അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക് ഡോണൾഡ് ട്രംപ് തുടർന്നുവന്ന കുടിയേറ്റ വിരുദ്ധതയുടെയും വംശീയതയുടേതുമായ നവഫാഷിസ്റ്റ് നയങ്ങൾക്കുമെതിരായ അമേരിക്കൻ ജനാധിപത്യസമൂഹത്തിന്റെ വിധിയെഴുത്താണ്. ഈ വിധിയെഴുത്തിലേക്ക് അമേരിക്കൻ ജനതയെ നിർബന്ധിതമാക്കിയ അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയവും സാർവ ദേശീയ സംഭവവികാസങ്ങളും ശരിയായരീതിയിൽ തന്നെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
സവിശേഷമായി നിയോ ലിബറൽ നയങ്ങളും അത് സൃഷ്ടിച്ച ജീവിതപ്രതിസന്ധിക്ക് കാരണമായ ചെലവുചുരുക്കൽ നയങ്ങളും യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളിലാകെ ജനങ്ങളെ തെരുവുകളിലേക്കിറക്കിയിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ ജനത ട്രംപിസത്തിനെതിരായി വിധിയെഴുതിയിരിക്കുന്നത്.
ലോകമാകെ ആഞ്ഞടിക്കുന്ന തീവ്രവലതുപക്ഷനയങ്ങൾക്കും കോർപ്പറേറ്റ് കൊള്ളക്കുമെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായിതന്നെ അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ കാണേണ്ടതുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിക്കും അവരുടെ അതിയാഥാസ്ഥിതിക നിലപാടുകൾക്കുമെതിരെ ഡെമോക്രാറ്റിക് പാർട്ടിയിലെ ഇടതുപക്ഷ വിഭാഗങ്ങളുടെ സമരോത്സുക ഇടപെടലുകൾ ഈ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് പല വിശകലനങ്ങളും വ്യകതമാക്കുന്നത്. കഴിഞ്ഞ കുറേ ദശകങ്ങളായി അമേരിക്കൻ രാഷ്ട്രീയത്തിലും ജനജീവിതത്തിലും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് അസോസിയേഷനും അതിന്റെ നേതാവായ യു.എസ് സെനറ്റിലെ സ്വതന്ത്ര അംഗമായ ബേണി സാന്റേഴ്സും അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയും വലിയ സ്വാധീനം ചെലുത്തിപ്പോരുന്നുണ്ട്. തൊഴിലാളി യൂണിയനുകളിലും പരിസ്ഥിതി, ഫെമിനിസ്റ്റ്, LGBT പ്രസ്ഥാനങ്ങളിലും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റ് പാർട്ടിയും നടത്തിവരുന്ന ഇടപെടലുകൾ ജനജീവിതത്തിൽ അവഗണിക്കാനാവാത്ത ഫലം സൃഷ്ടിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ ജനപ്രതിനിധിസഭയിലും സെനറ്റിലും സംസ്ഥാന ഗവർണർ പദവികളിലേക്കും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ ഇടതുപക്ഷം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. 50- ഓളം ഇടതുപക്ഷ സോഷ്യലിസ്റ്റുകളും സഹയാത്രികരുമായവരെ സ്ഥാനാർത്ഥികളാക്കാനും വിജയിപ്പിക്കാനും ബർണീസ്സാന്റേഴ്സും ഇടതുപക്ഷകക്ഷികളും പ്രധാന ഇടപെടൽ നടത്തിയിട്ടുണ്ട്. തൊഴിലാളിവർഗത്തിന്റെയും ഇടത്തരക്കാരുടെയും യുവാക്കളുടെയും പങ്കാളിത്തവും ഇടപെടലും തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാക്കിയെടുക്കുന്നതിന് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെയും ഇടതുപക്ഷത്തിന്റെയും ഇടപെടൽ പ്രധാനമായിരുന്നു.
