത്താൻ അദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശം, സഭ അതിരുകളിലേക്ക് പോകണം എന്നാണ്. അതിരുകളിൽ താമസിക്കുന്ന ഏറ്റവും ദരിദ്രരായ മനുഷ്യരുടെ അരികിലേക്ക് പോകുക, അവർക്കുവേണ്ടി പ്രവർത്തിക്കുക. സഭയെ കരകയറ്റാൻ ശേഷിയുള്ളത്, പുതിയ കാലത്ത് സഭയെ നയിക്കാൻ ശേഷിയുള്ളത് ബെർഗോഗ്ലിയോവിനാണെന്ന് മറ്റു കർദ്ദിനാൾമാർ ഇതോടെ തിരിച്ചറിഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേൽക്കുമ്പോൾ, താൻ ഏതു വഴികളിലൂടെ നടക്കണം, എന്തൊക്കെ ചെയ്യണം എന്ന് വളരെ വ്യക്തമായി അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു. റോമിലെ ബിഷപ്പിനെയാണ് കോൺക്ലേവ് തെരഞ്ഞെടുക്കുന്നത്. റോമിലെ ബിഷപ്പാണ് മാർപാപ്പയാകുന്നത്. റോമിലെ ബിഷപ്പിന് ഒരു വഴി കൃത്യമായി എഴുതിവെച്ചിട്ടുണ്ട്, എന്താണ് പ്രതിസന്ധി എന്ന്. അതുകൊണ്ടുതന്നെ, സ്ഥാനമേറ്റയുടൻ വത്തിക്കാൻ ക്യൂരിയയിലും ബാങ്കിലും അഴിമതി നടത്തിയ പുരോഹിതർ അടക്കമുള്ളവരെ വിചാരണ ചെയ്ത് ഫ്രാൻസിസ് മാർപാപ്പ ജയിലിടച്ചിട്ടുണ്ട്.
വിപ്ലവാത്മകമായ നിലപാടെടുക്കുമ്പോഴും ലൈംഗികാതിക്രമം നേരിടുന്ന ഇരകളോടും പീഡകരോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ വിമർശനാത്മകമായിട്ടാണ് ലോകം നോക്കിക്കണ്ടത്.
2013-ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം ആദ്യം പോകുന്നത് ലാംബഡൂസ (Lampedusa) എന്ന ഇറ്റലിയിലെ തുറമുഖ ഗ്രാമത്തിലേക്കാണ്. ആഫ്രിക്കൻ വൻകരയിൽനിന്ന് യൂറോപ്യൻ വൻകരയിലേക്ക് എത്താനുള്ള ഏറ്റവും ചെറിയ കടൽ മാർഗമാണിത്. ആയിരക്കണക്കിന് അഭയാർഥികളാണ് ഈ ഗ്രാമത്തിലുള്ളത്. 98 ശതമാനവും മുസ്‌ലിംകൾ. അവിടെവെച്ച് ഫ്രാൻസിസ് മാർപാപ്പ ആഗോളവൽക്കരത്തെക്കുറിച്ച് പറഞ്ഞത് ലോകം ശ്രദ്ധിച്ചു: ‘സമ്പത്തിന്റെ ആഗോളവൽക്കരണം അസമത്വത്തിന്റെ ആഗോളവൽക്കരണമാണ്'. രാഷ്ട്രീയമായി വളരെ കൃത്യതയുള്ളതായിരുന്നു ഈ പ്രസ്താവന. ഇതിന്റെ തുടർച്ചയായി നിരവധി പ്രസ്താവനകളുണ്ടായി: ‘ഇടയന്മാർക്ക് ആടുകളുടെ മണമാണുണ്ടായിരിക്കേണ്ടത്, അരമനകളുടെയും സങ്കീർത്തികളുടെയും മണമല്ല’.

‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, പക്ഷെ എന്റെ ദൈവം ക്രിസ്ത്യാനിയല്ല’ എന്ന് അർഥശങ്കക്കിടയില്ലാത്തവിധം അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും വിശ്വാസികളെയും അവിശ്വാസികളെയും അങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രഖ്യാപനമായിരുന്നു അത്.
1965-ൽ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയിൽ പറഞ്ഞ വികാരവും വിചാരവും ഉൾക്കൊള്ളുന്നതായിരുന്നു പിന്നീട് മാർപാപ്പയുടെ പ്രവർത്തനവും ജീവിതവും.
