ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയടക്കിയ പ്രക്ഷോഭകർ / Photo: Twitter

ജനം ആറാടിയ നീന്തൽക്കുളത്തിൽനിന്ന്​​പുതിയ ശ്രീലങ്ക കുളിച്ചുകയറുമോ?

പ്രസിഡൻറിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികൾ പ്രതിഷേധഭൂമികളാക്കി സമരം ചെയ്യുന്ന ഒരു ജനത, പൗരസമൂഹത്തിന്റെ വിശ്വാസം നഷ്​ടമായ രാഷ്​ട്രീയപാർട്ടികളും നേതാക്കളും ഭരണകൂടവും, സമ്പൂർണമായ സാമ്പത്തിക തകർച്ച; ഒരു രാജ്യത്തിന്​ സംഭവിക്കാവുന്ന ഏറ്റവും വലിയ പതനമാണ്​ ശ്രീലങ്കയിലേത്​, എങ്ങനെയാണ്​ ഈ ദ്വീപുരാജ്യം കരകയറുക?

മിഴ്പുലികളെ കീഴടക്കി, കാൽനൂറ്റാണ്ടിലേറെ നീണ്ട ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തി ശ്രീലങ്കയുടെ വീരനായകരായി വാണ ‘രാജപക്‌സ ഭരണകൂട’ത്തിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച ‘പരിഷ്​കാര’ങ്ങളുടെ സ്വഭാവിക പരിണതിയാണ്​ ഇന്ന്​ ആ ​രാ​ജ്യം അഭിമുഖീകരിക്കുന്നത്​. 2009- 2013 കാലത്ത്​, ശ്രീലങ്കയുടെ വാർഷിക വളർച്ചാനിരക്ക്​ എട്ടുശതമാനത്തിലേറെയായിരുന്നു. 2015-ലെ ലോകബാങ്ക്​ റിപ്പോർട്ടിൽ, ശ്രീലങ്കയെ ഒരു ‘വികസന വിജയകഥ’ എന്നാണ്​ വിശേഷിപ്പിച്ചത്​. 2025 ഓടെ ശ്രീലങ്കയെ സമ്പന്നരാജ്യമാക്കാനുള്ള ‘വിഷൻ- 2025’ പ്ലാൻ തുടങ്ങി. എന്നാൽ, ഭരണകൂടത്തിന്റെ വികലമായ മു​ൻഗണനകൾ, നവലിബറൽ സാമ്പത്തിക ചൂഷണയുക്തികളുമായി ചേരുംപടി ചേർന്നപ്പോൾ ശ്രീലങ്ക ലക്ഷണമൊത്ത ഒരു സാമ്പത്തികദുരന്തമായി മാറുകയായിരുന്നു.

അതിനിർണായകമായ ഒരു ഘട്ടത്തിലാണിപ്പോൾ​ ശ്രീലങ്കൻ രാഷ്​ട്രീയം. അർധരാത്രി, ആരുമറിയാതെ, സ്വന്തം രാജ്യത്തുനിന്ന് സിംഗപ്പൂരിലേക്ക്​ഓടിപ്പോകേണ്ടിവന്ന പ്രസിഡൻറ്​ ഗോട്ടബയ രാജപക്‌സയ്ക്ക്​ തന്റെ രാജിക്കത്ത്​ ഇ മെയിലിൽ അയക്കേണ്ടിവന്നു. സ്​ഥാനമൊഴിയാൻ പോലുമുള്ള സാവകാശം സ്വന്തം രാജ്യത്ത്​ ജനം അദ്ദേഹത്തിന്​ അനുവദിച്ചില്ല. വ്യാഴാഴ്​ച രാത്രി സിംഗപ്പൂരിലെത്തിയ ഗോട്ടബയക്ക് ‘സ്വകാര്യ സന്ദർശനത്തിന്​’ എന്ന എൻട്രിയാണ്​ ആ രാജ്യം നൽകിയിരിക്കുന്നത്​. ഇനി, സൗദി അറേബ്യയി​ലോ മറ്റോ രാഷ്​ട്രീയാഭയത്തിന്​ കാത്തിരിക്കേണ്ട സ്​ഥിതി!

രാജ്യം കട്ടുമുടിച്ച കുടുംബത്തെ അധികാരത്തിൽ നിന്ന് പുറന്തള്ളാൻ ജനം കൊടിയുടെയോ നിറത്തിന്റെയോ മതത്തിന്റെയോ ഭാഷയുടെയോ വ്യത്യാസം നോക്കാതെ ഒരുമിച്ചിറങ്ങിയതാണ്​ ശ്രീലങ്കയിലെ സമരത്തെ വേറിട്ടതാക്കുന്നത്​. / Photo: Flickr

ഗോട്ടബയക്കുപകരം ജൂലൈ 20-ന് ശ്രീലങ്കൻ പാർലമെൻറ്​ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനിരിക്കുകയാണ്. പാർലമെൻറ്​ സമുച്ചയത്തിലേക്ക്​ പ്രതിഷേധക്കാർ കടക്കാതിരിക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റനിൽ വിക്രമസിംഗെ ഭരണകൂടം ദുർബലശ്രമം നടത്തിക്കൊണ്ടിരിക്കുന്നു​. പ്രതിപക്ഷം അടക്കം എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്​ കൊണ്ടുവന്ന്​ പ്രതിഷേധത്തിന്​ താത്കാലിക ശമനമുണ്ടാക്കാനാണ്​ റനിൽ വിക്രമസിംഗെയുടെ നീക്കം.

കൊട്ടാരം ഏറ്റെടുത്ത ജനം

ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിയുകയും ഭക്ഷണവും മരുന്നും ഇന്ധനവും വൈദ്യുതിയും അടക്കമുള്ള അവശ്യവസ്​തുക്കൾ കിട്ടാതാവുകയും ചെയ്​തതോടെയാണ്​ ഭരണാധികാരികളെ പുറത്താക്കാൻ ജനം രാജ്യതലസ്ഥാനത്തേക്ക് മാർച്ച് ചെയ്തത്. തെരുവുകളിൽ പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും തുടരുന്നു. ഗോട്ടബയ രാജപക്​സ രാജ്യം വിട്ടശേഷം ‘ആക്​റ്റിങ്​ പ്രസിഡൻറായ’ റനിൽ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിയും ജനങ്ങളുടെ നിയന്ത്രണത്തിലാണ്. എന്നാൽ, പൊലീസും സൈന്യവും പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമം നടത്തുന്നില്ലെന്നതാണ് ശ്രദ്ധേയം. ഐക്യരാഷ്ട്ര സംഘടന ഇക്കാര്യത്തിൽ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്, യു.എസ്.​ ഇടപെടലുമുണ്ട്​.

വർഗീയതയും പ്രീണനനയങ്ങളും കൊണ്ട് എറെ നാൾ അധികാരത്തിൽ തുടരാനാകില്ലെന്നതാണ് ന്യൂനപക്ഷങ്ങൾക്കൊപ്പം സിംഹള ബുദ്ധിസ്റ്റുകളും ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരക്കുമ്പോൾ മനസ്സിലാക്കേണ്ടത്.