ഈ ഇടക്കാല തെരഞ്ഞെടുപ്പ് അമേരിക്കൻ യുവാക്കൾക്കും തൊഴിലാളിവർഗത്തിനും വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് പകർന്നുനൽകുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്ത് ഇടതുപക്ഷം വഹിച്ച പങ്കിനെ എടുത്തുപറഞ്ഞ്, അമേരിക്കൻ മാധ്യമങ്ങൾ തന്നെ, 2028 നവംബറിൽ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് സൂചിപ്പിക്കുന്നത്. നിലനിൽക്കുന്ന നവലിബറൽ ലോകക്രമത്തിൽ അനിവാര്യമായ മാറ്റങ്ങൾ ആഗ്രഹിക്കുന്നവരുടെ രാഷ്ട്രീയ ഇടപെടലുകളുടെ പ്രസക്തിയും പങ്കാളിത്തവുമാണ് യു.എസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്കും അവരുടെ തീവ്രവലതുപക്ഷ നയങ്ങൾക്കും കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഡെമോക്രാറ്റിക് പാർട്ടി ജനപ്രതിനിധി സഭയിലും സെനറ്റിലും മേൽക്കൈ നേടിയിരിക്കുന്നത്.
ഡെമോക്രാറ്റിക് പാർട്ടിക്ക് 100 അംഗ സെനറ്റിൽ 55 സീറ്റും തെരഞ്ഞെടുക്കപ്പെടുന്ന 435 അംഗ ജനപ്രതിനിധി സഭയിൽ ഏതാണ്ട് 440 സീറ്റും ഉറപ്പായിട്ടുണ്ട്. ജനപ്രതിനിധിസഭയിൽ കേവല ഭൂരിപക്ഷത്തിന് 218 സീറ്റുകളേ ആവശ്യമുള്ളൂ. എന്നാൽ ഡെമോക്രാറ്റുകൾക്ക് 22 സീറ്റ് അധികമായി ലഭിച്ചു.

ഈ ഇടക്കാല തെരഞ്ഞെടുപ്പ് വിധി അമേരിക്കൻ സമൂഹത്തിലും അതിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും മാത്രമല്ല, സാർവദേശീയസമൂഹത്തിലും ലോക രാഷ്ട്രീയ- സാമ്പത്തിക മേഖലകളിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് ലോകത്തിലെ പ്രമുഖരായ അന്താരാഷ്ട്ര കാര്യ വിദഗ്ധർ കാണുന്നത്. ലോകമാകെ ആഞ്ഞടിക്കുന്ന തീവ്രവലതുപക്ഷനയങ്ങൾക്കും കോർപ്പറേറ്റ് കൊള്ളക്കുമെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായിതന്നെ അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ കാണേണ്ടതുണ്ട്.
ബ്രസീലിൽ തീവ്രവലതുപക്ഷത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് തൊഴിലാളി യൂണിയനുകളുടെയും ഇടതുപക്ഷ കക്ഷികളുടെയും വിശാലമുന്നണി സ്ഥാനാർത്ഥിയായിരുന്ന ലുല ഡി സിൽവ നാലാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും സയണിസത്തിനുമേറ്റ മഹാപ്രഹരം തന്നെയാണ്. സെർബിയയിലും ചെലവുചുരുക്കൽ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളുടെ തുടർച്ചയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി രാഷ്ട്രീയമുന്നണി വിജയം നേടുകയുണ്ടായി.
ട്രംപിനെതിരായ ഈ തെരഞ്ഞെടുപ്പ് ഫലം അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനും അതിന്റെ ആധിപത്യശ്രമങ്ങൾക്കുമെതിരായ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിന് കരുത്തുപകരും.
