ലിത്വാനിയിലെ കൗണസ് നഗരത്തിലെ റസിഡൻഷ്യൽ ഏരിയ. ഒരു മഞ്ഞുകാല ദൃശ്യം. / ചിത്രങ്ങൾ: അമൽ പുല്ലാർക്കാട്ട്

മലയാളിക്കണ്ണ് പതിയാത്ത ബാൾട്ടിക്

സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം മൂന്നുപതിറ്റാണ്ടിന്റെ ‘സ്വതന്ത്ര ലോകം' ബാൾട്ടിക് രാജ്യങ്ങൾക്ക് നൽകിയതതെന്താണ്? അപരവൽക്കരണത്തിന്റെയും വലതുപക്ഷവൽക്കരണത്തിന്റെയും മൂലധനാധിനിവേശത്തിന്റെയും പുത്തൻ ദേശീയതാനിർമാണത്തിന്റെയും ആഗോള ഭൂപടത്തിലൂടെയുള്ള ഒരു യാത്ര തുടങ്ങുന്നു

യൂറോപ്പ് എന്ന മിഴിവുള്ള വാങ്മയ ചിത്രത്തിന്റെ ഔന്നത്യത്തിനും സമ്പന്നതയ്ക്കും ആഘോഷത്തിമിർപ്പുകൾക്കും ചേരുംപടി ചേരാത്ത നേർപ്പാതികളാണ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ.
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഇന്നാടുകളിലെ സങ്കീർണ്ണതകളേറുകയും ലോകശ്രദ്ധ റഷ്യ - അമേരിക്കൻ ചേരി പോർവിളികളിൽ ഏകദേശം ഒതുങ്ങി നിൽക്കുകയും ചെയ്യുന്നു. "നിങ്ങൾ ഇന്ത്യക്കാർ പടിഞ്ഞാറൻ യൂറോപ്പിന്റെ കുലീനതകളിൽ നിന്ന് അൽപ്പം ഒന്ന് മാറി ഞങ്ങൾ കിഴക്കൻ യൂറോപ്പുകാരുടെ അസ്ഥിരതകളിലേക്കും സങ്കീർണ്ണതകളിലേക്കും കുറച്ചൊന്ന് ശ്രദ്ധിക്കൂ' എന്ന് ആവശ്യപ്പെട്ട ലിത്വാനിയയിലെ കൗണസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഫിലോസഫി പ്രൊഫസർ സരുണാസിന്റെ വാക്കുകൾ ഏറെ ചിന്തനീയമായിരുന്നു. പടിഞ്ഞാറൻ യൂറോപ്പിന് ഇന്ത്യയോടുള്ള മേധാവിത്വപരമായ കോളനിവാഴ്ച്കളുടെ കഥകളാണ് കൂടുതൽ പറയാനുള്ളതെങ്കിൽ കിഴക്കൻ യൂറോപ്യൻ നാടുകൾക്ക് ഊഷ്മളമായൊരു ബന്ധം ആഗ്രഹിക്കുന്നതിന്റേയും ചരിത്രപരമായും സാംസ്‌ക്കാരികമായും ഏറെ സവിശേഷമായ സാമ്യങ്ങൾ പങ്കിടുന്നതിന്റേയുമെല്ലാം സൗഹൃദങ്ങളാണ് നമ്മളോട് പങ്കുവയ്ക്കാനുള്ളത്.

കിഴക്കൻ യൂറോപ്പിന്റെ നവീന ചരിത്രം ആരംഭിക്കുന്നത് ഇന്ത്യക്ക് ഏറെ പ്രിയപ്പെട്ട സോവിയറ്റ് യൂണിയന്റെ ഉദയത്തോടെയാണെന്ന് പറയാം. പിൽക്കാലത്ത് സോവിയറ്റ് നാട് ചിതറിയതിന്റെ അലയൊലികൾ ഏറെ സങ്കടകരമായ ആഴങ്ങളിലേക്കാണ് ഇന്ത്യയെ തള്ളിയിട്ടത്. അതൊരു സാഹോദര്യ നഷ്ടത്തിന്റെ നിത്യമായൊരു ദുഖസാന്ദ്രതകൂടി അവശേഷിപ്പിച്ചു. മുതലാളിത്തത്തിന്റെ പടിഞ്ഞാറൻ പറുദീസകളും പോപ്പിന്റെ പള്ളിമേടകളും ആഘോഷ തിമിർപ്പുകളിൽ മുങ്ങുന്ന 1991 ഡിസംബറിൽ ഞങ്ങൾ കണ്ടത് ആശയപരവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയാൽ സോവിയറ്റ് പതനത്തിന്റെ കഠിനദുഖത്തിൽ മുങ്ങി ഒരു മരണവീടിനു സമാനമായ ഇന്ത്യയെയായിരുന്നു എന്ന് ചിക്കാഗോ സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയന്റിസ്റ്റുകളായ ലിയോഡ് റുഡോൾഫും സൂസൻ റുഡോൾഫും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സോവിയറ്റ് നാടിനെക്കുറിച്ചും അവരുടെ തകർച്ചയെക്കുറിച്ചുമെല്ലാം ഇന്ത്യൻ അക്കാദമിക - രാഷ്ട്രീയ പഠനങ്ങൾ ശ്രദ്ധചെലുത്തിയിരുന്നെങ്കിലും റഷ്യക്കപ്പുറത്തേക്കുളെളാരു ലോകത്തേക്ക് കാര്യമായി നോട്ടം ചെന്നില്ല എന്നുതന്നെ വേണം പറയാൻ. ബാൾട്ടിക് രാജ്യങ്ങളെക്കുറിച്ച് നമ്മുടെ അക്കാദമിക മേഖലയിൽ ഇതുവരെ ആകെ മൂന്ന് പുസ്തകങ്ങളേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നത് അത്ഭുതമായ് തോന്നാം

