ശ്രീലങ്കയിൽ (Srilanka Economic Crisis) വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡൻറിനെതിരെ കലാപവുമായി തെരുവിൽ. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിൻറെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ അണിനിരന്നത് / Photo : Sajith Premadasa, fb page

​ശ്രീലങ്ക എങ്ങനെ ഒരു ദുരന്ത ദ്വീപായി?

അതിരൂക്ഷമായ പ്രതിസന്ധിയിൽനിന്ന്​ പുറത്തുകടക്കാൻ ​ശ്രമിക്കുന്ന ശ്രീലങ്ക വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കു സാക്ഷിയാവുകയാണ്. പ്രസിഡൻറ്​ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങാൻ തുടങ്ങിയതോടെ വിദേശ രാജ്യങ്ങളെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുകയാണ് സർക്കാർ. ആഗോള മനുഷ്യവികസന സൂചികയിൽ ഇന്ത്യ ഉൾപ്പടെയുള്ള മറ്റേതൊരു ദക്ഷിണേഷ്യൻ രാജ്യത്തെക്കാളും ഉയർന്ന റാങ്കിൽ നിൽക്കുന്ന ശ്രീലങ്കയ്ക്ക് എങ്ങനെ ഈ ദുർഗതി വന്നു?

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക അതിൽ നിന്ന്​പുറത്തുകടക്കാൻ ശ്രമം തുടരുന്നതിനിടയിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കു സാക്ഷിയാവുകയാണ്. പ്രസിഡൻറ്​ ഗോതബയ രാജപക്‌സ ഉടൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങാൻ തുടങ്ങിയതോടെ ഭരണകൂടം ആഭ്യന്തരമായ പരിഹാരങ്ങൾ ഇനി സാധ്യമല്ലെന്നു തിരിച്ചറിഞ്ഞ്​ വിദേശ രാജ്യങ്ങളെയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളെയും സമീപിക്കുകയാണ്.
ആഗോള മനുഷ്യവികസന സൂചികയിൽ ഇന്ത്യ ഉൾപ്പടെയുള്ള മറ്റേതൊരു ദക്ഷിണേഷ്യൻ രാജ്യത്തെക്കാളും ഉയർന്ന റാങ്കിൽ നിൽക്കുന്ന ശ്രീലങ്കയ്ക്ക് എങ്ങനെ ഈ ദുർഗതി വന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും.

അതെ, മനുഷ്യവികസന സൂചിക ഒരിക്കലും ഒരു നല്ല സമ്പദ് വ്യവസ്ഥയുടെ പ്രതിനിധാനം ആകണമെന്നില്ല. മനുഷ്യവികസന സൂചികയിൽ ഏറ്റവും ഉയർന്ന റാങ്കിൽ നിന്ന്​ ഐസ്​ലൻഡ്​ ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞു പാപ്പരായത് ലോകം കണ്ടതാണ്. ആഗോള മുതലാളിത്തത്തിന്റെ ധനമൂലധനക്കമ്പോളത്തിൽ കുമിള പൊട്ടുന്നതുപോലെ സമ്പദ് വ്യവസ്ഥകൾ തകർന്നടിയുന്നത് 2008 മുതൽ പല നാടുകളിലും സംഭവിച്ചു.

പ്രസിഡൻറ്​ ഗോതബയ രാജപക്‌സ / Photo : Gotabaya Rajapaksa, fb page
പ്രസിഡൻറ്​ ഗോതബയ രാജപക്‌സ / Photo : Gotabaya Rajapaksa, fb page

