ഇന്ത്യ- ഇസ്രായേൽ ബന്ധം
ഒരു മാരക മിശ്രിതം

കോർപ്പറേറ്റ് മൂലധനവും സൈനിക താത്പര്യങ്ങളും തീവ്ര വലതുപക്ഷ രാഷ്ട്രീയവും ചേർന്ന മാരകമായൊരു മിശ്രിതമാണ് ഇപ്പോൾ ഇന്ത്യ- ഇസ്രായേൽ ബന്ധം.

ഗാസയിലെ ഇസ്രായേൽ അധിനിവേശാക്രമണം എല്ലാവിധത്തിലുള്ള മാനുഷികതയേയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ച് മുന്നേറുമ്പോൾ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ "സാധാരണക്കാരായ മനുഷ്യരുടെ സംരക്ഷണവും നിയമപരവും മനുഷ്യത്വപരവുമായ കടമകളും ഉയർത്തിപ്പിടിക്കും" എന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് അന്താരാഷ്ട്ര തലത്തിൽ വലതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കൊപ്പം കൈകോർക്കുന്ന ഇന്ത്യയിലെ ബി ജെ പി / മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ്. ഇസ്രയേലും യുനൈറ്റഡ് സ്‌റ്റേറ്റ്‌സും (യു.എസ്) അടക്കം 14 രാജ്യങ്ങൾ മാത്രം എതിർത്ത പ്രമേയത്തിനെ 120 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയടക്കമുള്ള 45 രാജ്യങ്ങളാണ് വിട്ടുനിന്നത്. അതിലേറെയും പാശ്ചാത്യചേരിയുടെ ഒപ്പം നിൽക്കുന്ന രാജ്യങ്ങളാണ്.

പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന സ്വതന്ത്ര പലസ്തീനുവേണ്ടിയുള്ള പലസ്തീനികളുടെ സമരത്തെ പിന്തുണയ്ക്കുന്ന നിലപാടിനെ കയ്യൊഴിഞ്ഞാണ് ബി ജെ പി സർക്കാർ ഐക്യരാഷ്ട്രസഭയിൽ നിലപാടെടുത്തത്.

ഏതാണ്ട് 45 കിലോമീറ്റർ നീളത്തിൽ കിടക്കുന്നൊരു ഭൂപ്രദേശത്ത്, ലോകത്തിലെത്തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നിൽ താമസിക്കുന്ന 23 ലക്ഷം മനുഷ്യരിൽ മഹാഭൂരിഭാഗത്തെയും അഭയാർത്ഥി താവളങ്ങളിലെത്തിച്ച ഇസ്രായേലിന്റെ ആക്രമണം മനുഷ്യത്വത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു എന്ന് ഓരോ ദിനവും തെളിയുമ്പോഴാണ് ആക്രമണം നിർത്തിവെക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പൊതുസഭയിൽ ജോർദാൻ മുൻകയ്യെടുത്ത് അവതരിപ്പിച്ചത്. എന്നാൽ പതിവുപോലെ യു. എസും പാശ്ചാത്യ സഖ്യകക്ഷികളും അതിനെ എതിർത്തു. നേരത്തെ യു.എൻ രക്ഷാസമിതിയിൽ ആക്രമണം നിർത്താനും സാധാരണക്കാരായ മനുഷ്യർക്കുവേണ്ട സഹായമെത്തിക്കാൻ വേണ്ടി സുരക്ഷിത യാത്രാപാതയൊരുക്കാനും ഇസ്രായേലിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങളെയെല്ലാം യു.എസ് വീറ്റോ ചെയ്തിരുന്നു. എന്നാൽ പൊതുസഭയിൽ മഹാഭൂരിഭാഗം രാജ്യങ്ങളും യു.എസ് സമ്മർദ്ദമുണ്ടായിട്ടും ഇസ്രായേലിന്റെ നീതിരഹിതമായ ആക്രമണത്തെ അപലപിക്കുകയാണ് ചെയ്തത്. അപ്പോഴാണ് പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന സ്വതന്ത്ര പലസ്തീനുവേണ്ടിയുള്ള പലസ്തീനികളുടെ സമരത്തെ പിന്തുണയ്ക്കുന്ന നിലപാടിനെ കയ്യൊഴിഞ്ഞ് ബി ജെ പി നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഐക്യരാഷ്ട്രസഭയിൽ നിലപാടെടുത്തത്.

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ പ്രമേയം വീറ്റോ ചെയ്യുന്ന അമേരിക്കൻ പ്രതിനിധി
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ പ്രമേയം വീറ്റോ ചെയ്യുന്ന അമേരിക്കൻ പ്രതിനിധി

ഗാസയിലെ 23 ലക്ഷത്തോളം വരുന്ന പലസ്തീൻകാരെ ഉപരോധങ്ങളും മനുഷ്യാവകാശലംഘനങ്ങളും കൊണ്ട് അടിസ്ഥാന മനുഷ്യാവകാശങ്ങൾപോലും നിഷേധിച്ച് വലയ്ക്കുകയാണ് ഇസ്രായേൽ ചെയ്തുകൊണ്ടിരുന്നത്. ഗാസയിൽ നിന്നുള്ള ഇസ്രായേൽ പിന്മാറ്റത്തിനുശേഷവും ഇസ്രായേൽ ഗാസയെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണ്. ഏതാണ്ട് 23 ലക്ഷം മനുഷ്യരെ ഇത്തരത്തിൽ വളഞ്ഞിട്ട് പീഡിപ്പിക്കുന്ന ഒരു സംവിധാനം ലോകചരിത്രത്തിൽ കാണാൻ കഴിയില്ല. നാസി കോൺസൻട്രേഷൻ ക്യാമ്പുകളുടെ കൂടുതൽ സങ്കീർണവും വംശഹത്യക്ക് പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതുമാണ് ഇസ്രായേൽ ഗാസയിൽ പരീക്ഷിക്കുന്ന ഉപരോധം. ഗാസയുടെ കരയതിർത്തികൾ ഇസ്രായേലും ഈജിപ്തുമായി പങ്കിടുന്നവയാണ്. കടൽത്തീരമാകട്ടെ ഇസ്രയേലിന്റെ പൂർണ നിയന്ത്രണത്തിലാണ്. ജനതയുടെ 80%-വും ഐക്യരാഷ്ട്ര സഭയുടേയും സന്നദ്ധസംഘങ്ങളുടെയും ഭക്ഷണവിതരണത്തെ ആശ്രയിച്ചു കഴിയുന്നൊരു പ്രദേശത്താണ് അതുപോലും സാധ്യമല്ലാത്ത വിധം, ഭക്ഷണവും കുടിവെള്ളവും ആരോഗ്യരക്ഷാ സംവിധാനങ്ങളുമെല്ലാം തകർത്ത് ഇസ്രായേൽ ആക്രമണം നടത്തുന്നത്.

ഗാസ ജനതയുടെ 47%-വും 18 വയസ്സിൽ താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇസ്രായേൽ ആക്രമണത്തിൽ ആയിരക്കണക്കിന് പലസ്തീൻ കുട്ടികളാണ് ഇതുവരേക്കും കൊല്ലപ്പെട്ടത്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള വടക്കൻ ഗാസയിൽ നിന്നും തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകാനാണ് ഒന്നര ദശലക്ഷം മനുഷ്യരോട് ഇസ്രായേൽ ആവശ്യപ്പെട്ടത്. നിവൃത്തിയില്ലാതെ പലായനം ചെയ്യുന്ന മനുഷ്യർ കടന്നുപോകുന്നിടത്തും ബോംബിട്ട് കൊന്നാണ് ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം തള്ളിക്കളയുന്നത്.

Photo: Al Jazeera English
Photo: Al Jazeera English

ഇസ്രായേലിലെ ചില ജനവാസകേന്ദ്രങ്ങളിലടക്കം ഒകോടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ഓർമിപ്പിച്ചത്, പലസ്തീൻ ജനതക്കുനേരെ കൊളോണിയൽ- സയണിസ്റ്റ് ഭീകരതയുടെ ഉൽപ്പന്നമായ ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ ചരിത്രത്തിലേക്കും പലസ്തീൻ പ്രശ്നത്തിൽ അടിസ്ഥാനപരമായി അനീതി നേരിട്ടുകൊണ്ടിരിക്കുന്നത് പലസ്തീനികളാണെന്നും സൂചിപ്പിക്കുകയാണ്. സെക്രട്ടറി ജനറൽ രാജിവെക്കണമെന്നായിരുന്നു അതിനുള്ള ഇസ്രായേൽ മറുപടി.

യു.എസിന്റെയും സഖ്യകക്ഷികളുടെയും ഭൗമ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു സൈനികശക്തിയാണ് ഇസ്രായേൽ. പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളുടെ സാമ്പത്തിക ബലത്തേയും അവയുടെ എണ്ണ സമ്പത്തിനെയും നിയന്ത്രിക്കാനും ആ രാജ്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് പോകാതിരിക്കാനും പശ്ചിമേഷ്യയിൽ നിരന്തരം സംഘർഷമുണ്ടാക്കുക എന്നത് യു.എസ് താത്പര്യമാണ്. ഇസ്രായേലിന്റെ നിരന്തര അടിച്ചമർത്തലുകളെ കാണാതെ അതിനെതിരായ ചെറുത്തുനിൽപ്പിനെ മാത്രം ഭീകരവാദമായി ചാപ്പകുത്താനുള്ള വ്യഗ്രത യു.എസ്- ഇസ്രായേൽ പ്രചാരണത്തെ ഏറ്റുപിടിക്കലാണ്.

 അന്റോണിയോ ഗുട്ടറെസ് , ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ
അന്റോണിയോ ഗുട്ടറെസ് , ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

പലസ്തീൻ പ്രശ്നം ഹമാസിന്റെ സൃഷ്ടിയല്ല. അതിന്റെ ചരിത്രകാരണങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് ബ്രിട്ടനടക്കമുള്ള യൂറോപ്പും സയണിസ്റ്റ് തീവ്രവാദികളും അവരുണ്ടാക്കിയ ഇസ്രായേൽ എന്ന രാജ്യവും പശ്ചിമേഷ്യയെ നിരന്തര സംഘർഷത്തിൽ നിലനിർത്തുന്ന യു. എസുമാണ്. ഹമാസ് ഒരു ഇസ്‌ലാമിക് രാഷ്ട്രീയ സംഘമാണ്. അവർ സായുധപോരാട്ടത്തിന് ജിഹാദിന്റെ ഭാഷ കണ്ടെത്തുന്നവരാണ്. എന്നാൽ അതിനൊപ്പം നിൽക്കുന്ന മനുഷ്യർ പതിറ്റാണ്ടുകളായി തങ്ങളിൽ നിന്ന് തട്ടിയെടുത്ത ജന്മദേശത്തിന്റെ വിമോചനത്തിനുവേണ്ടിയുള്ള സമരത്തിൽ ഇനിയെന്തുചെയ്യും എന്ന അവസ്ഥയിലുള്ളവരാണ്. അതായത്, പലസ്തീൻ ദേശീയ വിമോചന സമരത്തിന്റെ പരാജയത്തിൽ നിന്നാണ് ഹമാസിന്റെ ഇസ്‌ലാമിക രാഷ്ട്രീയ സായുധപോരാട്ടത്തിലേക്ക് പലസ്തീൻ ജനതയുടെ ഒരു വിഭാഗം എത്തുന്നത്. ചെറുത്തുനില്പിനുള്ള എല്ലാ മാർഗങ്ങളും അടയുമ്പോൾ സാധ്യമായ മറ്റെന്തും ഒരു ജനത തെരഞ്ഞെടുക്കും. അത്തരത്തിലൊരു തെരഞ്ഞെടുപ്പാണ് ഹമാസ്. ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടിയല്ല ഫലസ്തീനികൾ പോരാടുന്നത്, സ്വതന്ത്ര പലസ്‌തീനുവേണ്ടിയാണ്. സ്വതന്ത്ര പാലസ്‌തീനുവേണ്ടിയുള്ള മതേതര രാഷ്ട്രീയ പോരാട്ടത്തെ നയിച്ചിരുന്ന പലസ്തീൻ വിമോചന സംഘടനയേയും അതിന്റെ നേതാവ് യാസർ അറഫാത്തിനെയും ദുർബ്ബലമാക്കുന്നതിന് ഇസ്രയേലും യു.എസും വളരെ ബോധപൂർവ്വം ഹമാസിനെ അതിന്റെ ആദ്യകാലങ്ങളിൽ സഹായിച്ചു എന്നത് വസ്തുതയാണ്.

ഇത്തരത്തിൽ നമുക്കുമുന്നിൽ വളരെ വ്യക്തമായി രൂപപ്പെട്ടുവെന്നൊരു ചരിത്രത്തിൽ ഇന്ത്യയെടുത്തിരുന്ന നിലപാടുകൾ എക്കാലത്തും സ്വതന്ത്ര പലസ്തീനിനും ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തിനും വേണ്ടിയായിരുന്നു. ഇംഗ്ലണ്ട് ഇംഗ്ളീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്ന പോലെ പലസ്തീൻ പലസ്തീൻകാർക്ക് / അറബികൾക്ക് അവകാശപ്പെട്ടതാണെന്നും ജൂതരെ അറബികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണെന്നും ഗാന്ധി പറഞ്ഞതടക്കം ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരകാലം മുതലുള്ള നിലപാടുകളിൽ ഇത് തെളിഞ്ഞുകാണാം.

Photo: Vice News / Youtube
Photo: Vice News / Youtube

പലസ്തീൻ വിഷയത്തിലെ ഇന്ത്യൻ നിലപാടിന് കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ലോകത്തെങ്ങുമുള്ള ജനതകളുടെ ദേശീയ വിമോചന സമരങ്ങളോട് ഐക്യപ്പെടുക എന്നത് സ്വാതന്ത്ര്യ സമരകാലത്തെ രാഷ്ട്രീയ സംഘടനകളുടെ നിലപാടായിരുന്നു. അക്കാലത്ത് ജൂതന്മാരെ വംശഹത്യ നടത്തുന്ന നാസി ജർമനിയെ ഇന്ത്യയിലെ ന്യൂനപക്ഷപ്രശ്നത്തിന്റെ കാര്യത്തിൽ നമുക്ക് മാതൃകയാക്കാവുന്നതാണെന്ന് പറഞ്ഞത് ആർ.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രീയാചാര്യൻ എം.എസ്. ഗോൾവാർക്കറാണെന്നത് മറ്റൊരു സംഗതി. കൊളോണിയൽ അധിനിവേശത്തിന്റെ അനന്തരഫലമായി ലോകത്തെങ്ങുമുണ്ടായ കുഴപ്പങ്ങളിലൊന്നാണ് പലസ്തീൻ പ്രശ്നവും. ഇസ്രായേൽ എന്നൊരു രാജ്യം ജൂതന്മാർക്ക് മാത്രമായി ഉണ്ടാക്കാനുള്ള സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവശ്യത്തെ പലസ്തീൻ ജനതയുടെ ഉച്ചാടനമാക്കി മാറ്റിയത് ബ്രിട്ടനും യൂറോപ്പുമാണ്. ജൂതർക്ക് പലസ്തീനിൽ രാജ്യമുണ്ടാക്കി നൽകാമെന്ന ബ്രിട്ടന്റെ ബാൽഫർ പ്രഖ്യാപനം നടക്കുമ്പോൾ (1917 നവംബർ 2) അതിൽ പലസ്തീൻ ജനതയ്‌ക്കൊരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. 16, 17 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ പലയിടത്തും ജൂതരുടെ ജന്മദേശമായ 'പലസ്തീനിലേക്ക്' മടങ്ങാനുള്ള ആഹ്വാനം ജൂതസമൂഹങ്ങളിലുണ്ടായിരുന്നു. എന്നാൽ അതിന്റ രാഷ്ട്രീയരൂപം കിട്ടിയത് 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ തിയോഡർ ഹെർസൽ എന്ന ആസ്ട്രിയക്കാരനിലൂടെയാണ്. അക്കാലത്ത് സാവകാശത്തിൽ തുടങ്ങിയ പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം രണ്ടാം ലോകമഹായുദ്ധകാലത്തോടെ ഗതിവേഗം വർദ്ധിച്ചു. അതിനുമുമ്പ് ബാൽഫർ പ്രഖ്യാപനത്തോടെ ജൂതരാഷ്ട്രം ഒരു യാഥാർത്ഥ്യമാക്കാനുള്ള കൊളോണിയൽ പദ്ധതിയും തുടങ്ങിയിരുന്നു.

മതം എങ്ങനെയാണ് ആധുനിക ദേശനിർമിതിയുടെ എതിർവശത്ത് നിൽക്കുന്നതെന്ന് ഇന്ത്യ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജൂതരാഷ്ട്രം എന്ന സങ്കല്പനത്തിന്റെ അപകടം ഇന്ത്യൻ നേതൃത്വം മനസിലാക്കുകയും ചെയ്‌തു.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനവും അതിനുശേഷം മധ്യേഷ്യയിലെ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രവും ഇസ്രായേൽ സ്ഥാപനത്തിന് ബ്രിട്ടനെ പ്രേരിപ്പിച്ചു. നാസി ജർമനി യൂറോപ്പിലെ ജൂതന്മാർക്കുനേരെ നടത്തിയ വംശഹത്യയുടെ നടുക്കവും അതിന്റെ ഭാരവും കയ്യൊഴിയേണ്ടത് യൂറോപ്പിന്റെ മറ്റൊരാവശ്യമായിരുന്നു. നാസി തടങ്കൽപ്പാളയങ്ങളിൽ പതിനായിരക്കണക്കിന് ജൂതന്മാർ കൊല്ലപ്പെടുമ്പോൾ യൂറോപ്പ് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം അവർക്കത്ര ലളിതമായ ഒന്നായിരുന്നില്ല. നാസി ജർമനിയും സോവിയറ്റ് യൂണിയനും ഏറ്റുമുട്ടി സോവിയറ്റ് യൂണിയൻ തകരുമെന്ന കണക്കുകൂട്ടലിൽ കൊളോണിയൽ രാജ്യങ്ങൾ കാത്തിരിക്കുകയായിരുന്നു ഏറെക്കാലം. കത്തോലിക്കാ സഭയടക്കമുള്ള യൂറോപ്പിലെ സാമൂഹ്യ, പൗരജീവിതവും ജൂതന്മാരെ ഉപേക്ഷിച്ചിരുന്നു. നാസി ജർമനിയുടെ തോൽവിയോടെ ഈയൊരു പ്രശ്നത്തെ ജൂതന്മാരുടെ വംശഹത്യയുമായോ യൂറോപ്പിന്റെ യുദ്ധങ്ങളുടെ കാരണങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത പലസ്തീൻ ജനതക്കുമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. അനീതിയുടെ വൃക്ഷമാണ് ഇസ്രായേൽ എന്ന രാഷ്ട്രം.

ആർതർ ബാൽഫർ, പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 1917 ലെ ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫോർ സയണിസ്റ്റ്  നേതാവായ റോത്ചൈൽഡ് പ്രഭുവിന് അയച്ച കത്താണ് ബാൽഫർ പ്രഖ്യാപനം
ആർതർ ബാൽഫർ, പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 1917 ലെ ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫോർ സയണിസ്റ്റ് നേതാവായ റോത്ചൈൽഡ് പ്രഭുവിന് അയച്ച കത്താണ് ബാൽഫർ പ്രഖ്യാപനം

രാജ്യങ്ങളുടെ ദേശീയതയും അവയുടെ രാഷ്ട്രീയ സ്വഭാവവും മതാടിസ്ഥാനത്തിൽ നിർണയിക്കേണ്ട ഒന്നല്ല എന്നത് ഇന്ത്യ അക്കാലത്ത് ലക്ഷക്കണക്കിന് മനുഷ്യരുടെ കൂട്ടക്കൊലകളിലൂടെ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പലായനവും കൂട്ടക്കൊലകളുമാണ് ഇന്ത്യ- പാകിസ്ഥാൻ വിഭജനകാലത്ത് നടന്നത്. മതം എങ്ങനെയാണ് ആധുനിക ദേശനിർമിതിയുടെ എതിർവശത്ത് നിൽക്കുന്നതെന്ന് ഇന്ത്യ മനസിലാക്കിയത് അതിന്റെ സൃഷ്ടിയിലൂടെയാണ്. അതുകൊണ്ടുതന്നെ ജൂതരാഷ്ട്രം എന്ന സങ്കല്പനത്തിന്റെ അപകടം ഇന്ത്യൻ നേതൃത്വം മനസിലാക്കുകയും ചെയ്‌തു.

പാശ്ചാത്യ രാജ്യങ്ങളുടെയും യു.എസിന്റെയും മദ്ധ്യേഷ്യയിലെ കാവൽക്കാരനെ ഉണ്ടാക്കൽ കൂടിയായിരുന്നു, ഇസ്രായേൽ എന്ന രാഷ്ട്രനിർമ്മാണം.

