കിയർ സ്റ്റാമർ

ലേബർ വിജയം: ജയിച്ചത് വലതു വ്യതിയാനം,
സാമ്പത്തിക നയ വാഗ്ദാനങ്ങൾ

സ്റ്റാമറിന്റെ ക്യാബിനറ്റിൽ 22 മന്ത്രിമാരാണുള്ളത്. അതിൽ 11 പേരും സ്ത്രീകളാണ്. ഇത് ഇംഗ്ലണ്ടിന്റെ പാർലമെൻ്റ് ചരിത്രത്തിൽ റെക്കോഡാണ്. പലസ്തീൻ പ്രശ്നത്തിലുൾപ്പെടെ ഇടതുപക്ഷ വിരുദ്ധ നിലപാടെടുത്തിട്ടാണ് ലേബർ പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പ് അഭിമുഖീകരിച്ചത്.

തെരഞ്ഞെടുപ്പിനുമുമ്പ് ലേബർ പാർട്ടി ബ്രിട്ടനിലെ വോട്ടർമാരോട് അപേക്ഷിച്ചത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇക്കോണമി മെച്ചപ്പെടുത്താൻ ഒരു വോട്ട്. മറ്റു പല കാര്യങ്ങളിലും പാർട്ടിയോട് വിയോജിപ്പുണ്ടായിട്ടും ഈ ഒരൊറ്റ വിശ്വാസത്തിൽ ജനം സർ കിയർ സ്റ്റാമറുടെ നേതൃത്വത്തിന് വൻ അംഗീകാരം തന്നെ നൽകി. മുമ്പ് ഇതുപോലെ ജനപിന്തുണ കിട്ടിയ ഭരണം രണ്ടേ ഉള്ളൂ, ആധുനിക ബ്രിട്ടന്റെ ചരിത്രത്തിൽ: ക്ലെമൻ്റ് അറ്റ് ലീക്കും മാർഗരറ്റ് താച്ചറിനും; രണ്ടാളും മുന്നോട്ടു വെച്ചത് സാമ്പത്തിക ഭദ്രത എന്ന മുദ്രാവാക്യം തന്നെയായിരുന്നു എന്നതും ശ്രദ്ധേയം.

യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇരുപതാം നൂറ്റാണ്ടിൽ അനുഭവപ്പെട്ടിട്ടില്ലാത്ത രാഷ്ട്രീയ ധ്രുവീകരണമാണ് ഈ നൂറ്റാണ്ടിൽ ഇപ്പോൾ നടക്കുന്നത്. ലേബർ പാർട്ടിയുടെ വിജയം വിശകലനം ചെയ്യുമ്പോൾ തന്നെ പലസ്തീൻ വംശഹത്യയുടെ കാര്യത്തിൽ പാർട്ടി എടുത്ത നിലപാടിനോട് മുസ്‍ലിം വോട്ടർമാർ രൂക്ഷമായ നിലപാടെടുത്തു എന്നു കൂടി കാണേണ്ടതുണ്ട്. ഗാസ, തെരഞ്ഞെടുപ്പു വിഷയമായ മിക്ക സീറ്റുകളിലും ലേബർ സ്ഥാനാർത്ഥികൾ പരാജിതരായി. ബെർമിം ഹാമിലെ പെറി ബാറിൽ ഇംഗ്ലണ്ടിലെ ആദ്യ മുസ്‍ലിം എം.പി. ആയ ഖാലിദ് മുഹമ്മദ്, ലെയ്സസ്റ്റർ സൗത്തിൽ ജൊനാഥൻ ആഷ് വർത്ത്, വെസ്റ്റ് യോക്ക് ഷയറിൽ ഹെതർ ഇഖ്ബാൽ തുടങ്ങി ലേബറിന്റെ തോറ്റ പ്രമുഖരിൽ പലരും പലസ്തീൻ വിഷയത്തിൽ പാർട്ടിയെടുത്ത നിലപാടിന്റെ ഇരകൾ കൂടിയാണ്. പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര വേദികളിലും ആഭ്യന്തര പ്ലാറ്റ് ഫോമുകളിലും ലേബർ പാർട്ടിയുടെ നിലപാട് പാർട്ടിക്കകത്തുതന്നെ വൻ അഭിപ്രായവ്യത്യാസത്തിനിടയാക്കിയിരുന്നു.

വിക്ടർ ഓർബാൻ വ്ലദീമീർ പുട്ടിനുമായി ചർച്ച നടത്തുന്നു
വിക്ടർ ഓർബാൻ വ്ലദീമീർ പുട്ടിനുമായി ചർച്ച നടത്തുന്നു

സ്റ്റാമർ വൻവിജയം ആഘോഷിച്ച ഇന്നലെ യൂറോപ്യൻ യൂണിയനിൽ വൻ അസ്വസ്ഥത പടർത്തിയ മറ്റൊരു കാര്യം കൂടി നടന്നു. യൂറോപ്യൻ യൂണിയനിൽ പെട്ട ഹംഗറിയുടെ പ്രസിഡൻ്റ് വിക്ടർ ഓർബാൻ യൂറോപ്പിന്റെ മുഴുവൻ പ്രതിഷേധത്തെയും അവഗണിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലദീമീർ പുട്ടിനുമായി ചർച്ച നടത്തി. ഇയ്യടുത്താണ് കൗൺസിൽ ഒഫ് യൂറോപ്യൻ യൂണിയന്റെ പ്രസിഡൻസി ഹംഗറി ഏറ്റെടുത്തത് എന്നോർക്കണം.

ഗാസയുടെ കാര്യത്തിലായാലും ഉക്രൈൻ വിഷയത്തിലായാലും അന്താരാഷ്ട്ര തലത്തിൽ ബ്രിട്ടനിലെ ലേബർ വിജയം വലിയ ചലനങ്ങളൊന്നും ഉണ്ടാക്കാൻ പോകുന്നില്ല എന്നു തന്നെ കരുതണം. സെൻ്റർ -ലെഫ്റ്റ് പാർട്ടിയായ ലേബറിന്റെ നയസമീപനങ്ങളിൽ വൻ വലതു വ്യതിയാനം വരുത്തിയാണ് സ്റ്റാമർ വൻ വിജയം നേടിയതെന്നതിന് പാർലമെൻ്റിലെ ലേബർ കക്ഷി നിലയിലെ കുറഞ്ഞ ഇടതു പ്രാതിനിധ്യം പരിശോധിച്ചാൽ മതിയാവും.

ബ്രിട്ടനിലെ ഏറ്റവും ശക്തനായ ഇടതുപക്ഷ വാഗ്മി, അത് സാമ്പത്തിക നയങ്ങളുടെ കാര്യത്തിലായാലും പലസ്തീൻ പ്രശ്നത്തിലായാലും, ജെറമി കോർബിൻ ആണ്. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന കോർബിൻ ഇസ്ലിംഗ്ടൺ നോർത്തിൽ നിന്ന് 1983 മുതൽ തുടർച്ചയായി പാർലമെൻ്റിൽ എത്തുന്നുണ്ട്. സ്റ്റാമറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടുതന്നെ അടുത്ത കാലത്ത് പാർട്ടിയിൽ നിന്ന് പുറത്താവുകയും പിന്നീട് അകത്താവുകയും അവിടെയും ഇവിടെയും അല്ലാതാവുകയുമൊക്കെ ചെയ്ത സമകാലിക ചരിത്രമാണ് കോർബിൻ്റേതെങ്കിലും ഇത്തവണയും പാർലമെൻ്റിൽ മുഴങ്ങുന്ന ഇടതുപക്ഷ ശബ്ദം കോർബിൻ്റേതായിരിക്കും.

 ജെറമി കോർബിൻ
ജെറമി കോർബിൻ

സ്റ്റാമറിന്റെ വിജയത്തിനു കാരണം വലത്തോട്ടുള്ള പ്രത്യക്ഷ വ്യതിയാനമാണെന്ന് ആൻഡി ബെക്കറ്റിനെപ്പോലുള്ള കോളമിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. കൺസർവേറ്റീവ് പാർട്ടിയോട് കടുത്ത ശത്രുതയാണ് ലേബറിലെ ഇടതുപക്ഷത്തിന്. അതുകൊണ്ടുതന്നെ, ലേബർ വലത്തോട്ടു ചാഞ്ഞാലും എല്ലാ കാലത്തെയും പോലെ സോഷ്യലിസ്റ്റ് ശുഭപ്രതീക്ഷയിൽ തന്നെയാണ് എം.പി മാരുടെ എണ്ണത്തിൽ കുറവെങ്കിലും ലേബറിലെ ഇടതുപക്ഷം.

സ്റ്റാമറിന്റെ ക്യാബിനറ്റിൽ 22 മന്ത്രിമാരാണുള്ളത്. അതിൽ 11 പേരും സ്ത്രീകളാണ്. ഇത് ഇംഗ്ലണ്ടിന്റെ പാർലമെൻ്റ് ചരിത്രത്തിൽ റെക്കോഡ് ആണ്.

പഠിക്കുന്ന കാലം തൊട്ടേ ലേബർ പാർട്ടിയോട് അടുപ്പമുള്ള നേതാവാണ് കിയർ സ്റ്റാമർ. അഛനുമമ്മയും സോഷ്യലിസ്റ്റുകൾ. ഭാര്യ വിക്ടോറിയയും വിദ്യാർത്ഥിപ്രസ്ഥാനത്തിൽ സജീവമായിരുന്നു. രണ്ടു പേരും നിയമജ്ഞരായിരിക്കുമ്പോൾ പ്രണയവിവാഹിതരാവുകയായിരുന്നു.

Comments