രാജ്യം കട്ടുമുടിച്ച കുടുംബത്തെ അധികാരത്തിൽ നിന്ന് പുറന്തള്ളാൻ ജനം കൊടിയുടെയോ നിറത്തിന്റെയോ മതത്തിന്റെയോ ഭാഷയുടെയോ വ്യത്യാസം നോക്കാതെ ഒരുമിച്ചിറങ്ങിയതാണ്​ ശ്രീലങ്കയിലെ സമരത്തെ വേറിട്ടതാക്കുന്നത്​. സിംഹളർ, തമിഴ്​ വംശജർ, മുസ്​ലിംകൾ, ബുദ്ധിസ്​റ്റുകൾ, ഹിന്ദുക്കൾ, വിദ്യാർഥികൾ, തൊഴിലാളികൾ, വീട്ടമ്മമാർ, പ്രൊഫഷനലുകൾ തുടങ്ങി പൗരസമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ച ഒരു സമരം. ഒരുകാലത്ത് രാജപ്കസമാരെ ചക്രവർത്തിമാരായി കണ്ടിരുന്ന സിംഹളർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ട്. വർഗീയതയും പ്രീണനനയങ്ങളും കൊണ്ട് എറെ നാൾ അധികാരത്തിൽ തുടരാനാകില്ലെന്നതാണ് ന്യൂനപക്ഷങ്ങൾക്കൊപ്പം സിംഹള ബുദ്ധിസ്റ്റുകളും ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരക്കുമ്പോൾ മനസ്സിലാക്കേണ്ടത്. ഏതെങ്കിലും വിഭാഗത്തിനുവേണ്ടി ഭരണം നടത്തുകയും മറ്റു വിഭാഗങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾക്കെതിരെ ജനം തിരിയുന്ന കാഴ്ച ലോകത്ത് മുമ്പും കണ്ടിട്ടുണ്ട്. ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയുമെല്ലാം പേരിൽ ഭിന്നിപ്പിച്ച് അധികാരം നിലനിർത്തുന്ന ഭരണകൂടങ്ങൾക്കുള്ള മുന്നറിയിപ്പുകൂടിയാണ്​ശ്രീലങ്കയിലെ ജനമുന്നേറ്റം.

ശ്രീലങ്കൻ മുൻ ക്രിക്കറ്റർ സനത് ജയസൂര്യ പ്രതിഷേധക്കാർക്കൊപ്പം

ഇടതുപക്ഷാഭിമുഖ്യമുള്ള വിദ്യാർഥികളാണ് സമരത്തിന്റെ മുന്നണിയിൽ. തൊഴിലാളി സംഘടനകളും രാഷ്ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളുമെല്ലാം പ്രക്ഷോഭത്തിന്റെ ഭാഗമാണ്​. കുടുംബാധിപത്യം അവസാനിപ്പിച്ച് യഥാർഥ ജനാധിപത്യം സ്ഥാപിക്കാനും എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾക്കെതിരെയുമുള്ള ജനകീയ പ്രക്ഷോഭമായി ഇത്​ വികസിക്കുകയുമാണ്​. "ജനത അരഗാലയ' (People's Struggle) എന്നാണ്​ അവർ അതിനെ വി​ശേഷിപ്പിക്കുന്നത്​. ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യ, റോഷൻ മഹാനാമ, കുമാർ സങ്കക്കാര, മഹേല ജയവർധനെ, അർജുന രണതുംഗ, ഭാനുക രാജപക്‌സ, വനിൻദു ഹസരംഗ, ദിമുത് കരുണരത്‌നെ, ആഞ്ചലോ മാത്യൂസ്, മുത്തയ്യ മുരളീധരൻ, രംഗന ഹെരാത്, ധമ്മിക പ്രസാദ്, മർവൻ അട്ടപട്ടു തുടങ്ങി നിരവധി സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രക്ഷോഭത്തിന്റെ ഭാഗമായി. സനത് ജയസൂര്യയും റോഷൻ മഹാനാമയും മർവൻ അട്ടപ്പട്ടുവും സർക്കാർ വിരുദ്ധ പ്ലക്കാർഡുകളേന്തിക്കൊണ്ട് തെരുവിലേക്കിറങ്ങി.

നവ ലിബറൽ സാമ്പത്തികനയം നടപ്പാക്കിയ നിരവധി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ തകരുന്നത് 2008 മുതൽ കണ്ടുതുടങ്ങിയതാണ്. വിദേശനാണയ ശേഖരം കുറഞ്ഞതോടെയാണ് ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയത്.

പ്രസിഡൻറിനെ രാജ്യത്തുനിന്ന്​ തുരത്തിയതുവരെയുള്ള സമരഗതിക്ക്​ ആവേശകരമായ വികാസമാണുള്ളത്​. ഗോട്ടബയയുടെ രാജിയോടെ അത്​ രണ്ടാംഘട്ട വിജയം നേടുകയും​ ചെയ്​തു.

പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവെഗയ (SJB) സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ മാർച്ച് 15-ന് പ്രസിഡന്റിന്റെ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തോടെയാണ്, ഇപ്പോൾ നടക്കുന്ന പ്രത്യക്ഷസമരത്തിന്​ തുടക്കമായത്​. മാർച്ച് 31-ന് രാത്രി പ്രസിഡന്റിന്റെ സ്വകാര്യ വസതിയിലേക്ക് നൂറുകണക്കിന് പ്രതിഷേധക്കാർ ഇരമ്പിയെത്തി. സുരക്ഷാസേന പ്രതിഷേധക്കാരെ ടിയർ ഗ്യാസും ജലപീരങ്കിയുമുപയോഗിച്ച് നേരിട്ടു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ 50 ഓളം ആളുകൾക്കാണ് പരിക്കേറ്റത്. സ്വകാര്യ ടെലിവിഷൻ ചാനൽ പ്രതിഷേധം തദ്സമയം സംപ്രേഷണം ചെയ്‌തെങ്കിലും സർക്കാർ സമ്മർദത്തെ തുടർന്ന് നിർത്തിവെക്കേണ്ടിവന്നു. സംഘർഷസമയത്ത് പ്രസിഡൻറ്​ വസതിയിലില്ലായിരുന്നു എന്നാണ് ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടത്​.
ഏപ്രിൽ രണ്ടിന് പ്രസിഡൻറ്​ ഗോട്ടബയ രാജപക്‌സ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്നിന് രാജപക്​സ മന്ത്രിസഭയിലെ നമൽ രാജപക്​സ, ചമൽ രാജപക്​സ, ബേസിൽ രാജപക്​സ എന്നിവർ രാജിക്കത്ത് നൽകി. തൊട്ടടുത്ത ദിവസം പ്രസിഡൻറ്​ ഗോട്ടബയ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഐക്യ സർക്കാറിന്റെ ഭാഗമാകാൻ ഗോട്ടബയ രാജപക്‌സ പ്രതിപക്ഷത്തെ ക്ഷണിച്ചു. പ്രതിപക്ഷം ക്ഷണം നിരസിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക ഗവർണർ അജിത് നിവാർഡ് കബ്രാലും രാജിവെച്ചു. മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിനുപിന്നാലെ പ്രക്ഷോഭം കൂടുതൽ ശക്തമായി. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച രാജപക്​സ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനം പ്രക്ഷോഭം തുടർന്നു. കാത്തലിക് സഭയും ബുദ്ധ സന്യാസിമാരുമടക്കം സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ആദ്യമായി ഏപ്രിൽ അഞ്ചിന് പാർലമെൻറ്​ സമ്മേളിച്ചു. എന്നാൽ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (SLPP) യ്ക്ക് ഘടകകക്ഷികളുടെ പിന്തുണ നഷ്ടമായി. ഒമ്പത് എസ്.എൽ.പി.പി. അംഗങ്ങൾ സർക്കാരിൽനിന്ന് പുറത്തുപോകാൻ തീരുമാനിച്ചു. ഘടകകക്ഷികളായ ശ്രീലങ്ക ഫ്രീഡം പാർട്ടി (SLFP), സിലോൺ വർക്കേഴ്‌സ് കോൺഗ്രസ് (CWC), ഓൾ സിലോൺ മക്കൾ കോൺഗ്രസ് (ACMC) എന്നിവർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട്​ ആയിരങ്ങൾ പാർലമെന്റിനുമുന്നിൽ പ്രതിഷേധിച്ചു. "ഗോട്ട ഗോ ഹോം', "ഗോ ഹോം രാജപക്‌സാസ്' എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.