മാദ്ധ്യമങ്ങളോടുള്ള മനോഭാവത്തിലും ഫ്രാൻസീസ് മാർപ്പാപ്പയുടെ കാലം വളരെ മാറ്റങ്ങൾ കൊണ്ടുവന്നു. മാധ്യമപ്രവർത്തകരെ ഭയത്തോടും സംശയത്തോടുമാണ് വത്തിക്കാൻ സമീപിച്ചിരുന്നത്. മാർപ്പാപ്പയായ ശേഷം ബ്രസീലിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്ത് റോമിലേക്കു തിരിച്ചുള്ള യാത്രയിൽ മാധ്യമപ്രവർത്തകരെ ഞെട്ടിച്ചുകൊണ്ട് 80 മിനിറ്റോളം അവരുടെ ചോദ്യങ്ങൾക്ക് ഫ്രാൻസീസ് മാർപ്പാപ്പ ഉത്തരം പറഞ്ഞു. മടിയില്ലാതെ, മറയില്ലാതെ, വസ്തുതാപരമായി, സത്യസന്ധമായി മാധ്യമപ്രവർത്തകരുടെ സംശയങ്ങൾക്ക്, ചോദ്യങ്ങൾക്ക് മുൻകൂട്ടി എഴുതി തയ്യാറാക്കാതെതന്നെ മറുപടി നൽകി. വത്തിക്കാൻ ക്യൂരിയക്ക് അമ്പരപ്പുളവാക്കുന്നതായിരുന്നു ഇത്.
കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ നെഞ്ചിലെരിയുന്ന കനലും അവരുടെ ഗദ്ഗദവും കണ്ണീരും ഫ്രാൻസിസ് മാർപ്പാപ്പയോട് സഭാ വ്യവസ്ഥിതിയെപ്പറ്റി ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കില്ലേ? ഒന്നര വർഷത്തിലധികമായി ജീവിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പണം പോലും സഭ ഇവർക്ക് നൽകിയിട്ടില്ല.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആർച്ച് ബിഷപ്പ് റോമേരൊയെ മെത്രാൻ പദവിയിലേക്ക് പരിഗണിച്ചത് അദ്ദേഹത്തിന്റെ തീവ്ര യാഥാസ്ഥിതിക നിലപാടുകൊണ്ടായിരുന്നു. തന്റെ നേരിട്ടുള്ള അനുഭവങ്ങളിലൂടെയാണ് അദ്ദേഹം വിപ്ലവകാരിയായി മാറിയതും എൽ സാൽവദോറിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കണ്ണിലെ കരടായതും. വെടിവെച്ച് കൊല്ലപ്പെട്ട ബിഷപ്പ് റൊമേരൊയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് ഫ്രാൻസിസ് മാർപ്പാപ്പയുടെ തീരുമാനപ്രകാരവും രണ്ട് പേരുടെയും അനുഭവങ്ങൾക്കും യാത്രയ്ക്കും ഒരുപാട് സാധർമ്മ്യങ്ങൾ ഉള്ളതുകൊണ്ടുകൂടിയാണ്.
മാർപാപ്പയായതിനുശേഷമുള്ള ആദ്യ പെസഹാ വ്യാഴത്തിന് അദ്ദേഹം കാൽകഴുകൽ ശുശ്രൂഷയ്ക്ക് പോയത് റോമിലുള്ള ഒരു ജയിലിലേക്കാണ്. സ്ത്രീകളും മുസ്‌ലിംകളും അടക്കമുള്ള തടവുകാരുടെ കാലുകളാണ് അദ്ദേഹം കഴുകി ചുംബിച്ചത്. മരിക്കുന്നതിന് തൊട്ടു മുൻപുള്ള ഏറ്റവും അവസാനത്തെ പെസഹയ്ക്ക് കാൽ കഴുകിയത് 12 സ്ത്രീകളുടെതായിരുന്നു.
അദ്ദേഹം എഴുതിയ Laudato Si എന്ന പ്രശസ്തമായ പാരിസ്ഥിതിക ചാക്രിക ലേഖനം ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഏറെ ആകർഷിച്ച encyclical ആയിരുന്നു.

