ശ്രീലങ്കയിൽ സംഭവിക്കുന്നത്​...

Truecopy Webzine

ലോകബാങ്ക്​ രേഖകൾ പ്രകാരം കോവിഡ് കാലത്ത്​ ശ്രീലങ്കയിൽ അഞ്ചുലക്ഷം പേർ പുതുതായി ദരിദ്രരായി. പതിനായിരങ്ങൾക്ക് തൊഴിൽ നഷ്​ടപ്പെട്ടു. കഴിഞ്ഞവർഷം അവസാനം പണപ്പെരുപ്പം 11.1 ശതമാനമെന്ന സർവകാല റെക്കോഡിലെത്തി. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചു. അവശ്യവസ്തുക്കളുടെ പൂഴ്​ത്തിവെപ്പ്​ തടയാനും സർക്കാർ നിരക്കിൽ അവ വിൽക്കാനും സൈന്യത്തിനുപോലും അമിതാധികാരം നൽകി.
ഇതിനിടയിൽ, പ്രതിസന്ധിയുടെ കാരണക്കാർ ചൈനയാണെന്നും ഇന്ത്യയാണെന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും പല കോണുകളിൽ നിന്നുമുണ്ടായി. ചൈനയിൽ നിന്ന്​ പല വികസന -പശ്ചാത്തല പ്രവർത്തനങ്ങൾക്കുമായി ഭരണകൂടം വൻതോതിൽ കടമെടുത്തിരുന്നെന്നും അതിന്റെ തിരിച്ചടവുപോലും സാധ്യമല്ലാത്തവിധം കടക്കെണിയിൽ ശ്രീലങ്ക വീണെന്നും ഒരു ഭാഗത്ത്​ ആഖ്യാനങ്ങൾ വന്നുതുടങ്ങി. ഇന്ത്യയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇതിനു വ്യാപക പ്രചാരണങ്ങളും കൊടുത്തു. വാസ്തവത്തിൽ ഇത് കണക്കുകൾക്കപ്പുറമുള്ള പ്രചാരണമാണെന്ന് ബോധ്യപ്പെടാൻ ശ്രീലങ്കൻ സമ്പദ് ഘടന കടന്നുപോയ വഴികൾ പരിശോധിച്ചാൽ മതി.

ശ്രീലങ്കയുടെ കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടുകാലത്തെ ചൈന ബന്ധങ്ങൾ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി നൽകിയിരുന്നു എന്നത് സത്യം. ഇന്ത്യ പോലും ശ്രീലങ്കയുടെ ചൈന ബന്ധങ്ങളെ സംശയത്തോടെയാണ് വീക്ഷിച്ചിട്ടുള്ളത്. എന്നാൽ കടക്കെണിയിൽ വീണ ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ തയാറാകുന്നത് മറ്റൊന്നും കൊണ്ടല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ നിർണായക നിക്ഷേപങ്ങൾ നടത്തിവന്നിരുന്നു. നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പടെ ഈ രംഗത്തു പ്രവർത്തിച്ചവർക്കെല്ലാം ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ ഉണർന്നെണീക്കേണ്ടത് വലിയ ആവശ്യമാണ്. ഏഴരമണിക്കൂറിലേറെ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ചൈനയുടെ മുഖ്യനിക്ഷപം പശ്ചാത്തലമേഖലകളിലാണ്. അന്താരാഷ്ട്ര സമുദ്രവ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്ന ശ്രീലങ്കയ്ക്ക്​ ഇന്ത്യയേക്കാൾ പ്രിയം ചൈനയോടാണെന്നത് ഭൗമരാഷ്ട്രീയത്തിന്റെ കളിക്കളത്തിലൂടെ നോക്കിയാൽ ശരിയാണ്. സമുദ്രതന്ത്രത്തിൽ ചൈനയ്ക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്ന്​ഇന്ത്യയെപ്പോലെ പാശ്ചാത്യരാജ്യങ്ങൾക്കും അറിയാം. എന്നാൽ ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ ചൈനയ്ക്കു പരിമിതികളുണ്ട്. അതിൽ മുഖ്യം ഇപ്പോൾ നിലവിലുള്ള ശ്രീലങ്കയുടെ കടബാധ്യതകൾ തന്നെ. അവരുടെ കടം തിരിച്ചടവിന്​ ശ്രീലങ്ക മറ്റു മാർഗങ്ങൾ തേടട്ടെ എന്ന് ചൈന തീരുമാനിച്ചാൽ അതിനർഥം ആ രാജ്യത്തെ വീണ്ടും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ കടക്കെണിയിലേയ്ക്കു തള്ളിവിടുക എന്നതാണ്. മാത്രമല്ല, യുക്രെയ്​ൻ യുദ്ധം അടിച്ചേൽപ്പിച്ച ബാധ്യതകൾ എത്രയെന്നു തിട്ടപ്പെടുത്താൻ ചൈനയ്ക്കു സമയം വേണ്ടിവരും. റഷ്യയെ സഹായിച്ചാൽ ചൈനയും പാശ്ചാത്യ ഉപരോധം നേരിടേണ്ടിവരും എന്ന ഭീഷണി നിലനിൽക്കെ അവർ പുതിയ ബാധ്യതകൾ ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം. കോവിഡിന്റെ അടുത്ത വരവ് ചൈനയെ ഇപ്പോൾ കൂടുതൽ അസ്വസ്ഥമാക്കി തുടങ്ങിയിട്ടുമുണ്ട്. എന്നുവെച്ച് ശ്രീലങ്കയെ പാടെ ഉപേക്ഷിക്കാൻ ചൈന തയ്യാറാകില്ല. പ്രത്യേകിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ അവർക്കു ശ്രീലങ്കയിലുള്ള കാലത്തോളം

ലേഖനത്തിന്റെ പൂർണ രൂപം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 69 ൽ വായിക്കാം -ശ്രീലങ്ക എങ്ങനെ ഒരു ദുരന്ത ദ്വീപായി? | കെ.എം. സീതി

Comments