റോം സ്റ്റാറ്റൂട്ട്

സംഘർഷങ്ങൾക്കും വികസിതരാജ്യങ്ങളുടെ അവസരവാദത്തിനുമിടയിലെ അന്താരാഷ്ട്ര നീതി

ആഗോള സംഘർഷങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്ത് തരത്തിലുള്ള നിലപാടാണ് എടുക്കുന്നത്? വികസിത രാജ്യങ്ങളുടെ അവസരവാദപരമായ നിലപാട് നീതി ഉറപ്പാക്കുന്നതിനെ പ്രതിസന്ധിയിലാക്കുന്നു. ജൂലൈ 17-ന് അന്താരാഷ്ട്രനീതി ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ കെ.എം. സീതി എഴുതുന്നു.


ന്താരാഷ്ട്ര നീതി എന്ന ആശയം ഉദ്ഘോഷിക്കുന്നത് എല്ലാ രാജ്യങ്ങളും രാജ്യാന്തരതലത്തിലെ വ്യവഹാരമണ്ഡലങ്ങളിൽ തുല്യമായി പരിഗണിക്കപ്പെടുകയും നീതി പ്രാപ്യമാക്കുകയും ചെയ്യുന്ന ന്യായവും നിയമാധിഷ്ഠിതവുമായ ഒരു ആഗോളവ്യവസ്ഥയാണ്. ഇതിൽ വലുതോ ചെറുതോ, സമ്പന്നരോ, ദരിദ്രരോ, ശക്തരോ അല്ലെങ്കിൽ അശക്തരോ എന്ന ഭേദമില്ല. ഭരണകൂടങ്ങൾ ഇതിന്റെ മൗലിക അടിത്തറയെ ഇന്ന് വികലമാക്കി സൗകര്യപൂർണമായ ഇടങ്ങളിലേക്ക് ചുരുക്കിയിരിക്കുന്നു.

എല്ലാ വർഷവും ജൂലൈ 17-ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളും അന്താരാഷ്ട്രസ്ഥാപനങ്ങളും സർക്കാരിതരസംഘടനകളും 1998-ൽ റോം സ്റ്റാറ്റൂട്ട് അംഗീകരിച്ചതിന്റെയും അന്താരാഷ്ട്രക്രിമിനൽ കോടതി (ഐസിസി) രൂപീകരണത്തിന്റെയും സ്മരണയ്ക്കായി ആഗോളതലത്തിൽ അന്താരാഷ്ട്രനീതി ദിനം ആചരിക്കുന്നു. യുദ്ധക്കുറ്റങ്ങളുടെയും, വംശഹത്യയുടെയും അതിക്രമങ്ങളുടെയും ഇരകൾക്ക് എന്തെങ്കിലും പ്രത്യാശ നൽകുന്നതാണോ ഈ ആചരണം? വൈകിയാണെങ്കിലും അന്താരാഷ്ട്രനിയമത്തിലൂടെ ഇനിയും നീതി നേടാനാകുമെന്ന പ്രതീക്ഷ അവർക്കുണ്ടോ?

ലോകം ഇന്ന് അനിശ്ചിതത്വങ്ങളുടെയും സാധ്യതകളുടെയും ഇടയിലാണ്. യുദ്ധം യുക്രൈനെയും ഗാസയെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനു ഉത്തരവാദികളായവർ അന്താരാഷ്ട്രക്രിമിനൽ കോടതിയുടെ മുമ്പിൽ കുറ്റവാളികളാണ്. ഭീകരവാദം, വംശീയ ഉന്മൂലനം, ദാരിദ്ര്യം എന്നിവ വികസ്വരരാജ്യങ്ങളിൽ അനിയന്ത്രിതമായി തുടരുന്നു. വ്യാപാരത്തിലും ആഗോള സംവിധാനങ്ങളിലുമുള്ള അസമത്വങ്ങൾ പരിഹരിക്കപ്പെടാതെ പോവുന്നു. ‘അന്താരാഷ്ട്ര നീതി’ എന്ന ആശയം പലർക്കും - പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ - പൊള്ളയായ വാഗ്ദാനമായി അനുഭവപ്പെടുന്നു.