ഇന്ന് ഗ്ലോബൽ സൗത്ത് എന്ന് അറിയപ്പെടുന്ന പല വികസ്വര - അവികസിത രാജ്യങ്ങളിലും ഇതിന്റെ ആഘാതവും പ്രത്യാഘാതവും ഉണ്ടായി. സമ്പദ് വ്യവസ്ഥകൾക്കുള്ളിലെ പൊട്ടലും പോറലും ചിലപ്പോൾ വാർത്ത പോലുമല്ലാതായി. ആഗോളവൽകരണത്തിന്റെ വിജയക്കൊടി പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരും താഴ്​ത്തിക്കെട്ടാൻ തുടങ്ങിയെങ്കിലും ഉദാരീകരണം ഈ രാജ്യങ്ങളിലെല്ലാം യഥേഷ്ടം നടന്നുകൊണ്ടിരുന്നു. നവലിബറൽ സാമ്പത്തിക നയങ്ങൾ ഏതെല്ലാം വികസ്വര - അവികസിത രാജ്യങ്ങളിൽ നടപ്പാക്കിയോ അവിടെയെല്ലാം ഈ ദുരിതങ്ങളും ദുരന്തങ്ങളും ഒന്നിനൊന്നു വർധിച്ചുവന്നു. ദീർഘനാളത്തെ സാമ്പത്തികമാന്ദ്യത്തിനുശേഷം രണ്ടുവർഷത്തിലേറെ നീണ്ട മഹാമാരി ഈ സമ്പദ് വ്യവസ്ഥകളെ തകർത്തുകളഞ്ഞു. ശ്രീലങ്ക ഈ ഗണത്തിൽപ്പെട്ട ഒരു രാജ്യമാണ്.

പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയുടെ ഖജനാവിൽ വിദേശനാണയം ഇല്ലാതായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടു. ഇതാണ് ഭരണകൂടത്തെ ഇപ്പോൾ അന്താരാഷ്ട്ര നാണയനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടാൻ നിർബന്ധിതമാക്കിയത്

വിദേശനാണയം അപകടകരമാംവിധം ശോഷിച്ചതോടെ രൂക്ഷമായ വിലക്കയറ്റത്തിൽ രാജ്യം അസ്വസ്ഥമാകുകയാണ്. പ്രതിസന്ധിക്ക് അയവു വരുത്താൻ സർക്കാർ ശ്രീലങ്കൻ രൂപയുടെ മൂല്യം കുറച്ചിരുന്നു. ഇത് അവശ്യസാധനങ്ങളുടെ വില അസാധാരണമാംവിധം കുതിച്ചുയരാൻ കാരണമായി. അരി കിലോയ്ക്ക് 448 ലങ്കൻ രൂപയും (128 ഇന്ത്യൻ രൂപ) ഒരു ലിറ്റർ പാലിന് 263 ലങ്കൻ രൂപയും (75 ഇന്ത്യൻ രൂപ) വർധിച്ചത് കുറച്ചൊന്നുമല്ല ജനങ്ങളെ അസ്വസ്ഥരാക്കിയത്. പോരാത്തതിന് പെട്രോളിനും ഡീസലിനും 40 ശതമാനം വില കൂട്ടിയത്​ ഇന്ധനക്ഷാമം രൂക്ഷമാക്കി. പെട്രോൾ ലിറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസൽ ലിറ്ററിന് 176 ശ്രീലങ്കൻ രൂപയുമായത്​ ഗതാഗതസംവിധാനത്തെ താറുമാറാക്കി. പ്രവർത്തനമൂലധനത്തിന്റെ അഭാവത്തിൽ പല വൈദ്യുതിനിലയങ്ങളും അടച്ചിട്ടിരിക്കുന്നു. ദിവസം ഏഴരമണിക്കൂറിലേറെ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജപക്സ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്  നടക്കുന്ന പ്രതിഷേധത്തിൽ നിന്ന് / Photo : Sajith Premadasa, fb page
രാജപക്സ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ നിന്ന് / Photo : Sajith Premadasa, fb page

പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയുടെ ഖജനാവിൽ വിദേശനാണയം ഇല്ലാതായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടു. ഇതാണ് ഭരണകൂടത്തെ ഇപ്പോൾ അന്താരാഷ്ട്ര നാണയനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടാൻ നിർബന്ധിതമാക്കിയത്. ഇതിനായി ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. 140 കോടി ഡോളർ സഹായമാണ് ഇന്ത്യ ഇതുവരെ ശ്രീലങ്കയ്ക്ക് നൽകിയിട്ടുള്ളത്. കൂടാതെ ഒരു ബില്യൺ ഡോളർ കൂടി മോദി വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. മാത്രമല്ല ഐ.എം.എഫിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള നടപടി ഉടൻ തുടങ്ങുമെന്നും വാർത്തകളുണ്ട്.

രാജ്യത്തിന് ഇപ്പോൾ എട്ടു ബില്യൻ ഡോളറിലേറെ വിദേശകടവുമുണ്ട്. ഇതിന്റെ പരിഹാരമെന്നോണം ഇറക്കുമതിയിൽ കടുത്ത നിരോധനങ്ങൾക്കും നിബന്ധനകൾക്കും വഴങ്ങേണ്ടി വന്നു.

ഏറെക്കാലമായി ശ്രീലങ്കയുടെ വിദേശനാണയ കരുതൽശേഖരത്തിൽ വലിയ വിള്ളലുണ്ടാക്കികൊണ്ട്​ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വർധിച്ചുവന്നു. ഇറക്കുമതി വല്ലാതെ വർധിക്കുകയും കയറ്റുമതി കാര്യമായി കുറഞ്ഞുവരികയും ചെയ്തതോടെ നാണയ കരുതൽശേഖരം ശുഷ്‌കമായി. വിദേശനാണയശേഖരം തകർന്നതുമാത്രമല്ല, രാജ്യത്തിന് ഇപ്പോൾ എട്ടു ബില്യൻ ഡോളറിലേറെ വിദേശകടവുമുണ്ട്. ഇതിന്റെ പരിഹാരമെന്നോണം ഇറക്കുമതിയിൽ കടുത്ത നിരോധനങ്ങൾക്കും നിബന്ധനകൾക്കും വഴങ്ങേണ്ടിവന്നു. പഴവും പാലും തുടങ്ങി കാറുകളും മറ്റനേകം നിർമാണസമഗ്രഹികളും വരെ ഈ നിരോധനത്തിൽപ്പെടും. ഇത് ഭക്ഷ്യക്ഷാമത്തിനും കരിഞ്ചന്തയ്ക്കും ആക്കം കൂട്ടി. അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയർന്നതാണ് ജനരോഷം വർധിക്കാൻ കാരണമായത്.

പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ / Photo : Sajith Premadasa, fb page
പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ / Photo : Sajith Premadasa, fb page

രാജ്യതലസ്ഥാനത്ത്​ പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമായത്. പ്രതിപക്ഷനേതാവ് ശ്രീലങ്കൻ മുൻ പ്രസിഡൻറ്​ പ്രേമദാസയുടെ മകൻ സജിത് പ്രേമദാസയാണ്. അദ്ദേഹമാണ് മുൻനിരയിൽ നിന്ന്​ സമരം നയിക്കുന്നത്. ‘ഈ ദുരിതം രണ്ടുവർഷക്കാലമായി അനുഭവിക്കുന്നു, ഇതിനിയും സഹിക്കാനാകുമോ' എന്നാണ് സമരമുദ്രാവാക്യം. ഭക്ഷ്യക്ഷാമം രൂക്ഷമായാൽ രാജ്യം ഭക്ഷ്യകലാപത്തിലേയ്ക്കു നീങ്ങുമോ എന്ന് പരക്കെ ആശങ്കയുണ്ട്. തെക്കുകിഴക്കനേഷ്യയിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും നേരത്തെ ഇത്തരം കലാപങ്ങൾ അരങ്ങേറിയിരുന്നു. അവയെല്ലാം സാമ്പത്തിക ഉദാരീകരണത്തെത്തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധികളിൽ നിന്നും ഉരുൾപൊട്ടിയതാണ്.