രണ്ടാംലോക മഹായുദ്ധാനന്തര ലോകത്തിൽ കൊളോണിയൽ നുകം വലിച്ചെറിഞ്ഞ ദേശ-രാഷ്ട്രങ്ങളുടെ ഉദയവും ലോകത്തിന്റെ ശാക്തികബാലാബലത്തിൽ കൊളോണിയൽ വിരുദ്ധ സമരങ്ങൾക്കൊപ്പം ചേർന്നുനിന്ന സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ചേരിയും പലസ്തീൻ വിഷയത്തിൽ മറ്റൊരു നിലപാടിനും ഇടമില്ലാത്തവിധത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെയും സ്വാധീനിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെന്ത് കാര്യം എന്നപോലെ പലസ്തീനിലും ബ്രിട്ടീഷുകാർക്കെന്ത് കാര്യം എന്ന ലളിതമായ ചോദ്യത്തിന് സ്വാതന്ത്ര്യസമരത്തിൽ മുഴക്കിയ മുദ്രാവാക്യങ്ങളിൽ ഉത്തരമുണ്ടായിരുന്നതുകൊണ്ട്, സ്വതന്ത്ര പരമാധികാര പലസ്തീനുവേണ്ടിയുള്ള ഇന്ത്യൻ നിലപാട് സന്ദേഹങ്ങളില്ലാതെ ഉറച്ചു.

 തിയോഡർ ഹെർസൽ
തിയോഡർ ഹെർസൽ

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഇസ്രായേൽ വീണ്ടും വലിയ അജണ്ടയായി സയണിസ്റ്റുകൾ ഉയർത്തി. അലഞ്ഞുതിരിയുന്ന ജൂതനെന്ന (Wandering Jew), സ്വന്തമായി ദേശമില്ലാത്ത തങ്ങളുടെ ദുരിതത്തിന്റെ ഭാഗമായാണ് സകല രാജ്യത്തും തങ്ങൾ ആക്രമിക്കപ്പെട്ടതെന്നും കൂട്ടക്കൊലകൾക്ക് വിധേയരായതെന്നും ജൂതരാഷ്ട്രത്തിൽ കുറഞ്ഞൊന്നും ഇനി സ്വീകാര്യമല്ലെന്നും ജൂതരുടെ ജന്മദേശമെന്ന് അവർ കരുതുന്ന ഇസ്രായേൽ തങ്ങൾക്ക് രാഷ്ട്രമായി കിട്ടണമെന്നും സയണിസ്റ്റുകൾ വീണ്ടും ശക്തമായി വാദിച്ചു. യൂറോപ്പിനാകട്ടെ മധ്യേഷ്യയിൽ തങ്ങളുടെ പിടി മറ്റൊരുതരത്തിൽ നിലനിർത്താൻ ഇസ്രായേൽ നിലവിൽ വരണമായിരുന്നു. 1947 ഏപ്രിൽ 28-ന് പലസ്തീൻ പ്രശ്നം ചർച്ച ചെയ്ത ഐക്യരാഷ്ട്ര സഭയുടെ (യു.എൻ) പൊതുസഭ പ്രശ്നം പഠിച്ച് പരിഹാരനിർദ്ദേശങ്ങൾ സമർപ്പിക്കാൻ പതിനൊന്നംഗ സമിതിയെ -United Nations Special Committee on Palestine (UNSCOP)- നിയമിച്ചു. അതിൽ ഇന്ത്യയും അംഗമായിരുന്നു. പ്രശ്‌നപരിഹാരത്തിന് സമിതിക്ക് ഏകകകണ്ഠമായ പരിഹാരം നിർദ്ദേശിക്കാൻ കഴിഞ്ഞില്ല. ഒരു ഭൂരിപക്ഷ നിർദ്ദേശവും ഒരു ന്യൂനപക്ഷ നിർദ്ദേശവും സമർപ്പിക്കപ്പെട്ടു. പലസ്തീനെ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കാനായിരുന്നു ഭൂരിപക്ഷ പദ്ധതി. ജെറുസലേം യു.എൻ നിയന്ത്രണത്തിലുള്ള പ്രദേശമായിരിക്കും എന്നായിരുന്നു ഇതിലെ മറ്റൗരു നിർദ്ദേശം. ജൂത, പലസ്തീൻ ഭാഗങ്ങളുള്ള ഒരു ഫെഡറൽ രാഷ്ട്രം വേണമെന്നായിരുന്നു ന്യൂനപക്ഷ പദ്ധതി. ഭൂരിപക്ഷ പദ്ധതിയാണ് യു.എന്നിൽ അംഗീകരിക്കപ്പെട്ടതെങ്കിലും ഇന്ത്യ, അറബ് രാജ്യങ്ങൾക്കൊപ്പം അതിനെതിരായാണ് വോട്ട് ചെയ്തത്. 1948 മെയ് 14-ന് Jewish Peoples Council ടെൽ-അവീവിലെ മ്യൂസിയത്തിൽ വെച്ച് ഇസ്രായേൽ എന്ന രാഷ്ട്രം സ്ഥാപിച്ചതായി പ്രഖ്യാപനം നടത്തി.

ചേരിചേരാ പ്രസ്ഥാനവും ഇന്ത്യയും യാതൊരു സംശയത്തിനും ഇടനൽകാതെ സ്വതന്ത്ര പലസ്തീനുവേണ്ടി നിലകൊണ്ടു.

പാശ്ചാത്യ രാജ്യങ്ങളുടെയും യു.എസിന്റെയും മദ്ധ്യേഷ്യയിലെ കാവൽക്കാരനെ ഉണ്ടാക്കൽ കൂടിയായിരുന്നു, ഇസ്രായേൽ എന്ന രാഷ്ട്രനിർമ്മാണം. രാഷ്ട്രപ്രഖ്യാപനത്തിനുശേഷം ഇസ്രായേൽ ഐക്യരാഷ്ട്ര സഭയിൽ അംഗത്വത്തിന് അപേക്ഷ നൽകി. ഇത് സംബന്ധിച്ച വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ ആദ്യം വിട്ടുനിൽക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് ഇസ്രായേലിന് എതിരായി വോട്ടു ചെയ്തു. വോട്ടെടുപ്പിൽ യു.എൻ പൊതുസഭ ഇസ്രായേലിന്റെ അംഗത്വത്തിന് അംഗീകാരം നൽകി. ഇസ്രായേലിനെ അംഗീകരിച്ച ആദ്യരാഷ്ട്രം യു.എസ് ആയിരുന്നു. പിന്നാലെ സോവിയറ്റ് യൂണിയനും. ഐക്യരാഷ്ട്ര സഭയിൽ അംഗത്വം നേടിയ രാജ്യത്തെ അംഗീകരിക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ 1950 സെപ്റ്റംബർ 17-ന് അംഗീകരിച്ചു. എന്നാൽ പലസ്തീൻ സ്വതന്ത്രരാഷ്ട്രം സംബന്ധിച്ചോ ഇസ്രായേലിന്റെ അധിനിവേശം സംബന്ധിച്ചോ ഉള്ള ഇന്ത്യൻ നിലപാടുകളിൽ അതിനുശേഷവും മാറ്റമുണ്ടായില്ല. ഇസ്രായേലുമായി പൂർണതോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാൻ ഇന്ത്യ തയ്യാറായില്ല. ബോംബെയിൽ 1953-ൽ ഒരു കോൺസുലേറ്റ് തുറക്കാൻ ഇസ്രായേലിന് ഇന്ത്യ അനുമതി നൽകി.

United  Nations  Special  Committee on  Palestine  (UNSCOP)  അംഗങ്ങൾ 1947ൽ പലസ്തീനിൽ
United Nations Special Committee on Palestine (UNSCOP) അംഗങ്ങൾ 1947ൽ പലസ്തീനിൽ

ലോകത്തെങ്ങും കൊളോണിയൽ ഭരണത്തിനു കീഴിൽനിന്ന് മോചനം നേടിയ വിവിധ ദേശീയതകളും രാജ്യങ്ങളും യൂറോ- യു.എസ് താത്പര്യങ്ങളുടെ പാവകളാകുന്നതിൽ നിന്നും ചരിത്രപരമായ വിമുഖത പ്രകടിപ്പിച്ച കാലമായിരുന്നു അത്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരി ലോകത്തെ വിമോചനസമരങ്ങൾക്ക് നൽകിയ വലിയ പിന്തുണ ഒരു വാസ്തവമായിരുന്നു. അതിനൊപ്പം ലോകത്ത് സോവിയറ്റ് യൂണിയന്റെയും യു.എസിന്റെയും നേതൃത്വങ്ങളിലുള്ള രണ്ടു വിരുദ്ധ ചേരികൾ വലിയ ശാക്തിക ബലാബലത്തിന്റെ യുദ്ധാനന്തര ഘട്ടത്തിലേക്ക് പ്രവേശിച്ചു. സോഷ്യലിസ്റ്റ് ചേരിയോട് ആനുകൂല്യം പുലർത്തുമ്പോഴും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിനുകീഴിൽ നിൽക്കാനും പുതിയ രൂപത്തിലുള്ള ആധിപത്യപ്രവണതകളെ സംബന്ധിച്ചുള്ള ചരിത്രബാക്കിയായ ആശങ്കയും കൊണ്ട് ചേരിചേരാ പ്രസ്ഥാനം (Non Aligned Movement) രൂപം കൊണ്ടു. 1955-ലെ ഏഷ്യൻ -ആഫ്രിക്ക ബാൻഡുങ് സമ്മേളനം ഇതിന് അടിത്തറയിട്ടു. ബാൻഡുങ് സമ്മേളനത്തിലും പലസ്തീൻ അറബ് ജനതയുടെ അവകാശങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ യൂഗോസ്ളാവ്യ പ്രസിഡന്റ് മാർഷൽ ടിറ്റോ, ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ എന്നിവർക്കൊപ്പം സജീവ സാന്നിധ്യമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു. തുടക്കം മുതലേ ചേരിചേരാ പ്രസ്ഥാനം സ്വതന്ത്ര പലസ്തീനും പലസ്തീൻകാരുടെ സ്വയം നിർണയവകാശത്തിനും നിലകൊണ്ടു.

പലസ്തീനിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല, ഇസ്രയേലിന്റെ വംശീയ അടിച്ചമർത്തലിനെതിരെയും ഇന്ത്യ നിലപാടെടുത്തിരുന്നു.

ഇസ്രായേലിനെ യു.എസും മറ്റ് പാശ്ചാത്യ ശക്തികളും മധ്യേഷ്യയിലെ തങ്ങളുടെ ഭൗമരാഷ്ട്രീയ താത്പര്യങ്ങളുടെ കാവൽക്കാരനായാണ് നിർത്തിയതെന്ന് അതിവേഗം തെളിഞ്ഞിരുന്നു. നൈൽ നദിയിൽ അസ്വാൻ അണക്കെട്ട് പണിയാനുള്ള ഈജിപ്തിന്റെ പദ്ധതിക്ക് നല്കാമെന്നേറ്റ ധനസഹായത്തിൽ നിന്നും യു.എസ് 1955-ൽ പിൻവാങ്ങി. നാസറിന്റെ കൊളോണിയൽ വിരുദ്ധ, സോവിയറ്റ് അനുകൂല നിലപാടുകളായിരുന്നു യു.എസിനെ ഇതിന് പ്രകോപിപ്പിച്ചത്. യു.എസ് പിൻവാങ്ങിയെങ്കിലും സോവിയറ്റ് സഹായത്തോടെ 1964-ൽ അസ്വാൻ അണക്കെട്ട് പണിപൂർത്തിയാക്കി തുറന്നു. യു. എസിന്റെ ഈ ശത്രുതാപരമായ നിലപാടിനു പിന്നാലെ നാസർ സൂയസ് കനാലിന്റെ ദേശസാത്ക്കരണം പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് 1956-ൽ ഈജിപ്തിനെ ഇസ്രായേൽ ആക്രമിച്ചു. യു. എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളെല്ലാം ഇതിന് സജീവപിന്തുണ നൽകി. ഇസ്രായേലിന്റെ നിർമാണരഹസ്യം എന്താണെന്ന് സംശയങ്ങളില്ലാതെ വെളിപ്പെട്ടു.

ബെൽഗ്രേഡിൽ നടന്ന ചേരിചേരാ രാജ്യങ്ങളുടെ യോഗത്തിനിടെ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ, യൂഗോസ്ളാവ്യ പ്രസിഡന്റ് മാർഷൽ ടിറ്റോ എന്നിവർക്കൊപ്പം  ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു.
ബെൽഗ്രേഡിൽ നടന്ന ചേരിചേരാ രാജ്യങ്ങളുടെ യോഗത്തിനിടെ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ, യൂഗോസ്ളാവ്യ പ്രസിഡന്റ് മാർഷൽ ടിറ്റോ എന്നിവർക്കൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു.

1967-ൽ ഇസ്രായേൽ വീണ്ടും അറബ് തങ്ങളുടെ അയൽ അറബ് രാജ്യങ്ങളെ ആക്രമിച്ചു. സിനായ്, ഗാസ, ഗോലാൻ കുന്നുകൾ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജെറുസലേം എന്നീ പ്രദേശങ്ങൾ അറബ് രാജ്യങ്ങളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. ആ യുദ്ധകാലത്ത് ഇന്ത്യ അറബ് രാജ്യങ്ങൾക്കനുകൂലവും ഇസ്രായേൽ ആക്രമണത്തെ എതിർത്തുമുള്ള നിലപാടാണെടുത്തത്. 1973-ഒക്ടോബർ 6-നു തുടങ്ങിയ നാലാം അറബ്- ഇസ്രായേൽ യുദ്ധത്തിലും-യോം കിപ്പുർ യുദ്ധം- ഇന്ത്യ അറബ് രാജ്യങ്ങൾക്കൊപ്പമായിരുന്നു. യുദ്ധത്തിലേർപ്പെട്ട ഈജിപ്തിനും സിറിയിക്കും ഇന്ത്യ ഡോക്ടർമാരുടെ സംഘത്തെ അയച്ചുനൽകുകയും മരുന്നുകൾ നൽകുകയും ചെയ്തു.

അറബ് രാജ്യങ്ങൾക്കുപുറമെ പി.എൽ.ഒയെ പലസ്തീൻ ജനതയുടെ ഏക പ്രതിനിധിയായി അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യയായിരുന്നു.

ചേരിചേരാ പ്രസ്ഥാനവും ഇന്ത്യയും യാതൊരു സംശയത്തിനും ഇടനൽകാതെ സ്വതന്ത്ര പലസ്തീനുവേണ്ടി നിലകൊണ്ടു. ബെൽഗ്രെഡിൽ നടന്ന ഒന്നാം ഉച്ചകോടി, "യു എൻ ചാർട്ടറിനും യു എൻ പ്രമേയങ്ങൾക്കും അനുസരിച്ച് പലസ്തീനിലെ അറബ് ജനതയുടെ എല്ലാ അവകാശങ്ങളും പുനഃസ്ഥാപിക്കണം" എന്നാവശ്യപ്പെട്ടു. 1964-ലെ രണ്ടാം ഉച്ചകോടിയിൽ പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം ആവശ്യപ്പെടുകയും കൊളോണിയലിസം, വംശീയത എന്നിവക്കെതിരെയുള്ള അവരുടെ വിമോചനപ്പോരാട്ടത്തിന് പിന്തുണ ആവർത്തിക്കുകയും ചെയ്തു. 1973-ലെ അൾജിയേഴ്സ് പ്രഖ്യാപനത്തിൽ പശ്ചിമേഷ്യയിലെ സമാധാനത്തിന് രണ്ടു സംഗതികൾ കൂടിയേത്തീരൂ എന്ന് പറയുന്നു; ഒന്ന്, പലസ്തീൻ ജനതയുടെ ദേശീയാവകാശങ്ങളും സ്വയം നിർണായവകാശവും പുനഃസ്ഥാപിക്കുക. രണ്ട്, പി എൽ ഒ-യെ പലസ്തീൻ ജനതയുടെ ഏകപ്രതിനിധിയായി ആഗോളതലത്തിൽ അംഗീകരിക്കുക.
1976-ആകുമ്പോൾ പലസ്തീൻ ചേരിചേരാ പ്രസ്ഥാനത്തിലെ പൂർണ അംഗമായി മാറി.

 1973-ഒക്ടോബർ 6-നു തുടങ്ങിയ നാലാം അറബ്- ഇസ്രായേൽ യുദ്ധത്തിലും-യോം കിപ്പുർ യുദ്ധം- ഇന്ത്യ അറബ് രാജ്യങ്ങൾക്കൊപ്പമായിരുന്നു. യുദ്ധത്തിലേർപ്പെട്ട ഈജിപ്തിനും സിറിയിക്കും ഇന്ത്യ ഡോക്ടർമാരുടെ സംഘത്തെ അയച്ചുനൽകുകയും മരുന്നുകൾ നൽകുകയും ചെയ്തു.
1973-ഒക്ടോബർ 6-നു തുടങ്ങിയ നാലാം അറബ്- ഇസ്രായേൽ യുദ്ധത്തിലും-യോം കിപ്പുർ യുദ്ധം- ഇന്ത്യ അറബ് രാജ്യങ്ങൾക്കൊപ്പമായിരുന്നു. യുദ്ധത്തിലേർപ്പെട്ട ഈജിപ്തിനും സിറിയിക്കും ഇന്ത്യ ഡോക്ടർമാരുടെ സംഘത്തെ അയച്ചുനൽകുകയും മരുന്നുകൾ നൽകുകയും ചെയ്തു.

അൾജിയേഴ്സ് പ്രഖ്യാപനത്തെത്തുടർന്ന് 1971 ഒക്ടോബർ 8-ന് ഇന്ത്യയുടെ കൂടി പങ്കാളിത്തത്തോടെ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ, പൊതുസഭയിൽ നടക്കുന്ന പലസ്തീൻ സംബന്ധിച്ച ചർച്ചകളിൽ പി.എൽ.ഒയെ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ടു. ഇതിനുശേഷമാണ് 1974 നവംബർ 13-ന്, ‘ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവിലയും മറുകയ്യിൽ സ്വാതന്ത്ര്യ പോരാളിയുടെ കൈത്തോക്കുമായാണ് ഞാൻ വന്നിരിക്കുന്നത്, എന്റെ കയ്യിൽ നിന്നും ഒലീവില താഴെ വീഴാൻ അനുവദിക്കരുത്’ എന്നു പറഞ്ഞ് അവസാനിക്കുന്ന, പി.എൽ.ഒ നേതാവ് യാസർ അറഫാത്തിന്റെ പ്രശസ്തമായ ‘തോക്കും ഒലീവിലയും’ പ്രസംഗം യു.എൻ പൊതുസഭയിൽ നടക്കുന്നത്.

2015 വരെയുള്ള കാലത്ത് പലസ്തീൻ ജനതക്കുനേരെയുള്ള ഇസ്രായേലിന്റെ അതിക്രമങ്ങളെ അപലപിക്കുന്ന എല്ലാ പ്രമേയങ്ങളെയും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ പിന്തുണച്ചിരുന്നു.

ഇതിനു തൊട്ടുപിന്നാലെ 1974 നവംബർ 21-നു ഇന്ത്യ മറ്റൊരു കരട് പ്രമേയം അവതരിപ്പിച്ചു. ബാഹ്യ ഇടപെടലുകളില്ലാതെ സ്വയം നിർണയാധികാരത്തിനുള്ള പലസ്തീൻ ജനതയുടെ അവകാശം പ്രഖ്യാപിക്കുന്ന പ്രമേയം, പലസ്തീന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയും വാദിച്ചു. ഇത്തരം ശ്രമങ്ങളുടെ ഫലമായാണ് പി.എൽ.ഒക്ക് യു.എന്നിൽ 1974-ൽ നിരീക്ഷക പദവി ലഭിച്ചത്. പലസ്തീനിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല, ഇസ്രയേലിന്റെ വംശീയ അടിച്ചമർത്തലിനെതിരെയും ഇന്ത്യ നിലപാടെടുത്തിരുന്നു. ഇന്ത്യ കൂടി ചേർന്ന് അവതരിപ്പിച്ച പൊതുസഭയിലെ ഒരു പ്രമേയത്തിൽ (1975 നവംബർ) സയണിസം വംശവെറിയാണെന്ന് പറയുന്നുണ്ട്.

ദൽഹിയിൽ പി.എൽ.ഒ നേതാവ് യാസർ അറഫാത്തിനെ സ്വീകരിക്കുന്ന പ്രധാനമന്ത്രി ഇന്ദിരഗാന്ധി
ദൽഹിയിൽ പി.എൽ.ഒ നേതാവ് യാസർ അറഫാത്തിനെ സ്വീകരിക്കുന്ന പ്രധാനമന്ത്രി ഇന്ദിരഗാന്ധി

അറബ് രാജ്യങ്ങൾക്കുപുറമെ പി.എൽ.ഒയെ പലസ്തീൻ ജനതയുടെ ഏക പ്രതിനിധിയായി അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യയായിരുന്നു. പി.എൽ.ഒക്ക് ഒരു സ്വതന്ത്ര കാര്യാലയം സ്ഥാപിക്കാൻ തങ്ങളുടെ രാജ്യത്ത് അനുമതി കൊടുക്കുന്ന ആദ്യത്തെ അറബേതര രാജ്യവും ഇന്ത്യയായിരുന്നു. 1975 ജനുവരി 10-നു ഇന്ത്യയിൽ പി.എൽ.ഒ കാര്യാലയം സ്ഥാപിക്കാൻ ഇന്ത്യ അനുമതി നൽകി.

എന്നാൽ ഇക്കാലയളവിൽ യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഈജിപ്ത് സന്നദ്ധമായി. 1978 സെപ്റ്റംബർ 17-ന് ഇസ്രായേലും ഈജിപ്തും തമ്മിൽ ക്യാമ്പ് ഡേവിഡ് കരാർ ഒപ്പുവെച്ചു. യു. എസിന്റെ മധ്യസ്ഥതയിൽ നടന്ന ഈ കരാർ വാസ്തവത്തിൽ പലസ്തീൻ ജനതയ്ക്കുള്ള പിന്തുണയിൽ നിന്ന് ഈജിപ്തിന്റെ പിറകോട്ടുപോകലിന്റെ തുടക്കമായിരുന്നു. കരാറിൽ ഒപ്പുവെച്ച ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തിനും ഇസ്രായേൽ പ്രധാനമന്ത്രി മെനാച്ചിം ബേഗിനും സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയെങ്കിലും പലസ്തീൻ ജനതയുടെ സ്വതന്ത്ര പലസ്തീനിനു വേണ്ടിയുള്ള പോരാട്ടത്തെ തള്ളിപ്പറഞ്ഞതിനായിരുന്നു വാസ്തവത്തിൽ ആ സമ്മാനം. അറബ് രാജ്യങ്ങളും പി.എൽ.ഒയും ക്യാമ്പ് ഡേവിഡ് കരാറിനെ വഞ്ചനയായിത്തന്നെ കണ്ടു. ഇന്ത്യയും അറബ് രാജ്യങ്ങൾക്കൊപ്പമായിരുന്നു അക്കാര്യത്തിൽ. ഇന്ത്യ കരാറിനെ സ്വാഗതം ചെയ്തില്ല. അന്നത്തെ വിദേശകാര്യമന്ത്രിയും പിന്നീട് ബി ജെ പി നേതാവും പ്രധാനമന്ത്രിയുമായ എ.ബി. വാജ്‌പേയി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി; "ഇന്ത്യ ക്യാമ്പ് ഡേവിഡ് കരാറിനെ സ്വാഗതം ചെയ്യുന്നില്ല. പലസ്തീനിയൻ ജനതയുടെ അവകാശങ്ങൾ നൽകുകയും സംരക്ഷിക്കപ്പെടുകയും വേണം. പി.എൽ.ഒയെ ഇസ്രയേലും ഈജിപ്തും അംഗീകരിച്ചിട്ടില്ല. ജെറുസലേമിന്റെ പദവിയെക്കുറിച്ച് കരാറിൽ ഒന്നും പറയുന്നില്ല."
ക്യാമ്പ് ഡേവിഡ് കരാറിൽ ഒപ്പുവെച്ച ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്ത് 1981 ഒക്ടോബർ 6-നു കൊല്ലപ്പെട്ടു.

ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തും  ഇസ്രായേൽ പ്രധാനമന്ത്രി മെനാച്ചിം ബേഗിനും
ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തും ഇസ്രായേൽ പ്രധാനമന്ത്രി മെനാച്ചിം ബേഗിനും

1980 നവംബർ 26-ന് പി.എൽ.ഒയുടെ ഇന്ത്യയിലെ കാര്യാലയത്തിന് പൂർണ നയതന്ത്ര പദവി നൽകാനുള്ള തീരുമാനം അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി പി.വി. നരസിംഹറാവു പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് യാസർ അറഫാത്ത് ഇന്ത്യയിൽ മൂന്നു ദിവസത്തെ സന്ദർശനം നടത്തി (1980 മാർച്ച് 28-30). 1982-ൽ അറഫാത്തിന്റെ ഇന്ത്യൻ സന്ദർശനത്തിൽ പുറപ്പെടുവിച്ച ഇന്ദിരാ ഗാന്ധി- അറഫാത്ത് സന്ദേശത്തിൽ പലസ്തീൻ ജനതക്കുമേൽ കയ്യേറ്റ ഭൂമിയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചു.

ഇസ്രായേലാകട്ടെ തങ്ങളുടെ സൈനികശക്തികൊണ്ട് പശ്ചിമേഷ്യയെ അസ്ഥിരമാക്കുന്ന ആക്രണങ്ങൾ തുടരുകയായിരുന്നു. 1982 ജൂണിൽ ഇസ്രായേൽ ലെബണനിനെ ആക്രമിച്ചു. "പലസ്തീൻ ജനതയെ തുടച്ചുനീക്കാനുള്ള ഇസ്രായേലിന്റ ശ്രമമാണ്" അതെന്നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രതികരിച്ചത്. "നമ്മുടെ പലസ്തീൻ സഹോദരി, സഹോരന്മാരെ കൂട്ടക്കശാപ്പ് ചെയ്യുന്ന മനുഷ്യത്വരഹിതമായ നാടകമാണ് അരങ്ങേറുന്നത്" എന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി നരസിംഹ റാവു പറഞ്ഞത്. ഇതൊന്നും ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായമല്ലെന്ന് പറഞ്ഞ ഇന്ത്യയിലെ ഇസ്രായേൽ കോൺസുൽ യോസഫ് ഹസീനെ ഇന്ത്യ ‘അനഭിമത വ്യക്തി’യായി പ്രഖ്യാപിക്കുകയും ഇന്ത്യയിൽ നിന്ന് തിരിച്ചയക്കുകയും ചെയ്തു. 1987-ൽ ആദ്യത്തെ 'ഇൻതിഫാദ' പൊട്ടിപ്പുറപ്പെട്ടു. 1988 നവംബർ 15-ലെ അൾജിയേഴ്സ് പ്രഖ്യാപനത്തിൽ 1947-ലെ ദ്വിരാഷ്ട്ര പദ്ധതി അംഗീകരിച്ച യാസർ അറഫാത്ത് ‘പലസ്തീൻ രാഷ്ട്ര പ്രഖ്യാപനം’ നടത്തി. ഇന്ത്യ ഒട്ടും വൈകാതെ പലസ്തീനെ അംഗീകരിക്കുകയും അറഫാത്തിനെ അതിന്റെ രാഷ്ട്രത്തലവനായി കണക്കാക്കുകയും ചെയ്തു.

2015-ൽ ആദ്യമായി ഇസ്രായേലിനനുകൂലമായി ഇന്ത്യൻ യു.എന്നിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുദ്ധ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യണം എന്നാവശ്യപ്പെടുന്നതായിരുന്നു പ്രമേയം.
2015-ൽ ആദ്യമായി ഇസ്രായേലിനനുകൂലമായി ഇന്ത്യൻ യു.എന്നിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുദ്ധ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യണം എന്നാവശ്യപ്പെടുന്നതായിരുന്നു പ്രമേയം.

2015 വരെയുള്ള കാലത്ത് പലസ്തീൻ ജനതക്കുനേരെയുള്ള ഇസ്രായേലിന്റെ അതിക്രമങ്ങളെ അപലപിക്കുന്ന എല്ലാ പ്രമേയങ്ങളെയും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ പിന്തുണച്ചിരുന്നു. 2015-ൽ ആദ്യമായി ഇസ്രായേലിനനുകൂലമായി ഇന്ത്യൻ യു.എന്നിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുദ്ധ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യണം എന്നാവശ്യപ്പെടുന്നതായിരുന്നു പ്രമേയം. അപ്പോഴേക്കും ഇന്ത്യയിൽ ഹിന്ദുത്വ തീവ്രവാദികളുടെ ബി ജെ പി എന്ന ഫാഷിസ്റ്റ് കക്ഷിയും അതിന്റെ നേതാവ് നരേന്ദ്ര മോദിയും അധികാരത്തിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇസ്രായേൽ ആക്രമണം നിർത്തണം എന്നാവശ്യപ്പെടുന്നൊരു പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിലേക്കെത്തുന്നത് എന്നത് ഇന്ത്യയുടെ വിദേശനയത്തിലെ ചേരിമാറ്റത്തിന്റെ ഏറ്റവും പ്രകടമായ വലതുപക്ഷയാത്ര കൂടിയാണ്.

അതിനുശേഷം ലോകസാഹചര്യത്തിലും ആഗോള ശാക്തിക ബലാബലത്തിലും വലിയ മാറ്റങ്ങളുണ്ടാക്കിയ കാലമായിരുന്നു വന്നത്. സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും പുറത്തുനിന്നുള്ള പ്രത്യക്ഷ ആക്രമണങ്ങളൊന്നും കൂടാതെത്തന്നെ തകർന്നുപോയി. യു.എസിന്റെ ആധിപത്യത്തിലുള്ള ഏകധ്രുവലോകത്തിന്റെ കാലം പിറന്നു. ലോകത്താകെയും വിമോചനപ്പോരാട്ടങ്ങളും ചൂഷണത്തിനെതിരായ ജനങ്ങളുടെ ചെറുത്തുനിൽപ്പുകളും ദുർബ്ബലമായിത്തുടങ്ങിയൊരു ചരിത്രകാലത്തിലേക്ക് ലോകം പ്രവേശിച്ചു. പലസ്തീൻ വിമോചനപ്പോരാട്ടത്തെയും ഇത് ബാധിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി യിസ്‌ഹാക് റാബിൻ (വലത്), വിദേശകാര്യമന്ത്രി ഷിമോൺ പെരസ്, പി.എൽ.ഒ നേതാവ് യാസർ അറഫാത്ത്
ഇസ്രായേൽ പ്രധാനമന്ത്രി യിസ്‌ഹാക് റാബിൻ (വലത്), വിദേശകാര്യമന്ത്രി ഷിമോൺ പെരസ്, പി.എൽ.ഒ നേതാവ് യാസർ അറഫാത്ത്

1990 ആഗസ്റ്റ് 2-ന് ഇറാഖ് നടത്തിയ കുവൈറ്റ് അധിനിവേശത്തോടെ പശ്ചിമേഷ്യയും അവിടുത്തെ ഭൗമ രാഷ്ട്രീയതാത്പര്യങ്ങളും വലിയ തോതിൽ മാറിമറിഞ്ഞു. ഇറാഖിനും സദ്ദാം ഹുസൈനുമൊപ്പം നിന്ന അറാഫത്തിന് അറബ് രാജ്യങ്ങളുടെ പിന്തുണ നഷ്ടമായിത്തുടങ്ങി. പശ്ചിമേഷ്യയിൽ യു. എസ് തങ്ങളുടെ സാമ്പത്തിക, സൈനിക താത്പര്യങ്ങൾ കൂടുതൽ ഉറപ്പിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തിരോധനത്തോടെ ലോകം അമേരിക്കയുടെ താത്പര്യങ്ങൾക്കൊപ്പം മാത്രം ചലിക്കാനും തുടങ്ങിയിരുന്നു. ഇതോടെ കൂടുതൽ വിലപേശലിന് ശേഷിയില്ലാതായ പി.എൽ.ഒ ഇസ്രായേലുമായി ഓസ്​ലോ കരാറിൽ ഒപ്പുവെച്ചു (1993 സെപ്റ്റംബർ 13). പതിവുപോലെ തങ്ങളുടെയും ഇസ്രായേലിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന കരാറിന്റെ പേരിൽ അതിന്റെ മുന്നണിയിലെ മൂന്നു പേർക്കും- ഇസ്രായേൽ പ്രധാനമന്ത്രി യിസ്‌ഹാക് റാബിൻ, വിദേശകാര്യമന്ത്രി ഷിമോൺ പെരസ്, പി.എൽ.ഒ നേതാവ് യാസർ അറഫാത്ത്- സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സമാധാനമാണ് "സമാധാനമായി" കണക്കുകൂട്ടിയത്. ഫലസ്തീനികളുടെ സമാധാന വാഗ്ദാനം അപ്പോഴും സാധ്യമായില്ല. അൻവർ സാദത്തിന്റെ വിധി ഇത്തവണ കാത്തിരുന്നത് കരാറിൽ ഒപ്പിട്ട യിസ്ഹാക് റാബിനെയായിരുന്നു.1995 നവംബർ 4-ന് ടെൽ-അവീവിൽ വെച്ച് ഒരു ജൂത തീവ്രവാദി റാബിനെ വധിച്ചു.

2009 നവംബറിൽ അന്താരാഷ്ട്ര ആണവോർജ്ജ നിയന്ത്രണ സമിതിയിൽ യു.എസിനൊപ്പം ചേർന്ന് ഇറാനെതിരെ ഇന്ത്യ വോട്ടു ചെയ്തത് ആഗോള ഭൗമ- രാഷ്ട്രീയത്തിൽ ഇന്ത്യ യു.എസിന്റെ വിധേയന്മാരുടെ പട്ടികയിലേക്ക് കയറുന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമായിരുന്നു

ഇന്ത്യയും വേഗം പുതിയ ലോകസാഹചര്യങ്ങളിൽ മാറിത്തുടങ്ങി, യു.എസിന്റെ മേൽക്കോയ്മ അംഗീകരിച്ചു. സാമ്പത്തിക ഉദാരവത്ക്കരണ പ്രക്രിയ വേഗത്തിലായി. ആഗോള മൂലധനത്തിന്റെ മറ്റൊരു മേച്ചിൽപ്പുറമായി രാജ്യം മാറി. വിദേശനയത്തിലും ഇതെല്ലാം പ്രതിഫലിച്ചു. 1992 ജനുവരിയിൽ ഇന്ത്യ ഇസ്രായേലുമായി പൂർണതോതിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചു. 2009 നവംബറിൽ അന്താരാഷ്ട്ര ആണവോർജ്ജ നിയന്ത്രണ സമിതിയിൽ (IAEA) യു.എസിനൊപ്പം ചേർന്ന് ഇറാനെതിരെ ഇന്ത്യ വോട്ടു ചെയ്തത് ആഗോള ഭൗമ- രാഷ്ട്രീയത്തിൽ ഇന്ത്യ യു.എസിന്റെ വിധേയന്മാരുടെ പട്ടികയിലേക്ക് കയറുന്നതിന്റെ പ്രകടമായ ദൃഷ്ടാന്തവും പശ്ചിമേഷ്യയിലെ ഇന്ത്യയുടെ വിദേശനയവും നിലപാടുകളും മാറുന്നതിന്റെ സൂചനയുമായിരുന്നു.

Photo: Bajrangdal / Twitter
Photo: Bajrangdal / Twitter

തീവ്രവലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റ് കക്ഷിയായ ബി ജെ പി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ (2014) കേന്ദ്രഭരണത്തിലെത്തിയതോടെ സങ്കുചിത ദേശീയവാദത്തിന്റെയും മുസ്‌ലിം വിരോധത്തിന്റെയും സമാനരാഷ്ട്രീയം പങ്കുവെക്കുന്ന രാജ്യങ്ങളായി ഇന്ത്യയും ഇസ്രയേലും മാറി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച സംഘപരിവാർ രാജ്യം ഭരിക്കുമ്പോൾ ജൂതമതരാഷ്ട്രമായ ഇസ്രായേൽ ഒരു മാതൃകയാവുകയാണ്. ഒപ്പം അത് സംഘപരിവാറിന്റെ ശത്രുനിർമ്മാണത്തിലെ ആദ്യപേരുകാരായ മുസ്‍ലിംകളെ എതിർപക്ഷത്തുനിർത്തിയാണ് ചെയ്യുന്നത് എന്നുകൂടി വരുമ്പോൾ അതിനോട് സംഘപരിവാറിന്റെ അടുപ്പം ഒന്നുകൂടി ദൃഢമാകുന്നു. ആഭ്യന്തര ശത്രുവിനെ ഉണ്ടാക്കുന്ന പരിപാടിയിൽ ദശലക്ഷക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്ത നാസികളുടെ മറ്റൊരു രൂപമായി ഇസ്രായേലെന്ന രാജ്യം മാറുമ്പോൾ എങ്ങനെയാണോ നാസി ജർമ്മനിയെ ന്യൂനപക്ഷ വംശഹത്യക്ക് ഗോൾവാർക്കർ മാതൃകയാക്കിയത് അതേ മാതൃക ഇസ്രായേൽ പലസ്തീൻകാർക്ക് നേരെ നടത്തുന്ന ആക്രമണത്തിലും സംഘപരിവാറിന് കാണാം. ഈ സങ്കുചിത മതദേശീയതയുടെ ചാർച്ച മോദിയുടെ ഇന്ത്യക്കും ഇസ്രായേലിനുമിടയിലുണ്ട്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. തൊട്ടടുത്ത വര്ഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചു.

പലസ്തീൻ പ്രശ്നത്തെ കേവലം ഇസ്‌ലാമിക മതഭീകരതയാക്കി വ്യാജചിത്രീകരണം നടത്താനും ആക്രമിക്കാനും മുസ്‌ലീം വിരുദ്ധത രാഷ്ട്രീയ അജണ്ടയാക്കിയ ഒരു തീവ്ര വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടത്തിനെ തങ്ങളുടെ ആഗോളസഖ്യത്തിലേക്ക് ഇസ്രായേലിനും ആവശ്യമുണ്ട്.

പൗരസമൂഹത്തെ അതിസൂക്ഷ്മമായി നുഴഞ്ഞുകയറി നിരീക്ഷിക്കുകയും പൊതുസമൂഹത്തിന്റെ ജനാധിപത്യ സ്വഭാവത്തെ അട്ടിമറിക്കുകയും ഭരണസംവിധാനത്തെ അതിഭീകരമായവിധത്തിൽ ഹിംസാത്മകമായി നിലനിർത്തുകയും ചെയ്യുന്ന കാര്യത്തിൽ മോദി സർക്കാരിന്റെ ഏറ്റവും അനുരൂപ പങ്കാളിയാണ് ഇസ്രായേൽ. ഭരണകൂട ഭീകരതയുടെ നടത്തിപ്പിന് ലോകത്തെ വലതുപക്ഷ ഭരണകൂടങ്ങൾക്കും യു. എസ് ചേരിയിലെ രാജ്യങ്ങൾക്കും ഇസ്രായേൽ നിരന്തരസഹായം നൽകുന്നുണ്ട്. ഇന്ത്യൻ സർക്കാർ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും പൗരാവകാശ പ്രവർത്തകരെയും മധ്യപ്രവർത്തകരേയുമെല്ലാം രഹസ്യമായി നിരീക്ഷിക്കാനും വിവരം അവരുടെ ആശയവിനിമയം ചോർത്താനുമായി ഉപയോഗിച്ച പെഗാസസ് സോഫ്റ്റ്​വെയർ ഇന്ത്യൻ സർക്കാർ വാങ്ങിയത് ഇസ്രായേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ NSO group -ൽ നിന്നാണ്. പലസ്തീൻ വിമോചനപ്പോരാട്ടത്തിൽ അതിന്റെ ചരിത്രപരമായ ഗതിവിഗതികളിൽ ഇപ്പോൾ ഇസ്‌ലാമിക രാഷ്ട്രീയസംഘടനയായ ഹമാസ് പോലുള്ള സംഘടനകൾ മുന്നിലുള്ളപ്പോൾ പലസ്തീൻ പ്രശ്നത്തെ കേവലം ഇസ്‌ലാമിക മതഭീകരതയാക്കി വ്യാജചിത്രീകരണം നടത്താനും ആക്രമിക്കാനും മുസ്‌ലീം വിരുദ്ധത രാഷ്ട്രീയ അജണ്ടയാക്കിയ ഒരു തീവ്ര വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടത്തിനെ തങ്ങളുടെ ആഗോളസഖ്യത്തിലേക്ക് ഇസ്രായേലിനും ആവശ്യമുണ്ട്.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ മട്ടിലാക്കുന്ന അറബ് രാജ്യങ്ങളെല്ലാം ആദ്യം ചെയ്യുന്നത് ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങിക്കൂട്ടലാണ്. 2020-ലെ അബ്രഹാം ഉടമ്പടിക്ക് ശേഷം അതിലുൾപ്പെട്ട അറബ് രാജ്യങ്ങളും ഇസ്രായേലുമായുള്ള ആയുധവ്യാപാരം 2021-ൽ 7% ആയിരുന്നത് 2022-ൽ 24% ആയി
ഇസ്രായേലുമായുള്ള ബന്ധം സാധാരണ മട്ടിലാക്കുന്ന അറബ് രാജ്യങ്ങളെല്ലാം ആദ്യം ചെയ്യുന്നത് ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങിക്കൂട്ടലാണ്. 2020-ലെ അബ്രഹാം ഉടമ്പടിക്ക് ശേഷം അതിലുൾപ്പെട്ട അറബ് രാജ്യങ്ങളും ഇസ്രായേലുമായുള്ള ആയുധവ്യാപാരം 2021-ൽ 7% ആയിരുന്നത് 2022-ൽ 24% ആയി

ഇന്ത്യയുമായുള്ള ഇസ്രായേൽ ബന്ധം ഇത്തരം സങ്കുചിത രാഷ്ട്രീയ ഭരണകൂട ഭ്രാതൃത്വം മാത്രമല്ല, അത് സൈനിക സഹകരണത്തിന്റെയും ആയുധക്കച്ചവടത്തിന്റെയും മേഖലകളിൽ ഉറച്ചുകഴിഞ്ഞു. ചരിത്രപരമായ പല കാരണങ്ങളാലും റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാർ. എന്നാൽ സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനുശേഷം റഷ്യയുടെ പങ്ക് കുറഞ്ഞുവരികയാണ്. പകരം അവിടേക്ക് കയറിവന്നത് ഇസ്രായേലാണ്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ വ്യാപാരി ഇസ്രായേലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യ വാങ്ങിയത് 1.8 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ്. ഇസ്രായേലിന്റെ ഏറ്റവും വലിയ വരുമാനങ്ങളിലൊന്ന് ആയുധ വ്യാപാരമാണ്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ മട്ടിലാക്കുന്ന അറബ് രാജ്യങ്ങളെല്ലാം ആദ്യം ചെയ്യുന്നത് ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങിക്കൂട്ടലാണ്. 2020-ലെ അബ്രഹാം ഉടമ്പടിക്ക് ശേഷം അതിലുൾപ്പെട്ട അറബ് രാജ്യങ്ങളും ഇസ്രായേലുമായുള്ള ആയുധവ്യാപാരം 2021-ൽ 7% ആയിരുന്നത് 2022-ൽ 24%-മായി. പലസ്തീൻ വിഷയത്തിൽ ഇപ്പോൾ അറബ് രാജ്യങ്ങൾ കണ്ണുപൊത്തിക്കളിക്കുന്നത് ഇത്തരം പല കാരണങ്ങളും കൊണ്ടാണ്. 2022-ൽ 12.5 ബില്യൺ ഡോളറാണ് ഇസ്രായേലിന്റെ ആയുധക്കയറ്റുമതി വരുമാനം. അതിനു മുമ്പുള്ള ഒരു പതിറ്റാണ്ടുമായി തട്ടിച്ചുനോക്കിയാൽ ഏതാണ്ട് ഇരട്ടിയായി വർധിച്ചു. യുദ്ധം വിറ്റു ജീവിക്കുന്ന രാജ്യമാണത്. സമാധാനത്തിന്റെ ഭാഷ അതിന് അന്യമാണ്.

അറബ് രാജ്യങ്ങൾക്കിടയിലെ തർക്കങ്ങളും മേഖലയിലെ സംഘർഷവും നിലനിർത്തുക എന്നത് യു എസ് താത്പര്യം കൂടിയാണ്. ഇന്ത്യയെ ചൈനാവിരുദ്ധ ആഗോള പദ്ധതിയിലേക്ക് ചേർക്കാനുള്ള യു.എസ് ശ്രമങ്ങൾക്ക് ഇന്ത്യ വഴങ്ങുകയുമാണ്.

പലസ്തീൻ പ്രശ്നത്തെ മൂടിക്കൊണ്ട് ആഗോള മൂലധനത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾ ഇസ്രായേലിനെ ആഗോളസ്വീകാര്യതയിലേക്ക് കൊണ്ടുവന്നുകഴിഞ്ഞു. ലോകത്ത് യു.എസിന്റെ ഏകധ്രുവലോക ക്രമത്തിനെ ഇളക്കിക്കൊണ്ട് ചൈന സാവകാശം തങ്ങളുടെ സ്വാധീനമേഖലകൾ വികസിപ്പിക്കുകയാണ്. സൈനിക സാന്നിധ്യത്തിലൂടെയല്ലാതെ സാമ്പത്തിക ഇടപെടലുകളും ആഫ്രിക്ക അടക്കമുള്ള ഭൂപ്രദേശങ്ങളിലെ വ്യാപാര സാന്നിധ്യവുമായി ചൈന യു.എസ് -യൂറോപ്പ് ചേരിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ചൈനയുമായി ഒരു സാമ്പത്തിക യുദ്ധം യു.എസിനെ സംബന്ധിച്ച് ഇപ്പോൾ സാധ്യമല്ല. ചൈനയ്ക്കും തിരിച്ചൊരു ഏറ്റുമുട്ടൽ എളുപ്പമല്ല. എന്നാൽ വരാനിരിക്കുന്ന ദശാബ്ദങ്ങളിൽ ലോകക്രമത്തിന്റെ കടിഞ്ഞാൺ ആർക്കാകണം എന്ന പോര് നടന്നുകൊണ്ടിരിക്കുകയാണ്. അതിന് പല തരത്തിലും യു.എസ് ചൈനക്കെതിരായ മുന്നണികൾ തുറക്കുന്നുണ്ട്. അതിൽ ഇന്ത്യയെ പങ്കാളിയാക്കാനുള്ള വലിയ ശ്രമങ്ങളും അതിന് ഒരു പരിധിവരെ ഇന്ത്യയുടെ സന്നദ്ധതയുമുണ്ട്. ആസ്‌ട്രേലിയ, ജപ്പാൻ, യു.എസ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഒരു കൂട്ടായ്മ (The Quad-Quadrilateral Security Dialogue) രൂപപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്.

എണ്ണ  വ്യാപാരം മാറ്റിനിർത്തിയാൽ സൗദി അറേബ്യയുടെയും യു എ ഇ-യുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.
എണ്ണ വ്യാപാരം മാറ്റിനിർത്തിയാൽ സൗദി അറേബ്യയുടെയും യു എ ഇ-യുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.

പശ്ചിമേഷ്യയിലെ രാജ്യങ്ങളുമായി ചൈനയുടെ വ്യാപാരബന്ധം വമ്പിച്ച വളർച്ചയാണുണ്ടാക്കുന്നത്. ജി.സി.സിയുമായുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന സ്ഥാനം 2020-ൽ യൂറോപ്യൻ യൂണിയനെ മറികടന്ന് ചൈന നേടി. എണ്ണ വ്യാപാരം മാറ്റിനിർത്തിയാൽ സൗദി അറേബ്യയുടെയും യു എ ഇ-യുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. പൊതുവെ തങ്ങളെ ബാധിക്കാത്ത ആഗോള സംഘർഷങ്ങളിലോ തർക്കങ്ങളിലോ പക്ഷം പിടിക്കാതിരിക്കുക എന്ന തന്ത്രപരമായ സമീപനമാണ് ചൈന സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ തർക്കങ്ങളിൽ ഒരു മധ്യസ്ഥവേഷത്തിലേക്ക് ചൈന തങ്ങളുടെ വ്യാപാരസ്വാധീനം ഉപയോഗിച്ച് കടക്കുന്നു എന്ന ഭീതി യു.എസിനും യൂറോപ്പിനുമുണ്ട്. ഇതിനെ ശരിവെക്കുന്നതാണ് ഈ വര്ഷം സൗദി അറേബ്യയും ഇറാനും തമ്മിൽ ചൈനയുടെ മധ്യസ്ഥതതയിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ്. യു.എസിനെ സംബന്ധിച്ച് ഇത് വലിയൊരു ആഘാതമാണ്. അതുകൊണ്ടുതന്നെ അറബ് രാജ്യങ്ങൾക്കിടയിലെ തർക്കങ്ങളും മേഖലയിലെ സംഘർഷവും നിലനിർത്തുക എന്നത് യു എസ് താത്പര്യം കൂടിയാണ്. ഇന്ത്യയെ ഈ ചൈനാവിരുദ്ധ ആഗോള പദ്ധതിയിലേക്ക് ചേർക്കാനുള്ള യു.എസ് ശ്രമങ്ങൾക്ക് ഇന്ത്യ വഴങ്ങുകയുമാണ്.

2020-ൽ യു.എസിന്റെ സജീവശ്രമത്തിൽ ഇസ്രയേലുമായുള്ള ബന്ധം സാധാരണ മട്ടിലാക്കാനുള്ള തീരുമാനത്തോടെ യു.എ.ഇ-യും ബഹ്റൈനും അബ്രഹാം ഉടമ്പടിയിൽ (2020 സെപ്റ്റംബർ 15) ഒപ്പുവെച്ചു. പിന്നാലെ മൊറോക്കോയും സുഡാനും ഇതിൽ പങ്കാളികളായി. ഇതിലേക്ക് കൂടുതൽ അറബ് രാജ്യങ്ങളെ ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുകയുമാണ്. പലസ്തീൻ ഇതിനിടയിൽ വിസ്മരിക്കപ്പെട്ടൊരു ഭൂഭാഗവും പലസ്തീനികൾ തിരസ്കരിക്കപ്പെട്ടൊരു ജനതയുമായി മാറി.

ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെയും ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തിന്റെയും നടത്തിപ്പുകാരൻ അദാനിയാണ് എന്നറിയുന്നതോടെ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുകതന്നെയായിരിക്കും ചെയ്യുക.

ഇന്ത്യയും ഈ ഇസ്രായേൽ- യു.എസ് പരിശ്രമത്തിലേക്ക് കണ്ണിചേർന്നു. ഇന്ത്യ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ), യു.എസ് എന്നീ രാജ്യങ്ങളുടെ സംഘം (I2U2) പരസ്പര നിക്ഷേപങ്ങളും സഹകരണവും വർധിപ്പിക്കാൻ തീരുമാനിച്ചുള്ള സംയുക്ത പ്രസ്താവന 2022 ജൂലായ് 14-നു പുറപ്പെടുവിച്ചു. ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് ഇനീഷിയേറ്റീവിനെ (Belt and Road Initiative- BRI) ദുർബ്ബലമാക്കാൻ കൂടി ലക്ഷ്യമിടുന്ന ഇന്ത്യ- മിഡിലീസ്റ്റ്- യൂറോപ്പ് ഇക്കണോമിക് കോറിഡോർ (India-Middle East-Europe Economic Corridor- IMEC) ഇന്ത്യ, യു.എസ്, ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ, ഇറ്റലി, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂണിയൻ എന്നിവർ ചേർന്ന് ഒപ്പിട്ടുകഴിഞ്ഞു. ഇന്ത്യയും അറേബ്യ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന ഒരു കിഴക്കൻ ഇടനാഴിയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഒരു വടക്കൻ ഇടനാഴിയുമാണ് ഇതിലുണ്ടാവുക. ഇന്ത്യയിലെ മുംബൈ,മുന്ദ്ര തുറമുഖങ്ങളെ യു.എ.ഇയിലെ തുറമുഖവുമായി ബന്ധിപ്പിക്കും. അവിടെനിന്നും സൗദി അറേബിയയിലെ തുറമുഖങ്ങളുമായും ഇടനാഴി തുറക്കും. റെയിൽവേ പാത യു.എ.ഇയിൽ നിന്നും ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്കും സൗദിയിൽ നിന്ന് ജോർദാനിലേക്കും തുറക്കും. ഹൈഫ തുറമുഖത്തുനിന്നും ഗ്രീസിലെ പെയ്‌ര്യൂസ് തുറമുഖത്തിലേക്കും അവിടെനിന്ന് ഇറ്റലിയിലെയും ഫ്രാൻസിലെയും തുറമുഖങ്ങളിലേക്കും ഇടനാഴി വികസിക്കും. ഈ ഇടനാഴി പദ്ധതി നടപ്പാക്കുമ്പോൾ തങ്ങളെ ഉൾപ്പെടുത്തിയില്ലെന്നതും മേഖലയിൽ തങ്ങളുടെ സ്വാധീനത്തെ അത് ചെറുതാക്കുമെന്നുള്ള തുർക്കിയുടെ എതിർപ്പാണ് നിലവിലുള്ള ഒരു പ്രശ്നം. എന്തായാലും ഇന്ത്യയുടെ വ്യാപാര,വാണിജ്യ താത്പര്യങ്ങൾ ഇസ്രയേലും പശ്ചിമേഷ്യയുമായി വലിയ തോതിൽ ബന്ധപ്പെട്ടുകയാണ്.

ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെയും ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തിന്റെയും നടത്തിപ്പുകാരൻ അദാനിയാണ് എന്നറിയുന്നതോടെ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുകതന്നെയായിരിക്കും ചെയ്യുക.
ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെയും ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തിന്റെയും നടത്തിപ്പുകാരൻ അദാനിയാണ് എന്നറിയുന്നതോടെ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുകതന്നെയായിരിക്കും ചെയ്യുക.

ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെയും ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തിന്റെയും നടത്തിപ്പുകാരൻ അദാനിയാണ് എന്നറിയുന്നതോടെ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുകതന്നെയായിരിക്കും ചെയ്യുക. ഇന്ത്യയിലെ ഇസ്രായേൽ നയതന്ത്ര പ്രതിനിധിയായിരുന്ന റോൺ മാൽക്ക അദാനിയുടെ ഹൈഫ തുറമുഖത്തിന്റെ തലവനായി നിയമിക്കപ്പെട്ടു. 2021 പകുതി വരെ ഇന്ത്യയിൽ നയതന്ത്ര പ്രതിനിധിയായിരുന്ന മാൽക്ക ആർക്കുവേണ്ടിയാണ് പണിയെടുത്തിരുന്നത് എന്നത് തൊട്ടുപിന്നാലെ അദാനിയുടെ കമ്പനിയിൽ ചേർന്നതിൽ നിന്നും മനസിലാകും. കോർപ്പറേറ്റ് മൂലധനവും സൈനിക താത്പര്യങ്ങളും തീവ്ര വലതുപക്ഷ രാഷ്ട്രീയവും ചേർന്ന മാരകമായൊരു മിശ്രിതമാണ് ഇപ്പോൾ ഇന്ത്യ- ഇസ്രായേൽ ബന്ധം.

ഇസ്രയേലിന്റെ ഗാസ അധിനിവേശ യുദ്ധത്തിനെ സംശയങ്ങളില്ലാതെ തള്ളിപ്പറഞ്ഞത് ലോകത്തെ ഇടതുപക്ഷ സർക്കാരുകളാണ് എന്നത് കാണാതെപോകരുത്.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം സകല അന്താരാഷ്ട്ര മാനുഷിക മര്യാദകളുടെയും നിയമങ്ങളുടെയും ലംഘനങ്ങളായി അനുദിനം രൂക്ഷമാവുകയാണ്. അഭയാർത്ഥി താവളങ്ങളിലടക്കം നടത്തുന്ന ആക്രമണങ്ങളിൽ കുട്ടികളടക്കം നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും കൊല്ലപ്പെടുന്നത്. ഇസ്രായേൽ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങളിൽ മരിച്ചാൽ തിരിച്ചറിയാൻ വേണ്ടി കുട്ടികളുടെ കൈകാലുകളിൽ അവരുടെ പേരെഴുതി വെക്കുന്ന അമ്മമാർക്ക് കരയാൻപോലും സമയമില്ലാതെ അക്ഷരാർത്ഥത്തിൽ നരകം പെയ്യുന്ന ഭൂമിയായി മാറിയിരിക്കുന്നു ഗാസ. അടച്ചുപൂട്ടിയ ഈജിപ്ത്ത് അതിർത്തിയിലെ റാഫ കവാടത്തിൽ, 23 ലക്ഷം പേരിൽ 14 ലക്ഷം പേർ തെരുവിൽ അഭയാർത്ഥികളായ, 80% മനുഷ്യർ ഭക്ഷണത്തിനായി യു.എൻ ഭക്ഷണവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നു. വെള്ളവും ഭക്ഷണവും വൈദ്യുതിയുമടക്കം മനുഷ്യ ജീവിതത്തെ സാധ്യമാക്കുന്ന എല്ലാം അതിവേഗം അവസാനിക്കുന്ന ഗാസയിലേക്ക് കേവലം 20 ട്രക്കുകൾ സഹായസമഗ്രികളുമായി കടത്തിവിടണോ എന്നതുപോലും തീരുമാനിക്കാൻ ദിവസങ്ങളെടുത്തു. 23 ലക്ഷം മനുഷ്യർക്ക് 20 വണ്ടി സഹായം! ഗാസയിലെ 150 വിദ്യാലയങ്ങളിലായി ഏതാണ്ട് ആറ് ലക്ഷം മനുഷ്യരാണ് കഴിയുന്നത്. വംശഹത്യയുടെ പുത്തൻ രീതികളാണ് ഇസ്രായേൽ പയറ്റുന്നത്. വെസ്റ്റ് ബാങ്കിന് അപ്പുറത്തായി പണിത വർണ്ണവെറിയൻ മതിൽ (Apartheid wall ) ഇതിന്റെ മറ്റൊരു പതിപ്പാണ്.

കൊളോണിയൽ വാഴ്ചയുടെയും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യു.എസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ- മുതലാളിത്ത ഭീകരതയുടെയും ഏറ്റവും ഹീനമായ മുറിവാണ് പലസ്തീൻ. മൂലധനവും ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളും കൈകോർക്കുമ്പോൾ അതെങ്ങനെയാണ് ഒരു ജനതയെ വഞ്ചിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇസ്രയേലും യു. എസുമായി കൈകോർക്കുന്ന അറബ് രാജ്യങ്ങൾ. ലോകത്തെ തീവ്ര വലതുപക്ഷ ഭരണകൂടങ്ങളുടെയും അവയുടെ കോർപ്പറേറ്റ് താത്പര്യങ്ങളുടെയും കൂട്ടത്തിലേക്ക് ആവേശത്തോടെ കയറിനിൽക്കുന്ന മോദി സർക്കാർ ഇന്ത്യയെ അതിന്റെ ഉജ്ജ്വലമായ കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന പോരാട്ടത്തിന്റെ ചരിത്രഗരിമയിൽ നിന്നും താഴേക്ക് വലിച്ചിടുകയാണ്. എങ്ങനെയാണ് വലതുപക്ഷ രാഷ്ട്രീയം; ലോകത്തെ വീണ്ടും ആക്രമിക്കാൻ പോകുന്നത് എന്നത് രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ഏറ്റവും വലിയ ഭീഷണിയുടെ രൂപത്തിൽ ഇപ്പോൾ തെളിഞ്ഞുവരികയാണ്.

നമ്മൾ മാത്രമല്ല ലോകവും എങ്ങനെയൊക്കെ ജീവിക്കണമെന്നതിന് നമ്മുടെ രാഷ്ട്രീയവും നമ്മുടെ നിശ്ശബ്ദതയും കാരണമാണെന്നത് ഗാസയിൽ ചിതറുന്ന മനുഷ്യർ നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

ഇസ്രയേലിന്റെ ഗാസ അധിനിവേശ യുദ്ധത്തിനെ സംശയങ്ങളില്ലാതെ തള്ളിപ്പറഞ്ഞത് ലോകത്തെ ഇടതുപക്ഷ സർക്കാരുകളാണ് എന്നത് കാണാതെപോകരുത്. കാരണം അതൊരു രാഷ്ട്രീയമാണ്. ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചു. ചിലെയും കൊളംബിയയും തങ്ങളുടെ നയതന്ത്രപ്രതിനിധികളെ ടെൽ- അവീവിൽ നിന്ന് തിരിച്ചുവിളിച്ചു. ഗാസയിലെ ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് ബ്രസീൽ ആവശ്യപ്പെട്ടു. "പലസ്തീൻ ജനതയുടെ കൂട്ടക്കൊലയാണ്" ഗാസയിൽ നടക്കുന്നതെന്ന് പറഞ്ഞ കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡണ്ട് ഗുസ്താവോ പെട്രോ, "ഈ വംശഹത്യ നടത്തുന്ന രാഷ്ട്രത്തലവൻ മനുഷ്യരാശിക്കെതിരായ കുറ്റവാളിയാണ്" എന്നാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞ ചിത്രം പങ്കുവെച്ച് എഴുതിയത്. 2009-ലും ഗാസ ആക്രമണത്തെ തുടർന്ന് ഇവോ മൊറാലിസിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ബൊളീവിയൻ സർക്കാർ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു. പിന്നീട് വന്ന വലതുപക്ഷ സർക്കാരാണ് അത് പുനഃസ്ഥാപിച്ചത്. യു എൻ രക്ഷാസമിതിയിലെ അസ്ഥിരാംഗമായ ബ്രസീൽ ഗാസ ആക്രമണത്തിന് മനുഷ്യത്വപരമായ നിർത്തിവെക്കൽ വേണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം യു.എസ് വീറ്റോ ചെയ്യുകയായിരുന്നു.

ഇത്തരത്തിലുള്ള യാതൊരു ധർമസംഘാതങ്ങളുമില്ലാതെ ഇസ്രായേലിന് പിന്തുണ കൊടുക്കാൻ നരേന്ദ്ര മോദിക്കും ബി ജെ പി സർക്കാരിനും കഴിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, പലസ്തീൻകാരോട് ഇസ്രായേൽ ചെയ്യുന്നത് മറ്റൊരു രൂപത്തിൽ തനിക്ക് സാധ്യമായ അളവിൽ ചെയ്തയാളാണ് മോദിയും സംഘപരിവാറും എന്നതുകൊണ്ടാണ്. ആയിരക്കണക്കിന് മുസ്‍ലിംകളെ കൊന്ന ഗുജറാത്ത് കലാപത്തിന് ഭരണകൂട ഒത്താശ ചെയ്തുകൊടുത്ത മോദി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയ കുറ്റവാളികളുടെ പട്ടികയിൽ പെടുത്തേണ്ടയാളാണ്. അതുകൊണ്ടുതന്നെ സംഘടിതമായ വർഗീയ കലാപങ്ങളും വംശഹത്യയും തങ്ങളുടെ രാഷ്ട്രീയപദ്ധതിയുടെ ഭാഗമാക്കിയ സംഘ്പരിവാറിനും അതിന്റെ സർക്കാരിനും ഇസ്രയേലും സയണിസ്റ്റുകളും ഹിംസയുടെ വേതാളനൃത്തവും തങ്ങളുടെതന്നെ പതിപ്പുകളായി തോന്നുക സ്വാഭാവികമാണ്.

നമ്മൾ മാത്രമല്ല ലോകവും എങ്ങനെയൊക്കെ ജീവിക്കണമെന്നതിന് നമ്മുടെ രാഷ്ട്രീയവും നമ്മുടെ നിശ്ശബ്ദതയും കാരണമാണെന്നത് ഗാസയിൽ ചിതറുന്ന മനുഷ്യർ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ കൈകാലുകളിൽ എഴുതിയിരിക്കുന്നത് അവരുടെ പേരുകൾ മാത്രമല്ല, ലോകത്തിലെ അവസാനത്തെ മനുഷ്യന്റെയും പേരാണ്.

Comments