ഗാസയിലും ലെബനനിലും തുടരുന്ന ഇസ്രായേലിൻെറ (Israel) ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനിൽ കോടതി (ICC). യുദ്ധക്കുറ്റം ചുമത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും (Benjamin Netanyahu) മുൻ പ്രതിരോധന്ത്രി യോവ് ഗാലൻറിനും ഹമാസ് സൈനിക തലവൻ മുഹമ്മദ് ഡെയ്ഫിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് ഐ.സി.സി. മനുഷ്യത്വരാശിക്കെതിരെ ആക്രമണം നടത്തുന്നവരെന്ന് വിശേഷിച്ച് കൊണ്ടാണ് യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. “മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടേയും യുദ്ധക്കുറ്റങ്ങളുടേയും പേരിൽ ബെഞ്ചമിൻ നെതന്യാഹുവിനും യോവ് ഗാലൻറിനുമെതിരെ ചേംബർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണ്. 2023 ഒക്ടോബർ 8 മുതൽ 2024 മെയ് 20 വരെയുള്ള കുറ്റകൃത്യങ്ങളാണ് ഇപ്പോൾ പരിഗണിച്ചിട്ടുള്ളത്” - മൂന്ന് ജഡ്ജിമാരടങ്ങിയ പാനൽ പുറത്തിറക്കിയ വാറണ്ടിൽ പറയുന്നു.
അന്താരാഷ്ട്ര കോടതിയുടെ നിലപാട് ജൂതർക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിൻെറ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്
“ഇരുവരും ചേർന്ന് ഗാസയിലെ മനുഷ്യരുടെ സമാധാനപരമായ ജീവിതത്തെ മനപൂർവം തകർക്കുകയാണെന്നതിന് മതിയായ തെളിവുകളുണ്ട്. അവർക്ക് ഭക്ഷണവും വെള്ളവും മരുന്നുമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുകയാണ്” - ജഡ്ജിമാർ വ്യക്തമാക്കി. കോടതി രൂപീകരിച്ചതിന് ശേഷമുള്ള കഴിഞ്ഞ 22 വർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഒരു ജനാധിപത്യ രാജ്യത്തിൻെറ രാഷ്ട്രത്തലവനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. കോടതിയുടെ രൂപവൽക്കരണവുമായി ബന്ധപ്പെട്ട റോം ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുള്ള 124 രാജ്യങ്ങളിൽ ഏതിലെങ്കിലും കടന്നാൽ നെതന്യാവിനെയും യോവ് ഗാലൻറിനെയും അറസ്റ്റ് ചെയ്യാവുന്നതാണ്. ഹമാസ് സൈനിക തലവൻ മുഹമ്മദ് ഡെയ്ഫിനെ വധിച്ചുവെന്ന് കഴിഞ്ഞ ജൂലൈയിൽ ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഗാസയിലും ലെബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് ഇസ്രായേലിന് മുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിന് ഈ വിധി കാരണമാവുമെന്ന പ്രതീക്ഷയിൽ ലോകം
അന്താരാഷ്ട്ര കോടതിയുടെ നിലപാട് ജൂതർക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിൻെറ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. “തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ ഇസ്രായേൽ തള്ളിക്കളയുന്നു. രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രവർത്തിക്കുന്നത്” - അവർ വ്യക്തമാക്കുന്നു. അമേരിക്കയും വിഷയത്തിൽ നെതന്യാഹുവിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. “ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ഇസ്രായേലിനെയും ഹമാസിനെയും താരതമ്യം ചെയ്യാൻ സാധിക്കില്ല. ഇസ്രായേൽ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളിൽ ഞങ്ങൾ ആ രാജ്യത്തോടൊപ്പമാണ് നിൽക്കുന്നത്” - യുഎസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി.
ലോകത്തെ പ്രധാന മനുഷ്യാവാശ സംഘടനകളെല്ലാം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. പാലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിൻെറ ശ്രദ്ധ കൊണ്ടുവരാൻ ഈ അറസ്റ്റ് വാറണ്ടിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘടനകൾ വാദിക്കുന്നു. ഗാസയിലും ലെബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് ഇസ്രായേലിന് മുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിന് ഈ വിധി കാരണമാവുമെന്നും മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നു.