ദക്ഷിണേഷ്യയിൽ ആദ്യമായി സാമ്പത്തിക ഉദാരീകരണം നടപ്പാക്കിയ രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയും മറ്റു രാജ്യങ്ങളും അതിനുശേഷമാണ് ഉദാരീകരണത്തിലേയ്ക്ക് തിരിഞ്ഞത്

പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത് മഹാമാരി ഉയർത്തിയ സാമ്പത്തികപ്രശ്നങ്ങളും പ്രധാന വരുമാനസ്രോതസ്സായ ടൂറിസം നിലച്ചതുമാണ്. എന്നാൽ, പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം ദീർഘകാലമായി നടപ്പാക്കിവന്ന സാമ്പത്തിക നവലിബറൽ പരിപാടികളാണെന്നു സമ്മതിച്ചുതരാൻ ഭരണകൂടമോ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളോ തയാറാകില്ല. ദക്ഷിണേഷ്യയിൽ ആദ്യമായി സാമ്പത്തിക ഉദാരീകരണം നടപ്പാക്കിയ രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയും മറ്റു രാജ്യങ്ങളും അതിനുശേഷമാണ് ഉദാരീകരണത്തിലേയ്ക്ക് തിരിഞ്ഞത്. 1970കളിൽ ജയവർധനെ ഭരണകൂടം ഉദാരീകരണം നടപ്പാക്കാൻ തുടങ്ങിയതോടെയാണ് സിംഹള- തമിഴ് പ്രശ്‌നം രൂക്ഷമായത്. അതിന്റെ വിത്തുപാകിയത് ഭരണകൂടത്തിന്റെ വംശീയചായ്​വുള്ള വികസന നയങ്ങളായിരുന്നു. തമിഴ് ഈഴം വാദം ശക്തിപ്രാപിക്കുന്നതും പിന്നീട് എൽ.ടി.ടി.ഇ. പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ രംഗത്തുവരുന്നതും ഈ പശ്ചാത്തലത്തിലായിരുന്നു.

Photo : sltda.gov.lk
Photo : sltda.gov.lk

ഈ കാലഘട്ടത്തിൽ തന്നെയാണ് ഭരണകൂടം പ്രതിലോമകരമായ തീവ്രവാദ നിരോധന നിയമനങ്ങൾ കൊണ്ടുവരുന്നത്. തമിഴ് പുലികൾക്കെതിരെയുള്ള ആയുധമായാണ് കൊണ്ടുവന്നതെങ്കിലും ഈ നിയമം ആർക്കെതിരെ വേണമെങ്കിലും പ്രയോഗിക്കാമെന്ന നിലവന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വാക്കുകളിൽ പറഞ്ഞാൽ അന്താരാഷ്ട്ര സ്റ്റാറ്റ്യൂട്ട് പ്രമാണങ്ങൾക്കുതന്നെ അപമാനകരമായ അപരിഷ്​കൃത നിയമങ്ങളായിരുന്നു അത്. ജനാധിപത്യത്തിന്റെ പേരിൽ ഭരണകൂടം സ്വേച്ഛാധികാരം കൈയാളുന്ന സന്ദർഭമായിരുന്നു അത്. ജയവർധനയ്ക്കുശേഷം വന്ന ഭരണകൂടങ്ങളെല്ലാം ഈ നിയമത്തെ വലിയതോതിൽ ദുരുപയോഗം ചെയ്തു. ഇന്നും ജനകീയപ്രക്ഷോഭണങ്ങളെ അമർച്ച ചെയ്യാൻ ഭരണകൂടത്തിന് ‘നിയമ'മെന്ന ഈ ആയുധമുണ്ട്. 2009-ത്തിലെ തമിഴ്​വേട്ടയ്ക്കുശേഷം ഭരണകൂടം കൂടുതൽ സൈനികസന്നാഹം സമാഹരിച്ച കാലഘട്ടം കൂടിയാണിത്.