അവശ്യ മരുന്നുക്ഷാമത്തെ തുടർന്ന് ഗവൺമെൻറ്​ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും ഡോക്ടർമാരും ഏപ്രിൽ അഞ്ചിന് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് പ്രതിഷേധത്തിനിറങ്ങി. ഏപ്രിൽ ഒമ്പതിന് കൊളംബോയിൽ വൻ പ്രതിഷേധം അരങ്ങേറി. LGBTQIA+ കമ്യൂണിറ്റിയും ട്രേഡ് യൂണിയനുകളും ബുദ്ധസന്യാസിമാരും മുസ്‌ലിംകളും പ്രതിഷേധത്തിൽ അണിനിരന്നു. അടുത്ത ദിവസങ്ങളിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം തെരുവുകളിൽ നിറഞ്ഞു. ‘ഇത് ഞങ്ങളുടെ രാജ്യമാണ്, നിങ്ങളുടെ ATM അല്ല'; ‘രാജ്യം വിൽപനയ്ക്ക്, ഗോട്ട പരാജയപ്പെട്ടു'; ‘ഞങ്ങളുടെ മോഷ്ടിച്ച പണം തിരികെ തരിക'; ‘നിങ്ങൾ ഞങ്ങളുടെ സ്വപ്‌നങ്ങൾ മോഷ്ടിച്ചെങ്കിൽ, ഞങ്ങൾ നിങ്ങളെ ഉറങ്ങാൻ സമ്മതിക്കില്ല'; "എല്ലാ രാഷ്ട്രീയക്കാരെയും ഉടൻ ഓഡിറ്റ് ചെയ്യുക' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് ജനം പ്രതിഷേധിച്ചത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ തെരുവുകളിൽ പ്രതിഷേധം ശക്തമായി. ഏപ്രിൽ 14-ന് സിംഹള പുതുവർഷാഘോഷവും പ്രതിഷേധങ്ങൾക്കിടെ നടന്നു.

അവശ്യ മരുന്നുക്ഷാമത്തെ തുടർന്ന് ഗവൺമെൻറ്​ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും ഡോക്ടർമാരും ഏപ്രിൽ അഞ്ചിന് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് പ്രതിഷേധത്തിനിറങ്ങി / Photo: Wikimedia Commons

ഏപ്രിൽ 15-ന് മുൻ ശ്രീലങ്കൻ ക്രിക്കറ്റർ ധമ്മിക പ്രസാദ് 24 മണിക്കൂർ നിരാഹാരസമരം നടത്തി. ഈസ്റ്റർ ആക്രണത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹാരസമരം. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഏപ്രിൽ 28-ന് 1000-ലേറെ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി ടോക്കൺ സ്‌ട്രൈക്ക് നടത്തി.

കനത്ത മഴയ്ക്കിടയിലും മേയ് മാസത്തിലും പ്രക്ഷോഭം ശക്തമായി. മേയ് ആറിന് ഗോട്ടബയ രാജപക്‌സ രണ്ടാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ നേരിടാൻ തുടർച്ചയായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് അന്താരാഷ്ട്രതലത്തിൽ അപലപിക്കപ്പെട്ടു. മേയ് ഒമ്പതിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസിൽ മഹിന്ദ രാജപക്‌സ ജനങ്ങളെ അഭിസംബോധന ചെയ്തു. അതിനുപിന്നാലെ രാജപക്​സ അനുകൂലികൾ പ്രതിഷേധക്കാർക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളെയും രാജപക്‌സ അനുകൂലികൾ ആക്രമിച്ചു. സർക്കാർ സ്‌പോൺസേഡ് ആക്രമണങ്ങൾ വൻതോതിൽ പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ പ്രസിഡന്റിന് രാജി നൽകി. പ്രധാനമന്ത്രിയുടെ രാജിക്കുശേഷവും സംഘർഷം തുടർന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകൾ തകർക്കപ്പെട്ടു. രാജപ്കസ കുടുംബത്തിന്റെ സ്വത്തുക്കളും സ്മാരകങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും നടന്നു. ഭരണം നടത്തുന്ന രാജപക്‌സ സഹോദരൻമാരുടെ പിതാവായ ഡി.എ. രാജപക്‌സയുടെ സ്മാരകത്തിന് പ്രക്ഷോഭകർ തീയിട്ടു. മെഡമുലാനയിലെ രാജപക്‌സ കുടുംബത്തിന്റെ വസതിയും മഹിന്ദ രാജപക്‌സയുടെ കുരുനെഗലയിലെ വസതിയും തകർത്തു.

രണ്ട് പതിറ്റാണ്ട് മുമ്പുതന്നെ ശ്രീലങ്കയുടെ വിദേശകടം വർധിച്ചുവരാൻ തുടങ്ങിയിരുന്നു. കടം വീട്ടാൻ വീണ്ടും കടമെടുത്തും വിദേശ സാമ്പത്തിക ഏജൻസികളെ ആശ്രയിച്ചും ഭരണകൂടം തെറ്റ്​ആവർത്തിച്ചുകൊണ്ടിരുന്നു.

സമാധാനപരമായി പ്രതിഷേധിച്ചവരെ ആക്രമിച്ചതിന്റെ പേരിൽ മഹിന്ദ രാജപക്​സയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ എം.പി.മാർ ആവശ്യപ്പെട്ടു. മേയ് 10-ന് മഹിന്ദ രാജപക്‌സയെ സുരക്ഷാസേന ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റി. മഹിന്ദയും കുടുംബവും ട്രിൻകോമാലിയിലെ നേവൽ ബേസിൽ ഒളിച്ചിരിക്കുകയാണെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രക്ഷോഭകർ നേവൽ ബേസ് വളഞ്ഞു. സംഘർഷം നിയന്ത്രിക്കുന്നതിന്​ മേയ് 11-ന് ‘ഷൂട്ട് അറ്റ് സൈറ്റ്’ അധികാരത്തോടെ സൈന്യത്തെ വിന്യസിച്ചു. മേയ് 12-ന് റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി പ്രസിഡൻറ്​ നിയമിച്ചു. നാലാം തവണയാണ് വിക്രമസിംഗെ പ്രധാനമന്ത്രിയാകുന്നത്. യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവായ വിക്രമസിംഗെ 1993-ലാണ് ആദ്യമായി ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്.
രോഷാകുലരായ ശ്രീലങ്കൻ ജനതയെ സമാധാനിപ്പിച്ച്, ഐ.എം.എഫുമായും മറ്റു രാജ്യങ്ങളുമായും ചർച്ച നടത്തി സാമ്പത്തികപ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റനിൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ചുമതലയേറ്റ് ആറാഴ്ച കഴിഞ്ഞിട്ടും സാമ്പത്തികരംഗത്തെ രക്ഷിക്കാൻ ഒന്നും ചെയ്യാനാകാതെ വന്നപ്പോഴാണ് റനിലിനും ജനരോഷം നേരിടേണ്ടിവന്നത്.

ജൂലൈ ഒമ്പതിനാണ് പ്രക്ഷോഭകർ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉപരോധിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും സ്വകാര്യ വസതിയിലേക്കും പ്രതിഷേധക്കാരെത്തി. ഉടൻ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് അറിയിച്ചു. പ്രസിഡൻറ്​ ജൂലൈ 13-ന് രാജിവെക്കുമെന്ന് പാർലമെൻറ്​ സ്പീക്കർ അറിയിച്ചിരുന്നെങ്കിലും ജൂലൈ 14-നാണ് രാജി വെച്ചത്. പ്രതിഷേധക്കാർ പ്രസിഡൻറിന്റെ വസതി ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധിയാളുകളാണ് ദിവസവും പ്രസിഡൻറിന്റെ വസതി കാണാനെത്തുന്നത്.

മാന്ദ്യത്തിൽ തകർന്ന സമ്പദ്​ഘടന

1948-ൽ സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. രാജ്യത്തിന്റെ ഭരണം കൈയടക്കിവച്ചിരിക്കുന്ന രാജപക്‌സ ഭരണകൂടത്തിന്റെ തെറ്റായ സാമ്പത്തികനയങ്ങളാണ് രാജ്യത്തെ തീർത്താൽ തീരാത്ത കടക്കെണിയിലേക്കെത്തിച്ചത്​. രണ്ട് പതിറ്റാണ്ട് മുമ്പുതന്നെ ശ്രീലങ്കയുടെ വിദേശകടം വർധിച്ചുവരാൻ തുടങ്ങിയിരുന്നു. കടം വീട്ടാൻ വീണ്ടും കടമെടുത്തും വിദേശ സാമ്പത്തിക ഏജൻസികളെ ആശ്രയിച്ചും ഭരണകൂടം തെറ്റ്​ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ, 2022 മാർച്ചിലാണ് ജനം തെരുവിലിറങ്ങിയത്. ശാന്തമായ പ്രതിഷേധങ്ങളെ ഭരണാധികാരികളും രാഷ്ട്രീയപാർട്ടികളും അവഗണിക്കുകയാണ് ചെയ്തത്. നേതാവോ സംഘടനയോ ഇല്ലാതെ തുടങ്ങിയ ഈ ചെറു പ്രതിഷേധങ്ങൾ പതിയെ വളർന്ന് രാജ്യമാകെ കത്തിപ്പടരുകയായിരുന്നു.