ലോകം ഇന്ന് അനിശ്ചിതത്വങ്ങളുടെയും സാധ്യതകളുടെയും ഇടയിലാണ്. യുദ്ധം യുക്രൈനെയും ഗാസയെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനു ഉത്തരവാദികളായവർ അന്താരാഷ്ട്രക്രിമിനൽ കോടതിയുടെ മുമ്പിൽ കുറ്റവാളികളാണ്.
ലോകം ഇന്ന് അനിശ്ചിതത്വങ്ങളുടെയും സാധ്യതകളുടെയും ഇടയിലാണ്. യുദ്ധം യുക്രൈനെയും ഗാസയെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനു ഉത്തരവാദികളായവർ അന്താരാഷ്ട്രക്രിമിനൽ കോടതിയുടെ മുമ്പിൽ കുറ്റവാളികളാണ്.

ലോകത്തിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടുന്നത് (Impunity) അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ചരിത്രപരമായ ഉടമ്പടിയായിരുന്നു റോം സ്റ്റാറ്റൂട്ട്. ഇതിൻ പ്രകാരം 2002-ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിതമായതോടെ, വംശഹത്യ, മനുഷ്യർക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയ്ക്ക് വ്യക്തികളെ (ഭരണകൂടങ്ങൾ മാത്രമല്ല) ഉത്തരവാദികളാക്കാൻ ലക്ഷ്യമിടുന്നു. മൊത്തം 125 രാജ്യങ്ങൾ റോം സ്റ്റാറ്റൂട്ട് അംഗീകരിച്ചിട്ടുണ്ട്. ഇതിൽ 33 രാജ്യങ്ങൾ ആഫ്രിക്കയിൽ നിന്നും, 19 രാജ്യങ്ങൾ ഏഷ്യ-പസഫിക് മേഖലയിൽ നിന്നും, 20 രാജ്യങ്ങൾ കിഴക്കൻ യൂറോപ്പിൽ നിന്നും, 28 രാജ്യങ്ങൾ ലാറ്റിൻ അമേരിക്കയിൽ നിന്നും കരീബിയൻ ദ്വീപുകളിൽ നിന്നും, 25 രാജ്യങ്ങൾ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവയാണ് ദക്ഷിണേഷ്യയിൽ നിന്നുള്ള രാജ്യങ്ങൾ. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും കമ്പോഡിയയും ടിമോർ-ലെസ്റ്റും മാത്രമാണ് ചേർന്നത്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ആഗോളനീതിയുടെ പ്രധാനഭാഗമായി കാണുന്നുവെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റോം സ്റ്റാറ്റൂട്ടിൽ കക്ഷിയായിട്ടില്ല. പരമാധികാരം, വിദേശഇടപെടൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് കാരണം.

ജൂലൈ 17 ആചരിക്കുന്നത് ഒരു പ്രതീകാത്മക ദിനമായിട്ടല്ല. നീതിയാൽ നയിക്കപ്പെടുന്ന ഒരു ലോകത്തിനായുള്ള അന്താരാഷ്ട്രസമൂഹത്തിന്റെ അഭിലാഷങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. ഗൗരവമായ ശ്രമങ്ങൾക്കിടയിലും അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇന്ന് വിശ്വാസ്യതയുടെ കാര്യത്തിൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഒരു അന്താരാഷ്ട്ര ട്രിബ്യൂണലായി പ്രവർത്തിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, ഐസിസിയുടെ അധികാരപരിധി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അത് രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്രനീതിയുടെ സാർവത്രികതയെയും നിഷ്പക്ഷതയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് ശക്തരായ ചില രാജ്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ചേരാനോ സഹകരിക്കാനോ വിസമ്മതിച്ചു നിൽക്കയാണ്.

അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ഇസ്രായേൽ, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ റോം സ്റ്റാറ്റൂട്ടിൽ ഒപ്പുവെക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തവരുടെ ഗണത്തിൽ പെടുന്നു. അവർ ഉന്നയിക്കുന്ന ന്യായങ്ങൾ വ്യത്യസ്തമാണ്. "രാഷ്ട്രീയപ്രേരിത" വ്യവഹാരങ്ങളെക്കുറിച്ചുള്ള ഭയം, "ദേശീയപരമാധികാര"ത്തെക്കുറിച്ചുള്ള ആശങ്കകൾ, അല്ലെങ്കിൽ ഐസിസിയുടെ വിശാലമായ അധികാരപരിധിയോടുള്ള എതിർപ്പുകൾ... ഇവയെല്ലാം അവരുടെ ന്യായങ്ങളിൽ പെടും.