കോവിഡ് കാലത്ത്​ ശ്രീലങ്കയിൽ അഞ്ചുലക്ഷം പേർ പുതുതായി ദരിദ്രരായി. പതിനായിരങ്ങൾക്ക് തൊഴിൽ നഷ്​ടപ്പെട്ടു. കഴിഞ്ഞ വർഷം അവസാനം പണപ്പെരുപ്പം 11.1 ശതമാനമെന്ന സർവകാല റെക്കോഡിലെത്തി

എൺപതുകൾക്കുശേഷം ഉദാരീകരണവും സൈനികവൽകരണവും ഒരുപോലെ മാറിവന്ന ഭരണകൂടങ്ങൾ മുന്നോട്ടുകൊണ്ടുപോയി. ഉദാരീകരണം മുഖ്യമായും ബാധിച്ചത് ചെറുകിട- ഇടത്തരം വിഭാഗം കർഷകരെയും കച്ചവടക്കാരെയുമാണ്. തൊഴിലിടങ്ങളിൽ നിന്ന്​ ബഹിഷ്‌കൃതരായ അനേകലക്ഷം ജനങ്ങൾ ശ്രീലങ്കയിലുണ്ട്. ആകെ ഉണർവുണ്ടാക്കിയ മേഖല ടൂറിസമായിരുന്നു. എന്നാൽ വംശീയ സംഘർഷങ്ങളുടെ കാലത്ത്​ ആ മേഖലയും കാര്യമായി മുന്നേറിയില്ല. ഇപ്പോൾ മഹാമാരിക്കാലത്ത്​ മുഖ്യമായും തകർന്നടിഞ്ഞതും ആ മേഖല തന്നെ. 2019-ൽ ഈസ്റ്റർ ദിനത്തിൽ നടന്ന തീവ്രവാദി ആക്രമണവും ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുതുടങ്ങി. മഹാമാരി ആ പ്രക്രിയയ്ക്ക് ആക്കം കൂട്ടി എന്നുമാത്രം. യുക്രെയ്​ൻ യുദ്ധം മറ്റെല്ലാ രാജ്യങ്ങളെയും പോലെ ശ്രീലങ്കയെയും കാര്യമായി പിടിച്ചുകുലുക്കി. ഇതിലെല്ലാമുപരി, സർക്കാരിന്റെ അമിത ചെലവും, നികുതി ഇളവുകൾ നൽകിയതും, കടം തിരിച്ചടവും, വിദേശ കറൻസി ശേഖരത്തിലെ വൻ ഇടിവുമാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇതിനിടയിൽ വിദേശ ബോണ്ടുകളും ആഭ്യന്തര കടവും വീട്ടാനായി സർക്കാർ കൂടുതൽ പണം അച്ചടിച്ചത് പണപ്പെരുപ്പം കൂട്ടി.

 2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ബോംബാക്രമണത്തിൽ തകർന്ന പള്ളി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും, മൂന്നു ആഡംബരഹോട്ടലിലും ആണ് ബോംബാക്രമണം ഉണ്ടായത് / Photo : Wikimedia Commons
2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ബോംബാക്രമണത്തിൽ തകർന്ന പള്ളി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും, മൂന്നു ആഡംബരഹോട്ടലിലും ആണ് ബോംബാക്രമണം ഉണ്ടായത് / Photo : Wikimedia Commons