ബർഗോഗ്ലിയോയിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ ആയതുവരെയുള്ള നാൾവഴി നോക്കുമ്പോൾ, വലിയ പരിവർത്തനങ്ങൾ കാണാം. പ്രത്യക്ഷത്തിൽ ഏകാധിപത്യ പ്രവണതയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ഒന്നാണ് സഭാ സംവിധാനം. മെത്രാന് മാത്രം പരമാധികാരമുള്ള വ്യവസ്ഥിതിയാണ് കാനൻ നിയമം. മെത്രാൻ നിയമുണ്ടാക്കുന്നു, മെത്രാൻ നിയമം വ്യാഖ്യാനിക്കുന്നു, മെത്രാൻ നിയമം നടപ്പാക്കുന്നു. മുഴുവൻ അധികാരവും മെത്രാനിലും മാർപാപ്പയിലും പൗരോഹിത്യത്തിലും കേന്ദ്രീകൃതമാണ്. മെത്രാന്റ പാർശ്വവർത്തികളായി നിൽക്കുന്ന വൈദികർക്ക് ആനുകൂല്യങ്ങളുണ്ട്. പക്ഷെ, ചോരയും നീരും കൊണ്ട് ആരാണോ സഭാസംവിധാനത്തെ നിലനിർത്തുന്നത്, ആർക്കുവേണ്ടിയാണോ ഈ സഭയുള്ളത്, ആ സാധാരണ ജനങ്ങൾക്ക് ഈ വ്യവസ്ഥിതിയിൽ പങ്കാളിത്തമില്ല, അവരുടെ ശബ്ദത്തിന് വിലയില്ല, ഒരുവിധ അവകാശങ്ങളും അധികാരവുമില്ല. ഇത്തരമൊരു ഘടനയിൽ ഏകാധിപത്യത്തിന്, അടിച്ചമർത്തലിന് ഏറ്റവും സാധ്യതയുള്ള ഒരിടമാണത്. ഒരുപക്ഷെ, 300 വർഷങ്ങൾക്കുപുറകിൽ സഞ്ചരിക്കുന്ന ഒരു പ്രസ്ഥാനത്തെ തന്റെ ചെയ്തികളിലൂടെ നൂറു വർഷത്തിനിപ്പുറത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ സംഭാവന.
കേരളത്തിൽ, കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു ബിഷപ്പിനെതിരെ ആരോപണമുണ്ടായി. ആഗോളതലത്തിൽ തന്നെ കുപ്രസിദ്ധിയാർജ്ജിച്ച കേസാണിത്. ഇതേക്കുറിച്ച് പഠിക്കാനോ ഇരകൾക്ക് നീതി ലഭിക്കത്തക്കവിധത്തിൽ തീരുമാനമെടുക്കാനോ മാർപാപ്പയ്ക്ക് കഴിഞ്ഞില്ല.
എന്നാൽ, ഇത്തരം വിപ്ലവാത്മകമായ നിലപാടെടുക്കുമ്പോഴും ലൈംഗികാതിക്രമം നേരിടുന്ന ഇരകളോടും പീഡകരോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ വിമർശനാത്മകമായിട്ടാണ് ലോകം നോക്കിക്കണ്ടത്. ചിലിയിൽ നടന്ന ഒരു സംഭവം ഉദാഹരണം. അറിയപ്പെടുന്ന കരിസ്മാറ്റിക് ധ്യാനഗുരുവാണ് ഫെർണാന്റോ കരാടിമ (Fernando Karadima). 1980-കൾ മുതൽ 2000 വരെ അദ്ദേഹം ഒരുപാട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കഥകൾ പുറത്തുവരാൻ തുടങ്ങി. ജുവാൻ ബാരോസ് (Juan de la Cruz Barros Madrid) എന്ന ബിഷപ്പ് അടക്കമുള്ള നിരവധി വൈദികർ അദ്ദേത്തെ പിന്തുണയ്ക്കുകയും കുറ്റകൃത്യങ്ങൾ മൂടിവെക്കുകയും ചെയ്തു.
