കസാൻ മുതൽ ടിയാൻജിൻ വരെ, വീണ്ടും ഇന്ത്യ - ചൈന ഭായ് ഭായ് നയതന്ത്രം

“ഷാങ്ഹായ് കോർപറേഷൻ ഓർഗ്ഗനൈസേഷൻ (SCO) ഉച്ചകോടി ചൈനയിലെ ടിയാൻജിനിൽ സമാപിക്കുമ്പോൾ ഇന്ത്യ നയതന്ത്ര രംഗത്ത് അതീവ പ്രാധാന്യമുള്ള ഒരു ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. ആറു വർഷം മുൻപ് ഗാൽവാൻ താഴ്‌വാരയിലെ രക്തച്ചൊരിച്ചിലൂടെ തകർന്ന ഇന്ത്യ - ചൈന ബന്ധം അനിതര സാധാരണമാം വിധം പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്,”അരുൺ ദ്രാവിഡ് എഴുതുന്നു.

ന്ത്യൻ നയതന്ത്രം ഒരേ സമയം മോസ്‌കോയ്ക്കും ബെയ്ജിംഗിനും ഹസ്തദാനം നൽകിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി SCO-ക്ക് നൽകിയ നിർവചനം ജിയോ പൊളിറ്റിക്കൽ വിദഗ്ദർക്ക് ഇടയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. Security, Connectivity, Opportunity എന്നീ മൂന്ന് വാക്കുകൾ കൊണ്ടാണ് അദ്ദേഹം SCO-നെ നിർവചിച്ചത്. അമേരിക്കൻ താരിഫ് യുദ്ധങ്ങൾക്ക് ഇടയിലാണ് SCO ഉച്ചകോടി ചൈനയിൽ നടക്കുന്നത്. യു.എസ് ഇതര സമാന്തര ആഗോള കൂട്ടായ്മകളെയും സഖ്യങ്ങളെയും ഉത്തേജിപ്പിക്കുന്ന വാർത്തകളാണ് ടിയാൻജിനിൽ നിന്നും പുറത്തു വരുന്നത്. ഏറ്റവും പ്രധാനം ഇന്ത്യയും ചൈനയും റഷ്യയും കൂടുതൽ വ്യാപ്തിയിൽ സഹകരിക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതാണ്. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. 2026-ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ബ്രിക്സ് സമ്മേളനത്തിലേക്ക് ചൈനീസ് പ്രസിഡന്റിനെയും ക്ഷണിച്ചിട്ടുണ്ട്. ഇവയെല്ലാം മാറിവരുന്ന സമവാക്യങ്ങളുടെ സൂചകമായി വേണം കാണാൻ.

ഷാങ്ഹായ് കോർപറേഷൻ ഓർഗ്ഗനൈസേഷൻ (SCO) ഉച്ചകോടി ചൈനയിലെ ടിയാൻജിനിൽ സമാപിക്കുമ്പോൾ ഇന്ത്യ നയതന്ത്ര രംഗത്ത് അതീവ പ്രാധാന്യമുള്ള ഒരു ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. ആറു വർഷം മുൻപ് ഗാൽവാൻ താഴ്‌വാരയിലെ രക്തച്ചൊരിച്ചിലൂടെ തകർന്ന ഇന്ത്യ - ചൈന ബന്ധം അനിതര സാധാരണമാം വിധം പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവസാനമായി, പഹൽഗം ഭീകരക്രമണത്തെ SCO ഉച്ചകോടി അപലപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായും ഇന്ത്യൻ നിലപാടിന് ലഭിച്ച സ്വീകാര്യത ആയിട്ടും വേണം മനസിലാക്കാൻ.

ഷാങ്ഹായ് കോർപറേഷൻ ഓർഗ്ഗനൈസേഷൻ (SCO) ഉച്ചകോടി ചൈനയിലെ ടിയാൻജിനിൽ സമാപിക്കുമ്പോൾ ഇന്ത്യ നയതന്ത്ര രംഗത്ത് അതീവ പ്രാധാന്യമുള്ള ഒരു ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്.
ഷാങ്ഹായ് കോർപറേഷൻ ഓർഗ്ഗനൈസേഷൻ (SCO) ഉച്ചകോടി ചൈനയിലെ ടിയാൻജിനിൽ സമാപിക്കുമ്പോൾ ഇന്ത്യ നയതന്ത്ര രംഗത്ത് അതീവ പ്രാധാന്യമുള്ള ഒരു ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്.