ലോകബാങ്ക്​ രേഖകൾ പ്രകാരം കോവിഡ് കാലത്ത്​ ശ്രീലങ്കയിൽ അഞ്ചുലക്ഷം പേർ പുതുതായി ദരിദ്രരായി. പതിനായിരങ്ങൾക്ക് തൊഴിൽ നഷ്​ടപ്പെട്ടു. കഴിഞ്ഞവർഷം അവസാനം പണപ്പെരുപ്പം 11.1 ശതമാനമെന്ന സർവകാല റെക്കോഡിലെത്തി. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചു. അവശ്യവസ്തുക്കളുടെ പൂഴ്​ത്തിവെപ്പ്​ തടയാനും സർക്കാർ നിരക്കിൽ അവ വിൽക്കാനും സൈന്യത്തിനുപോലും അമിതാധികാരം നൽകി.
ഇതിനിടയിൽ, പ്രതിസന്ധിയുടെ കാരണക്കാർ ചൈനയാണെന്നും ഇന്ത്യയാണെന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും പല കോണുകളിൽ നിന്നുമുണ്ടായി. ചൈനയിൽ നിന്ന്​ പല വികസന -പശ്ചാത്തല പ്രവർത്തനങ്ങൾക്കുമായി ഭരണകൂടം വൻതോതിൽ കടമെടുത്തിരുന്നെന്നും അതിന്റെ തിരിച്ചടവുപോലും സാധ്യമല്ലാത്തവിധം കടക്കെണിയിൽ ശ്രീലങ്ക വീണെന്നും ഒരു ഭാഗത്ത്​ ആഖ്യാനങ്ങൾ വന്നുതുടങ്ങി. ഇന്ത്യയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇതിനു വ്യാപക പ്രചാരണങ്ങളും കൊടുത്തു. വാസ്തവത്തിൽ ഇത് കണക്കുകൾക്കപ്പുറമുള്ള പ്രചാരണമാണെന്ന് ബോധ്യപ്പെടാൻ ശ്രീലങ്കൻ സമ്പദ് ഘടന കടന്നുപോയ വഴികൾ പരിശോധിച്ചാൽ മതി.

കടം തിരിച്ചടവിന്​ ശ്രീലങ്ക മറ്റു മാർഗ്ഗങ്ങൾ തേടട്ടെ എന്ന് ചൈന തീരുമാനിച്ചാൽ അതിനർത്ഥം ആ രാജ്യത്തെ വീണ്ടും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ കടക്കെണിയിലേക്കു തള്ളിവിടുക എന്നതാണ്. മാത്രമല്ല, ഉക്രെയ്​ൻ യുദ്ധം അടിച്ചേൽപ്പിച്ച ബാധ്യതകൾ എത്രയെന്നു തിട്ടപ്പെടുത്താൻ ചൈനയ്ക്കു സമയം വേണ്ടിവരും

ശ്രീലങ്കയുടെ കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടുകാലത്തെ ചൈന ബന്ധങ്ങൾ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി നൽകിയിരുന്നു എന്നത് സത്യം. ഇന്ത്യ പോലും ശ്രീലങ്കയുടെ ചൈന ബന്ധങ്ങളെ സംശയത്തോടെയാണ് വീക്ഷിച്ചിട്ടുള്ളത്. എന്നാൽ കടക്കെണിയിൽ വീണ ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ തയാറാകുന്നത് മറ്റൊന്നും കൊണ്ടല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ നിർണായക നിക്ഷേപങ്ങൾ നടത്തിവന്നിരുന്നു. നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പടെ ഈ രംഗത്തു പ്രവർത്തിച്ചവർക്കെല്ലാം ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ ഉണർന്നെണീക്കേണ്ടത് വലിയ ആവശ്യമാണ്.

ചൈനയുടെ മുഖ്യനിക്ഷപം പശ്ചാത്തലമേഖലകളിലാണ്. അന്താരാഷ്ട്ര സമുദ്രവ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്ന ശ്രീലങ്കയ്ക്ക്​ ഇന്ത്യയേക്കാൾ പ്രിയം ചൈനയോടാണെന്നത് ഭൗമരാഷ്ട്രീയത്തിന്റെ കളിക്കളത്തിലൂടെ നോക്കിയാൽ ശരിയാണ്. സമുദ്രതന്ത്രത്തിൽ ചൈനയ്ക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്ന്​ഇന്ത്യയെപ്പോലെ പാശ്ചാത്യരാജ്യങ്ങൾക്കും അറിയാം. എന്നാൽ ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ ചൈനയ്ക്കു പരിമിതികളുണ്ട്. അതിൽ മുഖ്യം ഇപ്പോൾ നിലവിലുള്ള ശ്രീലങ്കയുടെ കടബാധ്യതകൾ തന്നെ. അവരുടെ കടം തിരിച്ചടവിന്​ ശ്രീലങ്ക മറ്റു മാർഗങ്ങൾ തേടട്ടെ എന്ന് ചൈന തീരുമാനിച്ചാൽ അതിനർഥം ആ രാജ്യത്തെ വീണ്ടും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ കടക്കെണിയിലേയ്ക്കു തള്ളിവിടുക എന്നതാണ്. മാത്രമല്ല, യുക്രെയ്​ൻ യുദ്ധം അടിച്ചേൽപ്പിച്ച ബാധ്യതകൾ എത്രയെന്നു തിട്ടപ്പെടുത്താൻ ചൈനയ്ക്കു സമയം വേണ്ടിവരും. റഷ്യയെ സഹായിച്ചാൽ ചൈനയും പാശ്ചാത്യ ഉപരോധം നേരിടേണ്ടിവരും എന്ന ഭീഷണി നിലനിൽക്കെ അവർ പുതിയ ബാധ്യതകൾ ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം. കോവിഡിന്റെ അടുത്ത വരവ് ചൈനയെ ഇപ്പോൾ കൂടുതൽ അസ്വസ്ഥമാക്കി തുടങ്ങിയിട്ടുമുണ്ട്. എന്നുവെച്ച് ശ്രീലങ്കയെ പാടെ ഉപേക്ഷിക്കാൻ ചൈന തയ്യാറാകില്ല. പ്രത്യേകിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ അവർക്കു ശ്രീലങ്കയിലുള്ള കാലത്തോളം.

ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോൾ / Photo :  Narendra Modi, twitter
ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോൾ / Photo : Narendra Modi, twitter

നിശ്ചയമായും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങൾ മുന്നോട്ടുവരും. പ്രതിസന്ധികളാണല്ലോ അവരുടെ ആയുധം. മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കാനുള്ള ആഭ്യന്തരശക്തികളും ഇപ്പോൾ ശ്രീലങ്കയിൽ സജീവമാണ്. വികസിത മുതലാളിത്ത സമ്പദ് ഘടനകൾ എല്ലാക്കാലത്തും നിർവഹിക്കുന്ന ധർമം ഈ പ്രതിസന്ധിഘട്ടത്തിലും നിർവഹിക്കും. പക്ഷേ, പഴയതുപോലെ ലക്ഷണങ്ങൾക്കാണ് ചികിത്സ. രോഗത്തിനല്ല. രോഗം നിലനിർത്തിയാലെ ഇനിയും പ്രതിസന്ധികൾ ഉണ്ടാകൂ. ഓരോ പ്രതിസന്ധികളും അവസരങ്ങൾ ആക്കുന്ന (Crisis As Opportunity) മുതലാളിത്ത പ്രത്യശാസ്ത്ര രൂപങ്ങൾക്ക് കാലാകാലങ്ങളിൽ ചില രൂപപരിണാമങ്ങൾ ഉണ്ടാകും എന്നുമാത്രം. ഓരോ ശ്രീലങ്കൻ പൗരനെയും ഇപ്പോൾ കാത്തിരിക്കുന്നത് ഈ ലക്ഷണചികിത്സയാണ്. രാജപക്‌സ ഭരണകൂടത്തിന് അതിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടിൽ നിന്നുകൊണ്ട്​ മറ്റൊന്നും ചെയ്യാനുമില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​​


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments