ട്രംപ് ഭയക്കുന്ന ഡീ ഡോളറൈസേഷൻ,
ഇന്ത്യ- ചൈന- റഷ്യ നയതന്ത്രം

രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ വിദേശനയം എങ്ങനെയാണ് ഇന്ത്യയുമായി വിവിധ മേഖലകളിലുള്ള ബന്ധങ്ങളെ ബാധിക്കുക എന്ന് വിശകലനം ചെയ്യുന്നു അരുൺ ​ദ്രാവിഡ്.

നുവരി 20-ന് അമേരിക്കയിലെ ഭരണമാറ്റം പൂർണമാകുകയാണ്. ലോകത്തിലെ പ്രബലമായ ജനാധിപത്യ ചരിത്രമുള്ള രാജ്യത്തിന്റെ ഭരണതലപ്പത്തേക്ക് ഒരു വനിത എത്തുന്നതിനെ അമേരിക്കക്കാർ വോട്ടിനിട്ടു തള്ളി. എല്ലാ മേഖലയിലും നിറഞ്ഞ ഭൂരിപക്ഷത്തോടെ അവർ ട്രംപിനെ തെരഞ്ഞെടുത്തു. 20 വർഷത്തിനിടെ ജനകീയ വോട്ട് നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റ് എന്ന ഖ്യാതിയോടെയാണ് ട്രംപിന്റെ തിരിച്ചുവരവ്. ശക്തമായ ജനവിധിയോടെ മാത്രമല്ല, കോൺഗ്രസിന്റെ ഏകീകൃത നിയന്ത്രണത്തോടെയും യാഥാസ്ഥിതിക സുപ്രീംകോടതി ഭൂരിപക്ഷത്തോടെയും ട്രംപ് അധികാരമേറും.

ആഭ്യന്തരനയ അജണ്ട നടപ്പിലാക്കാനും ഫെഡറൽ ഗവൺമെൻ്റിനെ സമൂലമായി പുനർനിർമിക്കാനും സ്ഥാപന മാനദണ്ഡങ്ങൾ തിരുത്തിയെഴുതാനും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ട്രംപിന്റെ തിരിച്ചുവരവ് അമേരിക്കയെ സാരമായി ബാധിക്കുമെങ്കിൽ, അത് ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയേക്കാം. വലിയ യുദ്ധങ്ങളൊന്നും ഇല്ലാതിരുന്ന (അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധം ഒഴികെ); രണ്ടാം ട്രംപ് ഭരണകൂടത്തിലെ യു.എസ് വിദേശനയം അദ്ദേഹത്തിന്റെ ആദ്യ ടേമിന്റെ ആവർത്തനമാകുമെന്ന് പലരും പ്രതീക്ഷിക്കുന്നു.

പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ക്രിയാത്മകമായ ബന്ധമായിരിക്കും ട്രംപിൻെറ കാലത്ത് ഇന്ത്യയുമായി ഉണ്ടാവുക.

പുനരുജ്ജീവിപ്പിച്ച നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെൻ്റ് (ഇപ്പോൾ യുഎസ്- മെക്സിക്കോ- കാനഡ കരാർ), മിഡിൽ ഈസ്റ്റ് എബ്രഹാം ഉടമ്പടികൾ, നാറ്റോ അംഗങ്ങൾക്കിടയിൽ വ്യാപാരച്ചെലവ് പങ്കിടൽ, പുതിയതും ശക്തവുമായ സുരക്ഷാസഖ്യങ്ങൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ ചില വിദേശ-നയ വിജയങ്ങൾ പോലും കഴിഞ്ഞ തവണ ട്രംപിന് അവാശപ്പെട്ടതായിരുന്നു. മാത്രമല്ല, ട്രംപ് ഇപ്പോഴും നാല് വർഷം മുമ്പുണ്ടായിരുന്ന അതേ വ്യക്തിയാണ്, നല്ലതും ചീത്തയും, അദ്ദേഹത്തിന്റെ ലോകവീക്ഷണവും മാറ്റമില്ലാതെ തുടരുന്നു. ഇസ്രായേൽ - പലസ്തീൻ, റഷ്യ - യുക്രൈൻ യുദ്ധങ്ങൾ, ചൈനയുടെ വേഗത്തിലുള്ള വളർച്ച, റഷ്യ - ഇന്ത്യ - ചൈന ബന്ധത്തിലെ പുതിയ മുന്നേറ്റങ്ങൾ, ആഗോള മുതലാളിത്ത പ്രതിസന്ധികൾ, യൂറോപ്പിലെ മദ്ധ്യ-തീവ്ര വലതുപക്ഷ മുന്നേറ്റങ്ങൾ, ഗ്ലോബൽ സൗത്തിലെ മാറ്റങ്ങൾ, തുടങ്ങീ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് അമേരിക്കയിലെ ഭരണമാറ്റം. ഒന്നാം ടേമിൽ ഉണ്ടായിരുന്നത് പോലെയുള്ള അനുകൂല സാഹചര്യങ്ങളല്ല ട്രംപിന് മുന്നിലുള്ളത്.