ഒക്ടോബർ 22 മുതൽ 24 വരെ റഷ്യയിലെ കസാനിൽ വെച്ച് നടന്ന പതിനാറാം ബ്രിക്സ് (BRICS) ഉച്ചകോടിയിൽ ലോകരാഷ്ട്രങ്ങൾ ഏറെ ഉറ്റുനോക്കിയ, വളരെ പ്രതീക്ഷ നൽകുന്ന ഒരു സന്ദർഭത്തിന് ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. അഞ്ചു വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും ഉഭയകക്ഷി ചർച്ച നടത്തിയതാണ് ആ സന്ദർഭം. 2019-ൽ ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും മഹാബലിപുരത്ത് വെച്ചു നടത്തിയ ചർച്ചകൾക്ക് ശേഷം നടന്ന ക്രിയാത്മക ചർച്ചയായിരുന്നു കസാനിൽ നടന്നത്. 2022-ൽ G20 ഉച്ചകോടിയുടെ ഭാഗമായി ബാലിയിലും പിന്നീട് ജോഹനസ്ബർഗിലും നടത്തിയ കൂടിക്കാഴ്ചകൾ കാര്യമായ ഫലം കണ്ടിരുന്നില്ല. എന്നാൽ കസാനിൽ ഉണ്ടായ നയതന്ത്ര വിജയമാണ് ഇപ്പോൾ ടിയാൻജിനിൽ ആവർത്തിച്ചിരിക്കുന്നത്. ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് ഇടയിൽ ഇന്ത്യയും റഷ്യയും ചൈനയും ഒന്നിച്ച് വേദി പങ്കിടുന്നതും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും പശ്ചാത്യലോകത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ അമേരിക്കൻ വിദേശനയത്തിന്റെ പിഴവ് ബദ്ധവൈര്യം മറന്നു ചേർന്ന് നിൽക്കാൻ ഇന്ത്യയെയും ചൈനയെയും പ്രേരിപ്പിച്ചിരിക്കുകയാണ്.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇരട്ടി താരിഫ് 50% ആക്കി മാറ്റിയതിനെ തുടർന്ന് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം വഷളായതാണ് ഏറ്റവും പെട്ടന്നുള്ള കാരണം. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25% അധിക തീരുവ ഉൾപ്പെടെ യു.എസ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇന്ത്യൻ നയതന്ത്ര വിദഗ്ദരെ തിരിച്ചു ചിന്തിപ്പിക്കുകയും ബദൽ സമീപനങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു. അതേസമയം, ഇൻഡോ-യു.എസ് വിയോജിപ്പിനെ സ്വാഗതം ചെയ്യാൻ ബീജിംഗിന് എല്ലാ കാരണവുമുണ്ട്. ന്യൂഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്രബന്ധത്തിൻെറ തകർച്ച ബീജിംഗിന് അനുകൂലമായി പ്രവർത്തിക്കുമെന്ന് അവർ മനസ്സിലാക്കുന്നു.

ജാഗ്രതയോടെ പുത്തൻ നയതന്ത്രം

കസാനിൽ (ഒക്ടോബർ 2024) നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങും നരേന്ദ്ര മോദിയും കണ്ടുമുട്ടിയതുമുതൽ, ഇരുപക്ഷവും ആത്മവിശ്വാസം വളർത്തുന്ന നടപടികൾ സ്വീകരിച്ചിരുന്നു. വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കുക, നേരിട്ടുള്ള വിമാനങ്ങൾ പുനരാരംഭി ക്കുന്നത് ചർച്ച ചെയ്യുക, മതപരമായ തീർത്ഥാടനങ്ങൾ വീണ്ടും ആരംഭിക്കുക, ടിബറ്റിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ തീർഥാടകർക്ക് ചൈന അനുമതി നൽകുക തുടങ്ങിയ നടപടികൾ ഇതിനോടകം സ്വീകരിച്ചിരുന്നു.