ഇസ്രായേൽ പാർലമെൻ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പശ്ചിമേഷ്യൻ ശിങ്കിടിയായ സയണിസ്റ്റ് ഭീകരൻ ബെഞ്ചമിൻ നെതന്യാഹുവിനും അയാളുടെ ലിക്കുഡ് പാർട്ടി നയിക്കുന്ന മുന്നണിക്കും കനത്ത തിരിച്ചടിയാണുണ്ടായത്. നെതന്യാഹുവിന്റെ പരാജയവും ട്രംപിന് ഇടക്കാല തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും പ്രശ്നസങ്കീർണമായ പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
അമേരിക്കയുടെ 47–ാമത് പ്രസിഡണ്ടായി അധികാരമേറ്റ, തന്റെ രണ്ടാംമൂഴത്തിൽ ലോകത്തോട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്, അമേരിക്കയുടെ ലോകാധിപത്യമാണ് തന്റെ ലക്ഷ്യമെന്നാണ്.
യൂറോപ്പിലാകെ ശക്തിയാർജ്ജിച്ചുവരുന്ന തീവ്രവലതുപക്ഷത്തിനെതിരായ യുവജന-വിദ്യാർത്ഥി- തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് ട്രംപിന്റെ പരാജയവും യു.എസിലെ ഡെമോക്രാറ്റുകളുടെ മുന്നേറ്റവും ആവേശം പകരും. ഇന്ത്യയിൽ മോദി സർക്കാരിനെതിരെ നടക്കുന്ന ജന്തർമന്ദർ പ്രക്ഷോഭങ്ങൾക്ക് ട്രംപിന്റെയും റിപ്പബ്ലിക്കന്മാരുടെയും ദയനീയ പരാജയം പുതിയ ഓജസ്സും കുതിപ്പും പകരുമെന്ന കാര്യത്തിൽ സംശയമില്ല. ട്രംപ് മോദിയുടെ ‘ഗ്രേറ്റ് ഫ്രണ്ടും’ പരിഹാസ്യമാംവിധം വിനീതവിധേയനുമാണല്ലോ.
അമേരിക്കയുടെ 47–ാമത് പ്രസിഡണ്ടായി അധികാരമേറ്റ, തന്റെ രണ്ടാംമൂഴത്തിൽ ലോകത്തോട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്, അമേരിക്കയുടെ ലോകാധിപത്യമാണ് തന്റെ ലക്ഷ്യമെന്നാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യമുയർത്തി സത്യപ്രതിജ്ഞയ്ക്കുശേഷം ട്രംപ് യു.എസ് ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടുണ്ടഹാളിൽ നടത്തിയ പ്രസംഗം അമേരിക്കയുടെ ലോകാധിപത്യം കൊതിക്കുന്ന സാമ്രാജ്യത്വ ഭീകരതയുടെ പ്രഖ്യാപനങ്ങളായിരുന്നു. അങ്ങേയറ്റം കുടിയേറ്റ വിരുദ്ധതയുടെയും ഇസ്ലാമോഫോബിയയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും ഭ്രാന്തൻ പ്രഖ്യാപനങ്ങളും ലോകനീതിയെ വെല്ലുവിളിക്കുന്ന പരിപാടികളുമാണ് ട്രംപിന്റെ പ്രസംഗത്തിലുടനീളമുണ്ടായിരുന്നത്.

അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം ചരിത്രബോധമുള്ള എല്ലാവർക്കും അറിയാമായിരുന്നു. റെഡ് ഇന്ത്യൻ വംശജർക്കുമേൽ കുടിയേറ്റക്കാരായ ആംഗ്ലോ സാങ്സൺ വംശജരുടെ രക്തപങ്കിലമായ വിജയത്തെ ധ്വനിപ്പിക്കുന്നതായിരുന്നു അത്. അമേരിക്കൻ തദ്ദേശീയ ജനതയ്ക്കുമേൽ ആധിപത്യമുറപ്പിച്ച ആംഗ്ലോ സാങ്സൺ മേധാവിത്വബോധമാണ് മറ്റെല്ലാ റിപ്പബ്ലിക്കൻ പ്രസിഡണ്ടുമാരെയും പോലെ ട്രംപിനെയും ഉത്സാഹഭരിതനാക്കിയത്.
