Reciprocal Tariff യുദ്ധത്തിലൂടെ ആഗോളവിപണി തകർക്കുന്ന ട്രംപ്, തിരിച്ചടിക്കാൻ ലോകരാജ്യങ്ങൾ

ആഗോളവിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോവുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ പകരത്തിന് പകരം തീരുവ പ്രഖ്യാപനം. ഇന്ത്യയ്ക്ക് 26% അധികതീരുവ ഭാരമാണ് വരാൻ പോവുന്നത്. പല വ്യാപാരമേഖലയിലും വലിയ തിരിച്ചടിയുണ്ടാവും. എങ്ങനെയാണ് ലോകരാജ്യങ്ങൾ ട്രംപിൻെറ ഈ വ്യാപാരയുദ്ധ പ്രഖ്യാപനത്തെ നേരിടാൻ പോവുന്നത്? ചൈനയും യൂറോപ്യൻ യൂണിയനുമൊക്കെ എന്ത് നടപടികളാണ് എടുക്കാൻ പോവുന്നത്?

മേരിക്കയുടെയും ലോകത്തിൻെറയും വ്യാപാരചരിത്രത്തിൽ സുപ്രധാനമായ ഒരു വഴിത്തിരിവിന് കാരണമാവുന്ന തീരുവ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് (Donald Trump). ശത്രുവെന്നോ മിത്രമെന്നോ ഭേദമില്ലാതെ എല്ലാ രാജ്യങ്ങൾക്കും മേൽ പകരം തീരുവ (Reciprocal Tariff) പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങോട്ട് എങ്ങനെയാണോ അങ്ങോട്ടും അങ്ങനെ തന്നെയെന്ന വളരെ ലളിതമായ യുക്തിയാണ് പകരം തീരുവ പ്രഖ്യാപനത്തിലുള്ളതെന്ന് ട്രംപ് വ്യക്തമാക്കുന്നു. ചരിത്രപരമായ എക്സിക്യൂട്ടീവ് ഉത്തരവിലാണ് താൻ ഒപ്പിട്ടതെന്നാണ് ട്രംപ് പറഞ്ഞത്. “കുറച്ച് സെക്കൻറുകൾക്ക് മുമ്പ് ഞാൻ ചരിത്രപരമായ ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പിട്ടിരിക്കുന്നു. ലോകത്തെ മറ്റ് രാജ്യങ്ങൾക്ക് മേൽ അമേരിക്ക പകരം തീരുവ പ്രഖ്യാപിക്കുകയാണ്. പകരം തീരുവയെന്നാൽ വളരെ ലളിതമാണ്, അവർ നമ്മളോട് ചെയ്യുന്നതിന് പകരം നമ്മൾ അവരോടും ചെയ്യുന്നു. അമേരിക്കൻ ചരിത്രത്തിലെ ഒരു സുപ്രധാനമായ ദിവസമായാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തിൻെറ പ്രഖ്യാപനമാണിത്. വർഷങ്ങളായി കഠിനാധ്വാനം ചെയ്യുകയായിരുന്ന അമേരിക്കൻ പൗരർ പല കാരണങ്ങൾ കൊണ്ടും അവഗണിക്കപ്പെടുകയായിരുന്നു. നമ്മളെ ഉപയോഗപ്പെടുത്തി മറ്റ് രാജ്യങ്ങൾ കൂടുതൽ സമ്പന്നരായി മാറുകയായിരുന്നു. നമ്മളെ ചൂഷണം ചെയ്തവരിൽ നിന്ന് അത് തിരിച്ചുപിടിക്കാനുള്ള സമയമാണിത്. ട്രില്യൺ കണക്കിന് ഡോളർ നമുക്ക് തിരിച്ച് പിടിക്കാനാവും. അതിലൂടെ നമ്മൾ അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ പോവുകയാണ്,” വൈറ്റ്ഹൗസിൽ നടത്തിയ പ്രഖ്യാപനത്തിൽ ട്രംപ് പറഞ്ഞു.