2018-ൽ ഫ്രാൻസിസ് മാർപാപ്പ ചിലിയിൽ ചെല്ലുമ്പോൾ, കരാടിമക്കെതിരെ സംസാരിക്കുന്നവർക്ക് താക്കീത് നൽകുകയാണ് ചെയ്തത്. വസ്തുകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തില്ല നിങ്ങൾ സംസാരിക്കുന്നത്, ഇദ്ദേഹത്തിന്റെ പ്രശസ്തിയിൽ അസൂയ പൂണ്ടാണ് എന്നാണ് മാർപാപ്പ കുറ്റപ്പെടുത്തിയത്. ജുവാൻ ബാരോസിനെ ഒസോർണോ (Bishop of Osorno) എന്ന രൂപതയിലെ ബിഷപ്പായി അവരോധിച്ചു. ഇതിനെതിരെ വലിയ ജനക്കൂട്ടം സമരരംഗത്തേക്കുവന്നു. ഇവരിൽ 15-ഓളം വൈദികരെ മാർപാപ്പ താക്കീത് ചെയ്തു.

ചിലിയിൽനിന്ന് മടങ്ങാൻ വിമാനത്തിൽ കയറുമ്പോൾമാർപാപ്പ ഒരു കാര്യം മനസ്സിലാക്കി. ചിലിയിലെ തന്റെ പരിപാടിയിൽ ജനങ്ങളുടെ പങ്കാളിത്തം നാമമാത്രമായിരുന്നു. അവിടുത്തെ ജനം തന്റെ പ്രസംഗം കേൾക്കാനോ തന്നെ കാണാനോ വന്നില്ല. അത് അദ്ദേഹത്തിന് വലിയ ആഘാതമായി. എന്തുകൊണ്ടാണ് തന്റെ അടുത്തേക്ക് ആളുകൾ വരാതിരുന്നത് എന്ന് അന്വേഷിച്ചപ്പോൾ, തന്റെ നിലപാടിൽ, ജഡ്ജ്‌മെന്റിൽ, ഈ വിഷയം മനസ്സിലാക്കുന്നതിൽ എന്തോ പ്രശ്‌നമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ തിരിച്ചറിഞ്ഞു.
ഇതേതുടർന്ന്, സഭയിലെ ലൈംഗികാതിക്രമ പരാതികൾ സൂക്ഷ്മമായി അന്വേഷിക്കുന്നതിൽ അഗ്രഗണ്യനായ മാൾട്ടയിലെ ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂനയെ ചിലിയിലെ വിഷയം പഠിക്കാൻ മാർപാപ്പ നിയോഗിച്ചു. അദ്ദേഹം 2300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു. ഇത് വായിച്ചപ്പോൾ തനിക്ക് തെറ്റുപറ്റി എന്ന് മാർപാപ്പയ്ക്ക് മനസ്സിലായി. അങ്ങനെ, ചിലിയിലെ പ്രശ്‌നത്തിൽ മുന്നിലുണ്ടായിരുന്ന മൂന്ന് വൈദികരെ- ജുവാസ് കാർലോസ് ക്രൂസ്, ജയിംസ് ഹാമിൽട്ടൻ, ജോസെ ആൻഡ്രസ് മ്യൂറിലോ- വ്യക്തിപരമായി കാണണമെന്നുപറഞ്ഞ് മാർപാപ്പ വത്തിക്കാനിലേക്കു വിളിച്ചുവരുത്തി. അവർ അഞ്ചു ദിവസം മാർപാപ്പയോടൊപ്പം താമസിച്ച്, ചിലിയിലെ പ്രശ്‌നങ്ങൾ വിശദമായി അദ്ദേഹത്തെ ധരിപ്പിച്ചു. 'എനിക്ക് തെറ്റുപറ്റി, നിങ്ങളുടെ വേദന കൂട്ടുന്ന തരത്തിലാണ് എന്റെ പ്രവൃത്തിയുണ്ടായത്, നിങ്ങൾ ക്ഷമിക്കണം' എന്ന് പരസ്യമായി പറഞ്ഞ് മാർപാപ്പ അവരോട് മാപ്പു ചോദിച്ചു. മാത്രമല്ല, ചിലിയിലെ 35 ബിഷപ്പുമാരെയും വത്തിക്കാനിലേക്ക് വിളിച്ചുവരുത്തി എല്ലാവരുടെയും രാജി എഴുതിവാങ്ങി. ഏഴുപേരുടെ രാജി സ്വീകരിച്ചു.
കേരളത്തിൽ, കുർബാന വിഷയം കൊണ്ടുവന്ന് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം പഠിക്കാനോ അന്വേഷിക്കാനോ പരിഹാരം നിർദ്ദേശിക്കാനോ മാർപാപ്പക്ക് കഴിഞ്ഞില്ല. മാത്രമല്ല, ഇത്തരം ആരോപണങ്ങളുണ്ടായപ്പോൾ, വിശ്വാസികൾ പറയുന്നത് കേൾക്കാനുള്ള മനസ്സ് അദ്ദേഹം ആർജ്ജിച്ചിരുന്നില്ല.
പിന്നീടും സമാന ഇടപെടലുകൾ ഫ്രാൻസിസ് മാർപാപ്പയിൽ നിന്നുണ്ടായി. സമാന ആരോപണങ്ങളെതുടർന്ന് അമേരിക്കയിലെ വൈദികനായിരുന്ന കാർഡിനൽ മക്കാരിക്കിന്റെ വൈദികപട്ടം എടുത്തുമാറ്റി. ആസ്‌ത്രേലിയൻ മെത്രാൻ കാർഡിനൽ പെല്ലിനെ, നാട്ടിലെ സിവിൽ കേസ് നേരിടണമെന്നാവശ്യപ്പെട്ട് തിരിച്ചയച്ചു.
പക്ഷെ, ഒരു ചോദ്യം നിലനിൽക്കുന്നു. അസമത്വത്തെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ വളരെ ശക്തമായി സംസാരിച്ചു, 'Poor Chruch for the Poor' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചു, അതിരുകളിലേക്ക് പോകാനാവശ്യപ്പെട്ടു, ലളിതജീവിതം നയിച്ചു, വിശ്വാസപ്രമാണത്തിന്റെ സൂക്ഷ്മതയേക്കാൾ കരുണയ്ക്കും നീതിക്കും പ്രാധാന്യം നൽകി- ഇങ്ങനെ സഭയെ കാലഘട്ടത്തിനനുസരിച്ച് മുന്നോട്ടുകൊണ്ടുവരാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു.

ഇതോടൊപ്പം, ഫ്രാൻസിസ് മാർപാപ്പയുടെ വീഴ്ചകളെയും സമൂഹം വിലയിരുത്തും. ഈ കാലഘട്ടത്തിൽ തന്നെയാണ് കേരളത്തിലെ ഒരു കർദ്ദിനാൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായത്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മറ്റൊരു ബിഷപ്പിനെതിരെ ആരോപണമുണ്ടായി. ആരോപണങ്ങളുണ്ടായ സമയത്തുതന്നെ അതിനെപ്പറ്റി പഠിക്കാനും അവരെ മാറ്റിനിർത്താനും വസ്തുതകൾ പരിശോധിച്ച് അവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാനും മാർപാപ്പ തയ്യാറായിരുന്നുവെങ്കിൽ ഒരുപക്ഷെ കേരള കത്തോലിക്കാ സഭയും ഇന്ത്യൻ കത്തോലിക്കാ സഭയും നേരിടുന്ന പ്രതിസന്ധിയുടെ ആഴം കുറഞ്ഞേനേ.
മേലാൽ ലൈംഗികാതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് നേരിടാൻ തക്കവണ്ണം വ്യവസ്ഥിതിയിൽ മാറ്റമുണ്ടാക്കാനും ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന വിമർശനം ശക്തമായി നിലനിൽക്കുന്നുണ്ട്.
പരാതിക്കാരിയായ കന്യാസ്ത്രീ പരാതി പറഞ്ഞു എന്ന 'കുറ്റത്താൽ' സർവ്വരാലും പരിത്യക്തയായി കഴിയുന്നു. ഏറ്റവും വിശ്വസ്തരായവർ പോലും മെത്രാന്റെ പക്കൽ നിന്നുള്ള പണം വാങ്ങി അവരെ വഞ്ചിക്കുന്നു. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ നെഞ്ചിലെരിയുന്ന കനലും അവരുടെ ഗദ്ഗദവും കണ്ണീരും ഫ്രാൻസീസ് മാർപ്പാപ്പയോട് സഭാ വ്യവസ്ഥിതിയെപ്പറ്റി ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കില്ലേ? ഒന്നര വർഷത്തിലധികമായി ജീവിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പണം പോലും സഭ ഇവർക്ക് നൽകിയിട്ടില്ല. അവർ സ്വന്തം നിലയ്ക്ക് ഒഴിഞ്ഞുപോകട്ടെ എന്ന നിലപാടെടുത്തിരിക്കുകയാണ് അവർ അംഗമായിരിക്കുന്ന സന്യാസ സഭ. കനത്ത ഒരു നിശ്ശബ്ദത ഇവിടെ നിലനിൽക്കുന്നു. ആഗോളതലത്തിൽ തന്നെ കുപ്രസിദ്ധിയാർജ്ജിച്ച ഈ കേസിനെക്കുറിച്ച് പഠിക്കാനോ ഇരകൾക്ക് നീതി ലഭിക്കത്തക്കവിധത്തിൽ തീരുമാനമെടുക്കാനോ മാർപാപ്പയ്ക്ക് കഴിഞ്ഞില്ല.