അധികാരമേറ്റയുടനെ കുടിയേറ്റക്കാരായവരെ നാടുകടത്താനുള്ള എക്സിക്യൂട്ടീവ് ഓർഡറുകളാണ് ട്രംപ് ദ്രുതഗതിയിൽ ഇറക്കിയത്. പലസ്തീൻ പ്രശ്നം ഗാസയെ ഏറ്റെടുത്തുകൊണ്ട് അവസാനിപ്പിക്കാനും പശ്ചിമേഷ്യയെയാകെ അമേരിക്കയുടെ വരുതിയിൽകൊണ്ടുവരാനും ഇസ്രായേലുമായി ചേർന്നുള്ള നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തിയത്.
ക്യൂബയെ തകർക്കാനും അമേരിക്കയിലും ലോകമാകെയും ഉയർന്നുവരുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളെ വേട്ടയാടാനുമുള്ള സൈനിക- രാഷ്ട്രീയ നീക്കങ്ങളാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെൻ്റ് ട്രംപിന്റെ ഉറ്റതോഴനായ മാർക്കോ റൂബിയിലൂടെ ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ലോകമെമ്പാടുമുള്ള വിഭവങ്ങളും സമ്പത്തും കയ്യടക്കാനാവശ്യമായ നൃശംസനീയമായ അധിനിവേശ തന്ത്രങ്ങളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്. അമേരിക്കയിലെ അതീവ യാഥാസ്ഥിതികരായ വംശീയവാദികളും ഫൈനാൻസ് പ്രഭുക്കന്മാരുമാണ് ട്രംപ് ഭരണകൂടത്തിന് പിറകിൽ പ്രവർത്തിച്ചത്. ഇലോൺ മസ്കിനെപോലുള്ള ടെക്നോ ഫൈനാൻസ് കുത്തകകൾ റിപ്പബ്ലിക്കൻ പാർട്ടിക്കും ട്രംപിനും പിറകിൽ പ്രവർത്തിച്ചു. ഈ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകളെ തോൽപ്പിക്കാൻ ഇലോൺ മസ്കിനെപോലുള്ള ടെക്നോ ഫൈനാൻസ് കുത്തകകൾ കണക്കില്ലാത്ത ഡോളറുകളാണ് ഒഴുക്കിയത്.
അമേരിക്കൻ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിയ്ക്കും വെള്ളക്കാരും കറുത്തവരും കുടിയേറ്റക്കാരുമായ അമേരിക്കൻ ജനത നേരിടുന്ന ജീവിതദുരിതങ്ങൾക്കും കാരണം നിയോ ലിബറൽ നയങ്ങളും കോർപ്പറേറ്റ് കൊള്ളയുമാണ്. കടുത്ത തൊഴിലില്ലായ്മയും വിലക്കയറ്റവും പണപ്പെരുപ്പവും അമേരിക്കൻ സമ്പദ്ഘടനയെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കി. ഇതിനെതിരായി ഉയർന്നുവന്ന ജനവികാരങ്ങളെയെല്ലാം വംശീയവെറിയിലേക്കും കുടിയേറ്റവിരുദ്ധതയിലേക്കും തിരിച്ചുവിടുകയാണ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും അവർക്ക് പിറകിലെ നവയാഥാസ്ഥിതിക ബുദ്ധിജീവികളും ചെയ്തത്.
ട്രംപ് അധികാരത്തിലെത്തിയ ഉടനെ മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. മെക്സിക്കോവിനും അമേരിക്കയ്ക്കുമിടയിൽ അതിർത്തി മതിൽ നിർമ്മാണം പുനരാരംഭിക്കാൻ ട്രംപ് തുനിഞ്ഞിറങ്ങുകയും ചെയ്തു. കുടിയേറ്റക്കാർക്കുവേണ്ടി സംസാരിക്കുന്നവരെയും വംശീയതയെ വിമർശിക്കുന്നവരെയും വിദേശഭീകരരായി മുദ്രകുത്തി വേട്ടയാടുകയാണ് ട്രംപ് ചെയ്തത്.
യു.എസ് കോൺഗ്രസിന്റെ അംഗീകാരം പോലുമില്ലാതെ കുടിയേറ്റം തടയുന്നതിന്റെ പേരിൽ, എത്രയോ വർഷങ്ങളും തലമുറകളുമായി അമേരിക്കയിൽ താമസിച്ചുപോരുന്നവരെ വേട്ടയാടാനുള്ള നൂറോളം എക്സിക്യുട്ടീവ് ഉത്തരവുകൾ ട്രംപ് ഭരണകൂടം ഇറക്കി. ഒരു കോടിയിലധികം വരുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് വംശീയവെറിയൻ ട്രംപ് ഭരണകൂടം ആവിഷ്ക്കരിച്ചത്. കടുത്ത ചൈനാവിരുദ്ധതയും അറബ് മുസ്ലീം വിരുദ്ധതയും ഇസ്ലാമോഫോബിയയും കമ്യൂണിസ്റ്റ് വിരുദ്ധതയും അമേരിക്കയ്ക്കകത്തും ലോകത്താകെയും പടർത്താനുള്ള ആസൂത്രിത നീക്കമാണ് ട്രംപ് ഭരണകൂടം നടത്തിയത്.
യുദ്ധങ്ങളും ആയുധക്കച്ചവടവുമാണ് സാമ്പത്തികവളർച്ചയ്ക്കാവശ്യമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് പശ്ചിമേഷ്യയിലും യുക്രെയ്നിലും അവസാനിക്കാത്ത നരഹത്യകൾക്കാണ് വഴിവെച്ചത്.
‘മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ’ എന്ന ലോകാധിപത്യത്തിനായുള്ള അമേരിക്കയുടെ വംശീയാധിഷ്ഠിതമായ ദേശീയവികാരം കത്തിച്ചുവിടുകയാണ് ട്രംപ് ചെയ്തത്. ട്രംപിന്റെ സങ്കുചിത ദേശീയവാദത്തിലധിഷ്ഠിതമായ ലോകമേധാവിത്വ നീക്കങ്ങൾക്ക് അമേരിക്കൻ ജനതയുടെ പിന്തുണയില്ലെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രധാനമായും കാണിക്കുന്നത്. അമേരിക്കയുടെ സാമ്പത്തികതകർച്ചയ്ക്കും തൊഴിലില്ലായ്മക്കുമൊക്കെ കാരണം കുടിയേറ്റക്കാരാണെന്ന വ്യാജപ്രചാരണം നടത്തി വെള്ളക്കാരായ യുവാക്കളെ കുടിയേറ്റക്കാർക്കെതിരായി തിരിച്ചുവിടാനുള്ള ട്രംപിന്റെ വംശീയനീക്കങ്ങളെ അമേരിക്കയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ ശകതമായി തന്നെ പ്രതിരോധിക്കുകയായിരുന്നു.
കുടിയേറ്റ വിരുദ്ധതയുടെ മറവിൽ വംശീയതയും ഇസ്ലാമോഫോബിയയും പടർത്തുന്ന ട്രംപിസ്റ്റുകളുടെ നീക്കങ്ങളെ ഡെമോക്രാറ്റ് പാർട്ടിയിലെ സോഷ്യലിസ്റ്റുകൾ വ്യാപക ക്യാമ്പയിനുകളിലൂടെ തുറന്നുകാണിച്ചു. 2008-ൽ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും അതിജീവിക്കാനാവാതെ പ്രതിസന്ധിയിലായ അമേരിക്കൻ സമ്പദ്ഘടനയെയും അതിന്റെ ഫലമായ തൊഴിലില്ലായ്മയെയും ചെലവുചുരുക്കലിനെയും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ വിപുലമായ കാമ്പയിനിലൂടെ തുറന്നുകാട്ടി. അതെല്ലാം ട്രംപിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.

മുമ്പൊരിക്കലുമില്ലാത്തവിധം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ സാന്നിധ്യം ശകതമാവുകയും ചെയ്തു. അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി റിപ്പബ്ലിക്കൻ പാർട്ടിക്കെതിരായ വിശാലസഖ്യത്തിന്റെ ഭാഗമാവുകയും ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും പരാജയം ഉറപ്പുവരുത്താനുള്ള ക്യാമ്പയിനുകളിൽ ഊന്നുകയും ചെയ്തു.
അമേരിക്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രം പഠിച്ചിട്ടുള്ളവർക്ക് അറിയാം, റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഒരു നൂറ്റാണ്ടുകാലത്തെ ഇടതടവില്ലാതെ അധികാരം കയ്യാളിയിരുന്ന സ്റ്റേറ്റുകളിലും മേഖലകളിലും അവർക്ക് കടുത്ത തിരിച്ചടിയാണുണ്ടായത്. പശ്ചിമേഷ്യൻ യുദ്ധവും ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധവും സൃഷ്ടിച്ച പെട്രോളിയത്തിന്റെയും ഔഷധങ്ങളുടെയും വിലക്കയറ്റമുൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ താങ്ങാനാവാത്ത വിലവർദ്ധനവും ജനങ്ങളുടെ ജീവിതച്ചെലവിലുണ്ടാക്കിയ അസഹനീയമായ ഭാരവും ട്രംപ് ഭരണകൂടത്തിനെതിരായ വിധിയെഴുത്തിന് കാരണമായിട്ടുണ്ട്.
ആരോഗ്യപരിപാലനത്തിനും ചികിത്സക്കും നൽകിയിരുന്ന ഫെഡറൽ വിഹിതം ട്രംപ് ഭരണകൂടം തുടർച്ചയായി വെട്ടിക്കുറയ്ക്കുകയായിരുന്നു. പാർപ്പിടമില്ലായ്മ, ഉയർന്ന വാടകനിരക്ക് ഇതെല്ലാം സാധാരണക്കാർക്ക് ജീവിതം അസഹ്യമാക്കിതീർത്തു. വൻകിട കോർപ്പറേറ്റുകളും ട്രംപ് കുടുംബത്തോടൊപ്പം ചേർന്ന ഫൈനാൻസ് പ്രഭുക്കന്മാരും സ്വത്ത് വാരിക്കൂട്ടുകയും അഴിമതി ട്രംപ് ഭരണകൂടത്തിന്റെ നൈസർഗിക സ്വഭാവമാവുകയും ചെയ്തിരുന്നു. സാമ്പത്തിക അസമത്വം അഭൂതപൂർവ്വമാംവിധം വർദ്ധിക്കുകയും മഹാഭൂരിപക്ഷം ജനങ്ങൾക്കും ജീവിതം അസാധ്യമാക്കിത്തീർക്കുകയും ചെയ്തു. അതേപോലെ ഡേറ്റാ സെൻ്ററുകൾ, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളെ പരിസ്ഥിതി തകർച്ചയ്ക്കും കൊള്ളലാഭത്തിനുമുള്ള അവസരങ്ങളാക്കി മാറ്റുകയായിരുന്നു ട്രംപ് ഭരണകൂടം.
യുദ്ധങ്ങളും ആയുധക്കച്ചവടവുമാണ് സാമ്പത്തികവളർച്ചയ്ക്കാവശ്യമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് പശ്ചിമേഷ്യയിലും യുക്രെയ്നിലും അവസാനിക്കാത്ത നരഹത്യകൾക്കാണ് വഴിവെച്ചത്. രാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെയും പരസ്പര സഹകരണത്തിന്റെയും വഴി കൊട്ടിയടക്കുകയും വ്യാപാരയുദ്ധവും ഉപരോധവും പതിവ് പരിപാടികളാക്കുകയും ചെയ്തു. ഇതിനെല്ലാമെതിരായിട്ടാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും ക്യാമ്പയിനുകൾ നടത്തിയത്. അതിന്റെ പ്രതിഫലനമെന്ന നിലയിൽ തന്നെയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്കും ഈ തെരഞ്ഞെടുപ്പിൽ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ടായ വലിയ വിജയം കൂടിയാണിത്.

