ഒടുവിൽ
എങ്ങനെയാകും
ഈ വംശഹത്യായുദ്ധം
ഒടുങ്ങുക?

‘‘2023 ഒക്ടോബർ 7- നാരംഭിച്ച ഇസ്രായേലിന്റെ ഗാസ ആക്രമണം രണ്ടു വർഷം പൂർത്തിയാവുന്നു. പലസ്തീൻ ജനത പ്രകടമാക്കുന്ന ചെറുത്തുനിൽപ്പിന്റെ ധാർമികതയാണ് ഇസ്രായേലും അമേരിക്കയും ആഗ്രഹിക്കുന്ന ഗാസയുടെ കീഴപ്പെടലിനെ ഇപ്പോഴും അസാധ്യമാക്കുന്നത്. ചരിത്രത്തിന്റെ അനുഭവപാഠങ്ങൾ പറയുന്നത്, പലസ്തീനികളുടെ ചെറുത്തുനിൽപ്പ് വെറുതെയാകില്ലെന്നും സയണിസത്തിന്റെ പതനം അനിവാര്യമായിരിക്കും എന്നുമാണ്’’- ദാമോദർ പ്രസാദ് എഴുതുന്നു.

‘‘The Palestine of the Biblical conception is not a geographic tract. It is in their (Jewish) hearts. But if they must look to the Palestine of geography as their national home, it is wrong to enter it under the shadow of the British gun. A religious act cannot be performed with a bayonet or the bomb’’.
- Mahatma Gandhi.

ബാൽഫോർ വിളംബരമാണ് പലസ്തീനിന്റെ തലവര മാറ്റിയത്- ബാൽഫോർ പ്രഭു യഹൂദ ഹുണ്ടിക വ്യാപാരിയായ റോൽസ് ചൈൽഡിനയച്ച കത്ത്. ഈ കത്തിലാണ് പലസ്തീനിൽ യഹൂദ അധിവാസം അനുവദിക്കുന്നത്. വിഭജനതന്ത്രങ്ങളിലൂടെ രാജ്യങ്ങളുടെ ജീവിതവ്യവസ്ഥകൾ തന്നെ അട്ടിമറിക്കുന്ന ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കുടിലതയുടെ ഒടുങ്ങാത്ത ദുരന്തമാണ് പലസ്തീൻ ജനത അനുഭവിക്കുന്നത്.

യുറോപ്പിലാകെ ആധിപത്യമുണ്ടായിരുന്ന യഹൂദ ബാങ്കർ ലോർഡ് റോൽസ് ചൈൽഡിന് പലസ്തീനിലേക്കുള്ള യഹൂദ കുടിയേറ്റത്തിനായി ധനം സ്വരൂപിക്കാനും പിന്തുണ നേടാനും സാധിച്ചു. യഹൂദ അധിവാസത്തിനായുള്ള വികസനപ്രക്രിയയിൽ റോൽസ് ചൈൽഡ് കുടുംബം വഹിച്ച പങ്ക് നിർണായകമാണ്. ഭൂമിയിൽ പാർക്കാത്ത (absentee landlords), എന്നാൽ വൻകിട ഭൂസ്വത്തിൻമേൽ അവകാശമുള്ള, ഓട്ടോമോൻകാലം മുതൽ ഫ്യൂഡൽ ഭൂപ്രഭുക്കളായിരുന്ന പലസ്തീനികളിൽ നിന്ന് ഭൂമി കേന്ദ്രീകൃതമായി കൈവശപ്പെടുത്തിയാണ് ബ്രിട്ടീഷ് പിന്തുണയോടെ സയണിസ്റ്റ് രാഷ്ട്രം സ്ഥാപിതമാക്കുന്നത്. ഇസ്രായേൽ രാഷ്ട്രപദ്ധതിയെ കുടിയേറ്റ അധിനിവേശമെന്നു വിളിക്കുന്നത് (settler - colonialism) ഇതിനാലാണ്. അനധികൃതമായ ഭൂമി കൈയേറ്റവും അതിനെതിരെയുള്ള ചെറുത്തുനിൽപ്പിനെ ബ്രിട്ടീഷ് പട്ടാളവുമായി ചേർന്ന് നേരിട്ടുമാണ് ആധുനിക ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായത്. പണവും ചോരയും കൊണ്ട് നിർമിക്കപ്പെട്ടതാണ് ഇസ്രായേൽ രാഷ്ട്രവും സയണിസ്റ്റ് ദേശീയതയും.

പഴയ നിയമത്തിലെ ദൈവരാജ്യമല്ല സയണിസ്റ്റ് പ്രത്യശാസ്ത്രം വിഭാവനം ചെയ്ത അധിനിവേശിത പ്രദേശം. പുരാണങ്ങളിൽ സയണിസ്റ്റ് രാഷ്ട്രത്തിന്റെ പൂർവചരിത്രം അന്വേഷിക്കുന്നത് സാങ്കല്പിക ഭൂതകാലത്തെ വർത്തമാനത്തിനായി പുനഃസൃഷ്ടിക്കുന്ന ഒരു പ്രത്യയശാസ്ത്രപദ്ധതി മാത്രമാണ്. യഹൂദ അധിവാസം തുടങ്ങുന്ന അതേ ഘട്ടത്തിൽ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പും ആരംഭിച്ചിട്ടുണ്ട്. അതായത്, സയണിസ്റ്റ് കുടിയേറ്റത്തിന്റെ ആവിർഭാവം മുതൽക്കേ യഹൂദരുടെ വാഗ്‌ദത്ത രാഷ്ട്ര നിർമിതിയെക്കുറിച്ചുള്ള പ്രത്യശാസ്ത്രപരമായ മസ്തിഷ്ക പ്രക്ഷാളനവും ചെറുക്കപ്പെട്ടിരുന്നു. എങ്കിലും മിഥ്യാചരിത്രങ്ങൾ ദുരാഖ്യാനം ചെയ്തുകൊണ്ടാണ് യഹൂദ രാഷ്ട്രത്തിനുള്ള ന്യായീകരണങ്ങൾ ഈ കേരളത്തിൽ പോലും വലതുപക്ഷം വിഷലിപ്തമായി പ്രചരിപ്പിക്കുന്നത്.

ബാൽഫോർ വിളംബരമാണ് പലസ്തീനിന്റെ തലവര മാറ്റിയത്- ബാൽഫോർ പ്രഭു യഹൂദ ഹുണ്ടിക വ്യാപാരിയായ റോൽസ് ചൈൽഡിനയച്ച കത്ത്. ഈ കത്തിലാണ് പലസ്തീനിൽ യഹൂദ അധിവാസം അനുവദിക്കുന്നത്.
ബാൽഫോർ വിളംബരമാണ് പലസ്തീനിന്റെ തലവര മാറ്റിയത്- ബാൽഫോർ പ്രഭു യഹൂദ ഹുണ്ടിക വ്യാപാരിയായ റോൽസ് ചൈൽഡിനയച്ച കത്ത്. ഈ കത്തിലാണ് പലസ്തീനിൽ യഹൂദ അധിവാസം അനുവദിക്കുന്നത്.

വസ്തുതയെന്തെന്നാൽ, ബാൽഫോർ വിളംബരക്കാലത്തും ബ്രിട്ടനിലെ യഹൂദ മതവിശ്വാസികളിൽ വളരെയധികം പേരും സയണിസ്റ്റ് പ്രത്യയശാസ്ത്രത്താൽ ആകർഷിക്കപ്പെട്ടവരല്ല. യഹൂദ മതം ഒരു മതം മാത്രമാണെന്നും യഹൂദർ രാഷ്ട്രമല്ലെന്നുമുള്ള വാദം ബ്രിട്ടനിൽ തന്നെ യഹൂദർക്കിടയിൽ പ്രബലമായിരുന്നു. ഈ വാദത്തിന്റെ അനുരണനങ്ങൾ ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്ഥാപനത്തിനെതിരെയുള്ള ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നിലപാടുകളിലും പ്രതിധ്വനിച്ചിട്ടുണ്ട്.

ബാൽഫോർ വിളംബരത്തിന്റെ 108 വർഷങ്ങൾ കഴിഞ്ഞതിനുശേഷം, 2025 സെപ്റ്റംബറിൽ യു.കെ സ്വന്തന്ത്ര പലസ്തീനിനെ അംഗീകരിച്ചിരിക്കുന്നു. ഈ അംഗീകാരം ചരിത്രപരമായി സ്വയം തിരുത്താണെങ്കിലും സ്വതന്ത്ര പലസ്തീൻ ഇസ്രായേൽ രാഷ്ട്രത്തിനൊപ്പം നിലകൊള്ളുന്നുവെന്ന ധാരണയിലാണ് അംഗീകാരം നൽകപ്പെട്ടിട്ടുള്ളത്. ഇംഗ്ലണ്ട് മാത്രമല്ല, നിലവിൽ, ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 157 രാജ്യങ്ങളും പരമാധികാര രാഷ്ട്രമായി പലസ്തീൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടുണ്ട്. 157 രാജ്യങ്ങളെന്നു പറയുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ 81 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വീറ്റോവിന്റെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര പലസ്തീൻ ഐക്യരാഷ്ട്രസഭയുടെ പൂർണ അംഗീകാരത്തോടെ ഇപ്പോഴും നിലവിൽ വരാത്തത്.

പലസ്തീൻ പ്രതിരോധത്തെ പരമാവധി ദുർബലപ്പെടുത്താനും പലസ്തീൻ ഐക്യത്തെ വിഭജിക്കാനും മാത്രമാണ് രണ്ടു സ്റ്റേറ്റ് സിദ്ധാന്തം പാശ്ചാത്യ രാഷ്ട്രങ്ങൾ ഉപയോഗിച്ചത്.

പലസ്തീനിന്റെ സ്വതന്ത്ര പദവി യു.കെയും ഫ്രാൻസും അംഗീകരിക്കുന്നുവെന്നതിൽ അത്ര ആവേശം കൊള്ളാനോ ഇസ്രായേൽ രാഷ്ട്രത്തിന് ആകുലപ്പെടാനോ ഒന്നുമില്ല എന്നാണ്, ഇസ്രായേൽ ഭരണകൂടത്തോടു വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഇസ്രായേലിൽ നിന്നുള്ള 'ഹാരെറ്റ്‌സ്' പത്രം പറയുന്നത്. അതൊരു വസ്തുതയുമാണ്. പലസ്തീൻ കീഴപ്പെടുത്തിയതിനുശേഷം (occupation) 1948 -ൽ തന്നെ രാജ്യം രണ്ടായി വിഭജിക്കാമെന്നും അതിന്റെ ഭാഗമായി രണ്ടു സ്റ്റേറ്റ് (two state) പരിഹാരവും നിർദേശിക്കപ്പെട്ടതാണ്. അറബ് ദേശീയത ശക്തമായിരുന്ന ആ കാലത്ത് രണ്ടു സ്റ്റേറ്റ് പരിഹാരം എന്ന കൊളോണിയൽ തന്ത്രം തിരസ്കരിക്കപ്പെട്ടതാണ്. പലസ്തീൻ ജനതയുടെ ആദ്യത്തെ കൂട്ട കുടിയൊഴിപ്പിക്കലും കൂട്ടക്കുരുതിയും സംഭവിച്ചത് ഇതേ തുടർന്നാണ്. നക്ബ - പലസ്തീനികളുടെയും യഹൂദരുടെയും ബന്ധത്തെ മാറ്റിമറിച്ചു. 67- ലെ യുദ്ധത്തോടെ സയണിസ്റ്റ് കൈയേറ്റം നീതിമത്കരിക്കപ്പെട്ടു. PLO ഭീകരസംഘടനായി പ്രഖ്യാപിക്കപ്പെട്ടു. നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സ്വീഡന്റെ മധ്യസ്ഥതയോടെ ഓസ്ലോ കരാർ നിലവിൽ വരുന്നത്. ഈ കരാർ ഒരു വഞ്ചനയായിരുന്നു. രണ്ടു സ്റ്റേറ്റ് പരിഹാരം ആത്യന്തികമായി ഇസ്രായേലിന്റെ അധിനിവേശത്തെ അന്തരാഷ്ട്ര തലത്തിൽ നിയമവൽക്കരിക്കാൻ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു. എഡ്വേർഡ് സൈദ് ഓസ്ലോ ഉടമ്പടിയെ എതിർത്ത് യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള PLO-യുമായി അകന്നു. അതിനെ തുടർന്ന്, അന്താരാഷ്ട്ര വേദികളിൽ പലസ്തീൻ സ്വയം നിർണയകാവകാശത്തിന്റെ പ്രധാന ശബ്ദമായിരുന്ന എഡ്‌വേഡ്‌ സൈദ് ഓസ്ലോ കരാറിനെതിരെ വിമതശബ്ദമുയർത്തുകയും PLO-വിന് അനഭിതനാവുകയും ചെയ്തു. പാശ്ചാത്യ രാഷ്ട്രങ്ങളുടെ രണ്ടു സ്റ്റേറ്റ് സിദ്ധാന്തത്തിന്റെ കാപട്യത്തെ എഡ്‌വേഡ്‌ സൈദ് തുറന്നുകാണിച്ചു. ആ ഘട്ടത്തിൽ എഴുതിയ പ്രസിദ്ധ ലേഖനമാണ്- ‘പ്രഭാതത്തിനു ശേഷം’ (Morning After):
"എന്തിനു പകരമായി ഉടമ്പടി? ഇസ്രായേൽ പി‌.എൽ‌.ഒയെ അംഗീകരിച്ചു - നിസ്സംശയമായും ഒരു സുപ്രധാന ചുവടുവയ്പ്പ്. അതിനുമപ്പുറം, ഭൂമിയുടെയും പരമാധികാരത്തിന്റെയും ചോദ്യങ്ങൾ 'അന്തിമ സ്റ്റാറ്റസ് ചർച്ചകൾ' വരെ മാറ്റിവയ്ക്കുന്നുവെന്ന് അംഗീകരിക്കുന്നതിലൂടെ, വെസ്റ്റ് ബാങ്കിനും ഗാസയ്ക്കുമുള്ള പലസ്തീനികളുടെ ഏകപക്ഷീയവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ അവകാശവാദത്തെ ഫലത്തിൽ തള്ളിക്കളയുകയാണ്. ഇവ ഇപ്പോൾ 'തർക്ക പ്രദേശങ്ങൾ' ആയി മാറിയിരിക്കുന്നു. അങ്ങനെ പലസ്തീൻ സഹായത്തോടെ ഇസ്രായേലിന് അവയ്ക്ക് തുല്യമായ അവകാശവാദമെങ്കിലും ലഭിച്ചു. ഗാസയെ പോലീസ് ചെയ്യാൻ സമ്മതിക്കുന്നതിലൂടെ, PLO ഉടൻ പ്രാദേശിക എതിരാളികളെ പരാജയപ്പെടുത്തുമെന്നാണ് ഇസ്രായേലികളുടെ കണക്കുകൂട്ടൽ. അവരിൽ ഒരു സംഘടന മാത്രമാണ് ഹമാസ്. ഇടക്കാല കാലയളവിൽ കൂടുതൽ ശക്തരാകുന്നതിനുപകരം, പലസ്തീനികൾ ദുർബലരാകുകയും കൂടുതലായി ഇസ്രായേലി സ്വാധീനത്തിലാകുകയും അതിനാൽ അവസാനത്തെ ചർച്ചകൾ ആരംഭിക്കുമ്പോൾ ഇസ്രായേലി അവകാശവാദത്തെ മറികടക്കാൻ അവർക്ക് കഴിയാതിരിക്കുകയും ചെയ്യാം. ഏത് പ്രത്യേക സംവിധാനത്തിലൂടെയാണ് ഒരു ഇടക്കാല പദവിയിൽ നിന്ന് പിന്നീടുള്ളതിലേക്ക് എത്താൻ കഴിയുക എന്ന കാര്യത്തിൽ രേഖ നിശ്ശബ്ദമാണ്. ഇതിനർത്ഥം, അശുഭകരമായൊരു യാഥാർഥ്യമാണ് ഇടക്കാല ഘട്ടം, അന്തിമഘട്ടമാകുമോ?"

അന്താരാഷ്ട്ര വേദികളിൽ പലസ്തീൻ സ്വയം നിർണയകാവകാശത്തിന്റെ പ്രധാന ശബ്ദമായിരുന്ന എഡ്‌വേഡ്‌ സൈദ് ഓസ്ലോ കരാറിനെതിരെ വിമതശബ്ദമുയർത്തുകയും PLO-വിന് അനഭിതനാവുകയും ചെയ്തു.
അന്താരാഷ്ട്ര വേദികളിൽ പലസ്തീൻ സ്വയം നിർണയകാവകാശത്തിന്റെ പ്രധാന ശബ്ദമായിരുന്ന എഡ്‌വേഡ്‌ സൈദ് ഓസ്ലോ കരാറിനെതിരെ വിമതശബ്ദമുയർത്തുകയും PLO-വിന് അനഭിതനാവുകയും ചെയ്തു.

യഥാർത്ഥത്തിൽ എഡ്‌വേഡ്‌ സൈദ് ഭയപ്പെട്ടതെന്തോ അതു തന്നെയാണ് സംഭവിച്ചത്. സ്വതന്ത്ര പലസ്തീൻ എന്ന സങ്കൽപത്തെ അവസാനിപ്പിച്ചുകൊണ്ട് വെസ്റ്റ്ബാങ്കും ഗാസയും വേർതിരിക്കപ്പെട്ടു. പലസ്തീൻ പ്രതിരോധത്തെ പരമാവധി ദുർബലപ്പെടുത്താനും പലസ്തീൻ ഐക്യത്തെ വിഭജിക്കാനും മാത്രമാണ് രണ്ടു സ്റ്റേറ്റ് സിദ്ധാന്തം പാശ്ചാത്യ രാഷ്ട്രങ്ങൾ ഉപയോഗിച്ചത്. സയണിസ്റ്റ് രാഷ്ട്രമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്. വൻകിട ആയുധവ്യാപാരം വഴി ഇസ്രായേൽ പാശ്ചാത്യ രാഷ്ട്രങ്ങളെ തിരിച്ചും സഹായിച്ചു. രാഷ്ട്രീയമായി, ഇസ്രായേൽ പ്രതിരോധ സേനയുടെ കാർമികത്വത്തിൽ തന്നെ ഹമാസും പലസ്തീൻ അതോറിറ്റിയും ഏറ്റുമുട്ടി. തമ്മിലടിപ്പിച്ചു രക്തം കുടിച്ചത് ഇസ്രായേൽ പ്രതിരോധ സേന.

ഒരു യഥാർത്ഥ പലസ്തീൻ രാഷ്ട്രത്തിന്റെ അഭാവത്തിനുള്ള പരിഹാരമായി വേണം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഈ പ്രതീകാത്മക പിന്തുണയെ മനസ്സിലാക്കേണ്ടത്. എഡ്‌വേഡ്‌ സൈദ് ഓസ്ലോ ഉടമ്പടിയുടെ സമയത്ത് നീരീക്ഷിച്ചതു പോലെ, ഇസ്രായേലിന്റെ അധിനിവേശത്തെ ശ്വാശ്വതീകരിക്കുക മാത്രമാണ് പാശ്ചാത്യ രാഷ്ട്രങ്ങൾ, പുറമേക്ക് മാനുഷികമെന്നു തോന്നിക്കാവുന്ന ഇടപെടലിലൂടെ ചെയ്യുന്നത്. ഗാസയിൽ ഇസ്രായേലിന്റെ അധിനിവേശവും വംശഹത്യയും ഉടൻ അവസാനിപ്പിക്കാനുള്ള പ്രായോഗികവും സുരക്ഷാതലത്തിലുള്ളതുമായ നടപടികളോ അതിനായി അമേരിക്കയുടെ മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങളോ നടത്തുന്നില്ല എന്ന വസ്തുത, പലസ്തീനിനെ അംഗീകരിക്കുക എന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ നിലപാടിലെ ദ്വന്ദ്വമുഖം വെളിപ്പെടുത്തുന്നു. വംശശഹത്യയിലൂടെ ജനങ്ങളെ ഉന്മൂലനം ചെയ്യുകയും അധിനിവേശത്തിലൂടെ ഗാസയുടെ അതിജീവനം അസാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഇസ്രായേൽ, അമേരിക്കൻ ഒത്താശയോടെ നടത്തിക്കൊണ്ടിരിക്കുന്നത്.

അപകോളനീകരണം വഴി മാത്രമേ പലസ്തീനിന്റെ സ്വതന്ത്ര പദവി സാധ്യമാവൂ. അതിന് ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കണം. കീഴടക്കിയ പ്രദേശങ്ങൾ ഒഴിയണം. ചെക്ക്പോസ്റ്റുകൾ ഇല്ലാതാകണം. പലസ്തീൻ പ്രദേശം ഇസ്രായേൽ സൈന്യ മുക്തമാക്കണം. അപകോളനീകരണത്തിലേക്കുള്ള നടപടികൾ ഇതര രാഷ്ട്രങ്ങളുടെ സഹായത്തോടെ അറബ് രാഷ്ട്രങ്ങളുടെ ചുമതലയിൽ നിർവഹിക്കപ്പെടണം. യഹൂദ വിരുദ്ധമാണ് പലസ്തീൻ രാഷ്ട്രസങ്കൽപം എന്നത് സയണിസ്റ്റുകൾ പ്രചരിപ്പിക്കുന്ന കള്ളക്കഥയാണ്. യഹൂദ ഭരണകൂടവും പലസ്തീൻ ഭരണകൂടവും എന്ന രണ്ട് രാഷ്ട്ര അസ്തിത്വമാണ് പലസ്തീൻ വിമോചന ദേശീയവാദം തിരസ്ക്കരിക്കുന്നത്. അതേസമയം, അപകോളനീകരിക്കപ്പെട്ട പലസ്തീനിൽ അറബുകളും യഹൂദരും തുല്യപദവിയുള്ള പൗരരായിരിക്കും എന്ന് പലതവണ സ്ഥിരീകരിക്കപ്പെട്ടതാണ്.

യൂറോപ്പിതര സമൂഹങ്ങളിൽ യഹൂദർ ഒരിക്കലും വംശവെറി നേരിടേണ്ടിവന്നിട്ടില്ല. ഇസ്ലാമിക സംസ്കാരം പ്രബലമായിരുന്ന മധ്യേഷ്യൻ സമൂഹങ്ങളിൽ യഹൂദർ യൂറോപ്പിലെപോലെ അപരവിദ്വേഷത്തിനു പാത്രമായതുമില്ല; അന്യവൽക്കരിക്കപ്പെട്ടിട്ടുമില്ല.

യഹൂദ ദേശീയത ഒരു മിഥ്യയാണ്, ചരിത്രപരമായി നിലനില്പില്ലാത്തത്. റോമൻ അധിനിവേശകാലത്തും ഒരു യഹൂദ രാഷ്ട്രം നിലനിന്നിരുന്നില്ല. സയണിസം പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രചരിപ്പിച്ച ആശയമാണത്. യഹൂദർ സഹസ്രാബ്ദങ്ങളായി ഡയാസ്പോറിക് (diasporic) സമൂഹമാണ്. അവർ പല രാജ്യങ്ങളിലേക്കും കുടിയേറി പാർത്തു. ക്രൈസ്തവ മതം ഭരണകൂടമതമായി യൂറോപ്പിൽ വ്യാപിച്ചപ്പോൾ യഹൂദർ ഏറ്റവുമധികം വേട്ടയാടപ്പെട്ടു, കൂട്ടക്കൊലയ്ക്കും വിധേയമായി. ‘യഹൂദ ഫോബിയ’ യൂറോപ്പിലെ വംശീയതയിൽ അലിഞ്ഞുചേർന്നതാണ്. ഇന്ന് യൂറോപ്പിൽ പകർച്ചവ്യാധി പോലെ പകർന്നിരിക്കുന്ന ഇസ്ലാമോഫോബിയുടെ പ്രധാന ഘടകങ്ങൾ യഹൂദഫോബിയയിൽ നിന്ന് കടംകൊണ്ടതാണ്. ഇതര ശരീരത്തെയും സംസ്കാരത്തെയും അപരവൽക്കരിക്കാനും വെറുക്കാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ക്രൈസ്തവ യൂറോപ്പിന്റെ യഹൂദ ഫോബിയ.

യഹൂദർ ലോകമെമ്പാടും പല രാജ്യങ്ങളിലേക്ക് ചിതറി. 14-ാം നൂറ്റാണ്ടുമുതൽ കേരളവും യഹൂദർ അധിവാസകേന്ദ്രമായി തിരഞ്ഞെടുത്തതിന് കാരണവും ഇതുതന്നെ. യൂറോപ്പിതര സമൂഹങ്ങളിൽ യഹൂദർ ഒരിക്കലും വംശവെറി നേരിടേണ്ടിവന്നിട്ടില്ല. ഇസ്ലാമിക സംസ്കാരം പ്രബലമായിരുന്ന മധ്യേഷ്യൻ സമൂഹങ്ങളിൽ യഹൂദർ യൂറോപ്പിലെപോലെ അപരവിദ്വേഷത്തിനു പാത്രമായതുമില്ല; അന്യവൽക്കരിക്കപ്പെട്ടിട്ടുമില്ല.

യഹൂദരാഷ്ട്രം എന്ന സങ്കല്പനം ചരിത്രപരമായി നിലന്നിരുന്നില്ല. 19-ാം നൂറ്റാണ്ടിൽ വികാസം പ്രാപിച്ച ദേശീയതയുടെ കൂടെ ആവിർഭവിച്ചതാണ് വംശീയ ദേശീയതയും. സയണിസം ഈ വംശീയ ദേശീയതയുടെ ഉല്പന്നമാണ്. ഇത് തന്നെയാണ് ഹിന്ദുത്വ ദേശീയവാദത്തിനും മാതൃകയാകുന്നത്‌.

2023 ഒക്ടോബർ 7- നാരംഭിച്ച ഇസ്രായേലിന്റെ ഗാസ ആക്രമണം രണ്ടു വർഷം പൂർത്തിയാവുന്നു. യു എൻ രക്ഷാസമിതിയും നിരവധി രാജ്യങ്ങളും എതിർത്തിട്ടും അമേരിക്കൻ പിന്തുണയോടെയാണ് അധിനിവേശവും വംശഹത്യയും തുടരുന്നത്. മനുഷ്യരുടെ കൂട്ട ഉന്മൂലനവും ആസൂത്രിതമായ പട്ടിണി സൃഷ്ടിക്കലും വംശഹത്യയായി പരിണമിച്ചപ്പോഴാണ് പാശ്ചാത്യ രാഷ്ട്രങ്ങൾ പേരിനെങ്കിലും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറായത്. പലസ്തീൻ അവശേഷിക്കില്ല എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ആ പ്രസ്താവനയെ ചെറുക്കാൻ ഒരു ലോകനേതാവിനും സാധിച്ചിട്ടില്ല. ഇതിനിടയിലാണ് സെപ്റ്റംബർ 23 നു നടന്ന ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ട്രംപ് യു.എന്നിന്റെ അസ്തിത്വത്തെ തന്നെ പരിഹാസത്തോടെ ചോദ്യം ചെയ്തത്. ഐക്യരാഷ്ട്ര സഭയ്ക്ക് യുദ്ധം സൃഷ്ടിക്കാൻ മാത്രമേ സാധിക്കൂ എന്നാണ് പരിഹസിച്ചത്. സുരക്ഷാ കൗൺസിൽ മാർഗ്ഗേണ ഗാസയിൽ വംശഹത്യ അവസാനിക്കാൻ പോകുന്നില്ല എന്നത് ഇതിൽനിന്ന് വ്യക്തമാണ്.

2023 ഒക്ടോബർ 7- നാരംഭിച്ച ഇസ്രായേലിന്റെ ഗാസ ആക്രമണം രണ്ടു വർഷം പൂർത്തിയാവുന്നു.  യു എൻ രക്ഷാസമിതിയും നിരവധി രാജ്യങ്ങളും എതിർത്തിട്ടും അമേരിക്കൻ പിന്തുണയോടെയാണ് അധിനിവേശവും വംശഹത്യയും  തുടരുന്നത്.
2023 ഒക്ടോബർ 7- നാരംഭിച്ച ഇസ്രായേലിന്റെ ഗാസ ആക്രമണം രണ്ടു വർഷം പൂർത്തിയാവുന്നു. യു എൻ രക്ഷാസമിതിയും നിരവധി രാജ്യങ്ങളും എതിർത്തിട്ടും അമേരിക്കൻ പിന്തുണയോടെയാണ് അധിനിവേശവും വംശഹത്യയും തുടരുന്നത്.

ഹമാസ് ബന്ദികളാക്കിയവരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ടാണ് ഇസ്രായേൽ ഇപ്പോൾ കരയുദ്ധം ആരംഭിച്ചിരിക്കുന്നത്. കരയുദ്ധമാണ് ഇസ്രായേൽ ലക്ഷ്യം വെയ്ക്കുന്നതും. കാരണം പരിപൂർണമായി കീഴടക്കപ്പെടുന്നതോടെ ഗാസയും അധിനിവേശിത പ്രദേശമായി മാറും. അധിനിവേശം കൂടുതൽ ശക്തമായി നടത്താൻ നെതന്യാഹുവിന് ബന്ദി മോചനം ആവശ്യമായിരിക്കുകയാണ്. കാരണം ഇസ്രായേലിൽ നെതന്യാഹു ഭരണത്തിനെതിരെ ശക്‌തമായ വികാരം ഉയർന്നുവരുന്നുണ്ട്. സയണിസ്റ്റ് ദേശീയവികാരം ഉയർത്തിവിട്ടുകൊണ്ടു മാത്രമേ ഇസ്രായേലിൽ നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ കഴിയൂ. അധിനിവേശയുദ്ധം നയിച്ചാലും 1946 -ൽ ഇംഗ്ലണ്ടിൽ വിൻസ്റ്റൺ ചർച്ചിലിനുണ്ടായ അതേ ഗതി തന്നെയാകും നെതന്യാഹുവിനും. മാത്രമല്ല, അന്താരാഷ്ട്ര സമൂഹം യുദ്ധക്കുറ്റത്തിന് ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ തീവ്രവലതുപക്ഷ ഭരണാധികാരികളെ മുഴുവൻ വിചാരണ ചെയ്യാനുമുള്ള സാധ്യതയുമുണ്ട്.

ഗാസയിൽ വംശഹത്യ അവസാനിപ്പിക്കാനുള്ള നടപടികളാണ്, ആത്മാർത്ഥയുണ്ടെങ്കിൽ പാശ്ചാത്യ രാഷ്ട്രങ്ങൾ ഏറ്റെടുത്തു നടത്തേണ്ടത്. നെതന്യാഹുവിനെയും ഇസ്രായേൽ യുദ്ധകാബിനറ്റിനെയും കുറ്റവിചാരണ ചെയ്യണം. യഹൂദ ജനതയെ സയണിസത്തിന്റെ വികൃതമായ മതപ്രത്യയശാസ്ത്രത്തിൽ നിന്നും വിമോചിപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ അപകോളനീകരണം അവിടെ മുതൽക്കാണ് ആരംഭിക്കുക. ഇത് അയഥാർത്ഥമാണെന്നു സയണിസ്റ്റ് പക്ഷപാതികൾക്ക് തോന്നിയേക്കാം. ഇങ്ങ് കേരളത്തിലെയും വിവിധ വർണങ്ങളിൽ പ്രദർശിതമാകുന്ന വലതുപക്ഷവും വിചാരിക്കുന്നത് ഇതാണ്. പക്ഷെ, ചരിത്രത്തിൽ നിന്നുള്ള തെളിവുകൾ കാണിക്കുന്നത് മറിച്ചാണ്.

സമീപരാജ്യമായ ശ്രീലങ്ക തന്നെ നോക്കുക. ജാഫ്‌നയിൽ തമിഴ് വംശഹത്യയാണ് മഹേന്ദ്ര രാജപക്സെ നടത്തിയത്. നമ്മുടെ കൺമുമ്പിൽ നടന്ന തമിഴ് ജനതയുടെ വംശഹത്യയെ എതിർക്കാൻ നമ്മുക്കായില്ല. വേലുപ്പിള്ള പ്രഭാകരനെയാണ് നമ്മൾ പലപ്പോഴും കുറ്റപ്പെടുത്താറ്. LTTE നടത്തിയ അതിക്രമങ്ങൾ, ബോംബ് സ്‌ഫോടനങ്ങൾ, രാജീവ് ഗാന്ധിയുടെ വധം ഉൾപ്പെടെയുള്ള ഉന്മൂലനങ്ങൾ സംശയരഹിതമായും അപലപിക്കപ്പെടേണ്ടതാണ്. എങ്കിലും, പ്രഭാകരനെ ഭീകരവാദത്തിലേക്ക് നയിച്ചത് ലങ്കൻ ഭരണകൂടത്തിന്റെ നിരന്തരമായ ആക്രമണമാണ്. സിംഹള ദേശീയതയാണ് ഈ അതിക്രമങ്ങൾക്ക് ആധാരമായത്.

പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും ഇടപെടലോടെ ഇസ്രായേലിന് അനുകൂലമായ ഒരു സന്ധിയിലൂടെ അധിനിവേശയുദ്ധം അവസാനിപ്പിക്കാനാകണം, ഇസ്രായേൽ കരുക്കൾ നീക്കുന്നത്.

പലസ്തീൻ ജനതയുടെ അതിജീവന പോരാട്ടവും ജാഫ്‌നയിലെ തമിഴ് ജനതയുടെ പോരാട്ടവും രണ്ടു തലത്തിലുള്ളതാണ്. അതിക്രമം നടത്തുന്ന ഭരണകൂട യുക്തിയെയാണ് പലപ്പോഴും മാധ്യമങ്ങൾ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നത്. യാഥാർഥ്യത്തെ യാഥാർഥ്യമായി കാണാൻ തയ്യാറാകുന്നുമില്ല. ഹമാസിനെ പറ്റിയുള്ള കാഴ്ചയിലും ഈ വലതുപക്ഷ മഞ്ഞളിപ്പുണ്ട്. ജാഫ്‌ന കൂട്ടക്കുരുതിക്കുശേഷം ശ്രീലങ്കൻ ജനത തന്നെ രാജപക്സെ കുടുംബത്തെ രാജ്യഭ്രഷ്ടരാക്കി. കുറ്റവിചാരണ ചെയ്യപ്പെടാതെ അവിടെനിന്ന് തടിതപ്പിയത് രാജപക്സെയുടെ കാലത്ത് ലങ്കയുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്ന രാജ്യങ്ങളുടെ സഹായത്തോടെയാണ്.

നാസികൾ ഒരിക്കലും കീഴടങ്ങില്ല എന്നും ലോകരാജ്യങ്ങളെ നാസികൾ പിടിച്ചടക്കുമെന്നുമാണ് 1940 തുടക്കത്തിൽ പലരും വിശ്വസിച്ചിരുന്നത്. പാശ്ചാത്യ നാടുകളിൽ നാസി പ്രത്യശാസ്ത്രത്തിന്റെ യഹൂദ വിരുദ്ധതയ്ക്ക് വമ്പിച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബോൾഷെവിക് കമ്മ്യൂണിസത്തിന്റെ വളർന്നുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ ഏറ്റവും ഉചിതമായ പ്രത്യയശാസ്ത്രപദ്ധതിയായാണ് അമേരിക്കൻ -യൂറോപ്യൻ മുതലാളിത്തം നാസിസത്തെ വരവേറ്റത്. സോവിയറ്റ് യൂണിയന്റെ പതനം ആസനമാണെന്നാണ് അന്ന് കരുതപ്പെട്ടിരുന്നത്. 40- കളിൽ നിന്ന് അഞ്ചു വർഷം കൂടി കഴിയുമ്പോൾ നാസി ഭരണം അകാല ചരമമടഞ്ഞു എന്നു മാത്രമല്ല ഹിറ്റ്ലറും മുസ്സോളിനിയും ചരമഗതി പ്രാപിക്കുകയും ചെയ്തു.

ഗാസയിൽ വംശഹത്യ അവസാനിപ്പിക്കാനുള്ള നടപടികളാണ്, ആത്മാർത്ഥയുണ്ടെങ്കിൽ പാശ്ചാത്യ രാഷ്ട്രങ്ങൾ ഏറ്റെടുത്തു നടത്തേണ്ടത്. നെതന്യാഹുവിനെയും ഇസ്രായേൽ യുദ്ധകാബിനറ്റിനെയും കുറ്റവിചാരണ ചെയ്യണം.
ഗാസയിൽ വംശഹത്യ അവസാനിപ്പിക്കാനുള്ള നടപടികളാണ്, ആത്മാർത്ഥയുണ്ടെങ്കിൽ പാശ്ചാത്യ രാഷ്ട്രങ്ങൾ ഏറ്റെടുത്തു നടത്തേണ്ടത്. നെതന്യാഹുവിനെയും ഇസ്രായേൽ യുദ്ധകാബിനറ്റിനെയും കുറ്റവിചാരണ ചെയ്യണം.

വംശഹത്യായുദ്ധം അവസാനിപ്പിക്കാൻ തന്നെയാണ് ഇസ്രായേൽ ഭരണകൂടവും ആഗ്രഹിക്കുന്നുണ്ടാവുക. പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും ഇടപെടലോടെ ഇസ്രായേലിന് അനുകൂലമായ ഒരു സന്ധിയിലൂടെ അധിനിവേശയുദ്ധം അവസാനിപ്പിക്കാനാകണം, ഇസ്രായേൽ കരുക്കൾ നീക്കുന്നത്. യുദ്ധം അവസാനിപ്പിച്ചതിന്റെ പേരിൽ ട്രംപിന് നോബൽ സമാധാന പുരസ്‌കാരം നേടിക്കൊടുക്കാനും. എന്നാൽ, കൊടും പട്ടിണിയും ഒടുങ്ങാത്ത പീഡനങ്ങളും അനുഭവിച്ചും വംശഹത്യാ ഭീകരതയുടെ ഇരകളാകുമ്പോഴും, അവസാന നിമിഷംവരേയ്ക്കും അതിജീവന പ്രതിരോധം നടത്തുന്ന പലസ്തീൻ ജനത പ്രകടമാക്കുന്ന ചെറുത്തുനിൽപ്പിന്റെ ധാർമികതയാണ് ഇസ്രായേലും അമേരിക്കയും ആഗ്രഹിക്കുന്ന ഗാസയുടെ കീഴപ്പെടലിനെ ഇപ്പോഴും അസാധ്യമാക്കുന്നത്.

ചരിത്രത്തിന്റെ അനുഭവപാഠങ്ങൾ പറയുന്നത്, പലസ്തീനികളുടെ ചെറുത്തുനിൽപ്പ് വെറുതെയാകില്ലെന്നും സയണിസത്തിന്റെ പതനം അനിവാര്യമായിരിക്കും എന്നുമാണ്.

Comments