അക്കാലത്താണ് നമ്മുടെ കൊച്ചുകേരളത്തിലിരുന്ന് ആഴത്തിലുള്ള നിരാശയാലും ദുഖത്താലും മനസ്സുവിങ്ങി "ഗോർബച്ചേവിന് വേണ്ടി പാഴാക്കാൻ എനിക്കൊരുതുള്ളി കണ്ണീരുപോലുമില്ല' എന്ന് പി. ഗോവിന്ദപ്പിള്ള എഴുതിയത്. എന്നിരുന്നാൽ തന്നെയും ഇവ്വിധമുള്ള ഇന്ത്യയെപ്പോലൊരു ആത്മസുഹൃത്ത് റഷ്യക്കപ്പുറത്തുള്ള സോവിയറ്റ് ലോകത്തെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിവരും.

ജെ.എൻ.യു, ന്യൂഡൽഹിയിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ ഗവേഷകനായ് പഠനം ആരംഭിച്ചതുമുതലാണ് സോവിയറ്റ് നാടുകളിൽ റഷ്യക്കുപുറത്ത് ഇന്ത്യ തീരെ ശ്രദ്ധിക്കാതെവിട്ട രാജ്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ താൽപര്യം ജനിക്കുന്നത്. അവിടെ ഏറ്റവുമേറെ ആകർഷിച്ചത് കിഴക്കൻ യൂറോപ്പിന്റെ ബാൾട്ടിക് സമുദ്രതീരം അലങ്കരിക്കുന്ന ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ മനോഹരങ്ങളായ മൂന്ന് രാജ്യങ്ങളാണ്. സെന്റർ ഫോർ റഷ്യൻ ആന്റ് സെൻട്രൽ ഏഷ്യൻ സ്റ്റഡീസിൽ ഡോ. കെ. ബി. ഉഷ വിഭാവനം ചെയ്ത "പൊളിറ്റിക്‌സ് ആന്റ് സൊസൈറ്റി ഇൻ ബാൾട്ടിക് സ്റ്റേറ്റ്‌സ്' എന്ന റിസർച്ച് കോഴ്‌സ് വർക്കിനായിരുന്നു അതിന്റെ ക്രഡിറ്റ് മുഴുവൻ. അതേതുടർന്നാണ് ലിത്വാനിയയിൽ ഒരു സെമസ്റ്റർ ഗവേഷണ പഠനത്തിനായുള്ള യൂറോപ്യൻ യൂണിയന്റെ സമ്മോഹനമായൊരു ഇറാസ്മസ് പ്ലസ് സ്‌ക്കോളർഷിപ്പ് ലഭിക്കുന്നത്.

മഞ്ഞുപുതഞ്ഞ വഴിയിലൂടെയുള്ള നടത്തം

സോവിയറ്റ് നാടിനെക്കുറിച്ചും അവരുടെ തകർച്ചയെക്കുറിച്ചുമെല്ലാം ഇന്ത്യൻ അക്കാദമിക - രാഷ്ട്രീയ പഠനങ്ങൾ ശ്രദ്ധചെലുത്തിയിരുന്നെങ്കിലും റഷ്യക്കപ്പുറത്തേക്കുളെളാരു ലോകത്തേക്ക് കാര്യമായി നോട്ടം ചെന്നില്ല എന്നുതന്നെ വേണം പറയാൻ. ബാൾട്ടിക് രാജ്യങ്ങളെക്കുറിച്ച് നമ്മുടെ അക്കാദമിക മേഖലയിൽ ഇതുവരെ ആകെ മൂന്ന് പുസ്തകങ്ങളേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നത് അത്ഭുതമായ് തോന്നാം. 1968 ൽ സുനീതി കുമാർ ചാറ്റർജിയുടെ ഇന്തോ - യൂറോപ്യൻ ഭാഷാ സാദൃശ്യ പഠനങ്ങളെക്കുറിച്ചുള്ള പുസ്തകം "Balts and Aryans in their Indo-European Background' ആണ് ആദ്യത്തേത്. സുനെയ്‌ന ശർമ എഴുതിയ രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ബാൾട്ടിക് ദേശീയതയെക്കുറിച്ചുള്ള പുസ്തകം "Baltic Nationalism Post World War II Analysis' 2000 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് വരുന്നത് 2018 ൽ ഡോ. കെ. ബി. ഉഷ എഡിറ്റ് ചെയ്ത "Nation Building in Baltic States' എന്ന സമഗ്രമായ പുസ്തകമാണ്.

പാട്ടുകളുടെ വിപ്ലവം

ഇരുപതാം നൂറ്റാണ്ടുവരെയുള്ള ചരിത്രത്തിൽ ഡെൻമാർക്ക്, സ്വീഡൻ, പോളണ്ട്, റഷ്യ, ജർമനി തുടങ്ങിയ അയൽ രാജ്യങ്ങൾ കൈയ്യേറി ഭരിച്ച കദനകഥയാണ് ബാൾട്ടിക്കുകൾക്ക് പറയാനുള്ളത്. ഇവരെല്ലാം ഇന്നും തങ്ങളുടെ അയൽക്കാരായി തുടരുന്നു എന്നത് വിട്ടുമാറാത്ത കയ്പേറിയ ചരിത്രത്തിന്റെ ആകുലതകളിലും വിഹ്വലതകളിലും തുടരുവാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. സാറിസ്റ്റ് സാമ്രാജ്യത്തിന്റെ കോളനിയായിരുന്നശേഷം ബോൾഷെവിക് വിപ്ലവത്തോടെ ലെനിൻ ബാൾട്ടിക്കുകളെ സ്വതന്ത്രരാക്കി. ഈ സ്വാതന്ത്ര്യം രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള ചെറിയ ഇടവേളയിലെ (Inter-War Period, 1918-1939) പ്രസിഡൻഷ്യൽ ഭരണത്തിൽ ഒതുങ്ങി നിന്നു. ഹിറ്റ്‌ലർ പടയോട്ടം തുടങ്ങിയതോടെ ഇന്നാടുകൾ നാസി കടന്നുകയറ്റത്തിന് വിധേയമായി. ബാൾട്ടിക് വലതുപക്ഷ ദേശീയത ഫാസിസ്റ്റ് പ്രത്യേയശാസ്ത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വലിയ ജനസംഖ്യയുണ്ടായിരുന്ന ജൂതസമൂഹം ഈയാംപാറ്റകളെയെന്നപോലെ തെരുവിൽ ശവക്കൂമ്പാരങ്ങളാവുകയും പ്രാണരക്ഷാർത്ഥം ഓടിപ്പോകുകയുമുണ്ടായി. തുടർന്ന് സ്റ്റാലിന്റ ചെമ്പട നാസികളെ തുരത്തിയതോടെ ബാൾട്ടിക്കുകൾ സോവിയറ്റ് യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ടു. അന്ന് സോവിയറ്റ് യൂണിയൻ ജനങ്ങളുടെ സ്വീകാര്യരായ രക്ഷകരായി. എന്നാൽ തുടർന്ന് സംഭവിച്ച സ്വതന്ത്രമായ തെരഞ്ഞെടുപ്പുകളുടെ നിഷേധവും സ്വന്തം നാട്ടിലെ മറ്റൊരു ഭാഷാ-സാംസ്‌ക്കാരിക മേധാവിത്വവും സൃഷ്ടിച്ച പ്രതിക്ഷേധങ്ങൾ സോവിയറ്റ് യൂണിയനോടും സ്റ്റാലിനിസ്റ്റ് ഭരണസംവിധാനങ്ങളോടും സർവ്വോപരി കമ്മ്യൂണിസത്തോടുമുള്ള വിപ്രതിപത്തിയായി. റഷ്യയിലേതുപോലെ ജൈവികമായി ഉയർന്നുവന്ന വലിയ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളോ ആഴത്തിൽ വേരോടിയ ശക്തമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളോ ഇന്നാട്ടിൽ ഉണ്ടായിരുന്നില്ല. പരുഷമായ സ്റ്റാലിനിസ്റ്റ് ഭരണസംവിധാനങ്ങളോട് ഇടഞ്ഞവർ നിരനിരയായ് സൈബീരിയൻ ലേബർ ക്യാമ്പുകളിലേക്കെത്തപ്പെട്ടു.

തദ്ദേശീയരുടെ സ്വാതന്ത്ര്യവാഞ്ച ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്ക - ഗ്ലാസ്നോസ്റ്റ് പരിഷ്‌ക്കാരങ്ങളിലൂടെ അനുവദിക്കപ്പെട്ട ചെറിയ സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്തി ഉയർന്നുവന്നു. 1980 കളുടെ അവസാനപാദം സമാധാനപരമായ സമരങ്ങൾകൊണ്ട് ശ്രദ്ധേയമായി. സ്വന്തം സ്വത്വം ഉദ്‌ഘോഷിക്കുന്ന നാടൻപാട്ടുകളും പ്രതിഷേധ ഗാനങ്ങളുമായി അവരുടെ സമരായുധവും മുദ്രാവാക്യങ്ങളും. അതിനാൽ പാട്ടുകളുടെ വിപ്ലവം (Singing Revolution) എന്ന് പേരിട്ട് വിളിച്ച സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടത് ഗാന്ധിയൻ ആശയങ്ങളും സമാധാന മാർഗങ്ങളുമായിരുന്നു. ഇന്ത്യൻ സ്വതന്ത്ര സമരം മാതൃകയാകണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. ഗാന്ധിയുടെ സന്ദേശങ്ങൾ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു. നാഷണൽ ടെലിവിഷനിൽ റിച്ചാർഡ് അറ്റൻബറോവിന്റെ "ഗാന്ധി' എന്ന സിനിമ തുടർച്ചയായ് പ്രദർശിപ്പിക്കപ്പെട്ടു. ലിത്വാനിയൻ ഗാന്ധി എന്ന് വിളിക്കപ്പെട്ട ഗാന്ധിയൻ ആശയപ്രചാരകനായിരുന്ന പ്രഷ്യൻ-ലിത്വാനിയൻ ചിന്തകൻ വിൽഹം വിധുനാസ് പോലെയുള്ള സമാധാന പ്രേമികൾ സമരത്തിൽ മാതൃകകളായി. സമരത്തിന്റെ ഒരു ഘട്ടത്തിൽ തദ്ദേശീയ ഭരണകൂടം തന്നെ സമരത്തിനനുകൂലമായി. യു.എസ്.എസ്.ആറിന്റെ പിരിച്ചുവിടലോടെ ഭരണത്തിലിരുന്ന തദ്ദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടി ക്ഷണത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി രൂപാന്തരം പ്രാപിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സമരനേതാക്കളെ മറികടന്ന് കൂടുതൽ വോട്ട് നേടി അവർ തന്നെ വീണ്ടും അധികാരത്തിലേക്കെത്തുകയും ചെയ്തു.

ലിത്വാനിയൻ ഗാന്ധിയെന്ന് വിളിക്കപ്പെടുന്ന ചിന്തകൻ വിൽഹം വിധുനാസിന്റെ പ്രതിമയ്ക്കു സമീപം അമൽ പുല്ലാർക്കാട്ട്.

റഷ്യൻ വിപ്ലവകാലത്ത് ലെനിൻ ഉദ്‌ബോധിപ്പിച്ച സ്വയംനിർണ്ണയ ദേശീയതാ സിദ്ധാന്തവും (Self-Determination), റോസാ ലക്‌സംബർഗുമായ് രണ്ടാം ഇന്റർനാഷണലിൽ തുടർന്നുപോന്ന ദേശീയതാ സംവാദങ്ങളിലെ (Debate on National Self-Determination) ചടുലമായ മേൽകൈയും, ആദ്യം അകലം പാലിച്ച ചെച്ച്‌നിയയിലെ മുസ്‌ലിം സമൂഹത്തെ വിപ്ലവത്തിന്റെ പക്ഷത്താക്കി അണിനിരത്തിയ മെയ് വഴക്കവുമൊന്നും സ്റ്റാലിനിസ്റ്റ് കാലത്തെ ബാൾട്ടിക് ദേശീയതാ പ്രശ്‌നത്തിൽ പ്രതിഫലിച്ചില്ല. നിരന്തരം ഒരു നിശബ്ദ പ്രതിപക്ഷമായ് ഉയർന്നു വന്ന ബാൾട്ടിക് ദേശീയത ഒടുവിൽ സോവിയറ്റ് ചിതറലിന്റെ ആദ്യത്തെ കഷ്ണമായ് മാറുകയായിരുന്നു. സോവിയറ്റ് യൂണിയനകത്ത് ഉടലെടുത്ത ജനാധിപത്യ പ്രതിസന്ധിയുടെ ശിഷ്ടകാലത്തെ പ്രായോജകർ മുതലാളിത്ത ലോകവും അവരെ പിന്തുടർന്നു വന്ന തീവ്രവലതുപക്ഷവുമായി. ബാൾട്ടിക്കുകളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ സമരത്തിൽ ഉയർന്നുവന്ന മിതവാദ ദേശീയ കാഴ്ച്പ്പാട് ഏറെ നീണ്ടുനിന്നില്ല. സോവിയറ്റ് ഭരണകൂട നിലപാടുകളോട് ഉടലെടുത്ത വിപ്രതിപത്തി ഓരോ സോഷ്യലിസ്റ്റ് കാഴ്ച്പ്പാടിനോടുമുള്ള അസഹിഷ്ണുതയായ് ആളിക്കത്താൻ മുതലാളിത്തചേരി എണ്ണ പകർന്നു. തെരുവുകളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വിളിച്ചുപറഞ്ഞിരുന്ന കലാനിർമ്മിതികളെല്ലാം തകർന്നുവീണു. തുടർന്ന് അത് വംശീയക്കൊഴുപ്പിന്റേയും വെറുപ്പിന്റെ വിഴുപ്പലക്കലിന്റേയും ഘോഷങ്ങളിലേക്ക് നീങ്ങി. ഇത് ഭാഷാ സാംസ്‌ക്കാരിക മേഖലയിലെ മറ്റൊരു മേൽക്കോയ്മയുടെ നിർമ്മിതിയിലേക്കും തുടർന്ന് സ്വത്വകേന്ദ്രീകൃതമായ അധീശത്വത്തിലേക്കും കൊണ്ടുചെന്നെത്തിച്ചു. പോളിഷ്, റഷ്യൻ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവുകളിലടക്കം ബോർഡുകളും നിർദേശങ്ങളും ഔദ്യോഗിക വിളംബരങ്ങളുമെല്ലാം ഭൂരിപക്ഷത്തിന്റെ ഭാഷയിൽ മാത്രമായി. ഞങ്ങളുടെ ഭാഷകൂടി പരിഗണിക്കണം എന്ന അവരുടെ ആവശ്യം നിഷ്‌കരുണം തള്ളി. അത് പരസ്പര തിരസ്‌ക്കരണത്തിന് ആക്കം കൂട്ടി. റഷ്യൻ, പോളിഷ് ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെ ഭാഷയോ സംസ്‌ക്കാരികരീതികളോ ഒരിക്കലും പഠിക്കില്ല എന്ന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയി. ലിത്വാനിയയുടെ തലസ്ഥാനമായ വിൽനസിലടക്കം ലിത്വാനിയൻ ഭാഷയറിയാത്ത റഷ്യൻ നഗര നിവാസികളെ കാണാം. സോവിയറ്റ് യൂണിയനെ ബാൾട്ടിക്കുകൾ ഏത് അർത്ഥത്തിൽ വിമർശിച്ചോ അതേ നാണയത്തിലേക്ക് തന്നെ അവർ മടങ്ങുന്ന കാഴ്ച് കാണാറായി.

മുൻപേ തന്നെ ബാൾട്ടിക് സമൂഹത്തിൽ വേരുകളുണ്ടായിരുന്ന നാസിസത്തെ സ്വീകരിക്കുകയും സോഷ്യലിസത്തെ എതിർക്കുകയും ചെയ്യുന്ന ആശയനിലപാടുകൾ ഔദ്യോഗിക നാഷണലിസത്തിന്റെ ഉപോൽപ്പന്നങ്ങളായി മുഖ്യധാരയിലേക്ക് കടന്നുവന്നു. കുടിയേറ്റ വിരുദ്ധതയും, റൂസോഫോബിയയും (റഷ്യൻ പേടി), ഇസ്‌ലാമോഫോബിയയുമെല്ലാം അവരുടെ നിലപാടുകളായി മാറി.

തീവ്ര വലതുപക്ഷ ജൽപ്പനത്തിന്റെ ഡ്രമ്മുകൾ ബാൾട്ടിക് ഔദ്യോഗിക ദേശീയതയുടെ വഴികളിൽ മുഴങ്ങിക്കൊണ്ടിരുന്നു. മൺമറഞ്ഞ ഫ്യൂഡൽ ചക്രവർത്തിമാർ ഹീറോകളായി തിരിച്ചെത്തി. പതിനാലാം നൂറ്റാണ്ടിന്റെ ഗ്രാന്റ് ഡ്യൂക്ക് വീറ്റോറ്റസ് (1350-1430) പുത്തൻ ദേശീയതയുടെ ചിഹ്നമായി കൊണ്ടാടപ്പെട്ടു. യൂണിവേഴ്‌സിറ്റികൾക്കുവരെ ചക്രവർത്തിയുടെ നാമകരണമുണ്ടായി. റഷ്യക്കും സ്വീഡനും നേരേ പതിനാലാം നൂറ്റാണ്ടുകാലത്തുണ്ടായ ആക്രമണങ്ങളും ക്രൂരതകളുമെല്ലാം ദേശീയതയുടെ ഭൂതകാലക്കുളിരായി. ഏഷ്യക്കാരായ സോവിയറ്റ് യൂണിയന് ഞങ്ങളെ ഭരിക്കാനുള്ള മേൻമയൊന്നും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ഒരു പ്രൊഫസറെക്കുറിച്ച് ഓർക്കുന്നു.

വിൽനസ് എയർപോർട്ടിൽ നിന്ന് മെട്രോ സ്‌റ്റേഷനിലേക്കുള്ള വഴിയിലെ കാഴ്ച

​"Back to Europe' എന്നത് ഒരു തിണ്ണമിടുക്കുള്ള മുദ്രാവാക്യമായി. ആര്യൻ വംശീയ മേധാവിത്വത്തിന്റെ സ്വപ്നാടനക്കാർക്ക് ഇന്ത്യൻ ഹിന്ദുത്വ വർഗീയത ആശയപരമായി പ്രിയപ്പെട്ടതായി. റഷ്യൻ ജനതയോടാകമാനം ഭയത്തിൽ കുതിർന്ന വെറുപ്പും ശത്രുതാ മനോഭാവവും നിർമ്മിക്കപ്പെട്ടു. അതിർത്തി പങ്കിടുന്ന റഷ്യ എന്ന രാജ്യത്തെ പുറത്തുള്ള ശത്രുവായും നൂറ്റാണ്ടുകളുടെ കുടിയേറ്റങ്ങളുടെ ഫലമായ് രാജ്യത്തിനകത്ത് അധിവസിക്കുന്ന റഷ്യൻ സാംസ്‌കാരിക ന്യൂനപക്ഷങ്ങളെ അകത്തുള്ള ശത്രുക്കളായും ഔദ്യോഗിക ദേശീയത കണക്കാക്കി. റഷ്യൻ, പോളിഷ് ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വരെ നിക്ഷേധിക്കപ്പെട്ടു. പഴയ ഓർത്തഡോക്‌സ് ക്രിസ്ത്യൻ ദേവാലയങ്ങളെല്ലാം കാത്തലിക്ക് പള്ളികളായി കൈയ്യേറി. പുതിയ ഭാഷാ സാംസ്‌ക്കാരിക നിയമങ്ങൾ പകപോക്കലിന്റെ ഭാഷയിലുള്ളതായി. കമ്മ്യൂണിസ്റ്റ് ആശയങ്ങളും സിമ്പലുകളും നിയമപരമായി നിരോധിക്കപ്പെടുകയും അവയുടെ പ്രചാരണം കുറ്റകരമായ് മാറുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധവിജയത്തിന്റെ സ്മാരകങ്ങളും സൈനികരുടെ കല്ലറകളും നീക്കം ചെയ്യപ്പെട്ടു. എസ്റ്റോണിയയിലും മറ്റും അതിനെതിരേ ശക്തമായ സമരം നയിച്ചത് റഷ്യൻ ന്യൂനപക്ഷമായിരുന്നു. തുടർന്ന് ടള്ളിൻ നഗരത്തിലും മറ്റും അവ പുനസ്ഥാപിക്കപ്പെട്ടു. ക്രിമിയൻ പ്രതിസന്ധിയെ തുടർന്ന് റഷ്യൻ പേടി (റൂസോഫോബിയ) വളർന്നു വലുതായി. രാജ്യത്തിനകത്തും അതിർത്തികളിലും സമുദ്രസീമയിലും കൂടുതൽ നാറ്റോ മിലിറ്ററി ബേസുകൾ നിർമ്മിക്കപ്പെട്ടു. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ അനുഭവങ്ങളിൽ പൈശാചികതയുടെ പര്യായമായി മാറിയ നാറ്റോയെ സ്വാതന്ത്ര്യത്തിന്റേയും ജനതയുടേയും രക്ഷകരെന്ന് ബാൾട്ടിക് ഔദ്യോഗിക ദേശീയത വാഴ്ത്തിപ്പാടി. ബാൾട്ടിക് പ്രദേശങ്ങളുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം മുതലാളിത്ത-വലതുപക്ഷ ചേരി ആശയപരമായും, സാമ്പത്തികമായും, യുദ്ധവിപണീ കേന്ദ്രീകൃതമായും പ്രയോജനപ്പെടുത്തി. എന്നാൽ ഭംഗ്യന്തരേണ അവരെ സാംസ്‌ക്കാരികമായി താഴ്ന്നവരായി കണക്കാക്കി. മെച്ചപ്പെട്ട ജീവിതം തേടിയുള്ള അവരുടെ പടിഞ്ഞാറൻ കുടിയേറ്റങ്ങളെ അസഹിഷ്ണുതയോടെ കണ്ടു. ബ്രക്‌സിറ്റിലൂടെ ഉയർന്നു വരുന്ന കുടിയേറ്റ വിരുദ്ധതയെ വളരെയധികം പ്രവാസികളുള്ള ബാൾട്ടിക്കുകൾ പേടിയോടെ നോക്കികണ്ടു. മുൻപേതന്നെ ബാൾട്ടിക് സമൂഹത്തിൽ വേരുകളുണ്ടായിരുന്ന നാസിസത്തിന്റെ സ്വീകാര്യതക്കും സോഷ്യലിസത്തിന്റെ തിരസ്‌ക്കരണത്തിനും ഉതകുന്ന ആശയനിലപാടുകൾ ഔദ്യോഗിക നാഷണലിസത്തിന്റെ ഉപോൽപ്പന്നങ്ങളായി മുഖ്യധാരയിലേക്ക് കടന്നുവന്നു. കുടിയേറ്റ വിരുദ്ധതയും, റൂസോഫോബിയയും (റഷ്യൻ പേടി), ഇസ്‌ലാമോഫോബിയയുമെല്ലാം അവരുടെ നിലപാടുകളായി മാറി.

‘ഷോക്ക് തെറാപ്പി റിഫോംസ്'

സോവിയറ്റ് യൂണിയന്റെ ഔദ്യോഗികമായ തകർച്ചക്കുമുമ്പേ മുതലാളിത്തമാണ് തങ്ങളുടെ വികസനപാത എന്ന് ഈ രാജ്യങ്ങൾ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. ലിത്വാനിയ എന്ന കൊച്ചുരാജ്യമാണ് ആദ്യമായി സോവിയറ്റ് യൂണിയനിൽ നിന്ന് തങ്ങളുടെ അതിർത്തികൾ സ്വതന്ത്രമായി (18 മെയ് 1989) എന്നും തങ്ങളൊരു പരമാധികാര രാഷ്ട്രം രൂപീകരിക്കുന്നു (11 മാർച്ച് 1990) എന്നും പ്രഖ്യാപിച്ചത്. തുടരെ അടുത്ത ബാൾട്ടിക് രാജ്യങ്ങളും തങ്ങളുടെ സ്വതന്ത്ര പരമാധികാരം പ്രഖ്യാപിച്ചു. 1991 ഡിസംബറിൽ സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക തകർച്ചയോടെ ബാൾട്ടിക്ക് സ്വാതന്ത്ര്യം അന്തിമമായി കൊണ്ടാടപ്പെട്ടു. പടിഞ്ഞാറൻ മുതലാളിത്ത രാഷ്ട്രങ്ങളുടേയും പോപ്പിന്റെയും ആശിർവാദത്തോടെ പുത്തൻ ദേശ-രാഷ്ട്ര നിർമാണം ആരംഭിച്ചു. "ഷോക്ക് തെറാപ്പി റീഫോംസ്' എന്ന പേരിൽ കേന്ദ്രീകരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥ സ്വകാര്യവൽക്കരിക്കപ്പെട്ടു. സബ്‌സിഡികളിൽ നിന്ന് ഭരണകൂടങ്ങൾ പിൻമാറി. ഇത് തദ്ദേശീയരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. എത്രയും വേഗം യൂറോപ്യൻ യൂണിയനിലും നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിലും (NATO) അംഗങ്ങളാവാനും ഈ രാജ്യങ്ങൾ മടിച്ചില്ല. വേൾഡ് ബാങ്ക്, ഐ.എം.എഫ്, ഡബ്ല്യു.ടി.ഒ എന്നിവരെല്ലാം ഇവരുടെ ചങ്ങാതിമാരായി. ഇവിടെ ഉയർന്നുവന്ന പുത്തൻ ദേശീയതാനിർമാണവും ഭാഷാ സാംസ്‌കാരിക മേധാവിത്വവും പുതിയ ചിഹ്നങ്ങളും ദേശീയ ബൂർഷ്വാസിയുടെ ഉയർന്നുവരവുമെല്ലാം കൃത്യമായ അപരവൽക്കരണത്തിനും സാമ്പത്തിക അസമത്വങ്ങൾക്കും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങൾക്കും തുടർന്നുള്ള സങ്കീർണമായ അശാന്തതകൾക്കും വഴിവച്ചു. ഇത് ഇന്നാടുകളിലെ പാവപ്പെട്ടവർക്കിടയിൽ ഒരു സോവിയറ്റ് ഗൃഹാതുരത്വം വളർത്തി. അക്കാലത്ത് ഭക്ഷണം, വസ്ത്രം, പാർപ്പിടം, മരുന്ന് എന്നീ അവശ്യവസ്തുക്കൾ ഏവർക്കും ലഭ്യമായിരുന്നു എന്നതും ഇന്ന് അതില്ലാതാകുന്നു എന്നതുമാണ് കാരണം. ഇതിനെ അത്യന്തം അസഹിഷ്ണുതയോടെ ഔദ്യോഗിക ദേശീയത നോക്കികാണുന്നു.

വിൽനസ് എയർപ്പോർട്ടിനു പുറത്ത് യാത്രികരെ പ്രതീക്ഷിച്ചു നിൽക്കുന്ന ടാക്‌സികൾ

ഈ സംഭവവികാസങ്ങൾ കൊണ്ടെല്ലാം ഏറെ ശ്രദ്ധേയമായ ലിത്വാനിയയുടെ തലസ്ഥാന നഗരമായ വിൽനസിലേക്ക് 2019 ജനുവരി 27 ന് വന്നിറങ്ങുമ്പോൾ നാടാകെ മഞ്ഞുമൂടി കിടക്കുകയാണ്- ടെംപറേച്ചർ മൈനസ് ഒൻപത് ഡിഗ്രി. കൗണസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ കൂട്ടുകാരൻ മലയാളിയായ വിഷ്ണു കൃത്യമായി എയർപോർട്ടിൽ എത്തിയിരുന്നു. ബാൾട്ട് ആപ്പിലൂടെ ഒരു ടാക്‌സി പിടിച്ച് നേരെ വിൽനസ് മെട്രോ സ്റ്റേഷനിലേക്ക്. വഴിയിലൂടെ ഉഷാറായി ബസ്സും ടാക്‌സി കാറുകളുമോടിക്കുന്ന സ്ത്രീജനങ്ങൾ. ഹിമകണങ്ങൾ പാറിപ്പറന്നുകൊണ്ടിരുന്ന മനോഹരമായ നഗരലാവണ്യം. കരിങ്കൽ പാളികൾ പാകിയ വീഥികളും കമനീയ സൗധങ്ങളുമുള്ള യൂറോപ്യൻ പഴമയുടെ ചേതോഹരമായ ഓൾഡ് ടൗൺ. രോമക്കുപ്പായങ്ങളണിഞ്ഞ് ആവിപറക്കുന്ന സംസാരങ്ങളുമായ് നടന്നു നീങ്ങുന്ന ആബാലവൃദ്ധം ജനങ്ങൾ. ടൗണിൽ തിരക്ക് തീരെക്കുറവ്. എങ്ങും മഞ്ഞുകൂമ്പാരങ്ങൾ. ഏറെ കട്ടിയുള്ള ബൂട്ട്‌സ് ധരിച്ചിരുന്നെങ്കിലും കനത്ത മഞ്ഞിലൂടെ നടക്കുമ്പോൾ തെന്നി വീഴുമോയെന്ന പ്രതീതി ഉണ്ടായിക്കൊണ്ടിരുന്നു. കൂളായ് നടന്നു പോകുമ്പോൾ പെട്ടെന്ന് തെന്നിവീഴാൻ പോകുന്ന പലരേയും ചുറ്റിലും കണ്ടു. നല്ല കനമുള്ള എന്റെ ബാഗുകൾ ചുമക്കാൻ പാവം വിഷ്ണുവും അൽപം ബുദ്ധിമുട്ടി. മെട്രോ സ്റ്റേഷനിൽ നിന്ന് രണ്ട് യൂറോ വീതം നൽകി നല്ല ഓരോ ചൂടുകാപ്പി വാങ്ങിക്കുടിച്ചു.

ട്രയിനിൽ നിന്നുള്ള കാഴ്ച

കാപ്പി പകർന്നുതന്ന കൊച്ചുപീടികയുടെ ഉടമയായ വൃദ്ധയുടേയും അടുത്തായ് കാപ്പി കുടിച്ചുകൊണ്ട് നിന്ന വൃദ്ധന്റെയും കുശലാന്വേഷണങ്ങൾക്ക് ചിരിച്ചുകൊണ്ട് ലിത്വാനിയനിൽ വിഷ്ണു ചറപറ മറുപടി പറയുന്നു. തിരികെ നടക്കുന്നതിനിടയിൽ എന്തായിരുന്നു സംസാരം എന്ന എന്റെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞു. കാപ്പി തണുപ്പകറ്റാൻ നല്ലതാണെന്നും എന്നാൽ കുറച്ചുകൂടി നല്ലത് വോഡ്ക്കയാണെന്നും പക്ഷേ അത് ഒരിക്കലും അധികമായിപ്പോകരുതെന്നുമായിരുന്നത്രേ ആ വയോധികൻ പറഞ്ഞത്. നേരേ പ്ലാറ്റ്‌ഫോമിലേക്ക് നടന്നുചെന്ന് കൗണസ് നഗരത്തിലേക്ക് പോകുന്ന സുന്ദരമായൊരു ട്രെയിനിലേക്ക് കയറി. ചുറ്റിലും മഞ്ഞ് മൂടിക്കിടക്കുന്ന നഗര-ഗ്രാമ-വന മേഖലകളിലൂടെ അതിമനോഹരമായൊരു ട്രെയിൻ യാത്രയിലേക്ക് ഞങ്ങൾ പ്രവേശിച്ചു ▮(തുടരും)

Comments