പ്രസിഡന്റ് ഗോട്ടബയ രാജപക്‌സയ്‌ക്കെതിരായ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നവർ / Photo: Twitter

രണ്ടു പതിറ്റാണ്ടായി ശ്രീലങ്കൻ സമ്പദ്ഘടന തകർന്നുകൊണ്ടിരിക്കുകയാണ്. ജീവിതനിലവാരസൂചികയിൽ ഇന്ത്യയേക്കാൾ മുന്നിലായിരുന്ന ശ്രീലങ്ക ഇന്ന് തകർന്നടിഞ്ഞിരിക്കുകയാണ്. നവ ലിബറൽ സാമ്പത്തികനയം നടപ്പാക്കിയ നിരവധി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ തകരുന്നത് 2008 മുതൽ കണ്ടുതുടങ്ങിയതാണ്. വിദേശനാണയ ശേഖരം കുറഞ്ഞതോടെയാണ് ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയത്. വിദേശനാണയം ഇല്ലാതായതോടെ ഇറക്കുമതി തടസ്സപ്പെട്ടു. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വർധിച്ചുവന്നതാണ് ശ്രീലങ്കയുടെ വിദേശനാണയ ശേഖരം ശോഷിക്കാൻ കാരണമായത്.

2009-ൽ ആഭ്യന്തര യുദ്ധം അവസാനിച്ചശേഷം വിദേശ വ്യാപാരത്തേക്കാൾ പ്രാദേശിക വിപണിയിൽ സാധനങ്ങൾ എത്തിക്കുന്നതിനാണ് ശ്രീലങ്ക ഏറെ ശ്രദ്ധ നൽകിയത്. അതോടെ കയറ്റുമതി വരുമാനം കുറഞ്ഞുവന്നു. എന്നാൽ ഇറക്കുമതി വളരുകയും ചെയ്തു. എല്ലാ വർഷവുമുള്ള കയറ്റുമതിയേക്കാൾ 3 ബില്യൺ ഡോളർ കൂടുതലാണ് ശ്രീലങ്കയുടെ ഇറക്കുമതി. 2019 അവസാനമായപ്പോൾ ശ്രീലങ്കയുടെ കരുതൽ വിദേശ നാണ്യശേഖരം 7.6 ബില്യൺ ഡോളറായിരുന്നു. ഇപ്പോഴത് 250 മില്യൺ ഡോളറായി കുറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന തരത്തിലുള്ള തെറ്റായ സാമ്പത്തികനയങ്ങളാണ് ഗോതബയ രാജപക്​സെ സർക്കാർ തുടർന്നത്. നികുതി ഇളവുൾപ്പെടെയുള്ള നയങ്ങൾ സർക്കാരിന്റെ വരുമാനം കുറയ്ക്കുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്തു.

പ്രതിസന്ധിക്ക് അയവുവരുത്താൻ ശ്രീലങ്കൻ സർക്കാർ രൂപയുടെ മൂല്യം കുറച്ചതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാൻ തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സർക്കാരിന് വിദേശസഹായം മാത്രമായിരുന്നു ആശ്രയം. എന്നാൽ, കടത്തിൽ മുങ്ങിക്കിടക്കുന്ന ഒരു രാജ്യത്തിന് സഹായം കിട്ടുക പ്രയാസമായിരുന്നു.

2019-ൽ ശ്രീലങ്കയുടെ വിദേശകടം രാജ്യത്തിന്റെ ജി.ഡി.പി.യുടെ 42.6 ശതമാനമായി. അടിസ്ഥാന വികസന മേഖലയിൽ വൻ നിക്ഷേപം നടത്തിയ ചൈനയാണ് ഏറ്റവും കൂടുതൽ വായ്​പ നൽകിയത്. ‘ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്’ പ്രൊജക്റ്റിൽ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങളാണ് ചൈന ശ്രീലങ്കയിൽ നടത്തിയിട്ടുള്ളത്. ചൈന നൽകിയ വായ്പകളിൽ 60 ശതമാനവും ചെറിയ പലിശ മാത്രം ഈടാക്കുന്ന കൺസഷൻ ലോണുകളാണ്. ശ്രീലങ്കയുടെ ആകെ വിദേശകടത്തിന്റെ 15 ശതമാനമാണ് ചൈനയിൽ നിന്നുള്ളത്. 13% എ.ഡി.ബി.യും 10% ജപ്പാനും 9% ലോകബാങ്കിനുമുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യത്തിനുപിന്നാലെ കോവിഡും പ്രതിസന്ധി രൂക്ഷമാക്കി. ശ്രീലങ്കയുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ ടൂറിസം മേഖല പൂർണമായും അടഞ്ഞു. അതിനുപിന്നാലെ രാസവളം ഉപയോഗിക്കുന്നത് വിലക്കാനുള്ള തീരുമാനം കാർഷിക മേഖലയെയും തകർത്തു. രാസവളം ഇറക്കുതി ചെയ്യാനുള്ള പണമില്ലാത്തതിനാലാണ് പ്രാദേശികമായി നിർമിക്കുന്ന ഓർഗാനിക് വളങ്ങൾ ഉപയോഗിക്കാൻ നിർദേശിച്ചത്. ശ്രീലങ്കയുടെ വരുമാനത്തിൽ വലിയൊരു പങ്ക് കാർഷികമേഖലയിൽ നിന്നാണ്. അരിയും തേയിലയുമാണ് ശ്രീലങ്ക ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്നത്. രാസവള നിരോധനത്തിന്റെ ഫലമായി സകല വിളകളുടെയും ഉത്പാദനം വൻതോതിൽ ഇടിഞ്ഞു. തേയില ഉത്പാദനത്തിലെ ഇടിവ് 425 മില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്. ആറുമാസത്തിനിടെ അരി ഉത്പാദനത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടായി. അരി ഉത്പാദനത്തിൽ സ്വയം പര്യാപ്തതയുള്ള രാജ്യമായിരുന്ന ശ്രീലങ്ക ഇപ്പോൾ 450 മില്യൺ ഡോളർ വില വരുന്ന അരി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തി.

പാചകവാതകത്തിനായി കാത്തുനിൽക്കുന്നവർ / Photo: Wikimedia Commons

2021 ആയപ്പോഴേക്കും വിദേശകടം ജി.ഡി.പി.യുടെ 101 ശതമാനമായി. എന്നാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന തരത്തിലുള്ള തെറ്റായ സാമ്പത്തികനയങ്ങളാണ് ഗോതബയ രാജപക്​സെ സർക്കാർ തുടർന്നത്. നികുതി ഇളവുൾപ്പെടെയുള്ള നയങ്ങൾ സർക്കാരിന്റെ വരുമാനം കുറയ്ക്കുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്തു. സർക്കാരിന്റെ അധിക ചെലവ് മറച്ചുവെക്കാൻ സെൻട്രൽ ബാങ്ക് കൂടുതൽ പണം അച്ചടിക്കാൻ തുടങ്ങി. പലിശനിരക്കും നികുതികളും വർധിപ്പിക്കുന്നതിനുപകരം കൂടുതൽ കറൻസി അച്ചടിക്കുന്നത് സമ്പദ്ഘടനയെ തകർക്കുമെന്ന രാജ്യാന്തര നാണ്യനിധിയുടെ ഉപദേശം സർക്കാർ അവഗണിച്ചു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയും ധനകാര്യ മന്ത്രിയായ സഹോദരൻ ബേസിൽ രാജപ്കസയും കുടുംബവാഴ്ചയിലൂടെയും കെടുകാര്യസ്ഥതയിലൂടെയും രാജ്യത്തെ തകർക്കുകയാണെന്ന വിമർശനം ശക്തമായി. അധികാരത്തിന്റെ വിവിധ ശ്രേണികളിലുള്ള നിരവധി രാജപക്‌സ കുടുംബാംഗങ്ങൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നു.

