പീറ്റർ മഗ്യാർ

ഹംഗറിയിൽ തീവ്ര വലതുപക്ഷത്തിന് പതനം, രാജ്യത്തെ നയിക്കാൻ ഇനി പീറ്റർ മഗ്യാർ

ഹംഗറിയിൽ തീവ്ര വലതുപക്ഷക്കാരനും ഡൊണാൾഡ് ട്രംപിന്റെ അനുയായിയുമായ വിക്ടർ ഒർബാന്റെ നേതൃത്വത്തിലുള്ള 16 വർഷത്തെ ഭരണത്തിന് അന്ത്യം.

International Desk

തീവ്രവലതുപക്ഷ സർക്കാരിനെ പുറത്താക്കി ഹംഗേറിയൻ ജനത. ഡൊണാൾഡ് ട്രംപിന്റെ അനുയായിയായ വിക്ടർ ഓർബാന്റെ നേതൃത്വത്തിലുള്ള 16 വർഷത്തെ ഭരണമാണ് അവസാനിച്ചിരിക്കുന്നത്. നേരത്തെ ഒർബാനൊപ്പം പ്രവർത്തിച്ചിരുന്ന 45കാരനായ പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള തിസ പാർട്ടിയാണ് ഇനി അധികാരത്തിലേറാൻ പോവുന്നത്. ബി.ബി.സി റിപ്പോർട്ടുകൾ പ്രകാരം 98 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ തിസ പാർട്ടി 138 സീറ്റുകളും ഫിദെസ് പാർട്ടി 55 സീറ്റുകളുമാണ് നേടിയത്. ഒർബാന്റെ ഭരണത്തിൽ ജനങ്ങൾ പൊതുവിൽ അതൃപ്തരായിരുന്നു. ഭരണവിരുദ്ധ വികാരമാണ് കാര്യമായി അലയടിച്ചത്. തിസ പാർട്ടി വരുന്നതോടെ രാജ്യത്തെ പ്രാദേശിക നയങ്ങൾ മുതൽ അന്താരാഷ്ട്ര നയങ്ങൾ വരെ ഇനി മാറും.

അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് ഇക്കഴിഞ്ഞയാഴ്ച ഓർബാൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരുന്നു. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായും ഒർബാന് വ്യക്തിപരമായി അടുത്ത ബന്ധമാണുള്ളത്. യുക്രൈയ്നിൽ റഷ്യ നടത്തിയ അധിനിവേശത്തെ പിന്തുണച്ചിരുന്ന അദ്ദേഹം യൂറോപ്യൻ യൂണിയൻെറ നിലപാടുകളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മഗ്യാറാവട്ടെ റഷ്യയുമായി അകലം പാലിക്കാൻ ആഗ്രഹിക്കുന്ന നേതാവാണ്. യുക്രെയ്നോടും യൂറോപ്യൻ യൂണിയനോടും സഹകരിച്ച് പ്രവർത്തിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഒർബാൻ ഭരണത്തിലെ അഴിമതികളെ തുറന്നുകാട്ടിയും ജനദ്രോഹ നടപടികളെ എതിർത്തുമാണ് മഗ്യാർ വലിയ ക്യാമ്പെയിൻ നയിച്ചത്. നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചാണ് ഓർബാൻ 16 വർഷമായി ഹംഗറിയുടെ പ്രധാനമന്ത്രിയായി തുടർന്നിരുന്നത്.

Comments