ലൈംഗികാതിക്രമങ്ങളിൽ ‘സീറോ ടോളറൻസ്’ എന്ന് 2013-ൽ മാർപാപ്പയായപ്പോൾ തന്നെ പ്രഖ്യാപിച്ചയാളാണ് ഫ്രാൻസിസ് മാർപാപ്പ. എന്നാൽ, ഇവിടെ കുറ്റാരോപിതരായ മെത്രാന്മാർ സുരക്ഷിതരാണ്, അവരുടെ തേർവാഴ്ച തുടരുന്നു. ആക്രമണത്തെ ചോദ്യം ചെയ്തതാണ് പാതകം എന്ന് വീണ്ടും വീണ്ടും ഇരകളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇരകളെ വീണ്ടും പീഡിപ്പിക്കുകയും പീഡകൻ സുരക്ഷിതമായിരിക്കുകയും ചെയ്യുന്ന വ്യവസ്ഥിതി നിലനിൽക്കുന്നു.

(സീറോ മലബാർ സഭാംഗം എന്ന നിലയ്ക്കുകൂടി ഫ്രാൻസീസ് മാർപ്പാപ്പയുടെ കാലത്തെ വിലയിരുത്തുന്നു. സീറോ മലബാർ സഭാ പരമാധികാരി നടത്തിയ ഭൂമി കുംഭകോണത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് കുർബ്ബാന വിഷയം മറയാക്കുകയാണ് സീറോ മലബാർ മെത്രാൻ സിനഡ് ചെയ്തത്. കുർബാന വിഷയം കൊണ്ടുവന്ന് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. 'റോം കത്തിയെരിക്കുമ്പോൾ നീറോ വീണ വായിക്കുന്നു' എന്ന ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട്, പ്രത്യേകിച്ച് കോവിഡിനുശേഷം ആയിരക്കണക്കിന് മനുഷ്യർ മരിക്കുകയും തൊഴിൽരഹിതരാകുകയും അടിസ്ഥാനവർഗ മനുഷ്യർ പലതരം ദുരിതങ്ങൾക്കിരയാകുകയും നാട് പാരിസ്ഥിതികമായും സാമ്പത്തീകമായും തകരുകയും തീവ്ര വലതുപക്ഷശക്തികൾ സമൂഹത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിക്കുകയും അന്യമത വെറുപ്പ് ഉദ്പാദിപ്പിക്കുകയും ചെയ്യുമ്പോൾ, കുർബാനയ്ക്ക് അങ്ങോട്ടു തിരിയണോ ഇങ്ങോട്ട് തിരിയണോ എന്നത് സീറോ മലബാർ സഭ ഇക്കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്ന പരമപ്രധാനമായ വിഷയമായി, വിവേകവും ബോധവും നഷ്ടപ്പെട്ട സിനഡ്, കുർബാനത്തർക്കത്തെ മാറ്റിത്തീർത്തപ്പോൾ- കോടിക്കണക്കിന് പണവും പതിനായിരക്കണക്കിന് മണിക്കൂറുകളും ആയിരക്കണക്കിന് വൈദികരുടെയും ജനങ്ങളുടെയും വിലപ്പെട്ട സമയം അർത്ഥമില്ലാത്തതും അപ്രസക്തവുമായ ഒരു കാര്യത്തിനുവേണ്ടി വ്യയം ചെയ്യുന്നതിനെ- അത് പഠിക്കാനോ അന്വേഷിക്കാനോ പരിഹാരം നിർദ്ദേശിക്കാനോ മാർപാപ്പക്ക് കഴിഞ്ഞില്ല. മാത്രമല്ല, ഇത്തരം ആരോപണങ്ങളുണ്ടായപ്പോൾ, വിശ്വാസികൾ പറയുന്നത് കേൾക്കാനുള്ള മനസ്സ് അദ്ദേഹം ആർജ്ജിച്ചിരുന്നില്ല. അദ്ദേഹം രൂപപ്പെട്ടുവന്നത്, മെത്രാൻ പരമാധികാരിയായ ഒരു വ്യവസ്ഥിതിയിലൂടെയാണ് എന്നതാകാം കാരണം. ആ വ്യവസ്ഥിതിയുടെ ഭാരം അദ്ദേഹത്തിൽ അവശേഷിച്ചിരുന്നിരിക്കാം. അതുകൊണ്ടാകാം ഈ വിഷയങ്ങൾ പരിഗണിക്കാൻ ഒരുപാട് കാലമെടുത്തത്.)
വൈദികരിൽനിന്ന്, മെത്രാന്മാരിൽനിന്ന് ഇനി ലൈംഗികാതിക്രമം ഉണ്ടാകാതിരിക്കാൻ, ഉണ്ടായാൽ അത് മൂടിവെക്കാതിരിക്കാൻ, എന്ത് സംവിധാനമാണ് വ്യവസ്ഥിതിയിലുണ്ടാക്കിയത് എന്ന ചോദ്യം പ്രസക്തമാണ്. അവിടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ സംഭാവന ഒരു വിലയിരുത്തലിന് വിധേയമാക്കപ്പെടുക. മേലാൽ ലൈംഗികാതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് നേരിടാൻ തക്കവണ്ണം വ്യവസ്ഥിതിയിൽ മാറ്റമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്ന വിമർശനം ശക്തമായി നിലനിൽക്കുന്നുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ ചുവടുകളെ മുന്നോട്ടുകൊണ്ടുപോകുന്ന നിലപാടുകളായിരിക്കുമോ അടുത്ത കോൺക്ലേവ് പരിഗണിക്കാൻ പോകുന്നത്? ഉള്ളിലും പുറത്തുമുള്ള മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന ഒരു പ്രസ്ഥാനമായി സഭയെ മാറ്റാനാകുമോ?
ആദ്യ കാലത്തുണ്ടായിരുന്ന സ്വേച്ഛാധിപത്യ പ്രവണതയിൽനിന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ച വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പ. 2023- 24 കാലത്താണ് അദ്ദേഹം ആഗോള കത്തോലിക്കാ സഭയുടെ സിനഡ് വിളിച്ചുകൂട്ടിയത്. Synod on Synodality എന്നതായിരുന്നു വിഷയം. പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സഭ. അതിന്റെ നടത്തിപ്പു തന്നെ വ്യത്യസ്തമായിരുന്നു. അജണ്ട നേരത്തെ നിശ്ചയിച്ചില്ല. എല്ലാ രൂപതകളിലും ഇടവകകളിലും അതേക്കുറിച്ച് ചർച്ച നടത്തി. ആ ചർച്ചകൾ വത്തിക്കാൻ സിനഡിലേക്ക് കൊണ്ടുവന്നു. സ്വവർഗാനുരാഗികൾക്കും ട്രാൻസ്‌ജെന്റർമാർക്കും നീതി കൊടുക്കണം, സ്ത്രീകൾക്ക് പൗരോഹിത്യം കൊടുക്കണം തുടങ്ങിയ ചർച്ചകൾ അതിൽ നടക്കുന്നുണ്ട്. ട്രാൻസ്‌ജെന്റർമാരുടെയും സ്വവർഗാനുരാഗികളുടെയും വിഷയം വന്നപ്പോൾ, 'ഞാൻ ആരാണ് അവരെ വിധിക്കാൻ' എന്ന ചോദ്യത്തിലൂടെ സഭയിൽ അവർക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഗോത്ര വിഭാഗക്കാരെ വത്തിക്കാനിലേക്ക് വിളിച്ചുവരുത്തി അവരുടെ യോഗം സംഘടിപ്പിച്ചിരുന്നു. ഗോത്രസംസ്കൃതിയുടെ പാരിസ്ഥിതിക ജ്ഞാനത്തിലേക്കും ദർശനത്തിലേക്കും എത്തിപ്പെട്ടെങ്കിൽ മാത്രമേ ഭൂമിക്ക്, സമൂഹത്തിന് ഇനി നിലനിൽപ്പുള്ളൂ എന്ന തിരിച്ചറിവിൽനിന്നാകാം ഇത്തരം കൂടിച്ചേരലുകൾക്ക് ഫ്രാൻസിസ് പാപ്പ തുനിഞ്ഞിറങ്ങിയത്. വളരെ ആഴത്തിലുള്ള സംവാദങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇങ്ങനെ സഭയെ പുതിയ കാലത്തിലേക്ക് പറിച്ച് നടാൻ അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

ഇത്തരം നവീകരണ നടപടികൾ സഭാസംവിധാനത്തിൽ ഇദ്ദേഹത്തിനെതിരെ വലിയ എതിർപ്പിനും കാരണമാക്കിയിട്ടുണ്ട്. കാരണം, തീവ്ര പുരോഗമനപക്ഷത്തുള്ളവരെപോലെതന്നെ തീവ്ര യാഥാസ്ഥിതിക പക്ഷക്കാരും സഭാ സംവിധാനത്തിലുണ്ട്.