2002-ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിതമായതോടെ, വംശഹത്യ, മനുഷ്യർക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയ്ക്ക് വ്യക്തികളെ (ഭരണകൂടങ്ങൾ മാത്രമല്ല) ഉത്തരവാദികളാക്കാൻ ലക്ഷ്യമിടുന്നു.
2002-ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിതമായതോടെ, വംശഹത്യ, മനുഷ്യർക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയ്ക്ക് വ്യക്തികളെ (ഭരണകൂടങ്ങൾ മാത്രമല്ല) ഉത്തരവാദികളാക്കാൻ ലക്ഷ്യമിടുന്നു.

അമേരിക്ക 2000-ൽ ഉടമ്പടിയിൽ ഒപ്പുവെച്ചെങ്കിലും 2002-ൽ പിൻവാങ്ങി. അതിനുശേഷം അന്താരാഷ്ട്രകോടതിക്കെതിരെ ശക്തമായ ആരോപണങ്ങൾ അഴിച്ചുവിട്ടു. രണ്ടാം ഭരണം തുടങ്ങിയതോടെ പ്രസിഡൻ്റ് ട്രംപ് ഐസിസി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം പോലും ഏർപ്പെടുത്തി. അമേരിക്കയ്ക്കും അതിന്റെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനും നേരെയുള്ള എതിരെയുള്ള ഇടപെടലുകളെ മുൻനിർത്തിയാണ് ഐസിസിയെ ട്രംപ് ശക്തമായി വിമർശിച്ചത്. അമേരിക്കയോ ഇസ്രായേലോ റോം സ്റ്റാറ്റൂട്ടിൽ കക്ഷിയല്ലാത്തതുകൊണ്ടും, കോടതിയുടെ അധികാരം അംഗീകരിക്കാത്തതിനാലും ഐസിസിക്ക് ഇരു രാജ്യങ്ങളിലും അധികാരപരിധി ഇല്ലെന്ന് ട്രംപ് വാദിക്കുന്നു. അമേരിക്കൻ, ഇസ്രായേൽ ഉദ്യോഗസ്ഥരെയും സഖ്യസേനയെയും ഉൾപ്പെടുത്തി ഐസിസി അന്വേഷണം ആരംഭിച്ചതിനാണ് ട്രംപ് കോടതിയെ അധിക്ഷേപിച്ചത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ഇതിനെ അധികാര ദുർവിനിയോഗം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇസ്രായേലും അമേരിക്കയും യുദ്ധനിയമങ്ങൾ കർശനമായി പാലിക്കുന്ന സൈന്യങ്ങളുള്ള ജനാധിപത്യരാജ്യങ്ങളാണെന്ന് ട്രംപ് വാദിക്കുന്നു. ഈ രാജ്യങ്ങളിലെ പൗരർക്ക് മേൽ കോടതി അധികാരം ഉപയോഗിക്കുന്നത് അപകടകരമായ ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനോ അറസ്റ്റുചെയ്യാനോ ശ്രമിച്ച് അതുവഴി അമേരിക്കൻ പരമാധികാരത്തെ ഭീഷണിപ്പെടുത്തുകയും ദേശീയ സുരക്ഷയെയും വിദേശനയ താൽപ്പര്യങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും ട്രംപ് പറയുന്നു. അമേരിക്ക ലോകാരോഗ്യസംഘടനയ്ക്കും മനുഷ്യാവകാശ കൗൺസിലിനും നേരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയതും ഇത്തരം ന്യായങ്ങൾ മുൻനിർത്തിയാണ്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ആഗോളനീതിയുടെ പ്രധാനഭാഗമായി കാണുന്നുവെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റോം സ്റ്റാറ്റൂട്ടിൽ കക്ഷിയായിട്ടില്ല. പരമാധികാരം, വിദേശഇടപെടൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് കാരണം. ചൈന ഇത്തരം ചില സംവിധാനങ്ങളിൽ നിരീക്ഷകകരായി പങ്കെടുക്കുകയും അതിന്റെ ചില ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെങ്കിലും, സിൻജിയാങ്ങിലെ മനുഷ്യാവകാശപ്രശ്നങ്ങളും മറ്റും തിരിച്ചടിക്കുമോ എന്ന ആശങ്ക അവർക്കുണ്ട്. ടിബറ്റൻ പ്രശ്നത്തിലും ചൈനയ്ക്ക് ആശങ്കയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അന്താരാഷ്ട്രകോടതി അന്താരാഷ്ട്രവിഷയമായി ഇത് പരിഗണിക്കരുതെന്നും ചൈന വിശ്വസിക്കുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ക്രീമിയ പിടിച്ചടക്കിയതിനെതിരായ വിമർശനത്തെത്തുടർന്ന് 2016-ൽ റഷ്യ റോം സ്റ്റാറ്റൂട്ടിൽ നിന്നും പിൻവാങ്ങി. 2023-ൽ, യുക്രൈനിലെ യുദ്ധക്കുറ്റങ്ങൾക്ക് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരാംഗം കൂടിയായ റഷ്യയ്ക്ക് കിട്ടിയ തിരിച്ചടിയായിരുന്നു അത്. പുടിന്റെ വിദേശയാത്രകൾ പലതും ഇതുകാരണം റദ്ദുചെയ്തു. ഗുരുതരമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധാനന്തരം ന്യൂറംബർഗ്, ടോക്കിയോ വിചാരണങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. മാത്രമല്ല, വംശഹത്യ, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരായ സുപ്രധാന അന്താരാഷ്ട്ര രേഖകൾ തയ്യാറാക്കാനും റഷ്യ സഹായിച്ചു. അങ്ങനെയാണ് 2000-ൽ റോം സ്റ്റാറ്റൂട്ട് അംഗീകരിക്കുകയും ഒപ്പിടുകയും ചെയ്തത്. എന്നാൽ സാഹചര്യങ്ങൾ മാറിയപ്പോൾ പുടിൻ ഐസിസിയിൽ നിന്ന് പിന്മാറാനുള്ള റഷ്യയുടെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