ഒന്നാം ടേമിൽ ഉണ്ടായിരുന്നത് പോലെയുള്ള അനുകൂല സാഹചര്യങ്ങളല്ല ട്രംപിന് മുന്നിലുള്ളത്.
ഒന്നാം ടേമിൽ ഉണ്ടായിരുന്നത് പോലെയുള്ള അനുകൂല സാഹചര്യങ്ങളല്ല ട്രംപിന് മുന്നിലുള്ളത്.

ഇന്ത്യൻ പ്രതീക്ഷകൾ,
വെല്ലുവിളികൾ

ട്രംപ് അധികാരത്തിൽ വരുന്നതിൽ നയതന്ത്രപരമായി ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്; എന്നാൽ അതുപോലെ തന്നെ ചില ആശങ്കകളുമുണ്ട്. ബൈഡനെക്കാളും ഇന്ത്യയെ, പ്രത്യേകിച്ച് മോദിയെ നല്ല സുഹൃത്തായി കാണുന്നയാളാണ് ട്രംപ്. 2019 സെപ്റ്റംബറിൽ, ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ പരിപാടി ട്രംപും മോദിയും തമ്മിലുള്ള സൗഹാർദ്ദത്തിൻെറ പ്രദർശനമായിരുന്നു. ഏകദേശം 50,000 ഇന്ത്യൻ അമേരിക്കക്കാരെയാണ് അന്ന് ഇരുനേതാക്കളും അഭിസംബോധന ചെയ്തത്. ഇത് യു.എസ് - ഇന്ത്യ ബന്ധത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു. പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ ഇന്തോ-അമേരിക്കൻ വംശജർക്കിടയിലെ വോട്ടിംഗ് പാറ്റേണിൽ ചെറുതല്ലാത്ത മാറ്റം പ്രകടമാകുകയും ചെയ്തിരുന്നു. 2020 ഫെബ്രുവരിയിൽ ഗുജറാത്തിൽ നടന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിൽ യു.എസ് - ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2024-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ട്രംപ് മോദിയെ പ്രശംസിച്ചതും വാർത്തയായിരുന്നു. പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ക്രിയാത്മകമായ ബന്ധമായിരിക്കും ട്രംപിൻെറ കാലത്ത് ഇന്ത്യയുമായി ഉണ്ടാവുക. ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും, പ്രത്യേകിച്ച് മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിന്.

നിലവിലുള്ള ‘അമേരിക്ക ഫസ്റ്റ്’ നയം യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ, പ്രത്യേകിച്ച് ഐ.ടി, ഫാർമസ്യൂട്ടിക്കൽ മേഖലകളെ ബാധിച്ചേക്കാം. തെരഞ്ഞെടുപ്പ് വേളയിലുടനീളം അമേരിക്കൻ ഉല്പാദന മേഖലയിലെ തൊഴിൽ നഷ്ടങ്ങളെപ്പറ്റി ട്രംപ് പരമാർശിച്ചിരുന്നു. എങ്കിലും ഇന്ത്യയുടെ ആഭ്യന്തര ആവശ്യകത അനുസരിച്ചുള്ള പിന്തുണ അമേരിക്കൻ വിപണിയിൽ നിന്നുണ്ടാവുമെന്ന് ചില വിശകലന വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.

ബൈഡനെക്കാളും  മോദിയെ നല്ല സുഹൃത്തായി കാണുന്നയാളാണ് ട്രംപ്.
ബൈഡനെക്കാളും മോദിയെ നല്ല സുഹൃത്തായി കാണുന്നയാളാണ് ട്രംപ്.

ചൈനയുടെയും റഷ്യയുടെയും കാര്യത്തിൽ അമേരിക്കയുടെ വിദേശനയത്തിൽ മാറ്റമുണ്ടായേക്കും. ഇരുരാജ്യങ്ങളുമായി നിലവിൽ ഇന്ത്യയ്ക്കുള്ള ബന്ധം പരിഗണിക്കുമ്പോൾ അമേരിക്കൻ വിദേശനയത്തോട് അകലം പാലിച്ച് നിൽക്കേണ്ടിവരും. ചൈനയുമായും റഷ്യയുമായും പോസിറ്റീവായ ബന്ധം നിലനിർത്താൻ ഇന്ത്യയ്ക്ക് നിലവിൽ സാധിച്ചിട്ടുണ്ട്. അമേരിക്കൻ താൽപര്യങ്ങളുമായി ഇതെങ്ങനെ ബന്ധപ്പെട്ട് പോവുമെന്നാണ് നിരീക്ഷിക്കേണ്ടത്. അമേരിക്കൻ ക്യാബിനറ്റിൻെറ ഭാഗമായി പുതിയതായി സൃഷ്ടിക്കപ്പെട്ട ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസിയുടെ തലപ്പത്തുള്ളത് രണ്ട് ബിസിനസ് ഭീമന്മാർ ആണെന്നത് കടുത്ത സാമ്പത്തിക ഉപരോധം ഇറക്കുമതിയിൽ ഉണ്ടാവില്ലെന്ന വാദങ്ങൾക്ക് ബലം നൽകുന്നുണ്ട്. ഇലോൺ മസ്കിനെ സംബന്ധിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി ഒരു പ്രധാന ഘടകമാണ് അതുകൊണ്ട് ചൈനീസ് ഇറക്കുമതിക്ക് മേൽ 60% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് നിലപാട് എങ്ങനെ ആയിത്തീരും എന്നത് കണ്ടറിയണം.

ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയവും മൈഗ്രേഷൻ പരിഷ്കാരങ്ങളും യു.എസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും കാര്യമായ ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നത് വാസ്തവമാണ്.

അമേരിക്ക ഫസ്റ്റ്:
കുടിയേറ്റ നയവും
വിസ റെഗുലേഷനും

ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയവും മൈഗ്രേഷൻ പരിഷ്കാരങ്ങളും യു.എസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും കാര്യമായ ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഇപ്പോഴിതാ വിദേശ വിദ്യാർഥികളോട് അടിയന്തരമായി സർവകലാശാലകളിലേക്ക് മടങ്ങിവരാൻ അമേരിക്കൻ സർവകലാശാലകൾ നിർദ്ദേശിച്ചിരിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള നയം മാറ്റത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ നിർദേശം. 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലുള്ളത്, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം കൂടുതലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ടെക് പ്രൊഫഷണലുകൾ സാധാരണയായി ഉപയോഗിക്കുന്ന H-1B വിസകളിൽ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കും നിയന്ത്രണങ്ങൾക്കും ഒന്നാമത്തെ ട്രംപ് സർക്കാർ ശ്രമിച്ചിരുന്നു. ഈ നീക്കം ഇന്ത്യൻ കമ്പനികളെയും വ്യക്തികളെയും ബാധിച്ചിരുന്നു. ഇത് ആശങ്കയ്ക്കും അനിശ്ചിതത്വത്തിനും കാരണമായിരുന്നു, വീണ്ടും ഇതേ നില തുടർന്നാൽ വ്യക്തികളെ മാത്രമല്ല, വിശാല ഇന്ത്യ - യുഎസ് ബന്ധത്തെയും ഈ നയങ്ങൾ ബാധിക്കും.

പ്രത്യയശാസ്ത്ര
സാധ്യതകൾ

ട്രംപിന്റെ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഇന്ത്യയും യുഎസും തമ്മിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കാൻ കഴിയുന്ന പ്രത്യയശാസ്ത്രപരമായ സമാനതകളുണ്ട്. ഇരു രാജ്യങ്ങളുടെയും ഭരണഘടന ജനാധിപത്യ മൂല്യങ്ങൾ, സ്വതന്ത്ര വിപണികളോടുള്ള പ്രതിബദ്ധത, വ്യക്തിഗത അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും ഊന്നൽ എന്നിവ ഉറപ്പാക്കുന്നുണ്ട്. ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന വലതു ഭരണകൂടവുമായി പല കാര്യങ്ങളിലും ആശയപരമായ യോജിപ്പ് ട്രംപിനുണ്ട്. അത് ഗുണപരമായി ബാധിക്കുമോയെന്ന കാര്യത്തിൽ മാത്രം ആശങ്കകൾ ബാക്കിയാണ്.