ഫ്രാൻസിസ് മാർപാപ്പയ്ക്കുശേഷം കത്തോലിക്ക സഭ നേരിടാൻ പോകുന്ന പ്രതിസന്ധി എന്തായിരിക്കും?
യൂറോപ്പിലും സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും ആസ്‌ത്രേലിയയിലും സഭ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. അവിടെയെല്ലാം അഞ്ചോ ആറോ ശതമാനം പേർ മാത്രമാണ് പള്ളികളിൽ വരുന്നത്. അവരിലേറെയും 70 വയസ്സ് കഴിഞ്ഞവരും. ഇതിൽ ചെറുപ്പക്കാരുടെ സാന്നിധ്യം വട്ടപ്പൂജ്യമാണ്. തകർന്നുകിടക്കുന്ന സഭയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ തുടങ്ങിവെച്ച പരിശ്രമങ്ങളെ, സഭ തുടർന്നും ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഫ്രാൻസിസ് മാർപാപ്പ മാറ്റത്തിനുള്ള സാധ്യതകൾ തുറന്നുവെച്ചിട്ടുണ്ട്. അല്ല, ആരംഭം കുറിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ചുവടുകളെ മുന്നോട്ടുകൊണ്ടുപോകുന്ന നിലപാടുകളായിരിക്കുമോ അടുത്ത കോൺക്ലേവ് പരിഗണിക്കാൻ പോകുന്നത്? ഉള്ളിലും പുറത്തുമുള്ള മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന ഒരു പ്രസ്ഥാനമായി സഭയെ മാറ്റാനാകുമോ? മെത്രാന്മാർക്ക് പരമാധികാരമുള്ള കാനൻ ലോ പൊളിച്ചെഴുതി ജനങ്ങൾക്ക് അധികാരം നൽകാനുള്ള തുടക്കമുണ്ടാകുമോ?. നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകാധിപത്യവ്യവസ്ഥ പൊളിച്ചുമാറ്റാനുള്ള ധൈര്യം പുതിയ മാർപാപ്പയ്ക്കുണ്ടാകുമോ? ചോദ്യങ്ങൾ നിരവധിയാണ്.
പലരും പറയുന്നത്, വരാൻ പോകുന്ന മാർപാപ്പ, തീവ്ര യാഥാസ്ഥിതികനും യൂറോപ്പിൽനിന്നുള്ളയാളും എന്നാണ്. 300 വർഷം പുറകിൽ നിൽക്കുന്ന സഭയെ ഫ്രാൻസിസ് മാർപാപ്പ 100 വർഷം മുന്നിലേക്ക് കൊണ്ടുവന്നു എങ്കിൽ, ഇനി വരുന്ന മാർപാപ്പ 300 വർഷം പുറകിലേക്ക് കൊണ്ടുപോകുന്ന ഒരാളായിരിക്കും എന്ന വിമർശനം ഉയരുന്നുണ്ട്. ഉത്തരത്തിനായി അധികം നാൾ കാത്തിരിക്കേണ്ടതില്ലല്ലോ.