ഏഴ് മണിക്കൂറിലധികം നീളുന്ന പവർ കട്ടാണിപ്പോൾ. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കുമടക്കം കടുത്ത ക്ഷാമം. അത്യാവശ്യ മരുന്നുകളടക്കം കിട്ടാതായതോടെ ആരോഗ്യമേഖല വൻ തകർച്ചയിലാണ്.

2021-ൽ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് പുറത്തുവിട്ട പൻഡോറ പേപ്പേഴ്‌സിലും രാജപക്‌സ കുടുംബത്തിനെതിരായ അഴിമതിക്കഥകളുണ്ടായിരുന്നു. 2013-ൽ യു.എസിൽ പുതിയ എംബസി കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് രാജപക്‌സെ സഹോദരങ്ങളുടെ ബന്ധുവായ ജലിയ ചിത്രൻ വിക്രമസിംഗെ 3,32,027 ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി യു.എസ്. കോടതി 2002-ൽ കണ്ടെത്തിയതോടെ രാജപക്‌സ കുടുംബത്തിനെതിരെ പ്രതിഷേധം കനത്തു. സർക്കാർ കരാറുകളിലെ കമീഷന്റെ പേരിൽ ‘മിസ്റ്റർ ടെൻ പേഴ്‌സെൻറ്’​ (Mr. 10%) എന്ന വിളിപ്പേരുള്ള ധനകാര്യമന്ത്രി ബേസിൽ രാജപക്‌സ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പാർലമെൻറ്​ സമ്മേളനങ്ങളിൽ പങ്കെടുക്കാത്തതും വിമർശിക്കപ്പെട്ടു.

അവശ്യസാധനങ്ങളുടെവിലക്കയറ്റവും ക്ഷാമവും ശ്രീലങ്കയിലെ ജനങ്ങളെ വലയ്ക്കുകയാണ്. ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമ്പോൾ പണപ്പെരുപ്പം 50 ശതമാനത്തിന് മുകളിലെത്തി. ഒരു ഡോളറിന് 350 ശ്രീലങ്കൻ രൂപ വരെയാകുന്ന സ്ഥിതി. ഏഴ് മണിക്കൂറിലധികം നീളുന്ന പവർ കട്ടാണിപ്പോൾ. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കുമടക്കം കടുത്ത ക്ഷാമം. അത്യാവശ്യ മരുന്നുകളടക്കം കിട്ടാതായതോടെ ആരോഗ്യമേഖല വൻ തകർച്ചയിലാണ്. ഇന്ധനമില്ലാത്തതിനാൽ ഗതാഗത സംവിധാനം ഏതാണ്ട് പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ബസും ട്രെയിനും മെഡിക്കൽ വാഹനങ്ങളുമടക്കം ഓടിക്കാനാകാത്ത സ്ഥിതി. ഇന്ധന ഇറക്കുമതി കുറഞ്ഞതിനാൽ ഈ വർഷം ആദ്യം മുതൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ തുടങ്ങിയിരുന്നു. അവശ്യ വാഹനങ്ങളല്ലാത്തവയ്ക്ക് പെട്രോളും ഡീസലും വിൽക്കുന്നത് ജൂണിൽ രണ്ടാഴ്ച നിർത്തിവെച്ചിരുന്നു. 1970-നുശേഷം ഇന്ധന വിൽപനയിൽ നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ രാജ്യമാണ് ശ്രീലങ്ക. സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഓഫീസുകളും മറ്റു സ്ഥാപനങ്ങളും പലതും പ്രവർത്തിക്കുന്നില്ല.

ഐ.എം.എഫ്. സംഘങ്ങളുടെ സന്ദർശനവും ഇന്ത്യയും അമേരിക്കയും നൽകിയ സാമ്പത്തികസഹായങ്ങളും ലങ്കൻ സമ്പദ്ഘടനയെ ഉണർത്താൻ പര്യാപ്തമായിരുന്നില്ല. രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്​ 15 സർക്കാരിതര സംഘടനകൾ പാർലമെന്റംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. പ്രസിഡന്റിന് എല്ലാ അധികാരങ്ങളോടും കൂടി തുടരാവുന്ന വിധത്തിൽ ഭരണഘടനയുടെ 21-ാം ഭേദഗതിയിൽ മാറ്റം വരുത്താൻ ശ്രമം നടത്തിയതോടെ ഗോതബയക്കും റനിലിനും മറ്റു കക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ടു. പിന്നെ പുറത്തുപോകാതെ തരമില്ലെന്ന അവസ്ഥയിലേക്കെത്തി.

വീരനായകരിൽ നിന്ന് വെറുക്കപ്പെട്ടവരിലേക്ക്

രാജ്യത്തെ സാമ്പത്തികമായി തകർത്തതിന്റെ പേരിൽ ജനങ്ങൾ പുറത്താക്കിയ പ്രസിഡന്റും പ്രധാനമന്ത്രിയുമാണ് ഇന്ന് സഹോദരൻമാരായ ഗോട്ടബയ രാജപക്‌സയും മഹിന്ദ രാജപക്‌സയും. പതിറ്റാണ്ടിലേറെക്കാലമായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ളവരായിരുന്നു ഇരുവരും. ഇവർ മാത്രമല്ല, രാജപക്‌സ കുടുംബത്തിലെ മറ്റ് നിരവധി അംഗങ്ങളും രാജ്യഭരണത്തിൽ സുപ്രധാന പങ്കുള്ളവരായിരുന്നു. എന്നാൽ ഇന്ന് നാടിനെ മുടിച്ചവരായി, ശത്രുക്കളായാണ് ശ്രീലങ്കയിലെ ജനങ്ങൾ ഇവരെ കാണുന്നത്. ഒരുകാലത്ത് ശ്രീലങ്കൻ രാഷ്ട്രീയത്തിലെ നായകൻമാരായിരുന്ന രാജപക്‌സ സഹോദരങ്ങൾ എങ്ങനെയാണ് ജനങ്ങൾ വെറുക്കുന്ന രാജ്യദ്രോഹികളായി മാറിയത്.

മഹിന്ദ രാജപക്‌സയും ഗോട്ടബയ രാജപക്‌സയും

പാർലമെന്റേറിയനും രാഷ്ട്രീയനേതാവുമായിരുന്ന ഡി.എ. രാജപക്‌സയുടെ മകനായ മഹിന്ദ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയും ആദ്യം പ്രതിപക്ഷനേതാവും 2004-ൽ പ്രധാനമന്ത്രിയുമായി. 2005-ൽ പ്രസിഡന്റായി. ശ്രീലങ്കൻ സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം യു.എസിൽ കഴിയുകയായിരുന്ന ഇളയ സഹോദരൻ ഗോട്ടബയയെ മഹിന്ദ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. അതിനുപിന്നാലെ മറ്റു രാജപക്‌സ സഹോദരൻമാരും കുടുംബത്തിലെ മറ്റംഗങ്ങളും സർക്കാരിന്റെ ഭാഗമായി. 2019-ൽ ഗോട്ടബയ പ്രസിഡന്റും മഹിന്ദ പ്രധാനമന്ത്രിയുമായി. സഹോദരങ്ങളായ ചമൽ രാജപക്‌സയും ബേസിൽ രാജപക്‌സയും മന്ത്രിസഭയുടെ ഭാഗമായി. മഹിന്ദയുടെ മക്കളായ യോഷിത 2020-ൽ പ്രധാനമന്ത്രിയുടെ സ്റ്റാഫംഗവും നമൽ സ്‌പോർട്‌സ് മന്ത്രിയുമായി. ചമലിന്റെ മകൻ ഷഷീന്ദ്ര കൃഷി മന്ത്രിയായി. എല്ലാ കാലത്തും രാജപക്‌സ സഹോദരങ്ങൾ ഒരുമിച്ചു നിന്നിരുന്നെങ്കിലും മഹിന്ദ പ്രധാനമന്ത്രിയും ഗോട്ടബയ പ്രസിഡന്റും ആയതുമുതൽ അവർക്കിടയിൽ ഭിന്നതകൾ ഉടലെടുത്തതായാണ് കുടുംബാഗങ്ങളിൽ ചിലർ തന്നെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

തമിഴ് വംശജരെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ഗോത്ര ന്യൂനപക്ഷങ്ങളെയും പാടെ അവഗണിച്ച സർക്കാർ സിംഹള ദേശീയത ഉയർത്തിയാണ് ഭരണം തുടർന്നത്.