കസാനിൽ (ഒക്ടോബർ 2024) നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങും നരേന്ദ്ര മോദിയും കണ്ടുമുട്ടിയതുമുതൽ, ഇരുപക്ഷവും ആത്മവിശ്വാസം വളർത്തുന്ന നടപടികൾ സ്വീകരിച്ചിരുന്നു.
കസാനിൽ (ഒക്ടോബർ 2024) നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങും നരേന്ദ്ര മോദിയും കണ്ടുമുട്ടിയതുമുതൽ, ഇരുപക്ഷവും ആത്മവിശ്വാസം വളർത്തുന്ന നടപടികൾ സ്വീകരിച്ചിരുന്നു.

അഞ്ച് വർഷത്തെ മരവിപ്പിക്കലിന് ശേഷം ഇക്കഴിഞ്ഞ ജൂലൈ 24-നാണ് ഇന്ത്യ ചൈനക്കാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിച്ചത്. സമാനമായി ടിബറ്റിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ തീർഥാടകർക്ക് ചൈന ജൂണിൽ അനുമതി നൽകുകയുണ്ടായി. ഇങ്ങനെ ക്രമാനുഗതമായ നടപടികളിലൂടെ ബന്ധം പുനസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതാണ് ഇപ്പോൾ വിജയകരമായ പരിസമാപ്തിക്ക് കാരണമായിരിക്കുന്നത്.

ഉഭയക്ഷി വ്യാപാരം

ഡൽഹിയും ബീജിംഗും തമ്മിലുള്ള എല്ലാ രാഷ്ട്രീയ ചർച്ചകളിലും വ്യാപാരം ഒരു സുപ്രധാന വിഷയമായിരുന്നു. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ചൈനയുമായുള്ള 99.2 ബില്യൺ ഡോളറിന്റെ റെക്കോർഡ് വ്യാപാര കമ്മിയോടെയാണ് ഇന്ത്യ 2024-25 സാമ്പത്തിക വർഷം അവസാനിപ്പിച്ചത്. മാർച്ചിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 25 ശതമാനത്തിലധികം ഉയർന്ന് 9.7 ബില്യൺ ഡോളറിലെത്തിയപ്പോൾ ഈ വിടവ് കുത്തനെ വർദ്ധിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക് ബാറ്ററികൾ, സോളാർ സെല്ലുകൾ എന്നിവയാണ് ഒഴുക്കിന് നേതൃത്വം നൽകിയത്. മുഴുവൻ വർഷവും ചൈനീസ് ഇറക്കുമതി 113.5 ബില്യൺ ഡോളറായി ഉയർന്നു. എന്നാൽ, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മാർച്ചിൽ 14.5% ഇടിഞ്ഞ് 1.5 ബില്യൺ ഡോളറിലെത്തി, പൂർണ്ണ സാമ്പത്തിക വർഷത്തിൽ 14.3 ബില്യൺ ഡോളറായി കുറഞ്ഞു. ആ സമയത്ത് രൂപ ശക്തമായ നിലയിലായിരുന്നുവെങ്കിലും 2013-14നെ അപേക്ഷിച്ച് കുറഞ്ഞു. യുഎസിൽ ഉയർന്ന താരിഫ് നേരിടുമ്പോൾ ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യ പോലുള്ള വിപണികളിലേക്ക് കയറ്റുമതി റീഡയറക്ട് ചെയ്യുന്നതിനാൽ, നടപ്പ് സാമ്പത്തിക വർഷത്തിൽ ഇറക്കുമതി 20% കൂടി ഉയരാനുള്ള സാധ്യതയുമുണ്ട്. 127.7 ബില്യൺ ഡോളറിന്റെ ടു-വേ വ്യാപാരവുമായി ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണിന്ന് ചൈന. അമേരിക്കയ്ക്ക് തൊട്ടു പിന്നിൽ.

ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് ഇടയിൽ ഇന്ത്യയും റഷ്യയും ചൈനയും ഒന്നിച്ച് വേദി പങ്കിടുന്നതും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും പശ്ചാത്യലോകത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് ഇടയിൽ ഇന്ത്യയും റഷ്യയും ചൈനയും ഒന്നിച്ച് വേദി പങ്കിടുന്നതും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും പശ്ചാത്യലോകത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ചൈനയിൽ നിന്ന് വിലകുറഞ്ഞ വസ്തുക്കൾ കൂടുതലായി ഇറക്കുമതി ചെയ്യാൻ ഒരു സമർപ്പിത മോണിറ്ററിംഗ് യൂണിറ്റ് സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ യു.എസ് താരിഫുകൾ ഒഴിവാക്കാൻ വിദേശ കയറ്റുമതിക്കാരുടെ ചരക്ക് വഴിതിരിച്ചുവിടാൻ സഹായിക്കുന്നതിനെതിരെ ആഭ്യന്തര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ വ്യവസായിക വളർച്ചയിൽ ചൈനീസ് ഇറക്കുമതി വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അവയെ അസ്ഥിരപ്പെടുത്തുന്ന നിലപാട് ഉടനടി ഉണ്ടാവാനിടയില്ല. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ 25% പെനാൽറ്റി ഉൾപ്പെടെ ഇന്ത്യയ്ക്ക് മേൽ യുഎസ് 50% താരിഫ് ചുമത്തിയപ്പോഴും, റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമായ ചൈനക്കെതിരെ ദ്വിതീയ ഉപരോധം ഒഴിവാക്കാനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വിശദീകരണം ഫോക്സ് ബിസിനസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈനയേക്കാൾ കുറവ് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് മേൽ ഇരട്ട താരിഫ് ഏർപ്പെടുത്തിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

യുഎസ് - ചൈന വ്യാപാരത്തിൽ സംഭവിക്കുന്നത്…

വെവ്വേറെ താരിഫുകളിലും കയറ്റുമതി നിയന്ത്രണങ്ങളിലും ഒരു ലിഡ് നിലനിർത്തുന്നതിനായി യുഎസ്-ചൈന വ്യാപാര ഉടമ്പടി നവംബർ 10 വരെ മൂന്ന് മാസത്തേക്ക് നീട്ടുന്നതിനുള്ള ഉത്തരവിൽ ഒപ്പുവച്ചു കൊണ്ട് പ്രസിഡൻ്റ് ട്രംപ് പറഞ്ഞത് ഈ അവസരത്തിൽ ശ്രദ്ധിക്കണം. "അവർ (ചൈന) വളരെ ഭംഗിയായി ഇടപെടുന്നു, പ്രസിഡൻ്റ് ഷിയും ഞാനും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്," അദ്ദേഹം വൈറ്റ് ഹൗസിൽ പറഞ്ഞു. എന്നാൽ ഈ പ്രസ്താവനകൾക്ക് അപ്പുറത്ത് തുലോം തുച്ഛമായ സത്യസന്ധതയാണ് യു.എസിൻെറ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ ഉള്ളത്.

. ജൂലൈ 13-15 തീയതികളിലെ തന്റെ യാത്രയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനീസ് നേതാക്കളോട് പറഞ്ഞതുപോലെ, അതിർത്തിയിലെ ശാന്തതയാണ് തന്ത്രപരമായ വിശ്വാസത്തിന്റെ അടിസ്ഥാനം.
. ജൂലൈ 13-15 തീയതികളിലെ തന്റെ യാത്രയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനീസ് നേതാക്കളോട് പറഞ്ഞതുപോലെ, അതിർത്തിയിലെ ശാന്തതയാണ് തന്ത്രപരമായ വിശ്വാസത്തിന്റെ അടിസ്ഥാനം.

പ്രതിരോധം, ഓട്ടോകൾ, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് നിർണായകമായ ധാതുക്കൾ ആവശ്യമുള്ളപ്പോൾ വാഷിംഗ്ടൺ ബീജിംഗിനെ രോഷാകുലരാക്കില്ലെന്ന് അനുമാനിക്കാം. കൂടാതെ സെൻസിറ്റീവ് ചിപ്പുകൾ ഷിപ്പിംഗ് തുടരാൻ എൻവിഡിയയെയും മറ്റുള്ളവരെയും അനുവദിച്ചു. നിലവിലെ സജ്ജീകരണത്തിന് കീഴിൽ, യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈനയിൽ 10% താരിഫ് നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈനയോട് അമേരിക്ക ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല, എന്നാൽ ഇന്ത്യയുടെ ചെറിയ ഇറക്കുമതിയെ ശിക്ഷിക്കുകയാണ് എന്നാണ് വിദഗ്ദരുടെ പക്ഷം.