അന്താരാഷ്ട്ര നിയമങ്ങളെ എല്ലാകാലത്തും വെല്ലുവിളിച്ച ഒരു രാജ്യമാണ് ഇസ്രായേൽ. 2000-ൽ ഇസ്രായേൽ റോം സ്റ്റാറ്റൂട്ടിൽ ഒപ്പുവെച്ചിരുന്നു, എന്നാൽ പലസ്തീനിലെ യുദ്ധക്കുറ്റങ്ങൾ ഐസിസി അന്വേഷിക്കാൻ തുടങ്ങിയതോടെ 2002-ൽ ഇസ്രായേൽ ഔദ്യോഗികമായി പിൻവാങ്ങി. 2024-ൽ, സിവിലിയരുടെ പട്ടിണിയും ഗാസയിലെ ജനങ്ങൾക്കെതിരായ മനഃപൂർവമായ ആക്രമണവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യോവ് ഗാലൻ്റിനും അന്താരാഷ്ട്രക്രിമിനൽകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെസ്റ്റ്ബാങ്ക്, ഗാസ, ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലെ ഇസ്രായേൽ സെറ്റിൽമെൻ്റുകൾ യുദ്ധക്കുറ്റങ്ങൾ ആയി കോടതി പ്രഖ്യാപിക്കുമെന്ന ആശങ്ക ഇസ്രായേലിന് എല്ലാ കാലത്തുമുണ്ടായിരുന്നു. ജനസംഖ്യാ കൈമാറ്റം സംബന്ധിച്ച അനുച്ഛേദം 8(2)(ബി)(viii) സ്റ്റാറ്റൂട്ടിൽ ഉൾപ്പെടുത്തിയതിൽ ഇസ്രായേലിന് ഉത്കണ്ഠയുണ്ട്.


അതേസമയം ഗാസ, യെമൻ, സുഡാൻ, മ്യാൻമർ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലകൾ സംഘർഷഭരിതമാണ്. ദശലക്ഷക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും പട്ടിണിയിലാകുകയും നാടുകടത്തപ്പെടുകയും മനുഷ്യത്വവിരുദ്ധമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെയൊന്നും വേണ്ടത്ര ശക്തമായ ഇടപെടൽ ഉണ്ടാവുന്നില്ല.

ഇന്ത്യയുടെ കാര്യം വിചിത്രമാണ്. അന്താരാഷ്ട്ര വേദികളിൽ മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന ഇന്ത്യ റോം സ്റ്റാറ്റ്യൂട്ടിൽ ഒപ്പുവെക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പരമാധികാരം, അധികാരപരിധി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ആണ് ഇതിനു പറയുന്ന കാരണം. യുഎൻ സെക്യൂരിറ്റി കൗൺസിലിന് സ്റ്റാറ്റ്യൂട്ടിനുള്ളിൽ നൽകിയിട്ടുള്ള അധികാരങ്ങളോട് ഇന്ത്യ വിയോജിക്കുകയും ഐസിസി അധികാരപരിധിയിൽ ഭീകരവാദവും ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രധാന കുറ്റകൃത്യങ്ങളായി പ്രഖ്യാപിക്കാത്തതിനെ വിമർശിക്കുകയും ചെയ്യുന്നു. ഐസിസി അന്വേഷണങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളായ കശ്മീർ, വടക്കുകിഴക്കൻ സംഘർഷ മേഖലകളിൽ എന്നിവയിൽ ഇടപെടുമെന്ന് ഇന്ത്യ കരുതുന്നു. ഗുജറാത്ത് കലാപം പോലുള്ള വിഷയങ്ങളിലും ഇടപെടലുണ്ടാവുമെന്ന് ആശങ്കപ്പെടുന്നു. കലാപം നടക്കുന്ന കാലത്താണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി നിലവിൽ വരുന്നത്. കലാപങ്ങൾ പലതും പിന്നെയും നടന്നു. അതുകൊണ്ട് ഐസിസി ചട്ടക്കൂടിനോടും അതിന്റെ വിധികളോടുമുള്ള ഇന്ത്യയുടെ പ്രതികരണങ്ങൾ വളരെ ജാഗ്രതയോടു കൂടിയുള്ളതാണ്.

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളായ കശ്മീർ, വടക്കുകിഴക്കൻ സംഘർഷ മേഖലകളിൽ എന്നിവയിൽ ഇടപെടുമെന്ന് ഇന്ത്യ കരുതുന്നു. ഗുജറാത്ത് കലാപം പോലുള്ള വിഷയങ്ങളിലും ഇടപെടലുണ്ടാവുമെന്ന് ആശങ്കപ്പെടുന്നു. കലാപം നടക്കുന്ന കാലത്താണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി നിലവിൽ വരുന്നത്.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളായ കശ്മീർ, വടക്കുകിഴക്കൻ സംഘർഷ മേഖലകളിൽ എന്നിവയിൽ ഇടപെടുമെന്ന് ഇന്ത്യ കരുതുന്നു. ഗുജറാത്ത് കലാപം പോലുള്ള വിഷയങ്ങളിലും ഇടപെടലുണ്ടാവുമെന്ന് ആശങ്കപ്പെടുന്നു. കലാപം നടക്കുന്ന കാലത്താണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി നിലവിൽ വരുന്നത്.

ഈ രാജ്യങ്ങളുടെയെല്ലാം പ്രതികരണങ്ങൾ കാണിക്കുന്നത് ഒരു സാർവദേശീയ സംവിധാനത്തോടുള്ള അവരുടെ ഇരട്ടത്താപ്പാണ്. ഇത് ശക്തരായ രാജ്യങ്ങളിൽ ശിക്ഷയില്ലായ്മയുടെ മാതൃക സൃഷ്ടിക്കുന്നു. ഉത്തരവാദിത്തത്തിനെതിരായ ഒരു കവചമായി അവർ ദേശീയപരമാധികാരത്തെ ഉപയോഗിക്കുന്നു. മറ്റിടങ്ങളിൽ നീതി നടപ്പിലാവണമെന്നും എന്നാൽ തങ്ങളുടെ രാജ്യത്ത് വേണ്ടെന്നും ഈ രാജ്യങ്ങൾ വാദിക്കുന്നു. ഈ അവസരവാദ നിലപാട് അന്താരാഷ്ട്രനീതി എന്ന ആശയത്തെ ക്ഷയിപ്പിക്കുന്നു. ഇത്തരത്തിലുള്ള അസമത്വം അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിന് കാരണമാവുന്നു.

വികസ്വര രാജ്യങ്ങൾ പലപ്പോഴും അന്താരാഷ്ട്രനീതിന്യായ സംവിധാനങ്ങളുടെ ഇടപെടലുകളിൽ ആശങ്ക പ്രകടിപ്പിക്കാറുണ്ട്. ഉദാഹരണത്തിന്, പാശ്ചാത്യ ശക്തികൾ ചെയ്യുന്ന അതിക്രമങ്ങളെ അവഗണിച്ചുകൊണ്ട് ആഫ്രിക്കൻ രാജ്യങ്ങളെ പക്ഷപാതപരമായി, ഏകപക്ഷീയമായി ലക്ഷ്യമിടുന്നതിനെ ആഫ്രിക്കൻ നേതാക്കൾ വിമർശിക്കാറുണ്ട്. ഉഗാണ്ടയിലെയോ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെയോ, സുഡാനിലെയോ, സൊമാലിയയിലെയോ പ്രശ്നങ്ങൾ ഇത്തരത്തിൽ സങ്കീർണമായിട്ടുണ്ട്.

അതേസമയം ഗാസ, യെമൻ, സുഡാൻ, മ്യാൻമർ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലകൾ സംഘർഷഭരിതമാണ്. നീതിക്കും ന്യായത്തിനും വേണ്ടി മനുഷ്യൻ പോരാടുന്നു. ദശലക്ഷക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും പട്ടിണിയിലാകുകയും നാടുകടത്തപ്പെടുകയും മനുഷ്യത്വവിരുദ്ധമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെയൊന്നും വേണ്ടത്ര ശക്തമായ ഇടപെടൽ ഉണ്ടാവുന്നില്ല. രാഷ്ട്രനേതാക്കൾക്കും മറ്റും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതു പോലുള്ള ധീരമായ നീക്കങ്ങൾ അന്താരാഷ്ട്ര ക്രിമിനൽകോടതി നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും നടപ്പിലായില്ല. കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്യുന്നതിനോട് അംഗരാജ്യങ്ങൾ വിസമ്മതിക്കുകയും അംഗങ്ങളല്ലാത്ത രാജ്യങ്ങൾ ശിക്ഷാനടപടികളില്ലാതെ യഥേഷ്ടം വിഹരിക്കുകയും ചെയ്യുന്നു.

വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അസമത്വം നിറഞ്ഞ ആഗോള സംവിധാനങ്ങളുടെ ഒരു പരിച്ഛേദമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ അവസരവാദപരമായ നിർവ്വഹണം, പാശ്ചാത്യനിയമ പാരമ്പര്യങ്ങളുടെ ആധിപത്യം, ദാരിദ്ര്യം, അസമത്വം, ചരിത്രപരമായ ചൂഷണം തുടങ്ങീ ഘടനാപരമായ അനീതികളെ അഭിമുഖീകരിക്കുന്നതിലെ പരാജയം അന്താരാഷ്ട്രനിയമ സംവിധാനങ്ങളെ പ്രതിരോധത്തിലാക്കുന്നു, അവിശ്വാസത്തിലാക്കുന്നു. ഇത് അടിവരയിടുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രാതിനിധ്യവും പരിവർത്തനപരവുമായ ആഗോള സ്ഥാപനങ്ങൾക്കുള്ള അനിവാര്യതയാണ്.

വികസ്വരരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ രാജ്യാന്തരനീതി യാഥാർഥ്യമാകുന്നത് ആഗോളവ്യാപാരം, ധനകാര്യം, കാലാവസ്ഥാനയങ്ങൾ എന്നിവയിലെ ഘടനാപരമായ അസമത്വം അവസാനിക്കുമ്പോഴാണ്. നിലവിലെ ആഗോളയാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി യുഎൻ, ഐഎംഎഫ്, ഡബ്ല്യുടിഒ പോലുള്ള സ്ഥാപനങ്ങളെ ഉടച്ചുവാർക്കുകയും നവകൊളോണിയലിസം, അതിചൂഷണം, വംശീയ അനീതി എന്നീ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യണം.

അന്താരാഷ്ട്രവ്യാപാരത്തിൽ ട്രംപ് ഭരണകൂടത്തിന്റെ വിലപേശൽ തീർച്ചയായും വികസ്വര രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കും. അമേരിക്ക മുമ്പിൽ നടക്കുന്ന ഒരു ലോകക്രമത്തിൽ നീതിയും ന്യായവും അവർ തീരുമാനിക്കുമെന്ന അവസ്ഥയാണ്. വിനീത വിധേയരായി അത് അംഗീകരിച്ചുകൊണ്ടിരുന്നാൽ പിന്നെ എന്ത് ദേശീയപരമാധികാരം? എന്ത് സ്വയം നിർണ്ണയാവകാശം? അതെല്ലാം സാമ്രാജ്യത്വരാജ്യങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണെന്ന് അംഗീകരിച്ചുകൊടുത്താൽ അന്താരാഷ്ട്രനീതി അവരുടേത് മാത്രമായിരിക്കും.


Summary: K.M. Seethi writes in the context of the observance of International Justice Day on July 17. International justice amidst conflicts and opportunism of developed countries.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments