ഫിലിപ്പീൻസ് മുൻ പ്രസിഡൻറിനെ അറസ്റ്റ് ചെയ്ത് ICC; പുടിനെയും നെതന്യാഹുവിനെയും തൊടാൻ ഭയം

അധികാരത്തിലിരിക്കെ ലഹരിവിരുദ്ധ നടപടിയുടെ പേരിൽ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയതിന് ഫിലിപ്പീൻസ് മുൻ പ്രസിഡൻറ് റോഡ്രിഗോ ദത്തെർത്തെ അറസ്റ്റിൽ. ഇതേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും പുടിൻ, നെതന്യാഹു എന്നിവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര നീതിന്യായകോടതിയുടെ നടപടികളിലെ ചില വൈരുദ്ധ്യങ്ങൾ…

മനുഷ്യരാശിക്കെതിരായി ക്രൂരതകളുടെ പേരിൽ മുൻ ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദത്തെർത്തെ അറസ്റ്റിലായിരിക്കുകയാണ്. 2016-ൽ പ്രസിഡൻറായിരുന്ന കാലത്ത് ലഹരിവേട്ടയുടെ ഭാഗമായി നിരവധി പേരെ കൊന്നൊടുക്കിയെന്ന ആരോപണത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹോങ്കോങ്ങിൽ നിന്ന് ഫിലിപ്പീൻസിലേക്ക് മടങ്ങിവരവേ രാജ്യതലസ്ഥാനമായ മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് നടന്നത്. നിയമവിരുദ്ധമായാണ് ദത്തെർത്തെയെ അറസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹത്തിൻെറ വക്കീൽ പറയുന്നത്. നിലവിൽ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ദത്തെർത്തെയെ ഇനി ഐസിസിക്ക് കൈമാറുമോയെന്നാണ് അറിയാനുള്ളത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് ദത്തെർത്തെയുടെ അഭിഭാഷകർ പറയുന്നത്. 2019-ൽ ഫിലിപ്പീൻസ് ഐസിസിയിൽ നിന്ന് അംഗത്വം പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് അറസ്റ്റ് നടത്തുകയെന്ന ചോദ്യമാണ് അഭിഭാഷകർ ഉന്നയിക്കുന്നത്. അഭിഭാഷകരെ കാണാൻ ദത്തെർത്തെയെ അനുവദിച്ചില്ലെന്നും അവർ പറയുന്നു. ഫിലിപ്പൈൻസിലെ കോടതിയിലാണ് ദത്തെർത്തെക്കെതിരായ കേസിൻെറ നടപടികൾ നടക്കേണ്ടതെന്നും അവർ വ്യക്തമാക്കുന്നു.

അറസ്റ്റിന് പിന്നിലെ കാരണങ്ങൾ

ഫിലിപ്പീൻസിൽ 2016-ൽ പ്രസിഡൻറായിരുന്ന കാലത്താണ് ദത്തെർത്തെ ലഹരിക്കെതിരെ വലിയ ക്യാമ്പെയിൻ ആരംഭിക്കുന്നത്. ഈ ക്യാമ്പെയിൻെറ ചുവടുപിടിച്ച് നിരപരാധികളെ കൊന്നൊടുക്കുകയാണ് പിന്നീട് ചെയ്തത്. ഇതിനായി ഒരു പ്രത്യേക സംഘത്തെ തന്നെ ദത്തെർത്തെ നിയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ പോലീസിൻെറ നേതൃത്വത്തിലും ക്രൂരമായ അടിച്ചമർത്തൽ നടപടികൾ നടന്നിരുന്നു. ലഹരി ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യുകയോ കോടതിയിൽ ഹാജരാക്കി അവരുടെ ഭാഗം പറയാനുള്ള അവസരമോ നിഷേധിച്ച് വേട്ടയാടി കൊന്നിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലഹരിക്കെതിരായ നടപടികൾക്കിടയിൽ നിരവധി പേർ കൊല്ലപ്പെട്ടുവെന്ന കാര്യം ദത്തെർത്തെ നിഷേധിച്ചിരുന്നില്ല. ഫിലിപ്പീൻസിലെ തെരുവുകൾ ലഹരിമുക്തമാക്കുന്നതിന് വേണ്ടിയുള്ള തൻെറ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളിൽ ഒഴിച്ചുകൂടാനാവാത്തതായിരുന്നു ‘നിരപരാധികളുടെയും കുട്ടികളുടെയും മരണങ്ങൾ’ എന്നാണ് ഇത് സംബന്ധിച്ച് ഒരിക്കൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ദത്തെർത്തെ പ്രതികരിച്ചത്. നിലവിലെ ഐസിസി അറസ്റ്റ് വാറണ്ടിലേക്ക് നയിച്ചത് ലഹരിക്കെതിരെയെന്ന പേരിൽ 2016-ൽ ദത്തെർത്തെ നടപ്പിലാക്കിയ കിരാത നടപടികളാണ്.

കോടതിക്കെതിരെ ഉയരുന്ന ചോദ്യങ്ങൾ

ദത്തെർത്തെയുടെ അറസ്റ്റ് ഐസിസിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള നടപടിയാണെന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. യുക്രൈയ്ൻ അധിനിവേശത്തിന് ശേഷം നിരപരാധികളെ കൊന്നൊടുക്കിയതിൻെറ പേരിൽ വ്ലാദിമിർ പുടിനെതിരെ ഇതേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളടക്കമുള്ള നിരപരാധികളായവരെ കൊന്നൊടുക്കിയതിൻെറ പേരിലാണ് പുടിനെതിരെ 2023-ൽ വാറണ്ട് പുറപ്പെടുവിച്ചത്. യുദ്ധക്കുറ്റം, മനുഷ്യരാശിക്കെതിരായ ക്രൂരതകൾ, വംശഹത്യ എന്നിവയെല്ലാം പുടിനെതിരെ ഉയർന്നിട്ടുള്ള കുറ്റങ്ങളാണ്. എന്നാൽ വർഷം രണ്ടായിട്ടും ഒരു നടപടിയും അക്കാര്യത്തിൽ ഉണ്ടായില്ല. സമാനമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും പലസ്തീൻ ജനതയ്ക്ക് നേരെ നടത്തുന്ന മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങളുടെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഐസിസി അംഗമായിട്ടുള്ള 125 രാജ്യങ്ങളിൽ എവിടെയെങ്കിലും സന്ദർശിച്ചാൽ ഇവരെ അറസ്റ്റ് ചെയ്യാമെന്നാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ പുടിനെയോ നെതന്യാഹുവിനെയോ അറസ്റ്റ് ചെയ്യാൻ ഐസിസി നാളിതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. 1998-ൽ റോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ രൂപം നൽകിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് അന്തർദേശീയ ക്രിമിനൽ കോടതി സ്ഥാപിതമായത്. നെതർലൻറ്സ് തലസ്ഥാനമായ ഹേഗ് ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

Comments