ഇലോൺ മസ്കിനെ സംബന്ധിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി ഒരു പ്രധാന ഘടകമാണ്. ചൈനീസ് ഇറക്കുമതിക്ക് മേൽ 60% താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപ്  നിലപാട് എങ്ങനെ ആയിത്തീരും എന്നത് കണ്ടറിയണം.
ഇലോൺ മസ്കിനെ സംബന്ധിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി ഒരു പ്രധാന ഘടകമാണ്. ചൈനീസ് ഇറക്കുമതിക്ക് മേൽ 60% താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപ് നിലപാട് എങ്ങനെ ആയിത്തീരും എന്നത് കണ്ടറിയണം.

വിദേശനയ സമീപനങ്ങൾ

കിഴക്കൻ ഏഷ്യ, ഇൻഡോ പെസഫിക്ക്, ഇന്ത്യൻ ഓഷ്യൻ റീജിയൻ തുടങ്ങിയ മേഖലകളിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനെതിരെ ഒരു സമതുലിതാവസ്ഥ എന്ന നിലയിൽ ഇന്ത്യയുടെ പങ്കിൽ യുഎസിന് കൂടുതൽ താൽപ്പര്യമുണ്ട്. അതുകൊണ്ട് ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടത് മേഖലയിലെ ശാക്തിക ബലാബലത്തിന് അനിവാര്യമാണ്. അതിന്റെ ഭാഗമായി ജപ്പാനും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ‘ക്വാഡ്’ ഉൾപ്പെടെയുള്ള കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ യു. എസ് ശ്രമിച്ചെന്നിരിക്കും. മുന്നേ സൂചിപ്പിച്ച മേഖലകളിലെ സ്ഥിരതയും സാന്നിധ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിലും ചൈനയുടെ സാമ്പത്തിക, സൈനിക സാന്നിദ്ധ്യത്തെ പ്രതിരോധിക്കുന്നതിലും ഇന്ത്യയെ നിർണായക പങ്കാളിയായാണ് യുഎസ് കാണുന്നത്. അതുകൊണ്ട് വ്യാപാരം, പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ യുഎസിനും ഇന്ത്യയ്ക്കും സഹകരിക്കാനുള്ള അവസരങ്ങൾ കൂടുതലാണ്.

ഡീഡോളറൈസേഷൻ:
അമേരിക്കക്കെതിരായ
ആയുധം എന്നനിലയിൽ

രണ്ട് ദിവസം മുൻപ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്ക് എതിരെ ഒരു ഭീഷണി മുഴക്കിയിരുന്നു. അതിനു കാരണം റഷ്യയിലെ കസാനിൽ വെച്ച് കഴിഞ്ഞ മാസം നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിർദ്ദേശിക്കപ്പെട്ട പുതിയ ബ്രിക്സ് കറൻസിയാണ്. അന്താരാഷ്ട്ര വിനിമയത്തിന് മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ 100% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അന്താരാഷ്ട്ര വിനിമയത്തിന് ഏകീകൃത കറൻസി എന്നനിലയിൽ ഉപയോഗിച്ച് പോരുന്നതാണ് യു. എസ് ഡോളർ. ആഗോള രാഷ്ട്രീയ ക്രമത്തിൽ അമേരിക്കൻ സ്വാധീനം ഇത്രകണ്ട് വർദ്ധിക്കാൻ ഇടവന്നത് പല രാജ്യങ്ങളുടെയും റിസർവ് കറൻസി ഉൾപ്പെടെയുള്ള സകല സാമ്പത്തിക സ്രോതസ്സും ഡോളറിൽ ആയതുകൊണ്ടാണ്. 1970-ൽ ഓയിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി അമേരിക്ക നടത്തിയ ധാരണപ്രകാരം എണ്ണയുടെ ഇറക്കുമതിയും കയറ്റുമതിയും ഡോളറിൽ ആയത് ആ മേഖലയിലെ സാമ്പത്തിക മേധാവിത്വം ഉറപ്പിക്കുന്നതിനും കാരണമായിരുന്നു. എന്നാൽ, ലോകരാജ്യങ്ങൾ മറ്റു കറൻസികൾ ഉപയോഗിക്കാൻ തുടങ്ങിയത് അമേരിക്കൻ സാമ്പത്തിക മേധാവിത്വത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ  ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പാർലമെന്റിൽ ഇന്ത്യ ചൈന ബന്ധത്തിലെ പുതിയ മാറ്റങ്ങളെപ്പറ്റി സംസാരിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പാർലമെന്റിൽ ഇന്ത്യ ചൈന ബന്ധത്തിലെ പുതിയ മാറ്റങ്ങളെപ്പറ്റി സംസാരിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ബ്രിക്സ് രാജ്യങ്ങൾ തങ്ങളുടെ വ്യാപാരത്തിനും കൈമാറ്റത്തിനും ഡോളർ അല്ലാത്ത മറ്റൊരു കറൻസി അഥവാ ബ്രിക്സ് കറൻസി അവതരിപ്പിക്കുന്നത്. ഇത് അമേരിക്കൻ താല്പര്യങ്ങൾക്ക് സമ്പൂർണമായും വിരുദ്ധമായ കാര്യമാണ്. ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ബ്രിക്സ് കറൻസി വഴി പെട്ടന്നുള്ള ഒരു മാറ്റമല്ല അവർ ലക്ഷ്യമിടുന്നത്. ക്രമേണ അംഗരാജ്യങ്ങൾക്കിടയിൽ ഡോളർ അല്ലാത്ത മറ്റൊരു കറൻസി വിനിമയത്തിനായി ഉപയോഗിക്കുന്നത്, അമേരിക്കൻ സാമ്പത്തിക ഉപരോധത്തെ ചെറുക്കാനും തങ്ങളുടെ കറൻസി ശക്തിപ്പെടുത്താനും ഗുണം ചെയ്യുമെന്ന് അവർ കണക്കുകൂട്ടുന്നു. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ യുഎസ് ഡോളർ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കാനിടയുണ്ട്. അദ്ദേഹം ഏറ്റവും ഭയക്കുന്ന ഒരു കാര്യം ഡീഡോളറൈസെഷനെ ആയതിനാൽ അന്തർദേശീയ വ്യാപാര വിനിമയങ്ങൾ ഡോളറിൽ തന്നെ തുടരുന്നതിനാവും ട്രംപ് ഭരണകൂടം ഊന്നൽ നല്കുക.

ആത്യന്തികമായി, അമേരിക്കൻ ആധിപത്യത്തെ വെല്ലുവിളിക്കാൻ ശേഷിയുള്ള കരുത്തുറ്റ ആയുധമാണ് ഡീ ഡോളറൈസേഷൻ. എന്നാൽ അതത്ര എളുപ്പമാകാനുമിടയില്ല. ആഗോള സാമ്പത്തിക ക്രമത്തിന്റെ സ്ഥിരതയെ പെട്ടന്നുള്ള ഏതൊരു നീക്കവും ബാധിക്കും. ട്രംപ് തുടങ്ങി വെച്ച വ്യാപാര യുദ്ധം ചൈനയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു എങ്കിലും ലോകത്തിന്റെ മുഴുവൻ സാമ്പത്തിക സ്ഥിതിയെ അത് സ്വാധീനിക്കുകയുണ്ടായി. സമാനമായി ഡീ ഡോളറൈസേഷൻ അമേരിക്കയെ മാത്രമല്ല സ്വാധീനിക്കുക, മറിച്ചു മുഴുവൻ ലോകത്തെയുമായിരിക്കും.

അവസാനമായി, അമേരിക്കയിലെ അധികാര കൈമാറ്റം ഇന്ത്യയെ കാര്യമായി ബാധിക്കും എന്നതിൽ സംശയമില്ല. അതിന്റെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾ നമ്മുടെ രാജ്യത്തിന്റെ വിദേശനയത്തെ പുതിയ ദിശയിലേക്ക് നയിച്ചേക്കാം, കാരണം സമീപകാലത്തായി റഷ്യയുമായും ചൈനയുമായും ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പാർലമെന്റിൽ ഇന്ത്യ ചൈന ബന്ധത്തിലെ പുതിയ മാറ്റങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. ഇതെല്ലാം ഇന്തോ-അമേരിക്കൻ ബന്ധത്തിലെ സ്വാധീന ഘടകങ്ങൾ ആവാനിടയുണ്ട്. എന്നിരുന്നാലും കുറച്ചുകൂടി പോസിറ്റീവായ ബന്ധം അമേരിക്കയുമായി നിലനിർത്തുന്നതാണ് നല്ലത്.


Summary: How will the foreign policy of a second Trump administration impact relations with India across various sectors? Arun Dravid writes.


അരുൺ ദ്രാവിഡ്‌

എം. ജി സർവകലാശാലയിലെ സമകാലിക ചൈന പഠന കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു.

Comments