അമേരിക്കയുടെയും ലോകത്തിൻെറയും വ്യാപാരചരിത്രത്തിൽ സുപ്രധാനമായ ഒരു വഴിത്തിരിവിന് കാരണമാവുന്ന തീരുവ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് (Donald Trump).
മേരിക്കയുടെയും ലോകത്തിൻെറയും വ്യാപാരചരിത്രത്തിൽ സുപ്രധാനമായ ഒരു വഴിത്തിരിവിന് കാരണമാവുന്ന തീരുവ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് (Donald Trump).

തീരുവകൾ ഇങ്ങനെ

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും ഇനി ലോകരാജ്യങ്ങളെല്ലാം ഏറ്റവും കുറഞ്ഞത് 10 ശതമാനം തീരുവ നൽകേണ്ടി വരും. ഇതിന് പുറമെയാണ് പകരം തീരുവ. നിലവിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന തീരുവയുടെ നേർപകുതി തീരുവയാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് ഈടാക്കാൻ പോവുന്നത്. ഉദാഹരണത്തിന് ഒരു രാജ്യം 50 ശതമാനം അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഈടാക്കുന്നുവെങ്കിൽ തിരിച്ച് അമേരിക്ക 25 ശതമാനം തീരുവ ഈടാക്കും. ഇത്തരത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം തീരുവയാണ് ഈടാക്കുക. എല്ലാ വസ്തുക്കൾക്കുമുള്ള 10 ശതമാനം തീരുവ ഏപ്രിൽ 5 മുതലും പകരം തീരവ ഏപ്രിൽ 9 മുതലും പ്രാബല്യത്തിൽ വരും.

ലോകരാജ്യങ്ങൾക്കുള്ള പകരം തീരുവയുടെ ഒരു പട്ടിക വൈറ്റ്ഹൗസ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം ഏറ്റവും കൂടുതൽ തീരുവ നൽകേണ്ട മൂന്ന് രാജ്യങ്ങൾ കംബോഡിയ (49%), വിയറ്റ്നാം (47%), മഡഗാസ്കർ (46%) എന്നിവയാണ്. ശ്രീലങ്ക (44%), ബംഗ്ലാദേശ്, ഇറാഖ് (39%), ബോട്സ്വാന, സെർബിയ (37%), ബോസ്നിയ ഹെർസഗോവിന (35%), ചൈന (34%), ഇന്തോനേഷ്യ, അംഗോള (32%), പാകിസ്താൻ (29%) തുടങ്ങിയവയാണ് പട്ടികയിൽ പിന്നീട് വരുന്നത്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ 20 ശതമാനം പകരം തീരുവയാണ് നൽകേണ്ടിവരിക. വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും മിക്ക രാജ്യങ്ങളും നൽകേണ്ടത് 10 ശതമാനം പകരം തീരുവയാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപിൻെറ ഏറ്റവും കടുത്ത വിമർശനം നേരിടേണ്ടി വരുന്ന കാനഡയ്ക്കും മെക്സിക്കോയ്ക്കും നിലവിൽ കൂടുതൽ തീരുവയൊന്നും നൽകേണ്ടി വരില്ല. എന്നാൽ നേരത്തെ പ്രഖ്യാപിച്ച ഓട്ടോമൊബൈൽ ഇറക്കുമതി നികുതിയിനത്തിൽ ഇരുരാജ്യങ്ങളും വലിയ തിരിച്ചടി നേരിടുന്നുണ്ട്. ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും രാജ്യങ്ങളും റഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും 10 ശതമാനമാണ് പകരം തീരുവ നൽകേണ്ടതായി വരിക.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