വർഷങ്ങളോളം സിംഹള ഭൂരിപക്ഷത്തിനിടയിൽ ഏറെ സ്വീകാര്യതയുള്ളവരായിരുന്നു രാജപക്‌സമാർ. തമിഴ്പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിച്ച് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ചതുതന്നെയാണ് രാജപക്‌സ സഹോദരൻമാരുടെ വീരപരിവേഷത്തിന് കാരണം. ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച വീരനായകനായി സിംഹളർ ആഘോഷിച്ചിരുന്ന നേതാവായിരുന്നു മഹിന്ദ രാജപക്‌സെ. 2009-ൽ മഹിന്ദ പ്രസിഡന്റായിരുന്നപ്പോഴാണ് എൽ.ടി.ടി.ഇ.യെ ഇല്ലാതാക്കിയത്​. അന്ന് ഗോട്ടബയ പ്രതിരോധ സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ശ്രീലങ്ക കണ്ട ഏറ്റവും പ്രശസ്തനായ സിംഹള ബുദ്ധിസ്റ്റ് നേതാവാണ് മഹിന്ദയെന്നും ചിലർ അദ്ദേഹത്തെ മഹിന്ദ ചക്രവർത്തിയായാണ് കാണുന്നതെന്നും മുതിർന്ന രാഷ്ട്രീയ നിരീക്ഷകൻ കുശാൽ പെരേര, രാജപക്‌സ: ദി സിംഹള സെൽഫി എന്ന പുസ്തകത്തിൽ പറയുന്നു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ രാജപക്‌സ കുടുംബത്തിന്റെ പങ്കും മഹിന്ദ അധികാരത്തിലേക്ക് ഉയർന്നതിനെക്കുറിച്ചും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

തമിഴ് ന്യൂനപക്ഷത്തെ എതിർത്തുപോന്ന സിംഹള ഭൂരിപക്ഷത്തിന്റെ പിന്തുണയായിരുന്നു രാജപക്‌സമാരുടെ കരുത്ത്. തമിഴ് വംശജരെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ഗോത്ര ന്യൂനപക്ഷങ്ങളെയും പാടെ അവഗണിച്ച സർക്കാർ സിംഹള ദേശീയത ഉയർത്തിയാണ് ഭരണം തുടർന്നത്. ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ പീഡനങ്ങളും മാധ്യമങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളും വംശീയ അടിച്ചമർത്തലുമെല്ലാം രാജപക്‌സെമാരുടെ കാലത്ത് ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷ സിംഹളർക്ക് അതൊന്നും പ്രശ്‌നമായിരുന്നില്ല. എന്നാൽ ഇന്ന്, ജനജീവിതം അസാധ്യമായതോടെ ഗോത്ര ന്യൂനപക്ഷങ്ങൾക്കൊപ്പം സിംഹളർ കൂടി പ്രതിഷേധങ്ങളുടെ ഭാഗമാവുകയാണ്. അതുകൊണ്ടുതന്നെ ശ്രീലങ്ക പ്രതിസന്ധിയിൽ നിന്ന് കരകയറിയാലും രാജപക്‌സമാർ ഇനി അധികാരത്തിലുണ്ടാകരുതെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യങ്ങളിലൊന്ന്​.

വേണം പുതിയ ഭരണഘടന

ഗോട്ടബയ രാജപക്‌സയും മഹിന്ദ രാജപക്‌സയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീലങ്കയിൽ പ്രക്ഷോഭം തുടങ്ങിയത്. സർവകക്ഷി സർക്കാർ രൂപീകരിക്കാമെന്ന ഗോട്ടബയയുടെ ആവശ്യവും പ്രക്ഷോഭകർ തള്ളിയിരുന്നു. രാജപക്‌സമാർ നിയന്ത്രിക്കുന്ന ശ്രീലങ്ക പീപ്പിൾസ് ഫ്രണ്ട് (SLPP) ഭാഗമാകുന്ന ഒരു സർക്കാരിനെയും അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രക്ഷോഭകരുടേത്. രാജപക്‌സമാരെ ഇനി അധികാരത്തിലേറാൻ അനുവദിക്കരുതെന്ന നിർബന്ധമാണ് സർവകക്ഷി സർക്കാരിനെ എതിർക്കാൻ പ്രേരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം. സർക്കാർ രാജിവെച്ച് ഒരുവർഷത്തേക്കെങ്കിലും ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുകയും തുടർന്ന് പൊതു തെരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാർ അധികാരത്തിലെത്തണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.
പ്രക്ഷോഭകർ ജൂലൈ അഞ്ചിന് ആറ് പ്രധാന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിച്ചിരുന്നു. ‘ജനത അരഗാലയ’ (People's Struggle) അംഗങ്ങളെ ഉൾപ്പെടുത്തി പീപ്പീൾസ് കൗൺസിൽ രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച പ്രക്ഷോഭകർ രാജ്യത്തിന്റെ രാഷ്ട്രീയ പരിവർത്തനമാണ് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ പരമാധികാരം അംഗീകരിക്കുന്ന പുതിയ ഭരണഘടന സ്ഥാപിക്കണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

സർക്കാർ രാജിവെച്ച് ഒരുവർഷത്തേക്കെങ്കിലും ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുകയും തുടർന്ന് പൊതു തെരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാർ അധികാരത്തിലെത്തണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.

സർക്കാർ രാജിവെക്കണമെന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യം അംഗീകരിക്കപ്പെട്ടു. ഇനി ഇടക്കാല സർക്കാരിന്റെ രൂപീകരണമാണ് നടക്കേണ്ടത്. ഇടക്കാല സർക്കാരിന്റെ കാലത്ത് തന്നെ പുതിയ ഭരണഘടനയ്ക്ക് രൂപംകൊടുക്കുകയും ജനഹിതം തേടുകയും വേണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. പുതിയ ഭരണഘടന രൂപീകരിക്കുന്നതുവരെ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ കുറയ്ക്കുകയും ജനാധിപത്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.

ഇടതുപക്ഷ ഫ്രണ്ട്‌ലൈൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ ഇന്റർ യൂണിവേഴ്‌സിറ്റി സ്റ്റുഡൻറ്​ യൂണിയൻ, ജനത വിമുക്തി പെരമുന (JVP) യുടെ യുവജന വിഭാഗമായ സോഷ്യലിസ്റ്റ് യൂത്ത് യൂണിയൻ എന്നിവയാണ് ‘ജനത അരഗാലയ’ക്ക് നേതൃത്വം നൽകുന്നത്. ഇടക്കാല സർക്കാർ അവശ്യം വേണ്ട ഭരണപരിഷ്‌കാരങ്ങൾ കൊണ്ടുവരികയും പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയ തലമുറയിലേക്ക് രാജ്യത്തിന്റെ നിയന്ത്രണം എത്തിക്കാനുള്ള നടപടികളെടുക്കുകയുമാണ് വേണ്ടതെന്ന് സോഷ്യലിസ്റ്റ് യൂത്ത് യൂണിയൻ നേതാവ് ഇറംഗ ഗുണശേഖ പറയുന്നു.

ഭീകരവാദം തടയൽ നിയമത്തിന്റെ ഭാഗമായി സംശയകരമായി കാണുന്ന ആരെയും തടവിലാക്കാം എന്ന നിയമവും മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് മുസ്‌ലിം ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. മുസ്‌ലിംകൾക്ക്​ വിശ്വാസജീവിതം തന്നെ അനുവദിക്കാത്ത തരത്തിലുള്ള നടപടികളാണ് നിയമത്തിന്റെ പേരിൽ നടപ്പാക്കുന്നത്.