ബോർഡർ, ട്രസ്റ്റ്, നോർമലൈസേഷന്റെ പരിധി

ഇന്ത്യ-ചൈന ആഭ്യന്തര കലഹങ്ങളും അതിർത്തികളുമായി വലിയ ബന്ധമുണ്ട്. ഡെംചോക്കിലെയും ഡെപ്സാങ്ങിലെയും (ഒക്ടോബർ 2024) വിച്ഛേദനം പെട്ടെന്നുള്ള അപകടസാധ്യത കുറയ്ക്കുകയും ജൂലൈ 23-ന് നടന്ന 34-ാമത് ഡബ്ല്യുഎംസിസി മീറ്റ് വർധിച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. ഇപ്പോഴും 50,000–60,000 സൈനികർ കിഴക്കൻ ലഡാക്കിൽ എൽഎസിയുടെ ഇരുവശത്തും തുടരുന്നു. ബന്ധത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് അതിർത്തി ഡീ-ലിങ്ക് ചെയ്യാൻ ബെയ്ജിംഗ് ആഗ്രഹിക്കുന്നു; ഡൽഹി ചെയ്യില്ല. ജൂലൈ 13-15 തീയതികളിലെ തന്റെ യാത്രയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനീസ് നേതാക്കളോട് പറഞ്ഞതുപോലെ, അതിർത്തിയിലെ ശാന്തതയാണ് തന്ത്രപരമായ വിശ്വാസത്തിന്റെ അടിസ്ഥാനം.

 ചൈനയുടെ സൈനിക ഉയർച്ചയെ ചെറുക്കാൻ ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല്  രാജ്യങ്ങള്‍ ഒന്നിച്ച ക്വാഡിന്റെ  ഈ വർഷാവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന യോഗം നടക്കുമോയെന്ന ചോദ്യമുയരുന്നു.
ചൈനയുടെ സൈനിക ഉയർച്ചയെ ചെറുക്കാൻ ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ ഒന്നിച്ച ക്വാഡിന്റെ ഈ വർഷാവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന യോഗം നടക്കുമോയെന്ന ചോദ്യമുയരുന്നു.

ഇന്ത്യയിൽ പാരിസ്ഥിതികവും തന്ത്രപരവുമായ മുന്നറിയിപ്പ് ഉയർത്തിക്കൊണ്ട് യാർലുങ് സാങ്‌പോയിൽ (ബ്രഹ്മപുത്ര) ഒരു മെഗാ അണക്കെട്ടുമായി ചൈന മുന്നോട്ട് പോകുകയാണ്. ഡൽഹി പുതിയ ‘രുദ്ര’ ഓൾ ആംസ് ബ്രിഗേഡുകളും ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയനുകളും (ജൂലൈ 28) പ്രഖ്യാപിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം താറുമാറായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടാബ്ലോയിഡായ ഗ്ലോബൽ ടൈംസ്, "ചൈനയും ഇന്ത്യയും അയൽക്കാരാണ്, അവർക്ക് സഹകരിക്കാൻ കഴിയുന്ന മേഖലകളുടെ പട്ടിക വളരെ വലുതാണ്," എന്ന് എഴുതുകയുണ്ടായി. എന്നിരുന്നാലും, ഇന്ത്യൻ ഉദ്യോഗസ്ഥർ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അത് ബെയ്ജിംഗിന്റെ നിബന്ധനകൾക്കനുസൃതമായി ചെയ്യേണ്ടിവരും, എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചൈനയുടെ സൈനിക ഉയർച്ചയെ ചെറുക്കാൻ ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് വലിയ ജനാധിപത്യ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ക്വാഡ് ഡിഫൻസ് ഗ്രൂപ്പിലേക്കും ബീജിംഗ് വിരൽ ചൂണ്ടുന്നു. ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗം നടക്കുമോയെന്ന ചോദ്യം കൂടെ റിപ്പോർട്ട് ചോദിക്കുന്നു. വാഷിംഗ്ടണും ഡൽഹിയും തങ്ങളുടെ താരിഫ് പോരാട്ടം എത്രത്തോളം പരിഹരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ക്വാഡിന്റെ ഭാവി.

ഇന്ത്യ ചൈന ബന്ധത്തിന്റെ ഭാവി

ഇന്ത്യയും ചൈനയും ആശാവഹമായ ഒരു ഭാവി സ്വപ്നം കാണുന്നു. ഒന്നിച്ചു നിന്നാൽ ഇരുരാജ്യങ്ങളുടെയും മനുഷ്യവിഭവ സമ്പത്ത് കൊണ്ട് ഉണ്ടാവുന്ന നേട്ടങ്ങൾ വലുതായിരിക്കും. ഉഭയകക്ഷി ബന്ധത്തിലുണ്ടായ ക്രിയാത്മകമായ മാറ്റം സമസ്ത മേഖലകളിലും പ്രതിഫലിക്കാനിടയുണ്ട്. വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികവിദ്യ തുടങ്ങി ഇടപെടുന്ന എല്ലാ മേഖലയിലും നിലവിലെ മാറ്റങ്ങൾ പ്രതിഫലിക്കും.

ഒരു ഗ്ലോബൽ സൂപ്പർ പവർ സ്റ്റാറ്റസിലേക്ക് നടന്നടുക്കുന്ന ഇന്ത്യക്ക് ചൈനയുമായി നല്ല ബന്ധം അനിവാര്യമാണ്. അത് വലിയ ഗുണം ചെയ്യുക ഇന്ത്യൻ ഇക്കോണമിക്ക് തന്നെയായിരിക്കും.
ഒരു ഗ്ലോബൽ സൂപ്പർ പവർ സ്റ്റാറ്റസിലേക്ക് നടന്നടുക്കുന്ന ഇന്ത്യക്ക് ചൈനയുമായി നല്ല ബന്ധം അനിവാര്യമാണ്. അത് വലിയ ഗുണം ചെയ്യുക ഇന്ത്യൻ ഇക്കോണമിക്ക് തന്നെയായിരിക്കും.

നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും ആശങ്കകളും മാറ്റി നിർത്തിയാൽ ഇരുരാജ്യങ്ങളും ഒന്നിക്കുന്നത് ഇന്ത്യക്ക് കൂടുതൽ ഗുണം ചെയ്യാൻ ഇടയുണ്ട്. പ്രത്യേകിച്ച് ഒരു ഗ്ലോബൽ സൂപ്പർ പവർ സ്റ്റാറ്റസിലേക്ക് നടന്നടുക്കുന്ന ഇന്ത്യക്ക് ചൈനയുമായി നല്ല ബന്ധം അനിവാര്യമാണ്. അത് വലിയ ഗുണം ചെയ്യുക ഇന്ത്യൻ ഇക്കോണമിക്ക് തന്നെയായിരിക്കും. ഒരു ഇക്കണോമിക്ക് പവർ ഹൗസായി മാറണമെങ്കിൽ ചൈനീസ് അസംസ്കൃത വസ്തുക്കളുടെ ഒഴുക്ക് നല്ല രീതിയിൽ ആവേണ്ടതുണ്ട്. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിന്റെ മേധാവി അൽക്ക ആചാര്യ പറഞ്ഞത് കൂടുതൽ കോൺഫ്ലിക്ടുകൾക്ക് ഉപരി കോപറേഷൻ ആണ് നമുക്ക് വേണ്ടത് എന്നാണ്. അത് നമ്മുടെ സപ്ലൈ ചെയിൻ, വികസന അജണ്ട എന്നിവയെ ഉത്തേജിപ്പിക്കും. അതിർത്തി തർക്കങ്ങളും വ്യാപാര കമ്മിയും ഒരു വലിയ കീറാമുട്ടിയായി അവശേഷിക്കുന്നുണ്ട് എങ്കിലും സാധ്യമായ സകലമേഖലയിലും നമുക്ക് ഒന്നിച്ചു നിൽക്കേണ്ടതുണ്ട്.

ടിയാൻജിനിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് ക്ഷണം ലഭിച്ച, ചൈനയിൽ കഴിഞ്ഞ ഇരുപത് വർഷമായി ബിസിനസ്സ് ചെയ്യുന്ന പവർബോണ്ട് ഇന്റർനാഷണൽ ലിമിറ്റഡിന്റെ മലയാളിയായ എം.ഡി ബിജോയ് ജോർജും കമ്പനി മാർക്കറ്റിംഗ് മാനേജർ ജോയ്സൻ എബ്രഹാമുമായുള്ള സംസാരത്തിൽ നിന്നും മനസ്സിലായത് ചൈനയിലെ ഇന്ത്യൻ ബിസിനസ്സ് കമ്മ്യൂണിറ്റി വലിയ പ്രതീക്ഷയോടെയാണ് നിലവിലെ സാഹചര്യങ്ങളെ കാണുന്നത് എന്നാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ഊഷ്മളമാകുകയും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അവർ പ്രത്യാശിക്കുന്നു.

ഇന്ത്യ-ചൈന ബന്ധത്തിൽ പ്രധാന കല്ലുകടി ആയ അതിർത്തി പ്രശ്നവും ഒരു പരിധിവരെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യ-ചൈന ബന്ധത്തിൽ പ്രധാന കല്ലുകടി ആയ അതിർത്തി പ്രശ്നവും ഒരു പരിധിവരെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.

2024-ൽ കസാനിലെ മോദി-ഷി കൂടിക്കാഴ്ചയുടെ ഭാഗമായി ഒരു ജോയിന്റ് സ്റ്റേറ്റ്മെന്റ് പുറത്തിറക്കുകയും അതിൽ അതിർത്തി പ്രശ്നത്തെ ഗൗരവമായി ചർച്ചചെയ്തു പരിഹരിക്കാൻ ആവശ്യമായ ഒരു കമ്മിറ്റി ഉണ്ടാക്കുന്നതിനെ സംബന്ധിച്ച നിർദ്ദേശവും ഉണ്ടായിരുന്നു. "The two leaders agreed that the Special Representatives on the India-China boundary question will meet at an early date to oversee the management of peace & tranquility in border areas and to explore a fair, reasonable and mutually acceptable solution to the boundary question." എന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കിയിരുന്നു. ഇതിനെ ചുവടുപിടിച്ചുള്ള ചർച്ചകൾ കഴിഞ്ഞ നവംബർ മുതൽ നടന്നു വരുന്നുണ്ട്.

അതിന്റെ ഭാഗമായി, SCO ഉച്ചകോടിക്ക് മുൻപ് ചില സുപ്രധാന കൂടിക്കാഴ്ച്ചകൾ നടന്നിരുന്നു. അതിൽ പ്രധാനം ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ നിശ്ചിത ഇടവേളകളിൽ ചൈന സന്ദർശിച്ചതാണ്. കൂടാതെ, ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനവും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഇടപെടലുകളും ഒക്കെ എടുത്തു പറയേണ്ടതാണ്. ഈ കണ്ടുമുട്ടലുകളുടെയെല്ലാം ആകെത്തുകയാണ് നിലവിലെ മുന്നേറ്റങ്ങൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇന്ത്യ-ചൈന ബന്ധത്തിൽ പ്രധാന കല്ലുകടി ആയ അതിർത്തി പ്രശ്നവും ഒരു പരിധിവരെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം. ചൈന-ഇന്ത്യ-റഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത നേതൃത്വം ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ വലിയ സ്വീകാര്യത ഉണ്ടാക്കാൻ ഇടയുണ്ട്. ഇത് അടുത്ത ബ്രിക്‌സ് ഉച്ചകോടിയിൽ വ്യക്തമാകും. നിലവിലെ സാഹചര്യം തുടർന്നാൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് സമ്മേളനം ഒരു ചരിത്ര സംഭവമാകാനിടയുണ്ട്.


Summary: India-China relations, shattered by the bloodshed in the Galwan Valley, have been restored to a state of normality, Arun Dravid writes on SCO summit.


അരുൺ ദ്രാവിഡ്‌

എം. ജി സർവകലാശാലയിലെ സമകാലിക ചൈന പഠന കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു.

Comments