അമേരിക്കയുടെ പകരം തീരുവ നയത്തിൽ ഇന്ത്യയ്ക്ക് പ്രത്യേകമായി യാതൊരു ഇളവുമില്ല. നികുതിയിലൂടെ അമേരിക്കയെ ചൂഷണം ചെയ്തിരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് തന്നെയാണ് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്. നിലവിൽ 26 ശതമാനമാണ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് കയറ്റുമതി തീരുവ നൽകേണ്ടത്. 10 ശതമാനം നിരക്കിൽ തീരുവ നൽകേണ്ടി വന്നാൽ തന്നെ ഏകദേശം 600 കോടി ഡോളറിൻെറ (51600 കോടി ഡോളർ) ഇടിവുണ്ടാകുമെന്നാണ് കണക്ക്. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളെ തൽക്കാലം പകരം തീരുവയിൽ നിന്ന് ഒഴിവാക്കിയതിനാൽ ആ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധി നേരിടില്ല. ടെക്സ്റ്റൈൽ മേഖലയിലും ഇന്ത്യയുടെ വലിയ മാർക്കറ്റാണ് അമേരിക്ക. അതിൽ പ്രധാന എതിരാളികൾ ചൈനയും ബംഗ്ലാദേശുമാണ്. ഈ രണ്ട് രാജ്യങ്ങളും കൂടിയ തീരുവ നൽകേണ്ടതിനാൽ, താരതമ്യേന തീരുവ കുറവായ ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഐടി ഇലക്ട്രോണിക്സ് മേഖലയിലും ഓട്ടോമൊബൈൽ ഉത്പന്നങ്ങളുടെ മേഖലയിലുമാണ് ഇന്ത്യ വലിയ തിരിച്ചടി നേരിടാൻ പോവുന്നത്. ഇലക്ട്രോണിക്സ് മേഖലയിൽ കഴിഞ്ഞ ഒരു വർഷം മാത്രം 11 ബില്യൺ ഡോളറിൻെറ കയറ്റുമതി ഇന്ത്യയിൽ നിന്ന് നടന്നിട്ടുണ്ട്. ഏകദേശം 9 ശതമാനം അധികതീരുവ ഇനി അടയ്ക്കേണ്ടതായി വരും. വിദേശകമ്പനികളാണ് ഇന്ത്യയിൽ നിന്നും ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ കൂടുതലായി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യൻ വിപണി ലാഭകരമല്ലായെന്ന് തോന്നിയാൽ അവർ ഇവിടെ നിന്ന് പിൻമാറുമോയെന്ന ആശങ്കയുമുണ്ട്. ഓട്ടോമൊബൈൽ മേഖലയിൽ 23 ശതമാനത്തിൻെറ തീരുവ ബാധ്യത ഇനി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഉണ്ടാവും. ഏകദേശം 2.2 ബില്യൺ ഡോളറിൻെറ ബിസിനസ് കഴിഞ്ഞ വർഷം നടന്നയിടത്ത് കനത്ത തിരിച്ചടി തന്നെ ഉണ്ടാവുമെന്ന് വ്യക്തം. ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയുടെ കാര്യത്തിലാണ് മറ്റൊരു പ്രതിസന്ധി. ഇക്കാര്യത്തിൽ കേരളത്തിനും വലിയ തിരിച്ചടിയായിരിക്കും ഉണ്ടാവുക. കേരളത്തിൽ നിന്നുള്ള സമുദ്രവിഭവങ്ങളുടെ വലിയൊരു കയറ്റുമതി വിപണിയാണ് അമേരിക്ക. പ്രത്യേകിച്ച് ചെമ്മീൻ അടക്കമുള്ള സമുദ്രവിഭവങ്ങൾ. ഈ മേഖലയിൽ തീരുവ വ്യത്യാസം കണക്കിലെടുത്താൽ ഏകദേശം 27 ശതമാനത്തിലധികം അധിക തീരുവ അടയ്ക്കേണ്ടതായി വരുമെന്നാണ് കണക്ക്.

ഡോണൾഡ് ട്രംപിൻെറ തീരുവ പ്രഖ്യാപനങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഇനി ഇന്ത്യക്ക് മുന്നിലുള്ള ഒരു പ്രധാന ആശ്രയമെന്നത് അമേരിക്കയുമായുള്ള ഒരു ഉഭയകക്ഷി വ്യാപാരകരാറാണ്. ഇന്ത്യൻ വാണിജ്യമന്ത്രാലയം അതിനുള്ള പ്രാരംഭ ശ്രമങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ കുറച്ചാൽ സമാനമായ കുറവ് തിരിച്ചും ഉണ്ടാവുമെന്ന് ട്രംപ് നേരത്തെ തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്. അത് വലിയൊരു സാധ്യതയാണ്. വലിയ നേട്ടമുണ്ടാക്കുന്ന തീരുമാനമാവില്ല അതെങ്കിൽ പോലും നഷ്ടം കുറയ്ക്കാൻ സാധിക്കുമെന്നതാണ് കാര്യം. പൊതുവിൽ അമേരിക്കയുടെ പകരം തീരുവനയം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാവില്ലെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻെറ പ്രാഥമിക വിലയിരുത്തൽ. തിരിച്ചടിയുള്ള മേഖലകളിൽ ചർച്ചകളിലൂടെ നഷ്ടം കുറയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടാവും.

അമേരിക്കയുടെ പകരം തീരുവ നയത്തിൽ ഇന്ത്യയ്ക്ക് പ്രത്യേകമായി യാതൊരു ഇളവുമില്ല. നികുതിയിലൂടെ അമേരിക്കയെ ചൂഷണം ചെയ്തിരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് തന്നെയാണ് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്.
അമേരിക്കയുടെ പകരം തീരുവ നയത്തിൽ ഇന്ത്യയ്ക്ക് പ്രത്യേകമായി യാതൊരു ഇളവുമില്ല. നികുതിയിലൂടെ അമേരിക്കയെ ചൂഷണം ചെയ്തിരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് തന്നെയാണ് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്.

തിരിച്ചടിക്കാൻ ചൈനയും യൂറോപ്യൻ യൂണിയനും

അമേരിക്കൻ വിമോചനദിനമെന്ന നിലയിൽ ട്രംപ് നടത്തിയ പ്രഖ്യാപനങ്ങൾക്ക് തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് ചൈനയും യൂറോപ്യൻ യൂണിയനും. ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം ഇതോടെ പുതിയ തലത്തിലേക്ക് മാറും. ട്രംപിൻെറ പ്രഖ്യാപനങ്ങൾക്ക് ശേഷം ആഗോളതലത്തിലാകെ ഓഹരിവിപണിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. നേരിയ തോതിൽ വിപണികൾ തിരികെ കയറിയെങ്കിലും ഇനി മുന്നോട്ടുള്ള ദിനങ്ങളിൽ കയറ്റിറക്കങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. ട്രംപിൻെറ പ്രഖ്യാപനങ്ങൾ പരോക്ഷമായി ചൈനയ്ക്ക് ഗുണം ചെയ്യുമെന്ന തരത്തിലുള്ള വിലയിരുത്തലുകൾ വരുന്നുണ്ട്. പ്രത്യേകിച്ച് ഏഷ്യൻ വിപണിയിൽ ചൈനയുടെ ആധിപത്യം കൂടുതൽ ശക്തമായേക്കും. “ട്രംപിൻെറ പ്രഖ്യാപനങ്ങൾ ആഗോളവിപണിയിലാകെ വലിയ തിരിച്ചടിയാണ് ഉണ്ടാക്കാൻ പോവുന്നത്. ഞങ്ങൾ ഇതിന് മറുപടിയായി കൃത്യമായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. അത് ഉടൻ തന്നെ പ്രഖ്യാപിക്കും. ഞങ്ങളുടെ വാണിജ്യമേഖലയെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു പുതിയ നയമാണ് ആലോചനയിലുള്ളത്,” യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൻഡെർ ലിയോൺ പ്രതികരിച്ചു. “യുക്തിയില്ലാത്ത തീരുമാനങ്ങളാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഞങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ഇത് സൗഹാർദ്ദപരമായ നടപടിയേയല്ല,” ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി ആൽബനീസ് പ്രതികരിച്ചു. “ഞങ്ങൾ അമേരിക്കയ്ക്ക് വ്യക്തമായ മറുപടി നൽകും. ഞങ്ങളുടെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കും,” കാനഡ പ്രധാനമന്ത്രി മാർക്ക് കാനി പറഞ്ഞു.

അമേരിക്കയ്ക്കോ ലോകരാജ്യങ്ങൾക്കോ പൊതുവിൽ യാതൊരു ഗുണവുമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഡോണൾഡ് ട്രംപ് നടത്തിയിരിക്കുന്നതെന്നാണ് പല ലോകനേതാക്കളും പ്രതികരിച്ചിരിക്കുന്നത്. വ്യാപാരമേഖലയിൽ വലിയ നഷ്ടം നേരിടുമെന്ന് ബോധ്യമുള്ളതിനാൽ അമേരിക്കയുമായി സഹകരിച്ച് പോവാനുള്ള ശ്രമവും ലോകരാജ്യങ്ങൾ നടക്കുന്നുണ്ട്. ഉഭയകക്ഷി ചർച്ചകൾക്കാണ് ശ്രമം നടക്കുന്നത്. കടുത്ത തിരിച്ചടികളിൽ നിന്ന് രക്ഷ നേടാനാണ് രാജ്യങ്ങൾ ആഗ്രഹിക്കുന്നത്. യൂറോപ്യൻ യൂണിയനും ഡോണൾഡ് ട്രംപുമായി ചർച്ച നടത്താമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിന് ശേഷം മാത്രമേ കടുത്ത തീരുമാനങ്ങളിലേക്ക് പോവുകയുള്ളൂ.

ട്രംപിൻെറ നടപടികൾ

ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറായി ചുമതലയെടുത്തതിന് ശേഷം ആഗോളതലത്തിൽ ബാധിക്കുന്ന തരത്തിലുള്ള നിരവധി നയപരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പലതും വിവാദമാവുകയും ചെയ്തു. കുടിയേറ്റവുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ രാജ്യത്തിന് പുറത്തേക്കയച്ചു ട്രംപ് ഭരണകൂടം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പൌരരെ പ്രത്യേക വിമാനത്തിലും മറ്റുമായി അടിമകളെപ്പോലെ കൈകളിലും കാലുകളിലും വിലങ്ങുകളും മറ്റുമിട്ടാണ് തിരിച്ചയച്ചത്. ട്രംപ് അധികാരത്തിൽ വരുന്നതിന് തൊട്ടുമുൻപാണ് ഇസ്രായേൽ - ഹമാസുമായി വെടിനിർത്തൽ കരാറിലേർപ്പെട്ടത്. എന്നാൽ ആഴ്ച്ചകൾക്ക് ശേഷം ആ കരാർ ലംഘിക്കപ്പെട്ടു. നിലവിൽ ഗാസയിൽ ഇസ്രായേലിൻെറ അതിരൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ട്രംപ് ഭരണകൂടം അതിന് എല്ലാവിധ പിന്തുണയും നൽകുന്നു. പലസ്തീൻ ജനതയോട് ഗാസ വിട്ടുപോവണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഗാസയെ കടലോര വിനോദസഞ്ചാരകേന്ദ്രമാക്കുക എന്നതാണത്രേ ട്രംപിൻെറ ലക്ഷ്യം. റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് റഷ്യക്കൊപ്പമാണ്. യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയെ ട്രംപ് വൈറ്റ് ഹൌസിൽ വിളിച്ച് വരുത്തി അപമാനിക്കുക വരെയുണ്ടായി. നേരത്തെ ബൈഡൻ ഭരണകൂടം യുക്രെയ്ന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. യൂറോപ്യൻ യൂണിയൻെറ പിന്തുണയും യുക്രെയ്ന് തന്നെയാണ്. ഏതായാലും ആ വിഷയം കൂടുതൽ രൂക്ഷമാക്കാനേ ഇതുവരെ ട്രംപിന് സാധിച്ചിട്ടുള്ളൂ. ഇത്തരത്തിൽ ഒരുകൂട്ടം നടപടികൾക്ക് ഒടുവിലാണ് ഇപ്പോൾ തീരുവയുദ്ധം ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ ജനതയിൽ വലിയൊരു വിഭാഗത്തിന് തന്നെ ട്രംപിൻെറ ഈ നടപടിയിൽ ആശങ്കയുണ്ട്. ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെ മിക്ക ലോകരാജ്യങ്ങളും ഈ വിഷയത്തിൽ ട്രംപിന് എതിരെയുമാണ്. കടുത്ത നിലപാടുകളുമായുള്ള ട്രംപിൻെറ ഈ പോക്ക് അമേരിക്കയ്ക്ക് തന്നെ ഗുണമാണോ ദോഷമാണോ ഉണ്ടാക്കാൻ പോവുന്നതെന്ന് കണ്ടറിയേണ്ട കാര്യമാണ്.

Comments