പ്രക്ഷോഭകർക്കെല്ലാം പൊതുവായ ആശയങ്ങളും അഭിപ്രായങ്ങളുമല്ല പല കാര്യങ്ങളിലുമുള്ളത്. ഫ്രണ്ട്‌ലൈൻ സോഷ്യലിസ്റ്റ് പാർട്ടി പീപ്പിൾസ് കൗൺസിൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ മറ്റു കക്ഷികൾക്ക് അതിനോട് യോജിപ്പില്ല. എന്നാൽ സർക്കാർ രാജിവെക്കണമെന്നതും പുതിയ ഭരണഘടന വേണമെന്നതും എല്ലാവരും ഒരുപോലെ ആവശ്യപ്പെടുന്ന കാര്യമാണ്.
ഇടക്കാല സർക്കാർ രൂപീകരിച്ച് എത്രയും പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളെടുക്കുകയും ജനങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കുകയുമാണ് വേണ്ടതെന്നതാണ് എല്ലാവരുടെയും ആവശ്യം. രാജ്യം പൂർണമായി തകരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ച ശേഷം തെരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാരിനെ അധികാരത്തിലെത്തിക്കണം.

വംശീയ അടിച്ചമർത്തൽ

വംശീയതയും വംശീയ അടിച്ചമർത്തലും ഇല്ലാതാക്കേണ്ടതിന്റെയും മതം, ഭാഷ, ലൈംഗികത, മറ്റു സാംസ്‌കാരികസ്വത്വങ്ങൾ എന്നിവയുടെ സമത്വം ഉറപ്പാക്കുന്നതിനും ജനാധിപത്യവും രാഷ്ട്രീയസ്വാതന്ത്ര്യവും ശക്തിപ്പെടുത്തുന്നതിനുമുള്ള നിയമസംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ‘ജനത അരഗാലയ’ ആക്ഷൻ പ്ലാനിൽ ഉന്നയിക്കുന്നുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുന്നതിനുള്ള ഒരു ടൂളായി ഭരണകൂടം വംശീയതയെ ഉപയോഗിക്കുന്നതാണ് ശ്രീലങ്കയിൽ വർഷങ്ങളായി കാണുന്നത്. അഴിമതി, മനുഷ്യാവകാശലംഘനങ്ങൾ, സാമ്പത്തിക കെടുകാര്യസ്ഥത തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഭരണകൂടം സ്ഥിരമായി ഉപയോഗിക്കുന്നത് വംശീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ്.

പതിറ്റാണ്ടുകൾ നീണ്ട രക്തരൂക്ഷിതമായ ആഭ്യന്തര കലാപം അവസാനിച്ചതിനുശേഷം രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം വരുന്ന മുസ്‌ലിം ജനത വലിയതോതിൽ വേട്ടയാടപ്പെടുന്നതാണ് കണ്ടത്. വർഷങ്ങളായി മുസ്‌ലിം സമുദായം വൻ വിവേചനം നേരിടുകയാണ്. ഇസ്​ലാമോഫോബിയ രാജ്യത്ത് ശക്തമാകുന്നു. കോവിഡ് ബാധിച്ച് മരിച്ച മുസ്‌ലിംകളുടെ മൃതദേഹം ഖബറടക്കരുതെന്നും ദഹിപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഭീകരവാദം തടയൽ നിയമത്തിന്റെ ഭാഗമായി സംശയകരമായി കാണുന്ന ആരെയും തടവിലാക്കാം എന്ന നിയമവും മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് മുസ്‌ലിം ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. മുസ്‌ലിംകൾക്ക്​ വിശ്വാസജീവിതം തന്നെ അനുവദിക്കാത്ത തരത്തിലുള്ള നടപടികളാണ് നിയമത്തിന്റെ പേരിൽ നടപ്പാക്കുന്നത്.

ഈസ്റ്റർ ബോംബിങ്ങിനുശേഷം മുസ്‌ലിംകൾക്കുനേരെയുള്ള ആക്രമണങ്ങളും വിവേചനങ്ങളും വർധിച്ചു. 2019-ലെ ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ മൂന്ന് ക്രിസ്ത്യൻ ചർച്ചുകളിലും മൂന്ന് ആഢംബര ഹോട്ടലുകളിലുമാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർ ആക്രമണം നടത്തിയത്. ചാവേറാക്രമണം നടത്തിയ എട്ടുപേരടക്കം 268 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിലേറെയും ക്രിസ്ത്യൻ മതവിഭാഗത്തിൽപെട്ടവരും വിനോദസഞ്ചാരികളുമായിരുന്നു. രാജ്യത്തെ മുസ്‌ലിംകളെ കൂടുതൽ അരികുവത്കരിക്കുന്നതിലേക്കാണ് ഐ.എസ്. ആക്രമണത്തെ തുടർന്നുള്ള സംഭവങ്ങൾ നയിച്ചത്. ഭീകരവാദം തടയൽ നിയമവും താത്കാലികമായുള്ള ബുർഖ നിരോധനവും ഇതിന്റെ ഭാഗമാണ്. പിന്നീട് 2021-ൽ ശ്രീലങ്കയിൽ പൂർണമായി ബുർഖ നിരോധിക്കാനുള്ള തീരുമാനമുണ്ടായി. അതോടൊപ്പം ആയിരത്തിലേറെ ഇസ്‌ലാമിക് സ്‌കൂളുകൾ അടച്ചു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ശ്രീലങ്കയിലെ മുസ്‌ലിംകളെ ‘ശ്രീലങ്കൻ മൂർസ്’ (സിലോൺ മൂർസ്) എന്നാണ് വിളിക്കുന്നത്. ജനസംഖ്യയുടെ 10 ശതമാനം വരുന്ന ഇവർ ശ്രീലങ്കയിലെ വംശീയ ന്യൂനപക്ഷ വിഭാഗമാണ്. ശ്രീലങ്കൻ മൂറുകളിൽ ഭൂരിഭാഗവും തമിഴ് ഭാഷ സംസാരിക്കുന്നവരാണ്. ശ്രീലങ്കയിലെ മുസ്‌ലിംകൾ അറബ്, പേർഷ്യൻ, ദ്രവീഡിയൻ, മലയ് മിശ്രിതമാണെന്നതാണ് യാഥാർഥ്യമെന്നും നൂറ്റാണ്ടുകൾ നീണ്ട ശക്തമായ ഇന്ത്യൻ സ്വാധീനം കാരണം ദ്രവീഡിയൻ ഘടകത്തിന് ആധിപത്യം കൂടുതലാണെന്നും ശ്രീലങ്കൻ മൂറുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. അമീർ അലി പറയുന്നു.

രാജ്യത്തെ മുസ്‌ലിംകളെ കൂടുതൽ അരികുവത്കരിക്കുന്നതിലേക്കാണ് ഐ.എസ്. ആക്രമണത്തെ തുടർന്നുള്ള സംഭവങ്ങൾ നയിച്ചത്. താത്കാലികമായുള്ള ബുർഖ നിരോധനവും ഇതിന്റെ ഭാഗമാണ്. / Photo: Wikimedia Commons

തമിഴ് സംസാരിക്കുന്ന ശ്രീലങ്കൻ മൂറുകളെ തമിഴ് വംശജർക്കൊപ്പം ചേർക്കാൻ 1888 മുതൽ പൊന്നമ്പലം രാമനാഥന്റെ നേതൃത്വത്തിൽ ശ്രീലങ്കൻ തമിഴ് വംശജർ പ്രചാരണം തുടങ്ങിയിരുന്നു. തമിഴ് വംശജരുടെ സംഖ്യ വർധിപ്പിച്ച് തമിഴ് സംസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമമായിരുന്നു ഇത്. ശ്രീലങ്കൻ മൂറുകൾ ഇസ്‌ലാമിലേക്ക് മതംമാറ്റം ചെയ്യപ്പെട്ട തമിഴരാണെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ തമിഴ് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ശ്രീലങ്കൻ മൂറുകൾ തമിഴ് സ്വത്വത്തേക്കാൾ ഇസ്‌ലാം സ്വത്വത്തെയായിരുന്നു മുറുകെപ്പിടിച്ചത്. അറബ് പാരമ്പര്യത്തിനാണ് അവർ പ്രധാന്യം നൽകിയത്. എന്നാൽ മൂറുകളെ തമിഴ് വംശജരിൽ നിന്ന് അകറ്റുന്നതിനുവേണ്ടിയാണ് അറബ് പാരമ്പര്യം പറയുന്നതെന്നായിരുന്നു തമിഴ് ദേശീയവാദികളുടെ വാദം.

സർവകക്ഷി സർക്കാർ ഉണ്ടാകില്ലെന്നുറപ്പായ സ്ഥിതിക്ക് വരാൻ പോകുന്നത് ഇടക്കാല സർക്കാരായിരിക്കും. ജനം ആവശ്യപ്പെടുന്നതുപോലെ രാജപക്‌സമാർ ഇല്ലാത്ത, അവരുടെ നിഴലിൽ നിന്ന് പൂർണമായും മാറിനിൽക്കുന്നതായിരിക്കണം പുതിയ സർക്കാർ.

1990-ൽ എൽ.ടി.ടി.ഇ. വടക്കൻ പ്രവിശ്യയിൽ നിന്ന് മുസ്‌ലിങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. തമിഴ് വംശജർക്കുനേരെ കിഴക്കൻ പ്രവിശ്യയിലെ മുസ്‌ലിംകൾ നടത്തിയ അതിക്രമങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് വടക്കൻ പ്രവിശ്യയിൽ നിന്ന് മുസ്‌ലിങ്ങളെ ഒഴിപ്പിച്ചത്. മുസ്‌ലിംകൾ ശ്രീലങ്കൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നതാണ് എൽ.ടി.ടി.ഇ. അവരെ എതിർക്കാൻ കാരണം. തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയും സമ്പത്ത് കൊള്ളയടിച്ചുമാണ് വടക്കൻ പ്രവിശ്യയിൽ നിന്ന് മുസ്‌ലിംകളെ ഒഴിപ്പിച്ചത്. ഇന്നും ഈ ഒഴിപ്പിക്കലിന്റെ മുറിവുണങ്ങിയിട്ടില്ല. 2002-ൽ എൽ.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരൻ വടക്കൻ പ്രവിശ്യയിലെ മുസ്‌ലിങ്ങളോട് മാപ്പുപറഞ്ഞിരുന്നു.

ഇത് ജനകീയ വിപ്ലവം

അറബ് വസന്തം പോലെ ഭരണകൂടത്തിനെതിരെയുള്ള ജനരോഷമാണ് ശ്രീലങ്കയിലും കാണുന്നത്. മതന്യൂനപക്ഷങ്ങളും ഭിന്നലൈംഗികതയുള്ളവരും ഭൂരിപക്ഷ സമുദായങ്ങളുമെല്ലാം ഒരുമിച്ച് അണിനിരന്നുവെന്നതാണ് ജനകീയപ്രക്ഷോഭത്തിന്റെ പ്രത്യേകത. എന്നാൽ, രാജ്യത്തിന്റെ ഭാവിയെന്ത് എന്ന പ്രധാന ചോദ്യം കൂടി ഇതോ​ടൊപ്പം ഉയരുന്നുണ്ട്​. സർവകക്ഷി സർക്കാർ ഉണ്ടാകില്ലെന്നുറപ്പായ സ്ഥിതിക്ക് വരാൻ പോകുന്നത് ഇടക്കാല സർക്കാരായിരിക്കും. ജനം ആവശ്യപ്പെടുന്നതുപോലെ രാജപക്‌സമാർ ഇല്ലാത്ത, അവരുടെ നിഴലിൽ നിന്ന് പൂർണമായും മാറിനിൽക്കുന്നതായിരിക്കണം പുതിയ സർക്കാർ.

മതന്യൂനപക്ഷങ്ങളും ഭിന്നലൈംഗികതയുള്ളവരും ഭൂരിപക്ഷ സമുദായങ്ങളുമെല്ലാം ഒരുമിച്ച് അണിനിരന്നുവെന്നതാണ് ജനകീയപ്രക്ഷോഭത്തിന്റെ പ്രത്യേകത. / Photo: Flickr

ഭരണമാറ്റമുണ്ടായതുകൊണ്ടുമാത്രം ശ്രീലങ്കയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല. രാജ്യം പാപ്പരാണെന്നാണ് ജൂലൈ അഞ്ചിന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. രാഷ്ട്രീയസ്ഥിരതയുണ്ടായെങ്കിൽ മാത്രമെ സാമ്പത്തികരംഗത്തെ കരകയറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാവൂ. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന്, ജനപക്ഷത്തുനിന്ന്​, അവരുടെ ആവശ്യങ്ങൾ സാക്ഷാൽക്കരിക്കാൻ കഴിയുന്ന പുതിയൊരു സർക്കാർ ഉണ്ടാവുകയാണ് വേണ്ടത്.

വിദേശനാണ്യ ശേഖരം വർധിപ്പിക്കുകയാണ് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആദ്യം ചെയ്യേണ്ടത്. ലങ്കയ്ക്കുവേണ്ടി ഐ.എം.എഫ്. ശക്തമായി രംഗത്തുണ്ട്. സഹായ വാഗ്​ദാനവുമായി ഇന്ത്യയുമുണ്ട്. ചൈനയെ അകറ്റിനിർത്തുക എന്ന ലക്ഷ്യം കൂടി ലങ്കയെ സഹായിക്കുന്നതിൽ ഇന്ത്യക്കുണ്ട്. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ 15% ചൈനയിൽ നിന്നാണ്. ഈ കടം തിരിച്ചടവിന്റെ ഉപാധികൾ ഐ.എം.എഫിന്റെ ഉപാധികൾക്കനുസരിച്ച് മാറ്റാൻ ചൈന തയ്യാറാകേണ്ടിവരും. ചൈന അടക്കമുള്ള ആഗോള മൂലധനശക്തികൾ എങ്ങനെയാണ്​, വരാൻ പോകുന്ന ഭരണകൂടം ഏറ്റെടുക്കാൻ പോകുന്ന സമ്പദ്​വ്യവസ്​ഥയുടെ പുനരുജ്ജീവനത്തെ സമീപിക്കാൻ പോകുന്നത്​ എന്നത്​ ഏറെ പ്രധാനപ്പെട്ട ചോദ്യമാണ്​.

രാഷ്ട്രീയ അസ്ഥിരത അവസാനിച്ച് ജനജീവിതം സാധാരണനിലയിലേക്കെത്താൻ ലങ്കയ്ക്ക് ഇനിയും ഏറെ കാലം വേണ്ടിവന്നേക്കാം. ജനകീയ വിപ്ലവം നടന്ന പല രാജ്യങ്ങളും ഇന്നും അസ്ഥിരമാണ്. അറബ് വസന്തത്തിന്റെ ഭാഗമായി വിപ്ലവം പൊട്ടിപ്പുറപ്പെട്ട സിറിയ, ഇറാഖ്, യെമൻ, ലിബിയ, സുഡാൻ, ടുണീസിയ തുടങ്ങിയ രാജ്യങ്ങളിൽ ഇന്നും ആഭ്യന്തര സംഘർഷങ്ങളും അരാജകത്വവുമാണ് അരങ്ങുവാഴുന്നത്. പുതിയ പ്രസിഡൻറും ഭരണകൂടവും വന്നാലും, രാഷ്​ട്രീയ അരാജകത്വം രാജ്യത്തെ വി​ട്ടൊഴിയാൻ സമയമെടുക്കും. കാരണം, ശ്രീലങ്കയിലെ രാഷ്​ട്രീയപാർട്ടികളിലും നേതാക്കളിലും ജനത്തിന്​ സമ്പൂർണമായ വിശ്വാസത്തകർച്ച സംഭവിച്ചുകഴിഞ്ഞു. ആ നിലയ്​ക്ക്​, പ്രതിസന്ധിക്ക്​ ഒരു ജനകീയ പരിഹാരം, ഏറെ ദുഷ്​കരമാണ്​. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments